ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


1
അങ്ങനെയിരിക്കെ, 
ഒരു പാമ്പ് നിന്നെ തേടിയെത്തി.

ഉറങ്ങിക്കിടന്നിരുന്ന 
നിന്റെ കാമുകിയെ
ചുറ്റി വരിഞ്ഞുകൊണ്ട് ചീറ്റി.

'നിനക്കെന്തു വേണം' 
എന്ന നിന്റെ അലര്‍ച്ചക്ക് 
ശാന്തയായ് ഉത്തരം നല്‍കി:

'വിഷം'

2
വിചിത്ര പക്ഷി

കൊക്കുകള്‍ ഇണക്കായും, 
കണ്ണുകള്‍ 
ഇരക്കായും 
കഴുത്ത്
വേടനായും പിടയ്ക്കുന്നു.

3
പര്‍വതാഗ്രങ്ങള്‍:
നിന്നെ കാത്തിരിക്കും
ത്രസിച്ച
യക്ഷിമുലഞെട്ടുകള്‍ !

4
കടല്‍:
മീനുകള്‍ പുളഞ്ഞഭിനയിക്കും സിനിമ.

5
കടല്‍:
മീനുകള്‍ക്കു 
വേണ്ടി
ജലമൊരുക്കിയ 'തിര'ക്കഥ.

6
സങ്കടം:
കണ്ണുനീര്‍ 
ഗ്രന്ഥികള്‍ രചിച്ച ദുരന്ത സിനിമ.

7
ഫലസമൃദ്ധമായ മരമാണ്
ഏറ്റവും ശ്രേഷ്ഠനായ ബുദ്ധന്‍.

8
തേടി വന്ന മരണത്തെ നീ 
കളിയാക്കിച്ചിരിക്കുന്നു. 
എന്നുള്ളില്‍ ഒളിച്ചിരുന്നുകൊണ്ട്!

9
പാവം തല: 
എത്ര പേരെ വിറപ്പിച്ചാലും 
എത്ര പേരുടെ ഉറക്കം കെടുത്തിയാലും,
ബാര്‍ബറുടെ 
കത്തിമുനമുമ്പില്‍
നിസ്സഹായത പുതച്ച്
കുമ്പിട്ടിരിക്കുമത്.

10
യാത്രയ്ക്കിടയില്‍ 
ഒരു മുറിവ് 
എന്റെ വണ്ടിക്കു 
കൈ കാണിച്ചു.

'എനിക്കു നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു' എന്നു വിതുമ്പിക്കൊണ്ട് കയറിവന്നു.

ചേര്‍ത്തു പിടിച്ചൂ ഞാന്‍; 
ചുവന്നു തുടുത്തൂ ഞാന്‍!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...