Asianet News MalayalamAsianet News Malayalam

Malayalam Poem : കിളി, ശ്രീനന്ദിനി സജീവ് എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്   ശ്രീനന്ദിനി സജീവ് എഴുതിയ കവിത

chilla malayalam poem by sreenandini sajeev
Author
Thiruvananthapuram, First Published Nov 24, 2021, 6:21 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by sreenandini sajeev

 

എന്തൊരു ചന്തമാണാ
ച്ചെറുക്കന്റെ കാട്ടായങ്ങള്‍
കാണുമ്പോഴൊക്കെ:

ഒരു കിളിയെത്തന്നെ-
യാണോര്‍മ്മ വരുന്നത്.
ബസ്സിന്റെ മുന്നില്‍ നിന്നും
പുറകിലേക്കും തിരി -
ച്ചിങ്ങോട്ടും പാറി നടക്കു-
ന്നവന്റെ താളത്തി
ലോടുന്ന വണ്ടി.

അനങ്ങാതിരിക്കാനാവാ
ത്തൊരാ കുറുമ്പന്‍ കിളി
സ്റ്റെപ്പില്‍ നിന്നൊരു 
കാലുയര്‍ത്തി വച്ച്
ഷൂ ലേസു കെട്ടുന്നുണ്ട്.

പോക്കറ്റില്‍ നിന്ന് ചീര്‍പ്പെ-
ടുത്ത് ഒരു വശം താഴ്ത്തി
ചീകുന്നുണ്ട്.

മൊബൈല്‍ ചില്ലില്‍
മുഖം നോക്കി, മെസേജു
കളിലേക്കൊന്നു പോയി-
വന്നേപ്പിന്നെ പാട്ടിനൊത്ത്
താളം പിടിക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്കതെല്ലാ
മെല്ലാം ഇഷ്ടമാവുന്നുമുണ്ട്,
ബസ്സിലെല്ലാരും കാണ്‍കേ
സുഗന്ധം നിറച്ച്
അപ്പോളാണയാള്‍ക്കൊരു 
പൂവാലു മുളച്ചു പൊന്തിയത്!

പെട്ടെന്നടുത്ത സ്റ്റോപ്പില്‍
സ്‌കൂള്‍ കുട്ടികള്‍ തള്ളി
ക്കയറുമ്പോള്‍ ഉറക്കനെ 
ശബ്ദിക്കുന്നുണ്ടയാള്‍,

'ബാഗ് ഊരിക്കൊടുത്തിറങ്ങി
നിന്നേ...പന്ത് കളിക്കാനുള്ള
സ്ഥലണ്ടല്ലോ '
കഴക്കല്‍ത്തന്നെ മാറാതെ
നിന്നു തിരക്കുന്നവരോട്
കയര്‍ത്തിട്ടാവണം
രണ്ടാമതൊരു വാല് കൂടി
നീണ്ടു വരാന്‍ തുടങ്ങി,
'ഇറങ്ങി നിക്കാത്തോരൊക്കെ
ഐഡി കാര്‍ഡെടുത്തോട്ടാ..'

പിന്നീടുള്ള യാത്രയിലുടനീളം
പുറം കാഴ്ചകളില്‍ മുങ്ങി
സ്വന്തമായോരാകാശം
തേടുകയായിരുന്നയാള്‍. 

Follow Us:
Download App:
  • android
  • ios