Asianet News MalayalamAsianet News Malayalam

Malayalam Short Story : വ്യാസന്‍ S/O കായല്‍മാത്തന്‍, കെ ആര്‍ രാജേഷ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ ആര്‍ രാജേഷ് എഴുതിയ ചെറുകഥ

chilla malayalam short story by KR Rajesh
Author
Thiruvananthapuram, First Published Apr 25, 2022, 2:18 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by KR Rajesh

 

പ്രഭാതസവാരിക്കിറങ്ങിയ കരടിമാനേജര്‍ക്ക് കളിമുക്കിനടുത്ത് വെച്ച് വെട്ടേറ്റുവെന്ന വാര്‍ത്ത കേട്ടാണ് അന്നേദിവസം പൊട്ടന്‍പാറക്കാരുടെ നേരം പുലര്‍ന്നത്. പൊട്ടന്‍പാറക്കാരില്‍ മഹാഭൂരിപക്ഷത്തിനും സുസമ്മതനായിരുന്നു ഏതോ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മാനേജര്‍ പദവിയില്‍ നിന്ന് ഈയടുത്തകാലത്ത് വിരമിച്ച വി എം കൃഷ്ണന്‍. നിറവും ഉയരക്കുറവുമാണ് അദ്ദേഹത്തെ നാട്ടാരുടെ 'കരടിമാനേജര്‍' ആക്കിയത്. എന്നാല്‍ അദ്ദേഹം കേള്‍ക്കേ കരടിമാനേജര്‍ എന്ന വട്ടപ്പേര് വിളിക്കുവാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. 

കരടിമാനേജരുടെ വലതുകൈ വെട്ടിമാറ്റിയെന്ന വാര്‍ത്ത പൊട്ടന്‍പാറയിലെ ജലരാജന്റെ ചായക്കടയില്‍ സമോവാറിലെ വെള്ളത്തിനൊപ്പം തിളച്ചു പൊങ്ങി.

'മുമ്പ് ആ നാണുവിനെ ആരോ ഇരുട്ടടി അടിച്ചപ്പോഴേ എനിക്ക് എന്തൊക്കെയോ മണത്തതാണ്'

'അതെങ്ങനാ വൈകിട്ടത്തെ പതിവ് വാട്ടീസടി കഴിഞ്ഞ് നാണു പറഞ്ഞ പേ വര്‍ത്തമാനമായിട്ടല്ലേ എല്ലാരും അതിനെ കണ്ടുള്ളു'

'നാണുവിന് ചെറുത്, കരടി മാനേജര്‍ക്ക് വലുത്, എന്ന ഭീഷണി മാനേജര്‍ പോലും കാര്യമായെടുത്തില്ലല്ലോ '

മാനേജരുടെ വിശ്വസ്തനും സന്തത സഹചാരിയുമായ പൊയ്കയില്‍ നാണുവിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം നേരിടേണ്ടി വന്ന ഇരുട്ടടിയിലേക്ക് ചര്‍ച്ചകളെ ജലരാജന്റെ ചായക്കൊപ്പം കൈപിടിച്ചു നടത്തിയത് ബലൂണ്‍കച്ചവടക്കാരന്‍ സുതനും, ഓട്ടോ ഡ്രൈവര്‍ പ്രകാശനും, ശാഖായോഗം സെക്രട്ടറി നിര്‍മ്മലനുമായിരുന്നു.

'കുറെ ദിവസങ്ങള്‍ക്കു മുമ്പ് വാഴപ്പറമ്പിലെ അലക്‌സ് രാത്രി വണ്ടിക്ക് വന്നിറങ്ങിയപ്പോള്‍ കൊടിമരം ജംഗ്ഷനില്‍, നാടുവിട്ടുപോയ വ്യാസനെപ്പോലൊരുവനെ കണ്ടെന്നു പറയുന്നുണ്ടായിരുന്നു'

'കൊല്ലം കൊറേ മുമ്പേ നാടുവിട്ടു പോയവന്‍, ഇപ്പോള്‍ ചത്തോ ജീവിച്ചോന്ന് പോലുമറിയാത്തവന്‍ പാതിരാത്രിയില്‍ ഇവിടെ പൊട്ടന്‍പാറയില്‍ വന്നെന്ന് പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ, അലക്‌സ് കള്ളിന്റെ പെരുപ്പില്‍ പറഞ്ഞതാകാം'

കായല്‍മാത്തന്റെ മകന്‍ വ്യാസനെ പാതിരാവില്‍ വഴിവക്കില്‍ കണ്ടെന്ന വിഷയമെടുത്തിട്ട പ്രകാശനെ നിര്‍മ്മലന്‍ ഉടനടി തന്നെ ഖണ്ഡിച്ചു.

അന്നത്തെ പകലിന്റെ തുടക്കത്തില്‍, ദുരൂഹസാഹചര്യത്തില്‍, കരടിമാനേജര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ അലയൊലികള്‍ പിന്നെയുമേറേ നേരം ജലരാജന്റെ ചായക്കടയില്‍ തങ്ങിനിന്നു.

കരടിമാനേജര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ മൂന്നാംപകലില്‍ പൊട്ടന്‍പാറ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേശ്വരന് മുന്നില്‍ കുറ്റം സമ്മതിച്ച് രണ്ടാളുകള്‍ കീഴടങ്ങി. കീഴടങ്ങിയതില്‍ ഒരാള്‍ സ്ത്രീയായിരുന്നു.

1, വ്യാസന്‍ എന്നറിയപ്പെടുന്ന വേദവ്യാസന്‍ S/O കായല്‍മാത്തന്‍.

2,ചന്ദനവല്ലി W/O ജഗദീശന്‍.

'ഞാനാണ് സ്‌കൂട്ടറോടിച്ചത്, പിന്നില്‍ ഇരുന്നു ഇവന്‍ വെട്ടി, ആ പുലയാടിമോന്റെ തലയാണ് സാറെ ലക്ഷ്യമിട്ടത്, പക്ഷേ ഇത്തിരി മാറിപ്പോയി'

എസ്. ഐ രാജേശ്വരന് മുന്നില്‍ മടിയേതുമില്ലാതെയാണ് ചന്ദനവല്ലി മനസ്സ് തുറന്നത്.


രണ്ട്

'ആ കായല്‍മാത്തന്റെ മോന്‍ വ്യാസന്‍ റേഷന്‍കട വിജയനെ പഞ്ഞിക്കിട്ട വീഡിയോ കണ്ടോ?'

പാര്‍ട്ടിസമ്മേളനത്തിന് പതാക ഉയര്‍ത്തേണ്ട സ്ഥലത്തെ കാടും പടലും വെട്ടിയൊതുക്കുന്നതിനിടയിലാണ് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരായ അരയടിസുജാതന്റെയും റഫീക്കിന്റെയും സംസാര വിഷയമായി വ്യാസന്‍ കടന്നുവന്നത്.

ആരേലും കരുതിയതാണോ, കായല്‍പ്പേടിയുള്ള വ്യാസന്‍ റേഷന്‍ കട വിജയനെ അരി ചാക്കുകള്‍ക്കിടയില്‍ അട്ടിയിട്ടുവെക്കുമെന്ന്'

വൈകുന്നേരത്തോടെയാണ് റേഷന്‍കട നടത്തിപ്പുകാരനായ വിജയനെ സാമ്രാജ്യമായ റേഷന്‍കടയില്‍ കയറി മാത്തന്‍ മകന്‍ വ്യാസന്‍ ഒരുപാട് പേരുടെ മുന്നിലിട്ട് കയ്യേറ്റം ചെയ്തത്.  കയ്യേറ്റമെന്നാല്‍ വെറും പിടിയും വലിയുമൊന്നുമല്ല, ഏകദേശം തൊണ്ണൂറ് കിലോക്ക് മുകളില്‍ തൂക്കവും ആറടിയോളം നീളവുമുള്ള, വിജയനെന്ന അതികായനെ കഷ്ട്ടി അഞ്ചടി അഞ്ചിഞ്ചു നീളവും, അമ്പത്തിയഞ്ച് - അറുപത് കിലോമാത്രം തൂക്കവുമുള്ള വ്യാസന്‍ അനായാസേന റേഷന്‍ കടയിലെ നിരത്തിവെച്ചിരുന്ന മണ്ണെണ്ണ വീപ്പകളിലൊന്നിന്റെ മുകളിലേക്ക് ചവുട്ടി വീഴ്ത്തുകയും അരിശം തീരാതെ അവിടെ നിന്ന് ഒരു ചുള്ളിക്കമ്പ് പൊക്കിയെടുക്കുന്ന ലാഘവത്തോടെ വിജയന്റെ തൊണ്ണൂറ് കിലോ മാംസത്തെ ബി.പി.എല്‍ അരിച്ചാക്കുകള്‍ക്കിടയിലേക്ക് വലിച്ചെറിയുകയും ചെയ്തത്. വീണുകിടക്കുന്ന വിജയന് മുകളില്‍ കയറിയിരുന്ന വ്യാസന്‍ വിജയന്റെ വിശാലമായ നെഞ്ചിലേക്ക് കലി തീരുവോളം കൈത്തരിപ്പ് തീര്‍ക്കുകയും ചെയ്തു.

'ഇനി ഇത്തരം പോക്രിത്തരം കാണിച്ചാല്‍ ദാ ഇതുകൊണ്ടു നിന്റെ മോന്തയുടെ ഷേപ്പ് ഞാന്‍ മാറ്റും'

ഇലക്‌ട്രോണിക്‌സ് ത്രാസിന്റെ വരവോടെ റേഷന്‍കടയുടെ ഒരു കോണിലേക്ക് അരിക് വത്ക്കരിക്കപ്പെട്ട അഞ്ചുകിലോയുടെ തൂക്കുക്കട്ടി കയ്യിലെടുത്ത വ്യാസന്‍ വിജയനെ ഓര്‍മ്മിപ്പിച്ചു. കടയില്‍ സാധനം വാങ്ങുവാനെത്തിയ നിരവധിയാളുകള്‍ 'വിജയമര്‍ദ്ദന'ത്തിന് സാക്ഷികളായെങ്കിലും ഒരാള്‍പോലും വ്യാസനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചില്ല.

സംഭവസമയത്ത് അരി വാങ്ങുവാനെത്തിയ മണിയപ്പന്‍ മകള്‍ മഞ്ജുള റേഷന്‍കാര്‍ഡെടുക്കുവാന്‍ മറന്നെങ്കിലും, വ്യാസന്റെ 'വിജയമര്‍ദ്ദനം' ഫേസ്ബുക്കില്‍ ലൈവിടാന്‍ മറന്നില്ല.

മൂന്ന്

കായംകുളം കായലിനോട് ചേര്‍ന്നുള്ള കുടികിടപ്പ് കിട്ടിയ അഞ്ചര സെന്റ് സ്ഥലത്താണ് മാത്തനും ഭാര്യ മൈനാമ്മയും താമസിച്ചിരുന്നത്, മാത്തന്റെ അഞ്ചുമക്കളെയും മൈനാമ്മ പെറ്റിട്ടതും കായലോരത്തെ ഈ കുടിലില്‍ തന്നെയായിരുന്നു. അഞ്ചില്‍ നാലും വളര്‍ച്ചയെത്തും മുമ്പേ ചത്തൊടുങ്ങിയപ്പോള്‍ അഞ്ചാമന്‍ വ്യാസനെ മാത്രമാണ് മാത്തന്‍-മൈനാമ്മ ദമ്പതികള്‍ക്ക് ഫലത്തില്‍ കിട്ടിയത്.

കായംകുളം കായല്‍ മാത്തന് കൂടെപ്പിറപ്പിനെപ്പോലെയായിരുന്നു, കായലില്‍ നിന്ന് മണ്ണുവാരിയും, കക്കവാരിയും, മീന്‍പിടിച്ചും കുടുംബം പുലര്‍ത്തിയ മാത്തന്‍ ദിവസത്തിന്റെ ഏറിയ പങ്കും കായലില്‍ത്തന്നെ ചെലവിടുന്നതിനാലാണ് കായല്‍മാത്തനെന്ന വിളിപ്പേര് വീണതുപോലും. അങ്ങനെയുള്ള മാത്തന്‍ ഒടുങ്ങിയതും കായലിന്റെ ആഴങ്ങളിലായിരുന്നു. വൈകുന്നേരങ്ങളിലെ പതിവ് ചാരായസേവക്കായി കായലിനക്കരയുള്ള കമലന്റെ ഷാപ്പിലേക്ക് നീന്തിയ മാത്തനെ കായംകുളം കായല്‍ തന്റെ അടിവയറ്റിലേക്ക് വലിച്ചെടുത്തപ്പോള്‍ വ്യാസന് പ്രായം പതിനാറ് .

ചെങ്കൊടി പുതപ്പിച്ച മാത്തന്റെ ശരീരത്തെ അഞ്ചരസെന്റിന്റെ തെക്കുകിഴക്കേ മൂലയില്‍ അഗ്‌നി വിഴുങ്ങിയന്നുമുതല്‍ തുടങ്ങിയതാണ് വ്യാസന്റെ കായല്‍പ്പേടി, പിന്നീടങ്ങോട്ട് വ്യാസന് കായലില്‍ ഇറങ്ങുന്നത് പോയിട്ട് അങ്ങോട്ടേക്ക് നോക്കുന്നത് പോലും ഭയമാണ്. മാത്തന്റെ മരണത്തിന് ശേഷം കയറുപിരിച്ചും ഓലമെടഞ്ഞും മൈനാമ്മ വീട്ടുചിലവിനുള്ള വക കണ്ടെത്തിയപ്പോള്‍, ഒമ്പതാംക്ലാസില്‍ പഠനമവസാനിപ്പിച്ച വ്യാസനാകട്ടെതന്റെ ലോകത്തെ ആ അഞ്ചരസെന്റില്‍ ഒതുക്കിയിട്ടു,

വയസ്സ് മുപ്പത്തിരണ്ടു പിന്നിട്ട വ്യാസന്‍ ഇതുവരെ ഒരു ജോലിക്കും പോയിട്ടില്ല, ആരും ജോലിക്കൊന്നും വ്യാസനെ വിളിച്ചിട്ടുമില്ല. പകല്‍ മുഴുവന്‍ വീട്ടില്‍ത്തന്നെ തങ്ങുന്ന വ്യാസന്‍ വൈകുന്നേരം വെയിലാറുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി ഒന്നരക്കിലോമീറ്റര്‍ പഞ്ചായത്ത് റോഡിലൂടെ നടന്നു അര്‍ദ്ധവൃത്താകൃതിയില്‍ നാടുചുറ്റി ഇരുട്ടും മുമ്പ് മടങ്ങിയെത്തും. അതാണ് വ്യാസന്റെ മുറ തെറ്റാത്തൊരു ജീവിതക്രമം.

'ഇവിടെ കൊലക്കൊമ്പന്‍മാര്‍ പലരും വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ്, വ്യാസന്‍ ചെയ്തത്'

'എന്തായാലും വിജയന് കിട്ടിയത് നന്നായി, ആണെന്നോ, പെണ്ണെന്നോ, കുട്ടികളെന്നോ, മുതിര്‍ന്നവരെന്നോ നോക്കാതെ റേഷന്‍ വാങ്ങാന്‍ ചെല്ലുന്നവരോടെല്ലാം വായില്‍തോന്നുന്നത് വിളിച്ചു പറയുന്ന ശീലമാണല്ലോ വിജയന്'

വ്യാസന്റെ റേഷന്‍കടയിലെ പെര്‍ഫോമന്‍സ് ലൈവായി മഞ്ജുള ഫേസ്ബുക്കിലിട്ടത് ഒരിക്കല്‍കൂടെ കണ്ട സുജാതനും റഫീക്കും മനസ്സുകൊണ്ട് വ്യാസനോട് ഐകദാര്‍ഢ്യപ്പെട്ടു.

റേഷന്‍കട വിജയന് തൊട്ടാല്‍പൊള്ളും എന്ന അര്‍ത്ഥത്തില്‍ 'തീക്കനല്‍' എന്നൊരു വിളിപ്പേരും നാട്ടുകാര്‍ക്കിടയിലുണ്ട്. മുന്‍കോപിയായ വിജയന്റെ നാവിന്റെ ചൂടറിയാത്ത നാട്ടുകാര്‍ കുറവാണ്.  നാട്ടിലെ സാമാര്‍ഥ്യക്കാരികളായ പെണ്ണുങ്ങള്‍പോലും വിജയന് മുന്നില്‍ റേഷന്‍വാങ്ങാന്‍ പരുങ്ങി നില്‍ക്കും. നാട്ടിലെ പെണ്ണുങ്ങള്‍ക്ക് സ്വന്തം ഭര്‍ത്താക്കന്മാരേക്കാള്‍ പേടി റേഷന്‍കട വിജയനെയാണന്ന് പറഞ്ഞാല്‍പ്പോലും അത്ഭുതപ്പെടാനില്ല.

'അല്ല റഫീക്കേ ഈ വ്യാസന്‍ എന്തിനാണ് വിജയനെ തല്ലിയത്?'

കാര്യം ഇത്രയുമൊക്കെ ആയെങ്കിലും വ്യാസന്‍ വിജയനെ തല്ലിയതിന്റെ മൂലകാരണം സുജാതന് അപ്പോഴും പിടികിട്ടിയിരുന്നില്ല.

നാല്

'നോട്ടും കൊണ്ട് വന്നേക്കുന്നു, ഇവിടെ ചില്ലറയൊന്നുമില്ല'

അരിക്കും പഞ്ചസാരക്കും മണ്ണെണ്ണക്കുമായി മുപ്പത്തിയാറു രൂപ ബില്ലിന് നൂറിന്റെ നോട്ടുനല്കിയ മൈനാമ്മക്ക് നേരെ വിജയന്‍ സ്വതസിദ്ധമായ ശൈലിയില്‍ ചീറിയപ്പോള്‍ മൈനാമ്മയുടെ മറുപടിയില്‍ വിനീതവിധേയത്വം നിറഞ്ഞിരുന്നു.

'ഒന്ന് നോക്ക് വിജയാ'

റേഷന്‍കാര്‍ഡില്‍ നിന്ന് വിജയന്റെ കണ്ണുകള്‍ മൈനാമ്മയുടെ ബ്ലൗസിന്റെ വിടവുകളിലേക്ക് വിശാലമായി നീണ്ടു. ഏതാനും സമയം മൈനാമ്മയുടെ മാറിടത്തില്‍ നിന്ന് കണ്ണെടുക്കാതിരുന്ന വിജയന്‍ തുടര്‍ന്നു, 'നോക്കാന്‍ പറഞ്ഞു നോക്കി, ഇനി ചില്ലറ തന്നിട്ട് സാധനമെടുത്തോണ്ട് പൊക്കൊ.'

വിജയന്റെ വാക്കുകള്‍ കേട്ട് റേഷന്‍കടയില്‍ നിന്നവരിലാകെ നിശബ്ദത നിഴല്‍വിരിച്ച നേരത്ത്, മൈനാമ്മയില്‍ നിന്ന് പുറത്തേക്കു വന്ന കണ്ണീരിന്റെ അകമ്പടിയുള്ള ശാപവചനങ്ങള്‍ക്ക് മറുപടിയെന്നോണം മൈനാമ്മയുടെ മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ് പുറത്തേക്ക് തെറിച്ചുവീണു.

'എല്ലുറപ്പുള്ള ഒരാണ്‍ചെറുക്കന്‍ എനിക്കുണ്ടായിരുന്നേല്‍ വിജയന്റെ കരണം തല്ലിപ്പൊട്ടിച്ചേനെ.'

വീട്ടില്‍ മടങ്ങിയെത്തിയ മൈനാമ്മ അയല്‍ക്കാരി ആമിനയോട് പരാതിക്കെട്ടഴിക്കുമ്പോഴാണ് പതിവില്ലാതെ വ്യാസന്‍ റേഷന്‍കടയിലേക്ക് പുറപ്പെട്ടത്.

എന്നാല്‍ ആ രാത്രിക്ക് കനംവെച്ച് തുടങ്ങിയപ്പോള്‍ വ്യാസന്റെ ചെറ്റപ്പുരക്ക് ആരോ കൊളുത്തിയ തീ ആവേശത്തോടെ പടര്‍ന്നുകയറുമ്പോള്‍, പൊള്ളലിന്റെ പിടപ്പോടെ മൈനാമ്മയെ ചേര്‍ത്തുപിടിച്ച വ്യാസന്‍ വര്‍ഷങ്ങളായുള്ള കായല്‍പ്പേടി മാറ്റിവെച്ച് കായംകുളം കായലിന്റെ ഇടനെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. വേവലാതിയുടെ വിളറിയ നിമിഷങ്ങളിലെപ്പോഴോ വ്യാസന്റെ കൈപ്പിടിയില്‍ നിന്ന് മൈനാമ്മയെ കായല്‍ തന്റെ മൂര്‍ദ്ധാവിലേക്കാവാഹിച്ചപ്പോള്‍, തൊട്ടടുത്ത പകലില്‍ മാത്തനരികില്‍ മൈനാമ്മയുടെയും ചിതയൊരുങ്ങി. പാതി കത്തിയമര്‍ന്ന വീടിന്റെ തെക്കുകിഴക്കേ കോണിലായ് മൈനാമ്മ എരിഞ്ഞടങ്ങിയതിന് പിന്നാലെ കായലിലേക്ക് ചാടിയ വ്യാസനെ പിന്നീടാരും പൊട്ടന്‍പാറയില്‍ കണ്ടിട്ടില്ല,

അഞ്ച്

വീട് കത്തിക്കലും മൈനാമ്മയുടെ മരണവും പൊട്ടന്‍പാറക്കാരിലാകെ രോഷത്തിന്റെ കനലായി നീറി. സംശയത്തിന്റെ കണ്ണുകളെല്ലാം റേഷന്‍കട വിജയനിലേക്ക് നീണ്ടപ്പോള്‍ കരടി മാനേജരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരഥിതി കടന്നുചെന്നു ചന്ദനവല്ലി.

കുറച്ചുപണം വായ്പയായി വേണമെന്ന ചന്ദനവല്ലിയുടെ ആവശ്യത്തിന് മുന്നില്‍ പതിവ് ചിരിയോടെ കരടിമാനേജര്‍ കൈമലര്‍ത്തിയപ്പോള്‍ തലേന്ന് രാത്രി താന്‍ കണ്ട കാഴ്ചകളെ ചന്ദനവല്ലി പുറത്തേക്ക് കുടഞ്ഞിട്ടു. കള്ളടിക്കുന്ന രാത്രികളില്‍ തനിക്ക് മേല്‍ പതിവുള്ള ജഗദീശന്റെ ഉറഞ്ഞാട്ടത്തിനൊടുവില്‍ രാത്രി വൈകി മറപ്പുരയിലേക്ക് നടന്ന ചന്ദനവല്ലി കണ്ട കാഴ്ച, അങ്ങ് കായല്‍ക്കരയില്‍ കത്തിയമരുന്ന മൈനാമ്മയുടെ കൂര, പതിവില്ലാതെ ഇടതോട് നീന്തി പഞ്ചായത്ത് റോഡിലോട്ട് കയറുന്ന പൊയ്കയില്‍ നാണു.

'നാടാകെ റേഷന്‍കട വിജയനെതിരെ തിരിഞ്ഞിരിക്കുകയാണ്, അതങ്ങനെ തന്നെ ഇരിക്കണ്ടേ?'

നാണുവിലേക്ക് തിരിഞ്ഞാല്‍, മാനേജരിലേക്കെത്താന്‍ വളരെ എളുപ്പമാണ്'

കള്ളടിക്കാന്‍ മാത്രം പണിക്ക് പോകുന്ന ജഗദീശനാല്‍ വീട് മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെട്ടിരുന്ന ചന്ദനവല്ലിയെ സംബന്ധിച്ച് അതൊരു വിലപേശലിന്റെ തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് നിരവധിതവണ കരടിമാനേജരുടെ കീശയില്‍ നിന്നും ചന്ദനവല്ലിയുടെ പേഴ്‌സിലേക്ക് ഗാന്ധിത്തലകള്‍ ഒഴുകി.

'മാമച്ചനുമായി ചേര്‍ന്ന് പുതിയൊരു ബിസിനസ്സ്‌കൂടെ തുടങ്ങാന്‍ പോകുവാണ്, ഫണ്ട് മുഴുവനും ഇറക്കുന്നത് മാമച്ചനാണ്, അതുകൊണ്ട് അങ്ങേരെ ഒന്ന് സന്തോഷിപ്പിക്കണം, ചന്ദനവല്ലി വിചാരിച്ചാല്‍ നടക്കും'

ആദ്യമായി ചന്ദനവല്ലിക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കരടിമാനേജര്‍ കടന്നുവന്നു.

'ബിസിനസ്സ് നടന്നാല്‍ അതിന്റെ ഗുണം ചന്ദനവല്ലിക്ക് കൂടെയാണ'

ചോദിക്കുമ്പോഴെല്ലാം കാശ് തരുന്ന, തന്റെ കാശിന്റെ പഞ്ഞം തീര്‍ത്ത, കരടി മാനേജര്‍ മുന്നിലേക്കിട്ട മുഴുത്ത ചൂണ്ടയില്‍ കൊത്തി ആ രാത്രിയില്‍ വേമ്പനാട് കായല്‍തീരത്തെ 'ഭാരതനൗക'യിലേക്ക് ചന്ദനവല്ലി നടന്നു കയറി. മാനേജരുടെ ബിസിനസ്സ് പങ്കാളി മലപ്പുറംകാരന്‍ മാമച്ചന് മുന്നില്‍ മടിയേതുമില്ലാതെ ചന്ദനവല്ലി ഉടുതുണിയുരിഞ്ഞു. ഏറെക്കഴിയും മുന്നേ താന്‍ പറഞ്ഞുറപ്പിച്ച പോലീസുകാര്‍ റെയിഡിന്റെ രൂപത്തില്‍ ഭാരതനൗകയിലെത്തുമ്പോള്‍ ഒരേസമയം രണ്ടു തലവേദനകള്‍ ഒഴിപ്പിക്കുന്നതിന്റെ ആത്മരതിയിലായിരുന്നു കരടിമാനേജര്‍.

ഭാരതനൗകയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്കും തുടര്‍ന്ന് പത്രത്താളുകളിലും ഇടംപിടിച്ച ചന്ദനവല്ലി വീട്ടില്‍ മടങ്ങിയെത്തിയ രാത്രിയില്‍ വീടിന്റെ പിന്നാമ്പുറത്തെ കശുമാവിന്‍ കൊമ്പില്‍ ജഗദീശന്‍ തൂങ്ങിയാടി. അതോടെ, തന്റെ വാടകവീട് പൂട്ടി ചന്ദനവല്ലിയും പൊട്ടന്‍പാറയില്‍ നിന്ന് ദൂരേക്ക് നീങ്ങി.

ആറ്

'കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത കഴുവെര്‍ട മോനാണ് സാറെ അവന്‍, എത്ര ജീവിതങ്ങളാണ് അവന്‍ നശിപ്പിച്ചത്, അന്നത്തെ സംഭവത്തിന് ശേഷം, മക്കളും, കൊച്ചുമക്കളുമൊക്കെ ഉള്ളതല്ലേ മാനക്കേട് കാരണം പിടിച്ചുനില്‍ക്കുവാന്‍ പറ്റാതെ മാമച്ചന്‍ ട്രെയിന് തലവെച്ചന്നാണ് കേട്ടത്, ആ ഒറ്റ പ്ലാനിങ്ങില്‍ എന്നെയും മാമച്ചനെയും ഒഴിവാക്കാന്‍ അവനു കഴിഞ്ഞു.'

എസ് ഐക്ക് മുന്നില്‍ കരടി മാനേജരോടുള്ള രോഷം ചന്ദനവല്ലി പുറത്തേക്കൊഴുക്കി.

ചന്ദനവല്ലിയും വ്യാസനും തമ്മിലെങ്ങനെ കണ്ടുമുട്ടിയെന്ന എസ്‌ഐ യുടെ ചോദ്യത്തിന് മറുപടി വ്യാസന്റെ വകയായിരുന്നു.

'പാതിവെന്ത അമ്മയുടെ മുഖമാണ് അതിനു ശേഷം ഓരോ രാത്രികളിലും എനിക്ക് മുന്നില്‍ തെളിഞ്ഞത്, റേഷന്‍കട വിജയനെ കൊന്ന് ജയിലില്‍ പോകാന്‍ അവസരവും കാത്തിരുന്ന എനിക്ക് മുന്നില്‍ ചന്ദനവല്ലിയെകൊണ്ടെത്തിച്ചത് നിമിത്തമാണ് സാറെ. കരടിമാനേജര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളില്‍ പിന്നീട് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അവനെതിരെ നിയമയുദ്ധത്തിന് പ്രസക്തിയില്ലാത്തത് കൊണ്ടാണ് ഈ ഒളിയുദ്ധം തന്നെ ഞങ്ങള്‍ തെരഞ്ഞെടുത്തത്'

'എന്നാലും എന്തിനായിരിക്കും സാറെ അവന്‍ ഞങ്ങളുടെ പെരക്ക് തീവെച്ചത്?'

'ഉത്തരം സിമ്പിളാണ്, റേഷന്‍കട വിജയനെ കുടുക്കാന്‍, അവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്, അത് ഞങ്ങള്‍ പോലീസുകാരുടെ ജോലിയാണ്, അത് ഞങ്ങള്‍ ചെയ്‌തോളാം'

എസ്. ഐ. രാജേശ്വരന്‍ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ചന്ദനവല്ലി തന്റെ നിരാശ ഒരിക്കല്‍കൂടെ പുറത്തേക്കിട്ടു.

'സമയമായപ്പോള്‍ ഈ ചെക്കന്റെ കൈ വിറച്ചു. അവനെ കൊല്ലാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളു സാറെ'.

ഏഴ്

മൊഴിയെടുപ്പിനായി നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിയ എസ്. ഐ രാജേശ്വരന് മുന്നില്‍ തന്റെ വലതുകൈയ്യുടെ മുട്ടിനുകീഴെയുള്ള ശൂന്യതയിലേക്ക് നോക്കി തനിക്ക് റേഷന്‍കട വിജയനോടുള്ള ഏറെപ്പഴക്കംച്ചെന്നൊരു വ്യക്തിവൈരാഗ്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങുകയായിരുന്നു അന്നേരം കരടിമാനേജര്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios