ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സുനി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ആനക്കൈയ്യന്‍
ആകാശം തൊട്ട
കുന്നിനെ
കൊതിയോടെ നോക്കി.

വരണ്ടവയലില്‍
പന്തുകളിച്ചുകൊണ്ടിരുന്ന
കുട്ടികളുടെ
നെഞ്ചിലേക്ക്
വലിയ കൊക്കുള്ള
പരുന്ത് പ്രത്യക്ഷപ്പെട്ടു.

ഭയന്ന കുട്ടികള്‍
കുന്നിലേക്ക്
പന്തടിച്ചു കയറ്റാന്‍
ശ്രമിച്ചു.

നാളെ
പന്ത്
പുരാവസ്തു
ബംഗ്ലാവിലെ
കാഴ്ചവസ്തുവെന്ന്
അകത്തെ
മൂലയിലിരുന്ന്
ബോണ്‍സായ്‌ച്ചെടി
പുഴ തിരഞ്ഞുപോയ
വേരുകളെയോര്‍ത്ത്
ആരോടെന്നില്ലാതെ
പറഞ്ഞുകൊണ്ടേയിരുന്നു.