ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിംപിള്‍ ചന്ദ്രന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഭൂമിയില്‍ മഹാകാവ്യങ്ങള്‍
നിരന്തരം രചിക്കപ്പെടുമ്പോള്‍ 
പ്രിയനേ,
ഒരരികിലൂടെ 
ആരുമറിയാത്തൊരു ഞാന്‍ 
നിനക്കു വേണ്ടി 
എഴുതിക്കൊണ്ടേയിരിക്കും.

ജീവനും സ്‌നേഹവും പ്രകാശവുമായി
എന്റെ അക്ഷരങ്ങള്‍ 
നിന്നെത്തൊടുമ്പോള്‍ 
നിനക്കെങ്ങനെയാണ് 
ഞാനടുത്തില്ലെന്നു കരുതാനാവുക!

നീ തൊടുന്നിടങ്ങളിലെല്ലാം, 
നീ ശ്വസിക്കുന്ന വായുവില്‍പ്പോലും 
ഞാനെന്നെ നിറച്ചുവച്ചിരിക്കുന്നു.

എന്നെ മണത്ത് നീയുറങ്ങുക!

പ്രണയവും മരണവും 
രണ്ടല്ലെന്നു പറയുമ്പോള്‍,
നിനക്കറിയുമോ 
ഒരേസമയം 
പ്രണയമൊരു മരണവും 
ജനനവുമാണെന്ന്!

രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍
വ്യക്തികള്‍ മരിച്ച് 
രണ്ടു പ്രണയികള്‍ ജനിക്കുകയാണെന്ന്!

ഒടുക്കം,
മുങ്ങി മരിക്കുമെന്നറിഞ്ഞാലും 
കൈപിടിച്ച് 
പ്രണയക്കടലിലേക്കിറങ്ങുകയാണെന്ന്!

പ്രണയവേദനയുടെ 
ശ്വാസം മുട്ടലുകളെ 
ശ്വസിക്കുകയാണെന്ന്!

എഴുതിയാല്‍ തീരാത്ത,
പറയുവാന്‍ വാക്കുകള്‍ പോരാത്ത,
വിരഹത്തിലും സുന്ദരമായ പ്രണയമേ,
ഇതിലുമപ്പുറം ഞാനെങ്ങനെയാണ് 
നിന്നെ പ്രണയിക്കുക!

എങ്കിലുമൊടുക്കം വരെ
നീയറിയായ്കയാല്‍
ഞാനെന്റെ പ്രണയത്തെ 
എന്നോടു കൂടി മണ്ണടിയിക്കും.

അനന്തരം അവിടെയൊരു 
പൂമരം മുളയ്ക്കും
ഒരിക്കലും വസന്തമൊഴിയാത്ത 
ഒരു പൂമരം!

അവസാനിക്കാത്ത 
ഒരു പ്രണയത്തിന് 
മറ്റെന്തു ശാപമാണ് 
വിധിക്കുക?! 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...