ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


മൂന്ന് വിഷുക്കവിതകള്‍

ഒന്ന്
വെയില്‍ തൊട്ട് 
കുന്നുകയറി
പൂക്കളാവുന്നത്
ഓര്‍ത്തു,
ഇത്തിരി വിത്ത്
വാരിയെറിഞ്ഞു,
താഴ് വരയിലെ
കൊന്നകള്‍
ചില്ല താഴ്ത്തി 
പൂവിടുന്നു

രണ്ട്
വെയില്‍ മടക്കി
ഓലക്കീറിലാക്കി
കുട്ടികള്‍ 
പടക്കമുണ്ടാക്കുന്നു 
ഇടവഴിയിലെ
ശീമകൊന്നയില്‍ കെട്ടി 
കനല്‍ തൊടുന്നു
നോക്കൂ, 
കനലിനും 
പടക്കത്തിനുമിടയില്‍
പണ്ടെങ്ങോ
പൊട്ടിയടര്‍ന്ന
ഭൂമിയുടെ 
ഇത്തിരിച്ചെരിവ്

മൂന്ന്

വെയില്‍ പകുത്ത്
പൂക്കളുണ്ടാക്കുന്ന
പെണ്‍കുട്ടി,
ജനാലയിലാകെ
നൂല്‍ കെട്ടിയിടുന്നു 
രാവ് പുലരുവോളം
മുടിക്കെട്ടില്‍ 
നിന്നെടുത്ത്
കൊന്നമെടയുന്നു,
തൊങ്ങല്‍ ,
മോതിരവലയങ്ങള്‍,
സൂര്യനില്‍ നിന്ന്
കൊഴിഞ്ഞ മട്ടില്‍
കട്ടിലിനു ചുറ്റിലും
വിതറി വെക്കുന്നു
വിഷുക്കണിക്ക് മുന്നേ
അമ്മ കാണുന്നതിന് മുന്നേ
വാരിച്ചുറ്റി വെയിലിന് 
തന്നെ തിരിച്ചേല്പിക്കുന്നു

സാറ 

പ്രണയത്തിന്റെ 
മഞ്ഞു പുതപ്പ്
അണിയുമ്പോഴെല്ലാം സാറ,
പൂക്കളുടെ കൈ പിടിച്ച്
താഴ് വരയിറങ്ങി 
നടക്കുന്നത് കാണാം 

അപ്പോഴെല്ലാം 
തലയിലെ സ്‌കാഫ് 
മഞ്ഞിനോട് ചേര്‍ത്ത് 
കെട്ടിയ പോലെ
കാറ്റില്‍ ഇളകുന്നുണ്ടാവും

നടത്തത്തിനിടയിലവള്‍
പൂക്കളോട്
അകിട് നഷ്ടമായ
ആട്ടിന്‍ കുട്ടികളുടെ 
കഥ പറയും

മേഘങ്ങള്‍ കുന്നിനെ 
തൊടുമ്പോഴൊക്കെ
പാല്‍പ്പതയെന്നോര്‍ത്ത്
ആട്ടിന്‍ കുട്ടികളെല്ലാം
കുന്നിന് മുകളിലേക്ക്
കയറിയെത്തും,

തലകുലുക്കി ചെവിയിളക്കി
മേഘങ്ങള്‍ക്കിടയില്‍ നിന്ന്
പാല്‍പ്പതനുകരുന്നത് 
പൂക്കള്‍ക്ക് കാണിച്ചു 
കൊടുക്കുകയും ചെയ്യും

ചിലപ്പോഴൊക്കെ 
ആട്ടിന്‍ കുട്ടികളില്‍ ചിലത്
ശകാരം കിട്ടിയ മട്ടില്‍ 
വേഗത്തില്‍ കുന്നിറങ്ങി 
വരുന്നതും കാണാം,
അവയ്ക്ക് വേണ്ടി മാത്രം
സാറ പൂക്കളുടെ
മാന്ത്രികതയെ 
ഉപദേശിക്കും

വെളുത്ത പൂക്കള്‍
അകിട് ചോര്‍ന്ന പോലെ
ചില്ലകളില്‍ മുളച്ച്
ആട്ടിന്‍ കുട്ടികള്‍ക്ക്
നുണയാന്‍ പാകത്തില്‍
ഇളം മധുരമാകും
പാല്‍ത്തുള്ളിയാവും


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...