ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുജേഷ് പി പി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇന്നൊരു 
മനുഷ്യനെ 
തൊട്ടു,
കാടിറങ്ങിയാണ് 
വന്നത്

വള്ളികളെ 
ഓര്‍മ്മിപ്പിക്കും വിധം
ചെരിപ്പുകളാല്‍ 
നാം ബന്ധനസ്ഥനാകുമ്പോള്‍,

ഒരൊറ്റ തൊടലില്‍
ഭൂമിയെ അമര്‍ത്തി
ചവിട്ടാതെ 
നടക്കുന്നുണ്ടയാള്‍,

മുഖാവരണം ധരിച്ച്
നാം കരിയിലക്ക്
തീയിടുമ്പോള്‍ 
തീ പിടിക്കാത്ത 
ഒരിലയില്‍
കാട് സൂര്യനോട്
ബാക്കിവെച്ച 
ഞരമ്പില്‍ കവിത 
വായിക്കുന്നുണ്ടയാള്‍,

ഞാനിന്നൊരു
മനുഷ്യനെ തൊട്ടു
ഒരു കുട്ടി വിളിച്ചു പറഞ്ഞു,
പുഴയില്‍, കുന്നില്‍ 
കടല്‍ക്കരയില്‍
ഏറ്റ് പറയാന്‍ ആളുണ്ടായില്ല,

ഞാനിന്നൊരു
മനുഷ്യനെ തൊട്ടു
ഭൂമി ഓരോ 
കറക്കത്തിനിടയിലും
സ്വപ്നത്തിനിടയിലും
സ്വയമേറ്റ് പറഞ്ഞും 
കൃത്യമായി മഴയെ 
പെയ്യുവാന്‍ അനുവദിച്ചു