Asianet News MalayalamAsianet News Malayalam

Malayalam Short Story : ഒരു കണ്ണിറുക്കല്‍ അപാരത, അഞ്ജു എസ്.രാജ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അഞ്ജു എസ്.രാജ് എഴുതിയ ചെറുകഥ

chilla malayalam short story by anju s raj
Author
First Published Sep 9, 2022, 4:01 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by anju s raj

 

എന്നെ നോക്കി ആദ്യമായി കണ്ണിറുക്കിയത് (നമ്മുടെ ഭാഷയില്‍ സൈറ്റടി) മേലെതിലെ ബിന്ദു മാമിയുടെ മോന്‍ ബിജുവണ്ണന്‍ ആണ്.

ഞാന്‍ ചാമ്പയ്ക്ക പറിക്കാന്‍ ചാമ്പ മരത്തിന്റെ മുകളിലോട്ട് വെള്ളം ഇറക്കി നോക്കി നില്‍ക്കുവാ.

ചെറിയ ചാമ്പ ആണ്. വലിഞ്ഞു കേറിയാല്‍ ചിലപ്പോ മൂടും കുത്തി വീഴാന്‍ ചാന്‍സുണ്ട്. പത്തു പതിനഞ്ച് വയസ്സ് ആയെങ്കിലും അതിന്റെ പക്വത ഒന്നുമില്ലായിരുന്നു.

അപ്പോഴാണ് ബിജുവണ്ണന്‍ അത് വഴി പോയത്.

'എന്താ മോളെ, ചാമ്പയും വായി നോക്കി നില്‍ക്കുന്നത്?'

ഞാന്‍ ചിരിച്ചു. ഉദാരമനസ്‌കനായ അണ്ണന്‍ എനിക്ക് വേണ്ടി ചാമ്പ മരത്തില്‍ കയറി ചാമ്പയ്ക്ക പറിച്ചു താഴേക്ക് ഇട്ടു തന്നു.

മുകളില്‍ നിന്നു ഇട്ടു തരുന്ന ചാമ്പയ്ക്ക ചതയാതെയും വീഴാതെയും ബാലന്‍സ് ചെയ്തു പിടിച്ചു ഞാന്‍ കട്ടയ്ക്ക് നില്‍പ്പുണ്ട്. ചാമ്പയ്ക്ക ഒന്നും വീഴാതെ ആയപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കി.

അണ്ണന്‍ വെറുതെ ഇരിക്കുകയാണ്. ഞാന്‍ അങ്ങേരെ നോക്കുന്നത് കണ്ട് മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും ഒരു സൈഡിലേക്ക് വലിച്ച് ഇടതു കണ്ണു കൊണ്ടൊരു സൈറ്റടി. അതേ രീതിയില്‍ മറ്റേ കണ്ണ് കൊണ്ടും.

ഞാന്‍ അങ്ങനെ തന്നെ നിന്നു. അണ്ണന്‍ താഴെ ഇറങ്ങി വന്നിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല.

ചെയ്തു പോയത് അപരാധം ആണെന്ന് അണ്ണനും മനസ്സിലായി കാണണം. ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാന്‍ പോയ അണ്ണനെ ഞാന്‍ വിളിച്ചു.

'അണ്ണാ...അണ്ണാ...'

അണ്ണന്‍ തിരിഞ്ഞു പരിഭ്രാന്തിയോടെ നോക്കി.

'മോളെ..ഞാന്‍ പെട്ടെന്ന്.'

ഞാന്‍ ഓടി ചെന്ന് അണ്ണന്റെ കയ്യില്‍ പിടിച്ചു.

'അണ്ണാ....സൈറ്റടിക്കാന്‍ എന്നേം കൂടെ പഠിപ്പിക്കാവോ അണ്ണാ? ക്ലാസ്സിലെ സുരേഷിനും ബീനയ്ക്കും നസീമിനും ഒക്കെ കണ്ണീറുക്കാന്‍ അറിയാം. എനിക്കൂടെ ഒന്നു പഠിപ്പിച്ചു താ അണ്ണാ.'

ഇപ്പോ തല പോകും എന്ന മട്ടില്‍ നിന്ന ബിജുവണ്ണന്‍ ഒരു ഇളിച്ച ചിരി ചിരിച്ചു. ഇതെന്ത് ജീവി എന്ന് എന്നെ നോക്കി അന്തം വിട്ടു നിന്നു.

എന്തായാലും ആ സംഭവത്തോടെ ഞാന്‍ കണ്ണീറുക്കല്‍ അഥവാ സൈറ്റടി എന്ന പ്രക്രിയ പഠിച്ചു.

അതും കൊണ്ടായി പിന്നീടുള്ള അഭ്യാസം മുഴുവന്‍. വഴീല്‍ കൂടെ പോകുന്നവര്‍ക്കും ക്ലാസ്സിലുള്ളോര്‍ക്കും എന്തിന് മാഷ്മാര്‍ക്ക് വരെ എന്റെ കണ്ണടി കാരണം ഇരിക്കപ്പൊറുതി ഇല്ലാതെയായി.

അപ്പനോടും അമ്മയോടും പരാതി പറയാനായി സ്‌കൂള്‍ ഹെഡ്മാഷ് വരെ വീട്ടില്‍ വന്നു.

എന്നിട്ടും ഞാന്‍ എന്റെ കണ്ണടി കുറച്ചില്ല എന്നുള്ളത് നഗ്‌നസത്യം. അത് പോലെ വിസില്‍ അടിക്കണം എന്നുള്ളതും ഒരു ആഗ്രഹം ആയിരുന്നു.

മഞ്ചു വാര്യരൊക്കെ 'ചൂള മടിച്ച് കറങ്ങി നടക്കണ.'  കാണുമ്പോഴൊക്കെ ഉള്ളീന്ന് ഒരു പിടപ്പാ. അത് പോലൊക്കെ നമ്മളെ കൊണ്ട് എന്ന് പറ്റാനാ?

ബിജുവണ്ണന്‍ ഗള്‍ഫില്‍ പോയത് കൊണ്ട് ആ വിദ്യ ചോദിച്ചറിയാനോ പഠിക്കാനോ പറ്റിയില്ല. ഞാനെന്റെ സകല കുരുട്ടുത്തരവും കാണിച്ച് അങ്ങനെ പാറി പറന്നു നടന്നു.

അടക്കവും ഒതുക്കവും ഇല്ലാത്ത മോളെ വളര്‍ത്തുന്നതിന് അച്ഛനും അമ്മയും ഒരുപാട് കേട്ടു. അതൊക്കെ അടിയായും പിച്ചായും നുള്ളായും കിട്ടിയിട്ടും ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ.

ഒറ്റ മോള്‍ ആയത് കൊണ്ട് ഒലക്കയ്ക്ക് അടിച്ചു വളര്‍ത്തണം എന്ന് അച്ഛന്‍ പറഞ്ഞെങ്കിലും ഞാന്‍ കുലുങ്ങിയില്ല.

ഞങ്ങളുടെ വീട്ടില്‍ ഒലക്ക ഇല്ലെന്ന് എനിക്ക് അറിയാല്ലോ.

പഠിത്തമൊക്കെ കഷ്ടിച്ചു വലിഞ്ഞു പിടിച്ചു കയറിയ എന്നെ ടൈപ്പ് റൈറ്റിങ്ങിനും തയ്യലിനും കൊണ്ട് വിട്ടു എന്റെ പുന്നാര അച്ഛന്‍.

അങ്ങനെ രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് നമ്മുടെ കഥാനായകന്‍ ബിജുവണ്ണന്‍ ഗള്‍ഫില്‍ നിന്നു അംബാസാഡര്‍ കാറിന്റെ പുറത്തും ബാക്കിലും കുറെയേറെ പെട്ടികളും കുത്തി തിരുകി തിരിച്ചെത്തുന്നത്.

എന്നെ ആദ്യമായി സൈറ്റടിച്ചു പഠിപ്പിച്ചു തന്ന ഗുരുവല്ലേ?

പിന്നെ തരുവാണേല്‍ ലക്‌സ് സോപ്പും കോടാലി തൈലവും ടൈഗര്‍ ബാമും സ്‌പ്രേയും മുട്ടായിയും വാങ്ങീട്ട് വരാമെന്ന് കരുതി വെറുതെ ബിന്ദു മാമിയുടെ വീട്ടിലേക്ക് വച്ചടിച്ചു.

അവിടെ ഒരു കല്യാണത്തിന് ഉള്ള ആളുണ്ട്. എന്നെ ഒത്തിരി ഇഷ്ടമുള്ള മാമി അപ്പോഴേ എന്നെ വിളിച്ച് അടുക്കളയില്‍ കൊണ്ട് പോയി ചായേം ബിസ്‌ക്കറ്റും തന്നു.

എല്ലാരും പോയി കഴിഞ്ഞു പോയാ മതിയെന്നും പറഞ്ഞ് എന്നെ പിടിച്ചു അടുക്കള സ്ലാബിന്റെ പുറത്ത് ഇരുത്തി. അപ്പോഴുണ്ട് അണ്ണന്‍ അടുക്കളയിലോട്ട് വരുന്നു.

പണ്ട് കണ്ട നീര്‍ക്കോലി പരുവം ഒന്നുമല്ല. മുഖം ഏകദേശം അങ്ങനൊക്കെ ആണെങ്കിലും കട്ടിമീശയും വെളുത്ത നിറവും ക്‌ളീന്‍ ഷേവ് താടിയും ഒക്കെയായി ഒരു സില്‍മാനടന്‍ ലൂക്ക്.

അത്രേം നാള്‍ അന്യമായിരുന്ന നാണം എന്ന സാധനം എന്റെ മുഖത്തു പരന്നു.

മനുഷ്യനെ നാണം കെടുത്താന്‍ എന്റെ കണ്ണാണെങ്കില്‍ അങ്ങേരുടെ മുഖത്തൂന്ന് മാറുന്നില്ല.

ചുണ്ടൊക്കെ വിറയ്ക്കുവാ. അണ്ണന്‍ മെല്ലെ അടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു.

'നീ ഇപ്പോ കണ്ണീറുക്കാന്‍ പഠിച്ചോടീ ഗുണ്ടുമണീ?'

നാശം പിടിക്കാന്‍...നാവും താന്ന് പോയോ തമ്പുരാനേ. ഒന്നും അങ്ങോട്ട് പറയാനും പറ്റുന്നില്ല. അങ്ങേര് എന്തോ എടുക്കാന്‍ എന്നത് പോലെ അടുത്തേക്ക് വന്നിട്ട് എന്റെ കവിളത്ത് അമര്‍ത്തി ഒരുമ്മ.
പിന്നെ തലയില്‍ ഒന്ന് തട്ടിയിട്ട് ഇറങ്ങി ഒരു പോക്ക്.

ആകെ ബാക്കിയുണ്ടായിരുന്ന ബോധം കൂടി എങ്ങോട്ടോ പോയെന്നാണ് എന്റെ ഓര്‍മ്മ.

എങ്ങനെ അവിടുന്ന് ഇറങ്ങിയെന്നോ വീട്ടില്‍ തിരിച്ചെത്തിയെന്നോ ഒന്നും എനിക്കോര്‍മ്മയില്ല.

പിന്നെയും എപ്പോഴൊക്കെയോ അണ്ണനെ കണ്ടപ്പോഴൊക്കെയും അങ്ങേര്‍ക്ക് ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലുമില്ല.

എന്റെ മനസ്സില്‍ ആവിശ്യമില്ലാത്ത മോഹങ്ങള്‍ കുത്തി നിറച്ചതിനു ഞാന്‍ തന്നെ എന്നെ വെറുത്തു പോയി.

ഓടി ചാടി നടന്നിരുന്ന എന്റെ മാറ്റത്തില്‍ അമ്മയും അച്ഛനുമൊക്കെ സങ്കടപെട്ടു. അടങ്ങി ഒതുങ്ങി കഴിഞ്ഞാലും കുറ്റം. ഓടിച്ചാടി നടന്നാലും കുറ്റം. ആരോട് പറയാന്‍?

പണി കഴിഞ്ഞു അച്ഛന്‍ വന്നപ്പോഴാണ് അച്ഛന്‍ അമ്മയോട് ബിജുവണ്ണന്റെ കല്യാണം നോക്കുന്ന കാര്യം പറയുന്നത്.

എന്തോ എനിക്ക് കണ്ണില്‍ നിന്നൊക്കെ അങ്ങ് വെള്ളം വന്നു. ആരെയോ നഷ്ടപ്പെടാന്‍ പോകുന്ന പോലെ. എനിക്ക് ബിജു അണ്ണനോട് പ്രേമം ആയിരുന്നോ എന്ന് തോന്നി തുടങ്ങി.

അല്ലെങ്കില്‍ എന്ത് മാത്രം ആണുങ്ങളെ ദിവസവും കാണുന്ന എനിക്ക് അങ്ങേരെ കാണുമ്പോള്‍ മാത്രം എന്താ ഒരു പരവേശവും മുഖത്തു ചുവപ്പ് കയറലും?

എന്തായാലും എല്ലാം തീര്‍ന്നു.

അയാള്‍ വേറെ പെണ്ണ് കെട്ടും. നിറയെ കൊച്ചുങ്ങള്‍ ഉണ്ടാകും. വിസിറ്റിങ്ങ് വിസയില്‍ കെട്ട്യോളെയും കുട്ട്യോളെയും ഗള്‍ഫില്‍ കൊണ്ട് പോകും.

എനിക്ക് സങ്കടം വന്ന് മുട്ടി.

കുറച്ച് നാള്‍ അങ്ങനെ പോയി. ഒരു ദിവസം ക്ലാസ്സ് വിട്ടു വന്നപ്പോള്‍ വീട്ടില്‍ ബിന്ദു മാമിയും അണ്ണനും വിജയന്‍ മാമനും ഒക്കെയുണ്ട്.

അമ്മയും അച്ഛനും ചായയൊക്കെ കൊടുത്ത് സല്‍ക്കരിച്ച് ഇരുത്തിയിരിക്കുന്നു.

കല്യാണം വിളിക്കാന്‍ വന്നതാ.

ഞാന്‍ ചെന്ന് മാമിയോടും മാമനോടും സംസാരിച്ചു.

അങ്ങേരെ നോക്കിയത് പോലും ഇല്ല. ഞാന്‍ മുറിയിലേക്ക് പോയി.

കതക് അടയ്ക്കാന്‍ തിരിഞ്ഞപ്പോള്‍ അണ്ണന്‍ മുന്നില്‍ നില്‍ക്കുന്നു.

അയാള്‍ മുറിയിലോട്ട് കയറി.

എനിക്ക് വീണ്ടും വിറയല്‍ തുടങ്ങി. ഇങ്ങേര്‍ അടുത്ത് വരുമ്പോള്‍ മാത്രമെന്താ ഈ അസുഖം?

'ടീ പാറൂ...നിനക്ക് എന്താ ഇത്രേം ഗമ?എന്നെ കാണുമ്പോ മാത്രം മൗനം?'

അത് ഗമയല്ല ഇങ്ങേരെ കാണുമ്പോ നാക്ക് ഇറങ്ങി പോകുന്നതാണെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കാനാണ് എന്റെ ഗുരുവായൂരപ്പാ?

അങ്ങേര് വീണ്ടും അടുത്തോട്ട് വരുവാണ്.

ഞാന്‍ പോയി ഭിത്തിയില്‍ തട്ടി നിന്നു.

അണ്ണന്‍ എന്നോട് അടുത്ത് നിന്ന് പറഞ്ഞു.

'ഇത്രേം വര്‍ഷത്തിനിടയ്ക്ക് എത്ര പെണ്ണുങ്ങളെ ഞാന്‍ കണ്ടു. പക്ഷേ നിന്നെ പോലെ അവരാരും ഇല്ല പാറു. അന്ന് നിന്നെ സൈറ്റ് അടിച്ചു കാണിക്കുമ്പോള്‍ എന്തോ ഒരു സ്പര്‍ക്ക് വീണതാ മനസ്സില്‍. പിന്നെ മുതല്‍ നിന്നെ എപ്പോ കണ്ടാലും ഉള്ളില്‍ നിന്നോരു വിറയല്‍ കേറി വരും. ഗള്‍ഫില്‍ പോയിട്ടും അത് മാറിയില്ല. നിന്നെ അല്ലാതെ വേറെ ആരെയും ആ സ്ഥാനത്ത് കാണാനും കഴിഞ്ഞില്ല. വീട്ടില്‍ വച്ചു നിന്നെ കണ്ടപ്പോള്‍ എന്നെ നിയന്ത്രിക്കാന്‍ ആയില്ല...അതാ'

'എന്നിട്ടാണോ കാലാമാടാ നിങ്ങള്‍ വേറെ കെട്ടാന്‍ പോകുന്നേ?' ചോദ്യം ഉള്ളില്‍ ഇരുന്നതേ ഉള്ളൂ. പുറത്തേക്ക് വന്നില്ല.

'നിന്റെ അച്ഛനോടും അമ്മയോടും നിന്നെ പെണ്ണ് ചോദിക്കാന്‍ വന്നതാ ഞങ്ങള്‍.

അമ്മയ്ക്കും അച്ഛനും ഈ കുറുമ്പിയെ ഒരുപാട് ഇഷ്ടാ. അത് കൊണ്ട് ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞ ഉടനെ ഇറങ്ങി പുറപ്പെട്ടു. നിന്റെ വീട്ടുകാര്‍ക്കും സമ്മതാ. ഇനി നിന്റെ സമ്മതം മാത്രം മതി.'

കണ്ണൊക്കെ നിറഞ്ഞിട്ട് എനിക്ക് കാഴ്ച മങ്ങുന്നുണ്ടായിരുന്നു.

എങ്കിലും പെട്ടെന്ന് മുന്നോട്ട് ആഞ്ഞു അങ്ങേരെ കെട്ടി പിടിച്ചു. ഒന്നു ഞെട്ടിയെങ്കിലും ചിരിയോടെ ആ രണ്ടു കൈകള്‍ എന്നെ ചുറ്റി വരിയുന്നതും ഞാന്‍ അറിഞ്ഞു.

രണ്ട്

ഗള്‍ഫുകാരന്‍ ആയോണ്ടാണ് പ്രായം പോലും പ്രശ്‌നമാക്കാതെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിച്ചത്.

എന്നിട്ടിപ്പോ അങ്ങേര് ഗള്‍ഫ് ഒക്കെ നിര്‍ത്തി നാട്ടില്‍ കൂടാനുള്ള പ്ലാന്‍ ആയിട്ടാണ് വന്നത് പോലും.

കണ്ണിറുക്കി കാണിച്ചോണ്ട് ഇത് പറഞ്ഞപ്പോള്‍ എന്റെ അടിവയറ്റീന്ന് ഒരു തീയാണ് പൊന്തിയത്.

എന്റെ വിസിറ്റിങ്ങ് വിസ. ഗള്‍ഫുകാരന്റെ ഭാര്യയും മക്കളും എന്ന ലേബല്‍. എന്റെ ഈന്തപ്പഴം.

അങ്ങേര് നാട്ടില്‍ തന്നെ ഒരു പലചരക്ക് കട ഇട്ടു. നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ട്. മാമിയും മാമനും ഞങ്ങടെ പിള്ളേര് ഉണ്ണിയും കണ്ണനും ഒക്കെയായിട്ട് ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുവാണ്.

എങ്കിലും ഇടയ്ക്കിടയ്ക്ക് അങ്ങേരുടെ ഒരു കണ്ണിറുക്കി കാണിക്കലുണ്ട്.

അപ്പോഴേ ഉള്ളീന്ന് ഒരു ആന്തലാണ്. അതീ പ്രായം ആയിട്ടും മാറിയിട്ടില്ല എന്നത് നേര്.

കാലം നമ്മളെയും കൊണ്ടങ്ങ് പോവാണ്. എവിടെ പോയി ഇടിച്ചു നില്‍ക്കുന്നോ അവിടം വരെ പോകാന്നേ...


 

Follow Us:
Download App:
  • android
  • ios