Asianet News MalayalamAsianet News Malayalam

Malayalam Short Story: ദൈവംകുട്ടി, കെ.ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ

chilla malayalam  short story by KR Rahul
Author
First Published Nov 23, 2023, 4:49 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by KR Rahul
 

പരുവവേലികൊണ്ട് അതിരുതിരിച്ച ചാണകം മെഴുകിയ മിറ്റത്തിലൂടെ 'ദൈവംകുട്ടി' പാമ്പുകള്‍ കളമെഴുതി പോകുമ്പോള്‍, ഉണക്കാനിട്ട മുളയരി കൈകൊണ്ട് ചിക്കിമടുത്ത് മുത്തന്‍ തെറിപ്പാട്ട് പാടും. പനമണ്ടയില്‍ നിന്ന് മറുത തള്ളിയിട്ട് നടുതളര്‍ത്തിയ ശേഷം സമയം പോക്കാനും ചത്തിട്ടില്ലെന്ന് അടുത്തുള്ളോരെ അറിയിക്കാനും സ്വയം ഉറപ്പുവരുത്താനും ആണ് തെറിപ്പാട്ട് പാടിത്തുടങ്ങിയത്.

മീനഭരണി നാളില്‍ ഉറഞ്ഞെത്തുന്ന ദേവിയെ ഉണര്‍ത്തിയ പാട്ട്, മുതുക്കന്റെ നെലോളിയായി അയല്‍ക്കാരികള്‍ പരിവര്‍ത്തനപ്പെടുത്തിയിട്ട് ചിങ്ങത്തില്‍ മുപ്പതാണ്ട് തികയും. ഒരു കുടം പനംകള്ള് ഒറ്റവലിക്ക് തീര്‍ത്ത് പന്തയത്തിനായി  പനയേറിയില്ലെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നെന്ന് മുത്തെനന്നും എണ്ണിപ്പെറുക്കും. അന്നത്തെ ദിവസം മരിക്കുന്നതുവരെ മുത്തന്‍ മറക്കില്ല. 

കണ്ടായേട്ടനും കാശുവപ്പനും കാശുവപ്പന്റെ അനുജന്‍ ഗുരുവായൂരപ്പനും ഒരുമിച്ചാണ് കള്ളക്കുന്നില്‍ നിന്ന്  വെട്ടിയിറക്കി കൊണ്ടുവന്ന വിറക് വടക്കേപൊറ്റ ചന്തയില്‍ കൊണ്ടുപോയി കൊടുക്കാറുള്ളത്. കൊയ്ത്തു കഴിഞ്ഞാല്‍ പിന്നീടുള്ള രണ്ടുമാസക്കാലം പാടത്തു പണി ഇല്ലാത്തപ്പോഴാണ് കാട്ടില്‍ കയറുക. ഇഞ്ച, തേന്‍, കുറുന്തോട്ടി, പച്ചമരുന്ന് എന്നിവയെല്ലാം കൊണ്ടുവരുമെങ്കിലും ലാഭകരം വിറക് കൊണ്ടുവരുന്നതാണ്.കരി ഉണ്ടാക്കാനും അടുപ്പ് കത്തിക്കാനും കാട്ടു വിറകുകളോടാണ് ഏവര്‍ക്കും പ്രിയം. 

കാട്ടുമരത്തിന്റെ വിറകിന് ഒരു പ്രത്യേകതയുണ്ട് അത് സ്മരണകള്‍ പോലെയാണ്. നീറിനീറി കത്തും. കനല് എളുപ്പം കെട്ടുപോകില്ല. ഗതകാല സ്മരണകളെ അയവിറക്കി മഴയിലും മഞ്ഞിലും  സ്‌നാനം ചെയ്ത് മൂകമായി തപസനുഷ്ഠിക്കുന്നതു കൊണ്ടാണ് കാട്ടുമരങ്ങള്‍ക്ക് ഇത്രയും കട്ടി. വളമിട്ടും വെട്ടിയൊതുക്കിയും വീട്ടുമുറ്റത്ത് വളര്‍ത്തുന്ന മരങ്ങള്‍ക്ക് കനികളെ തരാന്‍ കഴിയും. പക്ഷേ കനല്‍ തരാന്‍ കാട്ടുമരങ്ങള്‍ക്കേ കഴിയു. അന്നും പതിവുപോലെ ചന്തയില്‍ കൊണ്ടുപോയി നിമിഷങ്ങള്‍ക്കകം വിറക് വിറ്റ കാശുമായി നാലുപേരും മടങ്ങി.

തിരിച്ചു വരുന്ന വഴിക്ക് ഒരു അനുഷ്ഠാനം എന്നോണം  ഷാപ്പില്‍ കയറി. അന്തിയും മൂത്തതും രണ്ട് വീപ്പകളിലായി ഒഴുകി ഇറങ്ങാനുള്ള തൊണ്ടകളെ കാത്ത് അരണ്ട വെളിച്ചത്തില്‍ കാത്തിരുന്നു. കണ്ണമ്പ്ര വേലയ്ക്ക് കൊടി നാട്ടി നാല് ദിവസം കഴിഞ്ഞിരുന്നു അന്ന്. 

നാലുപേരും കുടിച്ചു. മൂക്കുമുട്ടെ അല്ല മനസ്സു നിറയെ!

കള്ള് തലയ്ക്ക് പിടിച്ച് കഴിഞ്ഞാല്‍ കാട്ടിലെ വീരകഥകള്‍ എണ്ണിപ്പെറുക്കി പറയുന്നത് അവര്‍ക്കും  കേള്‍ക്കുന്നത് സഹ കുടിയന്മാര്‍ക്കും  എന്നും ഒരു ഹരമായിരുന്നു. കുടിയനോളം വിശാലമനസ്‌കര്‍ ആരുമില്ല. പറയുന്നത് എന്തും അവര്‍ വിശ്വസിക്കും. മറു ചോദ്യം ചോദിക്കില്ല, ഉള്ളിലൊന്നു വച്ച് പുറത്ത് വേറൊന്ന് അഭിനയിക്കില്ല.

അപ്പോഴാണ് മറ്റാര്‍ക്കും കയറാന്‍ കഴിയാത്ത ആകാശം തൊട്ടു നില്‍ക്കുന്ന ഇരുമുള്ള് മരത്തിന്റെ തുഞ്ചത്ത് കയറി കൊമ്പ് വെട്ടി ഇറക്കിയ കഥ മുത്തന്‍ വിസ്തരിച്ചത്.

- ന്റെ കുഞ്ചക്കാ നെനക്ക് ചൂടും ശൊരണയും ഇണ്ടങ്കി ഈ കള്ള് ഒറ്റ മിടിപ്പിന് തീര്‍ത്ത് ഈ പനേടെ നെഞ്ചത്തു കേറെടാ എന്നു പറഞ്ഞത് ആരാണെന്ന് മുത്തന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. കേട്ടപാതി കേക്കാത്ത പാതി ഓടിയങ്ങ് കയറുകയായിരുന്നു.

-'വേണ്ടാത്ത പണിക്ക് നിക്കണ്ടടാ തലമുറിയാ' എന്ന് ഷാപ്പുകാരന്‍ വേലാണ്ടി വിലക്കിയെങ്കിലും കേള്‍ക്കാതെ ഒരൊറ്റ പാച്ചില്‍ ആയിരുന്നു പനയുടെ മണ്ടയിലേക്ക്!

മഴ പെയ്തിരിക്കുമ്പോഴും ഉണങ്ങിക്കിടക്കുമ്പോഴും പന ഒരുപോലെ അപകടകരമാണ്. മഴയത്ത് വഴുക്കും എന്ന സൂചന എപ്പോഴും ഉണ്ടാകുമെങ്കിലും ഉണങ്ങിക്കിടക്കുമ്പോള്‍ അടര്‍ന്നു തുടങ്ങിയ തടിയിലെ മൊരി അപ്രകാരം ഒരു സൂചന തരില്ല. 

മത്സരപനകയറ്റം കാണാന്‍ കുടിയന്മാരും പാടത്ത് കുട്ടിയും പോലും കളിച്ചുകൊണ്ടിരുന്ന ചെറുവാല്യക്കാരും ഓടിക്കൂടി. 

അത്ഭുതകരമായിരുന്നു ആ കാഴ്ച.

പ്രണയാവേശത്തില്‍ ആലിംഗബദ്ധരായതുപോലെ ആയിരുന്നു  മുത്തന്റേയും പനയുടെയും നില്‍പ്പ്. രണ്ടുപേര്‍ക്കും കെട്ടിപ്പിടുത്തത്തില്‍ നിന്നും വിട്ടുപോരാന്‍ തെല്ലും ഇഷ്ടമില്ലാതിരുന്നതുപോലെ. ആ കാഴ്ച കണ്ടാല്‍ മുത്തിക്കുപോലും ചിലപ്പോള്‍ അസൂയ ഉണ്ടാകുമായിരുന്നു.

പാതി കയറിയപ്പോള്‍ത്തന്നെ ഇടതുകാലിന്റെ വണ്ണ വലിയുന്നത് പോലെ തോന്നിയിരുന്നു മുത്തന്. താഴെ കൂടി നില്‍ക്കുന്നവരുടെ ആര്‍പ്പുവിളിയും ആവേശവും ആ വേദന ഇല്ലാതാക്കി. മുകളിലേക്ക് കയറും തോറും കട്ടികൂടിയ തണുത്തുറഞ്ഞ കാറ്റ് മുത്തനെ വട്ടം പിടിച്ചു. അന്ന് ആദ്യമായിട്ടായിരുന്നു വെള്ളാനിമലയ്ക്കും കള്ള കുന്നുമലയ്ക്കും മുകളില്‍ അഞ്ചരക്കുത്തിന് സമാന്തരമായി താന്‍ നില്‍ക്കുന്നതായി മുത്തന് തോന്നിയത്. അന്ന് ആദ്യമായി ആകാശത്തലപ്പില്‍ വച്ച് നോക്കിയപ്പോള്‍ മൂവുലകും  വാണ മഹാബലിയായി മുത്തന് സ്വയം തോന്നി. കാല്‍വണ്ണയിലെ വലിവ് കൂടിയപ്പോള്‍ രണ്ടുതവണ താഴോട്ട് തിരിഞ്ഞു നോക്കി. ആരോ ബലമായി വലിക്കുന്നത് പോലെയാണ് തോന്നിയത്. 

ഉള്ളില്‍ പുളിച്ചുതേട്ടിയ കള്ളിന്റെ നുരയില്‍ വീണ്ടും കയറി. പനയുടെ മണ്ട തൊടാറായപ്പോഴാണ് നടുംപുറത്ത് ഓങ്ങി അടിച്ചത് പോലെ ഒരു വേദന വന്നു പതിച്ചതും മുത്തന്റെ കൈകള്‍ വിറച്ചതും. കണ്ണില്‍ ചിതറി പരന്ന  ആയിരം നിറങ്ങളോടൊപ്പം ഉടലില്‍ ചിറക് മുളക്കുന്നതായി മുത്തന് അനുഭവപ്പെട്ടു. സാന്ദ്രമായ കാറ്റിന്റെ മടിത്തട്ടില്‍ ഒരു തൂവല്‍ പോലെ എത്രനേരം പറന്നുനടന്നു എന്ന് ഇപ്പോള്‍ നിശ്ചയമില്ലത്രേ. ഓര്‍മ്മ തെളിഞ്ഞപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡിലാണ്. അരക്ക് കീപ്പോട്ട് തളര്‍ന്നുപോയത് തിരിച്ചറിഞ്ഞത് തന്നെ നാലര മാസം കഴിഞ്ഞാണ്. 

 

Also Read : റാപന്‍സെല്‍, ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

 

രണ്ട് 

മുള്ളുരിഞ്ഞ പരുവയെ കൈവളത്തൊലിയുടെ കയറില്‍ക്കെട്ടി കള്ളക്കുന്ന് താണ്ടി മേഘങ്ങള്‍ക്കൊപ്പം മുത്തി ഒഴുകിയിറങ്ങുന്നത് ചന്തയിലെ അമ്പത് രൂപയ്ക്കാണ്. കിഴുക്കാംതൂക്കായ ഗുഹപ്പാറയില്‍നിന്ന് ഒന്നാംചാലിന്റെ നിരപ്പിലേക്ക് ട്രിപ്പീസ് കളിച്ചിറങ്ങാന്‍ മുത്തിക്ക് വല്യ മിടുക്കാണ്. തെണ്ടന്‍ കാക്കുന്ന പെണ്ണിന് കാട്ടില്‍ കാലിടറില്ലെന്നാണ് മുത്തിയുടെ വിശ്വാസം. പണ്ട് ഗുഹപ്പാറയുടെ നിരപ്പില്‍ നിന്ന് കാളിക്കുണ്ടിലേക്ക് ഉരുണ്ടുവീണ് തുടയെല്ല് പൊട്ടി രണ്ടു കൊല്ലത്തോളം കിടന്നും നിരങ്ങിയും നടന്ന ആളാണ് മുത്തി . ഇന്നും അതിന്റെ ബാക്കിയെന്നോണം നടക്കുമ്പോള്‍ ഇടതു കാലിന് ഒരു ചണ്ണപ്പുണ്ട്. വേദന നിറഞ്ഞ ആ ഓര്‍മ്മയെയും നടക്കുമ്പോള്‍ വലത്തോട്ടുള്ള ചെരിവിനെയും വിശ്വാസം കൊണ്ട് മറികടക്കാന്‍ മുത്തിക്ക് കഴിഞ്ഞിരുന്നു. 

മുത്തി വെട്ടിയിരുന്നത് വിറകല്ല. പരുവയായിരുന്നു.  വീടിന്റെ വേലി കെട്ടാനും ആട്ടിന്‍ കൂട് പശുത്തൊഴുത്ത് എന്നിവയ്ക്ക് ചുറ്റും അതിരു തിരിക്കാനും പരുവയായിരുന്നു ഉപയോഗിച്ചിരുന്നത്. വിറക് വെട്ടും പോലെയല്ല പരുവ വെട്ടുന്നത്. വെട്ടിയെടുക്കുമ്പോള്‍ പരുവ ശക്തമായി പ്രതിരോധിക്കും. തൊണ്ട് പൊളിക്കുമ്പോള്‍ ആമ കുതറും പോലെ. 

പരുവക്ക് പോകുമ്പോഴെല്ലാം കൈത്തണ്ടയില്‍ മുറിവിന്റെ ആയിരം ചിത്രങ്ങള്‍ വരയും. ചോരകൊണ്ട് വരച്ചുചേര്‍ക്കപ്പെട്ട  ആ കടുംവരകളില്‍ കോഴിപ്പൂടയാല്‍ എണ്ണപുരട്ടുമ്പോള്‍ -'എന്നെ പിരാകല്ലേ തങ്കേ'യെന്ന് മുത്തന്‍ നിലവിളിക്കും. പന്തയത്തിനായി  പനയേറിയില്ലെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നെന്ന് മുത്തെനന്നും എണ്ണിപ്പെറുക്കും. വിധിയുടെ ഏതൊരു വേഷപ്പകര്‍ച്ചയോടും  മുത്തിക്ക് തെല്ലും പ്രതിഷേധമില്ലായിരുന്നു.

മുത്തന്‍ വീണതിന്റെ മൂന്നാംപക്കം തൊട്ട് മുത്തി കാട് കേറി തുടങ്ങിയതാണ്. അന്തമില്ലാത്ത കാട്ടില്‍ കണ്ണുകെട്ടി വഴിതെറ്റിച്ച്  ചെങ്കുത്തായ പാറയുടെ നിറുകില്‍ നിന്നോ പൊട്ടക്കുളത്തിലേക്കോ തള്ളിയിട്ടു കൊല്ലുന്ന പൊട്ടിയെന്ന ദുര്‍മൂര്‍ത്തിയെ കാട്ടില്‍ പലവട്ടം നേരിട്ടിട്ടുണ്ട്. മുന്നില്‍ കണ്ണത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന വഴി എന്ന് കരുതി നടന്നുപോയത് കാടിന്റെ ഹൃദയത്തിലേക്ക് തന്നെ ആയിരുന്നു. കാടിന്റെ ഹൃദയം തൊട്ടാല്‍ പിന്നെ ആര്‍ക്കും തിരിച്ചു വരാന്‍ കഴിയില്ല. അത്രയും ആര്‍ദ്രമായി കാട് അവരെ വാരിപ്പുണരുന്നത് കൊണ്ടാണ് പോകുന്നവര്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തതത്രേ.

കര്‍ക്കടക മഴ ഒതുങ്ങിയ ഒരു തിങ്കളാഴ്ചയായിരുന്നു അത്. അന്ന് പ്രതീക്ഷിച്ചതിലും നേരത്തെ ആവശ്യത്തിന് പരുവ കിട്ടി. ഏറ്റവും അടിയില്‍ നീളത്തില്‍ രണ്ട് തണ്ട് വെച്ച് അതിനുമുകളില്‍ ഗോപുരം പോലെ പരുവമുള്ളുകള്‍ കൂട്ടിയിട്ട് കെട്ടിയൊതുക്കി തലച്ചുമടായി നടന്നു. രണ്ടാം ചാല് കഴിഞ്ഞപ്പോള്‍ വിശ്രമിക്കാനായി ഒന്ന് ഇരുന്നതാണ്. പിന്നീട് എഴുന്നേറ്റപ്പോള്‍ കഥയാകെ മാറി. 

മുന്നില്‍ ആയിരം വഴികള്‍ ഒരുപോലെ തുറന്നുകാട്ടി കാട് അതിന്റെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു.  

പൊട്ടി തിരിച്ചു എന്ന് മനസ്സിലാക്കിയ ഉടനെ മുത്തിയിലെ അന്തര്‍ജ്ഞാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദൈവമായാലും ദുര്‍മൂര്‍ത്തി ആയാലും ശുദ്ധിയുള്ള ശരീരത്തിലെ കയറൂ. പൊട്ടിതിരിച്ചാല്‍ ശരീരം അശുദ്ധമാക്കുകയാണ് രക്ഷപ്പെടാനുള്ള ഏക വഴി എന്ന മൂലമന്ത്രം ഓതിത്തന്ന അമ്മയെ മനസ്സിലോര്‍ത്തു. ആദ്യം മടിത്തെരുപ്പിലെ വെറ്റില എടുത്തു മുറുക്കിതുപ്പി നോക്കി. രക്ഷയില്ല. ഋജുവും ലളിതവുമായ വഴികള്‍ അനന്തകോടി  ജീവബിന്ദുക്കളിലേക്ക് നീണ്ടു കിടക്കുന്നു. മുന്നിലായിരം വഴികളായി പൊട്ടി മരണത്തിലേക്ക് മാടിവിളിക്കുന്നു.

അപ്പോള്‍ മുത്തിയുടെ മുത്തി പറഞ്ഞുകൊടുത്ത ഒടുവിലത്തെ രക്ഷ ചെയ്തു. ഉള്ളം കൈയ്യില്‍ മൂത്രമൊഴിച്ച് മുഖം കഴുകി. ശരീരം അശുദ്ധമാക്കാനും പൊട്ടി മറച്ച കാഴ്ചകള്‍ തെളിയാനും അത് ധാരാളം മതിയത്രേ! 

ജീവിതം കണ്ണുകെട്ടി വിട്ടിട്ടും തെറ്റാതെ കുടിയില്‍ തിരിച്ചെത്തുന്ന, മല കേറി പെണ്ണുങ്ങളുടെ മുന്നില്‍ പൊട്ടി ഒന്നല്ല ഒട്ടനവധി തവണ തോറ്റിട്ടുണ്ടെന്നത് ആ നാടിന്റെ ചരിത്രം!

 

Also Read: മുറ്റ്, വി സുധീഷ് കുമാര്‍ എഴുതിയ ചെറുകഥ

 

മൂന്ന് 

പഴയ ചിറ്റൂര്‍ താലൂക്കിന്റെ അതിര്‍ത്തി ഗ്രാമമാണ് പൊറ്റ. വടക്കുഭാഗത്തും തെക്കുഭാഗത്തും ഉള്ള ഗ്രാമത്തെ യഥാക്രമം വടക്കേപ്പൊറ്റ എന്നും തെക്കേപ്പൊറ്റ എന്നും വിളിച്ചു. രണ്ടിലും പെടാതെ പശ്ചിമഘട്ട മലനിരയോട് ചേര്‍ന്ന്, ഒരുഭാഗത്ത് നെല്‍പ്പാടവും മറുഭാഗത്ത് പുഴയും ഒഴുകുന്ന ചെറിയ ഭൂപ്രദേശമാണ് യഥാര്‍ത്ഥ പൊറ്റ എന്ന് അവിടുള്ളവര്‍ വിശ്വസിച്ചിരുന്നു. 

മലയില്‍ നിന്നും ഇറങ്ങിവരുന്ന 'ദൈവംകുട്ടി' എന്നു പറയുന്ന വിഷമില്ലാത്ത പാമ്പുകള്‍ അവിടുത്തെ സവിശേഷതയാണ്. മഴവെള്ളം പെയ്ത് ഉള്ളം കാലിലേക്ക് അരിച്ചെത്തുന്നതുപോലെ, അല്ലെങ്കില്‍ വിളക്കിലേക്ക് ഈയല്‍ പറന്നു വരുന്നതുപോലെ മലയില്‍ നിന്നും നൂറുകണക്കിന് ദൈവം കുട്ടി പാമ്പുകള്‍ ഓരോ വീടുകളിലേക്കും എത്തും. അതൊരു ഭാഗ്യവും അനുഗ്രഹവും ആണെന്നാണ് അവരുടെ വിശ്വാസം.

കുഞ്ചക്കന്റെ അനുജന്‍ മാണിക്യന്റെ കെട്ടുനിറയില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും എത്തിയത് ഒരു വൃശ്ചിക മാസത്തിന്റെ പകുതിയിലാണ്. മഞ്ഞ്, മലയുടെ നെറുകില്‍ വീഴുമ്പോഴാണ് കൂട്ടത്തോടെ പാമ്പുകള്‍ ജനങ്ങളെ തേടിയെത്തുക. അവ ദൈവത്തിന്റെ മക്കളാണെന്നും സുഖവിവരമന്വേഷിക്കുന്നതിന് വേണ്ടി എത്തുന്നതാണ് എന്നും അവന്‍ വിശ്വസിച്ചു. കെട്ടുനിറയുടെ ഭാഗമായി നടത്തിയ അന്നദാനത്തിന് പുല്‍പ്പായ വിരിച്ച് ചാണകം മെഴുകിയ മുറ്റത്ത് ഇരുന്ന അപരിചിതരുടെ മടിയിലൂടെയും ഇലയിലൂടെയും  ഡസന്‍ കണക്കിന് പാമ്പുകള്‍ ഇഴഞ്ഞ് നടന്നു. 

സ്വപ്നത്തില്‍ എന്നവണ്ണം കൂടിയിരുന്ന പലരും 'ന്റെ തൈവമേ' എന്ന അലര്‍ച്ചയില്‍ നാലു പാടേക്കും  ചിതറിത്തെറിച്ചു.

'കാലപ്പാമ്പിനെക്കൊണ്ട് കൊത്തിക്കാന്‍ ആണ്ടാ നീയും നെന്റെ പെണ്ണും എന്നെ വിളിച്ചത്' എന്നുപറഞ്ഞ് പിണങ്ങി ഇറങ്ങിപ്പോയ മാണിക്യന്റെ മൂത്ത അമ്മായി യശോദ പിന്നീട് ഒരുതവണ മാത്രമാണ് വീട്ടിലേക്ക് തിരിച്ചുവന്നത്. അത് ആറ് കൊല്ലത്തിനുശേഷം മാണിക്യന്റെ മകള്‍ കനകത്തിന്റെ കല്യാണത്തിന് ആയിരുന്നു. 

'മുര്‍ക്കന്‍ പാമ്പാണ്ടിയേ ഇവടം നെറച്ചും.' എന്ന് പേടിയോടെ പുതുതലമുറയിലേക്ക് കെട്ടിക്കൊണ്ടുവന്ന സുമതിയെന്ന കുട്ടിയോട് പറയുകയും ചെയ്തിരുന്നു. ദൈവത്തിന്റെ കുട്ടി ആയതിനാല്‍ അതിനെ ആരും കൊല്ലാറില്ല. മഞ്ഞ് തീരുന്ന മാസം വരെ അടുക്കളയിലും അകായിലും ഇറയത്തും ജന്മജന്മാന്തരങ്ങള്‍ക്ക് മുന്‍പ് ആരോ പതിച്ചു നല്‍കിയ ഏതോ അവകാശമെന്നോണം അവ ഇഴഞ്ഞു നടന്നു. തോന്നിയിടത്തെല്ലാം ചുരുണ്ടു കിടന്നു. തോന്നിയ ഇടങ്ങളിലെല്ലാം പടം പൊഴിച്ചു. ദൈവം കുട്ടിയുടെ പൊഴിഞ്ഞ പടത്തെ പോലും ഭക്തിയോടെ മാത്രമേ എടുത്തു മാറ്റാറുള്ളൂ. പാമ്പിനെ അറപ്പുള്ളവരും പേടിയുള്ളവരും  ആ നാട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ അവരാരും അത് തുറന്നു പറഞ്ഞില്ല. ദൈവം കുട്ടിയെ നിഷേധിക്കുന്നവരെ വിഷ സര്‍പ്പമായി വന്ന ദൈവം കുട്ടി കൊത്തിക്കൊല്ലും എന്ന് അവര്‍ ഭയന്നിരുന്നു. സത്യത്തില്‍ ആ ഭയത്തിന്റെ പിന്‍ബലത്തില്‍ മാത്രം നൂറുകണക്കിന് പാമ്പുകള്‍ യഥേഷ്ടം മനസ്സമാധാനത്തില്‍ ഇഴഞ്ഞു നടന്നു . എന്നിട്ടും ചിലവയെല്ലാം ചവിട്ടി അരയ്ക്കപ്പെട്ടു. മടക്കിവെച്ച പായയുടെ ഉള്ളിലും കുട്ടകത്തിന്റെയും ചരുവത്തിന്റെയും അടിയിലും ഓതം പോകാന്‍ വിരിച്ചിട്ട ചാക്കിലും ചതഞ്ഞരഞ്ഞ് ചിലതെല്ലാം ചത്തു. പക്ഷേ അതൊന്നും ബോധപൂര്‍വം ചെയ്തതല്ലായിരുന്നു. അങ്ങനെ വല്ല 'പാപവും' ചെയ്യേണ്ടി വന്നവര്‍ നൂറും പാലും മണ്ണാറശാലയിലേക്ക് നേരുകയും നാട്ടും പുറത്ത് സര്‍പ്പബലി നടത്തുകയും ചെയ്തു. 

ദൈവം കുട്ടിയെ പറ്റി ആരെങ്കിലും തര്‍ക്കിച്ചാല്‍ അവരോട് പറയാനുള്ള മറുപടിയും ആ നാട്ടുകാര്‍ക്കുണ്ട്.'നെന്റെ കുന്തളിപ്പ് അയിനോട് വേണ്ടാട്ടാ കുഞ്ചാ. അതിന് സത്തിയം ഇല്ലാണ്ടാണേല്‍ കൊത്തുകൊണ്ട് എത്രണ്ണം കുറ്റിയറ്റ് പോയിട്ടുണ്ടാകും ഇവിടെ . അത് നിങ്ങ മറക്കണ്ട.'

അതിനപ്പുറത്തേക്ക് പൊറ്റയില്‍ ഒരിക്കലും ദൈവം കുട്ടി നിഷേധ ചര്‍ച്ചകള്‍ വളര്‍ന്നിട്ടില്ല. 

 

Also Read: പെണ്‍പാവ, ഇന്ദു ആര്‍ എസ് എഴുതിയ ചെറുകഥ

 

നാല് 

നടു തളര്‍ന്ന ശേഷമാണ് മുത്തന്‍ കൊതിയ്ക്ക് ഊതാന്‍ തുടങ്ങിയത്. വയറുവീര്‍ത്ത പിള്ളയെതാങ്ങി പടികേറി വന്ന തള്ളമാരുടെ എണ്ണം കൂടിയതില്‍ പിന്നെയാണ് കണ്ണ് തട്ടാതിരിക്കാനും പേടി മാറ്റാനും ദൈവകോപത്തിനും വരെ ചരട് ഊതിതുടങ്ങിയത്.  എന്തൊക്കെയോ പിറുപിറുത്ത് കറുത്ത ചരടിലേക്ക് ഊതി നിശ്ചിത അകലത്തില്‍ കെട്ടിട്ട് മുത്തന്‍ കൊടുക്കും. കണ്ണ് തട്ടിയതിനും ദൈവദോഷത്തിനും ആണ് ചരട് ഊതിക്കൊടുക്കുക. കൊതിക്ക് പഞ്ചസാരയിലാണ് ഊതുക. പാതി ദഹിച്ച ഭക്ഷണം അന്നാട്ടിലെ ആരെങ്കിലും ചര്‍ദ്ദിച്ചാല്‍ കുണ്ടന്‍ കുഞ്ഞാണത്തില്‍ രണ്ടര കരണ്ടി പഞ്ചസാരയും ആയി അവരുടെ വീട്ടുകാര്‍ മുത്തനെ തേടിവരും.

മുത്തന്റെ പിറുപിറുക്കലിനും ഊതലിനും അപ്പുറത്തേക്ക് അതില്‍ പിന്നെ ഒരു ചര്‍ദ്ദിയും നാട്ടില്‍ വളര്‍ന്നിട്ടില്ല.

നടുതളര്‍ന്നു കിടന്ന ഒരു മേട മാസത്തില്‍ മേടുരുകുന്ന ചൂടിനെ പാളകൊണ്ട് വീശിയാറ്റുമ്പോള്‍ അതിരുഭേദിച്ച് അകത്തുകയറിയ ദൈവം കുട്ടിയെ ഒരു അരിശത്തിന് മുത്തന്‍ തല്ലി. അടികൊണ്ട് നടുവൊടിഞ്ഞിട്ടും ചാകാതിരുന്ന പാമ്പ് പുറത്തേക്കിഴഞ്ഞ് പരുവവേലിയുടെ ഇടയിലൂടെ മറഞ്ഞു. അന്നത്തെ ആ കാഴ്ച കണ്ടതിനുശേഷം ആണ് അകത്തെ പനമ്പായയില്‍ നിന്നും മുത്തനും പുറത്തേക്ക് ഇഴയാന്‍ തുടങ്ങിയത്. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ഇഴഞ്ഞാണ് മുത്തന്‍ നടന്നിരുന്നത്. ഇഴഞ്ഞിഴഞ്ഞ് ഒരിക്കല്‍ മനുഷ്യനാണെന്ന് വരെ താന്‍ മറന്നുപോയെന്ന് പറഞ്ഞ് മുത്തിയെ കരയിക്കും വരെ  മുത്തന്‍ ചിരിച്ചു. 

അക്കൊല്ലം തുലാം മാസം ഇടിവെട്ടിയപ്പോള്‍ ആറുപതിറ്റാണ്ടിനിടയില്‍ ആദ്യമായി മുത്തന്‍ഞെട്ടി. ഇടിവെട്ടി മുട്ടകള്‍ കെട്ടു പോകാതിരിക്കാന്‍ മാളത്തില്‍ ചുരുളുന്ന പാമ്പിനെ പോലെ മുത്തന്‍ പുരയ്ക്കകേത്തക്ക്  പിന്‍വലിഞ്ഞു. ഇടയ്ക്കു മാത്രം തല പുറത്തിട്ടു നോക്കി. പിന്നെ പിന്നെയാണ് വൃശ്ചികക്കാറ്റെത്തുമ്പോള്‍ താന്‍ പടം പൊഴിക്കുന്നതും ആയില്യം മകത്തിന് ഉള്ളില്‍ കൊട്ടുണരുന്നതും വായ തുറന്നാല്‍ മണ്ണിന്റെ വാട ഉയരുന്നതും മുത്തന്‍ തിരിച്ചറിഞ്ഞത്.


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios