ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷൈന്‍ റ്റി തങ്കന്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.



വിളവെടുപ്പ്

അയാളെക്കാള്‍
നിശബ്ദമായ മുറി
മൂന്നു കാലുകളുള്ള
കസേരയില്‍
ആടിയാടി
മേശമേല്‍ ഒഴിഞ്ഞിരിക്കുന്ന
മൊന്തക്കരികില്‍
എരിച്ചില്‍ 
വറ്റിത്തുടങ്ങിയ
കുപ്പിയില്‍
നോട്ടം കുത്തിവെച്ചിരിക്കുന്നു


വിശപ്പില്ലാതെ
ചവച്ചിരിക്കുന്നു
സിഗരറ്റു പുകയുടെ
അജ്ഞാത
വലയങ്ങളില്‍
കാമുകനയാള്‍

വിഭ്രാന്തികളുടെ
ഒരിക്കലും
കൊഴിയാതെ
പഴുത്തു നില്‍ക്കുന്ന
വിത്തുകാലത്തിന്റ
കാവല്‍ക്കാരന്‍

ചുണ്ടുകള്‍
പൂട്ടാന്‍ മറന്ന്
കൊഴിഞ്ഞ
തക്കാളി കണക്കെ
അധികം
പിടയാതെ
പിടയ്ക്കാതെ
തൊട്ടുകീഴെ
മലര്‍ന്നു കിടക്കുന്നു
തൊട്ടുമുന്നെ
യാത്ര പറഞ്ഞ
പഴയ കാമുകി

പുഴുക്കള്‍
ഈച്ചകള്‍
പക്ഷികള്‍
ചുറ്റും
അഴുകിയ പഴത്തിന്റെ
ഭൂതകാലം തിരഞ്ഞ്
ചുണ്ടു നക്കുന്നവര്‍
വരിവരിയായി
വിരുന്നു വരുമിനി