ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ശ്രീലേഖ എല്‍ കെ എഴുതിയ മിനിക്കഥകള്‍ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ആത്മഹത്യ

നിന്നെ ആര്‍ക്കു വേണമെന്ന് വീട് പരിഹസിച്ചു കൊണ്ടിരുന്നിരിക്കും. 

ഞാന്‍ വലുതായെന്നും പഴയ ഫാഷന്‍ മുടി ചീകലില്‍ എന്നെ അങ്ങനെ ഇനി തളച്ചിട്ട് കളയേണ്ടെന്ന് മകള്‍ കൈ കുടഞ്ഞു കളഞ്ഞിട്ട് ആഴ്ചകള്‍ ആയി. അവളിപ്പോള്‍ ഒന്നിനും എന്നെ വിളിക്കാറില്ല. കേക്ക് ഉണ്ടാക്കാന്‍ അറിയാത്ത അമ്മമാര്‍ എന്തിനു കൊള്ളാം എന്നാവണം അവള്‍ മനസ്സില്‍ പറഞ്ഞിരുന്നത്.

പുതിയ മൊബൈലിന്റെ നാനാര്‍ത്ഥങ്ങളില്‍ അയാള്‍ അടുത്തും അകലെയുമുള്ള പലരെയും കുരുക്കി വെച്ചു കാണണം. ഇളകി മറിയുന്ന ചിത്രണങ്ങളിലെ പോസുകള്‍ക്ക് മടി കാണിച്ചിരുന്നവളെ നോക്കാതെ അടുത്ത മുറിയിലേക്ക് അയാള്‍ പോയിട്ടുണ്ടാവും.

കഴിഞ്ഞ മാസം വന്ന ഹോം കെയര്‍ സ്ത്രീ അച്ഛനെ നന്നായി നോക്കുന്നുവെന്ന് അമ്മ വളരെ തൃപ്തയാണ്. സ്വന്തം തിരക്കുകളില്‍, മറന്നു പോയ അച്ഛനമ്മാരെ ഏല്‍പ്പിക്കാന്‍ പണം മാത്രം മതിയെന്ന് അമ്മ നിര്‍വികാരയായിരുന്നു. ഇപ്പോള്‍ വന്നവള്‍ അച്ഛനില്ലാത്തവള്‍ ആണെന്നും അവള് തൊടുമ്പോള്‍ അച്ഛന്‍ ഇടയ്ക്ക് പുഞ്ചിരിയോടെ കരയാറുണ്ടെന്നുകൂടി അമ്മ കൂട്ടി ചേര്‍ത്തു.

മുറ്റമടിക്കേണ്ടതില്ലെന്നും ചുവപ്പും കറുപ്പും പതിപ്പിച്ച നിലം കേടാക്കിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയതോടെ ചൂലുകള്‍ പറഞ്ഞു. തൊട്ടു നോക്കിയപ്പോള്‍ അവ പുച്ഛത്തോടെ അകന്നു.

മേശപ്പുറത്ത് ഒരുക്കി വെച്ചിരുന്ന സാമ്പാറും പയറുപ്പേരിയും ആര്‍ക്കും വേണ്ടാതെ പുളിക്കാന്‍ തുടങ്ങിയ നേരത്ത്, സ്വിഗി ഡെലിവറി ബോയ് ഡോര്‍ ബെല്ലടിച്ചു. ചോറ് പഴഞ്ചന്‍ ആയെന്ന് പുതിയ മണം പറഞ്ഞു. 

ഫോണില്‍ സുഹൃത്തുക്കളെ പരതിയപ്പോള്‍, പലരും തിരക്കുകള്‍ പറഞ്ഞു. പ്രിയപ്പെട്ടവള്‍ എന്ന് പറഞ്ഞിരുന്നവര്‍ ഉപേക്ഷിച്ചു കളഞ്ഞത് ഓര്‍ത്തെടുത്തു കരച്ചില്‍ വന്നത് ഒഴുകി പോകാന്‍ വിട്ടു.

''എന്നെ ആര്‍ക്കാണ് വേണ്ടത്..?'' അവള്‍ ചോദിച്ചു.
മുറിക്കകം തുടയ്ക്കാന്‍ അപ്പോഴേക്കും വേലക്കാരിയും വന്നിരുന്നു.

സന്തോഷകരമായ ഒരു മരണം

അയാള്‍ മരിച്ചപ്പോള്‍ അവള്‍ കരഞ്ഞില്ല. 'കൂടെ കൂട്ടിയിട്ട് വര്‍ഷങ്ങള്‍ ആയിട്ടും നെഞ്ചുതല്ലി നിലവിളിക്കാഞ്ഞത് നാട്ടുകാരെ പറയിപ്പിക്കാന്‍ അല്ലെടീ മൂധേവി' എന്ന് അമ്മ പിറുപിറുത്തു. ചത്തു കിടക്കുന്നോന്റെ ബന്ധുക്കളെ കാണിക്കാന്‍ എങ്കിലും അടുത്ത് ഇരുന്ന് ഒന്ന് സങ്കടം കാണിച്ചൂടേ എന്ന് അച്ഛന്‍ ശാസിച്ചു. 

അവനവനു ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാന്‍ ഒരു വേലക്കാരിക്ക് പകരം അടുക്കളയില്‍ പണം കൊടുക്കാതെ കിട്ടിയ ഒരുത്തി അതെങ്ങനെ ചെയ്യും എന്നവള്‍ ആരാഞ്ഞില്ല. നിന്നുനിന്ന് കാലിന്റെ ഞരമ്പുകള്‍ പൊട്ടി ഒലിച്ച ചോരയില്‍ അയാള്‍ തെന്നി വീണപ്പോള്‍ ഉണ്ടായത്ര സന്തോഷമിങ്ങനെ ഉള്ളില്‍ തള്ളുമ്പോള്‍ എങ്ങനെ കരയുമെന്നവള്‍ ചോദിച്ചില്ല. 

കോലായില്‍ കാല് നീട്ടിയിരുന്ന് പത്രം മറിക്കുമ്പോള്‍ കൂടെ ഇരുന്ന് അതിലെ വിശേഷങ്ങള്‍ പങ്കു വെക്കാന്‍ ശ്രമിക്കാതിരുന്ന ആളോടുള്ള നിസ്സംഗത, അടുപ്പിലെ കറിക്ക് സമാനം തിളയ്ക്കുന്ന ഉള്ള് കാണിക്കുന്നത് എങ്ങനെ എന്ന് ചുണ്ടനക്കിയില്ല. മുറിക്കകത്തിരുന്ന് സാമ്പാറിന്റെ മണത്തില്‍ പോലും പുളി കൂടി പോയ് എന്നയാള്‍ ഉച്ചത്തില്‍ കൂവി പറഞ്ഞിരുന്നത് മാത്രമായിരുന്നു ഇടയ്ക്ക് തമ്മില്‍ പറഞ്ഞിരുന്ന സംഭാഷണങ്ങള്‍ എന്ന് അവള്‍ കാരണം കാണിച്ചുമില്ല.

എഴുതി കൊടുത്തിരുന്ന കുറിപ്പുകളില്‍ മുളക്, മല്ലി, അരി കൂടാതെ ഒരിക്കല്‍ മുല്ലപ്പൂവിന് പറഞ്ഞതിന് ഒരാഴ്ച ചവുട്ടി കുതിച്ചു പോയ അയാളുടെ കാല്‍ക്കല്‍ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് പറയാനും കഴിഞ്ഞില്ല.

കാരണം അവള്‍ക്കൊഴിച്ചു മറ്റെല്ലാവര്‍ക്കും അയാള്‍ പ്രിയപ്പെട്ടവന്‍ ആയിരുന്നല്ലോ.