ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. വിജി ടി ജി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

ഇന്നലെ കടയില്‍ നിന്ന
ഞാനല്ല
ഇന്ന്
വഴിയില്‍ നില്‍ക്കുന്നത്.

രാവിലെ പുഴയില്‍ കുളിച്ച
ഞാനല്ല
ഉച്ചവെയിലത്ത്
പൊരിഞ്ഞത്.

മിഥുനത്തിലന്നു 
മഴയില്‍ കുതിര്‍ന്ന
ഞാനല്ല,
വന്ന മീനത്തില്‍
വെയില്‍ ചൂടിയതും!

മിനിയാന്നും
ഇന്നലെയും
ഇന്നും
വിരിയുന്ന ഞാനല്ല
നാളെ കൊഴിയുന്നതും.

എന്നെ മറന്നുവച്ച
ഇടങ്ങളിലൊക്കെയും
ഒന്നുപോലല്ലാത്ത
ആയിരം ഞാന്‍.

കാലം തിളച്ച ലാവ!

സമയം ഒരു
പെരും നുണ,
ഞാന്‍ എന്താണ്
ഞാന്‍ എവിടെയാണ്?

ഈയുറക്കം
ഉറപൊഴിച്ചു
ആത്മാവില്‍ 
നഗ്‌നതയുടുത്ത്
കാറ്റിന്റെ കൈപിടിച്ചു
പോകാന്‍ 
എന്നിലേക്ക്
ഒരു ബിന്ദു
വന്നു ചേരാനുണ്ട്,
ഞാന്‍ എന്നുമാത്രം
പേരുള്ള,
ബോധമുള്ള ഒന്ന്.

എന്ന്, 
സ്വന്തം, 
ഇതെഴുതുന്ന,
ഈ നിമിഷത്തിലെ
ഞാന്‍.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...