Asianet News MalayalamAsianet News Malayalam

Malayalam Short Story : മൃതിനിര്‍വേദം, അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

chilla malayalam short story by Amal Fermis
Author
Thiruvananthapuram, First Published May 16, 2022, 4:59 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Amal Fermis

 

പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നുണ്ട്. പേടിച്ചരണ്ട പോലെ മഴയത്ത് വിറക്കുന്ന കുഞ്ഞു ചെടികള്‍. നോക്കിയിരിക്കുന്തോറും ആകാശത്തിലെ കാളിമ എന്റെ മനസ്സിലേക്കും പടര്‍ന്നു കയറി. വീട്ടില്‍ മക്കളുടെ കൂടെ അമ്മയുണ്ട്. കുട്ടികളെ പോലെ സ്വന്തം വീട്ടിലേക്ക് തിരികെ പോവണമെന്ന് അമ്മ വാശി പിടിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നലെയും അമ്മയത് ആവര്‍ത്തിച്ചപ്പോള്‍ ഞാനുമാദ്യം ദേഷ്യപ്പെട്ടു. പിന്നെയെന്റെ ശബ്ദം കരച്ചിലാല്‍ നനഞ്ഞു.
'
പ്രായമവരല്ലേ, നീ കൂടി ഇങ്ങനെ തുടങ്ങിയാലോ'യെന്ന ഭര്‍ത്താവിന്റെ ആശ്വസിപ്പിക്കലൂടെ കേട്ടപ്പോള്‍ എന്റെ നെഞ്ച് കടഞ്ഞു. മക്കളെ കാണാതെ, ചേട്ടനെ കാണാതെ, അമ്മയുടെ സങ്കടങ്ങള്‍ മനസ്സിലാക്കാതെ, ഞാനെന്ന നഴ്‌സിവിടെ!

'ചേച്ചീ എട്ടാം നമ്പര്‍ കിടക്കയിലെ ചേട്ടന്‍ നല്ല ഉറക്കമാണല്ലോ. ഞാന്‍ വിളിച്ചിട്ടൊന്നും എണീക്കുന്നില്ല. ഇനിയിപ്പോ വിളിക്കണ്ടാലേ. കുറെ ദിവസായിട്ട് നല്ല ക്ഷീണമായിരുന്നില്ലേ'

സിനു. പുതിയ കുട്ടിയാണ്. 

'വീട്ടിലെ പ്രാരബ്ധങ്ങള്‍ കാരണമാണ് ചേച്ചീ ഇവിടെ വരുന്നത്. കുറച്ച് എക്‌സിപീരിയന്‍സൊക്കെ ആയാല്‍ മെല്ലെ നാടുവിടണം - എന്നിട്ടു വേണം ബാങ്കിലെ കടങ്ങളൊക്കെ വീട്ടി, ഒന്നു മനുഷ്യരെ പോലെ ജീവിച്ച് തുടങ്ങാന്‍.'

ഞാനൊന്ന് ചിരിച്ചു കൊണ്ട് സിനൂനെ കടന്ന് എട്ടാം നമ്പര്‍ കിടക്കയ്ക്കരുകിലേക്ക് നടന്നു. ആ കട്ടിലിനടുത്തേക്ക് നടക്കുമ്പോള്‍ എന്തോ ഒരു കനമെന്റെ നെഞ്ചു നീറ്റി. തിരിഞ്ഞു കിടക്കുന്ന ആ പ്രായമായ മനുഷ്യന്റെ കൈകളില്‍ മെല്ലെ കൈ ചേര്‍ത്തപ്പോള്‍ ഗ്ലൗസിനകത്തൂടെയും മരണത്തിന്റെ തണുപ്പെന്നിലേക്ക് അരിച്ചു കയറി. കണ്ണീരില്‍ നനഞ്ഞൊട്ടിയ അയാളുടെ കണ്‍കോണുകള്‍ മെല്ലെ തുടച്ച് ഞാന്‍ വേഗം ടെലിഫോണിന്നടുത്തേക്ക് നടന്നു.

ഉറ്റവരും ഉടയവരുമായി ആരും അടുത്തില്ലാതെ, മരണത്തിലേക്ക് ഓടിക്കയറുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരുന്നു. ഈ മഹാമാരി തുടങ്ങിയ ദിവസങ്ങളില്‍ മരണം ഞങ്ങളേയും വല്ലാതെ ഭയപ്പെടുത്തി. പ്രായഭേദമന്യേ, ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ മഴയത്തു പൊടിയുന്ന ഈയലുകളെ പോലെ ഓരോരുത്തരായി ഞെട്ടറ്റു വീണു. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞെടുക്കുന്ന ജഡങ്ങള്‍, ഉറക്കം കെടുത്തി. പല രാത്രികളിലും അവളവളെ പൊതിയുന്ന നീല ഉറകളും മരണത്തിന്റെ തണുപ്പും സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് കണ്ണീരിന്റെ പശപശപ്പോടെ നേരം വെളുപ്പിച്ചു. വീട്ടിലേക്ക് വിളിക്കുന്ന ഓരോ വീഡിയോ കാളിന്റേയും അവസാനം കണ്ണിലെ ചെമ്പരത്തി ചോപ്പ് മക്കള്‍ കാണാതിരിക്കാന്‍, പെട്ടെന്നു ഞാന്‍ ചുവപ്പില്‍ അമര്‍ത്തി.

ഫോര്‍മാലിറ്റികളൊക്കെ തീര്‍ത്ത് ശരീരം വിട്ടുകൊടുക്കണം. ഇന്നലെ വരെ ഒരു പേരുണ്ടായിരുന്നയാള്‍ ഇപ്പോഴിതാ വെറും ശരീരമായിരിക്കുന്നു. മണ്ണിലെത്തിയാല്‍ ശരീരവും നഷ്ടമാവും. ഈയിടെയായി ചിന്തകളില്‍ നിറയെ മൃതിചിന്തകളാണ്. എവിടെയോ ഒരു കാലന്‍ എനിക്കായും ഒരുങ്ങുന്ന പോലെ. മക്കളെ കുറിച്ചോര്‍ത്തപ്പോള്‍ മാറിടം ചുരന്നു. ചെറിയ ആളുടെ പാലുകുടി നിര്‍ത്തിയിട്ടില്ലായിരുന്നു. നഴ്‌സുമാരുടെ ഷോര്‍ട്ടേജ് കാരണം ലീവ് തരാന്‍ പറ്റില്ലെന്നാണ് ഗവണ്‍മെന്റ് ഓര്‍ഡര്‍. കൂടെ ഡ്യൂട്ടിയിലുള്ള ഷീല സിസ്റ്റര്‍ ശ്വാസംമുട്ടല്‍ കൂടിയിട്ട് കോട്ടിന്റെ കീശയില്‍ നിന്നും വെന്റ്റോലിനെടുത്ത് പഫടിക്കുന്നുണ്ട്. പാവം വിയര്‍ത്തു കുളിച്ചിരിക്കുന്നു. പി.പി.ഇ കിറ്റ് ഊരിമാറ്റി ചേച്ചിയെ എമര്‍ജന്‍സി റൂമില്‍ കയറ്റി നെബുലൈസ് ചെയ്ത് കൊടുക്കാന്‍ പറഞ്ഞു സിനിയോട്. ഷീല സിസ്റ്ററിന് കോവിഡ് മാറിയിട്ട് മാസമൊന്നു കഴിഞ്ഞിട്ടും വല്ലാത്ത ക്ഷീണമാണ്. കിതപ്പും തളര്‍ച്ചയും ശ്വാസതടസ്സവും ഇപ്പോഴും കൂടെയുണ്ട്. എന്നാലും വിശ്രമിക്കാന്‍ സമയമില്ല.

മഹാമാരി പടര്‍ന്നുപിടിച്ചതിനു ശേഷം വാക്‌സിന്‍ വന്നപ്പോള്‍ എല്ലാത്തിനും ഒരറുതിയായി തുടങ്ങിയെന്ന ആശ്വാസമായിരുന്നു. എല്ലാം നിയന്ത്രണ വിധേയമായെന്ന് സമാധാനിക്കുമ്പോഴാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകളും സമ്മേളനങ്ങളും പ്രകടനപരതകളും. പറയുന്ന കണക്കുകളൊന്നും ശരിയല്ലെന്നറിയാം. ആരോടാണ് ദേഷ്യപ്പെടേണ്ടതെന്നറിയില്ല. മരണ വ്യാപാരികളെന്ന് വിളിച്ച് പരസ്പരം പോരടിക്കുന്ന ഒരു കൂട്ടം യുവാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ കണ്ടു. വാര്‍ഡിലെ ജോലിക്കിടയില്‍ വാര്‍ത്തകളില്‍ കണ്ണുടക്കുമ്പോള്‍ എന്റെ രക്തസമ്മര്‍ദ്ദം കുതിച്ചുയരുന്നുണ്ട്.

'ആശാ സിസ്റ്ററേ, നമ്മുടെ ലിസി ചേച്ചി നാളെ മുതല്‍ ലീവാട്ടോ. ചേച്ചിക്ക് ഇന്നലെ വീട്ടിലെത്തിയപ്പോള്‍ മുതല്‍ പനി തുടങ്ങി. ഇന്ന് ലിസി ചേച്ചി കൊറോണ ടെസ്റ്റെടുത്തപ്പോള്‍ പോസിറ്റീവാ. ഇനിയിപ്പോള്‍ രണ്ടാഴ്ച്ചകഴിഞ്ഞു വരാമെന്ന് പറഞ്ഞു. അത്രേം ദിവസം ലിസി സിസ്റ്ററിന്റെ ഡ്യൂട്ടി കൂടി നമ്മള്‍ ചെയ്യേണ്ടി വരുമല്ലേ' 

ലിസി ചേച്ചിയുടെ ഭര്‍ത്താവ് ഒരു വശം കുഴഞ്ഞ് കിടപ്പാണ്. ജീവിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്താണ് ഈ ജോലി വിടാത്തതെന്ന് എപ്പോഴും പറയും. ചേച്ചിക്ക് ഒന്നും വരാതിരിക്കട്ടെ. ഒരു കുടുംബം തന്നെ അനാഥമായി പോവില്ലേ.

'ചേച്ചീ, പുറത്ത് ഭയങ്കര ബഹളം നടക്കുന്നുണ്ട്. നേരത്തെ മരിച്ചയാളുടെ ബന്ധുക്കളാ. നമ്മുടെ അനാസ്ഥ കാരണമാ അയാള്‍ മരിച്ചതെന്നാ അവര് പറയുന്നേ'-സിനി ഭീതിയോടെ പറഞ്ഞു കൊണ്ടിരുന്നു.

പുറത്ത് എന്തൊക്കെയോ അടിച്ചു തകര്‍ക്കുന്ന ശബ്ദം. ഞാനോടി ചെന്ന് പോലീസിന് ഫോണ്‍ ചെയ്തു. 
എന്റെ സിസ്റ്ററേ, നിങ്ങള് രോഗികളോടൊക്കെ ഇത്തിരി കാരുണ്യത്തോടെ പെരുമാറാന്‍ നോക്കുവെന്ന് പറഞ്ഞ്, ഒരശ്ശീലച്ചിരിയോടെ അപ്പുറത്ത് ഫോണെടുത്തയാള്‍ ഫോണ്‍ വെച്ചു. ഫാനിന്റെ മൂളല്‍ വണ്ടിന്റെ ഇരമ്പം കണക്കെ എന്റെ ചെവികളെ തുളക്കുന്നു. വാക്‌സിനെടുത്ത ശേഷം കിടന്നുറങ്ങുമ്പോഴൊക്കെയും ചെവിയില്‍ എന്തോ പ്രാണി പോയത് പോലൊരു ശബ്ദമാണ്. ഉറക്കത്തെ തടസ്സപ്പെടുത്തി കൊണ്ട് ആ ശബ്ദങ്ങളെന്നെ അലോസരപ്പെടുത്താറുണ്ട്. ഇന്നത് ഫോണില്‍ നിന്നായെന്നു മാത്രം!

'പോലീസുകാരെന്താ പറഞ്ഞത് സിസ്റ്ററേ'

'നമ്മളോട് രോഗികളുടെയടുത്ത് ഇത്തിരി കരുണ കാണിക്കാന്‍'

'നമ്മളോടാരും കരുണ കാണിക്കില്ലാല്ലേ'

സിനിയുടെ മുഖം താണു.

'നമ്മള്‍ ഭൂമിയിലെ മാലാഖമാരല്ലേ കൊച്ചേ, എങ്ങാനും മരിച്ചാല്‍ പിന്നെ കരുണയോട് കരുണയായിരിക്കും. അതു വരെ ക്ഷമിക്കെടീ.'

എത്ര തമാശയാക്കാന്‍ ശ്രമിച്ചിട്ടും അവസാനമെന്റെ സ്വരം ഇടറി.

ബഹളങ്ങള്‍ക്കും നെഞ്ചിടിപ്പിനുമിടയില്‍ ഛര്‍ദ്ദിക്കുന്ന രോഗികളെ കഴുകി തുടപ്പിച്ചും, കത്തീറ്റര്‍ വെച്ചു കൊടുത്തും, മലമൂത്ര വിസര്‍ജനാദികള്‍ എടുത്തു കളഞ്ഞും സൂചിപ്പഴുതിന്‍ വേദനയോടെ, കൈത്തണ്ടകളില്‍ ഞരമ്പു തേടിയും ഞങ്ങള്‍ നേരം വെളുപ്പിച്ചു. രാവിലെ ഡ്യൂട്ടി മാറാനുള്ള ആള് വന്നിട്ടും ഞാന്‍ പലര്‍ക്കും ഭക്ഷണം കോരിക്കുടിപ്പിച്ചും മേലു തുടച്ചു വസ്ത്രം മാറ്റി കൊടുത്തും അവരെ മനസ്സിലെ മരണ ചിന്തകളെ നീക്കാന്‍ തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചു. പലപ്പോഴും എന്താണ് പറയുന്നതെന്ന് എനിക്കോ കേള്‍ക്കുന്ന ആള്‍ക്കോ മനസ്സിലായില്ല. ഓര്‍മ്മകളുടെ അടരുകള്‍ നഷ്ടപ്പെട്ടവരെ പോലെ ഞങ്ങള്‍ ഇരുട്ടില്‍ തപ്പി.

ആശുപത്രിയോടടുത്തുള്ള റൂമില്‍ പോയി പി.പി.ഇ കിറ്റ് ഊരിയെറിഞ്ഞപ്പോഴെന്റെ  ഉടല്‍ച്ചൂരില്‍ എനിക്കു  ഛര്‍ദിക്കാന്‍ വന്നു. പ്ലാസ്റ്റിക്കിന്റെ ചൂടില്‍ വിയര്‍ത്തു കുളിച്ച ശരീരം, പ്ലാസ്റ്റിക് കവറില്‍ കെട്ടിവെച്ച നേന്ത്രപ്പഴം പോലെ. ശരീരത്തിലൂടെ എത്ര വെള്ളം കോരി ഒഴിച്ചിട്ടും മേത്തെ രാസമിശിതച്ചൂരെന്റെ തലച്ചോറിലേക്ക് തുളച്ചു കയറി. മൂത്രമൊഴിച്ചപ്പോള്‍, ദീര്‍ഘനേരമായി മൂത്രമൊഴിക്കാതിരുന്നതിനാലാവാം കടുത്ത മഞ്ഞനിറം. പുറത്തിറങ്ങിയപ്പോള്‍ ഷബ്‌ന സിസ്റ്റര്‍ ശുചി മുറിയില്‍ കയറാന്‍ ഊഴം കാത്തു നില്‍പ്പുണ്ട്.

'ഇന്നെന്താടോ വരാന്‍ വൈകിയോ?'

'എന്തു പറയാനാ ചേച്ചീ. ഐ സി യുലല്ലേ ഡ്യൂട്ടി. രാത്രി ഒരു ആത്മഹത്യാ കേസുണ്ടായിരുന്നു. ഗള്‍ഫീന്ന് ജോലി നഷ്ടപ്പെട്ട് വന്ന ആളാത്രേ. കൂടിയ എലിവിഷമാണ് കഴിച്ചിട്ടുണ്ടായിരുന്നത്. എനിമ കൊടുക്കലും മൂത്രത്തിന് ട്യൂബിടലും, ഒക്കെ കൂടി ആകെ ബഹളമായിരുന്നു ചേച്ചീ. എനിക്കാണേല്‍ അയാള്‍ടെ മുഖം കാണുമ്പോള്‍ ഇക്കാനെയാ ഓര്‍മ്മ വരുന്നത്. ഇതു പോലെ ജോലി നഷ്ടപ്പെട്ട് വീട്ടില്‍ വന്നിരിപ്പല്ലേ. ആകെ തകര്‍ന്ന അവസ്ഥയിലാ, പക്ഷേ കൂടെ ഇരിക്കാന്‍ നമുക്ക് പറ്റുമോ. ജീവിതം മുന്നോട്ട് നീക്കാന്‍ ആകെയുള്ള പിടിവള്ളിയല്ലേ ഈ ജോലി. കുടുംബക്കാരുടെ വക പാര വേറെ. ഈ കൊറോണക്കാലം കഴിയുമ്പോഴേക്കും നമ്മളൊക്കെ തീരും ചേച്ചീ.'

എനിക്കെങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു. എത്രമേല്‍ വേദനകള്‍ ഒളിപ്പിച്ചാണ് ഓരോരുത്തരും നടക്കുന്നത്. കിടക്ക കണ്ടതും കയറി കിടന്നു. ക്ഷീണം ആയിരം മടങ്ങായി കൂടിയതുപോലെ. എന്നാല്‍ ഉറക്കം അകലെ എവിടെയോ പോയൊളിച്ചിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ അവളുടെ നിശ്ശബ്ദനിലവിളി പ്രാര്‍ത്ഥനയായി മേഘങ്ങളിലേക്ക് പൊങ്ങി.

'ആശ സിസ്റ്ററേ കാണാന്‍ ഒരു പ്രായമായ സ്ത്രീയും മോനും വന്നിട്ടുണ്ട്. അവരാ വാകത്തണലിലെ ബഞ്ചില്‍ ഇരിപ്പുണ്ട്.'

ഞാന്‍ എഴുന്നേറ്റിരുന്ന് മുഖമൊന്ന് അമര്‍ത്തി തുടച്ച്, മേശപ്പുറത്തിരുന്ന ഷാളെടുത്ത് വിടര്‍ത്തിയിട്ട് പുറത്തേക്ക് നടന്നു. ആരായിരിക്കും, അമ്മയായിരിക്കുമോ? ആശുപത്രിയില്‍ വരരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് അസുഖം വരുന്നതിനെക്കുറിച്ചോര്‍ക്കാന്‍ പോലും വയ്യാ.

നബീസുമ്മയാണ്. മോനാണ് കൂടെ. ക്യാനുലയും സിറിഞ്ചും കുത്തിവെച്ച് വെന്റിലേറ്ററില്‍ 21 ദിവസം കിടന്ന് മൃതിനിര്‍വേദകരമായ രാപകലുകള്‍ താണ്ടി ജീവിതത്തിലേക്ക് നടന്നു കയറിയ നബീസുമ്മ.

'മോളേ നിനക്ക് സുഖമാണോടീ, ഒന്നു മിണ്ടാന്‍ പോലും കഴിയാതെ കിടന്നപ്പോള്‍ ഇവളാണെന്നെ ജീവിതത്തിലേക്ക് തിരികെ എടുത്തത് മോനേ.''

ഉമ്മയെന്റെ രണ്ടു കൈകളും സ്‌നേഹത്തോടെ കൂട്ടിപ്പിടിച്ചപ്പോള്‍ , ചുട്ടുപൊള്ളുന്ന ടാറില്‍ കാല് വെന്ത പോലെ ഓടുന്ന ഞങ്ങളുടെ ജീവിതപ്പാതയിലേക്ക്, നഷ്ടങ്ങള്‍ ഏറെ ഉണ്ടായിട്ടും പ്രതീക്ഷകളുടെ റോസാ പൂക്കള്‍ വാരിവിതറും പോലെ തോന്നി. ഇന്നോളമുള്ള വിഷാദ വര്‍ഷങ്ങളെ  രക്ഷപ്പെട്ട ഉയിരുകളുടെ 
നന്മകള്‍ തുടച്ചു നീക്കും പോലെ. ഈ സ്‌നേഹത്തോളം വലിയ എന്തു സന്തോഷമാണീ ലോകത്തെനിക്കു വേണ്ടത്!
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios