Asianet News MalayalamAsianet News Malayalam

Malayalam Short Story ; സക്കീന ബാര്‍, കെ.ആര്‍ രാജേഷ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കെ.ആര്‍ രാജേഷ് എഴുതിയ ചെറുകഥ

 

 

chilla malayalam short story by KR Rajesh
Author
Thiruvananthapuram, First Published May 4, 2022, 4:22 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by KR Rajesh


ഞങ്ങള്‍ മൂന്നുപേര്‍ റോസിനെ രക്ഷിക്കുവാന്‍ മാര്‍ഗങ്ങള്‍ ചിന്തിച്ചു കൂട്ടിയത് ഈ തെരുവില്‍ നിന്നായിരുന്നു..

ഞങ്ങള്‍ എന്ന് പറയുമ്പോള്‍ മേഘാലയക്കാരന്‍ കാള്‍ട്ടന്‍ചാപ്പ്മാന്‍, ബംഗ്ളാദേശ് ചിറ്റഗോങ്ങ്കാരന്‍ നിതാദാസ്, പിന്നെ ഈ ഞാനും.

ബംഗാളി ദാദു എന്ന് പറഞ്ഞു നിതാദാസിനെ നമുക്ക് വിലകുറച്ച് കാണുവാന്‍ കഴിയില്ല കേട്ടോ, കാരണം ഞങ്ങള്‍ മൂന്നു പേരുടെ കൂട്ടത്തില്‍ വിവരവും വിദ്യാഭ്യാസവും കൂടുതലുള്ളത് ബംഗാളി നിതാദാസിന് തന്നെയായിരുന്നു. ചരിത്രത്തില്‍ ഡിഗ്രി എടുത്ത് പിജി ചെയ്യാന്‍ ഒരുങ്ങവേയാണവന്‍ മസ്‌കറ്റിലേക്ക് വിമാനം കയറിയത്.

നിതാദാസ് സക്കീന എന്ന ഡാന്‍സ് ബാറില്‍ ജോലിക്ക് കയറിയപ്പോള്‍, അതേ സമയത്തു തന്നെ സക്കീന ബാറിന്റെ എതിര്‍വശത്തായുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലേക്ക് ഞാന്‍ താമസത്തിനായി കുടിയേറിയിരുന്നു.

തന്റെ ജീവിതത്തിലെ ഒരുപാട് നിര്‍ണ്ണായക നിമിഷങ്ങള്‍ക്ക് സാക്ഷിയായ ആ തെരുവിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നടന്നടുക്കുമ്പോള്‍ ശ്യാംസുന്ദറിന്റെ ചിന്തകളിലും ഓര്‍മ്മകളുടെ ചാറ്റല്‍മഴ ചിന്നിതെറിക്കുന്നുണ്ടായിരുന്നു, സുന്ദറിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു കൂടെ സഹപ്രവര്‍ത്തകനും, സോഷ്യല്‍മീഡിയയിലെ എഴുത്തുകാരനുമായ പങ്കജും.

ദൂരെ നിന്ന് തന്നെ കാള്‍ട്ടന്‍സ് ബാര്‍ എന്ന ബോര്‍ഡ് സുന്ദറിന്റെ കാഴ്ചയിലേക്ക് കടന്നുവന്നു.

എന്തോ ആലോച്ചിട്ടെന്നോണം സുന്ദര്‍ മൊബൈല്‍ കയ്യിലെടുത്തു വാട്ട്‌സാപ്പില്‍ നിതാദാസിന് ഒരു ശബ്ദസന്ദേശമയച്ചു.

'ഞാനിപ്പോള്‍ പഴയ സക്കീനയുടെ അടുത്തുണ്ട്'

'നിതാദാസ് ഇടക്കെപ്പോഴോ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു, എന്തായാലും അവന്‍ തന്റെ മെസേജ് കണ്ടിട്ടില്ല'

അടുത്തുള്ള ബൂഫിയയയിലേക്ക് കയറി ഓരോ മസാലചായ ഓര്‍ഡര്‍ ചെയ്തിട്ട് കൂടെയുണ്ടായിരുന്ന പങ്കജിനോടായി കാള്‍ട്ടന്‍സ് ബാര്‍ ചൂണ്ടിക്കൊണ്ട് സുന്ദര്‍ പറഞ്ഞു: 'ദാ അവിടെയാണ് മുമ്പ് മേഴ്സി അക്കയുടെ സക്കീന ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്'

ഒപ്പം റോഡിന്റെ മറുവശത്തെ കെട്ടിടത്തിലേക്ക് ചൂണ്ടികാണിച്ചു കൊണ്ട്, താന്‍ കുറേക്കാലം താമസിച്ച റൂം അതിനുള്ളിലാണെന്നും, സുന്ദര്‍ സൂചിപ്പിച്ചു

'എന്താണ് സുന്ദര്‍ ബായ്, നിങ്ങള്‍ ഇങ്ങനെ ഒരു അടുക്കും ചിട്ടയുമില്ലാതെ, കാര്യങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ ഇതെങ്ങനെ കഥയാക്കും'-പങ്കജിന്റെ വാക്കുകളില്‍ പരിഭവം നിറഞ്ഞു

ഡ്യുട്ടി കഴിഞ്ഞു റൂമിലേക്ക് മടങ്ങേണ്ട സമയത്താണ്, നിനക്ക് കഥ എഴുതാനുള്ള ത്രെഡ് തരാമെന്ന് പറഞ്ഞുകൊണ്ട് സുന്ദര്‍ കിലോമീറ്ററുകള്‍ വണ്ടിയോടിച്ചു അവനെ, ഇവിടെ കൂട്ടികൊണ്ടു വന്നത്

കഥക്കുള്ള ത്രെഡ് ഇവിടെ ഇരുന്നു പറഞ്ഞാല്‍ പോരെ എന്ന പങ്കജിന്റെ ചോദ്യം അവഗണിച്ചു കൊണ്ടാണ് സുന്ദര്‍ അവനെയും കൂട്ടി കനത്ത ട്രാഫിക്ക് ബ്ലോക്കിനെ മറികടന്ന് ഇത്രയും ദൂരം എത്തിയത്.

ഇത് കഥ അല്ല ജീവിതം ആണ്, അപ്പോള്‍ അവിടെ, ആ ലൊക്കേഷനില്‍ നിന്ന് പറഞ്ഞാലേ, അതിന്റെ ഫീല്‍ ലഭിക്കുള്ളു എന്നതായിരുന്നു സുന്ദറിന്റെ പക്ഷം

ബൂഫിയയുടെ പുറത്ത് നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചുകൊണ്ട് സുന്ദര്‍ വീണ്ടും പറഞ്ഞു തുടങ്ങി.

'രാത്രി നേരങ്ങളില്‍ പലപ്പോഴും മൂന്നാം നിലയിലെ എന്റെ മുറിയിലെ ജനല്‍പാളികള്‍ തുറക്കുമ്പോള്‍ കണ്ണിലേക്കു ആദ്യം ഓടിയെത്തുക സക്കീന ബാറിലെ വര്‍ണ്ണപ്രകാശമായിരിക്കും. സക്കീനയുടെ നടത്തിപ്പുകാരിയായ മാവേലിക്കരക്കാരി മേഴ്സി ഞങ്ങള്‍ സക്കീനയിലെ വിരുന്നുകാര്‍ക്ക് മേഴ്സി അക്കയാണ്. 
ബാറിലെ സ്റ്റാഫുകള്‍ക്കും, സന്ധ്യ മയങ്ങികഴിഞ്ഞാല്‍ ബാറിലെ ഏറ്റവും വലിയ ആകര്‍ഷണമായ ശരീര വില്‍പ്പന നടത്തുന്ന മലയാളികള്‍ ഉള്‍പ്പടെ വിവിധ ദേശക്കാരായ സ്ത്രീജനങ്ങള്‍ക്കും അവര്‍ മേംസാബാണ്.' 

'നഗരത്തിലെ ചില ഫ്‌ളാറ്റുകളുടെ പ്ലംബിങ് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് പണികള്‍ ഏറ്റെടുത്ത് മുന്നോട്ട് നീങ്ങികൊണ്ടിരുന്ന ഞാന്‍ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു മാസത്തില്‍ ഒന്നോ രണ്ടോ തവണ സക്കീനയില്‍ സന്ദര്‍ശനം നടത്തുമായിരുന്നു, അവിടെ വെച്ചാണ് നിതാദാസിനെ പരിചയപ്പെടുന്നത് , അങ്ങനെ നിതാദാസ് വഴി പരിചയം മേഴ്‌സിഅക്കയിലേക്കും നീണ്ടു,.

തടിച്ചു ഉയരംകൂടിയ, ചുരുണ്ട മുടിയും, ഇരു നിറവുമുള്ള മേഴ്സി അക്കയുമായുള്ള പരിചയം , സക്കീനയിലെയും മെയിന്റനന്‍സ് പണികള്‍ എനിക്ക് ലഭിക്കുവാന്‍ കാരണമായി, അതോടെ സക്കീനയിലെ ഒരു സ്ഥിരം സന്ദര്‍ശകനായി ഞാന്‍ മാറിതുടങ്ങി.' 

'അപ്പോള്‍ കിട്ടുന്ന കാശൊക്കെ മേഴ്സിഅക്കയുടെ പേഴ്സിലേക്ക് പോയികാണുമല്ലോ?'

സുന്ദറിന്റെ കഥപറച്ചില്‍ സക്കീനയുടെ അകത്തളങ്ങളിലേക്ക് കടന്നതോടെ, അതുവരെ അതൃപ്തിയുടെ കാര്‍മേഘങ്ങള്‍ മൂടിയിരുന്ന പങ്കജിന്റെ മുഖം തെളിഞ്ഞു.

ഇടയില്‍ കയറിയുള്ള പങ്കജിന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിലൊതുക്കി കൊണ്ട് സുന്ദര്‍ തുടര്‍ന്നു:

' സുന്ദര്‍ബായിക്ക് ആ ഇരിക്കുന്നതില്‍ ഏതിലെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ പറഞ്ഞോളൂ, റേറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്യാമെന്ന് മേഴ്സി മാം പറഞ്ഞു'

രണ്ടു പെസ് അടിക്കുക കുറച്ച് സമയം തള്ളിനീക്കുക എന്ന ലക്ഷ്യത്തോടെ മാത്രം സക്കീന സന്ദര്‍ശിക്കുന്ന എനിക്കായി ഇടക്കൊരു രാത്രി, മേഴ്സിഅക്കയുടെ സ്‌പെഷ്യല്‍ഓഫര്‍ അറിയിപ്പുമായി നിതാദാസ് എന്റെ ടേബിളിനരികിലെത്തി. 

'നിന്റെ മേഴ്സി മാമിനെ കിട്ടാന്‍ എത്ര റിയാല്‍ മുടക്കേണ്ടി വരും'

എന്റെ മറുചോദ്യത്തിന് അന്ന് നിതാദാസില്‍ നിന്ന് ഒരു പുഞ്ചിരി മാത്രമാണ് ആദ്യം വിടര്‍ന്നത്, ചുറ്റുപാടുമൊന്ന് സൂക്ഷിച്ചു നോക്കിയ ശേഷം എന്റെ ടേബിളിനോട് ചേര്‍ന്ന് നിന്ന് കൊണ്ട്, ഗ്ലാസ്സിലെ മദ്യത്തിലേക്ക് സോഡാ പകരൂന്ന വ്യാജേന അവന്‍ പറഞ്ഞു. 

'മേം സാബ് ആര്‍ക്കും കൊടുക്കില്ല ബായ്, ദാ അപ്പുറത്തെ ടേബിളില്‍ നില്‍ക്കുന്ന പെണ്ണിനെ കണ്ടോ, നേപ്പാളിയാണ്, അവളാണ് മേംസാബിന്റെ കൂട്ടുകിടപ്പുകാരി, രണ്ടു വര്‍ഷത്തെ വിസ കാലാവധി കഴിഞ്ഞു അവള്‍ പോകുവാണ്, അടുത്ത ദിവസം തന്നെ നിങ്ങളുടെ കേരളത്തില്‍ നിന്ന് പുതിയ പെണ്ണ് വരുന്നുണ്ട്'

സുന്ദര്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും, റോഡിലൂടെ കടന്നുപോയ മുന്‍സിപ്പാലിറ്റി വാഹനത്തിന്റെ ഹോണടി ശബ്ദത്തിനൊപ്പം പങ്കജിന്റെ സംശയവും ഉയര്‍ന്നു.

'എനിക്കങ്ങോട്ട് കത്തിയില്ല സുന്ദര്‍ബായ് പറഞ്ഞത്'

കീശയില്‍ നിന്നെടുത്ത റോത്ത്മന്‍സ് പാക്കറ്റില്‍ നിന്നും ഒരെണ്ണത്തിന് തീ കൊളുത്തികൊണ്ട് സുന്ദര്‍ തുടര്‍ന്നു:

'ഡാ, സക്കീനയില്‍ വെയിറ്ററായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളില്‍ നിതാദാസ് എനിക്ക് കാണിച്ചു തന്ന നേപ്പാളിപെണ്ണ് മേഴ്സിഅക്കയുടെ കിടപ്പറയിലെ പങ്കാളികൂടിയാണ്. അവള്‍ക്ക് കിട്ടുന്ന ഒരു ഗുണമെന്ന് വെച്ചാല്‍ സക്കീനയിലെ മറ്റ് പെണ്ണുങ്ങളെ പോലെ മറ്റുള്ളവര്‍ക്ക് ശരീരം പങ്കുവെക്കേണ്ട ആവശ്യമില്ല, മേഴ്സി അക്കയെ തൃപ്ത്തിപ്പെടുത്തിയാല്‍ മതി'

'ഈ മേഴ്സി അക്കക്ക് ഭര്‍ത്താവ് ഒന്നുമില്ലേ?'-പങ്കജിലെ സംശയം വീണ്ടും കനത്തു

'വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇതുപോലെ മദ്യം വിളമ്പാന്‍ സക്കീനയിലെത്തിയ മേഴ്സിയക്ക, മദ്യത്തിനൊപ്പം തന്റെ ശരീരവും വിളമ്പി മിടുക്ക് കാട്ടി. സക്കീനയുടെ ഉടമസ്ഥരില്‍ ഒരാളായ ലെബനോനിയുടെ 'മസ്‌കറ്റിലെ ഭാര്യ'യായി. തുടര്‍ന്ന് ലെബനോനിയുടെ മരണത്തോടെ അവര്‍ സക്കീനയുടെ നടത്തിപ്പ് ഏറ്റെടുത്തുവെന്നാണ് ചാപ്പ്മാന്‍ പറഞ്ഞു കേട്ടത്.'

വേറൊരു ഒമാനിയുടെ കൂടെ പാര്‍ട്ട്ണര്‍ഷിപ്പിലാണ് മേഴ്സി അക്ക സക്കീന നടത്തിയിരുന്നത്. സക്കീനയുടെ ദൈനം ദിന കാര്യങ്ങളില്‍ ഒന്നും ഒമാനി ഇടപെടാറില്ലായിരുന്നു, അയാള്‍ക്ക് മാസം നിശ്ചിത തുക കിട്ടിയാല്‍ മതിയായിരുന്നു'

'സുന്ദര്‍ ബായ് ചാപ്പ്മാനെ കുറിച്ച് കൂടുതല്‍ പറഞ്ഞില്ലല്ലോ?'

ചാപ്പ്മാനില്‍ നിന്നും താന്‍ മനസിലാക്കിയ സക്കീനയുടെയും, മേഴ്സിഅക്കയുടെയും മുന്‍കാല ചരിത്രങ്ങള്‍ സുന്ദര്‍ വിവരിക്കുന്നതിനിടയില്‍, പങ്കജിന്റെ അടുത്ത സംശയം ചാപ്പ്മാനെ കുറിച്ചായി.

'എന്റെ ഓര്‍മ്മകള്‍ ശരിയാണേല്‍ അന്നേ ദിവസം തന്നെയാണ്, അതായത് മേഴ്സി അക്ക സക്കീനയിലെ സ്ത്രീ ശരീരങ്ങള്‍ ഏത് തിരഞ്ഞെടുത്താലും തനിക്ക് ഡിസ്‌കൗണ്ട് ഓഫര്‍ചെയ്ത അതേ ദിവസം തന്നെ.

സക്കീനയുടെ സ്മോക്കിങ് ഏരിയയില്‍ നില്‍ക്കുമ്പോഴാണ് കാള്‍ട്ടന്‍ചാപ്പ്മാനുമായി ഞാന്‍ പരിചയപ്പെടുന്നത്. ണ്ടു പെഗ്ഗ് അകത്തുചെന്ന് കഴിഞ്ഞപ്പോള്‍ പുകവലിക്കുവാനായി സ്മോക്കിങ് ഏരിയയില്‍ എത്തിയ ഞാന്‍ സിഗരറ്റിനു തീ കൊളുത്തിയ നേരത്ത് തന്നെയാണ് മൊറോക്കോകാരിയായ ആ തടിച്ച സുന്ദരി ലൈറ്റര്‍ ആവശ്യപ്പെട്ട് കൊണ്ട് എനിക്ക് നേരെ കൈ നീട്ടിയത്. അകത്തു കിടന്ന പെസിന്റെ പ്രതിപ്രവര്‍ത്തനമാകാം, ലൈറ്റര്‍ നല്‍കുന്നതിനൊപ്പം അവളുടെ വലതുകൈവെള്ളയില്‍ എന്റെ ചൂണ്ടുവിരല്‍ ഉരഞ്ഞു, ഒരു ടിപ്പിക്കല്‍ മലയാളി ചൊറിച്ചില്‍'

' ഡോണ്ട് ടച്ച് മൈ ഹാന്‍ഡ്'

അവളുടെ കൈ എന്റെ മുഖത്തിന് നേരെ പൊങ്ങിയ നേരത്ത് തന്നെ ഞങ്ങള്‍ക്കിടയിലേക്ക് പ്രതിരോധത്തിന്റെ കവചം പോലെ ഏകദേശം നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഉയരംകൂടിയ ആ മനുഷ്യന്‍ കടന്നുവന്നു. അവിടെ രണ്ടു സൗഹൃദങ്ങള്‍ കൂടി മുള പൊട്ടുകയായിരുന്നു'

'എന്തിനാണ് ബായ്, വല്ലിടത്തും വന്നു തല്ല് വാങ്ങി കൂട്ടുന്നത്' എന്നോ മറ്റോ ആണ് കാള്‍ട്ടന്‍ ചാപ്പ്മാന്‍ എന്നമേഘാലയക്കാരന്‍ ഉപദേശരൂപത്തില്‍ അപ്പോള്‍ പറഞ്ഞതെന്ന് ഓര്‍ക്കുന്നു. അതിനിടയില്‍ കത്തിച്ച സിഗരറ്റ് തറയില്‍ കുത്തിക്കെടുത്തി ഇംഗ്ലീഷില്‍ ഏതോ ഒരു തെറിയും എനിക്ക് സമ്മാനിച്ചിട്ട് ആ മൊറോക്കക്കാരി സക്കീനയുടെ മറ്റേതോ ഭാഗത്തേക്ക് നടന്നുനീങ്ങി.

'അവള്‍ മേഴ്സി മാമിന്റെ പ്രിയപെട്ടവളാണ്, ജെന്നിഫര്‍'

ഈ സക്കീനയില്‍ ഏറ്റവും വിപണിമൂല്യമുള്ള സ്ത്രീ ശരീരം അവളുടേതാണ്. നീ ബില്ലടച്ചു വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്. 

ആ മൊറോക്കോക്കാരിയെ കുറിച്ച് അല്പം അറിവുകള്‍, ആ തണുപ്പുള്ള രാത്രിയില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ കാള്‍ട്ടന്‍ ചാപ്പ്മാന്‍ എനിക്ക് പകര്‍ന്നു തന്നു.

ആ രാത്രിയില്‍ തിരികെ മുറിയിലെത്തി കിടക്കയിലേക്ക് ചരിയുമ്പോഴും, നിതാദാസിന്റെ ഓര്‍മ്മപ്പെടുത്തല്‍ മനസ്സിലൂടെ കടന്നുപോയികൊണ്ടിരുന്നു. 

'നിങ്ങള്‍ ഇവിടെ സ്ഥിരം വരുന്നത് കൊണ്ടും, ഇവിടുത്തെ മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നത് കൊണ്ടുമാണ് അയാള്‍ പ്രശ്‌നം ഇങ്ങനെ പരിഹരിച്ചത്, അല്ലേല്‍ ബായ് ഇവിടെ കിടന്നു മേടിച്ചു കൂട്ടിയേനെ'

സക്കീനയില്‍ പ്രശ്‌നം ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യുവാന്‍ മേഴ്സി അക്ക ചെല്ലും ചിലവും കൊടുത്തു നിര്‍ത്തിയിരിക്കുന്ന വാടകഗുണ്ടയാണ് ചാപ്പ്മാന്‍ എന്ന് ഓര്‍ത്തപ്പോള്‍ അവിടുന്ന് തല്ല് കൊള്ളാതെ രക്ഷപെട്ടത് ആലോചിച്ചു ആ രാത്രി ഞാന്‍ ആശ്വാസം കൊണ്ടു.

ലെബനോനി സക്കീന നടത്തുന്ന കാലം മുതല്‍ അവിടെ പ്രശ്‌നം ഉണ്ടാക്കുന്നവരെ 'കൈകാര്യം' ചെയ്യുക എന്ന ജോലിചെയ്തുവരുന്ന ആളാണ് കാള്‍ട്ടന്‍ ചാപ്പ്മാന്‍. തുടര്‍ന്ന് സക്കീനയില്‍ മദ്യപിക്കാനോ, മെയിന്റ്റനന്‍സ് ജോലിക്കോ ഒന്നിനും തന്നെ ഞാന്‍ പോകാതെയായി. തുടര്‍ന്ന് ഏറെ ദിവസങ്ങള്‍ക്കു ശേഷം എന്നെ തേടിയൊരു ഫോണ്‍ കാള്‍ എത്തി, മറുതലക്കല്‍ മേഴ്സി അക്കയായിരുന്നു.

'സുന്ദര്‍ നീ ഇവിടെ വരെ അത്യാവശ്യമായി വരണം'

ജോലിക്ക് അല്ല മറ്റേതോ അത്യാവശ്യമാണ് എന്നറിയിച്ചതോടെ ഏറെ നാളുകള്‍ക്കു ശേഷം ഞാന്‍ വീണ്ടും സക്കീനയിലേക്ക് നടന്നു. സക്കീനയുടെ വാതില്‍ക്കല്‍ കാത്ത് നിന്ന ചാപ്പ്മാന്‍ എന്നെ കൂട്ടികൊണ്ട് പോയത്, മേഴ്സി അക്കയുടെ ഓഫീസ് മുറിയിലേക്കായിരുന്നു.

അവിടെ തലകുനിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു മലയാളി പെണ്‍കുട്ടി, ഗൗരവഭാവത്തില്‍ മേഴ്സിഅക്കയും സമീപത്ത് തന്നെയുണ്ട്'
'
ആരായിരുന്നു അത്?'

അടുത്ത സിഗരറ്റിനു തീ കൊളുത്തുവാന്‍ സുന്ദര്‍ ഇടവേളയെടുത്ത നേരത്ത് പങ്കജിന്റെ ചോദ്യം വീണ്ടും ഉയര്‍ന്നു. 

'റോസ്'-ഒരു പുക പുറത്തേക്ക് ഊതി കളഞ്ഞു കൊണ്ട് സുന്ദര്‍ തുടര്‍ന്നു.

ഹോട്ടല്‍മാനേജ്മെന്റ് പഠനം കഴിഞ്ഞ ചുരുണ്ട മുടികളുള്ള വെളുത്തസുന്ദരി. ഏതോ മള്‍ട്ടിസ്റ്റാര്‍ ഹോട്ടലിലെ ഫ്രണ്ടോഫീസ് ജോലി പ്രതീക്ഷിച്ചെത്തിയ അവളെ കാത്തിരുന്നത്, സക്കീനയിലെ മദ്യം വിളമ്പുന്ന ജോലിയാണെന്നത് ആദ്യ ദിവസം അവള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല, കൂടാതെ ഓവര്‍ടൈം ജോലിയെന്നോണം മേഴ്സിഅക്കയുടെ കൂടെ കിടപ്പും. 

കായംകുളംകാരിയായ റോസ് തന്റെ അടുത്ത പ്രദേശവാസി ആയത് കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുവാനാണ് എന്നെ അവിടേക്ക് മേഴ്സിയക്ക വിളിപ്പിച്ചത്. 

'സുന്ദര്‍, ഇവിടെ ജോലിചെയ്യുന്ന മറ്റ് പെമ്പിള്ളേരെ പോലെ വേറെ ആണുങ്ങള്‍ക്ക് മുന്നില്‍ തുണി ഉരിയേണ്ട ആവശ്യമൊന്നും ഇവള്‍ക്കില്ല, കൂടാതെ അവരെക്കാള്‍ കൂടുതല്‍ പണവും ഇവള്‍ക്ക് ലഭിക്കും, നിന്റെ അടുത്ത നാട്ടുകാരിയല്ലേ നീയത് പറഞ്ഞു മനസ്സിലാക്ക് അവളെ.'

എന്നോടായി മേഴ്സിയക്കയുടെ ശബ്ദം ഉയര്‍ന്നു.

കെണിയിലകപ്പെട്ട സാധുമൃഗത്തെപോലെ ഭയം നിഴലിച്ച റോസിന്റെ മുഖം മനസ്സില്‍ വല്ലാത്തൊരു വിങ്ങലായി മാറി.

'താല്പര്യമില്ലാത്ത ജോലിക്ക് ആ പെണ്‍ കൊച്ചിനെ നിര്‍ബന്ധിക്കേണ്ട, തിരിച്ചുവിട്ടുകൂടെ' എന്ന എന്റെ ചോദ്യത്തിന് മെഴ്സിയക്കയുടെ മറുപടി റോസിനെ നോക്കിയായിരുന്നു.

'ഇവളുടെ വീട്ടിലെ ബുദ്ധിമുട്ടും പ്രയാസവും ഒക്കെ അറിഞ്ഞത് കൊണ്ടാണ് ഇല്ലാത്ത വിസ റെഡിയാക്കി ഞാന്‍ കൊണ്ടുവന്നത്, വിസക്കും ടിക്കറ്റിനുമൊക്കെ എനിക്ക് ചിലവായ പൈസ ജോലി ചെയ്തു തീര്‍ക്കാതെ ഇവിടുന്ന് പോകുന്നതിനെ കുറിച്ച് ആലോചിക്കേണ്ട'


അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും, എന്റെ മനസ്സില്‍ റോസിന്റെ ദൈന്യത നിഴലിച്ച മുഖമാണ് തെളിഞ്ഞു നിന്നത്. 

'എന്ത് ചെയ്യാനാണ് ബായ്, നമുക്ക് ആലോചിച്ചു എന്തേലും വഴി കണ്ടെത്താം'

ആ രാത്രിയില്‍ റോസിനെ കുറിച്ചുള്ള ആകുലത വീണ്ടും എന്നെ ചാപ്പ്മാന്റെ അടുത്ത് എത്തിച്ചു, അവന്റെ വാക്കുകളിലും റോസിനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ നിറഞ്ഞിരിന്നുവെന്ന് മനസിലായി.

സക്കീനക്ക് അകത്ത് ജോലിചെയ്യുന്നതിനാല്‍ ചാപ്പ്മാനും, നിതാദാസിനും മേഴ്സിഅക്കയുടെ കണ്ണ് വെട്ടിച്ചു, റോസുമായി ഇടയ്ക്കിടെ സംസാരിക്കുവാന്‍ കഴിയുമായിരുന്നു. തല്ക്കാലം പിടിച്ചുനില്‍ക്കുവാനും, അവസരം ഒത്തുകിട്ടുമ്പോള്‍ നാട്ടിലേക്ക് മടക്കിഅയക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നുമൊക്കെ പറഞ്ഞ് അവളെ അവര്‍ ആശ്വസിപ്പിച്ചിരുന്നു.

മസാലചായയുടെ കാശ് നല്കി തിരികെ ആ തെരുവിലൂടെ പഴയ സക്കീനബാറിന്റെ ഭാഗത്തേക്ക് നടക്കുമ്പോള്‍ പങ്കജിന്റെ ചോദ്യം റോസിനെക്കുറിച്ചായിരുന്നു. 

'എന്നിട്ട് റോസ് ആ ജോലിയുമായി പൊരുത്തപ്പെട്ടോ?'

അതേ എന്ന അര്‍ത്ഥത്തില്‍ ഒരു മൂളല്‍ മാത്രം മറുപടിയായി സുന്ദര്‍ നല്‍കിയതോടെ, പങ്കജില്‍ നിന്ന് വീണ്ടും ചോദ്യമുയര്‍ന്നു. 

'മേഴ്സിഅക്കക്കൊപ്പം കിടക്കുന്ന ജോലിയും അവള്‍ ചെയ്തു തുടങ്ങിയോ'

അല്പനേരം മൗനത്തിന്റെ അകമ്പടിയോടെ പോയകാല ഓര്‍മ്മകളിലേക്ക് ഊളിയിട്ട സുന്ദര്‍ വീണ്ടും പറഞ്ഞു തുടങ്ങി.

'ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും സക്കീനയിലേക്ക് പോയി, രണ്ടു പെഗ്ഗ് അടിക്കുക എന്നതിലുപരി റോസിനെ ഒന്ന് കാണുക എന്നതായിരുന്നു പ്രധാന ലക്ഷ്യം, അതിനിടയില്‍ തന്നെ ഞാനും, ചാപ്പ്മാനും, നിതാദാസും ചേര്‍ന്ന് റോസിനെ രക്ഷപെടുത്തുവാന്‍ വേണ്ട പദ്ധതികള്‍ സമാന്തരമായി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു.' 

സക്കീനയില്‍ അന്ന് എന്റെ ടേബിളില്‍ മദ്യം വിളമ്പാന്‍ എത്തിയത്, റോസായിരുന്നു. മദ്യം വിളമ്പുന്ന ജോലി എങ്ങനെയും തുടരാം. പക്ഷേ മേഴ്സിഅക്കയുടെ കൂടെയുള്ള കിടപ്പ് സഹിക്കാന്‍ കഴിയുന്നില്ല എന്ന് അവള്‍ സങ്കടത്തോടെ പറഞ്ഞത് ശരിവെക്കുന്ന വിധത്തില്‍, അവളുടെ കവിളിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും മേഴ്സിഅക്കയുടെ കാമഭ്രാന്തിന്റെ മുദ്രകള്‍ തെളിഞ്ഞുകാണാമായിരുന്നു. 

മേഴ്സിഅക്കയുടെ വലയില്‍ നിന്ന് റോസിനെ രക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാക്കിയ പദ്ധതികള്‍ ഞാന്‍ റോസിനെ അറിയിച്ചു.

'പിന്നീട് നിങ്ങള്‍ എങ്ങനെയാണ് അവളെ സക്കീനയില്‍ നിന്ന് രക്ഷിച്ചത്?'

കാള്‍ട്ടന്‍സ് ബാറിന്റെ മുന്നിലെത്തിയ നേരത്ത് തന്നെയാണ് പങ്കജില്‍ നിന്ന് വീണ്ടും ചോദ്യമുയര്‍ന്നത്,

'നിയമപരമായി മുന്നോട്ട് പോയാല്‍ ഒരുപാട് നൂലാമാലകള്‍ ഉള്ളതിനാല്‍, അതൊഴിവാക്കി റോസിനെ എങ്ങനെ നാട്ടിലേക്ക് മടക്കിയയക്കാം എന്നായിരുന്നു ഞങ്ങള്‍ ആലോചിച്ചത്. ആ വര്‍ഷത്തെ ന്യൂഇയര്‍ തലേന്ന് രാത്രിയിലേക്ക് മുന്‍കൂട്ടി തന്നെ ഞാന്‍ റോസിന് വേണ്ടി മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.

മേഴ്സി അക്ക സൂക്ഷിച്ചിരിക്കുന്ന റോസിന്റെ പാസ്‌പോര്‍ട്ട് കൈക്കലാക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് ചാപ്പ്മാനായിരുന്നു, അത് കൃത്യമായി അവന്‍ നിറവേറ്റി.

സക്കീനയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഡിസംബര്‍ മുപ്പത്തൊന്നിന് രാത്രിയില്‍ മേഴ്സിഅക്കയുടെ കണ്ണ് വെട്ടിച്ച് ഡ്യുട്ടി ഡ്രസ്സില്‍ തന്നെ റോസിനെ സക്കീനക്ക് പുറത്തെത്തിക്കാന്‍ നിതാദാസിന് കുറച്ച് പാട്‌പെടേണ്ടി വന്നു. 

ഇതെല്ലാം തന്നെ ഒരുപാട് രാത്രികളില്‍ ഞങ്ങള്‍ മൂന്നു പേരും ഈ തെരുവില്‍ നിന്ന് രഹസ്യമായി പദ്ധതിയിട്ടതായിരുന്നു. റോസിനെ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന ജോലി നിര്‍വഹിച്ചത് ഞാനായിരുന്നു. 

എന്തായാലും 2015 പിറവിയെടുത്തപ്പോള്‍ വെറും കയ്യോടെയാണെങ്കിലും റോസ്, മേഴ്സി അക്കയുടെ കുടുക്കില്‍പെട്ടിട്ട് രക്ഷപെട്ടു പോയ ആദ്യത്തെ പെണ്ണ് എന്ന ഖ്യാതിയോടെ നാട്പിടിച്ചു.

'അപ്പോഴും എനിക്ക് ചില സംശയങ്ങള്‍ ഉണ്ട് സുന്ദര്‍ബായി'

'മേഴ്സി അക്കയുമായി ഇത്രയും അടുപ്പമുള്ള,മേഴ്സിഅക്കയുടെ ഇത്തരം തോന്ന്യവാസങ്ങള്‍ക്ക് എല്ലാം കൂട്ടുനിന്നിട്ടുള്ള, സക്കീനയുടെ തുടക്കം മുതലുള്ള, ചാപ്പ്മാന്‍ എന്ത് കൊണ്ടാണ് റോസിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കൊപ്പം കൂടിയത്?'

പങ്കജിന്റെ അതേ സംശയം ആദ്യം എനിക്കും നിതാദാസിനും ചാപ്പ്മാനെ കുറിച്ച് ഉണ്ടായിരുന്നു, പക്ഷേ ആതമര്‍ത്ഥമായി ചാപ്പ്മാന്‍ റോസിനെ രക്ഷിക്കാന്‍ സഹായിച്ചു. അതിന് അവനു വിലനല്‌കേണ്ടി വന്നത് സക്കീനയിലെ അവന്റെ ജോലിയായിരുന്നു. ചാപ്പ്മാന്‍ അറിയാതെ പാസ്‌പോര്‍ട്ട് കൈക്കലാക്കി റോസിന് രക്ഷപെടുവാന്‍ കഴിയില്ലെന്ന് മനസിലാക്കിയ മേഴ്സി അവനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പക്ഷേ നിതാദാസിന്റെ പങ്ക് മെഴ്സിക്ക് മനസിലായതുമില്ല.

കാലമേറെ കഴിയും മുമ്പ് തന്നെ സക്കീനയുടെ പാര്‍ട്ട്ണറായ ഒമാനിയുമായി എന്തൊക്കെയോ വിഷയങ്ങളില്‍ പെട്ട് മേഴ്സി അക്കക്ക് സക്കീന നിര്‍ത്തി നാടുപിടിക്കേണ്ടി വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്, പിന്നീട് അവരെ കുറിച്ച് ഒരു വിവരവും ഇല്ല.'

എന്തായാലും പേരും നടത്തിപ്പുകാരും മാറിയെങ്കിലും പഴയ സക്കീന ബാര്‍ തന്നെയല്ലേ ഇത്? ഇവിടെവരെ വന്നിട്ട് ഓരോ ബിയര്‍ കഴിക്കാതെ പോകുന്നത് ശരിയല്ലല്ലോ. 

സുന്ദര്‍ പങ്കജിനെയും കൂട്ടികൊണ്ട് കാള്‍ട്ടണ്‍സ് ബാറിന്റെ അകത്തേക്ക് കടന്നു.

ബാറിനകത്ത് പുഞ്ചിരി തൂകികൊണ്ട് അവരെ സ്വീകരിച്ചത് ഒരു മലയാളിപെണ്‍കുട്ടി തന്നെയായിരുന്നു.

'പാവം മറ്റൊരു റോസായിരിക്കും ഇതും അല്ലേ?'

അവരുടെ ഓര്‍ഡര്‍ സ്വീകരിച്ചു മടങ്ങിയ ആ പെണ്‍കുട്ടിയെ നോക്കി പുറത്തേക്ക് വന്ന പങ്കജിന്റെ വാക്കുകളില്‍ സഹതാപത്തിന്റെ ചുവയുണ്ടായിരുന്നു.


'അല്ല ചോദിക്കാന്‍ മറന്നു എന്നിട്ട് റോസിപ്പോള്‍ എവിടെയാണ്?'

പങ്കജിന്റെ ചോദ്യത്തിനൊപ്പം ബിയറുമായി ആ പെണ്‍കുട്ടിയും ആ ടേബിളിനരികിലേക്ക് കടന്നു വന്നിരുന്നു,

'മലയാളികള്‍ അടക്കം നല്ല പെമ്പിള്ളേര്‍ ഉണ്ട് വേണേല്‍ പറയണമെന്ന്'
ബിയര്‍ ഗ്ലാസിലേക്ക് പകര്‍ത്തുന്നതിനിടയില്‍ അവള്‍ ഇരുവരോടുമായി പറഞ്ഞു,

' നിങ്ങളുടെ മാനേജര്‍ ഉണ്ടോ ഇവിടെ എന്ന മറുചോദ്യമാണ് അവളോടായി സുന്ദര്‍ ചോദിച്ചത്'

സാര്‍ നാട്ടില്‍ പോയേക്കുവാണെന്നും, മാഡം ഉണ്ടെന്നും അവള്‍ അറിയിച്ചു,

ഇരുവരും ഓരോ ബിയര്‍ അകത്താക്കി ഇറങ്ങാന്‍ നേരം കാള്‍ട്ടന്‍സ് ബാറിന്റെ ഇടനാഴിയുടെ വലതുവശത്തുള്ള മാനേജര്‍ എന്ന ബോര്‍ഡ് വെച്ച മുറിക്കുള്ളിലേക്ക് ചൂണ്ടി സുന്ദര്‍ പങ്കജിനോടായി പറഞ്ഞു. 

'നീ ചോദിച്ചില്ലേ റോസിപ്പോള്‍ എവിടെയാണെന്ന്. ആ ഇരിക്കുന്നതാണ് റോസ്,

നേരേെത്തയാ വെയിറ്റര്‍ പെണ്ണ് പറഞ്ഞ, നാട്ടില്‍പോയിരിക്കുന്ന സാര്‍ ചാപ്പ്മാനാണ്.

റോസിനെ രക്ഷിക്കാന്‍ ചാപ്പ്മാന്‍ എന്ത്കൊണ്ട് മുന്‍കൈ എടുത്തുവെന്ന നിന്റെ ചോദ്യത്തിനുള്ള ഉത്തരവും ഇത് തന്നെയാണ്. 

മേഴ്സി ചാപ്പ്മാനെ സക്കീനയില്‍ നിന്ന് പുറത്താക്കിയെങ്കിലും  വര്‍ഷങ്ങളായി സക്കീനയില്‍ നിന്ന് കളിപഠിച്ച ചാപ്പ്മാന്‍, സക്കീനയുടെ പാതി പാര്‍ട്ട്ണറായ ഒമാനിയുമായി ചേര്‍ന്ന് മേഴ്‌സിയെ സക്കീനയില്‍ നിന്ന് തുരത്തുകയായിരുന്നു എന്നാണ് കേള്‍ക്കുന്നത്. 

എന്തായാലും മേഴ്‌സിയുടെ സ്ഥാനത്ത് റോസ്, സക്കീനക്ക് പകരം കാള്‍ട്ടന്‍സ് അത്രേയുള്ളൂ മാറ്റം, ബാക്കിയൊക്കെ പഴയപടി തന്നെ. നിനക്ക് ഇത്രയും പോരെ ഒരു കഥക്ക'

കാള്‍ട്ടന്‍സ് ബാറില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് പങ്കജിനോടായി സുന്ദറിന്റെ ചോദ്യമുയര്‍ന്നു.

'കഥയൊക്കെ ഓക്കേ, എന്നാലും ഒരു സംശയം ഈ ചാപ്പ്മാനും, റോസും തമ്മില്‍ പ്രണയത്തിലായിരുന്നോ'

പങ്കജിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് കൈമലര്‍ത്തുക മാത്രമായിരുന്നു സുന്ദറിന്റെ മറുപടി,

'സുന്ദര്‍ ബായ്, ഞാന്‍ ഈ കഥക്ക് സക്കീനബാര്‍ എന്ന പേരിടുവാണ്'

മടക്കയാത്രയില്‍ തന്റെ മനസ്സിന്റെ ചുവരില്‍ കഥാപാത്രങ്ങളെയും, കഥാസന്ദര്‍ഭങ്ങളെയും യഥാവിധി വിന്യസിക്കുന്ന തിരക്കിലായിരുന്നു പങ്കജ്.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios