ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സിന്ധു ഗാഥ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


മരിച്ച ഒരുവള്‍

മരണത്തെ വേളി കഴിച്ച ഒരുവള്‍
എത്ര പേരെയാണാ 
ചടങ്ങുകള്‍ക്കായി 
തന്നരികിലേക്കെത്തിക്കുന്നത്. 
ഇഷ്ടങ്ങള്‍ രുചിച്ചിറക്കിയവരും
അനിഷ്ടങ്ങളെ കാര്‍ക്കിച്ചു 
തുപ്പിയവരും.

എത്രയെത്ര മനസ്സുകളിലാണ് 
അവള്‍ മൂകതയുടെ ജാലവിദ്യ 
കാണിക്കുന്നത്. 

അതിലുമേറെ പേരുടെ 
ഹൃദയ ഭൂപടത്തില്‍ നിന്നും 
ഏതാനും നിമിഷങ്ങള്‍ക്കകം 
മാഞ്ഞുപോയേക്കാവുന്ന 
കിനാരാജ്യമാണവള്‍

മരിച്ചവളുടെ വീടുകളില്‍ 
എത്ര പെട്ടെന്നാണ് ഋതുഭേദങ്ങള്‍ 
മാറിമറിയുന്നത്. 
ഇന്നലെ വസന്തകാലം
പൂത്തുലഞ്ഞയിടങ്ങളില്‍ 
ഇന്ന് കടുത്ത വേനലാണ്. 
നാളെ വീണ്ടുമൊരു 
വസന്തം വന്നെത്തും. 
ഇന്നുകളെ ഇന്നലെകളുടെ 
ഭരണിയിലവള്‍ ഉപ്പിലിട്ടുവെക്കും.

നോക്കൂ,
എന്തൊരത്ഭുതമാണ്, 
എന്തൊരതിശയമാണ്. 
മരിച്ച ഒരുവള്‍ 
എത്ര ശാന്തമായാണ് 
സൗമ്യമായാണ് 
തന്നെക്കാണാന്‍ വരുന്നവരെ
കബളിപ്പിക്കുന്നത്

വീട്ടുകാരെയും നാട്ടുകാരെയും 
ശത്രുക്കളെയും പോലും
ഒന്നിച്ചിരുത്തുന്നത്, 
അപരിചിതരെപ്പോലും 
പരിചിതരെപ്പോലെ 
ഒന്നിച്ചിരുത്തി ഊട്ടുന്നത്, 

കേറിവരുന്നവരെയെല്ലാം 
ഒരേ ചവിട്ടിയില്‍ 
കാല് തുടപ്പിക്കുന്നത്, 
തന്നെ പണ്ട് ചവിട്ടി
കടന്നു പോയവരെയെല്ലാം
ഒരേ ചവിട്ടിയില്‍
സൗമ്യ പാദരായി
കടത്തിവിടുന്നത്
ഒരേ കയറ്റുപായയുടെ 
ഇഴകളാക്കുന്നത്. 

മരിച്ച ഒരുവളല്ലേ
ശരിക്കും 
ജനാധിപത്യം 
വായിപ്പിക്കുന്നവള്‍

അവളല്ലേ സര്‍വ്വം സമത്വം 
എന്നത് പ്രപഞ്ചത്തിനു 
മുന്നില്‍ കാട്ടിക്കൊടുക്കുന്നത്. 

ജീവിതത്തില്‍ കാണാന്‍ 
കൊതിച്ച പലതും 
കാണാത്ത പലതും 
കാണുന്നത് 
മരിച്ചവളുടെ 
പാതിയടഞ്ഞ 
കണ്ണുകളിലല്ലേ..!