Asianet News MalayalamAsianet News Malayalam

Malayalam Short Story : മിന്നാമിന്നികള്‍, കെ പ്രദീപ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ പ്രദീപ് എഴുതിയ  ചെറുകഥ

chilla malayalam  short story by K Pradeep
Author
First Published Jan 13, 2024, 5:53 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by K Pradeep


''പണ്ട് പണ്ട് ഒരു കാട്ടില്‍ രണ്ട് ലാര്‍വ കൂട്ടുകാര്‍ ഉണ്ടായിരുന്നു. വ്യത്യസ്തങ്ങളായ ഇഷ്ടങ്ങളുള്ള രണ്ട് പേര്‍.

അതിലൊരുവള്‍ പച്ചയിലകള്‍ ഇഷ്ടം പോലെ തിന്നും. മറ്റേയാള്‍ക്ക് ഇലകള്‍ തിന്നാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. 
എന്നാലും കൂട്ടുകാരിയുടെ ഇഷ്ടമോര്‍ത്ത് കഴിക്കും. രാത്രിയില്‍ ഉറക്കം വന്നില്ലെങ്കിലും അവള്‍ ഉറങ്ങുന്നതല്ലേ എന്ന് കരുതി ഉറങ്ങും. 

ഒരേ മരക്കൊമ്പില്‍ രണ്ടുപേരും കളിച്ചു രസിച്ചു. പുഴുനടത്തത്തില്‍ കൂടുതല്‍ വേഗമാര്‍ക്കെന്ന് നിശ്ചയിക്കാന്‍ ഇടയ്ക്കിടെ മത്സരിച്ചു. 

അങ്ങനെയിരിക്കേ ഒരു ദിവസം കൂട്ടുകാരിക്ക് ഒരു ചുവട് നടക്കാന്‍ വയ്യ. ഒന്നും തിന്നാനും വേണ്ട. എവിടെ നിന്നോ കിട്ടിയ കട്ടിയുള്ള പുതപ്പ് പുതച്ച് ഉറക്കത്തോട് ഉറക്കംതന്നെ. 

അവള്‍, കൂട്ടുകാരി, ഒന്നുണരാന്‍ കാത്തിരുന്നു. 

വിശന്നപ്പോള്‍ പച്ചയിലകള്‍ക്ക് പകരം കുഞ്ഞു പ്രാണികളെ തിന്നു. കൂടുതല്‍ രുചി തോന്നി.രാത്രികളില്‍ മുഴുവന്‍ ഉണര്‍ന്നിരുന്നു. കാട്ടിലെത്ര വെളിച്ചമെന്ന് അത്ഭുതത്തോടെ കണ്ടു.

എന്ത് ഭംഗിയാണ് ഈ ഇരുട്ടിന്!
എത്ര ശബ്ദങ്ങളാണ് അതിന്റെയുള്ളില്‍.
എത്രയെത്ര വര്‍ത്തമാനങ്ങള്‍. 

എന്നിട്ടും അവള്‍ ദൂരെക്കൊന്നും പോയില്ല. ഒറ്റയ്ക്ക് ഒരിടത്തേക്കും അവള്‍ക്ക് പോകേണ്ട. പകരം അവള്‍, കൂട്ടുകാരിയുടെ ഉറക്കത്തിന് കാവലിരുന്നു. ദിവസങ്ങളോളം.

ഒരു ദിവസം പകലൊന്ന് മയങ്ങിയപ്പോള്‍ ആരോ അടുത്ത് വന്നിരിക്കുന്നത് പോലെ തോന്നി.
പ്രിയപ്പെട്ടവള്‍ തൊട്ടുമുന്നിലതാ  ചിത്രശലഭമായ് ചിറക് വിരിയ്ക്കുന്നു.

എത്ര നിറങ്ങളാണ്. എന്ത് ഭംഗിയാണ്. എത്ര നാളായി ഒന്നു മിണ്ടിയിട്ട്. എത്ര കഥകളുണ്ട് ഇനി പറയാന്‍ !

ഒന്നും കേള്‍ക്കാന്‍ കാത്തു നിന്നില്ല, ശലഭമായി മാറിയ കൂട്ടുകാരി ദൂരേക്ക്  എങ്ങോ പറന്നു പോയി.

എല്ലാ പുഴുക്കളും ഒരുനാള്‍ ചിറകുകള്‍ മുളച്ച് പറക്കാന്‍ സാധിക്കുന്നവരല്ല എന്ന തിരിച്ചറിവില്‍  അവള്‍ക്ക് കരച്ചില്‍ വന്നു. പകല്‍ മുഴുവന്‍ ഒറ്റയ്ക്കിരുന്ന്  കരഞ്ഞു. എപ്പോഴോ ഉറങ്ങിപ്പോയി.

ഉണര്‍ന്നപ്പോള്‍ രാത്രി.
കാട്ടില്‍ മുഴുവന്‍ വെളിച്ചം.
കാറ്റിന് അതിലേറെ തെളിച്ചം.

ആരൊക്കെയോ അവളെ നോക്കുന്നത് പോലെ തോന്നി. ആരൊക്കെയോ അവളെ ചുറ്റിപ്പറക്കുന്നത് പോലെ. 
അവരാരും കാണരുതെന്ന് അവള്‍ ഒളിച്ചിരുന്നു. എന്നിട്ടും ആരോ തൊട്ടടുത്ത് വന്നിരിക്കുന്നു.

പകലിലേക്ക് പറന്നു പോയ അവളുടെ പ്രിയപ്പെട്ടവള്‍. 

'ഒളിച്ചിട്ടും നീ എങ്ങനെ എന്നെ കണ്ടുപിടിച്ചു?' -കൂട്ടുകാരിയോട് അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

'ഇരുട്ടില്‍ ഒളിച്ചിരിക്കാനോ നീയോ ?' -ചിത്രശലഭം അവളെ നോക്കി ചിരിച്ചു: 'മിന്നുന്ന ഉടലറ്റമുള്ള നീയോ?'' 


രണ്ട്

'firefly! '-കഥ കേട്ട് മകള്‍ ആവേശത്തോടെ പറഞ്ഞു.

'അതെ, മിന്നാമിന്നി.'അഞ്ജലി പറഞ്ഞു.'

തന്റെ ഇരട്ട പെണ്‍കുട്ടികളോട് കഥ പറയുമ്പോള്‍ മുന്‍പ് വായിക്കാത്ത ആര്‍ക്കും അറിയാത്ത കഥകളാണ് അഞ്ജലി മിക്കപ്പോഴും തിരഞ്ഞെടുക്കുക.

അറിയാത്ത വാക്കുകളുടെ അര്‍ത്ഥം അവരുടെ മുന്നില്‍ നിന്ന് തന്നെ തിരയും. അമ്മയും അവരെപ്പോലെ പലതും പുതുതായി പഠിക്കുന്ന ആളാണെന്നു അവര്‍ കാണുന്നത് അവക്ക് ഇഷ്ടമുള്ള കാര്യമാണ്. അറിയാത്ത ഒരുപാടൊരുപാട് കാര്യങ്ങള്‍ അവരെപ്പോലെ അമ്മയ്ക്കും ഉണ്ടെന്ന് അവര്‍ക്ക് മനസ്സിലാവുന്നത്.

അതുകൊണ്ട് തന്നെ ഒരു സംശയം കഥയുടെ ആ ഘട്ടത്തില്‍ ഉണ്ടായി.

രണ്ട് പേരും ഒരുപോലെ ചോദിച്ചു:
'എന്തുകൊണ്ട് മിന്നാമിന്നി പറന്നില്ല?' 

മക്കളോടൊപ്പം ചേര്‍ന്ന് അഞ്ജലിയും ഗൂഗിളിനോട് ചോദിച്ചു: 'do female fireflies fly?'

'ഇത് നോക്ക് .. എനിക്കറിയില്ലായിരുന്നുട്ടോ മിന്നാമിന്നിപ്പെണ്ണിന് പറക്കാനാവില്ലെന്ന്..' 

അവള്‍ ഗൂഗിളിന്റെ ഉത്തരം വായിച്ചു :

'However, many female fireflies can only dream about flying because they don't have any wings...'

'ഒരു ആണ്‍കോന്തനെ  കാത്തിരിക്കാനും പെറ്റുകൂട്ടാനുമുള്ള പ്രകൃതിയുടെ കണ്ടുപിടുത്തം' എന്ന് മുഖം കറുപ്പിച്ച് ഞങ്ങള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ അഞ്ജലി ഓര്‍ത്തു. അതായിരുന്നോ ഞങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന കഥ? 

അല്ല. ഒരുപാട് വ്യത്യസ്തതയുള്ള രണ്ട് പേരുടെ സൗഹൃദത്തിന്റേതായിരുന്നു കഥ.  വ്യത്യസ്ത സമയങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന രണ്ട് പേര്‍ എല്ലാ ദിവസവും കുറച്ചു നേരം ഒന്നിച്ചു സമയം ചിലവിടാന്‍ കണ്ടുപിടിച്ച പുലരികളേയും സന്ധ്യകളേയും കുറിച്ച്.

'പെണ്ണെന്താ ഒരിയ്ക്കലും പറക്കാനാകാത്ത പുഴുക്കളോ'-എന്ന ചിന്തയാല്‍ ഞങ്ങള്‍ ചിറകുകളെ മാത്രം കഥയില്‍ തിരഞ്ഞതാണ്.
 
ഞാന്‍ അവളോട് പറഞ്ഞു: പറക്കാന്‍ ആഗ്രഹിക്കുന്ന ദൂരവും ഉയരവും അവള്‍ തന്നെ നിശ്ചയിച്ച് അതിന് പറ്റിയ ചിറകുകള്‍ അവള്‍ തന്നെ സൃഷ്ടിക്കട്ടെ എന്നാണ് പെണ്ണിനെക്കുറിച്ച് പ്രകൃതിയുടെ സങ്കല്പമെങ്കിലോ? 
അത് ഒരല്പം പ്രതീക്ഷ ഞങ്ങളില്‍ നിറച്ചോ?

അഞ്ജലിയും മക്കളും ഫ്‌ളാറ്റിലെ ബാല്‍ക്കണിയി ലേക്കു നടന്നു. അവിടെയിരുന്നു പുറത്തേക്കു നോക്കി നിന്നു.

മുന്നിലുള്ളത് പത്ത് നിലകളുള്ള ഒരു ഫ്‌ളാറ്റാണ്. അവിടെ നിന്നാല്‍ കാണാനാകുന്ന 40 അടുക്കളകളുടെ ചെറു ജനലുകള്‍.

ഈ നേരം അതിലൊരു ഇരുപത് എണ്ണത്തിലെങ്കിലും വെളിച്ചവും ആള്‍പ്പെരുമാറ്റവും കാണാം.

അവര്‍ എണ്ണി. 

പതിനെട്ട് അടുക്കളകളില്‍ ഇപ്പോഴും ആരെങ്കിലുമുണ്ട്. അതില്‍ ഒന്നിലൊഴിച്ച് മറ്റെല്ലായിടത്തും അവര്‍ തന്നെ.
സ്വന്തം ചിറകുകള്‍ സ്വയം നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഭൂമിയിലെ  അത്ഭുതജീവികള്‍. പക്ഷേ അവരതറിയുന്നില്ല എന്നു മാത്രം. 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios