Asianet News MalayalamAsianet News Malayalam

Malayalam Short Story : തണുപ്പ്, ആശ എസ്. എസ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആശ എസ്. എസ് എഴുതിയ ചെറുകഥ

chilla malayalam  short story by Asha SS
Author
First Published Nov 27, 2023, 6:14 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Asha SS
 

'എനിക്കു കാവലായ എന്റെ തെരുവുവിളക്കുകളേ, എനിക്കു മാപ്പു തരിക. 
ഇനി നിങ്ങളെന്റെ രാത്രികള്‍ക്ക് വെളിച്ചമാകേണ്ടതില്ല.'

'എന്നെ മാറോടു ചേര്‍ത്ത എന്റെ വഴിയോരങ്ങളെ, എനിക്ക് മാപ്പു തരിക. 
ഇനി നിങ്ങളെന്റെ  ഉടലിന്റെ തണുപ്പകറ്റേണ്ടതില്ല. 
ആത്മാവ് ഉപേക്ഷിച്ച ശരീരമാണിന്ന് ഞാന്‍.'

നിശബ്ദമായ ആകാശത്തിന് കീഴെ കൈകള്‍ ഉയര്‍ത്തി നിന്ന് ഡേവിഡ് ഉറക്കെയുറക്കെ വിളിച്ചു കൂവി.  കുടുക്ക് പൊട്ടിയ കോട്ടിന്റെ മടക്കിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന കുറ്റിബീഡി കത്തിച്ച് അയാള്‍ വിറച്ചു കൊണ്ട് മുകളിലേക്ക് പുകയൂതി. കറ പിടിച്ച അയാളുടെ താടിരോമങ്ങള്‍ക്ക് ഇടയിലൂടെ തണുത്ത കാറ്റ് അരിച്ചിറങ്ങി അയാളുടെ താടിയെല്ലുകളെ  കൂട്ടിമുട്ടിച്ചുകൊണ്ടിരുന്നു. േവനല്‍മഴയ്ക്ക് ശേഷം മണ്‍ഭിത്തി കുത്തിപ്പൊളിച്ചു പുറത്ത് വന്ന മഴപ്പാറ്റകള്‍ തെരുവുവിളക്കിന് കീഴെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. കൂട്ടം തെറ്റിപ്പോയ ഉറുമ്പ് വഴി തിരയും പോലെ അയാള്‍ ഭ്രാന്തമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ചവറ്റു വീപ്പയ്ക്ക് പിന്നിലാണ് അയാള്‍ ദീദിയെ കണ്ടത്. ശോഷിച്ചു പോയ മാറിടത്തിനു മുകളില്‍ എഴുന്നേറ്റു നില്‍ക്കുന്ന എല്ലുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു. കഴുത്തിലും കൈയിലും  ചവച്ചു തുപ്പിയ ചോരപ്പാടുകള്‍. നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന് കീഴെ തണുത്തുറഞ്ഞ വിറകുകൊള്ളി പോലെ ദീദി കാര്‍മേഘങ്ങളെ നോക്കി കിടന്നു. അവസാനമായി അവരെന്താകും ഓര്‍ത്തിട്ടുണ്ടാകുക. ദാസര്‍ജി സ്ട്രീറ്റില്‍ നാളെ അവരെ കാത്തിരിക്കുന്ന മീന്‍ ചൂരുള്ള കുട്ടികളെ കുറിച്ചോ, ചന്തയിലേക്കുള്ള ഒറ്റ വഴിയില്‍ വലിച്ചെറിയുന്ന നാണയത്തുട്ടുകളെ എണ്ണിത്തിട്ടപെടുത്തുന്ന ചെരുപ്പ് കുത്തികളെ കുറിച്ചോ? 

അറിയില്ല. ഒരുപക്ഷെ അവരുടെ ഓര്‍മ്മകള്‍ തന്നെ മരവിച്ചു പോയിട്ടുണ്ടാവാം.

ഡേവിഡിന് ദീദി എന്നാല്‍ ചലിക്കുന്ന ഒരു ഭക്ഷണശാല മാത്രമായിരുന്നു. ചേര്‍ന്നിരുന്നിട്ടും പൊട്ടിപ്പോകുന്ന ചങ്ങലക്കണ്ണികളാണ് മനുഷ്യനും മനുഷ്യബന്ധങ്ങളുമെന്ന് അനുഭവങ്ങള്‍ തലച്ചോറിലേക്ക് വിഷസൂചി കൊണ്ട് കുത്തിവച്ചത് കൊണ്ടാവും അയാള്‍ ദീദിയോട് മിണ്ടാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. രാവുണരുമ്പോള്‍ ഡേവിഡ് മുഷിഞ്ഞ  കുപ്പായക്കീശയില്‍ അവശേഷിക്കുന്ന നാണയത്തുട്ടുകളുമായി മദ്യശാലയിലേക്ക് പോകും. എണ്ണിപ്പെറുക്കിയാല്‍ പത്തോ പതിനൊന്നോ രൂപയുണ്ടാകും. അതില്‍ കൂടുതല്‍ ഒരിക്കല്‍ പോലും ഉണ്ടാകാറില്ല. എങ്കിലും അയാള്‍ ആവോളം മോന്തിക്കുടിച്ച് കടം പറയും. മീന്‍ ചന്തയിലേക്ക് പോകുന്ന ഒറ്റവഴിയില്‍ ചെരുപ്പുകുത്തികളോടൊപ്പം ചമ്രം പിണഞ്ഞിരുന്ന് അയാള്‍ പഴയ ഹിന്ദി ഗാനങ്ങള്‍ പാടും.

'പല്‍ പല്‍ ദില്‍ കേ പാസ്
തും രെഹ്തി ഹോ...
ജീവന്‍ മേ ഥി പ്യാസ് 
യെ കഹ്തി ഹോ'

കിഷോര്‍ കുമാറിന്റെയും മന്നാഡേയുടേയും ഹേമന്ത് കുമാറിന്റെയും പാട്ടുകള്‍ ആ ഒറ്റ വഴിയില്‍ പതിഞ്ഞ സ്വരത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കും. ഒരുപാട് മനുഷ്യരുടെ ഒച്ചകള്‍ക്കിടയില്‍ മുങ്ങി മുങ്ങി പലപ്പോഴും അയാളുടെ ഒച്ച ആഴങ്ങളിലേക്ക് ഊളിയിട്ടു പോയതുകൊണ്ടാവാം ചില നേരത്തൊന്നും ഡേവിഡിന്റെ ഒച്ച ആരും കേട്ടിരുന്നില്ല. കേട്ടവരും കേട്ടതായി നടിച്ചിരുന്നില്ല. അന്തി മയങ്ങുമ്പോള്‍ തൂവാലക്കെട്ടില്‍ പൊതിഞ്ഞ നാണയത്തുട്ടുകളുമായി അയാള്‍ വീണ്ടും മദ്യശാലയിലേക്ക് പായും. രാവിലത്തെ കടം വീട്ടും. വീണ്ടും മതിയാവോളം കുടിക്കും. ചിലപ്പോള്‍ മേശമേല്‍ തല ചായ്ച്ചു മയങ്ങിപ്പോകും. വെയിലാറി തണുക്കുമ്പോള്‍ കൈയിലൊരു ഭക്ഷണപ്പൊതിയുമായി വരുന്ന ദീദിയല്ലാതെ മറ്റാരും ആ മനുഷ്യന്‍ ഉണ്ടോ ഉറങ്ങിയോന്ന്  തിരക്കിയിരുന്നില്ല.  

ദീദി, ആ തെരുവോരങ്ങളില്‍ ഉന്തുവണ്ടിയും തള്ളി മസാല ചായ വില്‍ക്കും. മുഷിഞ്ഞ സാരിത്തലപ്പു കൊണ്ട് എത്ര തുടച്ചാലും അവരുടെ നെറ്റിത്തടത്തിലെ വിയര്‍പ്പുണങ്ങില്ല. രാവിരുട്ടും വരെ വണ്ടിയുന്തി ദീദിയുടെ കൈകള്‍ വിറകു കൊള്ളി പോലെ ശോഷിച്ചു പോയിരുന്നു. അവരുടെ കൈകളില്‍ ചുവന്ന തീനാളങ്ങള്‍ മുത്തിച്ചുവപ്പിച്ച കറുത്ത പാടുകളുണ്ട്.

തണുപ്പേറ്റ് മരവിച്ചു പോയൊരു വൈകുന്നേരം മദ്യശാലയില്‍  ഡേവിഡിന്റെ സീറ്റിനു മുന്നില്‍ ചെമ്പിച്ച മുടിയും തള്ളവിരലില്‍ മാത്രം കൂര്‍ത്ത് നീണ്ട നഖവുമുള്ള  ഒരു  ചെറുപ്പക്കാരന്‍ വന്നിരുന്നു . അവന്റെ പുരിക തുമ്പുകളിലെല്ലാം  വിയര്‍പ്പു പടര്‍ന്നിരുന്നു. വന്നപാടെ അവന്‍ ഡേവിഡിനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

'നിങ്ങള്‍ അല്ലേ ഡേവിഡ്..? ഞാന്‍ നിങ്ങളുടെ പാട്ട് കേള്‍ക്കാറുണ്ട്.  എന്തുകൊണ്ടോ എനിക്ക് നിങ്ങളുടെ പാട്ട്  ഇഷ്ടമല്ല. പക്ഷേ,നിങ്ങളെ എനിക്ക് ഇഷ്ടമാണ്. ഒരു മനുഷ്യനോട് ഇഷ്ടക്കേട് തോന്നാന്‍ വിധം കുറ്റങ്ങളൊന്നും നിങ്ങളിലില്ലെന്ന് തോന്നിയത് കൊണ്ടാവും നിങ്ങളെ എനിക്ക് ഇഷ്ടമാണ്.'

ഡേവിഡ് ഒന്നും മിണ്ടിയില്ല. വയറു വീര്‍ത്ത കോട്ടിന്റെ കീശയില്‍ ഇടം കിട്ടാതെ ഞെരുങ്ങിയിരിക്കുന്ന വാസനപ്പാക്കും പുകയിലയും പുറത്തെടുത്ത്  അയാള്‍ നാണയത്തുട്ടുകള്‍ക്കായി പരതി. ആ ചെറുപ്പക്കാരന്‍ വിയര്‍പ്പ് പൊടിഞ്ഞു നനഞ്ഞൊട്ടിയ നോട്ടുകള്‍ ഡേവിഡിനു നേരെ നീട്ടി.

'നിങ്ങള്‍ക്ക് ആരുമില്ലേ?'

ആ ചെറുപ്പക്കാരന്‍ ഒരു സിഗരറ്റ് പുകച്ചു മുകളിലേക്ക് ഊതിക്കൊണ്ട് ചോദിച്ചു.

'ഇല്ല..'

'അതെന്താ'

'ഞാന്‍ മനുഷ്യ ബന്ധങ്ങളെ ഭയക്കുന്നു. സ്‌നേഹിക്കുന്നതും  സ്‌നേഹിക്കപ്പെടുന്നതും എനിക്ക് ഭയമാണ്.. സ്‌നേഹം എനിക്ക് ഒരു ഭാരമാണ്.' 

ഡേവിഡ് ആ നോട്ടുകള്‍ എണ്ണിക്കൊണ്ടിരുന്നു.

'ഞാന്‍ ഈ പ്രപഞ്ചത്തെയും പ്രപഞ്ചത്തിന്റെ അവകാശികളെയും സ്‌നേഹിക്കുന്നു. ദുഷ്ടന്‍മാരില്‍ പോലും ഒരല്‍പം നന്മയുടെ പൊടിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡേവിഡ്... നിങ്ങളിലും ആ നന്മയുടെ അവസാന തുള്ളി അവശേഷിക്കുന്നുണ്ടാവും.'

ഡേവിഡ് ഗ്ലാസ്സിലെ അവസാന തുള്ളിയും മോന്തിക്കുടിച്ച് ടേബിളിലേക്ക് മറിഞ്ഞു. അയാളുടെ മെലിഞ്ഞുണങ്ങിയ കൈവിരലുകള്‍ക്ക് ഇടയില്‍ ഇരുന്ന്  നോട്ടുകള്‍ക്ക് ശ്വാസം മുട്ടി. നിറം മങ്ങിയ തോല്‍ത്തൊപ്പി തപ്പിയെടുത്ത് തലയില്‍ വച്ച് അയാള്‍ നില തെറ്റി നടന്നു. മദ്യം മത്ത് പിടിപ്പിച്ച കാഴ്ചയെ ശപിച്ചു കൊണ്ട് അയാള്‍ ചുവടുറപ്പിക്കാനാകാതെ  വീണു. ചെമ്പന്‍ മുടിയുള്ള ആ ചെറുപ്പക്കാരന്‍ ഡേവിഡിനെ താങ്ങിപ്പിടിച്ചു നടന്നു.

'നാളെയും നിങ്ങള്‍ പാടുമോ?'

'ഒരു ദിവസം പാടിയാല്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും?'

'നിങ്ങള്‍ പണം സൂക്ഷിക്കാറുണ്ടോ?'

ആ ചെറുപ്പക്കാരന്‍ ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. മദ്യം ശ്വസിച്ചു മയക്കത്തിലേക്ക് വീണ ഡേവിഡിന്റെ തലച്ചോറിന് ഉത്തരം പറയാനുള്ള ത്രാണിയില്ലായിരുന്നു.

ദീദിയുടെ മസാല ചായക്കടയിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് കൈ ചൂണ്ടി അയാള്‍ പിറുപിറുത്തു. തെരുവു വിളക്കുകള്‍ മടിച്ചു കത്തിക്കൊണ്ടിരുന്നു. തണുപ്പ് ഒരു ഇഴജന്തുവിനെ പോലെ  അവരുടെ കൈയിലേക്കും  മാറിലേക്കും ഇഴഞ്ഞു കയറി. ദീദിയുടെ മസാലചായക്കടയുടെ തുണിമറ തല കീഴായി തൂങ്ങിയ വവ്വാല്‍ കൂട്ടം പോലെ ഇരുട്ടില്‍ തലപൊക്കി നിന്നു. ദീദി ഉറങ്ങിയിരുന്നു. തുണി മറകള്‍ക്ക് പിന്നില്‍, ചായക്കോപ്പകള്‍ക്ക് അരികെ അവര്‍ ഒരു വിറകുകൊള്ളി പോലെ ചരിഞ്ഞു കിടന്നു. ഇരച്ചു കയറുന്ന തണുപ്പിനൊപ്പം അവരുടെ കാലുകളില്‍ അസഹനീയമായൊരു വേദന ഇഴഞ്ഞു കയറിക്കൊണ്ടിരുന്നു. അവരുടെ ചുരുണ്ട മുടിക്കെട്ടുകള്‍ വലിഞ്ഞു മുറുകി, തല പൊട്ടിപൊളിയുന്ന വേദനയോടെ അവര്‍ അലറാന്‍ തുടങ്ങി. മുടിക്കെട്ടുകള്‍ക്കിടയിലേക്ക് തുളഞ്ഞിറങ്ങിയ കരിങ്കല്‍ ചീളുകളില്‍ തട്ടി ദീദിയുടെ കൈവളകള്‍ പൊട്ടിച്ചിതറി. ചുവന്ന തീ മുത്തിച്ചുവപ്പിച്ച കറുത്ത പാടുകള്‍ വീണ്ടും ചുവന്നു. അവര്‍ നിലവിളിച്ചില്ല. നിലവിളിക്കാന്‍ ആകാത്ത വിധം അവര്‍ മരവിച്ചു പോയിരുന്നു. മടിച്ചു കത്തിയ തെരുവിളക്കുകള്‍ പതിയെ അണഞ്ഞു.

ഡേവിഡ്  തെരുവ് വിളക്കുകള്‍ക്ക് കീഴെ, ഇരുട്ടില്‍ കണ്ണുകള്‍ തുറന്ന് മലര്‍ന്നു കിടന്നു. അയാളും ദീദിയെ പോലെ മരവിച്ചു പോയിരുന്നു. മണ്‍പുറ്റുകള്‍ തുളച്ച്  പുറത്ത് വന്ന മഴപ്പാറ്റകള്‍ ദീദിക്കു ചുറ്റും വട്ടം പറന്ന് ചിറകൊടിഞ്ഞു വീണു. രാത്രിയിലും ഇരപിടിക്കുന്ന ഉറുമ്പുകള്‍ മഴപ്പാറ്റകളുടെ നനഞ്ഞ മേനിയില്‍ കൊമ്പ് കുത്തി. ദീദിയുടെ തണുത്ത മാറിടങ്ങളില്‍ മഴപ്പാറ്റകള്‍ വീണ്ടും വീണ്ടും ശ്വാസമില്ലാതെ പിടഞ്ഞു വീണു.

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios