ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അജേഷ് കെ സഖറിയ എഴുതിയ ചെറുകഥ

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

വിദൂരങ്ങളിലുള്ള രണ്ട് ഇടത്തരം നഗരങ്ങളില്‍ നിന്ന് ഒരു സ്ത്രീയും പുരുഷനും അവരെക്കുറിച്ചു പുറംസമൂഹത്തിന് യാതൊന്നും അറിയാന്‍ സാധ്യത ഇല്ലാത്ത ആ നഗരത്തില്‍ ഒരു ദിവസം കഴിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. അവരുടെ എല്ലാ നീക്കങ്ങളെക്കുറിച്ചു പറയേണ്ടവരോടൊക്കെ അത്ര പെട്ടെന്നൊന്നും ജീര്‍ണ്ണിച്ചു പോകാത്ത ചില നുണകള്‍ തിരഞ്ഞുപിടിച്ചു അവതരിപ്പിച്ച്, അവിടേയ്ക്ക് ഏറ്റവും അനുഗുണമെന്നു കരുതുന്ന യാത്രാമാര്‍ഗ്ഗങ്ങളിലൂടെ എത്തിച്ചേര്‍ന്നു. ആ നഗരം യഥാര്‍ത്ഥത്തില്‍ അവിടെ ഒരുപാട് കാലങ്ങള്‍ക്കു മുന്‍പേ നിര്‍മ്മിക്കപ്പെട്ട ഒന്ന് ആയിരുന്നു എന്ന് പറയുന്നതിനേക്കാള്‍ അത് എങ്ങനെയോ അവിടെ നിലനിന്നിരുന്ന ഒന്നായിരുന്നു എന്ന് വേണം കരുതാന്‍.

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിക്കു വെച്ച് കിഴക്കന്‍ മലകള്‍ക്ക് അപ്പുറത്തു ഒരു വലിയ താഴ്‌വര ഉണ്ടെന്നും, അവിടെ കാടിനപ്പുറം ഒരു വലിയ കടലും, അളവില്ലാത്ത വിധം നിധിശേഖരവും ഉണ്ടെന്നുമുള്ള ഒരു സന്ദേശം തെക്കുള്ള ഒരു രാജാവിന് അന്ന് ആരോ എത്തിച്ചു കൊടുത്തു. രാജാവിന്റെ പണിക്കാര്‍ രണ്ടു വര്‍ഷത്തോളം എടുത്ത് അവിടേക്കു എത്തിച്ചേരുവാന്‍ കുന്നിന് മുകളിലൂടെ ഒരു പാത പണിതിരുന്നു. പണി തീര്‍ന്നു കഴിഞ്ഞപ്പോള്‍ അവിടെ കാടിനു നടുവില്‍ ഏകാന്തമായ ഒരു നഗരം ഉണ്ടെന്ന് അവര്‍ കണ്ടു പിടിച്ചു. അപ്പോഴേയ്ക്കും രാജാവിന്റെ പണിക്കാരില്‍ ഭൂരിഭാഗം പേരും രോഗങ്ങളാലും കലഹങ്ങളാലും, കഠിനാധ്വാനംകൊണ്ടും ഒക്കെ മരിച്ചുപോയിരുന്നു. ബാക്കി വന്നവരില്‍ കുറേപ്പേര്‍ തിരികെ പോയതും ഇല്ല. അവരൊക്കെ നിധി കൈക്കലാക്കി അവിടെ താമസമാക്കി എന്ന് രാജാവ് വിശ്വസിച്ചു.

തിരികെ വന്നവര്‍, ആ നഗരത്തിനെ കുറിച്ച് പൊടിപ്പും തൊങ്ങലും കോര്‍ത്ത് വെച്ച് ഒരുപാടു കഥകള്‍ രാജാവിനോട് പറഞ്ഞു. രാജാവ് തന്റെ പടയെ കൂട്ടി അങ്ങോട്ട് തിരിച്ചു. ദിവസങ്ങള്‍ക്കൊടുവില്‍ കാടിനു നടുവില്‍ മുളച്ചു പൊന്തിയത് പോലൊരു സുന്ദര നഗരം അവര്‍ക്കു മുന്നില്‍ തെളിഞ്ഞു വന്നു. അങ്ങനെ കൃത്യമായ അധികാര കേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന അവിടം പിന്നീട് വളരെ കാലങ്ങളോളം രാജാവിന്റെ അവധിക്കാല വാസസ്ഥലം ആയി മാറി.

അന്ന് രാജാവ് നിര്‍മ്മിച്ച, പിന്നീട് ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ നടന്ന ആ ഹെയര്‍പിന്‍ വളവുകളിലൂടെ ബസ്സില്‍ വരുമ്പോള്‍ അവളുടെ സഹയാത്രികന്‍ അവളോട് ആ നഗരത്തിനെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ തുരങ്കം എവിടെയോ പണിയുന്നുണ്ടെന്നും, കുറച്ചു കാലങ്ങള്‍ കഴിഞ്ഞ് ആ തുരങ്കം ഈ ഹെയര്‍പിന്‍ പാതയെ അപ്രസക്തം ആക്കും എന്നും അഭിപ്രായപ്പെട്ടു. അവര്‍ ചെന്നെത്തുമ്പോള്‍, നഗരം കത്തിച്ചാമ്പലാവുകയാണ് എന്ന് തോന്നലുളവാക്കുന്ന വിധത്തില്‍ തിളക്കമുള്ള ഓറഞ്ചു നിറമുള്ള സന്ധ്യഎമ്പാടും തൂങ്ങി കിടന്നിരുന്നു. 

വളരെ നാളുകള്‍ക്കു ശേഷം ആയിരുന്നു അവര്‍ ഇരുവരും പരസ്പരം കാണുന്നത്. വന്നു ചേര്‍ന്ന് അധികം സമയം കഴിയും മുമ്പേ, (കുശലാന്വേഷണങ്ങള്‍, അയവിറക്കലുകള്‍, യാത്രാവിശേഷങ്ങള്‍ എന്നീ സംസാരങ്ങള്‍ക്കു ശേഷം), നഗരത്തില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും പോകണം എന്ന് ആഗ്രഹിച്ചിരുന്ന, ചക്രവാളങ്ങളിലേയ്ക്ക് പറക്കുന്ന കടല്‍ പക്ഷികളുടെ ചിത്രങ്ങള്‍ മുദ്രണം ചെയ്തിരുന്ന റെസ്റ്റാറ്റോറന്റില്‍ കയറി വൈകുന്നേരത്തെ ചായ കുടിച്ചു. കുശലാന്വേഷണം നടത്തുമ്പോള്‍ ഒക്കെയും അവര്‍, യാത്ര തുടങ്ങുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഭൂതകാലങ്ങളെ ട്രാഷ് ബിന്നുകള്‍ക്കിടയില്‍ ഒളിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആദ്യം കുറച്ചു നേരം അത് അതിനിടയില്‍ നിന്നും പൊന്തി വന്നു കളിയാക്കി ചിരികള്‍ സമ്മാനിച്ചുവെങ്കിലും പിന്നീട് ആ പ്രവൃത്തിയുടെ നിഷ്ഫലത ബോധ്യം വന്നത് കൊണ്ട് മിണ്ടാതെ അനങ്ങാതെ കിടന്നു. 

അത്തരം വൈഷ്യമങ്ങളില്‍ നിന്നും തുടര്‍ന്ന് അവര്‍ കുതറി മാറി അക്കാലത്തിനും ഒരു പാട് പിറകില്‍ ചെന്ന് ചെറുപ്പകാലത്തെ കുസൃതികളും തമാശകളും ഉപജാപങ്ങളും പ്രണയങ്ങളും, പലതരം ഒളിച്ചോട്ട ഭാവനകളും, കവിതകളും സിനിമയും പുസ്തകങ്ങളും നിറങ്ങളും മണ്ടത്തരങ്ങളും ആവേശങ്ങളും സംതൃപ്തികളും കാമഭാവനകളും നഷ്ടങ്ങളും, അന്ന് കണ്ടെത്തിയ കടലിലെ തിരമാലകളുടെ വൈവിധ്യങ്ങളും, ചന്ദ്രോദയങ്ങളും ജീവിത വൈചിത്ര്യങ്ങളും നുറുങ്ങുപൊട്ടുകളും എന്നിങ്ങനെ അന്നേരം സംഭാഷണത്തിന് ഓര്‍മ്മകള്‍ തെളിമയോടെ പകര്‍ന്നു നല്‍കുന്ന എല്ലാറ്റിനെയും കുറിച്ച് ആവേശത്തോടെ സംസാരിച്ചു. അത്തരത്തില്‍ തിക്കുമുട്ടി വസ്തുതകള്‍ സംഭാഷണത്തില്‍ കുറഞ്ഞ സമയം കൊണ്ടു കടന്നുവരുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ അപൂര്‍ണ്ണതകള്‍ അവയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അത് ചിന്തിക്കേണ്ട അവസ്ഥ അപ്പോള്‍ അവര്‍ക്കു ഇല്ലാതിരുന്നതിനാല്‍ പ്രത്യേകിച്ചു യാതൊരു പോരായ്മയും അവിടെ ഉണ്ടായില്ല. അല്ലെങ്കിലും അത്തരം പൂര്‍ണ്ണത ഇല്ലായ്മ കൊണ്ട് ഉണ്ടാവേണ്ട വാഗ്വാദങ്ങള്‍ക്കു വേണ്ടി അല്ലായിരുന്നു അവര്‍ അപ്പോള്‍ ആ നഗരത്തില്‍ എത്തിയിരുന്നത്.

അവരുടെ അത്തരം സംഭാഷണങ്ങളും, അതിലെ ചേഷ്ടകളും സൂക്ഷ്മമായി പരിശോധിക്കുന്ന ഒരാള്‍ക്കു അവരില്‍ ചില സവിശേഷതകള്‍ കണ്ടെത്തുവാന്‍ സാധിക്കുമായിരുന്നു. ആ പുരുഷന്‍ ഒരു കാല്‍പനികനും, പല സന്ദര്‍ഭങ്ങളിലും അതിനനുഗുണമായ പെരുമാറ്റ രീതികള്‍ തീരെ വശമില്ലാത്ത ഒരാളും ആയിരുന്നു. ഒരു പക്ഷെഒന്നിനെ പറ്റിയും പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ ഇല്ലാത്തതു കൊണ്ടോ, അല്ലെങ്കില്‍, കൃത്യമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാത്തതുകൊണ്ടോ ആയിരിക്കാം അയാള്‍ അങ്ങനെയൊക്കെ ആയി മാറിയത്. പല സന്ദര്‍ഭങ്ങളിലും പെരുമാറ്റ രീതികള്‍ വശമില്ലാതെ, അപഹാസ്യനായി നിന്നതു മൂലം പരുവപ്പെട്ട അപകര്‍ഷതാബോധം അയാളില്‍ കറുത്ത് പൊറ്റകെട്ടി പടര്‍ന്നു കിടന്നിരുന്നു. എന്നാല്‍ ആ സ്ത്രീ ആകട്ടെ അത്തരത്തില്‍ ഉള്ള യാതൊരു ആലോചനകള്‍ക്കും വീണു പോകാത്തവളും ചിന്തകളില്‍ ആഴമുള്ള ധൈര്യം ഉള്ളവളും ആയിരുന്നു. ആ ധൈര്യത്തിന്റെ പ്രകാശം എപ്പോഴും അവളുടെ കണ്ണുകളില്‍ തിളങ്ങി നിന്നു. 

ആ നഗരത്തില്‍ കാഴ്ചകള്‍ കാണാാന്‍ നടന്നു തുടങ്ങുമ്പോള്‍ മുതല്‍ പതിയെ അയാളില്‍ നിന്നും അപകര്‍ഷതബോധത്തിന്റെ തൊലി പൊളിഞ്ഞിളകുകയും നഗരം നിര്‍മ്മിച്ചെടുത്തു അയാളിലേക്ക് പകര്‍ന്നു കൊടുത്ത കൗതുകത്തിന്റെ കാഴ്ചകള്‍ കണ്ണുകളില്‍ മുഴുമിച്ചു നില്‍ക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ അവരുടെ ചെറുപ്പകാലത്തു അവര്‍ ഒരുപാട് സ്വപ്നം കണ്ട ഒരു സ്ഥലമായിരുന്നു അത്. ഈ നഗരത്തില്‍ ഒരുമിച്ചു താമസിക്കണമെന്നും, അവിടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കെട്ടിപ്പെടുക്കണമെന്നും പണ്ട് ചിന്തിച്ചിരുന്നു. ഈ നഗരത്തിലേക്ക് ഇത്തരമൊരു യാത്ര നടത്തണമെന്ന് അനേകവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ കഴിഞ്ഞ തവണ അവര്‍ ആലോചിച്ചതായിരുന്നു. 

അതിനു വേണ്ടി മാസങ്ങളോളം കാത്തിരുന്ന്, തങ്ങളുടെ ജീവിതവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും ഒരു സംശയവും കൊടുക്കാത്ത വിധത്തില്‍ അതിന്റെ സൂക്ഷ്മതകള്‍ നെയ്‌തെടുത്തു. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒരു മണ്‍സൂണ്‍ കാലത്തിനു ശേഷം ആയിരുന്നു അവര്‍ യാത്ര തിരിക്കുവാന്‍ തീരുമാനിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഇവിടേയ്ക്ക് എത്തിച്ചേരുവാന്‍ വേണ്ടി ആണ് അവര്‍ അന്ന് കണ്ടുമുട്ടിയത് എന്ന് വരെ ചിന്തിക്കേണ്ടി വരും.

ചെറുപ്പകാലത്തു നിര്‍മ്മിച്ചെടുത്ത ആശയങ്ങളില്‍ എങ്ങനെയാണു ഈ നഗരം കടന്നു വന്നതെന്ന വസ്തുത അവര്‍ക്കിരുവര്‍ക്കും അജ്ഞാതം ആയിരുന്നു. അതിനെ ചൊല്ലി പല സിദ്ധാന്തങ്ങള്‍ അതിനിടയില്‍ നിര്‍മ്മിച്ചിരുന്നു. 

'നഗരം ഒരു പഴമയുടെ ഗന്ധം പേറുന്നു.'

'അതല്ല, ഇതിനു ഭൂതകാലങ്ങള്‍ ഒളിപ്പിക്കുവാന്‍ പറ്റും. വര്‍ത്തമാനങ്ങള്‍...,അങ്ങനെ ഒന്ന് മാത്രമേ ഇവിടെ ഉള്ളൂ.'

'പഴമയുടെ മാത്രമല്ല, മറ്റനേകം ഗന്ധങ്ങള്‍ ഇത് തരുന്നുണ്ട്.'

'നഗരത്തിന് ഒരു ആകര്‍ഷണശക്തി ഉണ്ട്.'


എന്നാല്‍ ആ സിദ്ധാന്തങ്ങളെല്ലാം കൃത്യമായ സമവാക്യങ്ങള്‍ ഒത്തുകിട്ടാതെ എവിടെയൊക്കെയോ അവസാനിച്ചു. അങ്ങനെ ഉത്തരം കിട്ടാതെ വരുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ പ്രക്രിയയിലേക്കു അവര്‍ തുടര്‍ന്ന് ആഴ്ന്നിറങ്ങി. 

നഗര ജീവിതങ്ങളുടെ നിരീക്ഷണം!

തിരക്ക് കുറഞ്ഞൊരു നഗരം അപ്പോള്‍ അവരുടെ മുന്‍പില്‍ വെളിവായി. അടുത്തിടെയുണ്ടായ തീവ്രമായ മണ്‍സൂണ്‍ വരുത്തിയ കേടുപാടുകള്‍ നഗരത്തില്‍ കണ്ടെത്താമായിരുന്നു. മഴവെള്ളം ഒഴുക്കി കൊണ്ട് വന്ന ചെളി പിന്നീടുളള സമയങ്ങളില്‍ ഉറച്ചു കട്ടിയായി അവിടുത്തെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ അടിഞ്ഞിരുന്നു. ഇപ്പോഴും മൃദുഗന്ധങ്ങള്‍ പുറപ്പെടുവിക്കുന്ന മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍, മുകള്‍ഭാഗം നഷ്ടപ്പെട്ട വൈദ്യുതി തൂണുകള്‍, മരങ്ങളോ, മറ്റോ വീണു പരിഹരിക്കാനാവാത്തവിധം കേടുപാടുകള്‍ പറ്റിയ ദീര്‍ഘ കാല നഗരകാഴ്ചകളില്‍ അഭിരമിച്ച കെട്ടിടങ്ങള്‍ അങ്ങനെ അനേകം മണ്‍സൂണ്‍ കാഴ്ചകള്‍. 

അപ്പോഴവര്‍ മറ്റുള്ളവര്‍ അറിയാതെ അവരെ കുറിച്ച് നിരീക്ഷണങ്ങളില്‍ നിന്നും നിഗമനങ്ങളിലേയ്ക്ക് നീളുന്ന ഒരു ഒരു കളിയില്‍ ഏര്‍പ്പെട്ടു. ചെറുപ്പകാലത്തു അവരിരുവരും കൂടി നടത്തിയിരുന്ന ഒരു സ്വകാര്യ വിനോദം ആയിരുന്നു അത്. തുടര്‍ന്ന് അന്നത്തെ ആ വിനോദസമയങ്ങളില്‍ ഉണ്ടായ അബദ്ധങ്ങള്‍ ആലോചിച്ചു ചിരിച്ചു. അവളുടെ ചിരി ഉച്ചത്തില്‍ ആയിരുന്നു. അത് മറ്റുളളവര്‍ കേട്ടാല്‍ എന്ത് വിചാരിക്കുമെന്ന സംഭ്രമത്തില്‍ അയാള്‍ ഇടയ്ക്കിടെ ആ നഗര സമൂഹത്തിനെ ചുഴിഞ്ഞു നോക്കി. എന്നാല്‍ അത്തരത്തില്‍ കണ്ടെത്താവുന്ന ഒന്നും അവിടെ എങ്ങും ഇല്ല എന്ന തിരിച്ചറിവില്‍ അയാള്‍ ഒരേ സമയം ഞെട്ടലും ആശ്വാസവും ഉള്ളവന്‍ ആയി മാറി.

അന്നേരം അവര്‍ക്ക് മുന്‍പില്‍ കടല്‍ തെളിഞ്ഞു വന്നു. ധാരാളം മനുഷ്യര്‍ കടല്‍ത്തീരത്ത് ഉണ്ടായിരുന്നു. തിരകള്‍ തൊട്ടെടുക്കാന്‍ വേണ്ടി തീരത്ത്, തിര വരുന്ന സ്ഥലത്ത് സന്തോഷിച്ചു കിടക്കുന്നവര്‍, തിര ഒരിക്കലും തന്നെ സ്പര്‍ശിക്കരുത് എന്ന് ചിന്തിച്ച് അതിനെ പേടിച്ചു നില്‍ക്കുന്നവര്‍, തിരക്കൗതുകങ്ങള്‍ കണ്ണില്‍ പിടിപ്പിച്ച കുഞ്ഞുങ്ങള്‍, പട്ടം പറത്തുന്നവര്‍, കടല വില്‍പനക്കാര്‍, തിരകള്‍ തേടി പോയവരുടെ ചെരുപ്പുകള്‍ക്കു കാവല്‍ നില്‍ക്കുന്ന സുഹൃത്തുക്കള്‍/ബന്ധുക്കള്‍, തിരകളെ ഓടി തോല്‍പ്പിക്കുന്നവര്‍, തിരക്കാഴ്ചകളില്‍ അഭിരമിച്ച്, അകലേക്ക് നോക്കി ഇരിക്കുന്ന ഏകാന്ത കാഴ്ചക്കാര്‍, അങ്ങനെയങ്ങനെ. 

അവരിരുവരും, നഗ്‌നപാദരായി കടലിനടുത്തേയ്ക്കുചെന്ന് തിര വരുവാന്‍ കാത്തുനിന്നു. തുടര്‍ന്ന് കടല്‍ മടങ്ങി നിവര്‍ന്നു, നീളത്തില്‍ അവരുടെ കാലുകളില്‍ പതഞ്ഞു, പിടഞ്ഞു കയറി. അവര്‍ ചിരിച്ചു. അവളുടെ കണ്ണുകളില്‍ ഓറഞ്ചു തിളക്കം. അയാളുടെ കണ്ണുകളില്‍ ആകാശനീല. മുന്‍പ് എപ്പോഴത്തെയുംകാള്‍ ശാന്തസുന്ദരമായ കടല്‍ ആണ് അതെന്നു അവര്‍ക്കു തോന്നി. അല്ലെങ്കില്‍ അതിന്റെ അളവുകോലുകള്‍ നിര്‍ണയിക്കുവാന്‍ തക്കമുള്ള ഭൂതകാലം അവരില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല.

കടലില്‍ അവര്‍ മുഴുകി നില്‍ക്കവേ, നഗരത്തില്‍ ഇരുള്‍ വിളഞ്ഞു തുടങ്ങി.

തുടര്‍ന്ന്, അവരിരുവരും നഗരത്തിന്റെ മധ്യ ഭാഗത്തേയ്ക്ക് ഒരു ഓട്ടോറിക്ഷയില്‍ കയറി യാത്ര തിരിച്ചു. അവിടെ ആയിരുന്നു നഗരത്തിലെ നിരവധി വലിയ ഹോട്ടലുകള്‍. പഴയൊരു രാജാവിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ധാരാളം നിലകളുള്ള, ലോബിയുടെ നീണ്ട ഗ്ലാസ്സ് വാതിലുകള്‍ തുറന്നിട്ടാല്‍ കടലില്‍ നിന്നും എപ്പോഴും തണുത്ത കാറ്റു നന്നായി ലഭിച്ചു കൊണ്ടിരുന്ന ഒരു ഹോട്ടലില്‍ ആയിരുന്നു മുറി എടുത്തത്. ഹോട്ടല്‍ മുറിയില്‍ വെച്ച്, അവരുടെ യൗവന കാലത്ത് ആദ്യമായി ചുംബിച്ചപ്പോള്‍ ഉണ്ടായ തീക്ഷ്ണതയെ ഓര്‍മിച്ച് ദീര്‍ഘ നേരം അവര്‍ ചുംബനത്തില്‍ ഏര്‍പ്പെട്ടു. അത് കഴിഞ്ഞു പണ്ട് ആദ്യമായി ചുംബിച്ച സന്ദര്‍ഭത്തെ ഓര്‍ത്തു ചിരിച്ചു. വൈകുന്നേരത്തിന്റെ തിരിച്ചറിയപ്പെടാന്‍ കഴിയാത്ത നിറങ്ങളില്‍ ആണ്ടുതിളങ്ങിനിന്ന, പുരുഷന്മാരുടെ വിജനമായ മൂത്രപ്പുരയില്‍ ആയിരുന്നു അവര്‍ ആദ്യ ചുംബനത്തില്‍ ഏര്‍പ്പെട്ടത്. അസഹനീയമായ മൂത്രമണം കൊണ്ട് ഒരു തരത്തിലും ആര്‍ക്കും ഒത്തുപോകുവാന്‍ കഴിയാതിരുന്ന അത്തരം ഒരു സന്ദര്‍ഭത്തില്‍ എങ്ങനെ അത്രമാത്രം കാല്പനികതയില്‍ എത്തിച്ചേര്‍ന്നു എന്ന ചോദ്യചിഹ്നത്തില്‍ അയാള്‍ പലപ്പോഴും വഴി തെറ്റി നില്‍ക്കാറുണ്ടായിരുന്നു.

കൂടുതല്‍ സമയവും, ആഴവും ആ ചുംബനത്തില്‍ നിന്നും അയാള്‍ കണ്ടെത്തുവാന്‍ ശ്രമിക്കവേ, അവള്‍ ഓര്‍മ്മിപ്പിച്ചു.

'ഇനിയും രാത്രി ഏറെ ഉണ്ട്. നഗരം നമുക്ക് കണ്ടു തീര്‍ക്കണം.'

ആ ഓര്‍മ്മപ്പെടുത്തലില്‍ വേഗം പൂണ്ട്, ശരീരം വൃത്തിയാക്കി, വസ്ത്രങ്ങള്‍ മാറി അവര്‍ വീണ്ടും നഗരത്തിലേക്ക് ഇറങ്ങി. നഗരത്തിലെമ്പാടും അന്നേരം പലതരം നിറങ്ങളുള്ള വെളിച്ചം പതഞ്ഞു പൊന്തി തുള്ളിക്കളിച്ചു കൊണ്ടിരുന്നു. അതിന്റെ വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ആധുനിക രൂപഭാവങ്ങളുള്ള ആ നഗരത്തിന്റെ ശില്‍പിയുടെ (അയാള്‍ ഒരു ചിത്രകാരനും, വാസ്തുശില്പിയും ആയിരുന്നു.) പേരിലുള്ള ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അപ്പോഴൊരു സംഗീതസന്ധ്യ നടക്കുകയായിരുന്നു. ആരോഹണ അവരോഹണങ്ങളില്‍ കൂടി സംഗീതജ്ഞ അതിന്റെ പല കാലങ്ങളില്‍ പടര്‍ന്നു കയറി.

അവിടെ നിന്നും മുന്‍പോട്ടു പോകവേ, പാതവക്കില്‍ ഒരു മാന്ത്രികന്‍ ദൃശ്യനായി. അയാള്‍ക്കു ചുറ്റും ആവേശം പൂണ്ട മുഖങ്ങളോടെ നിരവധി പേര്‍. അവിടെ ഇരിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കുമായി, പെട്ടെന്ന് തിരിച്ചറിയുവാന്‍ സാധിക്കാത്ത പേരുകളുള്ള, പല സ്ഥലങ്ങളില്‍ നിന്നുള്ള മാന്ത്രിക വിദ്യകള്‍ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ നിരവധി ഇന്ദ്രജാലങ്ങള്‍ വായുവില്‍ എറിഞ്ഞു. കാണികള്‍ വിസ്മയഭരിതരായി. അവര്‍ക്കിടയില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നവര്‍ പലപ്പോഴും അത് കണ്ടു തങ്ങളുടെ കയ്യിലുള്ള ഭക്ഷണം ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യാന്‍ മറന്നു. അയാളും അവളും ഏകദേശം അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള ആ ആള്‍ക്കൂട്ടത്തിനെ ചുറ്റിവളഞ്ഞു സഞ്ചരിച്ചു കൊണ്ട് വരുമ്പോള്‍, അതിനിടയില്‍ പ്രണയം കണ്ണുകളില്‍ മുള പൊട്ടി ശരീരത്തില്‍ ബാധിച്ച് രണ്ടു പേര്‍ ഗാഢചുംബനത്തില്‍ ഏര്‍പ്പെട്ടു ഫുട്പാത്തിലേയ്ക്ക് വീണു പോയിരുന്നു. അത് കണ്ട് അവരിരുവരും ചിരിച്ചു.

അതുകഴിഞ്ഞൊരിടത്ത്, മുന്‍പൊരിക്കല്‍ തന്റെ അനിതരസാധാരണമായ നൃത്തവൈഭവങ്ങള്‍ കൊണ്ട് ആ നഗരത്തിനെ തന്റെ പേരിനോളം പ്രശസ്തയാക്കിയ ഒരു നര്‍ത്തകിയുടെ പേരിലുള്ള ആഡിറ്റോറിയത്തില്‍ അന്നേരം ഗസലിന്റെ രാത്രി പെയ്തുകൊണ്ടിരുന്നു. മഴയുടെ, കാറ്റിന്റെ, വെയിലിന്റെ, കടലിന്റെ സംഗീതം ആ ഗസല്‍ ഗായകന്റെ ചുണ്ടില്‍ നിന്നും പുറപ്പെട്ടു, കൈകളിലൂടെ സഞ്ചരിച്ചു അന്തരീക്ഷത്തില്‍ അലമാലകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

കുറെയേറെ മുന്‍പോട്ടു ചെന്നപ്പോള്‍ ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന നിരവധി ഭക്ഷണശാലകള്‍. ധാരാളം ആള്‍ക്കാര്‍ അവിടെ നിന്നും ഭക്ഷണം കഴിക്കുകയും, ഉച്ചത്തില്‍ തമാശകള്‍ പറഞ്ഞു ചിരിക്കുകയും ചെയ്തു. അതും കഴിഞ്ഞു മറ്റൊരിടത്തു കുറെ ചെറുപ്പക്കാര്‍, 'അക്കപ്പെല' താളത്തിനു കൂട്ട് ചേര്‍ന്ന്, ഉച്ചത്തില്‍ പാട്ടു പാടുന്നുണ്ടായിരുന്നു. 

അന്നേരം അവള്‍ പറഞ്ഞു: 'ശരിയാണ്, ഇത് ആവേശങ്ങളുടെ നഗരമാണ്'

എന്നിട്ട് ആവേശത്തിന്റെ വേഗതയെ കാലില്‍ ആവാഹിച്ചു അവള്‍ ഓടിച്ചെന്നു അവര്‍ക്കൊപ്പം പാട്ടു പാടുവാനും നൃത്തം ചെയ്യുവാനും തുടങ്ങി. അയാളപ്പോള്‍ സ്ഥലകാലങ്ങളുടെ അനിശ്ചിതാവസ്ഥയുടെ ഒരു പമ്പരത്തില്‍ അകപ്പെട്ടു. അതിന്റെ പ്രസരണം മനസ്സിലാക്കിയ അവള്‍ അയാള്‍ക്ക് അടുത്തേയ്ക്കു വരികയും, ചെവിയോട് ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട്, 'ഇതൊന്നും കേവലം യാദൃച്ഛികതകള്‍ അല്ല. ചുറ്റുപാടും ഒന്ന് നോക്കൂ. നമുക്ക് വേണ്ടി നഗരം പണ്ടേ കാത്തു വെച്ചതാണ് 'എന്നും പറഞ്ഞു.

എന്നിട്ട് അയാളുടെ കൈയും പിടിച്ചു അവള്‍ അവരോടൊപ്പം നൃത്തം ചെയ്യുവാന്‍ പോയി. വളരെയേറെ നേരം അവരോടൊപ്പം നൃത്തം ചെയ്തു. പാട്ടുകാര്‍ ഗാനങ്ങള്‍ മതിയാക്കി നഗരത്തിന്റെ വെളിച്ചത്തിലേയ്ക്കും, അതിന്റെ മറ്റു പ്രപഞ്ചങ്ങളിലേയ്ക്കും പതിയെ നടന്നകന്നപ്പോള്‍ അവരിരുവരും വിയര്‍ത്തുകുളിച്ചു അവിടെ ഫുട്പാത്തില്‍ ഇരുന്നു. നീണ്ട നേരം കണ്ണുകളില്‍ പരസ്പരം നോക്കി ചിരിച്ചു. അതും കഴിഞ്ഞു ദീര്‍ഘമായ ഒരു ചുംബനത്തില്‍ ഏര്‍പ്പെട്ടു.

തുടര്‍ന്ന് അവര്‍ അവിടെയിരുന്നു പിന്നെയും സംസാരിക്കുവാന്‍ തുടങ്ങി. അവര്‍ക്കിനിയും ധാരാളം കാര്യങ്ങള്‍ പറയുവാന്‍ ഉണ്ടായിരുന്നു. അപ്പോഴതില്‍ നിറയെ തമാശകള്‍ ഉണ്ടായിരുന്നു. കളിയാക്കലുകള്‍ ഉണ്ടായിരുന്നു. അടര്‍ന്നു ഇറങ്ങിയ നിമിഷ നേരത്തേയ്ക്കുള്ള പരിഭവങ്ങള്‍ ഉണ്ടായിരുന്നു. കുറെയേറെ നേരം കഴിഞ്ഞ് അത് നിര്‍ത്തി അവര്‍ തിരികെ നടക്കുവാന്‍ തുടങ്ങി. അതിനിടയില്‍ മുന്‍പ് കണ്ട ട്യൂബ് ലൈറ്റുകളുടെ പ്രഭാവത്തില്‍ മുഴുകി നില്‍ക്കുന്ന ഭക്ഷണ ശാലകളില്‍ ഒന്നില്‍ കയറി അവര്‍ നിറയെ ഭക്ഷണം കഴിച്ചു. അതും കഴിഞ്ഞു അലസമായി നടക്കുന്നതിനിടയില്‍ അവള്‍ക്കൊരു കുസൃതി തോന്നി. 

'നമ്മള്‍ ഇവിടെ വന്നിരുന്നു എന്ന് അടുത്ത കാലത്തിനോട് എങ്ങനെ പറയും'-അവള്‍.

'അറിയില്ല.'

മ്യുറല്‍ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കാനായി പരസ്യങ്ങളോ മറ്റു കാര്യങ്ങളോ ഒന്നും ചെയ്യാതെ ഒഴിച്ചിട്ടിരുന്ന, ഓഡിറ്റോറിയത്തിന്റെ മതിലിന്റെ മുന്‍പില്‍ ആയിരുന്നു അവരപ്പോള്‍. ഇരുവരും ചിരിയോടെ അടുത്തൊരിടത്തു കിടന്നിരുന്ന ചുടുകട്ടകള്‍ പൊട്ടിച്ചെടുത്ത് ആ മതിലില്‍ അയാളുടെ ഒരു പഴയ കവിതയുടെ രണ്ടു വരി കുറിച്ച് വെച്ചു.

'പ്രണയ സൂര്യ ചുവപ്പുകള്‍ പൊട്ടിയടര്‍ന്നു നിറഞ്ഞ
അബോധതല നഗരങ്ങളില്‍ പരസ്പരം
കെട്ടിപ്പുണര്‍ന്നു നാം..'

ആരെങ്കിലും അവര്‍ അങ്ങനെ എഴുതി വെയ്ക്കുന്നത് കാണുന്നുണ്ടോ എന്ന് കുസൃതിച്ചിരികളോടെ ചുറ്റുപാടും നോക്കിയിട്ട് ആ റോഡിലൂടെ അവര്‍ ഓടുവാന്‍ തുടങ്ങി. ഉച്ചത്തില്‍ ചിരിച്ചു കൊണ്ട്. ചിലപ്പോഴൊക്കെ അയാള്‍ ആദ്യം, മറ്റു ചിലപ്പോള്‍ അവള്‍ ആദ്യം. ചിലപ്പോള്‍ ഒന്നിച്ച്. അതിനിടയില്‍ നഗര രാത്രികളില്‍ അവരെ പോലെ ചുറ്റിക്കറങ്ങുവാന്‍ ഇറങ്ങിയവര്‍ അവരെ കയ്യുകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. തിരശീല ഇല്ലാത്ത ഫ്‌ളാറ്റ് മുറിയില്‍ ജനാലയില്‍ പിടിച്ചു നിന്നുകൊണ്ട് രതിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീയെയും, പുരുഷനെയും കണ്ട് അവര്‍ ഉച്ചത്തില്‍ കൂക്കിവിളിച്ചു, അവരും തിരിച്ചു കൂകി.

അന്നേരമൊരു കാറ്റ് വീശി. കടലില്‍ നിന്നും പിറവി കൊണ്ടൊരു കാറ്റ്. അത് നഗരത്തിന്റെ ഏറ്റവും നിഗൂഢമാര്‍ന്ന മൂലകള്‍ കയറിയിറങ്ങി. നിരവധി സുഗന്ധങ്ങള്‍ മാത്രം തൊട്ടെടുത്തുകൊണ്ടു, അവര്‍ ഓടിക്കൊണ്ടിരുന്ന ദിശയുടെ എതിര്‍ഭാഗത്തു നിന്നും വീശിയടിച്ചു. അന്നേരം ഓട്ടത്തില്‍ അവളായിരുന്നു മുന്‍പില്‍. അവളുടെ മുടിയിഴകളില്‍ ആ കാറ്റു കടന്നുകയറി, അയാളിലേക്ക് സുഗന്ധം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഓടിയോടി അവര്‍ ഹോട്ടലില്‍ എത്തി. അവിടെ അവരുടെ മുറിയിലേയ്ക്കു ഓടി കയറാനായിരുന്നു പദ്ധതി. 

അത് പ്രകാരം ഇരുവരും വളരെ വേഗത്തില്‍ സ്റ്റെപ്പുകള്‍ ഓടി കയറാന്‍ തുടങ്ങി. ഹോട്ടല്‍ റിസപ്ഷനില്‍ അപ്പോള്‍ ഉണ്ടായിരുന്ന, ആ ഹോട്ടലില്‍ അടുത്തിടെ മാത്രം എത്തിച്ചേര്‍ന്ന നഗരത്തിന്റെ രീതികളുമായി പൊരുത്തപ്പെടുവാന്‍ ശ്രമിച്ചിരുന്ന ഒരാള്‍ മാത്രം ആ ഓട്ടത്തില്‍ അദ്ഭുതം പൂണ്ടു. മറ്റുള്ളവര്‍ അത്തരം നിരവധി കാഴ്ചകള്‍ കണ്ടിട്ടുള്ളതിനാല്‍ അവയെ ഓട്ടത്തിന് വിട്ടു കൊടുത്തു. മുറിയുടെ മുന്‍പില്‍ വെച്ചാണ് റിസപ്ഷനില്‍ നല്‍കിയിരുന്ന താക്കോല്‍ തിരിച്ചു വാങ്ങിയിരുന്നില്ല എന്നത് ഓര്‍ത്തത്. 

'താഴേയ്ക്ക് ഓടി പോയി വാങ്ങിയാലോ?' അയാള്‍ ചോദിച്ചു.

'വേണ്ട... എനിക്കിനി ഓടാന്‍ പറ്റില്ല, തളര്‍ന്നു..'ചിരിയോടെ അവള്‍ പറഞ്ഞു. 

ഓട്ടത്തിന്റെ ക്ഷീണം കുറയും വരെ അവര്‍ വാതിലില്‍ ചാരി ഇരുന്നു. ഇടയ്ക്കിടെ പരസ്പരം നോക്കി ചിരിച്ചു.

ഏറെ നേരത്തെ വിശ്രമത്തിനു ശേഷം അവളാണ് ആദ്യം താഴേയ്ക്ക് ഓടിയത്. അയാളും ഉറക്കെ ചിരിച്ചുകൊണ്ട് അവളുടെ പുറകെ ഓടി. അവര്‍ താഴെനിന്നും കീയും കൊണ്ട് എത്തുമ്പോഴേയ്ക്കും നന്നായി ആ ഓട്ടം ആസ്വദിച്ചിരുന്നു. മുറിക്കുള്ളില്‍ കയറിയ ഉടനെ അവര്‍ തീവ്രമായ ആവേശത്തോടെ ചുംബനങ്ങളില്‍ ഏര്‍പ്പെട്ടു. അതില്‍ നിന്നും പരിണമിച്ച മത്സര ബുദ്ധിയോടെ എന്ന മട്ടില്‍ നീണ്ട നേരം ശരീരങ്ങളെ ആസ്വദിച്ചു. രാത്രി ഏറെ നേരം അങ്ങനെ തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരുന്നു. പലതരം രീതികളിലൂടെ അവര്‍ ആനന്ദമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. അല്ലെങ്കില്‍ അതിനു മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ. അവയുടെ തീവ്രതകള്‍ കാരണം മൂന്ന് ചില്ലുഗ്ലാസ്സുകള്‍, ഒരു ഗ്ലാസ് ജാര്‍, ടീപ്പോയുടെ ഒരു കാല്, ഡ്രെസ്സിങ് ടേബിളിന്റെ കണ്ണാടി നിന്നിരുന്ന ഭാഗം, ബാത്ത്ടബ്ബിലേയ്ക്ക് വെള്ളം വരുന്ന രണ്ടു പൈപ്പുകള്‍ (അതിനു ഒരു കണക്ടര്‍ പൈപ്പ് ഉള്ളതിനാല്‍ അവിടം വെള്ളം കൊണ്ട് നിറഞ്ഞില്ല), എന്നിവ തകര്‍ക്കപ്പെടുകയും, അതിന്റെയെല്ലാം ചേര്‍ത്ത് ഒരു ഭാരിച്ച തുക അവര്‍ക്കു മുറി ഒഴിയുന്ന സമയത്തു നല്‍കേണ്ടതായും വന്നു.

നിസ്സാരമെന്നു തോന്നിക്കാവുന്ന ചില സംഭവങ്ങള്‍ മാത്രം മതിയായിരുന്നു, അന്നത്തെ ദിവസം അവരെ ഉത്തേജിപ്പിക്കാനും തുടര്‍ന്ന് രതിയില്‍ ഏര്‍പ്പെടാനും. ഉദാഹരണത്തിന്, ഡ്രെസ്സിങ് ടേബിളില്‍ പിടിപ്പിച്ചിരുന്ന കണ്ണാടി താഴെ വീണു കഴിഞ്ഞു, അതിന്റെ ചില്ലുകള്‍ ശ്രദ്ധയോടെ മാറ്റികൊണ്ടിരിക്കുമ്പോള്‍ അയാളുടെ കൈവിരലുകളില്‍ ഒന്നിന് ചെറിയ ഒരു മുറിവ് സംഭവിച്ചു. അതില്‍ നിന്നും പുറത്തുവന്ന രക്തം അവള്‍ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കവേ വീണ്ടും രതിയില്‍ ഏര്‍പ്പെടണമെന്ന ശക്തമായ തോന്നല്‍ ഉണ്ടായി. നീണ്ട നേരത്തെ സംഭോഗങ്ങള്‍ക്കും കളിചിരികള്‍ക്കും ശേഷം അവര്‍ ഗാഢനിദ്രയില്‍ ആണ്ടു. അത് എപ്പോള്‍ സംഭവിച്ചെന്ന് ഒരിക്കലും തിരിച്ചറിഞ്ഞതേ ഇല്ല. 

ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നഗരത്തില്‍ ഉച്ചവെയില്‍ തിളങ്ങി നിന്നു. അവളാണ് ആദ്യം എഴുന്നേറ്റത്. വെയിലിലേയ്ക്ക് നോക്കിയിരിക്കവേ, ഭൂതകാലം, ചെറിയ പുഴുക്കളായി രൂപാന്തരം പ്രാപിച്ചു പ്രകാശരശ്മികളില്‍ തൂങ്ങിപ്പിടിച്ചു താഴേയ്ക്ക് വരുന്നതായി അവള്‍ക്കു തോന്നി. അവള്‍ പരിഭ്രമിച്ചു. അയാളെ വിളിച്ചെഴുന്നേല്പിച്ചു.

'എനിക്ക് തിരിച്ചുപോവണം'- അവള്‍.

അയാള്‍ ഉണര്‍ന്നെഴുന്നേറ്റു. അവിടവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം എടുത്തു. അവള്‍ പോകുവാന്‍ തയ്യാറെടുക്കവേ, അയാള്‍ക്കും ഉച്ചനേരത്തിന്റെ പുഴുക്കുത്തുകള്‍ അനുഭവപ്പെട്ടു. ഹോട്ടലില്‍ നിന്നുമിറങ്ങി നടന്ന് നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ആ നഗരം അവരോടൊപ്പം ഉരുകി ഒലിച്ചു ഇല്ലാതെ ആയെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു. ഇരുവര്‍ക്കും സങ്കടം സഹിക്കാന്‍ സാധിച്ചില്ല. കെട്ടിപ്പിടിച്ചു വളരെയേറെ നേരം കരഞ്ഞു. 

വളരെയേറെ തവണ അത്തരം കരച്ചിലുകളും ആശ്വസിപ്പിക്കലുകളും കഴിഞ്ഞു, അവള്‍ ആദ്യം ബസ്സില്‍ കയറി. നഗരത്തിനു പുറത്തേയ്ക്കു അവളെയും വഹിച്ചു കൊണ്ടുള്ള ബസ്സ് പോയിക്കഴിഞ്ഞു, അയാള്‍ ശക്തമായ ഒരു കാറ്റിന് പോലും തള്ളി മറിക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ അവിടെ അങ്ങനെ നിന്നു. അതിനു ശേഷം തലേ ദിവസം വൈകുന്നേരം അവര്‍ വന്നിറങ്ങുമ്പോള്‍ ഉള്ളതിനേക്കാളും തീവ്രത തോന്നിക്കുന്ന ഓറഞ്ചു നിറമുള്ള വെയില്‍ തുടങ്ങിയപ്പോള്‍ വന്ന, അയാളുടെ സ്ഥലത്തേയ്ക്ക് പോകുന്ന ആദ്യത്തെ ബസില്‍ കയറി ഇരുന്നു. ആ ബസ് നഗരത്തില്‍ നിന്നും അകലേയ്ക്ക് ആ കുന്നുകള്‍ കയറി പോകുമ്പോള്‍, ചുവന്ന നിറമുള്ള സൂര്യന്‍ പൊട്ടിയൊലിച്ചു നഗരത്തിലെമ്പാടും പടര്‍ന്നു കിടന്നിരുന്നു.

അവരിരുവരും ചേര്‍ന്ന് മ്യുറല്‍ പെയിന്റിങ് ചെയ്യേണ്ട സ്ഥലത്തു എഴുതി വെച്ച കവിത ആരും മായ്ച്ചില്ല. എന്നു മാത്രമല്ല, അവരെഴുതിയതിനു മുകളില്‍ നന്നായി തെളിഞ്ഞു കാണാവുന്ന രീതിയില്‍, ഒന്നിനും മായ്ക്കാനാവാത്ത മഷി കൊണ്ട് മനോഹരമായി അതിനെ മാറ്റിയെടുത്തു. 

അവിടം പിന്നീട്, പ്രണയിനികളുടെ പ്രിയപ്പെട്ട ഒരു സ്ഥലമായി രൂപപ്പെടുകയും ചെയ്തു.