Asianet News MalayalamAsianet News Malayalam

Malayalam Poem : ഒരു ടാക്‌സി ഡ്രൈവറുടെ ആത്മകഥയില്‍നിന്ന്

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

chilla malayalam poem by Smith Anthikkad
Author
Thiruvananthapuram, First Published Dec 7, 2021, 9:13 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Smith Anthikkad

 

ഓഗസ്റ്റിലെ കൊടുംചൂടിന്റെ
വിജനമായ പാതയോരത്തുനിന്നു
ഷെമലിന്റെ 
പുരാവൃത്ത സ്മൃതി ചിഹ്നങ്ങള്‍ക്കിടയിലെ
ഈര്‍പ്പമില്ലാത്ത ഇരുട്ടില്‍ നിന്ന്
നഖീലിലെ സായാഹ്നതിരക്കില്‍ നിന്ന്
ശത്രു രാജ്യത്തെ പട്ടാളക്കാരനു മുന്‍പിലെന്ന്
അഭയമുദ്ര കാണിച്ച് 
അന്യ രാജ്യത്തിലെക്കെന്ന
അപരിചിതത്വത്തോടെ 
അവര്‍ ടാക്‌സിയിലെക്കു കയറും

യാത്രക്കാര്‍
പല രാജ്യക്കാരായിരുന്നു
പല ഭാഷ,നിറം,സംസ്‌കാരം.

ഏറ്റവും സൗമ്യമായ ചിരി
ഉപചാരത്തിന്റെ
നിറം കെട്ട വാക്കുകള്‍
ഇന്നലെ കണ്ടുപിരിഞ്ഞവരുടെ
സ്‌നേഹ പ്രകടനങ്ങള്‍
ഒറ്റുകൊടുക്കപ്പെട്ടവന്റെ
മുറിവേറ്റ നോട്ടം
കടുത്ത മൗനം.

ഗ്രഹണസൂര്യനുദിക്കാത്ത നാട്
തിരഞ്ഞുപൊകുന്ന അഭയാര്‍ഥികള്‍ 
യാത്രക്കൊടുവില്‍ നീട്ടുന്ന
ക്ലാവു പിടിച്ച നാണയം പോലെ
തിരസ്‌കരിക്കപ്പെട്ട  പ്രണയികള്‍
രക്തവും വെടിമരുന്നും
മണക്കുന്നവര്‍
ഓര്‍മകളില്‍
ചിതറിയ ഉടലുകളുടെ
അവശിഷ്ടങ്ങളുള്ളവര്‍

ഷാബിയ സഹ്രയിലെ
ഇന്തപ്പനത്തോട്ടങ്ങളില്‍ നിന്ന്
ഇരുട്ടിനൊപ്പം വരുന്ന 
ബംഗാളികള്‍
ജീവിതം കുരുങ്ങാത്ത 
വലകള്‍ മാത്രം
നെയ്യാനറിയുന്ന
ലവണമുദ്രയുള്ള
ഷാമിലെ മുക്കുവര്‍
ഉടല്‍ നിറയെ
സിമന്റിന്റെ രേഖാചിത്രങ്ങളുള്ള
ഖൊര്‍ഖൊറിലെ തൊഴിലാളികള്‍
ഊതും കുന്തിരിക്കവും മണക്കുന്ന
പൗരാണികമായ 
ഗോത്രചിഹ്നങ്ങളണിഞ്ഞ 
റംസിലെ ബദുയുവതി
സൂര്യതാപമേറ്റ്
പൊള്ളിത്തിണര്‍ത്ത ഉടലും 
മണല്‍ ചിറകുമായെത്തുന്ന
ജൂലാനിലെ കെട്ടിടം പണിക്കാര്‍

ഇനിയുമുണ്ട് ചിലര്‍.

രാത്രിയില്‍
നിലാവിനൊപ്പമുദിക്കുന്നവര്‍
മെമ്മുറയിലെ ഗലികളുടെ
കറുത്ത നാഡികളിലൂടെ
അറിയാതെ സ്ഖലിച്ചുപോയ 
സ്വപ്നം പോലെ
ഒലിച്ചു വരുന്നവര്‍

മിഴികള്‍ക്കു ചുറ്റും
വ്യഥിത കാലത്തിന്റെ
ഇരുള്‍ വലയമുള്ളവര്‍
മുലയില്‍ നിന്നടര്‍ത്തിമാറ്റിയ
കുഞ്ഞിന്റെ നിലവിളി
ഉടുപ്പിന്റെയറ്റം പിടിച്ച്
അവരെ പിന്നിലേക്കു വലിക്കും.
ശൃംഗാരത്തിന്റെ മഷിപുരട്ടി
കണ്ണീരുകടയുന്ന മിഴിക്കോണിലൂടെ
ചിരിച്ച്
പിറകിലെ സീറ്റില്‍
അവരിരിക്കും.

തടിച്ച ചുണ്ടുകളും
വലിയ നിതംബവുമുള്ള
സുഡാനികള്‍
മൈലാഞ്ചി പൂമണമുള്ള
പെഷവാറിലെ പെണ്ണുങ്ങള്‍
ആദ്യത്തെ കൃഷിക്ക്
ഉഴുതുമറിച്ചിട്ട
ഗോതമ്പുപാടങ്ങളുടെ മണമുള്ള
പഞ്ചാബി സുന്ദരി
പാപ്പിറസ് ചെടികളുടെ സുഗന്ധമുള്ള,
മുലകള്‍ക്കിടയില്‍
ഫണം വിടര്‍ത്തിയ സര്‍പ്പത്തെ
പച്ച കുത്തിയ മിസ്‌രികള്‍.

രാത്രിയില്‍,
വൈകി തിരിച്ചു വരുമ്പോള്‍
മുല ചുരന്നു ഈറനായ ഉടുപ്പിന്റെ
അസ്വാസ്ഥ്യ ഗന്ധം മാത്രം

മറ്റു ചിലപ്പോള്‍
അതൊരു ശവപേടകം പോലെ
മൗനം നിറഞ്ഞതാകും
മോര്‍ച്ചറിയുടെ
ഇരുണ്ട ഇടനാഴികളിലൂടെ
വേദനയുടെ
ശീതീകരിച്ച ശവകോടി
പുതച്ചു വരുന്നവര്‍
ജീവിചിരിക്കുമ്പോഴേ
മരിച്ചവരെയെന്ന പോലെ
ബന്ധുക്കള്‍ മറന്ന പ്രവാസികള്‍
സഖര്‍ ആശുപത്രിക്കു മുന്‍പിലെ
മരനിഴലുകള്‍ക്കിടയിലൂടെ
ഇന്റെന്‍സിവ് കെയര്‍ യൂണിറ്റിലെ
കരിന്തിരി കത്തുന്ന ഹൃദയഗന്ധവുമായ്
അവര്‍ വരും

വേരിറക്കാന്‍ മണ്ണില്ലാത്തവരുടെ വേദന
നിനക്കൂഹിക്കാന്‍ കഴിയില്ലെന്ന്
കരഞ്ഞു ചിരിക്കുന്ന
ഫലസ്തീന്‍കാരി നാദിയ

..നീയൊന്നു ചിരിക്കൂ
എന്നില്‍ പുതുജീവനുണര്‍ന്നേക്കാം
നീയൊന്നു നിശ്വസിക്കൂ
ഞാന്‍ പുനര്‍ജനിച്ചേക്കാമെന്ന്
എപ്പോഴും ജിബ്രാനെ മൂളുന്ന,
അര്‍ബുദശിശിരത്തെ ഗര്‍ഭം ധരിച്ച
ലെബനാനിലെ മരിയനാസര്‍.

ബുദ്ധിയുറക്കാത്ത മകളെയോര്‍ത്ത്
ചുവടുകള്‍ പിഴച്ച
ബാലെ നര്‍ത്തകി ഓള്‍ഗ.

കഴുത്തിലെയേലസ്സില്‍
മരണവും പകയും നിറച്ച്
വേരുകളരിഞ്ഞിട്ടവരെ തിരഞ്ഞ്
തിരിച്ചു പോകുന്ന
ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടി
അനുരാധ.

പബ്ലിക് സ്‌ക്കൂളിനു പിറകിലെ
ഇരുട്ടിന്റെ പാതയിലൂടെ പോകെ
ഉണരുന്ന ഒരുടല്‍
ആലിംഗനത്തിന്റെ കനല്‍പുതപ്പ്
കീഴടങ്ങാത്ത ചെറിയ മുലകള്‍
അടിവയറിന്റെ പതുപ്പതുപ്പ്
നിനക്കറിയാ വഴികള്‍ ഇനിയുമുണ്ടെന്ന്
വരിഞ്ഞു മുറുക്കുന്ന രശ്മിതോമസ്
നിന്റെ ചുണ്ടുകള്‍
എന്റെ ദാഹമേറ്റുന്നുവെന്ന്
അനു മോഹന്‍

ടാക്‌സി ഡ്രൈവറുടെ 
പ്രണയം 
ഗാഢമായ ചുംബനത്തില്‍ നിന്ന്
വിടര്‍ന്നുമാറി
പാതിവഴിയിലിറങ്ങി പോകുന്ന
ഒരു ഈറന്‍ കീഴ്ച്ചുണ്ട്
ഓരോ കാറ്റിനൊപ്പവും
ചിത്രപ്പണികള്‍ മാറികൊണ്ടിരിക്കുന്ന
മണല്‍ക്കുന്ന്.

ആത്മകഥകള്‍ 
എപ്പോഴും അപൂര്‍ണമായിരിക്കും
ആമുഖം, 
ജീവിതകാണ്ഡങ്ങള്‍
ഫലശ്രുതി
എന്നിങ്ങനെ
അതിനു പല ഘട്ടങ്ങളുണ്ട് 

എന്നിട്ടും 
ഒരൊ വാക്കിനുശേഷവും 
പങ്കുവെക്കാത്ത രഹസ്യത്തിന്റെ
അടഞ്ഞവാതില്‍ ബാക്കിയാവുന്നു 

രാത്രിയിലും തിളങ്ങുന്ന 
ജാരന്റെ കണ്ണുകള്‍ 
ആത്മകഥയില്‍ 
അടയാളപെടുത്തുന്നതേയില്ല 

ഒഴിഞ്ഞ ലിഫ്റ്റില്‍ 
ഇടനാഴിയുടെ ഇരുട്ടില്‍ 
അയാള്‍ നിശ്ശ്ബ്ദനായിരിക്കുന്നു 

ജീവിതത്തിന്റെ 
പിണഞ്ഞുപോയ വഴിത്താരകളുടെ 
ഇരുട്ടില്‍ നിന്ന് 
ദുരൂഹമായ മൗനത്തിലേക്ക്
അയാള്‍ പാതിയില്‍ വിരമിക്കപ്പെടുന്നു.

 

(ഷാബിയ സഹ്‌റ, ഖോര്‍ഖോര്‍, ഷാബിയ റാഷിദ്, മെംമുറ, ജൂലാന്‍ നഖീല്‍ എന്നിവ റാസ് അല്‍ ഖൈമയിലെ സ്ഥലപ്പേരുകളാണ്. സഖര്‍ ഹോസ്പിറ്റല്‍ അവിടത്തെ പ്രധാന ആശുപത്രിയും..)

Follow Us:
Download App:
  • android
  • ios