Asianet News MalayalamAsianet News Malayalam

Malayalam Short Story : അവള്‍, ജയചന്ദ്രന്‍ എന്‍ റ്റി കുളത്തൂര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.    ജയചന്ദ്രന്‍ എന്‍ റ്റി കുളത്തൂര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Jayachandran NT
Author
First Published May 8, 2023, 6:17 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

'മൃത്യു, ബ്രഹ്മാവിന്റെ കോപം കൊണ്ടു സൃഷ്ടിച്ച സുന്ദരിയായ കന്യക! ചോരച്ചുവപ്പാര്‍ന്ന ചുണ്ടുകള്‍, നീണ്ടു വശീകരണ ശക്തിയേറിയ മിഴികള്‍. ചുവന്ന ചുണ്ടുകള്‍ക്കുള്ളിലാകുമോ അവള്‍ മൃത്യുവിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത?'

മൃത്യുവിലെ നായകന്റെ മരിക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. ആഗ്രഹങ്ങള്‍ ഒരുപാട് ബാക്കിയാക്കി യാത്രയാകുന്നവന്‍. വിടപറയുന്ന നിമിഷമെങ്കിലും അവള്‍ തേടി വരുമെന്നവന്‍ കിനാവു കണ്ടിരുന്നവന്‍. മൃത്യു വായിച്ചു തീര്‍ന്ന രാത്രിയില്‍ ഞാനും ആ കിനാവ് കണ്ടിരുന്നു. മൃത്യുവിലെ വരികളില്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന ഔഷധക്കൂട്ട് പിന്നെ ഞാന്‍ കണ്ടെത്തി.

സിറിഞ്ചില്‍ നിറച്ചു വച്ച പ്രത്യേക രസക്കൂട്ട് ഞരമ്പു നോക്കി ഞാന്‍ കുത്തിയിറക്കി. സിരകളിലൂടെ  ജീവനെ തിരഞ്ഞത് ശരീരമാകെ ഒഴുകി തലച്ചോറിലുമെത്തി. വേദനയില്ലാത്ത മരണം. മരണം അറിയാത്ത മരണം. ഞാനിതാ അതിലൂടെ സഞ്ചരിക്കുന്നു. 

'കെവിന്‍, ഇപ്പൊഴെന്താണ് നീ ചിന്തിക്കുന്നത്? ആലോചിക്കണ്ട. പെട്ടെന്ന് മറുപടി പറയൂ.' 

ഒരു കനവില്‍ മൃണുവിന്റെ ചോദ്യത്തിന് ഞാനപ്പോള്‍ ആ മറുപടി പറഞ്ഞിരുന്നു. ഉണര്‍ന്നതിനു ശേഷവും അതൊരു ഭ്രമാത്മകമായ സ്വപ്നം മാത്രമാകാതിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചിരുന്നു. അതിനു മുന്‍പ് ഞാന്‍ പറഞ്ഞ കണക്കെടുപ്പിനെപ്പറ്റി കേട്ടവള്‍ വായ് പൊത്തിച്ചിരിച്ചു. 

'അയ്യേ നാണക്കേടു തന്നെ.'-ചിരിക്കിടയിലും അവള്‍ പറഞ്ഞു.

അവളുടെ ചിരി കാണാന്‍ എന്തു ഭംഗിയായിരുന്നു.

പുറത്ത് നല്ല മഴയായിരുന്നു.  മഴ നനഞ്ഞാണവള്‍ ഓടിക്കയറി വന്നത്. ഉമ്മറത്ത് ഞാന്‍ ഒരു പുസ്തകവും മാറില്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. വായിക്കാന്‍ കഴിഞ്ഞില്ല. മഴത്തുള്ളികളുടെ ഒച്ച കേട്ടു കണ്ണടച്ചിരുന്നതേയുള്ളു. വായിച്ചു നിര്‍ത്തിയ ഭാഗം പുസ്തകത്തില്‍ അടയാളം വച്ചു മടക്കി. അവള്‍ ഓടിക്കയറി വരുന്ന കൊലുസിന്റെ ഒച്ച കേട്ടായിരുന്നു. കണ്ണ് തുറന്നത്.

മഴ ശമിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങളൊരു പുതപ്പിനുള്ളിലായിരുന്നു. നൂല്‍ബന്ധം പോലും ശരീരത്തിലില്ലാതെ. കൂരിരിട്ടില്‍ മറ്റൊന്നാണ് എന്നു ചിന്തിച്ചില്ല. ഞാന്‍ ആവശ്യപ്പെടാതെ അവള്‍ തന്നെയാണത് പറഞ്ഞത്.

'കെവിന്‍ ഇന്നു നിനക്ക് എന്നോടെന്തും പറയാം, എന്തും ചെയ്യാം. ഇന്നത്തെ ദിവസം ഞാന്‍ നിനക്ക് പൂര്‍ണ്ണമായും നല്‍കിയിരിക്കുന്നു. പറയൂ നിനക്കെന്തു വേണം?'

ഒരു പുതപ്പിനുള്ളിലായിരുന്നെങ്കിലും ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ സ്പര്‍ശിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ അവള്‍ ഞെട്ടുന്നത് ഞാനറിഞ്ഞു. കറന്റ് പോയി. മുറിക്കുള്ളില്‍ പകലിന്റെ മഴയിരുട്ടായി. അവള്‍ അണിഞ്ഞിരുന്ന എന്റെ വെള്ളനിറമുള്ള കുര്‍ത്ത വാതില്‍പ്പാളിയില്‍ കിടന്ന് കാറ്റിലാടുന്നുണ്ട്.

ഒരനുവാദവും ചോദിക്കാതെയായിരുന്നു. വസ്ത്രം മാറി എന്റെ കുര്‍ത്ത എടുത്തവള്‍ അണിഞ്ഞത്. മഴ നനഞ്ഞ വേഷം മാറ്റാന്‍ ഇവിടെ മറ്റൊന്നുണ്ടായിരുന്നില്ലല്ലോ?

കുര്‍ത്ത അവള്‍ക്ക് കാല്‍മുട്ട് വരെ എത്തിയിട്ടുണ്ട്. നേര്‍ത്ത രോമങ്ങള്‍ നിറഞ്ഞ കണങ്കാലുകള്‍ അതിനു താഴെ കാണാമായിരുന്നു. ഹാളിലെ സോഫയില്‍, അവള്‍ അണിഞ്ഞിരുന്ന നനവുള്ള സാരി അഴിച്ചിട്ടിരിക്കുന്നു. ഫാനിന്റെ കാറ്റേറ്റ് അത് പെട്ടെന്നുണങ്ങും. മഞ്ഞിന്റെ നിറമുള്ള നേര്‍ത്ത തുണിയില്‍ നീല നിറമുള്ള പൂക്കളില്‍ മഴത്തുള്ളികള്‍. നേര്‍ത്ത മഞ്ഞു വസ്ത്രത്തിനടിയില്‍ മറച്ചിട്ടിരിക്കുന്നുണ്ടായിരുന്നു. 
അവള്‍ അണിഞ്ഞിരുന്ന അടിവസ്ത്രങ്ങള്‍.  കറുപ്പും, റോസും നിറങ്ങള്‍. അവ വെള്ള വസ്ത്രത്തിന് പുറത്ത് കാണാമായിരുന്നു. 

ഞാനണിഞ്ഞു മുഷിഞ്ഞ കുര്‍ത്തയാണ് അവള്‍ ഇപ്പോള്‍ അണിഞ്ഞിരിക്കുന്നത്. എന്റെ വിയര്‍പ്പു മണവും, പൊഴിഞ്ഞ രോമങ്ങളും പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രം ഇപ്പോള്‍  അവളില്‍ ചേര്‍ന്നു പുണര്‍ന്നിരിക്കുന്നു. 

ഞാന്‍ രണ്ടു കോഫി ഉണ്ടാക്കിയിരുന്നു. ആവി പറക്കുന്ന രണ്ട് കപ്പുകളില്‍ ഒന്നവള്‍ക്കു നീട്ടി.

'ഇരിക്കൂ നീ എന്താ ഇത്ര പെട്ടെന്ന്?'

'പറഞ്ഞില്ലേ ഇന്നത്തെ ദിവസം നിനക്കു നല്‍കുന്നു. നീ ചോദിക്കുന്നതെന്തും എനിക്കിന്നു നല്‍കണം.'

'എനിക്കു നിന്നെ ചുംബിക്കണം.' -എന്റെ ആവശ്യം പെട്ടെന്നായിരുന്നു.

ചുണ്ടോട് മുത്തിയ കോഫിക്കപ്പ് അവള്‍ താഴെ വച്ചു. എഴുന്നേറ്റു. എന്നരികിലേക്കു മുഖം കുനിച്ചു.

'നില്‍ക്ക് നില്‍ക്ക് അവിടിരിക്കൂ, എനിക്ക് നിന്റെ മറുപടിയാണ് ആവശ്യം'

'ഞാന്‍ പറഞ്ഞല്ലോ എന്തിനും സമ്മതമെന്ന്.'

നേര്‍ത്ത തണുപ്പുള്ള കാറ്റ് വീശി. വെള്ളകുര്‍ത്ത, മുറിയിലെ വാതില്‍പ്പാളിയില്‍ നിന്നൂര്‍ന്നു താഴേക്കു വീണു. ഒരു പുതപ്പിനുള്ളില്‍ ആയിരുന്നെങ്കിലും ഇടിമിന്നലില്‍ ഭയന്നപ്പോള്‍ പോലും ഞങ്ങള്‍ തമ്മില്‍ സ്പര്‍ശിച്ചില്ല.
'നിങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെയാണ്. സമ്മതമെങ്കില്‍ അപ്പോള്‍ അവിടെ തളരുന്നത് കാണാം. നിങ്ങള്‍ക്കെപ്പോഴും വേട്ടയാടുന്നതാണ് പ്രിയം. അവള്‍ സമ്മതയല്ലാത്തവളാകുമ്പോള്‍ കീഴടക്കുന്ന കിരാതമാണ് ലഹരി. ആഗ്രഹം ഇരയെ പോലെ മുന്നിലോടിക്കൊണ്ടിരിക്കണം. ലക്ഷ്യം, കൈകാലുകള്‍ മുളച്ച ജീവിയായി വേട്ടയ്ക്കായി പുറകിലോടിക്കൊണ്ടിരിക്കും. ഇര തിരിഞ്ഞു നിന്നാല്‍ ലക്ഷ്യത്തിന് പിന്നെ വേഗതയില്ല. ഓടിച്ചു പിടിച്ചു ക്ഷുദ്രജീവിയായി ഇരയെ കടിച്ചു കുടയുന്നതിലാണ് കൊതി.'

അവള്‍ മുന്നിലെ ചുവരിലേക്കുറ്റു നോക്കി പറഞ്ഞു. ഓടിത്തളര്‍ന്നു നിലച്ച സൂചികളുമായി ഒരു ഘടികാരം അവിടെ ആണിയില്‍ തൂങ്ങിച്ചത്തു നിന്നിരുന്നു.

'ശരിക്കും ഞാന്‍ തളര്‍ന്നതാണോ? അറിയില്ല. ശരിയാണ്, നിര്‍വൃതി ആ സമ്മതത്തിലായിരുന്നു.

'ഉമ്മ' എന്ന രണ്ടക്ഷരങ്ങള്‍ക്കുള്ളിലെ നിര്‍വൃതി. ഉമ്മ എന്നു പറഞ്ഞാലോ എഴുതി കാട്ടിയാലോ ചുംബനമാകുമോ?'

അവിടെ പ്രവര്‍ത്തിക്കുന്നു സമ്മതം എന്ന വികാരം. നീ അതു പറയാന്‍ തയ്യാറായി എന്ന വികാരം. ആ നിര്‍വൃതിയില്‍ തളര്‍ന്നതാകാം.

'മൃണൂ ഒരു തമാശ കേള്‍ക്കണോ? ഞാനിന്നലെ ഒരു കണക്കെടുത്തു.'

'എന്തു കണക്ക്?'

'അരക്കെട്ടില്‍ ബലം ഉറച്ചതു മുതല്‍ സ്വയം പരീക്ഷണങ്ങള്‍ക്ക് ഭാവനയില്‍ കടന്നെത്തിയ നഗ്‌നസുന്ദരിമാരുടെ കണക്ക്. ഒരു കടലാസ് നിറയെ ആ പേരുകള്‍ അക്കമിട്ടെഴുതി. പാടത്ത് പണിയെടുത്തിരുന്ന കറുമ്പിച്ചോയി മുതല്‍ ലോകസുന്ദരി വരെ വിവസ്ത്രയായി മുന്നില്‍ കിടന്നിരുന്നു.
നൂറിലധികം പേരുകള്‍.  ആ പേരുകള്‍ക്കിടയിലെല്ലാം ഞാന്‍ നിന്റെ പേര് തിരഞ്ഞു. ഇല്ല. ഒരിടത്തും നിന്നെ കണ്ടെത്താനായില്ല.  എനിക്കു നിന്നോടു അങ്ങനെ കഴിയാത്തതാണോ? എന്റെ കഴിവില്ലായ്മയാണോ? അറിയില്ല. 

'മനസ്സിനു അതിന്റെ രോഗം പകരുമെങ്കില്‍ എത്ര പേര്‍ക്കങ്ങനെ പകര്‍ന്നിട്ടുണ്ടാകുമല്ലേ?'-അവള്‍ വായ് പൊത്തിച്ചിരിച്ചു.

'അയ്യേ നാണക്കേടു തന്നെ.'

ഭംഗിയുള്ള ചിരി. ആ ചുണ്ടുകളില്‍ ചുംബിക്കണമെന്നു തോന്നി. പാടില്ല.

ഈ ക്ഷമ, ശിക്ഷയായി സ്വയം ഏറ്റെടുക്കേണ്ടതാണ്.

മഴ വീണ്ടും ശക്തിയായി പെയ്തു തുടങ്ങി.

'കെവിന്‍, ഇപ്പൊഴെന്താണ് നീ ചിന്തിക്കുന്നത്? ആലോചിക്കണ്ട. പെട്ടെന്ന് മറുപടി പറയൂ.' -അവള്‍ പെട്ടെന്നാണ് ചോദിച്ചത്.

'ഒന്നുമില്ല. ഇപ്പൊഴെന്താണ് ഞാന്‍ ചിന്തിച്ചതെന്ന് ആലോചിക്കുകയായിരുന്നു.'

'എന്നിട്ട് കിട്ടിയോ?'

'കിട്ടി.'

'എന്തായിരുന്നത്?'

'പെട്ടെന്നെങ്ങനെ മരിക്കാം എന്നതായിരുന്നു ഞാന്‍ ആലോചിച്ചത്?'

'അതിനിത്ര ആലോചിക്കാന്‍ എന്തിരിക്കുന്നു.  എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.'

'എന്തുമാര്‍ഗ്ഗങ്ങള്‍? ചീറിപ്പാഞ്ഞു വരുന്ന വണ്ടിയ്ക്ക് മുന്നിലേക്ക് എടുത്തു ചാടാമെന്നാണോ?
അതിനെനിക്കു വയ്യ. ഒടിഞ്ഞു തൂങ്ങുന്ന കൈകാലുകള്‍, ചോരയൊലിക്കുന്ന മുഖം. ആ വേദന, പ്രാണന്‍ വേര്‍പെടുന്ന പിടയല്‍. ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി തീവണ്ടിപ്പാളത്തില്‍ ബോധം മറഞ്ഞു കിടന്നുറങ്ങണം.'

'അപ്പോള്‍ ശരീരം വികൃതമാക്കപ്പെടില്ലേ?'


'ഉവ്വ് പക്ഷേ ഞാന്‍ ബോധം മറഞ്ഞു ഉറങ്ങുകയല്ലേ. ഞാനറിയുന്നില്ലല്ലോ, ഉണരുമ്പോള്‍ ഞാനില്ല.
ഞാന്‍ മാഞ്ഞു പോയിരിക്കുന്നു. അയ്യേ ഞാനെന്തൊരു വിഡ്ഡിയാണല്ലേ. പിന്നെ ഞാന്‍ ഉണരില്ലല്ലോ?'

തൂങ്ങി മരിക്കാന്‍ ഒഴിഞ്ഞ കോണില്‍ ഒരു മരം. അല്ലെങ്കില്‍ ഫ്യൂരിഡാനോ മറ്റു കീടനാശിനിയോ വാങ്ങാന്‍  കണാരന്‍ ചേട്ടന്റെ  പീടിക. ആകാശിന്റെ മരുന്നുകട. കുറെ ഉറക്കഗുളികകള്‍ വാങ്ങി ഒരുമിച്ച് കഴിച്ചു ഒരിക്കലും ഉണരാത്ത നിദ്രയിലേക്കൊരു യാത്ര. പക്ഷേ മരുന്നു കടയില്‍ മരണത്തിനു സാധ്യമായ ഗുളികകള്‍ കിട്ടില്ലല്ലോ വിഷം കഴിക്കാനും വയ്യ. അസഹനീയമായ വയറുവേദന ഉണ്ടാകും. വേദനയില്‍ പിടയുമ്പോള്‍ മരിക്കാന്‍ പോകുകയാണെന്ന് ഹൃദയം തലച്ചോറിനോട് പറയും. അതു മരണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളിലേക്കു കടന്നു വിജയിച്ചാലോ. മരിക്കില്ല. ചിലപ്പോള്‍ രക്ഷപ്പെടും.

പുഴയില്‍ മുങ്ങി മരിച്ചാലോ? ശ്വാസം മുട്ടലിന്റെ തീവ്രത എങ്ങനെ ഉണ്ടാകും? ഹൃദയം വെള്ളം നിറഞ്ഞു പൊട്ടുമോ? ഞാന്‍ രണ്ടു കൈയ്യും കഴുത്തിലിറുക്കി പിടിച്ചമര്‍ത്തി. 

നിമിഷങ്ങള്‍ മിനുട്ടുകളായി.

ശ്വാസം മുട്ടി, കണ്ണുകള്‍ മിഴിച്ചു വന്നു. ആരോ തട്ടിയെറിഞ്ഞതുപോലെ എന്റെ കൈകള്‍ കഴുത്തില്‍ നിന്നു പിടി വിട്ടു വശങ്ങളിലെ ചുവരില്‍ ചെന്നു പതിച്ചു. നന്നായി വേദനിച്ചു. കഴിയില്ല. എനിക്കു സ്വയം മരിക്കാന്‍ കഴിയില്ല. എങ്കിലിനി കൊലപ്പെടുത്താനുള്ള ജോലി മറ്റൊരാള്‍ക്ക് കാശ് കൊടുത്ത് നല്‍കിയാലോ? വേദനിപ്പിക്കാതെ കൊലപ്പെടുത്താന്‍ പറയാം.

അവര്‍ എങ്ങനെ കൊല്ലും?

ഒരു കഠാര നെഞ്ചില്‍ കുത്തിയിറക്കി. തോക്ക് കൊണ്ട് വെടിവച്ച്. വണ്ടിയിടിപ്പിച്ച്.

ഹോ വയ്യ, എല്ലാം വേദന തന്നെ.

എനിക്കു വയ്യ.

'മൃണൂ, ഒരു സ്വിച്ചിട്ടാല്‍ ലൈറ്റണയുന്നതു പോലെ മരിക്കാനും ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍ അല്ലേ?'
'അങ്ങനെ ഒന്നുണ്ടല്ലോ ചില പ്രത്യേക രസക്കൂട്ടുകള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന മരുന്ന്. ഞരമ്പുകളില്‍ അതു കുത്തിയിറക്കണം.'

'ഇല്ല അതിലും നിമിഷങ്ങള്‍ ബാക്കിയാകും. മരിക്കാന്‍ വെമ്പുന്ന ആ നേരങ്ങളില്‍ മരിക്കണ്ട എന്നു തലച്ചോര്‍ നിര്‍ബന്ധിക്കും.  അത് അതിജീവിക്കാന്‍ കഴിയില്ല.  മരിക്കുന്നു എന്നറിഞ്ഞു കൊണ്ടു മരണം പുല്‍കും എനിക്കതു താങ്ങാന്‍ വയ്യ.'

'താങ്ങണം നീറി നീറി മരിക്കണം. കുറ്റബോധത്തില്‍ മരിക്കാന്‍ ആഗ്രഹിച്ച്, മരിക്കാന്‍ കൊതിച്ച്, നീറി നീറി മരിക്കണം. അപ്പോള്‍ വേദന ഉണ്ടാകില്ല.

'ഞാന്‍ നിന്നെ കൊല്ലട്ടെ, വേദനിപ്പിക്കാതെ.' അവള്‍ ചോദിച്ചു.

ഞാന്‍ സമ്മതം മൂളി.

അവള്‍ എന്റെ മുകളിലേക്ക് കിടന്നു.

എന്റെ ചിന്ത സത്യമായിരുന്നു.

ഞങ്ങള്‍ വിവസ്ത്രരായിരുന്നു. ചുണ്ടുകള്‍ കൊണ്ടവള്‍ എന്റെ വായ്മൂടി. എനിക്ക് ശ്വാസം മുട്ടിയില്ല. വേദനിച്ചില്ല. ഒരു തൂവല്‍ പോലെ ഞാന്‍ നനഞ്ഞ പ്രകൃതിയിലേക്ക് ഒരിളം തെന്നലിനോടൊപ്പം പറന്നു.                        

'മൃത്യു, ബ്രഹ്മാവിന്റെ കോപം കൊണ്ടു സൃഷ്ടിച്ച സുന്ദരിയായ കന്യകയാണത്രെ! 

ഭ്രമാത്മകമായ ദൃശ്യങ്ങള്‍ എനിക്കു നല്‍കി ഒരു മഴ നനഞ്ഞവള്‍ എന്നെ തേടി വന്നു. ചോരച്ചുവപ്പാര്‍ന്ന ചുണ്ടുകള്‍ ഉള്ളവള്‍, നീണ്ടു വശീകരണ ശക്തിയേറിയ മിഴികള്‍. ചുവന്ന ചുണ്ടുകള്‍ക്കുള്ളിലായിരുന്നു. അവള്‍ മൃത്യുവിനെ ഒളിപ്പിച്ചു വച്ചിരുന്നത്.

അവള്‍ നഗ്‌നയായിരുന്നു. ഞാനവളെ സ്പര്‍ശിച്ചില്ല. എന്റെ ഭാവനയില്‍ അവള്‍ക്കെന്റെ പ്രണയിനിയുടെ മുഖമായിരുന്നു.'

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios