Asianet News MalayalamAsianet News Malayalam

ഹ്യൂഗോസ് ഗ്രോത്തിയസ്, ആഷിര്‍ സുല്‍ത്താന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ആഷിര്‍ സുല്‍ത്താന്‍ എഴുതിയ ചെറുകഥ

chilla malayalam  short story by  Ashir Sulthan
Author
First Published Apr 20, 2023, 6:15 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

എന്നെ തനിച്ചു കിട്ടുന്ന സന്ദര്‍ഭങ്ങളില്‍, ലൈബ്രറിയിലെ പുസ്തക ഉപദേശകനായ മാര്‍ക്കസ് അരികില്‍ വന്ന് സംസാരിക്കാറുണ്ടായിരുന്നു. അതെനിക്കും പ്രിയങ്കരമായ മുഹൂര്‍ത്തങ്ങളായിരുന്നു. അതിനു വേണ്ടി ഞാന്‍ അവിടെയുള്ള സന്ദര്‍ശനങ്ങള്‍ അധികവും ഒറ്റയ്ക്കായിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ സംസാരത്തില്‍ അക്ഷരങ്ങളും  പുസ്തകങ്ങളും കഥാകാരന്‍മാരുമായിരുന്നു മുഖ്യമായ വിഷയങ്ങള്‍.

മാര്‍ക്കസിന്റെ പുസ്തകങ്ങളോടുള്ള അടങ്ങാത്ത പ്രണയവും, അപാരമായ പാണ്ഡിത്യവും എന്നില്‍ ആശ്ചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഞാന്‍ വായിച്ച അധികം പുസ്തകങ്ങളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. 'നീയത് നിര്‍ബന്ധമായും വായിച്ചിരിക്കണം' എന്ന താക്കീതിന്റെ രൂപത്തിലായിരിക്കും ചിലപ്പോഴൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍, അങ്ങനെ വായിച്ച പുസ്തകങ്ങള്‍ ഞാന്‍ ഹൃദയത്തില്‍ സുവര്‍ണ്ണ ലിപിയാല്‍ കൊത്തിവെച്ചിട്ടുണ്ട്.

ഇന്നദ്ദേഹം രണ്ട് കപ്പില്‍ കോഫിയുമായിട്ടാണ് ഞാനിരിക്കുന്ന മേശക്കരികില്‍ വന്നത്. ഒരു കപ്പ് എന്റെ നേര്‍ക്ക് നീട്ടിക്കൊണ്ട് അദ്ദേഹം കസേരയിലിരുന്നു. 

ചൂടുള്ള കാപ്പി ഞാന്‍ ഊതിയൂതി കുടിച്ചു. കാപ്പിയുടെ രുചി സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായതു കൊണ്ട് ഞാനദ്ദേഹത്തിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി. നീണ്ട നരച്ച താടിയില്‍ തടവിക്കൊണ്ട് ചെറുപുഞ്ചിരിയോടെ പറഞ്ഞു. 

തുര്‍ക്കിഷ് കോഫി, ഉണര്‍വ്വിന് നല്ലതാണ്  വായിക്കുമ്പോള്‍ കടന്നു വരുന്ന വിരസതയുടെ നിമിഷങ്ങളില്‍ നമ്മളറിയാതെ വരുന്ന മയക്കത്തിനെതിരെയിത് പൊരുതി നില്‍ക്കും.

ഞാന്‍ രണ്ട് മൂന്ന് കവിളുകള്‍ കുടിച്ചതിനു ശേഷം കപ്പ് മേശ പുറത്തു വെച്ചു . അസാധ്യമായ കയ്പ്പായിരുന്നെങ്കിലും ഒരുത്തേജകം വന്നതു പോലെ തോന്നി. 

നീയേതു പുസ്തകമാണ്  വായിക്കുന്നത്..?

ചിത്രകാരന്‍മാരുടെ ചരിത്രം പറയുന്ന ഒരു പുസ്തകമായിരുന്നു എന്റെ കൈയ്യില്‍. അതിന്റെ പുറം ചട്ട ഞാനദ്ദേഹത്തിന് കാണിച്ചു കൊടുത്തു.

The God of Nature. 

പുസ്തകത്തിന്റെ പേര് വായിച്ചതിന് ശേഷം, പുറംചട്ടയിലുള്ള ചിത്രം സൂക്ഷമതയോടെ വീക്ഷിച്ച് അദ്ദേഹമൊന്ന് പുഞ്ചിരിച്ചു. കോഫി മുഴുവനും കുടിച്ച് കപ്പ് മേശപ്പുറത്തു വെച്ചിട്ട് എന്നോട് വീണ്ടും ചോദിച്ചു.

പ്രകൃതിയുടെ ദൈവം ആരാണെന്നറിയുമോ? എല്ലാം ദൈവവും ഒന്നല്ലേ?

എന്റെ മറുചോദ്യത്തിന്, ചിന്തിക്കാതെ തന്നെ അദ്ദേഹം ഉത്തരം പറഞ്ഞു. 

പ്രകൃതിയുടെ ദൈവം ചിത്രകാരന്റെ വിരലുകളാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പ്രകൃതി ഭംഗി ചിത്രകാരന്റെ ക്യാന്‍വാസിലാണ്. അങ്ങനെയാകുമ്പോള്‍ പ്രകൃതിക്ക് ദൈവം ചിത്രകാരന്റെ  വിരലുകള്‍ തന്നെയല്ലേ?

അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ വളരെ വിചിത്രമാണ്, ചിന്തിക്കാന്‍ വക നല്‍കുന്നത്.

ചെറിയ കണ്ണുകളുരുട്ടി, താടി തടവിക്കൊണ്ട് അദ്ദേഹത്തിന്റെ വശ്യമായ ശൈലിയില്‍ പറഞ്ഞു.

'ഹ്യൂഗോസ് ഗ്രോത്തിയസിനെ പറ്റി നീ കേട്ടിട്ടുണ്ടോ..?'

'ഇല്ല, ഈ പേരു കേള്‍ക്കുന്നതു തന്നെയാദ്യമാണ്.'

'കാലം എത്ര കഴിഞ്ഞിട്ടും സൗന്ദര്യത്തിന് ഒരു മങ്ങലുമേക്കാത്ത പ്രൗഢയായ സുന്ദരി. ആരു കണ്ടാലും മോഹിച്ചു പോകുന്ന ആ സൗന്ദര്യത്തിന് ഇന്നും കനത്ത കാവലാണ്.' 

'അവള്‍ ജീവിച്ചിരിക്കുന്നുവോ..?' 

'ഉം... പാരീസിലെ ഒട്ടോണിയന്‍ മ്യൂസിയത്തില്‍, പ്രായം അഞ്ഞൂറിന് മുകളില്‍'

'അവള്‍ വെറും ഛായാചിത്രമാണല്ലെ ..?'

വെറുമൊരു ചിത്രമെന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കേണ്ട , ജീവിച്ചിരിക്കുന്ന ചിത്രമെന്ന് (Living picture ) ചരിത്രകാരന്‍മാര്‍ ഇതിഹാസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷെ മോണാലിസയുടെ ചിത്രത്തിന്റെ നിഴലിലൊളിക്കേണ്ടി വന്ന ഹതഭാഗ്യയാണ് ഹ്യൂഗോസ് ഗ്രോത്തിയസ്. അത് കൊണ്ട് വളരെ കുറച്ചാണ് പുറംലോകത്ത് ഇവള്‍ അറിയപ്പെട്ടത്. മദ്യശാലകളുടെ അരണ്ട വെളിച്ചത്തില്‍ നിന്ന് പലരും അടക്കം പറയാറുണ്ടായിരുന്നുപോലും, മോണാലിസയേക്കാള്‍ സുന്ദരി ഹ്യൂഗോസ് ഗ്രോത്തിയസാണെന്ന്.

'ഇതും ഡാവിഞ്ചിയുടെ തന്നെ ചിത്രമാണോ ..?' 

'ആ ചിത്രം വരച്ചത് ആരാണെന്ന സത്യം വൈകിയാണ് ലോകമറിയുന്നത്. ഈ ചിത്രത്തിന് ഒരു ചരിത്രമുണ്ട്,  നീ കേള്‍ക്കാന്‍ തയ്യാറുണ്ടോ..?'

'ഈ ചോദ്യത്തിന് പ്രസക്തിയില്ല, മിസ്റ്റര്‍ മാര്‍ക്കസ്'

'ഉം, എങ്കില്‍ വരു നമുക്ക് ഉദ്യാനത്തില്‍ പോയിരിക്കാം.'

വായിച്ചിരുന്ന പുസ്തകം അലമാരയില്‍ തിരികെ വെച്ച് ഞാന്‍ മാര്‍ക്കസിന്റെ കൂടെ ഉദ്യാനത്തിലേക്ക് നടന്നു. 

ലൈബ്രറിക്ക് പുറത്തുള്ള ഉദ്യാനത്തിന്റെ ഒഴിഞ്ഞ കോണിലെ മരബെഞ്ചില്‍ ഞങ്ങളിരുന്നു. ഇടവിട്ട് ഒഴുകി വരുന്ന കാറ്റിന് ലില്ലി പൂക്കളുടെ സുഗന്ധം. ലൈബ്രറിയില്‍ വന്ന സന്ദര്‍ശകരുടെ കുട്ടികള്‍ ഉദ്യാനത്തിന്റെ പുല്‍മൈതാനിയില്‍ കളിക്കുന്നു. ശബ്ദകോലഹങ്ങളില്‍ നിന്നു മാറി ദുരെയിരുന്ന് ചിലര്‍ പുസ്തക വായിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നെല്ലാം ചിന്തകളെ അടര്‍ത്തി മാറ്റി ഞാന്‍ മാര്‍ക്കസില്‍ മാത്രം ശ്രദ്ധിച്ചു. മര്‍ക്കസ്, ഹ്യൂഗോസ് ഗ്രോത്തിയസിന്റെ പിറവിയുടെ കഥ പറയുവാന്‍ തുടങ്ങി. 

ഒട്ടോണിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ച ആ ചിത്രത്തിന് തുടക്കത്തിലെ ഒരുപാട് കാഴ്ച്ചക്കാരുണ്ടായിരുന്നു, പക്ഷെ അത്  വരച്ചയാളുടെ പേരുവിവരങ്ങള്‍ അവിടെ ആലേഖനം ചെയ്യപ്പെട്ടില്ല. ഇതിന്റെ കാരണം പലരും ചോദിച്ചെങ്കിലും കൃത്യമായ ഒരുത്തരം നല്‍കാന്‍ മ്യൂസിയം അതികൃതര്‍ക്ക് കഴിഞ്ഞില്ല. കാരണം ആ ചിത്രം അവര്‍ക്ക് കിട്ടിയത് ഒരു ഭ്രാന്താലയത്തിന്റെ സമീപമുള്ള മരപ്പൊത്തില്‍ നിന്നായിരുന്നു. 

ആ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ചായക്കൂട്ടിന് പ്രത്യേക തരം സുഗന്ധമായിരുന്നു. അതായിരുന്നു എല്ലാവരെയും ആകര്‍ഷിച്ച പ്രധാന ഘടകം. ആ ചായക്കൂട്ടിന്റെ രഹസ്യം മനസിലാക്കാന്‍ പല ഗവേഷകരും ചിത്രത്തില്‍ നിന്നും ചായക്കൂട്ടിന്റെ അംശങ്ങളെടുത്ത് പരീക്ഷണം നടത്തിയിരുന്നു. പക്ഷെ അവര്‍ക്കതിന്റെ രഹസ്യം കൃത്യമായി നിര്‍വ്വചിക്കാന്‍ കഴിഞ്ഞില്ല. ഹ്യൂഗോസ് ഗ്രോത്തിയസിന്റെ ചിത്രം ഓട്ടോണിയന്‍ മ്യൂസിയത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയ സമയത്താണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ സംഭവം നടക്കുന്നത്.

ലൈബ്രറിയുടെ ഉദ്യാനത്തില്‍ വെച്ച് മാര്‍ക്കസിന്റെ വിവരണം കേള്‍ക്കുമ്പോള്‍, ആ ലോകത്ത് ഞങ്ങള്‍ രണ്ടു പേരും മാത്രമാണെന്ന ഉറച്ച നിര്‍വൃതിയിലായിരുന്നു ഞാന്‍. മാര്‍ക്കസ് സിഗാര്‍ കത്തിക്കാനെടുത്ത ഒരു ചെറിയ ഇടവേളയില്‍ മാത്രമാണ് ഞാന്‍ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചതു തന്നെ. സന്ദര്‍ശകര്‍ പകുതിയിലധികവും പോയി കഴിഞ്ഞിരുന്നു. ഉദ്യാനത്തിന്റെ നീണ്ട നടപ്പാതയുടെ ഇരുവശത്തും  രാത്രികാല വഴിവാണിഭക്കാര്‍ കച്ചവടം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുര്യന്‍ അസ്തമിക്കാന്‍ പോകുമ്പോള്‍ ഇവിടുത്തെ സ്ഥിരം കാഴ്ച്ചകളാണിത്. 

സിഗാറിന്റെ പുക ആസ്വദിച്ചു കൊണ്ട് അദ്ദേഹം കഥ തുടര്‍ന്നു. 

ഒരിക്കല്‍ ഒട്ടോണിയന്‍ മ്യൂസിയത്തില്‍ വെച്ച് ഹ്യൂഗോസ് ഗ്രോത്തിയസിന്റെ ചിത്രം കാണാതായി , എല്ലാവരെയും ഞെട്ടിച്ച ആ മോഷണക്കേസ് അന്വേഷിക്കാന്‍ നിയമിതയായത് പാരീസിലെ പ്രശസ്തയായ ഡിറ്റക്ടീവ് മെര്‍ഷലായിരുന്നു. അവരാണ് ഹ്യൂഗോസ് ഗ്രോത്തിയാസിന്റെ കാണാതെ പോയ ചിത്രവും അതിന്റെ പുറകിലുള്ള രഹസ്യവും കണ്ടെത്തിയത്. മ്യൂസിയത്തിലെ കാവല്‍ക്കാരെ കബളിപ്പിച്ചു കൊണ്ട് അര്‍ദ്ധരാത്രിയിലാണ് ചിത്രം മോഷണം പോയത്. 

മോഷണം നടന്നതിന്റെ പിറ്റേന്ന് രാവിലെ മെര്‍ഷല്‍ എല്ലാ കാവല്‍ക്കാരെയും ചോദ്യം ചെയ്തു. അവരില്‍ നിന്നും വ്യക്തമായ ഒരു തെളിവും കിട്ടിയില്ല, മോഷണം നടത്തിയാളെ അവര്‍ കണ്ടിട്ടുമില്ല. അര്‍ദ്ധരാത്രി മ്യൂസിയത്തിന് പുറത്ത് വെടിയൊച്ച പോലെയെന്തോ കേട്ടു. അതെന്താണെന്നറിയാര്‍ കാവല്‍ക്കാര്‍ ഒരുമിച്ച് പുറത്തേക്കോടുകയും ചെയ്തു. മതിലിനപ്പുറത്തെ കാഴ്ച അവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇരുള്‍ മൂടിയ ആകാശത്ത് പൈന്‍മരങ്ങള്‍ക്കിടയിലൂടെ മിന്നല്‍ രശ്മികള്‍ പോലെ ഉദിച്ചിയുയരുന്ന പ്രകാശകിരണങ്ങള്‍, ആരോ മതികെട്ടുകള്‍ക്കിപ്പുറം നിന്ന് വെടിമരുന്ന് പ്രയോഗിക്കുകയാണ്. ആകാശത്തിന്റെ വിശാലതയില്‍ വര്‍ണ്ണശലഭങ്ങള്‍ പോലെ പ്രകാശരശ്മികള്‍ നൃത്തം വെയ്ക്കുന്ന കാഴ്ച്ച കാവല്‍ക്കാര്‍ കുറച്ചു നേരം എല്ലാം മറന്ന് കണ്ടു നിന്നു. ആ പ്രകാശ വിസ്മയം ആരെയും ആസ്വദിപ്പിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു. ആ കാഴ്ചകള്‍ തീരുന്നതുവരെ കുറച്ചു പേര്‍ അതിനു മുമ്പും അവരവരുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തേക്ക് തിരിച്ചു പോയി. ഹ്യൂഗോസ് ഗ്രോത്തിയസിന്റെ ചിത്രത്തിനരികില്‍ നിന്ന പാറാവുകാരനാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത മറ്റുള്ളവരെ ആദ്യമറിയിക്കുന്നത്.

ഹ്യൂഗോസ് ഗ്രോത്തിയസ് കാണാനില്ല. ഭയഭാവത്താല്‍ അയാള്‍ ശബ്ദമിടറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 

കേട്ടവരൊക്കെ അവിടേക്ക് പാഞ്ഞു വന്നു. ചിലര്‍ ആശ്ചര്യത്തോടെ എന്തു ചെയ്യണമെന്നറിയാതെ ബഹളം വെച്ചു. അവര്‍ക്കിത് അഗ്‌നിപരീക്ഷണം തന്നെയായിരുന്നു. അവര്‍ നേരം വെളുക്കുന്നതു വരെ ആ മ്യൂസിയത്തിലെ ഓരോ മൂലയും തിരഞ്ഞു കൊണ്ടിരുന്നു. രാവിലെ മ്യൂസിയം  അധികാരികള്‍ വരുന്നതുവരെ അവരുടെ തിരച്ചിലവസാനിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ ആ പ്രയാസമേറിയ സത്യം അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. ഹ്യൂഗോസ് ഗ്രോത്തിയസ് പ്രദര്‍ശിപ്പിച്ച ചുമരില്‍ അരാമിയ ഭാഷയില്‍ മോഷ്ടാവ് എഴുതി വെച്ച ആ വാക്കുകള്‍ നേരം വെളുത്തപ്പോള്‍ മാത്രമാണ് അവര്‍ കണ്ടത് . ചുവന്ന മഷിയാല്‍ എഴുതി വെച്ച വരികള്‍ ഇപ്രകാരമായിരുന്നു. 

'ഇത് മോഷണമല്ല, കണ്ടെത്തലാണ്.' 

'ഹ്യൂഗോസ് ഗ്രോത്തിയസ്' എന്ന ചരിത്ര വിസ്മയം തങ്ങളെ വിദഗ്ദ്ധമായി കബളിപ്പിച്ച് ആരോ കടത്തിയിരിക്കുന്നു- ഒറ്റവാക്കില്‍ പറഞ്ഞാല്‍ Planed Robbery. 

മ്യൂസിയം അധികാരികള്‍ക്ക് ആദ്യം ചെയ്യാനുണ്ടായിരുന്നത് രാത്രി കാവല്‍ക്കാരെ പിരിച്ചുവിടുക എന്നതായിരുന്നു. നികത്താന്‍ കഴിയാത്ത വലിയ നഷ്ടത്തിന്റെ  ഉത്തരവാദിത്വം കാവല്‍ക്കാര്‍ക്ക് മാത്രമാണ്. ആദ്യമൊന്നും ഈ വിവരം പുറത്തു വിട്ടില്ല, പുറലോകമറിയുന്നത് പിരിച്ചുവിട്ട കാവല്‍ക്കാരിലൂടെയാണ്. വാര്‍ത്ത പുറത്തായതോടെ മ്യൂസിയത്തിനു പുറത്ത് ആളുകള്‍ തടിച്ചുകൂടിയെങ്കിലും മ്യൂസിയം അധികൃതര്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രതിയെ പിടിക്കുമെന്നും ഈ കേസ് അന്വേഷിക്കുന്നത് പ്രശസ്തയായ ഡിക്ടറ്റീവ് മെര്‍ഷലാണെന്നും പറഞ്ഞ് അവരെ അനുനയിപ്പിച്ചു. മെര്‍ഷലും മ്യൂസിയം അധികൃതരും നടന്ന കൂടിക്കാഴ്ചയില്‍ ആ ചിത്രം എവിടെ നിന്നാണ് കിട്ടിയയെന്ന സത്യവും കൂടെ അവര്‍ക്ക് വ്യക്തമാക്കേണ്ടി വന്നു. 

കുറേനേരം ചിന്തയില്‍ മുഴുകിയ മെര്‍ഷല്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റ് അവരോട് പറഞ്ഞു. 

ഹ്യൂഗോസ് ഗ്രോത്തിയസിനെ നമ്മള്‍ അന്വേഷിക്കേണ്ടത് മോഷണം നടന്നയിടത്തില്‍ നിന്നല്ല, അത് നിങ്ങള്‍ കണ്ടെത്തിയ ആ ഭ്രാന്താലയത്തിന്റെ ഇടനാഴികളില്‍ നിന്ന് തുടങ്ങണം. മാത്രമല്ല ഈ മോഷണം നടത്തിയത് ഒരാളായിരിക്കില്ല മറ്റൊരാളുടെ സഹായമില്ലാതെ ഒരേ സമയം പ്രകാശകിരണങ്ങള്‍ കാണിക്കാനും പാറാവുകാരെ കബളിപ്പിച്ച് മോഷ്ടണം നടത്താനും കഴിയുകയെന്നത് അസാധ്യമാണ്. 

ഇത്രയും പറഞ്ഞ് മെര്‍ഷല്‍ മോഷണം നടന്ന സ്ഥലവും, ആ മോഷ്ടാവിന്റെ വരികളും സൂക്ഷ്മമായ നിരീക്ഷണം നടത്തി . അതിനു ശേഷം മെര്‍ഷല്‍ വളരെ ഉത്സാഹവതിയായി  കാണപ്പെട്ടു. ആ അക്ഷരങ്ങളില്‍ നിന്ന് പലതും ഗ്രഹിച്ച ഭാവത്താല്‍, മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയതിന് ശേഷം മ്യൂസിയത്തില്‍ പുറത്തേക്ക് നടന്നു.

സമയം ഉച്ചയ്ക്ക് രണ്ട്. സ്ഥലം ബേഡല്‍ മെന്റല്‍ കെയര്‍.

മെര്‍ഷലും സഹായിയും വന്നിറങ്ങുമ്പോള്‍ ആശുപത്രിയിലെ അന്തേവാസികള്‍ പുറത്തെ മൈതാനിയില്‍ കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവര്‍ കുറച്ചു നേരം അവരുടെ കോലാഹലങ്ങള്‍ നോക്കി നിന്നു. ഭ്രാന്താലയത്തിലെ ഇടനാഴികളില്‍ നിന്നും കൂട്ടമണി ഉയര്‍ന്നതോടെ അന്തേവാസികള്‍ കൂട്ടത്തോടെ വേഗത്തിലും, പതുക്കെയും മുറികളിലേക്ക് പോയി. ചുറ്റുപാടുകള്‍ കുറച്ചു നേരം നിരീക്ഷിച്ച് അവര്‍ ഓഫിസിലേക്ക് പോയി. അവിടെയുള്ള പലര്‍ക്കും മെര്‍ഷലിനെ പരിചയമുണ്ടായിരുന്നു. കേസിന്റെ ആവശ്യത്തിനായി അവര്‍ മുന്‍പും ഇവിടം സന്ദര്‍ശച്ചിട്ടുണ്ട്. 

ഡോക്ടര്‍ ബെനഡിക്ട് ഹസ്തദാനം നല്‍കി അവരെ സ്വീകരിച്ചു.

'പറയൂ മിസ്സ് മെര്‍ഷല്‍, നിങ്ങള്‍ വീണ്ടും എന്താവശ്യത്തിന് വേണ്ടിയാണ് ഈ ഭ്രാന്തന്‍ ഡോക്ടറെ കാണാന്‍ വന്നിരിക്കുന്നത്?'

നിറഞ്ഞ പുഞ്ചിരിയോടെ മെര്‍ഷല്‍ അവിടെയുള്ള കസേരയിലേക്ക് ഇരുന്നു.

ഡോക്ടര്‍ എനിക്ക് കുറച്ച് സംശയങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനുണ്ട്.

മേശപ്പുറത്തെ വെള്ള പിഞ്ഞാണത്തിലെ കാപ്പി കപ്പിലേക്ക് പകര്‍ന്നു കൊണ്ട് ഡോക്ടര്‍ പറഞ്ഞു.

'തീര്‍ച്ചയായും മെര്‍ഷല്‍ എനിക്കറിയുന്നതാണെങ്കില്‍...'ഒരു കപ്പ് കാപ്പി മെര്‍ഷലിന് നേരെ നീട്ടി,

'നന്ദി ഡോക്ടര്‍, പിന്നെ എനിക്ക് ചോദിക്കാനുള്ളത്, ഒട്ടോണിയം മ്യൂസിയത്തിലെ ഹ്യൂഗോസ് ഗ്രോത്തിയസിന്റെ ചിത്രം കാണാതായ വിവരം ഡോക്ടര്‍ അറിഞ്ഞു കാണുമല്ലോ ആ കേസ് അന്വേഷിക്കുന്നത് ഞാനാണ്.

'ഉം..' അദ്ദേഹം ഒന്നു മൂളുക മാത്രം ചെയ്തു.

ആ ചിത്രം കണ്ടെടുക്കപ്പെട്ടത് ഈ ആശുപത്രിയിലെ ഉദ്യാനത്തിലെ മരപ്പെപാത്തില്‍  നിന്നാണ്, അതിന്റെ വിശദാംശങ്ങള്‍ എനിക്കറിയേണ്ടതുണ്ട്. 

'അതെ ഹ്യൂഗോസ് ഗ്രോത്തിയസ് എന്റെ കൈകളിലൂടെയാണ് ഓട്ടോണിയന്‍ മ്യൂസിയത്തിലെത്തി ചേര്‍ന്നത്. കുറച്ചുകാലം മുമ്പ് ആശുപത്രിയിലെ തോട്ടക്കാരനായ റബേലാണ് ആ ചിത്രം ആദ്യമായി കണ്ടത്, അതിനെന്തോ പ്രത്യേകത തോന്നിയതു കാരണമാവണം അയാള്‍ അത് അവിടെത്തന്നെ വെച്ച് എന്നെ വിവരം അറിയിച്ചത്. പിന്നീട് ഞാനും എന്റെ ചില  സുഹൃത്തുക്കളും ആ ചിത്രം ഇരിക്കുന്നിടത്തേക്ക് പോയി. അത് കൈയില്‍ എടുത്തതും ഒരു പ്രത്യേക സുഗന്ധം ഞങ്ങളെ പൊതിയാന്‍ തുടങ്ങി. ആകര്‍ഷകമായ ചിത്രത്തിലെ രൂപം നമ്മളോടെന്തോ കഥ പറയുന്ന പോലുള്ളൊരു തോന്നല്‍, ആദ്യത്തെ നോട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു സവിശേഷമായതെന്തോ ഒന്ന് അതിന്റെ പുറകിലുണ്ടെന്ന്. അത് കണ്ടുപിടിക്കാനാണ് പുരാവസ്തു വിദഗ്ധനായ എന്റെ സുഹൃത്ത് ജോണിനെ സമീപിച്ചത്, അതത്ര പഴക്കമുള്ള ചിത്രമല്ല എന്നു മാത്രമായിരുന്നു അദ്ദേഹത്തിന് അതില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഉപദേശാനുസരണമാണ് പിന്നീട് ഞാന്‍ ആ ചിത്രം ഒട്ടോണിയന്‍ മ്യൂസിയത്തിന് കൈമാറിയത്. അത്രം വിശുദ്ധമായത് ആരും കാണാതെ പോകരുതെന്നു കരുതി ആ തീരുമാനം ശരിവച്ചു. ജനങ്ങള്‍ ആ ചിത്രം ഹൃദയത്തിലേറ്റിയത് നമ്മുടെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു.

'ഇവിടെ എങ്ങനെയാരിക്കുമത് എത്തിപ്പെട്ടത്...?'

'അതിനിയും ഉത്തരമില്ലാത്ത ചോദ്യമാണ്.'

'പിന്നീടാരെങ്കിലും ആ ചിത്രം അന്വേഷിച്ചു വരുകയോ മറ്റോ ഉണ്ടായോ ?'

'ഇല്ല, ഇതുവരെയില്ല.' 

'ഇവിടുത്തെ അന്തേവാസികളാരെങ്കിലും മരത്തിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നതോ എന്തെങ്കിലും തിരയുന്നതോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ..?'

'അപ്പോള്‍ നിങ്ങള്‍ പറഞ്ഞു വരുന്നത്, എന്റെ രോഗികളാരെങ്കിലും അവിടെ ഉപേക്ഷിച്ചെന്നാണോ?'

'സാധ്യത ഉണ്ടാവില്ലേ ഡോക്ടര്‍, ചിത്രകാരന്മാര്‍ ആയ രോഗികള്‍ ആരെങ്കിലും വന്നു പോയിട്ടുണ്ടോ...?'

ഡോക്ടര്‍ കുറച്ചുനേരം ചിന്തയില്‍ മുഴുകി.

'ഇല്ല അത്ര വലിയ ചിത്രകാരന്മാരൊന്നും ഇവിടെ രോഗിയായി ഇരുന്നിട്ടില്ല.' 

'ഡോക്ടര്‍ ആ ചിത്രം ആദ്യമായി കണ്ട തോട്ടക്കാരനെ എനിക്കൊന്ന് കാണാന്‍ സാധിക്കുമോ...?'

'തീര്‍ച്ചയും മെര്‍ഷല്‍.' 

കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം തോട്ടക്കാരന്‍ ഡോക്ടറുടെ അനുവാദം വാങ്ങി അകത്തേക്ക് വന്നു.

'ഇതാണ് ആ ചിത്രം ആദ്യമായി കണ്ട റാബേല്‍.' 

അയാള്‍ അവരുടെ മുമ്പില്‍ ബഹുമാനത്തോടെ നിന്നു.

മെര്‍ഷല്‍ പെട്ടെന്ന് ചോദ്യങ്ങളിലേക്ക് കടന്നു. 

'താങ്കള്‍ ആ ചിത്രം ശ്രദ്ധിക്കാന്‍ പ്രത്യേകിച്ച് കാരണമെന്തെങ്കിലും ഉണ്ടായിരുന്നോ..?'

'മരത്തിന്റെ ചുറ്റുമുള്ള പാഴ്‌ച്ചെടികള്‍ വെട്ടുന്ന സമയത്ത് ശ്രദ്ധയില്‍പെട്ടതാണ്. അതിനു കാരണം ആ പ്രത്യേക സുഗന്ധം തന്നെയായിരുന്നു.'

'ചിത്രത്തില്‍ മണ്ണ് പുരളുകയോ ചിതലോ മറ്റോ എന്തെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നോ...?'

'ഇല്ല, മാഡം. അതൊരു വെള്ളത്തുണിയില്‍ പൊതിഞ്ഞായിരുന്നു വെച്ചത്, അതവിടെ വെച്ചിട്ട് അധിക ദിവസമായിട്ടുണ്ടാകില്ല. കൂടിയാല്‍ രണ്ടോ മൂന്നോ ദിവസം.'

'ആ ചിത്രം ഏത് ദിവസമായിരുന്നു കിട്ടിയത്?'

ചോദ്യം ഡോക്ടറോടായിരുന്നു. ഡോക്ടര്‍ നീല പുറംചട്ടയുള്ള ഡയറി  എടുത്ത് കുറച്ചു താളുകള്‍ മറിച്ചു നോക്കിയതിനുശേഷം പറഞ്ഞു .

'ജനുവരി 18. ഒരു വെള്ളിയാഴ്ചയാണ് അത് ഞങ്ങളുടെ കയ്യില്‍ എത്തിയത്. രണ്ടുദിവസത്തിനുശേഷമാണ് മ്യൂസിയത്തിന് ചിത്രം കൈമാറിയത്.'

മെര്‍ഷല്‍ മൂളിക്കൊണ്ട് ചിന്തയില്‍ മുഴുകി.

'അതിന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ പ്രവേശിപ്പിച്ച രോഗികളുടെ പേരു വിവരങ്ങള്‍ തരാന്‍ സാധിക്കുമോ...?'

'ഞാനും ചിന്തിച്ചത് ഇതുതന്നെയാണ്. ഈ ആശുപത്രി പരിസരത്ത്  പ്രവേശിക്കുന്നവര്‍ രോഗികളോ കൂട്ടുവരുന്ന ബന്ധുക്കളോ മാത്രമാണ്. അങ്ങനെയാകുമ്പോള്‍ നമുക്ക് ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയും.'

ഉടന്‍തന്നെ ഡോക്ടര്‍ പഴയ രേഖകള്‍ കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്തു. കുറച്ചു സമയത്തിനുശേഷം ആ രേഖകള്‍  ഹാജരാക്കപ്പെട്ടു.

ഡോക്ടര്‍ വിശദമായി രജിസ്റ്റര്‍ പരിശോധിച്ച ശേഷം മെര്‍ഷലിനെ നോക്കി. മെര്‍ഷല്‍ ആകാംക്ഷയോടെ അദ്ദേഹത്തെയും നോക്കി.

'ആ ചിത്രം കിട്ടുന്നതിന് ഒരാഴ്ച മുമ്പ് ഇവിടെ ആകെ രണ്ട് രോഗികളെയാണ് പ്രവേശിപ്പിച്ചത്.'

'ആരൊക്കെയാണവര്‍..?'

'പതിനാലാം തീയതി തിങ്കളാഴ്ച ഒരു സ്ത്രി. പതിനാറാം തീയതി ബുധനാഴ്ച ഒരു പുരുഷന്‍.' 

'ആ സ്ത്രീയുടെ കൂടെ വന്നവരെ പറ്റി വല്ല രേഖയുമുണ്ടോ?'

'ഉണ്ട്, അതുമൊരു സ്ത്രീയാണ്.'

'ചിത്രം ഇവിടെ കൊണ്ടുവന്നിട്ടത് തീര്‍ച്ചയായും സ്ത്രീ ആകാന്‍ സാധ്യതയില്ല.'

'സ്ത്രീകള്‍ക്ക് വരയ്ക്കാന്‍ സാധിക്കില്ല എന്നാണോ?' 

ഡോക്ടര്‍ പുഞ്ചിരിയോടുകൂടി ചോദിച്ചു.

അതുകൊണ്ടല്ല ഡോക്ടര്‍. ആ വരച്ച രീതിയും, ചായത്തിന്റെ കൂട്ടും, പിന്നെ ഒരു പെണ്ണി ..ന്റെ ചിത്രമാണെന്നതും. ഇവയെല്ലാം കുട്ടിനോക്കുമ്പോള്‍ ഒരു സ്ത്രീയല്ല എന്നനുമാനിക്കാം പ്രാണ പ്രേയസിയുടെ മുഖം ആത്മാവില്‍ അലിഞ്ഞ് ക്യാന്‍വാസില്‍ നിറഞ്ഞ അത്ഭുതമാണ് അതെന്ന് വിവേകമുള്ളവക്കാര്‍ക്കാണ് തിരിച്ചറിയാന്‍ സാധിക്കാത്തത്. മാത്രമല്ല അത് സ്ത്രീയല്ല എന്ന് തെളിയിക്കാന്‍ പോകുന്ന തെളിവ് എന്റെ പക്കലുണ്ട്, സോറി എനിക്ക് ഇപ്പോളത് പറയാന്‍ ബുദ്ധിമുട്ടുണ്ട്. 

'ഉം'-ഡോക്ടറും അത് ശരിവെച്ചു. 

'പിന്നെ രണ്ടാമത്തെയാള്‍...?'

'പേര് ഐന്‍ ഗോമസ്, രോഗകാരണം ഭാര്യയുടെ അഗാധമരണത്തില്‍ നിന്നുണ്ടായ ചിത്തഭ്രമം. കൂടെ വന്നത് വീട്ടുജോലിക്കാരന്‍ ഫെലിക്‌സ്.'

'അയാള്‍ ഇവിടെ എത്രനാള്‍ ഉണ്ടായിരുന്നു ഡോക്ടര്‍?'

'ആറുമാസം ഇവിടെ എന്റെ ചികിത്സയിലായിരുന്നു. അധികമാരോടും സംസാരിക്കാറില്ല. വിഷാദം ആയിരുന്നു സ്ഥായിഭാവം. ഭാര്യയോടുള്ള അടങ്ങാത്ത പ്രണയം അയാളുടെ ചികിത്സാ വേളയില്‍ ഞാന്‍ മനസ്സിലാക്കിയെടുത്തിരുന്നു നാലുദിവസം മുമ്പാണ് അയാള്‍ രോഗമോചിതനായി ഇവിടെ നിന്നും പോയത്.' 

പെട്ടെന്ന് മെര്‍ഷല്‍ ചാടി എഴുന്നേറ്റു. 

'ഡോക്ടര്‍, ആ ചിത്രം ഇവിടെ മരപ്പൊത്തിലെത്തിയത് അയാളിവിടെ വന്നതിനുശേഷം. അത് മോഷണം പോയത് അയാളിവിടെനിന്ന് പോയതിന് ശേഷം. ഇതില്‍ ഒരു വിചിത്ര സ്വഭാവമില്ലേ...?' 

'അതെ, അങ്ങനെ ചിന്തിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. അപ്പോള്‍ വരച്ചതും മോഷ്ടിച്ചതും ഒരാള്‍ തന്നെയാണോ എന്നാണോ പറഞ്ഞു വരുന്നത്...?' 

'ആയിരിക്കാം ഡോക്ടര്‍, അത് ഡോക്ടര്‍ക്കും ഉറപ്പുണ്ടല്ലോ നിങ്ങളുടെ സംസാരത്തില്‍ ഞാനത് ഊഹിച്ചെടുത്തിരുന്നു. മാത്രമല്ല മോഷണം നടന്ന സ്ഥലത്ത് മോഷ്ടാവിങ്ങനെ എഴുതി വച്ചിരുന്നു. ഇത് മോഷണമല്ല കണ്ടെത്തലാണെന്ന്.'

'വിചിത്രമായൊരു കേസ് തന്നെ...'-ഡോക്ടര്‍ ആശ്ചര്യപ്പെട്ടു.

മെര്‍ഷല്‍ പോകാനായി എഴുന്നേറ്റു. 

'ഡോ. ബെനഡിക്ട്, നിങ്ങള്‍ തന്ന വിലപ്പെട്ട വിവരങ്ങള്‍ എന്റെ  അന്വേഷണവിജയത്തിന് കാരണമാകും, ഐനിന്റെ മേല്‍വിലാസവും കൂടെ തന്നാല്‍...'

പറഞ്ഞു തീര്‍ന്നതും ഐനിന്റെ മേല്‍വിലാസം ഡോക്ടര്‍ മെര്‍ഷലിനെഴുതി കൊടുത്തു. 

നന്ദി, ഡോക്ടര്‍. മെര്‍ഷല്‍ ഡോക്ടറിന് കൈ കൊടുത്തു. 

'ആശംസകള്‍ മിസ് മെര്‍ഷല്‍ വീണ്ടും കാണാം.'-പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു. 

പോകാന്‍ നേരമാണ് ഡോക്ടറുടെ ഓഫീസില്‍ തൂക്കിയിട്ടിരുന്ന ആ ചിത്രങ്ങള്‍ മെര്‍ഷല്‍ ശ്രദ്ധിച്ചത്.  അസാമാന്യ ചിത്രങ്ങള്‍! 

'ഡോക്ടര്‍, ഇതൊക്കെ വരച്ചത് ആരാണ്?'-മെര്‍ഷല്‍ അത്ഭുതത്തോടെ ചോദിച്ചു.

'അത്'...പെട്ടെന്ന് ഉത്തരം കിട്ടാതെ ഡോക്ടര്‍ സംശയിച്ചു നിന്നു. പിന്നീട് എന്തോ ചിന്തിച്ച് ഉത്തരം പറഞ്ഞു.

'അത് ഞാന്‍ തന്നെ വരച്ചതാണ്, ചില ഇടവേളകള്‍ ഞാന്‍ അതിനു വേണ്ടി മാറ്റി വയ്ക്കാറുണ്ട്.' 

മെര്‍ഷല്‍ ഡോക്ടറെ അഭിനന്ദിച്ചു.

'ഡോക്ടര്‍, പിന്നെ, ഒരു കാര്യം ചോദിക്കാന്‍ മറന്നുപോയി.'

'ചോദിക്കൂ'

'ഹ്യൂഗോസ് ഗ്രോത്തിയസിന്റെ ചിത്രത്തിന്റെ താഴെ പേരോ മറ്റു ആലേഖനം ചെയ്തിട്ടുണ്ടായിരുന്നോ?'

'ഇല്ല ഒന്നുമെഴുതിയിട്ടുണ്ടായിരുന്നില്ല, ഉണ്ടായിരുന്നെങ്കില്‍ വരച്ചയാളിനെ കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ലെ.'

'അപ്പോള്‍ ഹ്യൂഗോസ് ഗ്രോത്തിയോസെന്ന പേര് ലഭിച്ചത്?'

'അത് മ്യൂസിയം അധികൃതര്‍ തന്നെ നല്‍കിയ നാമമാണ്.'

'ശരി ഡോക്ടര്‍, വീണ്ടും കാണാം.'

'തീര്‍ച്ചയായും മെര്‍ഷല്‍.' 

ആശുപത്രിയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ മെര്‍ഷല്‍ മൗനിയായിരുന്നു. 

'മാഡം ഇനി നമുക്ക് എങ്ങോട്ടാണ് പോകേണ്ടത്..?'

സഹായിയുടെ ചോദ്യമാണ് മെര്‍ഷലിനെ ചിന്തയില്‍ നിന്നുണര്‍ത്തിയത് .

ഉറച്ച ശബ്ദത്തോടെ മെര്‍ഷല്‍ ഉത്തരം പറഞ്ഞു.

'നമുക്കിനി പോകേണ്ടത് മിസ്റ്റര്‍ ഐന്‍ ഗോമസിന്റെ വസതിയിലേക്കാണ്.'

സമയം 4:30. സ്ഥലം: ഡണ്‍ക്രിക്ക് സ്ട്രീറ്റ്.

വിശാലമായ മുറ്റമുള്ള ഒരൊറ്റ മേല്‍ക്കൂര വീടായിരുന്നു ഐനിന്റെത്. മരവേലിയാല്‍ ചുറ്റപ്പെട്ട മനോഹരമായ വീട്. മരവേലിക്കും വീടിനും വെള്ളനിറം.  മനോഹരമായ പൂന്തോട്ടം. കുറച്ചുനേരം പരിസരഭംഗി ആസ്വദിച്ചതിനുശേഷം മുന്നോട്ട് നടക്കുന്നതിനിടയിലാണ് അവര്‍ പൂന്തോട്ടത്തിന് അരികിലെ കല്ലറ ശ്രദ്ധിക്കുന്നത്. ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായിരുന്നു. കാരണം  ശ്മശാനത്തില്‍ മാത്രമേ ആ കാലഘട്ടങ്ങളില്‍  കല്ലറകള്‍ കാണപ്പെട്ടിരുന്നുള്ളൂ. അവര്‍ കല്ലറയുടെ അരികിലേക്ക് നടന്നു. 

കറുത്ത കല്ലില്‍ തീര്‍ത്ത, പൂക്കളാല്‍ ചുറ്റപ്പെട്ട കല്ലറ. അതില്‍  വെള്ള അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.

'ലിസ ഗെറാര്‍ഡ് ഗോമസ്.'

ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവളുടെ നാമമായിരിക്കണമത്. താഴെ ചെറിയ അക്ഷരത്തില്‍ ഇങ്ങനെയും വഴിവച്ചിരുന്നു.

'ഉന്മാദിയായവളെ, സ്വപ്നം കണ്ടുറങ്ങു...'

അതില്‍ നിന്നും മെര്‍ഷലിന് വ്യക്തമായി കഴിഞ്ഞു, ഐന്‍ എത്രമാത്രം അവളെ പ്രണയിച്ചിരുന്നുവെന്ന്.

'സ്വാഗതം, മിസ് മെര്‍ഷല്‍..'

ഗാഢമായ ശബ്ദം കേട്ട് മെര്‍ഷല്‍ ആശ്ചര്യപ്പെട്ടു, ആരാണ് എന്നെ ഇത്രയും അധികാരത്തില്‍ വിളിക്കുന്നത്?'

'നിങ്ങള്‍ക്ക് വഴി തെറ്റിയിട്ടില്ല മെര്‍ഷല്‍, സ്വാഗതം.'

'ഹലോ, ഐന്‍ ഗോമസ് കണ്ടതില്‍ സന്തോഷം.'

അവര്‍ ഹസ്തദാനം നടത്തി.

നിങ്ങളെന്നെ തേടി വരുമെന്ന് എനിക്കറിയാമായിരുന്നു.

'ആഹാ, അപ്പോള്‍ മുഖവുരയുടെ ആവശ്യമില്ലല്ലോ?'

തൊട്ടുമുമ്പുവരെ എനിക്ക് സംശയം മാത്രമായിരുന്നു. ഇപ്പോഴിതാ മോഷ്ടാവിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.

'ഹ ഹ ഹ'-ഐന്‍ ഉച്ചത്തില്‍ ചിരിച്ചു. 'മോഷ്ടാവ് ഞാനാണോ മിസ് മെര്‍ഷല്‍.'

'അല്ല അതും എനിക്കറിയാം.'

'എങ്ങനെ....?'

ഹ്യൂമോസ് ഗ്രോത്തിയസിന്റെ ചായക്കകൂട്ടിലെ ആ രഹസ്യസ്വഭാവമുള്ള സുഗന്ധം. അത് മോഷണം നടന്ന സ്ഥലത്ത് എഴുതിവെച്ചിടത്തും ഉണ്ടായിരുന്നു. പിന്നെ ഇപ്പോള്‍ താങ്കള്‍ ഹസ്തദാനം നല്‍കിയപ്പോള്‍ എന്റെ കൈയിലും ആ സുഗന്ധം പകര്‍ന്നിരിക്കുന്നു. താങ്കള്‍ വരക്കുകയായിരുന്നെേല്ല  ഹ്യൂഗോസ് ഗ്രോത്തിയസ് വരച്ചതും മോഷ്ടിച്ചതും ഒരാളാണ്. അതെന്റെ  മുന്നില്‍ നില്‍ക്കുന്ന ഐന്‍ ഗോമസ്.

ഐനിന്റെ മുഖത്ത് ആശ്ചര്യമൊട്ടും നിഴലിച്ചില്ല. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. 

'നിങ്ങള്‍ പറഞ്ഞത് സത്യമാണ്. എന്റെ പ്രാണപ്രേയസി ലിസ ഗെറാര്‍ഡ്  ഗോമസിന്റെ ചിത്രമാണത്.'  

അതുപറയുമ്പോള്‍ പ്രണയവിഷാദത്താല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

'ലിസ ഗെറാര്‍ഡ് ഗോമസ്, ഒട്ടോണിയന്‍ മ്യൂസിയത്തിലെ ആ ചിത്രത്തിനു താഴെ തിളങ്ങി വാഴേണ്ടിയിരുന്ന നാമം. അത് മോഷ്ടിക്കാതെ തന്നെ താങ്കള്‍ക്ക് നേരായ മാര്‍ഗത്തിലൂടെ കൈവരിക്കാന്‍ കഴിയില്ലായിരുന്നോ?'

'അത് സാധിക്കില്ല ഡോക്ടര്‍. ബെനഡിക്ട് ഒരിക്കല്‍ മ്യൂസിയം അധികൃതരോട് ഇക്കാര്യം ഇങ്ങനെ സംസാരിച്ചിരുന്നു. ചിത്രത്തിന്റെ  യഥാര്‍ത്ഥ ഉടമ തിരിച്ചുവന്ന് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ആ  ചിത്രം അയാള്‍ക്ക് കൈമാറുമോയെന്ന്.

'ഓഹോ., ഡോക്ടര്‍ക്കും എല്ലാം അറിയാമായിരുന്നല്ലെ. അദ്ദേഹത്തിന്റെ ഓഫീസിലെ ചിത്രങ്ങളും താങ്കള്‍ വരച്ചതായിരിക്കുമല്ലെ?' 

അതെ ഞാന്‍ വരച്ചത് തന്നെ. ആ ചിത്രം മ്യൂസിയം അധികൃതര്‍ക്ക് കൈമാറേണ്ടി വന്നതില്‍, സത്യം അറിഞ്ഞതിനു ശേഷം ഡോക്ടര്‍ ഒരുപാട് പശ്ചാത്തപിച്ചിരുന്നു.'

പുറത്ത് നല്ല ശീതക്കാറ്റ് അടിക്കുന്നുണ്ടായിരുന്നു അധികം പുറത്തു നിന്നാല്‍ സംസാരിക്കാന്‍ കഴിയില്ല എന്നു കരുതിയിട്ടാവണം ഐന്‍ അവരെ അകത്തേക്ക് ക്ഷണിച്ചത്.

വീടിനകത്ത് വലതുവശത്തുള്ള സോഫയില്‍ അവരോട് ഇരിക്കാന്‍ പറഞ്ഞതിനുശേഷം അകത്തേക്ക് നോക്കി വിളിച്ചു. 

'ഫെലിക്‌സ്...'

അടുക്കളയില്‍നിന്നും മറ്റോ ആവണം അയാള്‍ വിളികേട്ടു. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫെലിക്‌സ് മൂന്നു കപ്പ് കാപ്പിയുമായി വന്നു. മെര്‍ഷല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

'മ്യൂസിയത്തിന് പുറത്തുനിന്ന് കരിമരുന്ന് പ്രയോഗം നടത്തിയത് ഫെലികാസായിരിക്കുമല്ലെ?'

അവര്‍ രണ്ടുപേരും ഒരേ സമയം ചിരിച്ചു. ചിരിയില്‍ എല്ലാം വ്യക്തമായിരുന്നു.

'എല്ലാം അറിയാമായിരുന്നെങ്കില്‍ ഡോ. ബെനഡിക്ട് എന്തിനാണ് താങ്കളുടെ മേല്‍വിലാസം തന്നത് ...?'

'തന്നില്ലെങ്കിലും  നിങ്ങള്‍ ഇവിടെ എത്തിപ്പെടുമെന്ന് ഡോക്ടര്‍ക്ക് നല്ല വിശ്വാസമുണ്ടാവാം. അത് കുറച്ച് നേരത്തെ ആയിരിക്കട്ടെയെന്ന് ഡോക്ടര്‍ ചിന്തിച്ചു കാണും. ഈ മോഷണ ആസൂത്രണം നമ്മള്‍ മൂന്നുപേരുമാണ് നടത്തിയത്.'

മെര്‍ഷലിന് അവരില്‍ ഒരു കുറ്റവും ചാര്‍ത്താനില്ലായിരുന്നു. അന്യായമായി തടവില്‍ വെച്ച ലിസയെ അവര്‍ മോചിപ്പിക്കുകയാണ് ചെയ്തത്. 

മെര്‍ഷല്‍ ശബ്ദം താഴ്ത്തി ഐനിനോട് ചോദിച്ചു.

'ലിസാ എങ്ങനെയാണ് മരണപ്പെട്ടത്..?'

ആ ചോദ്യം ഐനിനെ സങ്കടത്തിലാഴ്ത്തി. ഒന്നും പറയാതെ കുറച്ചുനേരം അയാള്‍ നിലത്തു നോക്കിയിരുന്നു.

ഒരു പ്രണയത്തിന്റെ യുഗം അവസാനിക്കലായിരുന്നു അവളുടെ മരണം. ദൈവത്തിനുപോലും അസൂയ തോന്നിയിരിക്കാം ഞങ്ങടെ ജീവിതം കണ്ടിട്ട്. 

അതീവ ദുഃഖത്തോടെയാണെങ്കിലും അവരുടെ പ്രണയത്തിന്റെയും ലിസയുടെ ചിത്രം വരക്കാനുണ്ടായ സന്ദര്‍ഭത്തെയും കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറയുവാന്‍ തുടങ്ങി.

'മെര്‍ഷല്‍ അറിയുമോ, പ്രണയം തുളുമ്പുന്ന മിഴിയോടെയെല്ലാതെ അവളിതുവരെ എന്നെ നോക്കിയിട്ടില്ല. അവളെന്നെ എത്രമാത്രം പ്രണയിച്ചിരുന്നു. പ്രണയത്തിലൂടെ ഞങ്ങള്‍ നടന്നത് വിവാഹത്തിലേക്കായിരുന്നു. ഒന്നിക്കുക എന്നല്ലാതെ ഈ ലോകത്തിലെ വേറെയൊന്നും നമ്മള്‍ ശ്രദ്ധിച്ചില്ല. ആ സന്തോഷത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. തലച്ചോറില്‍ ബാധിച്ച അര്‍ബുദം, എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും  ദുഃഖിതനായിരുന്നത് ആ വിവരം അറിഞ്ഞപ്പോഴാണ്. അതിനുശേഷം ചിത്രം വര ഞാന്‍ പാടേ ഉപേക്ഷിച്ചു വിഷാദവാനായി, ജീവിക്കാന്‍ മറന്നു. അവളില്ലാതെ ജീവിക്കുകയെന്നത് എനിക്ക് ചിന്തിക്കാനും കൂടെ കഴിഞ്ഞിരുന്നില്ല. പക്ഷേ അവള്‍ പക്വതയോടെ പെരുമാറി എല്ലാം സഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. 

അവളുടെ മുഖസൗന്ദര്യം ക്രമേണ കുറഞ്ഞു തുടങ്ങി കവിളുകളൊട്ടാന്‍ തുടങ്ങി കണ്ണിനു താഴെ കറുപ്പ്.  പിന്നെ അവളെ കാണുമ്പോള്‍ എന്റെ ഹൃദയം മുറിയുമായിരുന്നു. പലര്‍ക്കും അവളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, പിന്നെ അധികം പുറത്തേക്ക് പോകാതെയായി. അവളുടെ സൗന്ദര്യം തകരുന്നത് അവളറിയാതിരിക്കാന്‍ ഞാന്‍ വീട്ടിലെ കണ്ണാടികളെല്ലാം ഒഴിവാക്കിയിരുന്നു. അവള്‍ മരണത്തിലേക്ക് നടക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. 

അവള്‍ ഒരിക്കല്‍ എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടു. അവളുടെ മുഖം എന്റെ വരയിലൂടെ അവള്‍ക്ക് കാണണമെന്ന്, ഞാന്‍ ഒഴിഞ്ഞുമാറിയെങ്കിലും അവള്‍ കൊച്ചുകുട്ടിയെപ്പോലെ വാശി പിടിക്കാന്‍ തുടങ്ങി. ഒടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. ചിത്രം വരക്കാന്‍ തന്നെ തീരുമാനിച്ചു. അവളുടെ അന്ത്യാഭിലാഷം നിറവേറ്റുമ്പോള്‍ അത് ഏറ്റവും ഉയര്‍ന്ന അനുഭൂതിയില്‍ മാത്രമായിരിക്കണമെന്നും ആരും ഇതുവരെ വരയ്ക്കാത്ത തരത്തില്‍ ആയിരിക്കണമെന്നും എന്നും ഞാന്‍ ഉറപ്പിച്ചിരുന്നു. 

ആ ചായക്കൂട്ട് നിര്‍മ്മിക്കാന്‍ എനിക്ക് തികച്ചും രണ്ടു മാസത്തിനു മുകളില്‍ വേണ്ടിവന്നു. ഗവേഷണത്തിന് മാത്രം കുറേ ദിവസം. പിന്നെ ആവശ്യമായ സാധനങ്ങള്‍ സംഘടിപ്പിക്കാനും, നിര്‍മിക്കാനും. അവസാനം അതെനിക്ക് പൂര്‍ണ വിജയമാണ് തന്നത്. അതിനു വേണ്ടിയുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ നീല്‍ ദ്വീപിലെ പര്‍പ്പിള്‍ കാടുകളാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ആ ചായക്കൂട്ടില്‍ ചേര്‍ത്ത മിശ്രിതം ഇതൊക്കെയായിരുന്നു: 
ദേവദാരു മരത്തിന്റെ അകക്കാമ്പിലുള്ള ഇളം തോല്, പര്‍പ്പിള്‍ കാടുകളില്‍ മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ വളരുന്ന ഫ്‌ലെഡ് എന്ന ഊദു മരത്തിലെ ദ്രാവകം കാടിന്റെ ഉള്ളറകളില്‍ നിന്നും ശേഖരിച്ച രാമച്ചനാരുകള്‍ ഇവ മൂന്നും അടച്ച പാത്രത്തില്‍ മൂന്നാഴ്ചയോളം സൂക്ഷിച്ചു വെച്ചു.  പിന്നെ ആ പാത്രം തുറന്നപ്പോള്‍ എന്റെ ഈ വീട് സുഗന്ധനിബിഢമായിരുന്നു. പിന്നെ അതിലേക്ക് ആവശ്യമുള്ള നിറങ്ങള്‍ ചേര്‍ത്തു. ഞാന്‍ തന്നെ ആ സുഗന്ധത്തില്‍ സ്വയം മറന്നു പോയിരുന്നു. 

ലിസ, അവളന്ന് വിവാഹവസ്ത്രമായിരുന്നു അണിഞ്ഞിരുന്നത്. ചുറ്റും കത്തിച്ചു വെച്ച മെഴുകുതിരി വെട്ടങ്ങളുടെ നടുവില്‍ ഞാന്‍ പറഞ്ഞതനുസരിച്ച് അവള്‍ മരകസേരയില്‍ ഇരുന്നു. 

ഇത്രയും പറഞ്ഞപ്പോള്‍ ഐന്‍ വിതുമ്പി പോയിരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാള്‍ തുടര്‍ന്നു.

'പലനിറത്തിലുള്ള ചായക്കൂട്ടുകള്‍  അടച്ചുവെച്ച ചെറിയ പിഞ്ഞാണ പാത്രങ്ങള്‍ ഞാന്‍ തുറന്നു. ആ മുറിയിലെ ചുവന്ന പ്രകാശത്തിനൊപ്പം ആ സുഗന്ധവും അലിഞ്ഞു ചേര്‍ന്നു.  ബ്രഷ് കയ്യിലെടുക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചു. അവളുടെ രൂപം അതേ വിധത്തില്‍ ഞാന്‍ പകര്‍ത്തിയാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല. എന്റെ ഹൃദയത്തില്‍ പകുത്തുവെച്ച അവളുടെ മുഖമുണ്ട്. ആ രൂപം മാത്രം മനസ്സില്‍ കരുതി, എന്റെ ബ്രഷ് ചലിച്ചു. ഞങ്ങളുടെ പ്രണയത്തിന്റെ ഇതുവരെയുള്ള അസുലഭ നിമിഷങ്ങള്‍ ഹൃദയത്തില്‍ മിന്നിമറഞ്ഞു. ഞാനേതോ ലോകത്തായിരുന്നു. ഏതോ അതീന്ദ്രിയശക്തിയില്‍ ഞാന്‍ തളക്കപ്പെട്ടു.  അവളുടെ കണ്ണു വരച്ചത് എനിക്കോര്‍മ്മയില്ല. കവിള്‍, നെറ്റിത്തടം, തലമുടി... ഇല്ല, എനിക്കൊന്നും ഓര്‍മ്മയില്ല. പിന്നീട് ഈ നിമിഷംവരെ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നുമില്ല. വരച്ചു പൂര്‍ത്തിയാക്കുന്നതു വരെ എന്റെ ലിസ എന്നെത്തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു.'

കണ്ണീരില്‍ കുതിര്‍ന്ന ശബ്ദശകലങ്ങള്‍ അതീവ ദുഃഖത്തോടെയാണ് മെര്‍ഷല്‍  കേട്ടിരുന്നത്. ഒന്നു മൂളാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അവരുടെ പ്രണയത്തിന്റെ ആഴം നേരില്‍ലറിയുന്ന ഫെലിക്‌സ് അകത്തെ കതകിന്‍ മറവിലിരുന്ന് ഈ സമയം വായ് പൊത്തി കരയുകയായിരുന്നു. 

'അവളുടെ ചിത്രം പൂര്‍ത്തിയായപ്പോള്‍ മാത്രമാണ് എനിക്ക് പരിസരബോധം ലഭിച്ചത്. ലിസ കസേരയില്‍ ചാരിയിരിക്കുകയാണ്. ആ ചിത്രം കണ്ടപ്പോള്‍ ഞാന്‍ തന്നെ വരച്ചതാണോ എന്ന് അത്ഭുതപ്പെട്ടുപോയി. പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ കാലഘട്ടത്തില്‍ ലിസ എങ്ങനെയായിരുന്നോ അതുപോലെ എന്റെ മുന്നില്‍ വന്നു നില്‍ക്കുന്നത് പോലെയായിരുന്നു ശരിക്കും ജീവനുള്ള ചിത്രം. ഉടന്‍തന്നെ ഞാനത് കൈയിലെടുത്ത് ലിസയുടെ അടുത്തേക്ക് പാഞ്ഞു.

'ലിസാ നോക്ക്, എന്റെ പ്രിയപ്പെട്ടവള്‍ എന്നുമിതുപോലെയാണ്.'

ലിസയില്‍ നിന്നും ഒരു മറുപടിയും ഉണ്ടായില്ല.

'ലിസാ...' ഞാന്‍ കുറച്ചു ഉച്ചത്തില്‍ വിളിച്ചു. അവള്‍ കണ്ണു തുറന്നു നിശ്ചലയായി ഇരിക്കുകയാണ്. ഞാന്‍ പതുക്കെ തോളില്‍ പിടിച്ചുകുലുക്കി ,

'ലിസാ...'

അവള്‍ മരിച്ചിട്ട് കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞിരുന്നു. ഞാന്‍ വരച്ച ജീവന്‍ തുടിക്കുന്ന ചിത്രം കാണാതെയവള്‍  മടങ്ങിയിരിക്കുന്നു. ഞാന്‍ ചിത്രം ഉയര്‍ത്തിപ്പിടിച്ചു, അവളുടെ കണ്ണുകള്‍ക്ക് നേരെ. അവളുടെ ആത്മാവത് കണ്ടു കാണണം- പിന്നീടാണ് അവളുടെ കണ്ണുകളടഞ്ഞത്.  അവളെ ദൂരെ എവിടെയും അയക്കാന്‍ എനിക്ക് മനസ്സ് വന്നില്ല. അതുകൊണ്ടാണ് അവളീ മുറ്റത്ത് പൂക്കളാല്‍ ചുറ്റപ്പെട്ട കല്ലറയില്‍ അന്തിയുറങ്ങുന്നത്. പിന്നീട് ഞാനെപ്പോഴോ ചിത്തഭ്രമത്തിന് അടിമപ്പെട്ടു. അങ്ങിനെയാണ് ഞാനും ചിത്രവും ഭ്രാന്താശുപത്രിയില്‍ എത്തിപ്പെടുന്നത് .

ഇത്രയും അയാള്‍ പറഞ്ഞത് ദുഃഖം കടിച്ചമര്‍ത്തിയായിരുന്നു. പറഞ്ഞു കഴിഞ്ഞതും അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കുറേനേരം സോഫയില്‍ തലവച്ചു കിടന്നു കരഞ്ഞു.  ഒടുവില്‍ മെര്‍ഷല്‍ തലയില്‍ തലോടി ആശ്വസിച്ചതു കൊണ്ടാണ് അയാള്‍ വീണ്ടും സംസാരിച്ചത്. 

'പറയൂ മെര്‍ഷല്‍, എന്റെ ലിസയുടെ ചിത്രം ഞാന്‍  മോഷ്ടിച്ചതാണോ? ആണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കൊണ്ടുപോകാം, ഈ ചിത്രം കണ്ടുകെട്ടാം.' 

മെര്‍ഷല്‍ വിഷാദ ചുവയുള്ള ശബ്ദത്തില്‍ പറഞ്ഞു. 

'ഞാന്‍ അങ്ങനെ ചെയ്താല്‍ പിന്നെ ഞാന്‍ ഒരു മനുഷ്യനാണ് പറയുന്നതില്‍ എന്താണ് അര്‍ത്ഥം.  ഈ കേസ് ഇവിടെ അവസാനിച്ചിരിക്കുന്നു. എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല, ജീവിതത്തിലെ ആദ്യ തോല്‍വി ഞാന്‍ സന്തോഷത്തോടെ സമ്മതിക്കുന്നു.' 

ഐന്‍ മെര്‍ഷലിനെ നന്ദിയോടെ നോക്കി. 

മെര്‍ഷല്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

'പ്രണയിക്കുന്നവര്‍ക്ക് ഐനും ലിസയും ഒരു പാഠപുസ്തകമാണ്.'

'നന്ദി മെര്‍ഷല്‍. താങ്കള്‍ ആ ചിത്രം കണ്ടിട്ടുണ്ടോ?'

'ഇല്ല, കാണാന്‍ ആഗ്രഹമുണ്ട്.'

'വരൂ...'

ഐന്‍ അകത്തെ മുറിയിലെ വലിയ തടി അലമാര തുറന്ന് വെള്ളത്തുണിയില്‍ പൊതിഞ്ഞ ആ ചിത്രം കൈയിലെടുത്ത് മേശപ്പുറത്തുവച്ചു. പിന്നീട് വെള്ള മറനീക്കി, അപ്പോഴേക്കും വശ്യമായ സുഗന്ധം മുറിയിലാകെ നിറഞ്ഞിരുന്നു.

മെര്‍ഷല്‍  ആ ചിത്രം കുറേനേരം അത്ഭുതത്തോടെ നോക്കിനിന്നു. അവരുടെ ഹൃദയം മന്ത്രിച്ചു. 

'ലിസ ഗെറാര്‍ഡ് ഗോമസ്, ജീവിച്ചിരിക്കുന്ന ചിത്രം. ഇത് കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു.'

പിന്നെ മെര്‍ഷല്‍ പുറത്തേക്ക് നടന്നു. നടന്നുപോകുന്ന അവരെ ഐന്‍ കൈവീശി കാണിച്ചു. 

ഐന്‍ മെര്‍ഷല്‍ കേള്‍ക്കാനായി ഉച്ചത്തില്‍ പറഞ്ഞു. 

'എന്റെ മരണശേഷം ഈ ചിത്രം ഓട്ടോണിയന്‍ മ്യൂസിയത്തിന് സ്വന്തമായിരിക്കും. ഞാനെന്റ ഒസ്യത്തിലത് എഴുതി വയ്ക്കുന്നുണ്ട്.'

'അങ്ങനെയാണെങ്കില്‍ അത് ലോകത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം ആയിരിക്കും. മാത്രമല്ല ആ ചിത്രത്തിന്റെ പേര് ഹ്യൂഗോസ് ഗ്രോത്തിയസ് എന്നായിരിക്കില്ല, 'ലിസ ഗെറാഡ് ഗോമസ്' എന്നായിരിക്കും. അതിന്റെ ചുവട്ടില്‍ വരച്ചയാളുടെ പേര് സ്വര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും. ഐന്‍ ഗോമസ്'

മെര്‍ഷല്‍ അവസാനമായി അയാളുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി, 

വിഷാദം കലര്‍ന്ന പുഞ്ചിരിയുമായി ഐന്‍ പടിവാതിലില്‍ നില്‍ക്കുകയാണ്. ഇനിയൊന്ന് അയാളുടെ മുഖത്തേക്ക് നോക്കാനുള്ള മനക്കരുത്ത് അവര്‍ക്കുണ്ടായിരുന്നില്ല. മെര്‍ഷല്‍ നടന്നകന്നു . 

വിദൂരതയില്‍ കണ്ണുംനട്ട് ഐന്‍ ഗോമസ് കുറേനേരം അവിടെ നിന്നു കാണണം.

മാര്‍ക്കസിന്റെ വിവരണം കേട്ടത് ഞാന്‍ മാത്രമല്ല സകലചരാചരങ്ങളും കേട്ടിരിക്കണം എന്ന അനുഭൂതിയിലായിരുന്നു ഞാന്‍. വേറൊരു ലോകത്ത് കുറേക്കാലം ചിലവിഴിച്ചതു പോലെ തോന്നി. സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. തെരുവിലെ ആളനക്കങ്ങള്‍ തീരെ ഇല്ലാതായിരിക്കുന്നു. ഞങ്ങള്‍ കുറേ നേരം മൗനത്തിലായിരുന്നു. ഒന്നും സംസാരിക്കാനാവാത്ത അവസ്ഥ. ഐനും ലിസയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു. 

ഞാന്‍ പിന്നെയും കുറെ ചോദ്യങ്ങള്‍ മാര്‍ക്കസിനോട് ചോദിച്ചു കൊണ്ടിരുന്നു. അതിനെല്ലാം അദ്ദേഹം മൂളുകമാത്രം ചെയ്തു. സിഗാര്‍ കത്തിച്ചുകൊണ്ടദ്ദേഹം എഴുന്നേറ്റു.

'നേരം ഒരുപാട് വൈകിയിരിക്കുന്നു, നാളെ കാണാം.'

ഞാനും എഴുന്നേറ്റു.

'നാളെ എനിക്ക് ഇവിടെ വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.'

'ഹ ഹ ഹ' മാര്‍ക്കസ് ഉച്ചത്തില്‍ ചിരിച്ചു.

'നാളെ നീ ഓട്ടോണിയന്‍ മ്യൂസിയത്തില്‍ 'ലിസ ഗെറാഡ് ഗോമസിനെ കാണാന്‍ പോകുന്നുവല്ലെ..?'

'എന്റെ നാളെ താങ്കള്‍ മനോഹരമായി പ്രവചിച്ചിരിക്കുന്നു. ഒരുപാട് കേട്ടിരിക്കുന്നു, അത് കാണുന്നത് എത്രയും പെട്ടെന്നായിരിക്കട്ടെ.' 

'ശരി, ശുഭരാത്രി.'

'ശുഭരാത്രി, മിസ്റ്റര്‍ മാര്‍ക്കസ്.' 

കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള തുകല്‍ കോട്ടുമണിഞ്ഞ് നടന്നകലുന്ന മാര്‍ക്കസിനെ നിയോണ്‍ വെളിച്ചത്തില്‍, കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ കൃതജ്ഞതയോടെ നോക്കി നിന്നു. 

    
 

Follow Us:
Download App:
  • android
  • ios