ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുധീര്‍ സുലൈമാന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


നമ്മള്‍ ശ്വസിക്കുന്നത്
ഓക്‌സിജന്‍ ആണത്രേ!
കെമിസ്ട്രി ക്ലാസില്‍
പ്രേമടീച്ചര്‍ എന്തൊരു
മുട്ടന്‍ കളവാണ്
പഠിപ്പിക്കുന്നത്!

നീണ്ടനേരം
ശ്വാസമെടുക്കാതെ
അടക്കിപ്പിടിച്ച്,
അവസാനം
ഒരിറ്റ് വായു
അകത്തേക്കെടുത്ത്
മരണത്തെ പുല്‍കുന്നത്
ആത്മഹത്യയോ
രക്തസാക്ഷിത്വമോ
എന്നൊന്നും ടീച്ചര്‍ക്ക്
വലിയ നിശ്ചയമില്ല.

നൈട്രജന്‍ ഓക്‌സൈഡും
കാര്‍ബണ്‍
മോണോക്‌സൈഡുമൊക്കെ
ശ്വസിച്ച് പിടഞ്ഞുവീണ 
മനുഷ്യരുടെ തലച്ചോറില്‍
നിന്ന് ചിത്രശലഭങ്ങള്‍
പറന്നുയര്‍ന്ന് മാഞ്ഞു 
പോയത് എങ്ങോട്ടേക്കാവും?

മരച്ചില്ലകളില്‍ മരണം
പുതച്ചുറങ്ങിപ്പോയ
ഇലച്ചാര്‍ത്തുകളെ
ദയനീയമായി നോക്കി,
തന്റെയുള്ളിലെ
അവസാന ശ്വാസകണവും
കുഞ്ഞുങ്ങളിലേക്ക്
പകര്‍ന്ന് നല്‍കി
എത്രയെത്ര അമ്മക്കിളികള്‍
കൊക്ക് പിളര്‍ന്ന്
മുഴുവന്‍ ആകാശത്തെയും
ഉള്ളിലേക്കെടുത്തിരിക്കും!

ദുരുന്തമുഖത്ത് നിന്ന്
മാഞ്ഞുപോയ
ചിത്രശലഭങ്ങള്‍ ഇതാ
എന്റെ പേനത്തുമ്പിലേക്ക്
പറന്നെത്തിയിരിക്കുന്നു.
'ഞങ്ങള്‍ മരിച്ചതല്ല,
ഞങ്ങളെ കൊന്നതാണ്'
മരണമൊഴി
രേഖപ്പെടുത്തി
പിന്നെയും
പിടഞ്ഞുവീഴുന്നു.

ക്ലാസിലിരുന്ന്
കവിതയെഴുതിയതിന്
പ്രേമടീച്ചര്‍ എന്നെ
ചോക്കുകൊണ്ടെറിഞ്ഞു.
നമ്മള്‍ ശ്വസിക്കുന്നത്
ഓക്‌സിജന്‍ ആണെന്ന്
നാളെ നൂറുതവണ
എഴുതിക്കാണിക്കണമത്രേ!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...