Asianet News MalayalamAsianet News Malayalam

ഭാരതിയുടെയും അമൃതിന്റെയും കഥ, ആശ എസ്. എസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ആശ എസ്. എസ് എഴുതിയ ചെറുകഥ

chilla malayalam  short story by Asha SS
Author
First Published Apr 25, 2023, 2:41 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

'ദാസര്‍ജി സ്ട്രീറ്റ്' അവസാനിക്കുന്നിടത്ത് നിന്നും നാല് ചുവട് പിന്നിലേക്ക് മാറി ഇടത്തേക്ക് തിരിഞ്ഞാല്‍ മാരിമുത്തുവിന്റെ ചെമ്പു പാത്രക്കട. അതിനോട് ചേര്‍ന്ന് കാലങ്ങളുടെ അടയാളങ്ങളും ചുമന്നുകൊണ്ട് മണ്‍സൂണ്‍ ലോഡ്ജ്. പച്ചയും നീലയും നിറമുള്ള ഭിത്തികളാണ് ആ പഴയ ലോഡ്ജിന്. നനഞ്ഞ മണ്ണില്‍ നിന്ന് തല പൊക്കി നോക്കുന്ന മണ്ണിരകളെ പോലെ ചെറിയ പുല്‍ക്കൊടികള്‍ ആ ഭിത്തികളില്‍ മുളച്ചു പൊങ്ങിയിരുന്നു. ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍, ഏറ്റവും അവസാനത്തെ മുറിയ്ക്ക് തെരുവിലേക്ക് തുറക്കുന്ന ഒരു ഇരട്ടപ്പാളി ജനാലയുണ്ട്. അതിന്റെ അഴികളില്‍ ആകാശമുല്ല പറ്റിപ്പിടിച്ചു വളരുന്നുണ്ട്. പോക്കുവെയില്‍ തണുത്തു വീഴുമ്പോള്‍ ഇളം തവിട്ട് നിറമുള്ള കിളിക്കുഞ്ഞുങ്ങള്‍  ആ ജനല്‍പ്പടികളില്‍ വന്നിരിക്കും. ആകാശമുല്ലയുടെ തളിരിലകളില്‍ ചെറുതായി കൊത്തിനോക്കും. 

എനിക്ക് ഓര്‍മയുണ്ട്, മൂന്ന് വര്‍ഷം മുമ്പ് ജോലി കിട്ടി, ഞാന്‍ ആദ്യമായി ഇവിടെ വരുമ്പോള്‍ ഈ ഭിത്തികള്‍ക്കെല്ലാം മഞ്ഞ നിറമായിരുന്നു. അതില്‍ കൂട്ടിലടച്ച കിളിയെ തുറന്നു വിട്ട് ആകാശം കാണിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമുണ്ടായിരുന്നു. അവളെ കാണുമ്പോഴെല്ലാം പണ്ട് കണ്ട രാമായണം നാടകത്തിലെ കൊച്ചുസീതയെ ഓര്‍മ വരുമായിരുന്നു. തെരുവിലേക്ക് തുറക്കുന്ന ആ ജനാല അന്ന് തുറക്കാറില്ലായിരുന്നു. തമിഴും മലയാളവും ഇടകലര്‍ന്നൊരു സങ്കരഭാഷ സംസാരിക്കുന്ന, പേരറിയാത്ത ഒരു വൃദ്ധന്‍ ആ തെരുവില്‍ അതിരാവിലെ എത്തി പ്രാവിന്‍ കൂട്ടങ്ങള്‍ക്ക് അരിമണികള്‍ കൊടുക്കാമായിരുന്നു. ഇടയ്‌ക്കൊക്കെ അയാള്‍ കയ്യിലെ പാത്രത്തില്‍ ശക്തിയായി കൊട്ടി ഉറക്കെ പാടുമായിരുന്നു. അത് ചുറ്റുമുള്ളവര്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. മണ്‍സൂണ്‍ ലോഡ്ജിലെ പല ജനാലകളും ആ വൃദ്ധന്റെ പാട്ടു കേള്‍ക്കുമ്പോള്‍ ശക്തിയോടെ അടയുമായിരുന്നു.


ആ വൃദ്ധന് മൂന്നു നേരവും ഭക്ഷണം കൊണ്ട് കൊടുക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു.
'ബുള്‍ ബുള്‍'- അതായിരുന്നു അവന്റെ പേര്. അല്ല, അവന്റെ ശരിക്കുള്ള പേര് മറ്റെന്തോ ആകാം . ഇതുവരെ അത് അവന്‍ എന്നോട് പറഞ്ഞതായോ ഞാന്‍ ചോദിച്ചതായോ ഓര്‍ക്കുന്നില്ല. ഈ തെരുവും തെരുവിലെ ജനങ്ങളും അവനെ ബുള്‍ ബുള്‍ എന്ന്  വിളിച്ചു. ആ വിളിപ്പേര് അവന്‍ കൂടെക്കൂട്ടിയെന്ന് പറയുന്നതില്‍ തെറ്റില്ല.

നിരതെറ്റിയ പല്ലുകളും വെള്ളിക്കണ്ണുകളും, ഒരല്‍പം ചെമ്പിച്ച കോലന്‍ മുടിയും, അടുത്ത് വരുമ്പോള്‍ പശുവിന്‍ പാലിന്റെ ചൂരുമുള്ള ഒരു പന്ത്രണ്ട് വയസുകാരന്‍, അതായിരുന്നു ബുള്‍ബുള്‍. അച്ഛനെക്കുറിച്ചോ അമ്മയെ കുറിച്ചോ അവന്‍ ഒന്നും പറഞ്ഞിരുന്നില്ല. അവന്‍ സ്‌കൂളില്‍ പോയിരുന്നില്ല, എങ്കിലും ഒരുപാട് പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. മണ്‍സൂണ്‍ ലോഡ്ജിന്റെ ഉടമ വാടകയില്ലാതെ ഒരു മുറി അവനായി തുറന്നു കൊടുത്തിരുന്നു എന്ന് മാത്രം അറിയാം. അവനെന്നെ ഭാരതി എന്നു വിളിച്ചു. എന്റെ ശരിക്കുള്ള പേര് ഒരിക്കല്‍ പോലും അവനെന്നോട് ചോദിച്ചിരുന്നില്ല. എനിക്ക് അത്രയേറെ പ്രിയപ്പെട്ട പുരുഷന്‍ എഴുതിയിരുന്ന തുടര്‍കഥയിലെ നായികയായിരുന്നു 'ഭാരതി'. ഭാരതിയും അവളുടെ  അമൃതും അവരുടെ പ്രണയവും. അവന്‍ എന്നെ ഭാരതിയായും എന്റെ പുരുഷനെ അമൃതായും സങ്കല്പിച്ചു. എനിക്കും അങ്ങനെ കാണാന്‍ ആയിരുന്നു ഇഷ്ടം.

അമൃത് പലപ്പോഴും പറഞ്ഞിട്ടുണ്ട്, അവന്റെ ഭാരതിക്ക് എന്റെ മുഖമാണെന്ന്, എന്നെ പോലെ നീണ്ടമുടി മെടഞ്ഞു കെട്ടി പൂവ് ചൂടുമെന്ന്, കറുത്ത വലിയ പൊട്ടു കുത്തുമെന്നു, റോഡ് വക്കിലുള്ള പുസ്തകശാലകള്‍ എല്ലാം കയറി ഇറങ്ങുമെന്ന്, പുസ്തകങ്ങളുടെ മണം ആവോളം ശ്വസിച്ച്  കണ്ണുകളടച്ചു നില്‍ക്കുമെന്ന്, അതിനേക്കാളൊക്കെ വലിയ കാര്യം എന്റെ പ്രണയത്തിനും ഭാരതിയുടെ പ്രണയത്തിനും ഒരേ ആഴമാണത്രെ. 
അമൃത് ഭാരതിയെയും ഭാരതി അമൃതിനെയും പ്രണയിച്ചു. ഋതു മാറുന്നത് അറിയാതെ, വൃദ്ധിക്ഷയങ്ങള്‍ അറിയാതെ, അഗാധമായൊരു പ്രണയം.

ഭാരതിയെ പ്രണയിക്കും പോലെ അമൃത് അക്ഷരങ്ങളെയും നിറങ്ങളെയും ഒരുപോലെ പ്രണയിച്ചു. നിറക്കൂട്ടുകളെ കുറിച്ച് പഠിക്കാന്‍ ബനാറസിലേക്ക് വണ്ടി കയറി. അത്രയേറെ ഇഷ്ടത്തോടെ ഒഴുക്കി വിട്ടൊരു കളിവഞ്ചിയുടെ പിന്നാലെ ഓടുന്ന കുട്ടിയുടെ മനസ്സോടെ ഭാരതി അവന്റെ ഓര്‍മകള്‍ക്ക് പിന്നാലെ നിശബ്ദമായി ഓടിക്കൊണ്ടിരുന്നു. 

ആ വേദനയില്‍ കഥയുടെ മൂന്നാം  ഭാഗം അവസാനിച്ചു.

കഴിഞ്ഞ മൂന്ന് അവധിക്ക് ഞാന്‍  നാട്ടില്‍ പോയപ്പോഴും കഥയുടെ ഭാഗം അമൃത് എനിക്കായി കരുതി വച്ചിരുന്നു. തിരിച്ചുള്ള തീവണ്ടിയാത്രയില്‍ ഞാന്‍ അതിലെ ഓരോ വരികളും വായിച്ചു വായിച്ചു  മനപാഠമാക്കുകയും ചെയ്തു. എനിക്കു ശേഷം ആ കഥാഭാഗം ആര്‍ത്തിയോടെ വായിച്ചിരുന്നത് ബുള്‍ ബുള്‍ ആയിരുന്നു. പന്ത്രണ്ട് വയസ്സുള്ള ഒരു കൊച്ചുകുട്ടി ഇത്രയും ശക്തിയേറിയൊരു ഭാഷ എങ്ങനെ ഗ്രഹിക്കുന്നു എന്നതോര്‍ത്ത് ഞാന്‍ അതിശയിച്ചിരുന്നു. നാട്ടിലുള്ള അമൃതിനെ കാണാന്‍ ബുള്‍ബുള്‍ ഒരുപാട് കൊതിച്ചിരുന്നു. ഓരോ അവധിക്കും ഞാന്‍ നാട്ടിലേക്കുള്ള ട്രെയിന്‍ കയറുമ്പോള്‍ ഞാനും കൂടെ വന്നോട്ടെയെന്നു നിശബ്ദമായി അവന്‍ ചോദിച്ചിരിക്കാം. ഒരിക്കല്‍ പോലും ഞാന്‍ അവനെ കൂടെ കൂട്ടിയിരുന്നില്ല. പോരുന്നോ എന്ന് ചോദിച്ചതുമില്ല. ഞാന്‍ നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ അമൃതിന്റെയും ഭാരതിയുടെയും കഥയുടെ അടുത്ത ഭാഗത്തിനായി അവന്‍ പ്ലാറ്റ്‌ഫോമില്‍   കാത്തിരുന്നു.

പെട്ടെന്നൊരു ദിവസം അവന്റെ പേരിനോട് എനിക്ക് വല്ലാത്തൊരു കൗതുകം തോന്നി. ഇത്രയും നാള്‍ അതിനെക്കുറിച്ചു ചിന്തിക്കാത്തതില്‍  എനിക്ക് അതിശയവും തോന്നി.

'ബുള്‍ബുള്‍?? എന്താ ഈ ബുള്‍ ബുള്‍?'

തിരക്കൊഴിഞ്ഞൊരു വൈകുന്നേരം അവനോടൊപ്പം വായനശാലയില്‍ ഇരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു. അവനപ്പോള്‍ പഴയ പത്രക്കെട്ടുകള്‍ കൂട്ടിക്കെട്ടുന്ന തിരക്കിലായിരുന്നു.

'ഭാരതി... ബുള്‍ബുള്‍  പക്ഷികളെ കുറിച്ച് കേട്ടിട്ടില്ലേ?'

ഞാന്‍ ഇല്ലെന്നു തലയാട്ടി.

'എന്നാല്‍ അങ്ങനെ ഒരു പക്ഷിയുണ്ട്. ഇരട്ടത്തല പോലെയാ അവര്‍ക്ക്. തലയ്ക്കു മുകളില്‍ തൂവല് കൊണ്ടൊരു കിരീടമുണ്ട്.' 

'മരംകൊത്തികള്‍ക്ക് ഉള്ളപോലെ ആണോ?'

'ആ..പക്ഷെ നിറം വേറെയാ.'

നമ്മുടെ ലോഡ്ജിന്റെ മതിലില്‍ മുമ്പ് ആ പക്ഷിയുടെ ചിത്രമുണ്ടായിരുന്നു. അവരെ പോലെ എന്റെ തലയിലും എപ്പോഴും എന്തെങ്കിലും ചുമട് കാണും. ഞാന്‍ ചുമടുമായി നടന്നു വരുമ്പോള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മതിലില്‍ ചൂണ്ടി എന്നെ പോലെയുണ്ടെന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. അങ്ങനെ കിട്ടിയ പേരാണ്.'


അവന്‍ ഒന്നു ചിരിച്ചു. എനിക്ക് ചിരിക്കാന്‍ തോന്നിയില്ല.

ശരിയാണ്, പലപ്പോഴും അവന്റെ തലയില്‍ എന്തെങ്കിലുമൊരു ചുമട് ഉണ്ടാകും. കുന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നവരുടെ ബാഗുകളോ, വീടുകളില്‍ നിന്നും ഇസ്തിരി ഇടാന്‍ വാങ്ങിയ തുണിക്കെട്ടുകളോ അല്ലെങ്കില്‍ പാല്‍പ്പാത്രമോ അങ്ങനെ എന്തെങ്കിലും..

'എനിക്ക് ആ കഥ ഒന്നുകൂടി വായിക്കാന്‍ തരോ? അടുത്ത ഭാഗം കിട്ടും വരെ വെറുത വായിക്കാന്‍?'

'അതിനെന്താ... നീ വായിച്ചോ..'

ഞാന്‍ ആ കടലാസ്സ് കെട്ട് അവന് നേരെ നീട്ടി. അമൂല്യമായൊരു സമ്മാനം വാങ്ങും പോലെ രണ്ടു കയ്യും നീട്ടി അവനത് വാങ്ങി ആര്‍ത്തിയോടെ വായിക്കാന്‍ തുടങ്ങി.

എനിക്ക് അവനോട് കാരണങ്ങളൊന്നുമില്ലാതെ ഒരു വാത്സല്യം തോന്നി.

'ഞാന്‍ വൈകുന്നേരം നടക്കാന്‍ പോകുന്നുണ്ട്. നീ പോരുന്നോ?'

ഞാന്‍ അവനോട് ചോദിച്ചു. അവനത് ഉത്സാഹത്തോടെ സ്വീകരിച്ചു.

അന്ന് വൈകുന്നേരം ദാസര്‍ജി തെരുവിലെ ഇടുങ്ങിയ വഴികള്‍ കടന്ന് ഞങ്ങള്‍ ദൂരേക്ക് നടന്നു. ആ യാത്രയില്‍ അവന്‍ എനിക്ക് അവന്‍ വായിച്ച പുസ്തകത്തിലെ ശ്രീപാര്‍വതിയുടെയും മരപ്പണിക്കാരന്റെയും കഥ പറഞ്ഞു തന്നു.സുബ്രമണ്യ ഭാരതിയാരുടെ കവിത ഈണത്തില്‍ പാടിത്തന്നു.

അമൃതിന്റെയും ഭാരതിയുടെയും കഥ അത്രയേറെ ഇഷ്ടമാണെന്ന് അവന്‍ പല ആവര്‍ത്തി പറഞ്ഞു കൊണ്ടിരുന്നു. ഭാരതിയെ തനിച്ചാക്കി പെയിന്റിംഗ് പഠിക്കാന്‍ ബനറസിലേക്ക് പോയ അമൃതിനോട് അവന് നീരസമുണ്ടായിരുന്നു.

ആ ചെറിയ യാത്രയില്‍ ഞാന്‍ അവന്റെയും അവന്‍ എന്റെയും ശരിക്കുള്ള പേര് മനസ്സിലാക്കി. 'മണി'  അതായിരുന്നു അവന്റെ ശരിക്കുള്ള പേര്. ഇനി ഒരിക്കലും അവനെ  ബുള്‍ബുള്‍ എന്ന് വിളിക്കില്ലെന്ന് ഞാന്‍ അവന് വാക്കു നല്‍കി. അവന് ഞാന്‍ അപ്പോഴും ഭാരതി തന്നെ ആയിരുന്നു.

അടുത്ത ദിവസം ഞാന്‍ നാട്ടിലേക്കു പോകുമെന്ന് പറഞ്ഞപ്പോള്‍ കഥയുടെ അടുത്ത ഭാഗം വായിക്കാന്‍ അവന്‍ കാത്തിരിക്കുകയാണെന്ന് ആ മനുഷ്യനോട് പറയണമെന്ന് അവന്‍  ഓര്‍മിപ്പിച്ചു.

അന്ന് നാട്ടിലേക്ക് തീവണ്ടി കയറുമ്പോള്‍ നല്ല മഴയായിരുന്നു. അമൃതിനെ കാണാനും ബനാറസിലേക്ക് പോയ കഥനായകന്‍ അമൃത്, ഭാരതിയെ കാണാന്‍ തിരികെ എത്തിയോ എന്നുമറിയാനും ഞാന്‍ വല്ലാതെ തിടുക്കം കൂട്ടിയിരുന്നു.

വീടെത്തിയിട്ടും മഴ തോര്‍ന്നില്ല.  എന്റെ അമൃത് മരിച്ചു പോയെന്ന് പലരും പറയുന്നുണ്ട്. ഇല്ലാ,  അതൊരു നുണയായിരിക്കുമെന്ന്  ഞാന്‍ ഉരുവിട്ടുകൊണ്ടിരുന്നു. അപ്പോഴും പുറത്ത് നല്ല  മഴയായിരുന്നു. ആ രാത്രി ആരോടും പറയാതെ ഞാന്‍ അമൃതിന്റെ വീട്ടിലേക്കു പോയി. അവന്റെ മുറിയില്‍ ചെന്നു നോക്കി. കണ്ണുകളടച്ച്, ഒരിക്കലും തീരാത്ത ഒരു സ്വപ്നം കണ്ടു കിടക്കും പോലെ പുഞ്ചിരിച്ചുകൊണ്ട് അവന്‍ മരിച്ചു കിടക്കുന്നു. മഷിയും മരണവും കൂടിക്കലര്‍ന്നൊരു മണം ആ മുറിയാകെ പടര്‍ന്നിരിക്കുന്നു. ഞാന്‍ കരഞ്ഞില്ല. ഉള്ള് വല്ലാതെ പൊള്ളുന്നുണ്ടായിരുന്നു. അമൃതിന്റെയും ഭാരതിയുടെയും കഥയുടെ പൂര്‍ത്തിയാക്കാത്ത അവസാന ഭാഗം മേശമേല്‍ അനാഥമായി കിടക്കുന്നുണ്ട്..

പുതുമഴയ്ക്ക് ശേഷം മണ്ണില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന ഈയാംപാറ്റകളെ പോലെ തടിച്ചു കൂടിയ ആള്‍ക്കൂട്ടം പതിയെ പതിയെ പോയൊഴിഞ്ഞു. ഞാനും ചുവരുകളും ഓര്‍മകളും മാത്രം ബാക്കിയായി..

മഴ പതിയെ തോര്‍ന്നു, എന്നിട്ടും മരണത്തിന്റെ മണം മാറിയില്ല. തിരികെ തീവണ്ടി കയറുമ്പോള്‍ ഞാന്‍ പുതുതായി ഒന്നും കൂടെ കരുതിയില്ല. മണിയ്ക്ക് വായിക്കാന്‍  പുതിയൊരു കഥാപുസ്തകം വാങ്ങണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

തീവണ്ടിയുടെ ചൂളം വിളിക്കൊപ്പം ആ മുറിയിലെ മരണത്തിന്റെ മണം അപ്പോഴും എന്നെ പിന്തുടരും പോലെ എനിക്ക് തോന്നി..

തീവണ്ടി ദൂരങ്ങള്‍ താണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഇരുട്ടും വെളിച്ചവും മാറി മാറി വന്നു. ദാസര്‍ജി സ്ട്രീറ്റിലേക്കുള്ള ഇടുങ്ങിയ വഴികള്‍ ജനാലക്കമ്പികള്‍ക്ക് ഇടയിലൂടെ എനിക്ക് വ്യക്തമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ കാത്തു നില്‍ക്കുന്ന മണി എന്നെ കണ്ടപ്പോള്‍ തന്നെ ഓടിയടുത്തു.

'ഭാരതി... കഥയുടെ ബാക്കി എവിടെ?'

ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ മൗനം അവനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു.

ബനാറസില്‍ പോയ അമൃത് തിരിച്ചു വന്നോ? ഭാരതിയെ കല്യാണം കഴിച്ചോ?'-അവന്‍ കിതച്ചുകൊണ്ട് ചോദിച്ചു.

'ഇല്ലാ... അമൃത് ഭാരതിയെ തനിച്ചാക്കി പോയി'-അവന്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ച് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

'അപ്പൊ....അമൃത് ഇനി ഒരിക്കലും വരില്ലേ?'

ഞാന്‍ കണ്ണു നിറച്ചുകൊണ്ട് ഇല്ലെന്നു തലയാട്ടി.

ഞാന്‍ അവന്റെ മുടിയില്‍ തലോടി. അവന് എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

'നീ.. ഭാരതിയുടെയും അമൃതിന്റെയും കഥ മറന്നേക്കൂ...നിനക്ക് ഞാന്‍ വേറെ പുസ്തകം വാങ്ങി തരാം.' 

അവന്‍ ഒന്നും മിണ്ടിയില്ല..

ദാസര്‍ജി സ്ട്രീറ്റിലെ ഇടുങ്ങിയ വഴികളിലൂടെ നീങ്ങുമ്പോഴും മണ്‍സൂണ്‍ ലോഡ്ജിലെ അവസാനത്തെ നമ്പര്‍ മുറിയിലേക്ക് പോകുമ്പോഴും ഞാനും അവനും ഒന്നും മിണ്ടിയതേയില്ല.

Follow Us:
Download App:
  • android
  • ios