ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്വാതി സോമന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

'ഹുഊഊഉആആആ...
ഹുഊഊഉആആആ...'

കിഴക്കേകോണിലെ തേക്കിന്‍മേല്‍
ഇണയെ തേടി കൂകിപ്പാടി
മരണദൂതന്‍ കാലന്‍ കോഴി.

ഇരുട്ടിന്റെ അന്ധതയില്‍
ലോകം മുഴുവനുറങ്ങുമ്പോള്‍
വീണ്ടും കൂകി, ഇണയെ തേടി.


കാലന്‍ കോഴി

'ഗരുഡനോളം വലിപ്പമുണ്ട്,
ഇളം തവിട്ടും നിറമുണ്ട്,
കോറിയിട്ട ചന്ദനക്കുറികളുണ്ട് ,
വെണ്‍പട്ടുപോല്‍ മൃദുലമാം
പൊന്‍തൂവലുണ്ട് കൊക്കിനു താഴെ.'

വറ്റുകള്‍ കൊത്തിവലിച്ചില്ലേലും
വട്ടം ചുറ്റിപ്പറന്നില്ലേലും
മുറ്റം ചുറ്റി നടന്നില്ലേലും
ഞാനുമൊരു പക്ഷി.
പേരുകൊണ്ടു വെറുത്തൊരു
പക്ഷിപ്രാന്തന്‍.

എന്നിട്ടുമെന്തേ ,
കാകനുള്ള ആദരവുപോലും
എനിക്കില്ലല്ലോ?
എങ്ങനുണ്ടാവും, 
മരണത്തിന്‍ ദൂതനല്ലേ ഞാന്‍?

അമ്മൂമ്മ
ഉമ്മറക്കോലായിലെ ഭസ്മമെടുത്തു
നാമം ജപിച്ചു ഉറക്കെപ്പാടി
പ്രാകി ദൂരത്തേക്കാട്ടി
കിഴക്കേ കോണിലെ
മിഥ്യാ മരണത്തെ.

ഭസ്മമെടുത്തു 
വീണ്ടുമുറക്കെ ജപിച്ചു 
നാമകീര്‍ത്തനങ്ങള്‍.
ചെവിയില്‍ പതുക്കെയോതി
അപ്പുവിന്റെ കാതില്‍. 

'ദൂരെയിരുന്നു കൂകിയാല്‍ തേടിയെത്തും
മരണം അടുത്തേക്ക.
അടുത്തിരുന്നു കൂകിയാല്‍ ഓടിയകലും
മരണം അകലേക്ക്.'

അപ്പുവും ഏറ്റുപാടി നാമം.
ഇടയ്ക്ക് മുറവിളികൂട്ടി

'പോ, ദൂരത്തേക്ക് പോ ,
പേടിയാ എനിക്ക.'

 ഇണ
'ഹുഊഊഉആആആ...
ഹുഊഊഉആആആ'

തിരികെ കൂകി ഇണയും
മാടിവിളിച്ചു,
കൂകി വിളിച്ചു.
ആട്ടിയോടിക്കും മനുഷ്യരില്‍ നിന്നും
ഓടിയൊളിക്കാനായ്.

ജീവിക്കണ്ടേ ഈ മണ്ണില്‍
ഓടിയൊളിക്കണ്ടേ മരണത്തില്‍ നിന്നും.

വീണ്ടും കൂകി വിളിച്ചു,
ഇണയെ.
തന്നിലേക്കു ഓടിയടുക്കും വരെ .


മിഥ്യ 

എന്താണ് ബന്ധം ?
മരണവും കാലന്‍ കോഴിയും തമ്മില്‍?

പേരിലുള്ള മിഥ്യ 
തലമുറയോളം
പകര്‍ന്നു പടരുമ്പോള്‍
ഇല്ലാതാവുന്നു,
നാട്ടിന്‍പുറത്തെ
മരണ ദൂതന്‍.

വംശ നാശം വന്നിരിക്കുന്നു
മരണ ദൂതന്.
ആരും തേടുകയില്ല.

മരണത്തെ തേടുവാനാവില്ലല്ലോ ആര്‍ക്കും?

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...