ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

രണ്ടു പെണ്‍കുട്ടികള്‍

രണ്ടു പെണ്‍കുട്ടികള്‍;
പരസ്പരം
പേന്‍ നോക്കുന്നു;
'ടിക്ക് ടിക്ക് ടിക്ക്..'
പൊട്ടിച്ചിരിക്കുന്നു;
'ടിക്ക് ടിക് ടിക്..'

രണ്ടു പെണ്‍കുട്ടികള്‍
വലുതാകുന്നു.
പേനുകളില്ലാത്ത ലോകത്തേക്ക് 
മക്കളെ പെറ്റിട്ട് മറഞ്ഞുപോകുന്നു.

രണ്ടു പെണ്‍കുട്ടികള്‍
അതേ വീട് 
അതേ പടികള്‍

അവര്‍ പരസ്പരം മുറിവുകള്‍ 
കഴുകിത്തുടയ്ക്കുന്നു.

ഇല്ലാത്ത മരുന്ന് വെച്ചുകെട്ടുന്നു.

പുറത്തു പൊട്ടിച്ചിരി കേട്ടതും
ഞെട്ടിപ്പിടഞ്ഞ് 
വാതില്‍ കുറ്റിയിട്ട് 
കട്ടിലിനടിയിലേക്ക് ഓടുന്നു.

പേനുകള്‍ക്ക്
ഉറക്കം ഞെട്ടുന്നു.
ജട പിടിച്ച മുടികളുടെ 
മത്തു പിടിപ്പിക്കലിലേക്ക്
ചിറകടിച്ചിറങ്ങുന്നു.
ജോലി തുടങ്ങുന്നു.

കൂസല്‍

അവനും അവളും ഒരുമിച്ചാണ് 
മീന്‍ പിടിക്കാനിറങ്ങിയത്

അരിവാളുകളും 
വാക്കത്തികളും തീരത്ത് 
തീര്‍ത്തും അക്ഷമരായ് 
കാത്തു നിന്നു കനച്ചു.

തോണിത്തലപ്പു കണ്ടതും ആക്രോശങ്ങള്‍ ഉയര്‍ന്നു.

വെള്ളിമുനത്തലകള്‍ക്കിടയിലേക്ക് അവള്‍ കൂസലന്യേ ചാടിയിറങ്ങി.

'എവടെടീ അവന്‍ ..'
എന്ന അലര്‍ച്ചകള്‍
തോണിയിടുക്കില്‍ 
പിടഞ്ഞു കൊണ്ടിരുന്ന
വെള്ളിവരകളുള്ള 
നീലമീന്‍
ശരീരത്തിന്റെ 
തുറുകണ്ണുകളിലേക്ക്
നിശ്ശബ്ദമായി.

പൊട്ടും പോര്‍ട്രേറ്റും 

വരച്ചുതീര്‍ത്ത സ്വന്തം പോര്‍ട്രേറ്റിലേക്ക് 
അവള്‍ നിര്‍ന്നിമേഷയായ് നോക്കി നിന്നു.
തൃപ്തിയാകാത്ത രീതിയില്‍ തലയാട്ടി.

'ഇനിയെന്താ?' ഞാന്‍ അക്ഷമനായി.

'ആയിട്ടില്ല.'
അവള്‍ കൈകള്‍ പിണച്ചു വച്ചു.
'കുറച്ചു ഭ്രാന്തു കൂടി ചേര്‍ക്കാനുണ്ട്.'

ദേഷ്യം വന്ന എന്റെ കൈകള്‍
അവളുടെ നേരെ നീണ്ടു.

നെറ്റിയില്‍ നിന്നു ചുവന്ന പൊട്ടു പറിച്ചെടുത്ത്
ചിത്രത്തിലൊട്ടിച്ചു.

'യെസ് ...യെസ്...'
ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം 
അവള്‍ അലറിക്കൂവി.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...