ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സ്‌റ്റെഫി സണ്ണി എഴുതിയ കവിത.

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഒഴിഞ്ഞ മുറി

വകഞ്ഞുമാറ്റിയ തിരശ്ശീലയിലൂടെ
ഒളിച്ചെത്തിയ സൂര്യരശ്മി
അവളെ തൊട്ടുപുണര്‍ന്നു.

നിലാവിന്‍ നാണച്ചിരി നോക്കാതെ
കൊതിയോടെത്തിയൊരു കാറ്റ്,
അവളെ പുല്‍കാന്‍.

അവളോ,
വിരിഞ്ഞ നെഞ്ചിന്‍ തുടിപ്പുമായി
അവന്റെയോര്‍മ്മ പുതച്ചുകിടന്നു.


രണ്ട്

നിറഞ്ഞ സീല്‍ക്കാരങ്ങളും
നെഞ്ചിടിപ്പുകളും മുറുകിയ
ഈ ചുവരുകള്‍ക്കുള്ളില്‍
ഇപ്പോഴീ നാഴികമണിയുടെ
അനക്കം മാത്രം.

അഴിഞ്ഞ ചേലയും
കൊഴിഞ്ഞ പൂക്കളും
നനുനനുത്ത പുതപ്പും
ഏതോ കാലത്തെന്നോണം
ശിശിരനിദ്രയിലാണ്ടു.

മൂന്ന്

നീ ചായമിട്ട ചുവരുകള്‍ക്കെല്ലാം
പറയുവാനുണ്ട് നമ്മുടെ കഥകള്‍.

നീ തൊട്ടതെല്ലാം സുഗന്ധമായി,
നീ മന്ത്രിച്ചതെല്ലാം മധുരമായി,
നിന്റെ ഗന്ധങ്ങളുടെ കൂട്ടിലിപ്പോഴും
നിറയാതൊഴിഞ്ഞു കിടക്കുന്നു ഞാന്‍.

നാല്

പോയ ദിനരാത്രങ്ങളില്‍
നിന്നെ വിരിച്ചുറങ്ങി ഞാന്‍ വ്രണിതം,
പൂവായി കായായി നീ തീര്‍ത്തതൊന്നും
മായാതെ മറയാതെ ദു:ഖഭരിതം.

ഈ ഒഴിമുറി, ഇത്തിരശ്ശീല,
കാത്തിരിക്കാം ഞാന്‍
വരുംകാലമാകെ. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...