Asianet News MalayalamAsianet News Malayalam

Malayalam Short Story : വാണിയംകുന്ന്, ജിലൂഷ് കെ.പി എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ജിലൂഷ് കെ.പി എഴുതിയ ചെറുകഥ

chilla Malayalam short story by Jiloos KP
Author
First Published Jun 29, 2024, 5:47 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Jiloos KP

വാണിയംകുന്ന് 


വാണിയം കുന്നിന്റെ ഉച്ചിയില്‍ വെയിലുകനക്കുന്ന നാളുകളില്‍, കുന്നിന്റെ മാറിടത്തിലൂടെ ഒഴുകുന്ന നീരുറവയുടെ ശക്തി കുറയും. അവസാനത്തെ നനവും വറ്റിപ്പോവാതിരിക്കാന്‍ മരങ്ങള്‍ ഇലകള്‍ പൊഴിച്ചുകൊണ്ട് കുന്നിനെ മൂടും. കരിയിലക്കമ്പളം പുതച്ചു നില്‍ക്കുന്ന കുന്നില്‍, ശിഖരങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന മഴക്കാലത്തെ സ്വപ്നം കണ്ട് ഓരോ മരവും നീലാകാശത്തേക്ക് കൈകളുയര്‍ത്തി കാത്തിരുന്നു. കറുത്തിരുണ്ട പാറക്കൂട്ടങ്ങളെയും പുതച്ചുനില്‍ക്കുന്ന കരിയിലകളേയും തഴുകിക്കൊണ്ട് ഒരു കാറ്റ് വട്ടമിട്ടു പറക്കുന്ന നാളുകളിലൊന്നില്‍, കളിചിരികള്‍ നിലയ്ക്കാനായി ഒരു പള്ളിക്കൂടം താഴ്വാരത്ത് തയ്യാറെടുപ്പുകള്‍ തുടങ്ങി. 

ഒരുഷ്ണക്കാറ്റ് ക്ലാസ് മുറികള്‍ തോറും കയറിയിറങ്ങി. ചുവരുകളിലും ബെഞ്ചുകളിലും കോറിയിട്ട പേരുകള്‍ക്ക്, ചിഹ്നങ്ങള്‍ക്ക്, അക്ഷരങ്ങള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നു. പ്രണയവും കലഹവും കളി-തമാശകളും നിറഞ്ഞുനില്‍ക്കുന്നയിടം. പരീക്ഷകഴിഞ്ഞു പുറത്തേയ്ക്ക് വരുന്ന കുട്ടികളെയും കാത്ത് രാഗിലിന്റെ ചീനച്ചട്ടിയില്‍ സ്വാദുള്ള പലഹാരങ്ങള്‍ എണ്ണയില്‍ കുളിച്ചു നിന്നു. കുട്ടികള്‍ ഓരോരുത്തരായി പുറത്തേയ്ക്ക് വന്നു. ഒരു ചാറ്റല്‍ മഴയില്‍ തുടങ്ങി പേമാരിയായിമാറിയ അവരുടെ കളിതമാശകള്‍ പള്ളിക്കൂടത്തില്‍ മുഴങ്ങി.

ചിലര്‍ ചോദ്യപേപ്പര്‍ കഷണങ്ങളാക്കി മുകളിലോട്ടെറിഞ്ഞു. മറ്റുചിലര്‍ പേനയിലെ മഷി അടുത്തുള്ളവരുടെ യൂണിഫോമിലേയ്ക്ക് കുടഞ്ഞു. രാഗില്‍ ചിരിച്ചു. പാല്‍ച്ചായയും പലഹാരങ്ങളും കടയില്‍ നിന്നും തീര്‍ന്നുകൊണ്ടിരുന്നു. തിരിഞ്ഞുനടക്കുന്ന കുട്ടികളെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. വരാന്‍ പോകുന്ന വേനലിലേക്ക് ജീവിതച്ചെലവുകള്‍ കണക്കുകൂട്ടി വകതിരിച്ചു വയ്ക്കണം!

രാഗില്‍ കാന്റീന്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലം മാത്രമേ ആയുള്ളൂ. അതിനും മുന്‍പ് പുറത്ത് എവിടെയോ ആയിരുന്നു ജോലി. പ്രസവത്തെ തുടര്‍ന്ന് ഭാര്യ തന്നെവിട്ട് പോയതില്‍പ്പിന്നെ, തുടര്‍ന്നുള്ള ജീവിതം, ജന്മനാ അരയ്ക്ക് താഴെ തളര്‍ന്നുപോയ മകള്‍ക്കായി മാറ്റിവച്ചു. മകള്‍ക്കൊപ്പം നിന്ന് കിട്ടുന്നതുകൊണ്ട് ജീവിക്കാം എന്ന തീരുമാനം അയാളെ നാട്ടില്‍തന്നെ പിടിച്ചുനിര്‍ത്തി. അവധിക്കാലം വരുമ്പോള്‍ രാഗിലിന്റെ മനസ്സിലൊരു ആധിയാണ്. വരുമാനം പാടേ നിന്നുപോകുന്ന അവസ്ഥയാകും. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ കാന്റീന്‍ ഉള്ളതുതന്നെ ഒരാശ്വാസമാണ് അല്ലെങ്കില്‍ പാതിതളര്‍ന്ന കൊച്ചിനെയും കൊണ്ട് എന്തുചെയ്യുമായിരുന്നു! പള്ളിക്കൂടത്തിന്റെ ഗെയിറ്റുകടന്ന് അവസാനത്തെ കുട്ടിയും പോകുന്നതുവരെ രാഗില്‍ നോക്കി നിന്നു. ഇനി വേനലവധിയുടെ നാളുകളാണ്. 

''രാഗിലേട്ടാ ഒരു ചായ.''

ഉത്തരക്കടലാസിന്റെ വലിയൊരു കെട്ട് മേശയുടെ ഒരറ്റത്തുവച്ച്, ഫോണില്‍ എന്തോ തിരഞ്ഞുകൊണ്ട് ഷര്‍മിള ടീച്ചര്‍ വിളിച്ചു പറഞ്ഞു. അഞ്ചുകൊല്ലത്തോളമായി ടീച്ചര്‍ അവിടെ പഠിപ്പിക്കുന്നു. 

''ദാ ടീച്ചറെ... കഴിക്കാന്‍ എന്താ വേണ്ടത്?''

''ഒരു പഴംപൊരി തന്നേക്ക്.''

''അല്ല ടീച്ചറെ, ടീച്ചറിപ്പോഴും ഗസ്റ്റാണല്ലേ..?''

''അതെ.''

''ഇന്നലെ ബാബുമാഷ് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. നിങ്ങക്ക് ഇവിടെ സ്ഥിരായിക്കൂടെ..?''

''അതിന് ഒരുപാട് കടമ്പകളുണ്ട് ചേട്ടാ. അതൊക്കെ ഒന്ന് കടന്നു കിട്ടണം.''

ചായ കുടിക്കുന്നതിനിടയിലും ഷര്‍മിള ടീച്ചര്‍ മൊബൈലില്‍ കാര്യമായെന്തോ തിരയുകയായിരുന്നു. 

''ദാ ബാക്കി.''

''വേണ്ട, വച്ചോ. പെര്‍മനന്റ് അല്ലെന്നുകരുതി പതിവ് തെറ്റിക്കണ്ട.''

നേരും നെറിയുമുള്ള കച്ചോടം ആയതിനാല്‍ രാഗിലിന്റെ കൈയ്യില്‍ വലിയ നീക്കിയിരിപ്പുകള്‍ കാണില്ല. ജീവിക്കാനുള്ളത് കിട്ടുന്നുണ്ടല്ലോ എന്ന സന്തോഷം മാത്രമാണ് അയാള്‍ക്ക്. ഒരിക്കല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ തന്റെ വീട് നിന്നിരുന്ന സ്ഥലത്ത് തുടങ്ങിയതാണ് കാന്റീന്‍. അവധിക്കാലമായാല്‍ രാഗിലും മകളും ഒറ്റമുറിയുള്ള, കാന്റീനെന്ന് വിളിക്കുന്ന അവരുടെ വീട്ടില്‍ തനിച്ചാവും. മൂകമായ ദിനരാത്രങ്ങളെ തള്ളിനീക്കാന്‍, പാതി തളര്‍ന്ന ശരീരവുമായി മകള്‍ അച്ഛനെയും കാത്തു കിടന്നു.

അമ്മയുടെ ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ കഥകളായി രാഗില്‍ മകള്‍ക്ക് പറഞ്ഞുകൊടുക്കും. ആഴ്ചകളില്‍ കിട്ടുന്ന അവധിക്ക് രാഗില്‍ വാണിയംകുന്നിന്റെ താഴ്വാരത്തുള്ള അവരുടെ വീട്ടില്‍ എത്തിയിരുന്ന നാളുകള്‍. കളിതമാശകളും സ്വപ്നങ്ങളും കണ്ടുകൊണ്ട് ജീവിതം മുന്നോട്ടുപോകുന്ന കാലത്താണ് കുന്നത്തുകാവിലെ കൊടിയേറ്റം നടന്നത്. തെയ്യം കാണാനായി അവര്‍ പോയി. വരാന്‍ പോകുന്നത് ആണാണോ പെണ്ണാണോ എന്നറിയാതെ അവര്‍ കളിക്കോപ്പുകള്‍ വാങ്ങി. സ്വാതിയുടെ വയറിനുള്ളില്‍ അനക്കങ്ങള്‍ വന്നുതുടങ്ങി. 

ഉയര്‍ന്നുനില്‍ക്കുന്ന തെയ്യത്തറയ്ക്ക് താഴെയായി ഒരുകൂട്ടം ആളുകള്‍ കൈതോല പായയില്‍ ഇരിക്കുന്നത് സ്വാതിയില്‍ അദ്ഭുതമുണര്‍ത്തി. കാവിനുള്ളില്‍ തെയ്യം നിറഞ്ഞാടുമ്പോള്‍ രാഗിലില്‍ നിന്നും സ്വാതി അതറിയാനുള്ള ശ്രമത്തിലായിരുന്നു. 

രാഗില്‍ ചെറുതായി. അവന്‍ തന്റെ അമ്മയുടെ മടിയില്‍ തലവച്ചുകിടന്നു അമ്മ പറഞ്ഞുതുടങ്ങി...

''പണ്ട് പണ്ട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്നത്തുകാവിലെ തേവര്‍ ഉറഞ്ഞുതുള്ളി പറഞ്ഞു 'എന്റെ കാര്യങ്ങള്‍ ചെയ്യാന്‍ കാണിക്കുന്നിലെ ആളുകള്‍ വേണം.' എന്താ കാര്യം..?''

''പൂജകള്‍ ചെയ്യാനാണോ അമ്മേ..?''

''ഹേയ്... അതൊക്കെ ചെയ്യാന്‍ ആളുണ്ടായിരുന്നു. എന്നാല്‍ തെയ്യം കഴിഞ്ഞ കാവും അതിന്റെ ചുറ്റുപാടും വെടിപ്പാക്കാന്‍ മാത്രം ആളെ കിട്ടിയില്ല. അതിന് വേണ്ടിയാണ് തേവര്‍ ഉറഞ്ഞു തുള്ളിയത്.''

''എന്നിട്ടോ?''

''എന്നിട്ടെന്താ... അതിന് ശേഷം ഓരോ കൊല്ലവും കാണിക്കുന്നില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ കൂട്ടമായി കുന്നത്തുകാവിലേയ്ക്ക് വന്നുതുടങ്ങി. ആദ്യമൊക്കെ കാവും അതിന്റെ ചുറ്റുപാടും വെടിപ്പാക്കി അവര്‍ തിരിച്ചുപോയി. പിന്നീടങ്ങോട്ട് വലിയ വലിയ വീടുകളിലും അവരെ കൊണ്ടുപോകാന്‍ തുടങ്ങി. കാലം കഴിയുംതോറും അതൊരു മത്സരം പോലായി.''

''തേവര് ഉറഞ്ഞു തുള്ളി പറഞ്ഞതാവും ല്ലേ..?''

''അതെ. എന്നാല്‍ കുന്നത്തുകാവിലേക്ക് ചിലര്‍ കുടിയേറി വന്നതുമുതല്‍ കാണിക്കുന്നിലെ ആളുകളെ കൊണ്ടുപോകുന്ന വീട്ടില്‍ അപമൃത്യു ഉണ്ടാവാന്‍ തുടങ്ങി. ദേവപ്രശ്‌നത്തില്‍ കാണിക്കുന്നുകാരെ മാറ്റിനിര്‍ത്താന്‍ അരുളിപ്പാടുണ്ടായി. എന്നാല്‍ കുന്നത്തുകാവിലേക്ക് കാണിക്കുന്നില്‍ നിന്നും ആളുകള്‍ ഇന്നും വരാറുണ്ട്. കൈതോല പായയില്‍ അവര്‍ ആര്‍ക്കൊക്കെയോ വേണ്ടി കാത്തിരിക്കും.''

കാവിനുള്ളില്‍ തെയ്യം നിറഞ്ഞാടാന്‍ തുടങ്ങി. മുറിച്ചു മാറ്റാന്‍ കഴിയാത്ത ആചാരങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത്, കാണിക്കുന്നിലെ യുവതലമുറ സ്വാതിക്ക് മുന്നില്‍ പുഞ്ചിരിച്ചു നിന്നു. കഥകളിലൂടെ അമ്മയെ അറിയുമ്പോള്‍ മകള്‍ രാഗിലിനെ കെട്ടിപ്പിടിയ്ക്കും. അവന്റെ കവിളില്‍ അവള്‍ വിരലുകള്‍ ചേര്‍ത്തുവയ്ക്കും. കുഞ്ഞു വിരലുകള്‍ നനയും.

വരാനിരിക്കുന്ന പകലിന് കൂടുതല്‍ ചൂടുപകരാനെന്നോണം തീനാളങ്ങള്‍ കണക്കെ, വാണിയംകുന്നിന്റെ നെറുകയില്‍ ആകാശം ചുവന്നു തുടുത്തു. ഇലകൊഴിഞ്ഞ മരച്ചില്ലകള്‍ വിറകടുപ്പിലേക്കെന്നപോലെ ആകാശത്തെ തുളച്ചു നിന്നു. വേനല്‍ക്കാലമായാല്‍ വറ്റിത്തുടങ്ങുന്ന കുളത്തിന്റെ കരയിലുള്ള കൊച്ചു വീട്ടില്‍ ഷര്‍മിള ടീച്ചറും ഉമ്മയും... പണ്ടെങ്ങോ ഉമ്മയെ മൊഴിചൊല്ലി കടന്നുകളഞ്ഞ ഉപ്പയെ, ഒരിക്കല്‍ ഉമ്മ പറഞ്ഞ വഴിയിലൂടെ അന്വേഷിച്ച് ടീച്ചര്‍ പോയിരുന്നു. ഭാര്യയും മക്കളുമൊത്ത് സുഖമായി ജീവിക്കുന്ന ഉപ്പയെയാണ് കണ്ടത്. അവരെ ശല്യം ചെയ്യേണ്ട എന്നുകരുതി ടീച്ചര്‍ തിരിഞ്ഞുനടന്നു. സ്‌കൂളിലെ ഏതാണ്ട് എല്ലാ അദ്ധ്യാപര്‍ക്കും അറിയാം ഷര്‍മിള ടീച്ചറുടെ ഈ കഥ.

ആദ്യമായി അവിടേക്ക് വന്നപ്പോള്‍ ബാബുമാഷാണ് ഷര്‍മിള ടീച്ചറെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്. ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥത ടീച്ചറെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി. ഓരോ കൊല്ലവും പത്രത്തില്‍ പരസ്യം കൊടുത്ത് സ്‌കൂള്‍ ഷര്‍മിള ടീച്ചര്‍ക്കായി കാത്തിരിക്കും. വേനല്‍ക്കാലമായാല്‍ വറ്റിത്തുടങ്ങുന്ന നീരുറവപോലെ അസ്ഥിരമായ ജോലി ടീച്ചറെ ഏറെ പ്രയാസത്തിലാഴ്ത്തിയിരുന്നു. രണ്ട് തവണ റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും കാലാവധി കഴിഞ്ഞതിനാല്‍ തള്ളിപ്പോയി. എന്നെങ്കിലുമൊരിക്കല്‍ അവധിക്കാലത്തിന്റെ ദുരിതം അവസാനിക്കുമല്ലോ എന്നും പറഞ്ഞ് അവര്‍ ഇപ്പോഴും പ്രതീക്ഷയോടെ നോക്കിയിരിപ്പാണ്.

അന്തിക്ക് കുളിരുപകരുന്ന ഒരു കാറ്റ് കുന്നിറങ്ങി താഴേയ്ക്ക് വന്നു. ബാബുമാഷ് പറഞ്ഞ കഥയില്‍ രാഗില്‍ തട്ടിത്തടഞ്ഞു നിന്നു. മനസ്സ് നിറയെ ഷര്‍മിള ടീച്ചര്‍ ആയിരുന്നു. അടുത്ത രണ്ടുമാസം ടീച്ചര്‍ എങ്ങനെയാവും ജീവിക്കുക? നീക്കിയിരിപ്പുകള്‍ വല്ലതും കാണുമോ?' തുടങ്ങിയ ചോദ്യങ്ങള്‍ രാഗിലിന്റെ മനസ്സിലൂടെ കടന്നുപോയി. അവധിക്കാലത്തും ഉത്തരക്കടലാസുകള്‍ നോക്കണം; പ്രതിഫലമില്ലാത്ത ജോലി! എങ്കിലും ടീച്ചര്‍ ഇതുവരെ പരാതിയൊന്നും പറഞ്ഞു കേട്ടിട്ടില്ല. രാഗിലിന്റെ സ്ഥിതി അറിയാവുന്നതുകൊണ്ട് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാല്‍ ബാക്കിവരുന്ന കാശ് പലപ്പോഴും ടീച്ചര്‍ വാങ്ങാറില്ലായിരുന്നു. അവധിക്കാലം കഴിയുന്നതിന് മുന്‍പ് ബാബുമാഷ് പറഞ്ഞ പ്രകാരം അവിടം വരെ ഒന്ന് പോവണം. രാഗില്‍ മനസ്സിലോര്‍ത്തു. 

എരിഞ്ഞു തുടങ്ങുന്ന പകലിനെ വകവയ്ക്കാതെ കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുന്ന, കുന്നത്തുകാവിലെ തെയ്യത്തിന്റെ അന്ന് രാഗില്‍ മകളെയും കൂട്ടി ഷര്‍മിള ടീച്ചറെ കാണാന്‍ പുറപ്പെട്ടു. ഉണ്ണിമാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ കുട്ടികള്‍ കളിക്കുന്നതും നോക്കി മകള്‍ അയാളുടെ തോളില്‍ തലചായ്ച്ചു കിടന്നു.

ബാബുമാഷ് പറഞ്ഞ വഴിയേ രാഗില്‍ നടന്നു. വാണിയം കുന്നിന്റെ ഉച്ചിയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ചു പിടിച്ച് അച്ഛനും മകള്‍ക്കും തണലേകി. വറ്റിത്തുടങ്ങിയ കുളത്തിന് കരയിലൂടെ, ചുറ്റും മരങ്ങളാല്‍ മൂടപ്പെട്ട ഓടിട്ട വീടിന്റെ മുന്നില്‍ അവരെത്തി. 

''അല്ല... ഇതാരൊക്കെയാണ്..?''

വീടിന്റെ തെക്കേ തൊടിയില്‍നിന്നും ഊണിനുള്ള പച്ചക്കറികളുമായി ഷര്‍മിള ടീച്ചര്‍ വിളിച്ചു ചോദിച്ചു. രാഗില്‍ ചിരിച്ചു. ടീച്ചറുടെ അടുത്തേയ്ക്ക് ചെന്നു. വീടിനോട് ചേര്‍ന്ന് ടീച്ചര്‍ നട്ടുവളര്‍ത്തുന്ന പച്ചക്കറിത്തോട്ടം കണ്ട് രാഗിലിന് അദ്ഭുതമായി. 

''എങ്ങനെയാണ് ഈ വേനലിലും ഇതിങ്ങനെ കൊണ്ടുനടക്കുന്നത്?''

''വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും; എന്നല്ലേ രാഗിലേട്ടാ.''

രണ്ടുപേരും ചിരിച്ചു. 

''ഉമ്മ എവിടെ?''

''അകത്തുണ്ട് വാ.''

ഷര്‍മിള കുഞ്ഞിനെ വാങ്ങി തോളിലിട്ടു. തൂണുകള്‍ ദ്രവിച്ചു തുടങ്ങിയ വീടിന്റെ ഉമ്മറത്തേക്ക് രാഗില്‍ കയറിനിന്നു. ടീച്ചര്‍ ഉമ്മയെ പരിചയപ്പെടുത്തി. തന്റെ മകളെ മാറോട് ചേര്‍ത്തു പിടിക്കുകയും, ഊട്ടുകയും ചെയ്യുന്ന ഷര്‍മിള ടീച്ചറെ കണ്ടപ്പോള്‍ രാഗിലിന്റെ കണ്ണുകള്‍ നിറഞ്ഞു. ലാഭനഷ്ടങ്ങള്‍ ചേര്‍ത്തെഴുതാന്‍ കഴിയാത്തവിധം ജീവിതം മുന്നിലേക്ക് നീട്ടിപ്പിടിച്ച രാത്രി രാഗിലിന്റെ മനസ്സില്‍ നൊമ്പരമുണര്‍ത്തി. 

കുന്നിന്‍ മുകളില്‍ നിന്നും കുടിയിറക്കപ്പെട്ട മലവെള്ളം വീടിനുള്ളില്‍ അഭയം തേടിയതുമുതലാണ് സ്വാതിയും രാഗിലും അപകടം തിരിച്ചറിഞ്ഞത്. ദുരന്തം കണ്‍മുന്‍പില്‍ കാണുമ്പോഴുള്ള പരവേശം പൂര്‍ണ്ണ ഗര്‍ഭിണിയായ സ്വാതിയെ തളര്‍ത്തി.

അതിജീവനത്തിന്റെ ബാക്കി എന്നോണം ഒരു പെണ്‍കുഞ്ഞിനെ രാഗിലിനെ ഏല്‍പിച്ച് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു. മകളുടെ ചിരി നഷ്ടങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന രാഗിലിന് ജീവിതം മുന്നോട് കൊണ്ടുപോകാനുള്ള ആശ്വാസമായി. നിറയുന്ന കണ്ണുകള്‍ ആരും കാണാതെ സമര്‍ത്ഥമായി തുടച്ചു നീക്കുവാന്‍ അവന്‍ പഠിച്ചു; രാഗില്‍ ചിരിച്ചുകൊണ്ട് ടീച്ചറുടെ വീട്ടില്‍ നിന്നും മകളെയും കൊണ്ട് ഇറങ്ങി.

തെയ്യക്കോലങ്ങള്‍ക്ക് താളം പകരാന്‍ ചെണ്ടമേളം കാവിനുള്ളില്‍ മുഴങ്ങി. ജീവിതത്തിലെന്നോ നഷ്ടപ്പെട്ടുപോയ വസന്തം തിരിച്ചുപിടിക്കാനെന്നോണം, മുന്നോട്ടുള്ള ജീവിതത്തിന് പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നവര്‍ക്കിടയില്‍ രാഗിലും പങ്കുചേര്‍ന്നു.

ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു കൈവന്ന് അവന്റെ തോളില്‍ പതിച്ചു. 

''ആ... മാഷേ.''

''നീ അവിടെ പോയോ..?''

''ഉം... ഞാന്‍ പോയി അവരെ കണ്ടു. അതൊന്നും നടക്കില്ല മാഷേ.''

''എന്തുകൊണ്ടില്ല. ടീച്ചറുടെ അവസ്ഥ ഞാന്‍ പറഞ്ഞതല്ലേ?''

''എന്നാലും വേണ്ട. അവര്‍ക്ക് വേറെ നല്ല ബന്ധം കിട്ടും. ഇതിലൊന്നും താല്പര്യം ഉണ്ടാവില്ല. പോരാത്തതിന് അന്യമതത്തില്‍ നിന്നും ഒരാളെ സ്വീകരിക്കുക എന്നൊക്കെ പറഞ്ഞാല്‍..!''

''അല്ലെങ്കിലും ഇന്നത്തെക്കാലത്ത് മനുഷ്യന് മനുഷ്യനെ ഭയമാണ്. വേര്‍തിരിവുകള്‍ ഉണ്ടാക്കി ഉണ്ടാക്കി എല്ലാവരും ചേര്‍ന്ന് നമ്മളെയൊക്കെ അകറ്റും. മാറിച്ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും നമുക്കിടയില്‍ ഉണ്ടാവട്ടെ.''

''ഈ കാര്യത്തില്‍ അന്നും ഇന്നും എന്നും ഒരേപോലെയല്ലേ മാഷേ..?''

തെയ്യത്തറയുടെ ചുവട്ടിലായി നിരത്തിയിട്ട പ്ലാസ്റ്റിക് കസേരകളില്‍ കാണിക്കുന്നിലെ പുതു തലമുറ ആരെയോ കാത്തിരുന്നു. ദീപനാളങ്ങള്‍ നാഗരൂപം പൂണ്ട് കാവിനുള്ളില്‍ നൃത്തം ചെയ്തു. പന്തങ്ങളുടെ വെളിച്ചത്തില്‍ തെയ്യം തന്നെ ചതിച്ച് ഇല്ലാതാക്കിയവരോട് കണക്കുപറയാന്‍ തുടങ്ങി. ചെങ്കണ്ണും ആടയാഭരണങ്ങളും കണ്ട് കുട്ടികള്‍ പേടിച്ചു മുഖം തിരിച്ചു. മേളം മുറുകിയപ്പോള്‍ തെയ്യം ചടുലനൃത്തം ചവിട്ടി. ഒടുക്കം പറഞ്ഞു പറ്റിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ തോറ്റം പാട്ടുപാടി, അലിഞ്ഞില്ലാതായി.

നീണ്ട ഒരു വര്‍ഷക്കാലത്തോളം കുന്നത്തുകാവും പരിസരവും ഇനി ഉറങ്ങും. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും തെയ്യം വരും തിറ വരും കൂത്തും കൂടിയാട്ടവും വരും. ചില തീരുമാനങ്ങള്‍ക്കൊടുവില്‍ മകളേയും കൊണ്ട് രാഗില്‍ വീട്ടിലേയ്ക്ക് തിരിച്ചു നടന്നു. 

നിലാവെളിച്ചത്തില്‍ കാന്റീനിലെ ചുവരില്‍ എന്തോ കോറിയിട്ടു. ആളും ആരവങ്ങളും ഒഴിഞ്ഞ സ്‌കൂള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, വരും നാളുകളില്‍ പകലിന് ചൂടുകൂടുമെന്ന് മൂളിപ്പറഞ്ഞു കൊണ്ട് ദൂരെ വാണിയം കുന്നില്‍ നിന്നും ഒരു പാതിരാക്കാറ്റ് കുന്നിറങ്ങി വന്നു. 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios