ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    സുജേഷ് പി പി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഓരോ ദിവസവും
ഓരോ ഗ്രഹങ്ങളാണ്
പൂവിട്ടത്,
ആദ്യ ദിനത്തില്‍
അല്‍പം വൈകിയാണ്
ബുധനുണര്‍ന്നത്,

ഉറങ്ങാന്‍ പോയ
വാല്‍ നക്ഷത്രങ്ങള്‍
ചുറ്റിലുള്ള പൂക്കള്‍
കരിച്ചു കളഞ്ഞതിനാല്‍
ഇത്തിരി പ്രയാസപ്പെട്ടു 
തന്നെയാണ്
പൂവ് സംഘടിപ്പിച്ചതും
രണ്ട് വരിയെങ്കിലും
തികച്ചതും.


രണ്ടാം ദിനത്തില്‍ 
ശുക്രന് മറ്റൊരു
ശുക്രനടിച്ചു,
നേരത്തെ നറുക്കുവീണ
ഓണം ബംബര്‍ പോലെ
നിറയെ പൂക്കളം കൊണ്ട്
ആറാട്ടായിരുന്നു.

മൂന്നാം ദിനത്തിലെ
ഭൂമിയാവട്ടെ
അന്യഗ്രഹത്തിലെ
പൂക്കള്‍ വേണ്ടെന്ന് വെച്ച്
തുമ്പയും തെറ്റിയും
മന്ദാരവുകൊണ്ട്
കളം നിറച്ചു.

ചെമ്പരത്തിയാവട്ടെ
ഏതോ പകല്‍ഭ്രാന്തന്റെ
കൂടെ ഇറങ്ങിത്തിരിച്ചതിനാല്‍
ഇത്തവണയും കാത്തു നിന്നില്ല.

ചൊവ്വയാവട്ടെ
പെണ്‍കുട്ടികളെ
പടിക്ക് പിറകിലാക്കി
എല്ലാം ഒറ്റയ്ക്ക് തന്നെ
ചെയ്തു തീര്‍ത്തു.

നെറ്റിയിലെ 
കളഭക്കുറി പോലെ
മഞ്ഞപ്പൂക്കള്‍ കൊണ്ട്
അലങ്കരിച്ചു,
വ്യാഴം. 

ശനി, അനേകം
വലയങ്ങളുള്ള
പൂവ് തേടി
അതിരാവിലെ തന്നെ
ഇറങ്ങിത്തിരിച്ചു
ഒടുവില്‍ ഹനുമാന്‍ 
കിരീടം കൊണ്ട്
തൃപ്തിപ്പെട്ടു ,

യുറാനസ് 
യവന കഥയിലെ
പൂവിനെ 
പരിചയപ്പെടുത്താന്‍ 
മാത്രം കുറച്ചെങ്കിലും
ഇട്ടെന്നുവരുത്തി.

നെപ്റ്റിയൂണാവട്ടെ
ഉറ്റ സുഹൃത്ത്
പ്ലുട്ടോയെ നഷ്ടപ്പെട്ട
ദു:ഖത്തില്‍ പൂവേയിട്ടില്ല.

പ്ലൂട്ടോ ഇല്ലാത്തതിനാല്‍
ഉത്രാടത്തിന് മുറ്റം 
ഒഴിഞ്ഞുകിടന്നു.

ഇക്കുറിയെങ്കിലും
പത്താം നാള്‍
മാവേലിയെ 
കൊണ്ടുവന്നിട്ടേ
കാര്യമുള്ളൂ
എന്ന മട്ടില്‍
പൂവിട്ട സൂര്യന്‍
കാടായ കാടെല്ലാം
വളരെ പെട്ടെന്ന്
കയറി തീര്‍ത്ത്
ദാഹിച്ച് 
പുഴവക്കിലിരിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...