Asianet News MalayalamAsianet News Malayalam

Malayalam Poem : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  മൂസ എരവത്ത് എഴുതിയ കവിതകള്‍

chilla malayalam poems by Moosa Eravath
Author
First Published Oct 1, 2022, 4:24 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poems by Moosa Eravath


ഒരു സാധാരണ
സന്ധ്യാനേരം.
ഞാനും വീടും
മുറ്റത്തേക്ക് നോക്കിയിരിക്കുന്നു.
അവസാനത്തെ കൊറ്റിക്കൂട്ടവും
മടങ്ങിപ്പോയി
വിജനമായ ആകാശത്ത് 
വെളിച്ചം വിറ്റുകൊണ്ടിരുന്ന 
തെരുവുകച്ചവടക്കാരനും
ഭാണ്ഡം മുറുക്കി 
മടങ്ങാനൊരുങ്ങുന്നു. 

പകല്‍ മുഴുവന്‍ 
കണ്ണില്‍ക്കണ്ണില്‍ 
നോക്കി മീന്‍ വിറ്റിരുന്ന
കടലിന്റെ കവിളു ചുവക്കുന്നു 
ഞാനും വീടും മുറ്റത്തേക്ക് നോക്കിയിരിക്കുന്നു.

തൊടിയില്‍ നിന്ന് 
മുറ്റത്തേക്കൊരു
പൂമ്പാറ്റ താഴ്ന്നു 
പറക്കുന്നു.

ഹൃദയം പൂമ്പാറ്റക്കായ്
പുന്തോട്ടമുണ്ടാക്കുന്നു.
വസന്തം വന്ന് പൂക്കളെ 
നൃത്തം ചെയ്യിക്കുന്നു
ഇപ്പോഴൊരു മഴ 
പെയ്‌തേക്കുമെന്ന  
സന്ദേഹത്തെ 
കായ്ക്കാതെതന്നെ 
വയസ്സായിപ്പോയൊരു മാവ് 
തലയാട്ടി ശരിവക്കുന്നു.

മനോഹരമായ ഈ
ദൃശ്യം പകര്‍ത്താന്‍ 
ഒരാകാശകാമറ സ്വയം 
കണ്ണുതുറക്കുന്നു 
അതൊരു പൂമ്പാറ്റയല്ലെന്നും
ഇഴഞ്ഞു വരുന്നൊരു
നാഗത്തിന്റെ 
ഫണമായിരുന്നുവെന്നും 
കൊള്ളിയാന്‍ വന്നു ബോധ്യപ്പെടുത്തുമ്പോഴേക്കും 
കാലിലൊരു കവിത കൊത്തി 
സാവധാനമത്
ഇഴഞ്ഞിഴഞ്ഞ് 
അപ്രത്യക്ഷമാവുന്നു.

ഞാനും വീടും 
നീലിച്ച് നീലിച്ചുപോയ
ഇരുട്ടിലേക്ക് 
നോക്കിയിരിക്കുന്നു .


ജീവിതം

മഴയായി പെയ്തും
വെയിലായി പൊള്ളിച്ചും 
തന്നെത്തന്നെ നോക്കി വിരിയുന്ന 
പൂക്കളെയും
തനിക്കായി ഉദിക്കുന്ന നക്ഷത്രങ്ങളെയുംകൊണ്ട് 
സാക്ഷ്യം പറയിച്ചും 
ഒരാകാശം,
താനുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ 
ശ്രമിച്ചു കൊണ്ടേയിരിക്കേ 
എത്ര അനായാസമാണ് ഒരു പക്ഷി അതിനെ മുറിച്ചുകടക്കുന്നത് ?

ആശുപത്രിയില്‍നിന്ന് 
മൂകമായി മടങ്ങുന്ന 
ഒരാംബുലന്‍സ്
'ജീവിതം' എന്ന 
വാക്കിനെയെന്ന പോലെ!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios