ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  വരുണ്‍ എം എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



ദീര്‍ഘമായ ഒരു പകലിന്റെ
മദ്ധ്യാഹ്നത്തില്‍ നിന്നാണ്
വെയിലിറങ്ങിപ്പോയത്,
ആര്‍ക്കും മിണ്ടാനുമായില്ല.

അന്ധകാരം ആളിപ്പടരാന്‍ തുടങ്ങി
അപ്പോഴാണ് അവരറിഞ്ഞത്,
വെയില്‍ പടിയിറങ്ങിപ്പോയെന്ന്

ചൂടും വെളിച്ചവും ചൂടാതെ 
കാത്തുവച്ച പൂക്കളും ഇരുട്ടിലായ്. 

ഇലകള്‍ക്ക് ഹരിതകം
ഒരു ഭാരമായി.
കാലം തെറ്റി കരഞ്ഞ 
ചീവീടും മഴപ്പാറ്റകളും
മാത്രകള്‍ കൊണ്ട് ഭീമാകാരമായി.

ഉറയാതെയൊഴുകിയ പുഴയൊക്കെ ഉറഞ്ഞ്
ശ്വാസം മുട്ടിച്ചു.

മരത്തണലുകളെ വിഴുങ്ങിയ ഇരുട്ടില്‍ 
മരത്തലപ്പുകള്‍
അന്ധാളിച്ചു നിന്നു.

മിന്നാമിന്നികള്‍ തീപ്പന്തങ്ങളായി, 
കൊളളപ്പലിശക്കായി കൂരകള്‍ക്ക് തീ പടര്‍ത്തി.

ഡ്രാക്കുളകള്‍ ഊറ്റിക്കുടിച്ച 
ശരീരങ്ങള്‍ വഴിവക്കിലാകെ 
ചിതറി കിടക്കവേ 
വവ്വാലുകള്‍
വിഹരിക്കുന്ന രാത്രിക്ക് 
വിഷാദഛായയുളള
സിത്താര്‍ നിറമായിരുന്നു.

വെയിലിറങ്ങിപ്പോയ പകലിനെ 
വേടന്‍മാരുടെ കയ്യില്‍ നിന്ന് 
അവര്‍ തിരികെക്കൊണ്ടുവന്നു.

ഇനിയെല്ലാമൊന്ന് നേരെയാകാന്‍ എത്രകാലം!

വെടിയൊച്ചകള്‍ കേട്ട് പകല്‍
വല്ലാതെ പകച്ചിരുന്നു. 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...