ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ടി എം പ്രിന്‍സ് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



ചെകുത്താന്റെ
വീട്ടിലേക്കുള്ള യാത്രയില്‍ വെച്ചാണ് 
വഴിയില്‍ 
ബുദ്ധന്‍ ദൈവത്തെ കണ്ടത്

ദൈവം ബോധഗയയിലെ
അരയാല്‍ അന്വഷിച്ചു
പോകുകയായിരുന്നു.

ബുദ്ധന്റെ യാത്രോദ്ദേശ്യം
ദൈവം തിരിച്ചറിഞ്ഞു,
ദൈവത്തിന്റെ മുന്നില്‍
ബുദ്ധന്‍ തലകുനിച്ചു

ദൈവം ചോദിക്കാതെ തന്നെ
ബുദ്ധന്‍ പറഞ്ഞു,
ചെകുത്താനൊരു ദേവാലയം
പണിയണം...

ദൈവം കോപിച്ചു പറഞ്ഞു
ദേവാലയങ്ങള്‍ ദൈവത്തിനുള്ളതാണ്,
ബുദ്ധന്‍ വീണ്ടും തലകുനിച്ചു.
ജീവിതത്തിലെ സര്‍വ്വവും ത്യജിച്ച നീയോ
ചെകുത്താനു പള്ളിപണിയുന്നത്?
ദൈവം ആസ്വസ്ഥനായി,

എന്റെ ജീവിതം ആരെയും
ഒന്നും പഠിപ്പിച്ചില്ല പ്രഭോ..,
ബുദ്ധന്‍ പറഞ്ഞു

എനിക്കും ജീവിക്കണം
യശോധരയും മകനുമൊത്തു
സിദ്ധാര്‍ത്ഥനായി...

ദൈവം ബുദ്ധന്റെ മുന്നില്‍
തലകുനിച്ചു.

ബുദ്ധന്‍ ചെകുത്താനെ കാണാന്‍ പോയി
ചെകുത്താനൊരു പള്ളി പണിത്
ഇപ്പോള്‍ അതിന്റെ നടത്തിപ്പാണ്
ലുംബിനിയില്‍ ഭാര്യയും മകനുമൊത്തു
സിദ്ധാര്‍ത്ഥനായി ജീവിക്കുന്നു

ദൈവം 
ഗയയിലെ അരയാല്‍ ചോട്ടില്‍
ഇരിക്കുന്നുണ്ട്.