ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഷര്‍മിള  സി നായര്‍ എഴുതിയ കവിതകള്‍

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അവള്‍ മഴയെന്ന കവിത എഴുതുന്നു

ആര്‍ത്തലച്ചു പെയ്യുന്ന പേമാരി
കാറ്റിലാടിയുലയുന്ന മേല്‍ക്കൂര
ഒഴിഞ്ഞ മണ്‍കലം
ഒരിറ്റുവറ്റിനായി പാത്രത്തില്‍
പരതുന്ന കുഞ്ഞിക്കൈകള്‍.
ഏത് നിമിഷവും കെട്ടുപോകാവുന്ന
റാന്തല്‍ വെളിച്ചം.

അവള്‍ പുറത്തേയ്ക്കിറങ്ങി
പഴയ മഴക്കവിതകള്‍
ഒന്നൊന്നായി വെളളത്തിലൊഴുക്കി.
പ്രണയം
രതി
മൃതി.

മഴനൂലില്‍കോര്‍ത്ത അക്ഷരങ്ങള്‍
മഴപ്പെയ്ത്തില്‍
മാഞ്ഞു പോവുന്നത് നോക്കി
മഴയെ സ്‌നേഹിച്ചവള്‍
ആര്‍ത്തുചിരിച്ചു.

പടി കടന്നുവന്ന പുഴയുടെ ഇരമ്പലില്‍
ആ ചിരി ആരുമാരും കേട്ടില്ല.


അയാള്‍ എത്ര നല്ല ഗൃഹനാഥനാണ്!

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവന്‍റെ
മൊബൈലിലേക്ക് ആ നിമിഷം
ഒരു ഫോണ്‍ സന്ദേശം വരുന്നു.
വെറുതെയൊന്ന് സങ്കല്പിക്കൂ.

പരാജയങ്ങള്‍ മാത്രം
ഏറ്റുവാങ്ങിയ ഒരുവന്‍
ജീവിതം പുനരുജ്ജീവിപ്പിക്കാനുള്ള
അവസാന ശ്രമവും
പരാജയപ്പെട്ടപ്പോഴാണ്
ആത്മഹത്യയ്‌ക്കൊരുങ്ങിയത്.

അപ്പോഴാണ്
എന്നോ മറന്നുവച്ചൊരോര്‍മ്മയില്‍
നിന്നൊരാള്‍
ഒരു നനുത്ത ചിരിയുമായി
അയാള്‍ക്ക് മുന്നിലേക്ക്
നടന്നുകയറിയത്.

ആന്‍ മേരി തോമസ്.
അയാളുടെ
കൂരിരുള്‍ മൂടിയ ഓര്‍മ്മകളിലെന്നും
നുറുങ്ങുവെട്ടമായ്
മുനിഞ്ഞു കത്തി നിന്നവള്‍.
ആന്‍ മേരി
എട്ടാംതരം വരെ
അയാള്‍ക്കൊപ്പം പഠിച്ചവള്‍.

പ്രണയമെന്തെന്നറിയാതിരുന്ന
കാലത്തവള്‍
കനകാംബരപ്പൂവിന് വാശി പിടിച്ചതും
കറിയാച്ചന്‍റെ ഒഴിഞ്ഞ പറമ്പിന്‍റെ
മതില്‍ ചാടിയതും
ഓര്‍മ്മയ്ക്കും മറവിക്കുമിടയില്‍
ഒരു നൊമ്പരമായി
അയാളെന്നും
നെഞ്ചോട് ചേര്‍ത്തിരുന്നു.

(കൂട്ടുകാര്‍ക്കിടയില്‍ ഭീമസേനന്‍ എന്ന വിളിപ്പേരു വീണതോര്‍ത്തപ്പോള്‍ അയാളുടെ വരണ്ട ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.)

കൂട്ടിയും കിഴിച്ചും ജീവിതം
വരണ്ടു പോയ അയാളിലേക്ക്
ഒരു വേനല്‍ മഴപോലെ പെയ്തിറങ്ങിയ
അവള്‍ക്കൊപ്പം ഒഴുകുകയേ
വേണ്ടിയിരുന്നുള്ളൂ അയാള്‍ക്ക്.

വിഷാദത്തിന്‍റെ താഴ്‌വാരത്തില്‍ നിന്ന്
ഉന്മാദത്തിന്‍റെ ലോകത്തിലേക്ക്
അയാള്‍ പറന്നു.
അകലങ്ങളിലിരുന്നവള്‍
അയാള്‍ക്കൊപ്പം ഉറങ്ങി
അയാള്‍ക്കൊപ്പം ഉണര്‍ന്നു.
ചിലപ്പോള്‍ യാത്ര ചെയ്തു.

കരിപ്പാത്രങ്ങള്‍ക്കിടയില്‍ നിന്നുള്ള
ഭാര്യയുടെ കുത്തുവാക്കുകളിപ്പോള്‍
അയാളെ ചൊടിപ്പിക്കുന്നേയില്ല.
തീന്‍ മേശയ്ക്ക് മുന്നില്‍
പതിവ് പൊട്ടിത്തെറികളില്ല.

എന്തിനേറെ,
രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത
കണക്കുകള്‍ നിരത്തി
ചില രാത്രികളില്‍ രതിക്കവള്‍
ഗണിതശാസ്ത്രത്തിന്‍റെ
വിരസത പകരും.
അപ്പോഴയാള്‍
ആന്‍മേരിയ്‌ക്കൊപ്പം
ഉടല്‍ പങ്കിടാതുള്ള
രതിമൂര്‍ച്ഛകളില്‍ സംതൃപ്തനാവും!


(അയാളിപ്പോള്‍ നല്ലൊരു ഗൃഹനാഥനാണെന്നാണ് ഭാര്യ പറയുന്നത്.)

പിന്നെ
അവളറിയാതൂഴ്ന്നിറങ്ങി
ഒരു പകലിന്‍റെ ശേഷിപ്പുമുഴുവന്‍
ആന്‍മേരിക്ക് മുന്നില്‍ കുടഞ്ഞിടുമ്പോള്‍
അയാളുടെ സ്വപ്നങ്ങള്‍ക്ക്
വീണ്ടും ചിറക് മുളയ്ക്കുന്നു.

(വിധേയരെ സൃഷ്ടിക്കുന്ന ഫാക്ടറിയാണ് ദാമ്പത്യമെന്ന ആന്‍മേരിയുടെ സിദ്ധാന്തം കേട്ട് അയാള്‍ക്കൊപ്പം ഞാനും ചിരിക്കുന്നു.)


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...