Asianet News MalayalamAsianet News Malayalam

Malayalam Short Story : പൊട്ടക്കിണര്‍, അശ്വതി എം. മാത്യു എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   അശ്വതി എം. മാത്യു എഴുതിയ ചെറുകഥ

chilla malayalam  short story by Aswathy M Mathew
Author
First Published Jan 23, 2024, 5:15 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Aswathy M Mathew

 

തോറ്റു തുടങ്ങിയപ്പോഴാണ് അവള്‍ക്ക് തോല്‍വി ഒരു ഹരമായി മാറിയത്. സ്വയം നശിക്കുമ്പോള്‍ ഉള്ളിലാരോ വല്ലാതെ വെപ്രാളപ്പെട്ട് ചിരിക്കുന്ന ഒരവസ്ഥ. ആത്മാവില്‍ നിന്നും മനസ്സിലേക്കും ശരീരത്തിലേക്കും വേദന പടര്‍ന്നപ്പോള്‍ അവള്‍ക്ക് രക്ഷപ്പെടുന്നതിനോട്  പുച്ഛം തോന്നി. അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ചങ്ങല അവളെ പൂര്‍ണ്ണമായും വരിഞ്ഞു മുറുക്കി. അവളുടെ ചിന്തകള്‍ അവളെ ഉപേക്ഷിച്ചു പണ്ടേ പോയിരുന്നു. ഏകാന്തത പ്രണയത്തിനെയും, ബന്ധങ്ങളെയും, കൂട്ടുകെട്ടുകളെയും അരിഞ്ഞു വീഴ്ത്തി തേരോട്ടം നടത്തുന്നത് അവള്‍ക്ക് വ്യക്തമായി കാണാന്‍ സാധിച്ചു. 

സിഗരറ്റ് കുറ്റികളുടെയും, മദ്യക്കുപ്പികളുടെയും ഇടയിലവള്‍ ബാല്‍ക്കണിയില്‍ പാതിബോധത്തിലങ്ങനെ കിടന്നു. ശക്തമായ കാറ്റത്ത് കരിയിലകള്‍ പാറിപ്പറന്ന് ചിലതെല്ലാം അവളുടെ ദേഹത്തും വന്നു പതിച്ചു. അവളുടെ വീടു മുഴുവന്‍ ചിലന്തികള്‍ വലകെട്ടി സന്തോഷത്തോടു കൂടി ജീവിച്ചു. വെള്ളമണല്‍ വിരിച്ച മൂന്നേക്കര്‍ സ്ഥലത്തെ ഒത്ത നടുക്കായി നില്‍ക്കുന്ന ആ പഴയ രണ്ട് നില വീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആ സ്ഥലത്തെ ഏറ്റവും പ്രൗഢിയേറിയ വീടായിരുന്നു. സോഫിയുടെ അപ്പന്‍ തഹസില്‍ദാരും അമ്മ കോളേജ് പ്രൊഫസറും ആയിരുന്നു. പ്രകൃതി സ്‌നേഹികളായ അവര്‍ ആ മൂന്നേക്കറില്‍  മുഴുവന്‍ ചെടികളും, വൃക്ഷത്തൈകളും വെച്ചുപിടിപ്പിച്ചു. വൈകുന്നേരങ്ങളില്‍ മാവിന്റെ താഴെ അവര്‍ കൂട്ടുകാരുമൊത്തു കാപ്പി കുടിക്കുകയും, പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഭക്തി മാര്‍ഗത്തില്‍ ജീവിച്ചിരുന്ന അവര്‍ സന്ധ്യാ  പ്രാര്‍ത്ഥന ഒരിയ്ക്കലും മുടക്കിയിരുന്നില്ല. കത്തിച്ച മെഴുകുതിരിയ്ക്കു താഴെ അവര്‍ സോഫിയുടെ നല്ല ഭാവിയ്ക്കായി എന്നും പ്രാര്‍ത്ഥിച്ചു.

ഒരു സന്തതി മാത്രമുള്ള അപ്പനമ്മമാരുടെ ആവശ്യത്തില്‍ കവിഞ്ഞുള്ള ഉത്കണ്ഠ കൊണ്ടായിരിക്കാം ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്ക് വലിയ വിലയൊന്നും കൊടുത്തില്ല. ആഫ്രിക്കയിലും, അഫ്ഗാനിസ്ഥാനിലും എല്ലാമായി ആഭ്യന്തര കലാപം മൂലവും, പട്ടിണി കിടന്നും മരിക്കുന്നവരുടെ പ്രാര്‍ത്ഥന കേട്ട് തലമണ്ട പെരുത്തിരിക്കുവായിരുന്നു ദൈവം. അതിനാല്‍ തന്നെ ജീവിതത്തില്‍ അത്യാവശ്യം അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ ബാക്കി ഉയര്‍ച്ച സ്വന്തം അധ്വാനത്താല്‍ നേടട്ടെ എന്ന് പുള്ളിക്കാരന്‍ ദൃഢമായ ഒരു തീരുമാനം അങ്ങെടുത്തു. ദൈവത്തിന്റെ ആ തീരുമാനം സോഫിയുടെ അപ്പന്റെയും  അമ്മയുടെയും വേറൊരു കടുത്ത തീരുമാനത്തിന് വഴിത്തിരിവായി.  മത്സരത്തിന്റെ ലോകം കണ്ടു   മടുത്ത സോഫി സ്വപ്നം കണ്ട ലോകം മറ്റൊന്നായിരുന്നു. മനുഷ്യരെ കൂടുതല്‍ സ്‌നേഹിച്ചു കൊണ്ടൊരു ലോകം. പക്ഷെ മനുഷ്യരെ കൂടുതല്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കൂടുതല്‍ മുറിവേല്‍ക്കപ്പെട്ടു. നേട്ടങ്ങള്‍ നെറ്റിപ്പട്ടമാക്കി നടക്കുന്നവരുടെ  ഇടയില്‍ സോഫി വല്ലാതെ ശ്വാസം മുട്ടി. പ്രത്യേകിച്ച് എടുത്തുപറയാന്‍ തക്ക നേട്ടങ്ങള്‍ ഒന്നും ഇല്ലാത്ത സോഫി ഓരോ ദിവസം കഴിയുന്തോറും അപ്പന്റെയും, അമ്മയുടെയും വെറുപ്പിന് പാത്രമായി തുടങ്ങി. 

ലോകത്തിനു  മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തക്ക കഴിവൊന്നുമില്ലാത്തവന്റെ ജീവിതം കഷ്ടം നിറഞ്ഞതും, നിന്ദ്യവുമാണെന്ന് സോഫിയക്ക് മനസ്സിലായി.  എന്തിനാണ് അപ്പനുമമ്മയും  ആത്മഹത്യ ചെയ്തതെന്ന് സോഫിയക്ക് അറിയില്ല. അവരുടെ മരണത്തിനു ശേഷം അവരുടെ ആശ്രിതനായ ലൂയിപ്പാപ്പന്‍ മാത്രമായി സോഫിയക്ക് തുണ. പാപ്പന്‍ മുറ്റത്തെ ചെടികള്‍ക്കെല്ലാം  വെള്ളമൊഴിച്ചു, ചപ്പുചവറുകള്‍ കത്തിച്ചു, വീടും, പറമ്പുമെല്ലാം വൃത്തിയായി സൂക്ഷിച്ചു. സന്ധ്യക്ക് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്ന മണം അവള്‍ക്കു മാംസം കരിയുന്ന  മണം പോലെ തോന്നുമായിരുന്നു . അപ്പനും അമ്മയും അവളെ വിട്ട്‌പോയതിനു  ശേഷം എവിടെ തീ കത്തിയാലും മാംസം കരിഞ്ഞ മണം അവളുടെ മൂക്കില്‍ ഇരച്ചു കയറി. പല ഇടങ്ങളില്‍  നിന്നും അവള്‍ വെപ്രാളപ്പെട്ട് പലപ്പോഴും ഓടിയൊളിച്ചു. രണ്ട്  കൊല്ലം കഴിഞ്ഞപ്പോള്‍ ക്ഷയം വന്ന് ലൂയിപ്പാപ്പനും മരിച്ചു. പള്ളിയില്‍ അംഗമല്ലാത്തതിനാലും, കാശില്ലാത്തവനായതിനാലും ലൂയി പാപ്പനെ നാട്ടുകാര്‍ ചുടുകാട്ടിലടക്കി. ലൂയിപാപ്പന്റെ പട്ടി അന്ന് ചുടുകാട്ടില്‍ അവളുടെ കൂടെ പോയതാണ്, പിന്നെ അതൊരിക്കലും തിരികെ വന്നില്ല. അപ്പോഴൊന്നും തന്നെ സോഫി കരഞ്ഞില്ല. ലൂയിപ്പാപ്പന്‍ ക്ഷയം വന്നപ്പോള്‍ വീട് മുഴുവന്‍ തുപ്പിയ രക്തക്കറകള്‍ മാത്രമായി സോഫിയക്ക് കൂട്ട്. 

കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചിട്ടും കൂട്ടി അടയാന്‍ സോഫിയുടെ കണ്ണിമകള്‍ വല്ലാതെ പരിശ്രമിച്ചു. വീട്ടില്‍ വെളിച്ചം കയറുന്നതു അവള്‍ക്കു ഒട്ടും ഇഷ്ടമായിരുന്നില്ല. അതിനാല്‍ ജനലുകള്‍ ഒന്നും അവള്‍ ഒരിക്കലും തുറന്നിരുന്നില്ല. ഉപയോഗിക്കുന്ന ഒന്ന് രണ്ട് മുറിയൊഴിച്ചു അവള്‍ ബാക്കിയുള്ള മുറിയെല്ലാം പൂട്ടിയിട്ടു. ആ മുറികളില്‍ ഏതോ ഒന്നില്‍ നിത്യ സഹായ മാതാവും, അന്തോണിയോസ് പുണ്യാളനും , സെബാസ്ത്യാനോസ് പുണ്യാളനും, ഔസേപ്പ് പിതാവും എല്ലാം പൊടി പിടിച്ചു ദ്രവിച്ചു ചിലന്തി വലകളാല്‍ മൂടപ്പെട്ട് കിടന്നു. 

അമ്മയുടെയും, അപ്പന്റെയും  മരണത്തിനു ശേഷം അവരുടെ മുറി അവള്‍ പുറത്തു നിന്ന് താഴിട്ട് പൂട്ടി. മരിച്ചു മണ്ണടിഞ്ഞെങ്കിലും ഇനിയെങ്ങാനും 'സോഫി മോളെ നിനക്ക് ജീവിതത്തില്‍ ലക്ഷ്യബോധം ഉണ്ടോ? നീ ഇത്രയും പ്രായത്തിന്റെ ഇടയില്‍ ജീവിതത്തിലെന്ത് നേടി' യെന്ന ചോദ്യവുമായി അവര്‍ ഏതെങ്കിലും ഒരു ദിവസം ആ വാതില്‍ തുറന്ന് വരുമോയെന്ന് അവള്‍ വല്ലാതെ പേടിച്ചിരുന്നു. അവളുടെ അമ്മയും, വേലക്കാരും പെരുമാറിയിരുന്ന ആ വലിയ അടുക്കളയില്‍ തീ കത്തിച്ചിട്ടു വര്‍ഷങ്ങളായി. പാത്രങ്ങള്‍ മുഴുവന്‍ പൊടിയും വലയും മൂടിക്കിടന്നു.

അപ്പന്റെയും  അമ്മയുടെയും കല്ലറകള്‍ കാണാന്‍ സോഫി ഒരിയ്ക്കലും പോയിരുന്നില്ല. പള്ളിയില്‍ നിന്നും ഏറെ ദൂരമുണ്ടായിരുന്നു ശവപ്പറമ്പിലേക്ക്. ഇരുവശവും ചെമ്പരത്തിവേലികളുള്ള ഒരു ഇടുങ്ങിയ വഴിയായിരുന്നു അങ്ങോട്ടേക്കു  ഉണ്ടായിരുന്നത്. തെമ്മാടിക്കുഴിയില്‍ അപ്പനേം അമ്മയെയും അടക്കിയതിനു ശേഷം സോഫി വെപ്രാളപ്പെട്ട് ആ വഴിയിലൂടെ തിരികെ  വീട്ടിലേക്ക് ഓടി. ആരുടേയും സഹതാപക്കണ്ണീര്‍  കാണാന്‍ കാത്തു നിന്നില്ല. ആ ഓട്ടത്തില്‍ കാറ്റത്ത് വീശുന്ന ചെമ്പരത്തിക്കമ്പുകള്‍ അവളുടെ തലയിലും മുഖത്തുമുരസി എന്തോ വെപ്രാളപ്പെട്ട് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. രക്തം പൊടിയുന്ന മുഖവുമായി സോഫി എല്ലാത്തില്‍  നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 

അവള്‍ വീട്ടിലെ ഒരേ ഒരു മുറിയെ മാത്രമേ സ്‌നേഹിച്ചിരുന്നുള്ളു. ആ മുറി രണ്ടാം നിലയില്‍ വടക്ക് വശത്തെ മുറിയായിരുന്നു. വീട്ടിലെ തന്നെ ഏറ്റവും വലിയ മുറിയായിരുന്നു അത്. ഇരുണ്ട വെളിച്ചം നിറഞ്ഞ അവിടെ  അവള്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നു. ആദ്യമൊക്കെ കൂട്ടുകാരുടെ കൂടെയായിരുന്നു അവള്‍ അവിടെ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. പിന്നെ അവള്‍ മനുഷ്യരുടെ തനിസ്വഭാവം മനസ്സിലാക്കി തുടങ്ങിയപ്പോള്‍ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി. മനുഷ്യരെ കാണുന്നത് തന്നെ ഇഷ്ടമില്ലാതെയായി. എന്നെങ്കിലും അവളുടെ കല്യാണം ഉണ്ടെങ്കില്‍ ഉടുക്കാന്‍ വേണ്ടി അവളുടെ അമ്മ മേടിച്ച  കല്യാണപ്പുടവ നിലത്തു വിരിച്ച് ചുറ്റും ചന്ദനത്തിരി  കത്തിച്ചു വെച്ചായിരുന്നു അവള്‍ രാത്രികളില്‍ കിടന്നിരുന്നത്. ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചായങ്ങള്‍ ദേഹത്തുതന്നെ വരച്ച്  അവള്‍ ദിവസങ്ങള്‍ പോകുന്നത് അറിയാതെ കഞ്ചാവ് വലിച്ചങ്ങനെ കിടന്നു. മുറിയോടുള്ള സ്‌നേഹം കാരണം അതിലേക്ക്  പോകുന്ന ഇടനാഴികള്‍ പോലും അവള്‍ അലങ്കരിച്ചിരുന്നു. ആ ഇടനാഴികളില്‍ മുഴുവന്‍ അവള്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചിരുന്നു. അവളുടെ ചിത്രങ്ങള്‍ മുഴുവന്‍ ആത്മാവ് തേടുന്ന പ്രതീക്ഷയറ്റ മനുഷ്യരുടെ പ്രതിച്ഛായയായിരുന്നു. ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവള്‍ വിശപ്പ് അറിഞ്ഞിരുന്നത്. അപ്പോള്‍ സ്വിഗ്ഗിക്കാരനെ വിളിച്ചു അവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വരുത്തുമായിരുന്നു. കാട് പിടിച്ച് കിടക്കുന്ന വീട്ടില്‍ പ്രേതത്തിനു  കൊണ്ടു വെക്കുന്നതുപോലെ ആര്‍ക്കാണ് എന്ന്‌പോലും അറിയാതെ ഭക്ഷണം അടഞ്ഞ വാതിലിനു  മുന്നില്‍ വെച്ചിട്ട് അയാള്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുമായിരുന്നു.   

ഒരേ ഇരുപ്പിലിരുന്നു ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കലായിരുന്നു അവള്‍ ജീവിതത്തില്‍ ചെയ്തിരുന്ന ഒരേ ഒരു കാര്യം. അവളുടെ മുറിയിലെ വായു ജീര്‍ണ്ണിച്ചതും പൂപ്പല്‍ നിറഞ്ഞതുമായിരുന്നു. വെളിച്ചത്തിനു വേണ്ടി ആ മുറിയിലെ വായു പലപ്പോഴും വല്ലാതെ വെമ്പുന്നുണ്ടായിരുന്നു. വാട്‌സ് ആപ്പ്  ഗ്രൂപ്പുകളിലേയും, ഫേസ് ബുക്കിലേയും, ഇന്‍സ്റ്റാഗ്രാമിലേയും ഒക്കെ സന്തോഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അപ്പുറം ജീവിതത്തില്‍ എല്ലാവരും ഒറ്റയ്ക്ക് തന്നെയാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം അവള്‍ സ്വയം സന്തോഷങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. കൂട്ടുകാരുടെ ബ്രേക്കപ്പ് പാര്‍ട്ടീസ് ആഘോഷങ്ങള്‍ക്കിടയില്‍ അവള്‍ തുടങ്ങിയതാണ് കഞ്ചാവ് വലിക്കുന്ന സ്വഭാവം. ആദ്യമൊക്കെ കൂട്ടുകാര്‍ക്കൊപ്പം  ഒരുമിച്ചു വലിക്കുന്നതിലായിരുന്നു സുഖം. പിന്നെ കൂട്ടുകെട്ടുകളിലെല്ലാം തൊഴുത്തില്‍ കുത്ത് അനുഭവിക്കാന്‍ തുടങ്ങിയതിനു ശേഷം അവള്‍ ആരോടെങ്കിലും മിണ്ടുന്നത് തന്നെ വളരെ പ്രയാസപ്പെട്ടായിരുന്നു. അവനവനിലേക്ക് ഒതുങ്ങിക്കൂടുമ്പോഴുള്ള ആ പ്രത്യേക സന്തോഷം സത്യത്തില്‍ അനുഭവിച്ചവര്‍ക്ക് മാത്രമെ മനസ്സിലാകുകയുള്ളു. പ്രേമിച്ച ചെക്കനുമായും  തമ്മില്‍ പിരിഞ്ഞപ്പോള്‍ അവളുടെ ഏകാന്തത എല്ലാം കൊണ്ടും പൂര്‍ത്തിയായി. വീടിന്  പുറത്ത്  കാറ്റ് ആഞ്ഞു വീശുമ്പോള്‍, കാറ്റ് പലവര്‍ണ്ണങ്ങളായി, പല രൂപങ്ങളില്‍, അവളെ പ്രാപിക്കാന്‍ വരുന്നതുപോലെ അവള്‍ക്ക് തോന്നിത്തുടങ്ങി. ശക്തമായി കാറ്റ് വീശുമ്പോള്‍ അവള്‍ മുറിയുടെ മൂലയില്‍ തലകുമ്പിട്ട് മുട്ടുകാല്‍ കെട്ടിപ്പിടിച്ചിരുന്നു.  അവളുടെ അപ്പനും അമ്മയും നട്ടുവളര്‍ത്തിയ മരങ്ങള്‍ ശബ്ദത്തോടെ  ചരിഞ്ഞു വീശുമ്പോള്‍ അവളുടെ നാശം കണ്ട് അപ്പനമ്മമ്മാര്‍ ഉറക്കെ നിലവിളിക്കുന്നതായാണ് നിലം പരിശാകാവുന്ന ആ വീടിന് തോന്നിയത്.

ഉത്സവത്തിനു ആന മദമിളകി അവളുടെ പറമ്പിലൂടെ ഓടിയതോ, പറമ്പുമുഴുവന്‍ നാട്ടുകാര്‍ ചപ്പു ചവറുകള്‍ കൊണ്ടിട്ട് ചീഞ്ഞളിഞ്ഞതോ അവളറിഞ്ഞില്ല. ശക്തമായ കാറ്റില്‍ പറമ്പിലെ മാങ്ങയും, ചക്കയും, ചാമ്പങ്ങയുമെല്ലാം  കൊഴിഞ്ഞു വീഴുമ്പോഴും, അതെല്ലാം അവിടെ തന്നെ കിടന്ന്  ചീഞ്ഞു ഈച്ച അരിയ്ക്കുമ്പോഴും, പറമ്പ് മൊത്തം  തീറ്റപ്പുല്ലു കയറി വവ്വാലും, മരപ്പട്ടിയും, പാമ്പുകളും പെറ്റുപെരുകി വാഴുമ്പോഴും  അവളിതൊന്നും അറിയാതെ അവളുടെ പ്രിയപ്പെട്ട മുറിയില്‍  ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നു. 

അവളുടെ മരിച്ചുപോയ ഉപ്പാപ്പന്മാര്‍ പറമ്പിന്റെ തെക്കേ അതിരിലുള്ള പൊട്ടക്കിണറ്റില്‍ നിന്നും രാത്രി കാലങ്ങളില്‍ എഴുന്നേറ്റ്  വരികയും അയലത്തെ അടുക്കള തിണ്ണയിലിരുന്നു പാത്രം കഴുകുന്ന സ്ത്രീകളെ  പിറകില്‍ നിന്ന് ഇക്കിളി കൂട്ടുകയും, ഉമ്മ വെച്ചും രസിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ കേളികളെല്ലാം  മടുക്കുമ്പോള്‍ മുണ്ട്  മടക്കിക്കുത്തി, പറമ്പിലെ മരങ്ങളിലെല്ലാം തൂങ്ങിയാടി  വന്ന് അവളുടെ കൂടെ ഇരുന്ന്  രാത്രി മുഴുവന്‍ കഞ്ചാവ് വലിക്കും. അവരുടെ വീരശൂര  പരാക്രമ കഥകള്‍ അവള്‍ക്ക് പറഞ്ഞു കൊടുക്കും. കുലമഹിമ താന്‍ കാത്തു സൂക്ഷിക്കുന്നില്ല എന്ന വേവലാതി ഒട്ടുമില്ലാതെ അവള്‍ മുറിയിലെ  പൊട്ടിയ ഓടിന്റെ വിടവിലൂടെ ആകാശം നോക്കിയങ്ങനെ കിടക്കും. രണ്ടു മൂന്നു ഉപ്പാപ്പന്മാരുടെ ഉപദേശം അവള്‍ക്ക് സഹിക്കവയ്യാതെ അവള്‍ അവരെ തള്ളി പുറത്താക്കി. എന്നാലും രാത്രി കാലത്തെ കഞ്ചാവിന്റെ മണം വരുമ്പോള്‍ ഇനി ഉപദേശിക്കില്ല എന്ന് ഉറപ്പ് കൊടുത്തു വീണ്ടും അവളോട് അവര്‍ സൗഹൃദം കൂടി. 

സ്ഥലത്തെ പുതിയ പാതിരി ചെറുപ്പക്കാരനായിരുന്നു. പ്രാര്‍ത്ഥിച്ചും ധ്യാനിപ്പിച്ചും പുള്ളിക്കാരന്‍ സഭാജനങ്ങളെ ഒരു വഴിയാക്കി. ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും ദൈവകോപം  അനുഭവിക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് സഭാ ജനങ്ങള്‍ ഉരുകി. രണ്ട് പെഗ് അടിയ്ക്കാന്‍ വരെ ആണുങ്ങള്‍ ഭയന്നു. നരകാഗ്‌നിക്കൊക്കെ  എക്‌സ്ട്രാ  എഫക്റ്റ്  കൊടുത്തു പാതിരി  പ്രസംഗിച്ചതിന്റെ അനന്തര ഫലമായിരുന്നു അതെല്ലാം. അങ്ങനെയിരിക്കുമ്പോഴാണ് സോഫിയെക്കൂടി നന്നാക്കിയാല്‍ സഭയിലെ ജനങ്ങള്‍ ഏതാണ്ട് മൊത്തത്തില്‍ നന്നായതായി ഒരനുഭവം ഉണ്ടാവുമെന്ന് പാതിരിക്കു  തോന്നിയത്. എന്തെങ്കിലും തോന്നലുണ്ടായാല്‍ അതപ്പോഴേ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാതിരിക്ക് ഏതാണ്ട് ഒരേനക്കേട് പോലെയാണ്. കാട് കയറി ഇടിയാറായ വീട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ പാതിരിക്ക് പേടി. പാതിരി  പള്ളിയിലെ വാട്‌സാപ്പ് ഗ്രൂപുകളില്‍ മൊത്തം  സോഫിയെ രക്ഷിക്കുക എന്ന തന്റെ ഐഡിയ അവതരിപ്പിച്ചു. വീട്ടില്‍ വെറുതെയിരുന്ന് ഈച്ച അടിയ്ക്കുന്ന അപ്പാപ്പന്മാര്‍ക്കെല്ലാം അതൊരു സാഹസിക ഉദ്യമമായി തോന്നി എല്ലാരും ചാടിക്കയറി സമ്മതം മൂളി. അവരുടെ ഉദ്യമത്തിന് മുന്നെ അവര്‍ ഒരു മാസം പ്രത്യേക കൊന്ത ചൊല്ലി കാര്യസാധ്യത്തിനായി പ്രാര്‍ത്ഥിച്ചു. ഇടയ്ക്ക്  സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറന്ന് ഭൂമിയിലേക്ക് നോക്കിയപ്പോള്‍ സ്വന്തം കൊച്ചുമക്കള്‍ എവിടെയാണെന്ന് പോലും അറിയാത്ത അപ്പച്ചന്മാര്‍ സോഫിയെ രക്ഷിക്കാന്‍ കച്ച കെട്ടിയിറങ്ങിയത് കണ്ടപ്പോള്‍ ദൈവത്തിന് ചിരി വന്നു. 

അങ്ങനെ പാതിരി  തീരുമാനിച്ച ഞായറാഴ്ച ഉച്ചയ്ക്ക് പള്ളി കഴിഞ്ഞു സോഫിയുടെ വീട്ടിലേക്കവര്‍ കൂട്ടമായിപ്പോയി. കാട് കയറിയ ഒന്നരയേക്കര്‍ പിന്നിട്ടാല്‍ മാത്രമേ അവളുടെ  വീട്ടിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. അവള്‍ക്ക് ഭക്ഷണം കൊണ്ടുവരുന്ന സ്വിഗ്ഗിക്കാരന്റെ  ധൈര്യത്തിന്റെ പകുതി പോലും ആ കാട് കണ്ടപ്പോള്‍ പല അപ്പച്ചന്മാര്‍ക്കും ഉണ്ടായില്ല. സ്വര്‍ണ്ണക്കൊന്ത മുറുകെപ്പിടിച്ചു കൊണ്ട് അന്തോണിച്ചായന്‍ ആ ജാഥയ്ക്ക് നേതൃത്വം  കൊടുത്തു. വൃശ്ചികക്കാറ്റത്ത് മരങ്ങളെല്ലാം  ശക്തമായി ആടിയുലയുന്നുണ്ടായിരുന്നു. തൊട്ടാവാടിയുടെ മുള്ളുകളും, ചൊറിയണത്തിന്റെ ഇലകളും കാലില്‍ തട്ടിയപ്പോള്‍ പല ആണുങ്ങളും മുണ്ട്  വീണ്ടും  പൊക്കിയുടുത്ത്  കാലുകളും ആഞ്ഞു ചൊറിഞ്ഞുകൊണ്ട് ചാടിച്ചാടി ആ കാട് കടക്കാന്‍ ശ്രമിച്ചു. കാറ്റത്ത് ഉണങ്ങി നിന്ന മരക്കൊപ്പ്  ഒരെണ്ണം അന്തോണി ചേട്ടന്റെ ദേഹത്ത് വീണപ്പോള്‍ 'അയ്യോ എന്റെ മാതാവേ' എന്ന് വിളിച്ചു വെട്ടിയിട്ട ചക്ക പോലെ പുള്ളിക്കാരന്‍ വീണു. അത് കണ്ട  സഭാജനങ്ങള്‍ ആകെ ചിന്നിച്ചിതറി ഓടി. ഓട്ടത്തിന്റെ ഇടയില്‍  അന്നമ്മ ചേട്ടത്തിയുടെ സാരി റോസാ മുള്ളിലുടക്കി വലിഞ്ഞു. തിരിഞ്ഞു നോക്കാതെ, കണ്ണ് തുറക്കാതെ ചേട്ടത്തി അവിടെത്തന്നെ മുട്ടുകുത്തി നിന്ന് താന്‍ ചെയ്ത പാപങ്ങള്‍ ഏറ്റു പറയാന്‍ തുടങ്ങി. ധൈര്യം സംഭരിച്ചു പാതിരിയും, ജോസഫ് ചേട്ടനും വീട്ടു പടിക്കല്‍ വരെ ചെന്ന് കതക് തള്ളി തുറന്നു. 

ഇരുണ്ട മുറിയില്‍ ദേഹം മുഴുവന്‍ ചായം തേച്ച് മുടിയഴിച്ചു കിടക്കുന്ന സോഫിയെ കണ്ട്  ജോസഫ് ചേട്ടന്‍ നിത്യസഹായ മാതാവിന്റെ പ്രാര്‍ത്ഥന  തുടക്കവും, ഒടുക്കവുമില്ലാതെ  നിലവിളിച്ചു ചൊല്ലിക്കൊണ്ട് പുറത്തേക്കിറങ്ങിയോടി. പാതിരി അവിടെത്തന്നെ മുട്ടുകുത്തി കണ്ണടച്ച് നിന്നു. 

അപ്പോഴേക്കും സോഫിയുടെ ഉപ്പാപ്പന്മാര്‍ അവളെ എടുത്തുകൊണ്ട് പൊട്ടകിണറ്റിന്റെ ഉള്ളറകളിലേക്ക്  പോയിരുന്നു


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios