ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. തസ്‌നി ജബീല്‍ എഴുതിയ കവിതകള്‍.

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


മഴയുടെ രൂപത്തിലാണ് 
അവള്‍ ഭൂമിയില്‍ കാലെടുത്തുവെച്ചത്.
കടലില്‍,
പുഴയില്‍ 
നദിയില്‍.

പിന്നെ അതായി മാറി 
അവളുടെ പേരും പ്രകൃതവും.

പെയ്തിറങ്ങിയ ഇടങ്ങളില്‍ 
ഇണങ്ങിച്ചേര്‍ന്ന്, 
ഇഷ്ടങ്ങള്‍ മറന്ന് അവള്‍ ഒഴുകി .

ഒരിക്കല്‍ 
നൃത്തം വെക്കുകയും 
പാട്ടു പാടുകയും ചെയ്തിരുന്ന 
മഴ എന്ന പേര് 
അവളില്‍ നിന്നും 
മാഞ്ഞു പോയി.

പിന്നെയവള്‍ 
അസ്തിത്വമില്ലാതെ 
കൊടും വെയിലേറ്റരുകി ഉരുകി 
നീരാവിയായ് മാറി.

പുകച്ചുരുളുകള്‍ പോലെ മെല്ലെ ഉയര്‍ന്നു 

ഉയര്‍ന്നുയര്‍ന്നു മുകളിലെത്തിയപ്പോള്‍ 
അവള്‍ ആകാശം കണ്ടു.

അവിടെയവള്‍ക്ക് കിട്ടി 
രണ്ടുവെണ്‍മേഘചിറകുകള്‍.

ഏകം 

നിദ്രയകന്ന ഏകാന്ത രാവില്‍ 
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ 
മധുരഗാനത്തിനീണം മുഴങ്ങുമ്പോള്‍ 
ഓര്‍മ്മകള്‍ 
ചെമ്പനീര്‍ പൂക്കള്‍ പോല്‍ 
ഇതള്‍ വിടര്‍ത്തുന്നു.

നിലാവിന്നലകള്‍ ഇളകിയാടുന്ന 
കിനാവിന്റെ നദിയിലൂടെ 
തോണി തുഴഞ്ഞു 
അലസമങ്ങൊഴുകവേ 
തണുവാര്‍ന്ന കാറ്റുവന്നു മെല്ലെപ്പൊതിയുന്നു .

നീരദങ്ങള്‍ ചിത്രം വരക്കുമാകാശത്ത് 
നിറഞ്ഞു നില്‍ക്കുന്ന പൊന്‍തിങ്കള്‍ പ്രഭ 
ഹൃദയത്തിലും ചിതറി വീഴുന്നു 

ദൂരെ ദൂരെ പൂത്തുനില്‍ക്കും 
നക്ഷത്രരാജികളുടെ ഇരുള്‍തിളക്കങ്ങള്‍ 
മിഴികളില്‍ തെളിഞ്ഞു കത്തുന്നു.

സ്വപ്നങ്ങള്‍ മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ 
ചിറകുവിടര്‍ത്തി പറക്കുമ്പോള്‍ 
എന്നോ മറന്ന പാട്ടിന്റെ വരികള്‍ 
ചുണ്ടില്‍ തത്തിക്കളിക്കുന്നു.

പെട്ടെന്ന് മഴതോര്‍ന്നു 
പാട്ടു നിലക്കവേ 
ഇരുള്‍ കനത്തു. 

ഏതോ വിഷാദപര്‍വത്തില്‍ 
ഞാന്‍ ഏകയാകുന്നു 
ഇലകളും പൂക്കളും കൊഴിഞ്ഞ 
ഉണങ്ങിയ ഒറ്റമരം
ഒരു വസന്തത്തിന്നോര്‍മ്മയില്‍ 
ഇപ്പോഴും നിലനില്‍ക്കുന്നത് പോലെ 
പോയ കാലത്തിന്റെ സ്മൃതിവേരുകളില്‍ 
ഞാന്‍ ജീവിതത്തെ പുണര്‍ന്നു നില്‍ക്കുന്നു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...