ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഫാത്തിമ ഹഫ്‌സ എഴുതിയ ചെറുകഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ചിത

കണ്ണീരുണങ്ങിയ നഗരത്തിന്റെ, വിണ്ടുകീറിയ കവിള്‍ത്തടത്തില്‍ നിന്നാണ് ഞാന്‍ അവളുടെ അടഞ്ഞ കണ്ണുകളിലെ മറ്റാരും കാണാത്ത കൂര്‍ത്ത നോട്ടങ്ങളെ ഏറ്റുവാങ്ങിയത്. ഓരോ നിമിഷവും തമ്പേറടിക്കുന്ന സൂചിമുനകള്‍. അവയുടെ അറ്റത്തായിരുന്നു അവളുടെ മുഖം. ഞാനവളെ കോരിയെടുക്കുമ്പോള്‍, ഏറ്റുവാങ്ങുമ്പോള്‍, ഒന്നുമറിയാത്ത വണ്ണം അവള്‍ കിടന്നു.

അവള്‍, എന്റെ മകള്‍. ഒരു പക്ഷേ ഈ ചലനങ്ങളെല്ലാം അവള്‍ അറിയുന്നുണ്ടാകും. എന്നിട്ട് മിണ്ടാതെ കണ്ണടച്ച് കിടക്കുകയാവാം. ചുറ്റുപാടുമുള്ള കോലാഹലങ്ങള്‍ അവളെ അസ്വസ്ഥമാക്കുന്നുണ്ടാകാം. 

തനിച്ചിരിക്കാന്‍ എന്നും ആഗ്രഹിച്ചിരുന്നവളായിരുന്നു അവള്‍. ശാന്തമായ മിഴികള്‍ കൊണ്ട് അശാന്തമായ മനസിനെ അവള്‍ എന്നും അടക്കിപ്പിടിച്ചു. എന്നിട്ടും, അവള്‍ക്കു നേരെ ചോദ്യശരങ്ങളുടെ തീമഴ പെയ്തു. 

ആ തീമഴയില്‍ ശേഷിച്ച ഒരു തീക്കനല്‍ മാത്രമാണിന്ന് ഞാന്‍. ഏതു നേരവും ചാരമായിത്തീരാവുന്ന വെന്തു നീറുന്ന കനല്‍ക്കട്ട. പുകഞ്ഞ് പുകഞ്ഞ് അപ്രത്യക്ഷമാകാന്‍ മാത്രം ജീവിച്ചിരിക്കേണ്ട മൂകസാക്ഷി.


രണ്ട്

അവളുടെ തുടുത്ത കവിള്‍ത്തടത്തില്‍ വിടരാറുള്ള നുണച്ചുഴിക്കെന്തു ഭംഗിയായിരുന്നു! 

അവളുടെ വെള്ള ചുരിദാര്‍ ചോര കുടിച്ച് ചുവന്നു പോയിരുന്നു. അതു കൊണ്ടാണ് എന്റെ മകള്‍ ധരിച്ച ചുരിദാര്‍ തിരിച്ചറിയാന്‍ ഞാന്‍ ഒന്ന് അറച്ചത്. 

എന്നും വിടരാറുള്ള ആ കവിള്‍ച്ചുഴിയില്‍ ഒരു ഗര്‍ത്തമായിരുന്നു. മാംസം പുറത്തേക്ക് ചാടി, പേശികള്‍ മുറിഞ്ഞ്.... കോരിയെടുക്കുമ്പോള്‍ ഇരു കൈകളും വേറിട്ടിരുന്നു. ഒരിത്തിരി, ഒരിത്തിരി ശ്വാസം മാത്രം അവശേഷിച്ചു. കാല്‍മുട്ടുകളിലെ ചിരട്ട വേറിട്ടിരിക്കുന്നു. കനത്ത ഇരുമ്പുദണ്ഡു കൊണ്ടാണ് മര്‍ദ്ദനമേറ്റത്. പണ്ട് സ്‌കൂള്‍ വഴിയില്‍ വച്ച് കാലില്‍ മുള്ളു തറച്ചതിന് ദൈവത്തോട് പിണങ്ങിയവളായിരുന്നു. 

തലയ്ക്കു നല്ല ക്ഷതമുണ്ട്. ഒരു കണ്ണിന്റെ കാഴ്ച അപ്പോള്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. ആറ് പല്ലുകള്‍ അടര്‍ന്നു വീണു. കഴുത്ത് ചതഞ്ഞു പോയിരുന്നു. അരഞ്ഞു ചതഞ്ഞ തൊലി - നീറുന്ന വേദന. എങ്ങനെ അവള്‍ സഹിച്ചു? 

ആന്തരാവയവങ്ങളെല്ലാം ഉടലില്‍ നിന്നും വേറിട്ടിരുന്നു സത്യത്തില്‍ അത് അവളല്ല, അവള്‍ക്കു പകരം ഒരു ചോരക്കട്ട. തീര്‍ച്ച, അതവളല്ല. അതൊരു മാംസപിണ്ഡം, അതെന്റെ മോളല്ല!

അതൊരു പെണ്ണവസ്ഥയായിരുന്നു. പുരുഷന്റെ കാല്‍ക്കീഴില്‍ തകര്‍ന്നടിഞ്ഞ ചതഞ്ഞരഞ്ഞ പുഴു. ഇഴയാന്‍ ശ്രമിച്ചപ്പോള്‍ നിഷ്‌കരുണം ചവിട്ടിയരക്കപ്പെട്ട ജഡം! 


മൂന്ന്

രണ്ടു വയസു മുതല്‍ തുടങ്ങിയതാണ് അവളുടെ ദുരിതം. കുസൃതി വിരിഞ്ഞ കറുമ്പി കുഞ്ഞിനെ എല്ലാവരും ഉറ്റുനോക്കാറുണ്ട്. പ്രത്യേകിച്ച് പുരുഷന്മാര്‍. ആ നോട്ടത്തിന്റെ സൂചിമുനയേറ്റ് അവള്‍ കരയാറുണ്ടായിരുന്നു.

ദൈവമേ.., അതിന് മറ്റൊരര്‍ഥമുണ്ടായിരുന്നോ? അതറിയാവുന്നതുകൊണ്ടാണോ അവളന്ന് ഭയത്തോടെ എന്റെ നെഞ്ചില്‍ മുഖമമര്‍ത്തിയിരുന്നത്? ബലൂണുകളും മിഠായികളും കരിവളകളും ആരൊക്കെയോ സമ്മാനമായി കൊണ്ടു തരുമായിരുന്നു. എന്തായിരുന്നു അവളുടെ പ്രത്യേകത? അവളൊരു സുന്ദരിയായിരുന്നില്ല, വിരൂപിയും. പിന്നെ, പിന്നെന്തായിരുന്നു അവള്‍! 

നോക്കൂ, എന്തു തെറ്റാണ് എന്റെ മോള്‍ ചെയ്തത്. എന്തിന്റെ പേരിലാണ് അവന്‍ എന്റെ മോളുടെ ശരീരത്തെ ഛിന്നഭിന്നമാക്കിയത്. അവള്‍ ഒരിക്കല്‍ പോലും കാണാത്ത, ഒരക്ഷരം പോലും ഉരിയാടാത്ത ഒരാള്‍.

അവനവള്‍ ഒരു ശരീരം മാത്രമായിരുന്നു. എന്നാല്‍ അവള്‍ അതു മാത്രമായിരുന്നില്ല. അവളൊരു മനുഷ്യ സ്ത്രീയായിരുന്നു. ഞാന്‍ എന്റെ വിയര്‍പ്പുതുള്ളി കൊണ്ടാണ് അവളെ ഊട്ടി വളര്‍ത്തിയത്. എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ സുരക്ഷിതയായാണ് അവള്‍ ഉറങ്ങിയിരുന്നത്. ഇന്നെന്റെ കൈകളില്‍ പുരണ്ട അവളുടെ രക്തക്കറ കണ്ട് ഞാന്‍ ബോധരഹിതയാകുന്നു.

എന്റെ മകളുടെ ഓരോ തുള്ളി ചുടുരക്തത്തിനും എനിക്കു കണക്കുതീര്‍ക്കണം! 

നാല്

എന്തിനാണ് മനുഷ്യരെ നിങ്ങളെന്നെ തുറിച്ചു നോക്കുന്നത്? ഞാനവളെ ഏത് അഗാധ ഗര്‍ത്തത്തിലൊളിപ്പിച്ചാലും, ഏതു കരിമ്പടം കൊണ്ട് മൂടിവച്ചാലും, തക്കം പാര്‍ത്ത് ഒളിച്ചിരിക്കുന്ന കഴുകന്മാര്‍ വെറുതെ വിടുമോ? നോക്കൂ, എന്റ മകള്‍ എത്ര പരിക്ഷീണിത! അവളുടെ കണ്ണും എന്നേക്കുമായി അടഞ്ഞിരിക്കുന്നു. ഒന്ന് യാത്ര പറയാന്‍ പോലും എന്റെ കുട്ടിക്കു കഴിഞ്ഞില്ല.

അവളെ വെള്ള കൊണ്ട് പുതപ്പിച്ചിരിക്കുകയാണ്. ആ മുഖം കാണാന്‍ എനിക്ക് ശക്തിയില്ലല്ലോ! അവള്‍ നട്ട ആമ്പലിന്റെ പൂ വിരിഞ്ഞത് ഇന്നലെയാണ്. അടഞ്ഞ കണ്ണുകള്‍ കൊണ്ട് അവള്‍ക്കൊരിക്കലും അത് കാണാനാവില്ല. നിര്‍ജീവമായ വിരലുകള്‍ അതിനെ സ്പര്‍ശിക്കുകയില്ല. വെട്ടേറ്റ മുഖം കൊണ്ട്, നാസിക കൊണ്ട് അവള്‍ക്കതിന്റെ സുഗന്ധം ആസ്വദിക്കാനാവില്ല. മരണം എത്ര വേഗമാണ് അവളെ അടച്ചുകളഞ്ഞത്. 

ഒരു സ്ത്രീ ശരീരത്തില്‍ പിറന്നതിന് ലോകമവളെ ചുഴിഞ്ഞു നോക്കി. ആ നോട്ടം സഹിക്കാനാകാതെ പെയ്തടുത്ത പേമാരിയില്‍ ഒഴുകുകയായിരുന്നു അവള്‍. ഈ നനുത്ത സന്ധ്യയില്‍, കോരിച്ചൊരിയുന്ന ആകാശത്തിനു കീഴെ ഞാന്‍ മാത്രം ഒറ്റപ്പെടുന്നു. ഒരു കുത്തൊഴുക്കിലെന്ന പോലെ എന്റെ മകള്‍... 

ഭയാനകമായിത്തീര്‍ന്ന ആ മുഖം എന്നെ ഭയപ്പെടുത്തുന്നു. ഞാനെന്ന കനലിനെ തണുപ്പിക്കാനാണോ ഈ മഴ? 

അഞ്ച്

ഇന്നു ഞാന്‍ ഈ ലോകത്തെ തന്നെ വെറുക്കുന്നു. ലോകത്തുള്ള ഒന്നിനോടും എനിക്കാഗ്രഹമില്ല. ഞാനോരോ ദിവസവും എന്റെ മകളെ കാണുന്നുണ്ട്. പത്രങ്ങളില്‍, പലപല പേരുകളില്‍. ചിലപ്പോള്‍ അഴുകിയ ജഡമായി. ചിലപ്പോള്‍ ഭീകര സംഘടനകളുടെ തടവറകളില്‍ ചൂഷണം ചെയ്യപ്പെടുന്നവളായി, ചിലപ്പോള്‍ മാര്‍ക്കറ്റിലെ പുത്തന്‍ ഉല്‍പ്പന്നമായി, കടല്‍ത്തിണ്ണയില്‍, തെരുവോരങ്ങളില്‍. 

ഒരിക്കലും മോചനം കിട്ടാത്ത അശാന്ത ആത്മാവായി, അവളലയുന്നുണ്ട്. എന്റെ കാതുകളില്‍ വേദനാഭരിതമായ സ്വരത്തില്‍ അവള്‍ 'അമ്മേ' എന്നു വിളിക്കാറുണ്ട്. പക്ഷേ പകരം എനിക്കൊരു സ്വരമില്ലല്ലോ! ആത്മാവിന്റെ ഭാഷ എനിക്കറിയില്ലല്ലോ! അവളെ തളച്ചിട്ട ചങ്ങലകളെ ഞാനോരോ ദിവസവും അറുത്തുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് കൂടുതല്‍ കൂടുതല്‍ ദൃഢമാകുന്നു. 

പക്ഷേ അവനെ മാത്രം കിട്ടിയില്ല. അവന്‍ ഒളിച്ചിരിക്കുകയോ ഒളിപ്പിക്കപ്പെടുകയോ ചെയ്യുന്നു. നിയമത്തിന്റെ കരങ്ങളില്‍ സുരക്ഷിതനാകുന്നു. എന്റെ മകള്‍ ഒരു മാംസപിണ്ഡമായിട്ടും അവന്റെ ദേഹത്ത് ഒരു ഉറുമ്പു പോലും കടിക്കാതെ അവര്‍ സൂക്ഷിക്കുന്നു. എന്റെ മകള്‍ വെന്തു നീറിയിട്ടും അവന്‍ അതീവ ശക്തിയോടെ എഴുന്നു നില്‍ക്കുന്നു

അവന്‍. പ്രായപൂര്‍ത്തിയായില്ലെന്നു പറഞ്ഞ് അവരവനെ ചുളുവില്‍ ഇറക്കിവിട്ടു. അവന്റെ ചേച്ചിയാകേണ്ട എന്റെ മകള്‍ അവിടെ ഒന്നുമല്ലാതായി. പകല്‍ തെരുവുപട്ടികളും രാത്രി പേപ്പട്ടികളും അവളെ കാത്തു നില്‍ക്കുന്നു. വാഹനങ്ങള്‍ പോലും അവള്‍ക്കു മോര്‍ച്ചറിയായി. പോസ്റ്റുമോര്‍ട്ടത്തില്‍ അവള്‍ പിന്നെയും തറഞ്ഞുമുറിഞ്ഞു. 

ആറ് 

ഒന്നോര്‍ക്കുക, ഞാന്‍ കണ്ണീരിനൊപ്പം സൃഷ്ടിക്കുന്ന ലാവ മതി നിങ്ങളൊക്കെ അവസാനിക്കാന്‍. പക്ഷേ നിങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് എന്റെ ശബ്ദം മോചിപ്പിക്കപ്പെടുന്നില്ലല്ലോ. എന്റെയുള്ളില്‍ തിളച്ചുമറിയുന്ന കനല്‍ അഗ്‌നിപര്‍വ്വതമായി പൊട്ടിത്തെറിക്കുന്നതു വരെ നിശബ്ദമായി ഞാനെല്ലാം സഹിക്കാന്‍ വിധിക്കപ്പെടുകയാണ്. അതുകൊണ്ടാണോ എന്റെ മകള്‍ എന്നെ അമ്മേ എന്നു വിളിച്ചത്!

അറിയില്ല. നിങ്ങളുടെ കാല്‍ക്കീഴില്‍ ഞാനിപ്പോഴും പിടഞ്ഞു കൊണ്ടിരിക്കുകയാണ്. മഞ്ഞും മഴയും അറിയാത്ത ഒരു ധ്രുവമായി ഞാന്‍ മാറിയിരിക്കുന്നു എന്റെ മകള്‍ പോലുമറിയാത്ത അത്ര ഓരോ ദിനരാത്രികളിലും എനിക്കു പൊള്ളുന്നു. എന്റെ ആലയില്‍ തീപ്പൊരികള്‍ പൊരിഞ്ഞു കൊണ്ടിരിക്കുന്നു. ദിനം പ്രതി വെന്തുരുകാന്‍ വിധിക്കപ്പെട്ട് ഞാനും അവളെപ്പോലെ മോക്ഷം തേടിക്കൊണ്ടിരിക്കുന്നു.

ഉരുണ്ടുകൂടുന്ന മഴ മേഘങ്ങള്‍ക്ക് നടുവില്‍ ഭ്രാന്തിയെപ്പോലെ ഞാന്‍. എന്റെ മൗനങ്ങള്‍ നിഗൂഢതയുടെ അടിത്തട്ട് തേടുമ്പോള്‍ എന്റെ മകള്‍ അലറി വിളിക്കുന്നുണ്ട്. 

അവളുടെ ആര്‍ത്തനാദം ഇപ്പോഴും എന്റെ ഹൃത്തടത്തില്‍ കൊടുങ്കാറ്റായ് ആഞ്ഞടിക്കുന്നു അപ്പോഴൊക്കെ ഞാനെന്റെ ആയുധം മിനുക്കിക്കൊണ്ടിരിക്കുന്നു. ഇരയെ കാത്തു കിടക്കുന്ന നീരാളിയെ പോലെ. എനിക്കു മുന്നില്‍ ഒരു ചിത എരിഞ്ഞു നീറുന്നു. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...