Asianet News MalayalamAsianet News Malayalam

അറുപത് വയസുള്ള യുവതി

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അനിത അമ്മാനത്ത് എഴുതിയ കഥ


 

chilla malayalam short story by Anitha Ammanath
Author
Thiruvananthapuram, First Published Sep 9, 2021, 8:13 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


chilla malayalam short story by Anitha Ammanath

 

അറുപത് വയസുള്ള യുവതി

'ദേ സാറേ... എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല' 

ഇത് ആശുപത്രിയാണ്, ഓരോന്ന് ചിന്തിക്കാതെ ലൈറ്റ് ഓഫ് ചെയ്ത് കിടക്കാന്‍ നോക്കിക്കേ. ആ നഴ്‌സ് മരുന്ന് ചെക്ക് ചെയ്യാന്‍ വരുന്ന സമയമായി. ഈ സമയത്ത് ഉറങ്ങാതെ ഇരിക്കുന്നത് കണ്ടാല്‍ വഴക്ക് കേള്‍ക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

എന്നാലും എനിക്ക് വിശ്വാസമാകുന്നില്ല. എന്റെ പ്രായം എന്താണെന്ന് നിങ്ങള്‍ക്ക് വല്ല ഓര്‍മ്മയും ഉണ്ടോ?

നിനക്ക് പതിനെട്ട് തികഞ്ഞല്ലേ ഉള്ളു എന്റെ അമ്മിണീ....

ഒന്ന് പോ മനുഷ്യാ, ഈ വരുന്ന വൃശ്ചികത്തില് അറുപത് വയസ് തികയും! ഞാനെന്താ അറുപത് വയസുള്ള യുവതിയാണെന്നാണോ വിചാരിച്ചിരിക്കുന്നത്? ഈ പ്രായത്തില്‍ ഞാന്‍ എങ്ങനെയാ ഡാന്‍സ് ചെയ്യുന്നത്. അതും ഗുരുവായൂരില്‍ അത്രയും ആളുകള്‍ക്ക് മുന്നില്‍ നടത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിഭ്രമം ഉണ്ടോ.

സത്യം പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? നീ പറഞ്ഞ ഈ സാധനം ലേശം ഉണ്ടായിരുന്നു എനിക്ക്. നിന്നെയോ എന്നെയോ കുറിച്ച് ഓര്‍ക്കാതെ ജീവിതത്തില്‍ ഉടനീളം സുഖജീവിതത്തിന് പിന്നാലെ ഓടി. ഇപ്പോള്‍ ഹൃദയം പണിമുടക്കി ആശുപത്രി കിടക്കയില്‍ കിടന്ന് മരണത്തിന്റെ മണം അറിഞ്ഞപ്പോള്‍ കൊഴിഞ്ഞു പോയ ജീവിതം പൊടി തട്ടി എടുക്കാന്‍ പ്രിയയുടെ വാക്കുകള്‍ പ്രേരിപ്പിക്കുന്നു. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്റെ മുഖത്തു നോക്കി നമ്മള്‍ക്കു ജീവിതത്തില്‍ സംഭവിച്ച വീഴ്ചകള്‍ ഒന്നൊന്നായി നിരത്തിയപ്പോള്‍ എനിക്ക് മറുപടി ഇല്ലായിരുന്നു.

'ഞാനും നീയും ജീവിക്കാന്‍ കൊതിച്ച പാതകള്‍ നിനക്ക് ഓര്‍മ്മയുണ്ടോ?'

അങ്ങനെ മറക്കാന്‍ പറ്റുമോ സാറേ?

ഞാനും പകല്‍ വെളിച്ചം പോലെ ഓര്‍ക്കുന്നുണ്ട്. നിന്നെ ആദ്യമായി വാതിലിന്റെ മറവില്‍ കണ്ടതും, ഒന്നും പറയാതെ നീ തല താഴ്ത്തി ചിരിച്ചതുമെല്ലാം. പെണ്ണു കാണാന്‍ വന്നപ്പോഴേ എന്റെ വീട്ടിലെ അവസ്ഥയെല്ലാം തുറന്ന് പറയുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല എന്നെക്കാളും കൂടുതല്‍ നീ അവരെയെല്ലാം സ്‌നേഹിക്കുമെന്ന്.

എന്തിനാണ് സാറേ എന്റെ വീടെന്നും നിന്റെ വീടെന്നും തരം തിരിച്ച് കാണുന്നത്. ഒരു മിലിട്ടറിക്കാരന്റെ ഭാര്യാ പദവിയേക്കാളും ഭര്‍ത്താവിന്റെ വീട്ടിലെ അംഗമായിരിക്കണം എന്നാണ് എന്റെ അമ്മ പറഞ്ഞു തന്നത്.

നിന്റെ അച്ഛന്‍ അന്ന് അടിവരയിട്ട് ഉറപ്പിച്ച് പറഞ്ഞതാണ് നൃത്തമാണ് നിനക്ക് ഇഷ്ടമെന്നും അതിന്റെ ടീച്ചര്‍ ആക്കാന്‍ സമ്മതമാണെങ്കില്‍ കല്യാണം നടത്താമെന്നും.

മുപ്പത്തി അഞ്ച് വയസുകാരനായ എനിക്ക് ഇരുപത്തിരണ്ടുകാരി വധുവോ എന്ന് ബന്ധുക്കള്‍ ചോദിച്ചെങ്കിലും വയസായ അച്ഛനും അമ്മയ്ക്കും തുണയായി ഒരാള്‍ വേണമെന്നേ അന്നത്തെ പൊട്ട മനസില്‍ എനിക്ക് തോന്നിയുള്ളു. എല്ലാത്തിനും ഉപരിയായി മാനസിക വളര്‍ച്ചയില്ലാത്ത എന്റെ ചേട്ടനും ചേച്ചിക്കും അമ്മയുടെ സ്ഥാനത്ത് ഒരാള്‍ വേണമായിരുന്നു. അത് പറയുമ്പോള്‍ ആയിരുന്നല്ലോ എല്ലാ കല്യാണവും മുടങ്ങി പോയിരുന്നത്.

നിന്റെ അച്ഛന്‍ അതെല്ലാം അവള്‍ നോക്കിക്കോളും പറഞ്ഞപ്പോള്‍ ഞാനും കല്യാണം നടന്ന് കിട്ടാന്‍ വേണ്ടി എല്ലാം സമ്മതിച്ചു. ലീവിന് വരുമ്പോള്‍ പുകയിലും ഇരുട്ടിലും നിന്നെ കാണുമ്പോള്‍ അഭിമാനമായിരുന്നു. നിന്റെ ഇഷ്ടങ്ങള്‍ നീയും ഞാനും മറന്നു തുടങ്ങിയിരുന്നു അല്ലേ.

ആര് പറഞ്ഞു മറന്നിരുന്നു എന്ന്. കൊമ്പന്‍ മീശക്കാരനായ ഒരാള്‍ ലീവിന് നാട്ടില്‍ വരുന്നു എന്നതൊഴിച്ചാല്‍ എന്തായിരുന്നു നമ്മള്‍ തമ്മിലുള്ള ബന്ധം?  ആ വീട്ടിലെ പൈസ കൊടുക്കാതെ ജോലി എടുക്കുന്ന ഹോം നഴ്‌സ് മാത്രമായിരുന്നു ഞാന്‍. പകല്‍ ചിരിക്കുവാന്‍ പിശുക്ക് കാണിച്ചിരുന്ന എന്നോട് രാത്രിയില്‍ മാത്രം കടമ നിര്‍ലോഭം കാണിച്ചിരുന്ന ഒരാള്‍ മാത്രമായിരുന്നു നിങ്ങള്‍.

അതുവരെയും ശാന്ത സ്വരൂപിണിയായും മൃദു ഭാഷിണിയായുമിരുന്ന ഭാര്യയുടെ വാക്കുകള്‍ കൂരമ്പ് പോലെ അയാളില്‍ തുളഞ്ഞു കയറി. 

നീയപ്പോള്‍ എല്ലാം മിണ്ടാതെ സഹിക്കുകയായിരുന്നോ? ഇങ്ങനെ എന്നെ കൊല്ലല്ലേ...

ഇല്ല...ഞാനൊന്നും ഓര്‍മിപ്പിക്കുന്നില്ല. പക്ഷേ ഒന്ന് മാത്രം പറയാം. ഞാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വന്ന് അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും ഊട്ടുകയും ഉറക്കുകയും കുളിപ്പിക്കുകയും എന്തിനേറെ പറയുന്നു മലം വരെ മടിയില്ലാതെ വൃത്തിയാക്കിയും കാണും, അത് അനിഷ്ടം തുറന്ന് പറയാനുള്ള ഭയം കാരണം ചെയ്തതാണ്. അതെല്ലാം വീട്ടില്‍ വന്ന് കയറുന്നവളുടെ ചുമതലയാണ് എന്ന് നിങ്ങള്‍ കരുതരുത്. ഒരാളെ ഇടക്കെങ്കിലും വീട്ടു ജോലിക്ക് വെക്കാനുള്ള സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ ആ വീട്ടില്‍ വന്ന ശേഷം അതുവരെ വന്നിരുന്ന പണിക്കാരി പെണ്ണുങ്ങളോട് പോലും ഇനി മുതല്‍ വരേണ്ടതില്ല എന്ന് പറഞ്ഞില്ലേ? അപ്പോള്‍ ഞാന്‍ ശരിക്കും ആരായിരുന്നു അവിടെ? ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്നായിരുന്നോ വിചാരം. ഇതെല്ലാം അറിഞ്ഞില്ലെന്ന് ഭാവിച്ച് കണ്ണടച്ച് ഇരുട്ടാക്കി അടുക്കളയില്‍ മല്ലിട്ട് പുകഞ്ഞ് തീര്‍ന്നത് എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു.

പക്ഷേ അതുപോലെ നമ്മുടെ മകന്റെ ഭാര്യയില്‍ നിന്നും പ്രതീക്ഷിക്കരുത്. ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ വ്യക്തമായ അഭിപ്രായം ഉള്ളവരാണത്രെ. എന്റെ പോലെ ആയിരിക്കില്ല. ഇത്രയും അമര്‍ഷത്തോടെ പറഞ്ഞ് അവള്‍ ജനാലയുടെ കര്‍ട്ടന്‍ നീക്കി ഇരുട്ടിലൂടെ നയനങ്ങള്‍ പായിച്ചു.

'നീ എന്തിനാണ് പതിവില്ലാത്ത വിധം സംസാരിക്കുന്നത്? ഇതെല്ലാം ആര് പറഞ്ഞതാണ്?' അസ്വസ്ഥമായ മനസോടെ ചോദ്യം ഉരുവിട്ടു.

നമ്മുടെ മരുമകള്‍ തന്നെയാണ് ഇതൊക്കെ പറഞ്ഞത്. അവള്‍ പറഞ്ഞപ്പോഴല്ലേ ഞാന്‍ എന്തൊക്കെയാണ് നഷ്ടപ്പെടുത്തിയതെന്ന് മനസിലായത്.

ആശുപത്രിയില്‍ കിടന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ. ഇതുവരെയും ബാലുവും പ്രിയയും ഒന്ന് കാണാന്‍ പോലും വന്നില്ലല്ലോ. എന്നോട് ആക്രോശിച്ചിരുന്ന പോലെ സ്വന്തം മകനോടും അവന്റെ ഭാര്യയോടും ചെയ്താല്‍ അവര്‍ ക്ഷമിക്കുമോ. ഇരുവരും സ്വന്തം ഇഷ്ടങ്ങള്‍ ഉള്ള മറ്റൊരു കുടുംബമാണെന്ന് ഓര്‍ത്താല്‍ നിങ്ങള്‍ക്ക് കൊള്ളാം. അവരില്‍ ഞാന്‍ തെറ്റു കാണുന്നില്ല. അവന്റെ ഭാര്യയോട് ഇത്രയും കഠിനമായ ഭാഷയില്‍ നിങ്ങള്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു.

'എല്ലാ സ്ത്രീകളും നിന്നെ പോലെയല്ല അല്ലേ...'

ഒരിക്കലുമല്ല. ഇത്രയും പറഞ്ഞ് ദീര്‍ഘ നിശ്വാസത്തോടെ അവള്‍ തുടര്‍ന്നു,

ആദ്യ രാതിയില്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം ഓര്‍മയുണ്ടോ? മുകുന്ദേട്ടാ എന്നൊന്നും വിളിക്കരുത്, പട്ടാള ക്യാംപില്‍ കേട്ട് പഴകിച്ച 'സാര്‍' എന്ന വിളി മതി എന്ന്. അത് കേള്‍ക്കുമ്പോള്‍ ആണത്രെ നിങ്ങളിലെ പൗരുഷം ഉണരുന്നത്. ലോകത്തില്‍ കേട്ടു കേള്‍വി ഉള്ള കാര്യമാണോ ഇതൊക്കെ. ഇത് ഞാന്‍ ഉദാഹരണമായി പറഞ്ഞു എന്നേ ഉള്ളു. എന്നെ അടിമയാക്കിയും വേലക്കാരി ആക്കിയും നിങ്ങള്‍ അനുഭവിച്ചിരുന്ന സന്തോഷം മരുമകളിലൂടെയും തുടരാന്‍ ഞാന്‍ അനുവദിക്കില്ല. അവളെ ഭരിക്കാനുള്ള ഒരു അവകാശവും നിങ്ങള്‍ക്ക് ഇല്ല. അവര്‍ വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങി പോയതില്‍ ഞാനൊരിക്കലും തെറ്റും പറയില്ല. വിവാഹം കഴിഞ്ഞാല്‍ അതാണ് അവന്റെ കുടുംബം. അവന്റെ കുടുംബത്തിനെ നയിക്കേണ്ട ചുമതല നിങ്ങള്‍ക്ക് ആരാണ് തന്നത്? സ്വന്തം അച്ഛനമ്മമാരെ വിട്ട് വന്ന പെണ്‍കുട്ടിയെ മകളായി അംഗീകരിക്കാന്‍ പഠിക്കണം. അല്ലാതെ നിങ്ങളുടെ ക്യാംപിലെ ചിട്ട വട്ടങ്ങള്‍ പഠിപ്പിച്ച് ആ കുട്ടിയെ ശ്വാസം മുട്ടിക്കുകയല്ല വേണ്ടത്. 

വര്‍ഷങ്ങളായി മനസില്‍ അട്ടിപ്പേറി കിടന്ന് പുഴുവരിച്ചിരുന്ന നോവിന്റെ വ്രണങ്ങളില്‍ നിന്നും മൂര്‍ച്ചയുള്ള വാക്കുകള്‍ അതിശക്തമായി ബഹിര്‍ഗമിച്ചപ്പോള്‍ മുകുന്ദന്‍ സ്തബ്ധനായി തല ഒരു വശത്തേക്ക് ചെരിച്ചു. 

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കൂപ്പുകൈ നീട്ടി പത്‌നിയെ നോക്കുമ്പോള്‍ പട്ടാളക്കാരന്റെ ചിട്ടയുടെ ഉടുപ്പില്‍ നിന്നും പുറത്തു വരാന്‍ ആദ്യമായി അയാള്‍ ആഗ്രഹിച്ചു.

ഡിസ്ചാര്‍ജ് ആയി നാളെ വീട്ടില്‍ പോയാല്‍ ഉടന്‍ ബാലുവിനെ വിളിക്കണം. അവളോട് അത്രയും പരുഷമായി സംസാരിച്ചത് മോശമായി എന്ന് എനിക്ക് മനസിലായി. മാപ്പ് ചോദിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല.

എന്റെ സ്വാര്‍ത്ഥതയാല്‍ കാണാതെ പോയ നിന്റെ ഇഷ്ടങ്ങളെല്ലാം നടത്തണം. നിന്റെ മനസ് കൊതിച്ചിരുന്ന എത്രയോ ഇഷ്ടങ്ങള്‍ ഭാര്യയായും മരുമകളായും അമ്മയായും വേഷം ആടി കെട്ടുമ്പോള്‍ നീ കണ്ടില്ലെന്ന് വെച്ചിരുന്നു. അതെല്ലാം നടത്താന്‍ ഇനിയെങ്കിലും എനിക്ക് കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ സമ്പൂര്‍ണ പരാജയമാകും.

അടുത്ത ഗുരുവായൂര്‍ ഉത്സവത്തിന് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഡാന്‍സ് നടത്താം. മരുമകളും അമ്മായി അമ്മയും ഒരേ സ്റ്റേജില്‍ നൃത്തം ചെയ്യുന്ന കാഴ്ചയാണ് ഇതുവരെയും നിന്നെ കാണാതെയും അറിയാതെയും പോയതിന് എനിക്കുള്ള ശിക്ഷയായി വിധിക്കുന്നത്.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ ജനാലയിലെ ഇരുട്ടിലൂടെ മിലിട്ടറിക്കാരന്റെ ബൂട്ടിന്റെ ശബ്ദത്തില്‍ മാത്രം സംസാരിച്ചിരുന്ന ഭര്‍ത്താവിനെ അവള്‍ ഓര്‍ക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios