Asianet News MalayalamAsianet News Malayalam

അരുണ്‍ തപസ്യ എഴുതിയ കഥ, കൂത്താടി

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അരുണ്‍ തപസ്യ എഴുതിയ കഥ

chilla malayalam short story by arun thapasya
Author
Thiruvananthapuram, First Published Mar 29, 2021, 4:57 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by arun thapasya

 

ടേബിള്‍ ലാബിന്റെ അരണ്ട വെളിച്ചത്തില്‍ അവളുടെ പകുതി മുഖം മാത്രമാണ് തെളിഞ്ഞിരുന്നത്.  അവളുടെ വിടര്‍ന്ന കണ്ണുകളിലേക്കായിരുന്നു അവന്റെ നോട്ടം. എന്തോ ഒരു ഉള്‍ഭയം പോലെ. എത്രയോ സ്ത്രീകളുമായി ഇതിന് മുമ്പുമുണ്ടായിട്ടുണ്ട്.

പക്ഷെ ഇതിപ്പോ.....

അവന്റെ ഹൃദയമിടിപ്പുയര്‍ന്നുവന്നു. ചൂടു നിശ്വാസം അവളുടെ മുഖത്തടിച്ചു. മെത്തയില്‍ കിടക്കുന്ന അവളുടെ ശരീരത്തിലേക്ക് വീഴാനായി കൈകള്‍ കുത്തി നില്‍ക്കുകയായിരുന്നു അവന്‍. അവന്റെ നിശ്വാസ ചൂട് അവളുടെ മുഖത്തടിച്ചു. വെളിച്ചം വീഴുന്ന അവളുടെ കണ്ണില്‍ അവന്റെ പ്രതിരൂപം കണ്ടു. പേടിച്ചരണ്ടപ്പോലെ ഒരുത്തന്‍ അവളുടെ കണ്ണുകള്‍ക്കുള്ളില്‍ നിന്നു വിയര്‍ക്കുന്നതുപോലെ തോന്നി. ഈ ജോലിക്കിറങ്ങിയിട്ട് ഇന്നേവരെ തോന്നാത്ത എന്തോ തോന്നലുകള്‍ അവനെ മദിച്ചു കൊണ്ടിരുന്നു. ചിന്തകള്‍ക്കിടെ തലക്കു പിന്നില്‍ എന്തോ സ്പര്‍ശിക്കുന്നതു പോലെ അവനു തോന്നി. അവളുടെ നീളമുള്ള വിരലുകള്‍ തലയ്ക്ക് പിന്നില്‍ വലയം തീര്‍ക്കുകയായിരുന്നു. അവളുടെ കൈകളില്‍ അവന്‍ പിടിച്ചു. ബലിഷ്ടമാര്‍ന്ന് അവളുടെ കൈകള്‍. ബലമായി അവനെ അവളിലേക്ക് ചേര്‍ത്തു പിടിച്ചു.  

അവളുടെ നെറ്റിയിലേക്കായിരുന്നു അവന്റെ ചുണ്ടുകള്‍ പതിച്ചത്. മുഖമുയര്‍ത്തി ഒന്നു കൂടി അവളെ നോക്കി. അവളുടെ കോടിയ ചുണ്ടിന്റെ അരികില്‍ ഒരു ചിരിയൊളിച്ചിരുന്നു. മത്തു പിടിക്കുന്നൊരു മണമായിരുന്നു അവള്‍ക്ക്. ഏതോ വിലകൂടിയ ബോഡി ക്രീമിന്റെയും പെര്‍ഫ്യൂമിന്റെയും മണം.

കോടി ചിരിച്ച  ചുണ്ടുകളായിരുന്നു പിന്നെയവന്റെ ഇര.  അവളുടെ ചുരുണ്ട മുടിയിലേക്ക് അവന്റെ വിരലുകളോടി തുടങ്ങി. മുഖമുയര്‍ത്തി അവന്‍ ആ കണ്ണുകളിലേക്ക് വീണ്ടും നോക്കി. മെലിഞ്ഞൊരുത്തനായിരുന്നു അവന്‍. ഘ്രാണ ശക്തിയേറി പട്ടിക്ക് പേ പിടിക്കുന്ന പോലെ മുലകള്‍ക്ക് നടുവിലൂടെ അവന്റെ ശിരസ്സ് താഴേക്കൂര്‍ന്നു. വയറും കടന്ന് അവന്റെ തല താഴേക്ക് ചലിച്ചു.

അവളുടെ അര കടന്നു പോയ അവന്‍ ഊക്കോടെ  ചാടിയെഴുന്നേറ്റു, മെത്തക്കരുകിലിരുന്നു. പിന്നെയും ഓക്കാനിക്കാഞ്ഞപ്പോള്‍ അവന്‍ വായപൊത്തി. രൂക്ഷമായി അവളെ നോക്കി. നിദ്രാഭംഗം വന്നവളെപ്പോലെ അവള്‍ അവനെ നോക്കിയിരിക്കുകയായിരുന്നു.

''വൈ? എന്തേ, ജോലി തീര്‍ന്നില്ലല്ലോ. അപ്പോഴേക്കും മടുത്തോ?''

''മൂത്രപ്പുരയില്‍ ജോലി ചെയ്യാനല്ലോല്ലോ വിളിച്ചത്.''

''മൂത്രത്തില്‍ സുഗന്ധം പരത്തുന്നവരായിരുന്നോ ഇയാളുടെ പെണ്ണുങ്ങള്‍. സീ...എന്റെ ആവശ്യം നിന്റെ ജഡ്ജുമെന്റല്ല..... നിന്നെ എന്തിനാണോ പണം കൊടുത്തു വിളിച്ചിരിക്കുന്നത് അത് ചെയ്യണം.. പറ്റില്ലേല്‍ ഞാന്‍ വേറെ ആണുങ്ങളെ വിളിച്ചോളാം. പണം കൊടുത്താ നിന്നെക്കാളും ചുണക്കുട്ടികള്‍ ഇവിടെ ഉണ്ടാകുമല്ലോ.... ഷിറ്റ്.'

കുറച്ചുനേരം അവന്‍ കുനിഞ്ഞിരുന്ന നിലത്തു നോക്കി. പിന്നീട് എന്തോ ചെയ്യാനെന്നോണം അവളിലേക്ക് തിരിഞ്ഞു. അവളുടെ അരക്കു താഴെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞ് ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. പുച്ഛഭാവത്തില്‍ നോട്ടമെയ്ത് അവന്‍ ജന്നല്‍ വഴി അരിച്ചിറങ്ങുന്ന പ്രകാശത്തിലേക്ക് നോക്കിയിരുന്നു. കുറേ നേരം പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ നിശബ്ദതയായിരുന്നു. ചെവി വട്ടം പിടിച്ചാല്‍ മാത്രം പുറത്ത് കലരിലമ്പംകേള്‍ക്കാം. മുറിക്കുളളില്‍ തണുപ്പേറി വന്നുവെന്നെങ്കിലും അവന്‍ വിയര്‍ക്കുകയായിരുന്നു,

''എനിക്കൊന്നു പുറത്തുപോണം. ഒന്നു സഹായിക്കോ, അതോ അതിനും കഴിവില്ലേ'

നാക്കില്‍ എന്തൊക്കെയോ കടന്നു വരുകയായിരുന്നു. അടക്കം പിടിച്ച് അവന്‍ എഴുന്നേറ്റു.

ആ പാഡിങ്ങടുത്തേ....

 ബാഗില്‍ നിന്നും പാഡെടുത്തു അവളിലേക്ക് നീട്ടി. മൂത്രം വീണ്  ശരീരത്തോട്ട് ഒട്ടിചേര്‍ന്ന് പാഡ് അവള്‍ കൈകള്‍കൊണ്ട് താഴേക്കൂരി മാറ്റി.

''ഒന്നു ഹെല്‍പ്പ് ചെയ്യഡോ നോക്കി നിക്കാതെ...''

പുതിയ പാഡ് വച്ചൊട്ടിക്കുന്നതിനിടെ അവന്‍ ശ്രദ്ധിക്കുകയായിരുന്നു, ആ കാലുകളെ, ഭംഗിയുള്ള ആ കാലുകള്‍. നഖങ്ങളില്‍ ചുമന്ന ക്യൂട്ടക്‌സിട്ടിരുന്നു. ഡയപ്പറുമൊട്ടിച്ച് കട്ടില്‍ വിടുന്നതിനിടെ അവളുടെ കാലുകളിലേക്ക് അവന്‍ കൈയോടിച്ചു. ചെറുതായൊന്നു വേദനിപ്പിച്ചു. അവള്‍ ഒന്നുമറിയുന്നുണ്ടായിരുന്നില്ല. ഇരുന്ന ഇരുപ്പിലിരുന്ന് വസ്ത്രം മാറി യാത്രക്ക് തയ്യാറെടുക്കുന്ന അവളെ കൗതുകത്തോടെ അവന്‍ നോക്കിയിരുന്നു.

കോവളം തീരത്തെ നടപ്പാതയിലൂടെ  വീല്‍ ചെയര്‍ അവള്‍ തന്നെയാണ് നിയന്ത്രിച്ചത്. വേഗം കൂട്ടിയും കുറച്ചുമുള്ള ഇലക്ട്രോണിക് വീല്‍ ചെയറിനൊപ്പം അവനും നടന്നു. മുന്നോട്ടു കടക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങളെത്തുമ്പോള്‍ അവളില്‍ നിന്നും ശബ്ദമുയര്‍ന്നില്ല. പകരം തല താഴ്ത്തി അലസമായി നടന്നിരുന്ന അവനിലേക്ക് നോട്ടങ്ങള്‍ പായിക്കുകയായിരുന്നു. വീല്‍ ചെയര്‍ കടക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങള്‍ അവന്‍ തന്നെ തള്ളിനീക്കി.

'ഡോ... തിരകള്‍കാണാന്‍ പറ്റുന്ന തണലുള്ളടത്തേക്കൊന്നു തള്ളിവച്ചേ...''

വീല്‍ ചെയര്‍ തണലുള്ള ഭാഗത്തേക്ക് അവന്‍ നീക്കി വച്ചു. കടല്‍ക്കാറ്റേറ്റ് മുഖത്തേക്ക് വീണ മുടികളെ അവള്‍ മാടിയൊതുക്കുകയായിരുന്നു. എത്രയോ തവണ ഈ തീരത്തു കണ്ടിട്ടുള്ള മുഖമാണിത്. കൂട്ടുകാരുമൊത്ത് ആര്‍ത്തുല്ലസിച്ചായിരുന്നു അവളുടെ നടത്തം. തീരംവഴി ഓടിയും ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കെട്ടിമറിഞ്ഞും ഉല്ലസിച്ചിരുന്ന ഈ മുഖം  മറക്കാതിരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഓര്‍മ്മകളുടെ തിരമലകളെ മുറിച്ച വീണ്ടും അവന്‍ ശബ്ദിച്ചു.

''തന്നോട് ആ ഏജന്റ് ഒന്നും പറഞ്ഞിരുന്നില്ല.''

''എന്ത്...''

''ഞാന്‍ ഇങ്ങനെയാണെന്ന്...''

''ഇല്ല...''

''ഓണ്‍ലൈന്‍ വഴി പണം കൊടുക്കുന്നിന് മുമ്പ് ഞാന്‍ വിവരം പറഞ്ഞിരുന്നതാണല്ലേ. നിന്നോടു പറയാത്തത് എന്റെ തെറ്റാണോ... എന്റെ പണം പോയി അല്ലേ...''-കടലിലേക്ക് നോക്കി അവള്‍ ചോദിച്ചു. തിരകളെയും തീരത്ത് കളിക്കുന്ന കുട്ടികളെയും നോക്കുമ്പോള്‍ മുഖത്ത് ചിരിവിരിഞ്ഞു.

രാവിലെയാണ് ഏജന്റിന്റെ വിളി വന്നത്.

''ബംഗളരുവില്‍ നിന്നെത്തിയ മലയാളിയാണ്. ചോദിച്ച പണം തന്നിട്ടുണ്ട്. കോളാണ് ചെല്ല്. ഡേ നൈറ്റാണ്. ഫോട്ടോകള്‍ കണ്ടിട്ട് നീ തന്നെ വേണോന്ന് പറഞ്ഞു. ഭാഗ്യാമാണ് മോനെ. ജിം അളിയന്‍മാരായ കൂത്താടികളെ വേണ്ടെന്ന്, നിന്നെ മതിയെന്ന് ''

ദഹിക്കാതെ ചെയ്യുന്ന ജോലിയാണ്, വലപ്പോഴുമാണ് പെണ്ണുങ്ങളുടെ കിടക്ക പങ്കിടാന്‍ ഏജന്റുമാരുടെ വിളി വരുന്നത്. പക്ഷെ ഇങ്ങനെയൊരു അവസ്ഥ പറഞ്ഞിരുന്നില്ല. തുറന്ന കിടന്ന വാതില്‍ കടന്നു ചെല്ലുമ്പോള്‍ കണ്ടത് അവനെയും കാത്ത് അളവളുടെ കിടപ്പാണ്.

തീരത്ത് ചിപ്പിയും ശംഖും പറക്കുന്ന കുട്ടികളെ സ്മാര്‍ട് ഫോണില്‍ പകര്‍ത്തുകയായിരുന്നു അവള്‍.

''കുറച്ചു കൂടി അങ്ങോട്ടേക്ക് കൊണ്ട് പോ...''

തീരത്തിനടുത്തേക്ക് വീല്‍ ചെയര്‍ തള്ളി. മാലയും കമ്മലും വിറ്റു നടക്കുന്ന നാടോടി പെണ്ണിന്റെ പടം അവള്‍ പകര്‍ത്തി. പിന്നാലെ വരുന്ന കുട്ടിയെ നാടോടി പെണ്ണ് ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. കുട്ടിയെ നോക്കി അവള്‍ കൈവീശി. കുട്ടികളുടെ കളികളും അബദ്ധങ്ങളും നോക്കി അവന്‍ ആസ്വദിച്ചു ചിരിച്ചു.

''നിനക്കിവിടെ നല്ല പേരില്ലല്ലേ..''

''ഞാന്‍ അന്വേഷിച്ചിട്ടില്ല''

''ഓ... കൂത്താടി ശരത്ത് തീരെ ലോ പ്രൊഫൈലാണന്നല്ലോ ഞാനറിഞ്ഞത്''

''പിന്നെന്തിനാ എന്നെ വിളിച്ചേ...''

''ഇഷ്ടം തോന്നിയിട്ടു വിളിച്ചതാഡാ..''

അവള്‍  വീണ്ടും കടലിനെ നോക്കി. അവന്‍ അസ്വസ്ഥനായികൊണ്ടേയിരിരുന്നു. ഒന്നിനും കൊള്ളാത്ത ഒരുത്തി  ആണത്തത്തെ പുച്ഛിക്കും പോലൊരു തോന്നലായിരുന്നു ഉള്ളില്‍.

''നീയെന്തിനാ ഈ ചുമപ്പും മഞ്ഞയും ചരട് കെട്ടീരിക്കണേ, കസ്റ്റമേഴ്‌സിന് മനസിലാവാനാ....''

''നിങ്ങളെന്തിനാ ടാറ്റൂ ചെയ്തിരിക്കണേ, കസ്റ്റമേഴ്‌സിനെ വിളിക്കാനാ....''

''കൊള്ളാമല്ലോ നീ, ങും, വന്ന പണിയോ ചെയ്തില്ല, സ്‌നേഹത്തോടെയെങ്കിലും സംസാരിക്ക് ഡെ ചെക്കാ....'

മുഖത്തേക്കും പോലും നോക്കാതെ ദൂരേക്ക് നോക്കിയിരിക്കുന്ന അവന്റെ മുഖത്തേക്ക് കൂറേ നേരം അവള്‍ നോക്കിയിരുന്നു. ചെറുമീശ പൊടിക്കുന്നതേയുള്ളു അവന്. ഇടതു കഴുത്തിലായി നക്ഷത്രം പച്ചകൊത്തിയിരിക്കുന്നു. നിഷ്‌കളങ്കഭാവമുള്ള കൂത്താടി.  

''നീ ചോദിച്ചില്ലേ.... എന്തേ നിന്നെ വിളിച്ചതെന്ന്.... നിനക്കെന്നെ ഓര്‍മ്മയുണ്ടോ?''

''ങും, മറക്കാന്‍ പറ്റില്ലല്ലോ, നിങ്ങളാ പൊലീസുകാര്‍ക്കു നല്‍കിയ ചീത്തയുടെ ചൂട് എനിക്ക് കൂടി കിട്ടിയതല്ലേ. മൂന്ന് ന്യൂയര്‍ കഴിയുന്നു നിങ്ങള്‍ വഴിയുള്ള സമ്മാനം കിട്ടിയിട്ട്...''

''അപ്പോ നീ ഓര്‍ക്കുന്നുണ്ട്....''

''എന്റെ ഇഷ്ടമല്ലാതെയാ അവനെന്ന തൊട്ടത്. ഇഡിയറ്റ്... പരാതിയുമായി പോയപ്പോള്‍  പോലീസുകാര്‍ക്ക് അവനെ പൊക്കാന്‍ മടി. പിന്നെ അവനെ ചീത്തവിളിക്കാതെ പറ്റോ..'

സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവളുടെ പരാതിയില്‍ സ്റ്റേഷനില്‍ പൊലീസുകാര്‍ കൊണ്ടുവന്നത് അവന്‍ ഓര്‍ത്തു. ഏത് പെണ്ണ് കണ്ടാലും ഒന്നു നോക്കിപോകുന്ന സുന്ദരനായിരുന്നു പ്രതി. ഇംഗ്ലീഷില്‍ എന്തൊക്കയോ പൊലീസിനോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു അവന്‍. അന്ന് പരാതിയുമായി എത്തിയവള്‍ തനിക്കഭിമുഖമായി കുറേ നേരമിരുന്നു. തന്നെ രൂക്ഷമായി പലപ്രാവശ്യം നോക്കുന്നത് ശ്രദ്ധിച്ചു. അവള്‍ വല്ലാതെ കിതക്കുന്നതും അന്ന്  ശ്രദ്ധിച്ചിരുന്നു. 

''നിങ്ങള്‍ക്കൊപ്പം വന്നതായിരുന്നോ അയാള്‍....''

''എന്നിട്ടെന്തിനായി അയാളെ സ്റ്റേഷനീ കേറ്റീത്''

'അവന്‍ എന്നെ കേറി തോണ്ടി.. ''

''നിങ്ങള്‍ മറ്റ് ചെക്കന്‍മാര്‍ക്കൊപ്പം ഈ കോവളത്ത് വച്ച് തന്നെ ഞാന്‍ കണ്ടിട്ടുണ്ടല്ലോ, പിന്നെന്തിനാ അവനെമാത്രം അകത്താക്കിയേ. പാവം അവനെ നിങ്ങളെന്തോ ട്രാപ്പിലാക്കിയതാ..''

സോറി, മിസ്റ്റര്‍ കുത്തു. ട്രാപ്പും തലക്ക് വെളിവില്ലാത്തതും നിന്റെ വേറയാരൊക്കെങ്കിലുമായിരിക്കും. എന്നെ ഏതവനോ ഏതവളോ തൊടണമെന്ന് തീരുമാനിക്കേണ്ടത് ഞാനാ.  എപ്പോ എവിടെ എങ്ങനെയെന്നൊക്കെ പെണ്ണായ എന്റെ ഇഷ്ടമാണ്. അതേഡാ ഞാന്‍ വേറെയും ബോയ്‌സൊപ്പം വന്നിട്ടുണ്ട്. ഇവിടെല്ല പലേത്തും പോയിട്ടുണ്ട്. എന്തേ, എന്റെയിഷ്ടം. നിന്നെ ഞാന്‍ മുറിയിലേക്ക് വിളിച്ചില്ലേ. അതും എന്റെ ഇഷ്ടം...''

തിരമാല പോലെ അവളുടെ ശബ്ദമുയര്‍ന്നു. പെട്ടെന്നുള്ള അവളുടെ മുഖഭാവമാറ്റം അവനെ ഞെട്ടിച്ചു. കുറേ നേരം ഇരുവരും സംസാരിച്ചില്ല. തിരകള്‍ കല്ലില്‍ തലയടിച്ചുല്ലസിക്കുകയായിരുന്നു. ഒരു വന്‍ തിര പിന്‍വാങ്ങിയതിനെ പിന്നാലെ അവള്‍ ചോദിച്ചു

''നീയെന്തിനാ അന്നു സ്റ്റേഷനില്‍ വന്നേ...''

''പരാതിക്കാരാനായി വന്നതാ....''

''പരാതിയോ?''

''ഉം... പോക്‌സോ പരാതി...''

''ആഹാ... നീ പീഡനത്തിന് വിധേയനായി വന്നതാണോ.. അപ്പോ നമ്മള്‍ ഒരേ കേസിനാ കണ്ടേ''

''നിന്നെ ആരാ പീഡിപ്പിച്ചേ, കേള്‍ക്കട്ടെ''-അവള്‍ ചിരിച്ചു.

മനസില്‍ അവളോട് വല്ലാത്ത ഈര്‍ഷ്യതോന്നി. വിവരിക്കാണ്ടായിരുന്നുവെന്ന് മനസില്‍ തോന്നി.

''പറയഡോ..''

''ഒരാള്‍..''

''ഏതൊരാള്‍.... അച്ഛന്‍, അപ്പൂപ്പന്‍, അയല്‍വാസി. ടീച്ചര്‍''

''അല്ല. അമ്മയുടെ കാമുകനാ''

''ഓ..''

''എന്നിട്ട് നിന്നെ വീട്ടീന് പുറത്താക്കി അല്ലേ...''

''ങും.... ക്രുവല്‍ ലേഡി നിന്നെ വീട്ടീന് പുറത്താക്കണ്ടായിരുന്നു. നീ എങ്ങനെ ജീവിക്കുമെന്ന് അവര്‍ ചിന്തിച്ചില്ലല്ലോ...''

''നേരത്ത പറഞ്ഞില്ലേ, നിങ്ങടെ ഇഷ്ടം. ഇത് അവരുടെ ഇഷ്ടം''

''പോക്‌സോ കേസില്‍ പരാതി പറയാന്‍ പോയ നീയെങ്ങനാ കൂത്താടി ആയേ''

'' പരാതി അന്വേഷിച്ച പൊലീസുകാരന്‍ തന്നാ എനിക്ക് ഈ വഴിയും തെളിച്ചത്. വീട് വിട്ടപ്പോള്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായി... പിന്നെ കമ്മീഷന്‍ വാങ്ങി പൊലീസുകാരന്‍ തന്നാ ക്വട്ടേഷന്‍ പിടിച്ചു തന്നേ. ഏജന്റുമാരെ പരിചയപ്പെടുത്തി തന്നത്''

''ഇന്‍ട്രസ്റ്റിംഗ്..... ഇതാണ് പൊലീസ്...''അവള്‍ പൊട്ടിച്ചിരിച്ചു

എന്തു കൊണ്ടോ അവളുടെ ആനന്ദം അവനിലും ചിരിപടര്‍ത്തി.

''നമുക്ക് നടന്നാലോ.. ദാറ്റ് മീന്‍സ്.. നീ നടക്കുന്നടത്ത് എന്നെ നടത്തുക.''

''ഓകെ ഓകെ....''- വീല്‍ ചെയര്‍ അവന്‍ തള്ളി തുടങ്ങി. പുതുവത്സരാഘോഷത്തിന്റെ തിരക്കുകളിലേക്ക് ബീച്ചു മാറുകയായിരുന്നു. 

റെസ്റ്റാറന്റുകളുടെ മുന്നില്‍ ഗിറ്റാറുമായി ഗായകര്‍ പാടി തുടങ്ങി. ആളൊഴിഞ്ഞ സ്ഥലത്ത് വീല്‍ ചെയര്‍ നിര്‍ത്തി. അവളുടെ അടുത്തായി അവന്‍ ഇരുന്നു. അവളുടെ ഭംഗിയുള്ള കാലുകളിലേക്കായിരുന്നു വീണ്ടും നോട്ടം.

''എങ്ങനെ ഇത് സംഭവിച്ചേ''

''ആക്‌സിഡന്റാണോ...''

''ഉം..''

''അപകടമല്ല, ഒരുത്തന്‍ പണി തന്നതാ''

''ക്വട്ടേഷനോ''

''അവന്‍ തന്നെ ചെയ്തത്. എന്റെ ബോയ് ഫ്രണ്ട്''

''ഫ്രണ്ടെന്തിനാ നിങ്ങളെ കൊല്ലാന്‍ നോക്കുന്നത്...''

''തനിച്ചു താമസിക്കുന്ന പെണ്ണിനോട് അടുക്കാന്‍ വരുന്നവര്‍ക്ക് ഒരു പാട് താല്‍പര്യങ്ങളാഡാ. ഞാനും ഒരു തരത്തില്‍ തനിച്ചായിരുന്നു. വല്ലാതെ കെയര്‍ കിട്ടിയ ഒരാളെ സ്‌നേഹിച്ചു തുടങ്ങി. പക്ഷെ അവന്റെ മനസിലിരുപ്പ് മറ്റു പലതുമാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഒഴിവാക്കി. ഒരു രാത്രി എന്റെ കാലില്‍ കാര്‍ കയറ്റിയിറക്കി അവന്‍ അവന്റെ റിവഞ്ച് തീര്‍ത്തു.''

അവളുടെ കണ്ണുകള്‍ നിറയുന്നുണ്ട്. ഇടറാന്‍ തുടങ്ങിയ ശബ്ദത്തെ അവന്‍ ബന്ധപ്പെട്ട് ശരിയാക്കാന്‍ ശ്രമിച്ചു.

''ജോബ്, മണി, ഫ്രണ്ട്‌സ്, ട്രാവല്‍.. എന്തൊരു ജീവിതമായിരുന്നു. ഇതിനുശേഷം എനിക്കു മനസിലായി. എന്താണ് സ്‌നേഹമെന്നും സെക്‌സൊന്നുമൊക്കെ. എന്നോട് ... അല്ലാതെ ആര്‍ക്കുമിപ്പോള്‍ സനേഹമില്ല. സെക്‌സ് ഉറപ്പുവരുത്താനാകുമെന്ന് വരുന്നവന്‍മാക്കും അറിയില്ല. ഇനിക്കും ഉറപ്പില്ല. അതുകൊണ്ട് പൂവന്‍ കോഴികളും വരാറില്ല...''

''നീ പറഞ്ഞത് ശരിയാ.. മൂത്രപ്പുരയാ. നീ എനിക്കൊരു പരീക്ഷണമായിരുന്നു. എന്നില്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന്. ഫെയ്ല്‍ഡ. ജീവിതത്തില്‍ പൊരുതി സ്‌നേഹം കണ്ടെത്താനും സ്‌നേഹിക്കാനും ശ്രമിച്ചവളാണ് ഞാന്‍. പക്ഷെ എല്ലാം പോകുവാഡോ.''

''സോറി ഞാന്‍ നിന്നെ ബുദ്ധിമുട്ടിച്ചല്ലേ...''

''നിന്റെ കുഴപ്പമല്ല, എന്റെതാണ്. നീയല്ലാ ഇനി ഏത് മിടുക്കന്‍ വന്നാലും ഇങ്ങനെ സംഭവിക്കും''-അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി...

''പോട്ടെ...ഇത്രേന്നും വിചാരിച്ചില്ല. ഞാന്‍...''

''ഓ... ഇറ്റ്‌സ് ഓകെ....''

അവളോടൊന്നും മിണ്ടാതെ കുറേ നേരമിരുന്നു. തീരത്ത് സൂര്യന്‍ ചുമപ്പ് ചായം തേച്ചു തുടങ്ങിയിരുന്നു.

''നീ സിഗരറ്റ് വലിക്കോ..''

''മുമ്പുണ്ടായിരുന്നു. ഇപ്പോഴില്ല''

''ഡ്രിംഗ്‌സ്, സ്റ്റഫ്...''

''ഒന്നുമില്ല...''

''അപ്പോള്‍  ഇതുമാത്രമേയുള്ളൂ ദുശ്ശീലം''

''എന്ത്....''

''സെക്‌സ്...''

''അതുകൊള്ളാം... നിങ്ങള്‍ക്കതു നല്ല ശീലവും നമുക്കതു ദുശ്ശീലവും ഇതെവിടുത്തെ വ്യവസ്ഥയാ.''


''ആഹാ... നീ വീണ്ടും ഫിറ്റായല്ലോ.... അപ്പോ.. നമുക്ക് കുറച്ചൂടി മുന്നോപോകാം...''

വീല്‍ ചെയര്‍ അവന്‍ വീണ്ടുമുന്തി.. യാത്രക്കിടയില്‍ കടലിനെ കുറിച്ചും അവള്‍ നടത്തിയ യാത്രകളെ കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. സൗഹൃദങ്ങള്‍ നിരാശകള്‍, ബംഗളൂരു  ജീവിതം, സോഫ്റ്റുവയര്‍ കമ്പനിയിലെ മുരടിപ്പ്...അവള്‍ വാതോരാതെ പറഞ്ഞു കൊണ്ടേയിരുന്നു.

അവനു പറയാന്‍ കഥകളൊരുപാടുണ്ടായിരുന്നു. പക്ഷെ അവളെ കേള്‍ക്കാനായിരുന്നു ഇഷ്ടം

''പിന്നെ, നീ ഒരു സിഗരറ്റ് വാങ്ങിയേ...''

''എന്തേ... എനിക്ക് വേണ്ട

''അതുപറ്റില്ല, നീ പണ്ടു വലിച്ചിരുന്നതെങ്ങനയാന്നു ഞാനൊന്നു കാണട്ടെ.. വാങ്ങിക്കടാ..''

അവന്‍ സിഗററ്റിന് തീകൊളുത്തി. ചുരുളുകളായി പുക ആകാശത്തേക്ക് പറത്തിവിട്ടു. മൂന്നു പ്രാവശ്യം പുക ഊതി വിട്ടശേഷം അവന്‍ ചുമച്ചു തുടങ്ങി...

''മതി മതി... ഇങ്ങു തന്നെ...''

അവളുടെ ഊഴമായിരുന്നു. പല രൂപങ്ങളില്‍ അവള്‍ പുക പറത്തിവിട്ടു. കടല്‍ കാറ്റുകള്‍ ആ രൂപങ്ങളെയും കൊണ്ടുപോയി..

''ഇത്ര ആസ്വദിച്ചു ഞാന്‍ സിഗററ്റ് വലിച്ചിട്ടില്ലഡോ...സത്യം...''

ഇലക്ട്രോണിക് വീല്‍ ചെയര്‍ സ്വയം തിരിച്ച അവള്‍ ചോദിച്ചു. നീ ഇന്നേവരെ പോയതില്‍ ഇഷ്ടം തോന്നിയത് ആരോടാണ് ?

''ഇഷ്ടമോ.. ഇഷ്ടം കൊണ്ട് പോകുന്നതല്ലല്ലോ...''

''ആരോടും ഇഷ്ടം തോന്നിയിട്ടില്ലേ, ആണിനോടും പെണ്ണിനോടും. അങ്ങനെ വരില്ല. നിനക്ക് കാശെങ്കിലും കൂട്ടി തന്നിട്ടില്ലേ ആരേലും...''

''അങ്ങനാണേല്‍ എന്റെ ഇഷ്ടം പറയം. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍നിന്നും ഒരു മദാമ്മ അമ്മൂമ്മ വന്നിരുന്നു. എനിക്കവരെ വല്ലാണ്ട് ഇഷ്ടപ്പെട്ടു.''

''അമ്മൂമ്മയെയോ...നിനക്കോ..''

സെക്‌സിനെന്നു പറഞ്ഞാ വിളിച്ചേ.. പൈസക്കാവശ്യമുണ്ടായിരുന്നോണ്ട് പോയതാ. ചെന്നപ്പോഴാ രസം. അമ്മൂമ്മക്കാവശ്യം അതൊന്നുമായിരുന്നില്ല. കൊച്ചുപിള്ളേര കളിപ്പിക്കുന്നതുപോലെ ഇക്കിളി പെടുത്തലും, മുറിക്കുള്ളില്‍ ഒളിച്ചു കളിയും ഉമ്മവയ്പ്പുമൊക്കെയായിരുന്നു. കൂറേ നേരം നമ്മള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. എന്റെ കുട്ടികാലത്തെ കഥ. അമ്മൂമ്മയുടെ ബോയ് ഫ്രണ്ടിന്റെ കഥ.. എന്നെ ഓസ്‌ട്രേലിയയിലേക്ക് വിളിച്ചാ പോയിരിക്കുന്നത്. നമ്പറും അഡ്രസുമൊക്കെ തന്നു. നാട്ടില്‍ ചെന്നിട്ടും അമ്മൂമ്മ വിളിച്ചിരുന്നു.''

അവള്‍ ആര്‍ത്താര്‍ത്തു ചിരിക്കുകയായിരുന്നു

''അയ്യോ...ക്വയറ്റ് ഇന്‍ട്രസ്റ്റിംഗ്... അയ്യോ.... നീ എങ്ങനാ അവരോട് സംസാരിച്ചേ.. നിനക്ക് ഇംഗ്ലീഷറിയോ''

''വര്‍ഷങ്ങളായി ഈ തീരവും വിദേശികളെയും കാണുന്നവനാ ഞാന്‍''

ഓ സോറി മാന്‍...എനിവെ ഷാല്‍ വീ മൂവ്''

''യാ.. ഷുവര്‍ മാം....''

ഇവരും പൊട്ടിച്ചിരിച്ചു

വീല്‍ ചെയര്‍ അവള്‍ തന്നെ നിയന്ത്രിച്ചു. അവളുടെ വേഗത്തിനൊത്ത് അവന്‍ നടന്നു തുടങ്ങി. തിരിക്കൂ കൂടിയിരുന്നു. ആള്‍കൂട്ടത്തിനിടയിലൂടെ പായുമ്പോള്‍ അവളുടെ തോളത്ത് അവന്‍ കൈവച്ചു. കടലിലിറങ്ങാന്‍ ശ്രമിക്കുന്നവരെ ലൈഫ് ഗാര്‍ഡുകള്‍ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. കടലില്‍ കളിച്ചും കുളിച്ചും മതി തീരാത്ത ചിലര്‍ പിന്തിരിയാനേ കൂട്ടാക്കിയിരുന്നില്ല.

''ഞാനും കടല്‍ കാണാനിറങ്ങിയാല്‍ ഇങ്ങനെയായിരുന്നു. കയറില്ല...''

തോളില്‍ അവന്‍ ഇറക്കി പിടിച്ചു.

''കടലില്‍ പോണോ...?''

''എങ്ങനെ...എന്റെ തോളിലേക്ക് പിടിച്ചോ''

''പറ്റില്ലഡാ''

വീല്‍ ചെയറില്‍ നിന്നും അവളെ അവന്‍ ഉയര്‍ത്തി കടലിനടുത്തേക്ക് നടന്നു. അവളുടെ ഭാരം അവന്റെ ശ്വാസ ഗതിയെ ഉയര്‍ത്തി. അവന്റെ കഴുത്തില്‍ ഇറക്കി പിടിച്ചിരിക്കുകയായിരുന്നു അവള്‍. അവര്‍ക്കായി ഒരു തിര ആഞ്ഞടിച്ചു. ആ തിരയില്‍ അവളുടെ കാലുകള്‍ അവന്‍ നനച്ചു. വീണ്ടും വീണ്ടും തിരകള്‍ വന്നു. അവയെല്ലാം അവളുടെ കാലുകളെ ചുംബിച്ച മടങ്ങിപ്പോയി. ആ ചുംബനങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. പക്ഷെ മനസില്‍ ഒരു കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു.

ഹോട്ടല്‍ മുറി. വീല്‍ ചെയറില്‍ നിന്നു അവളെയെടുത്ത് മെത്തയില്‍ കിടത്തി. പാഡിലെ നനവും കഴിഞ്ഞ് വീല്‍ ചെയറില്‍ മൂത്രത്തിന്റെ നനവ് പടര്‍ന്നിരുന്നു. അവള്‍ക്ക് അരുകില്‍ ഇരുന്നു. ആദ്യമായി കടല്‍ കണ്ട കുട്ടിയെ പോലെ അതിശയവും സന്തോഷമൊക്കെ അവളുടെ മുഖത്തുണ്ടായിരുന്നു. അവളുടെ രണ്ടു കൈകളും അവന്‍ ചേര്‍ത്ത് പിടിച്ചു. മെത്തയില്‍ നിന്നും ഇരു കൈകളും കൊണ്ട് പൊക്കിയെടുത്ത് അവളെ ചേര്‍ത്തണച്ചു. അവളുടെ ഇഷ്ടങ്ങളായിരുന്നു മനസ്സുനിറയെ. മൂത്രമടങ്ങിയ പാഡ് കടിച്ചെടുത്ത് അവന്‍ ഊരിക്കളഞ്ഞു.

വിയര്‍പ്പുകൊണ്ട്  ഒട്ടിച്ചേര്‍ന്ന അവളുടെ മാറിടം മാറ്റി അവനെഴുന്നേററു. പുറത്ത് പുതുവര്‍ഷത്തിന്റെ ആരവം. ജന്നാലയിലെ കര്‍ട്ടന്‍ അവന്‍ മാറ്റി. മാനത്ത് പൂത്തിരികള്‍ വിരിയുന്നത് ജനാല വഴി അവന്‍ കണ്ടു. അവളുടെ മുഖത്ത് ചിരി പടര്‍ന്നു. അടുത്തുവന്നിരുന്ന അവനെ അവള്‍ ചേര്‍ത്തു പിടിച്ചു.

''നീയാ ചെക്കന്‍... ഞാന്‍ ഇന്നോളം കണ്ടിട്ടുള്ളതില്‍ പുരുഷന്‍''

''എന്താ നിന്റെ പേര്.. ''-കാതില്‍ മെല്ലെ അവന്‍ ചോദിച്ചു

''പേരില്ല...''

''പേരില്ലയോ...''

''ഇല്ല പേരില്ല''

''എന്താ നിന്റെ പേര് ''

''അറിയാലോ, കൂത്താടി...''

രണ്ടുപേരും കൂടി ചിരിച്ചതല്ലാതെ പിന്നെ പേരവര്‍ ചോദിച്ചില്ല. മുറിവിട്ടുപേകുന്നതിന് മുമ്പ് അവള്‍ പറഞ്ഞു.

''നാളെ രാവിലെ ഞാന്‍ പോകും നീ ഒന്ന് വരാവോ, അതോ...''

''ഞാനെത്താം..''

വിമാനത്താവളത്തിലേക്ക് വീല്‍ ചെയര്‍ കയറ്റുന്നതിന് മുമ്പ് കൈയിലെ ചരട് അവള്‍ ബലമായി പൊട്ടിച്ചെടുത്തു. കൈതണ്ടയില്‍ അവളുടെ ബലപ്രയോഗം ഒരു പാടുണ്ടാക്കി.

''ശ്ശൊ... എന്തായിത്.''

ഇത് നിന്‍േറതായി എനിക്കിരിക്കട്ടെ. നീ വലിയ കൂത്താടിയാകേണ്ട. നിന്റെ ജോലി ഇന്നലത്തോടെ തീര്‍ന്നു. വേഗം ഓസ്‌ട്രേലിയയിലെ അമ്മൂമ്മയുടെ അടുത്തെത്താന്‍ നോക്ക്. പഠിക്കാനും വിസക്കുമുള്ള പണം ഞാന്‍ അയക്കാം. വെറുതെ വേണ്ട മിസ്റ്റര്‍... ഇടക്ക് ഞാന്‍ വരാം... എന്നെ കടല്‍ കാണിക്കാന്‍ കൊണ്ടുപോയാല്‍ മതി. നാളെ തന്നെ തുടര്‍ന്ന് പഠിക്കാന്‍ നോക്ക്.''

എയര്‍പോര്‍ട്ടിനുള്ളിലേക്ക് അവള്‍ പോയി. ചരട്പിടിച്ച കൈ ഉയര്‍ത്തി അവള്‍ വീശി.

കൈകള്‍ ഉയര്‍ത്തി വിട പറഞ്ഞ ശേഷം അവന്‍ തിരിഞ്ഞു. കൈത്തണ്ട നോക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി കിടന്ന ചരടുണ്ടാക്കിയ വെള്ളപാട്. അതില്‍ കൂടി അവന്‍ വിരലോടിച്ചു.

ഇതും അവളുടെ ഇഷ്ടം

ഫോണ്‍ ശബ്ദിച്ചു. ഏജന്റാണ്

''ഹലോ, നീ എവിടാ. എടാ വേഗം വാ പെട്ടെന്നൊരു കോള്. ബംഗളൂരു ടീമാ. പുതുവത്സരത്തിന്റെ കെട്ടുവിട്ടപ്പോള്‍ അവളുമാര്‍ക്ക് പെട്ടെന്നൊരു പൂതി.''

''പൂതി തീര്‍ക്കാന്‍ ഞാനില്ല...''- ഫോണ്‍വച്ച് അവന്‍ നടന്നു.  

Follow Us:
Download App:
  • android
  • ios