ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ലിനി ജോസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഈയിടെയായി ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ രണ്ട് ഇടങ്ങളാണ് കണ്ടുപിടിച്ചു വച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ടു ഇടങ്ങള്‍!

കാടിന്റെ വശ്യതയാര്‍ന്ന പച്ചപ്പും കിളികളുടെ കളകൂജനങ്ങളും മന്ദമാരുതനും പോലെ തന്നെ, നഗരത്തിലെ തിക്കും തിരക്കും, വേഗതയേറിയ ചലനങ്ങളും എനിക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്നുള്ളത് ഒരുപക്ഷേ നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. അതെ ഇത് തന്നെയാണ് ഞാന്‍. ഒരുവശത്ത് തിക്കുംതിരക്കും ചിരികളികളും ആഘോഷങ്ങളും. മറുവശത്ത് ഒറ്റപ്പെടലിന്റെ ശ്മശാനമൂകത!

അലസമായ ഒരു വൈകുന്നേരം, ഞാന്‍ ഇപ്പോള്‍ ഇവിടെയാണ്. പുരാതനമായ Quebec നഗരത്തിലെ തിരക്കേറിയ തെരുവിലെ ഒരു കോഫീഷോപ്പില്‍. എത്രനേരം വേണമെങ്കിലും ഇവിടെ ഇരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നതുതന്നെയാണ് ഇവിടം എന്റെ പ്രിയപ്പെട്ട ഇടം ആവുന്നത്. എന്റെ സ്ഥിരം ഇരിപ്പിടം ഇന്നും ഒഴിഞ്ഞു തന്നെയാണ് കിടന്നിരുന്നത്. 

മീഡിയം ഡബിള്‍ കോഫി വിത്ത് സ്മാള്‍ ഫ്രഞ്ച് വാനില. അതാണ് ഇപ്പോള്‍ എന്റെ ഹരം. അത് മെല്ലെമെല്ലെ മൊത്തികുടിക്കുന്നതിനിടയില്‍ ഞാന്‍ കാണുന്ന കാഴ്ചകള്‍. അതാണ് എന്റെ ജീവിത പ്രാരബ്ധങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ എനിക്കുമുന്‍പില്‍ ഇപ്പോഴുള്ള ഏക കുറുക്കുവഴിയും.

എന്റെ ഇരിപ്പിടത്തിന് എതിരെയുള്ള ചില്ല് ജാലകത്തിലൂടെ കാണുന്നത് കോഫീഷോപ്പിന് അഭിമുഖമായിട്ടുള്ള ആര്‍ട്ട് ഗ്യാലറിയാണ്. അതാണ് എന്റെ കണ്ണുകള്‍ എന്നും തേടി പോകുന്ന ആദ്യ കാഴ്ച. ചില ദിവസങ്ങളില്‍ അവിടെ ഒരു മാറ്റവും ഉണ്ടാകാറില്ല. പുതിയ ചിത്രങ്ങള്‍ വന്നിട്ടുണ്ടാകുമോ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നും ദൃഷ്ടികള്‍ പായിച്ചു. അവിടെ ഒരു ചിത്രകാരന്‍ അലസമായി ചിത്രപ്പണികളില്‍ മുഴുകിയിരിക്കുന്നു. 

മഴയത്ത് കുട ചൂടി ഒറ്റക്ക് നടക്കുന്ന പെണ്‍കുട്ടി, ഇലപൊഴിയും കാലത്തെ ചുവന്ന മരങ്ങള്‍, ഇന്ന് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള രണ്ടു പെയിന്റിംഗുകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ കടല്‍ത്തീരത്തിലെ ചിത്രം ഒത്തിരി ദിവസമായി അവിടെ ഇരിക്കുന്നു എന്നും, അത് കണ്ടപ്പോള്‍ കടല്‍ പോലെ ചിന്തകള്‍ എന്നില്‍ തിരയടിച്ചെത്തിയതു കൊണ്ടും നോട്ടം പാതവക്കിലൂടെ നടന്നു പോകുന്നവരിലേക്ക് മനപ്പൂര്‍വ്വം തിരിച്ചുവിട്ടിരുന്നു. 

അതെ, ഇന്നും സൂസന്നയുടെ വെളുത്ത റേഞ്ച് റോവര്‍ അതിന്റെ സ്ഥിരം ഇടത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. വെളുത്തു മെലിഞ്ഞ ഏകദേശം 25 വയസ്സില്‍ കൂടാത്ത സുന്ദരിയായ ഇംഗ്ലീഷുകാരി പെണ്‍കുട്ടിക്ക് ഞാനിട്ട പേരാണ് സൂസന്ന.

കാറ്റിലുലയുന്ന അവളുടെ മുടിയും, അലസമായി ഒഴുകികിടക്കുന്ന ഇറക്കം കുറഞ്ഞ ജോര്‍ജറ്റ് ഫ്രോക്കും, ഹൈഹീല്‍ ചെരുപ്പും ഏതോ ബ്രാന്‍ഡഡ് ഉല്പന്നത്തിന്റെ മോഡല്‍ ഗേള്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന ചുവടുവയ്പുകളും ആയിരുന്നു ആദ്യദിനങ്ങളില്‍ അവളിലേക്ക് എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചിരുന്നത്.

അവളുടെ ആ തല ഉയര്‍ത്തിയുള്ള നടത്തം അനുകരിക്കാന്‍ വിഫലശ്രമം ഞാന്‍ പലപ്പോഴും നടത്തിയിരുന്നുവെങ്കിലും ഓരോ തവണയും എന്നില്‍ അടിഞ്ഞു കൂടിയിരുന്ന അപകര്‍ഷതാബോധം എന്റെ തോള്‍ എല്ലുകളെ വളച്ചു കളയുകയും, ജാള്യത കഴുത്തിനെ ഞെരുക്കുകയും എന്നിലെ സത്വം വീണ്ടും എന്നിലേക്ക് തന്നെ ഞെരിഞ്ഞമരുകയും ചെയ്തുകൊണ്ടിരുന്നു.

ദൂരെ, സിറ്റി ഹാളിന്റെ തുഞ്ചത്തുള്ള വലിയ ക്ലോക്കില്‍ ഇപ്പോള്‍ സമയം 6 .10. സന്ധ്യമയങ്ങും നേരം. ഞാന്‍ ഇരിക്കുന്ന കോഫി ഷോപ്പില്‍ നിന്നും അവള്‍ കോഫിയും വാങ്ങി അവളുടെ കാറിനടുത്ത് എത്തിയപ്പോഴേക്കും എന്നത്തെയും പോലെ ആ വൃദ്ധനും അവിടെയെത്തി. അവള്‍ ഒരു സിഗരറ്റിന് തീകൊളുത്തി പിന്നെ പുകയെടുത്തു മെല്ലേ വായുവിലേക്ക് പുകച്ചുരുളുകളായി ഊതി വിടുന്ന കാഴ്ച. ദൂരെയിരുന്ന് അത് ഞാനാണ് ചെയ്യുന്നത് എന്ന പോലെ ആസ്വദിക്കുന്നത് എത്ര സുഖകരം.

ഒരുവേള ആ പുകച്ചുരുളുകള്‍ എന്നില്‍ നിന്നും പറിച്ചെറിയാന്‍ ആഗ്രഹിക്കുന്ന ഏതൊക്കെയോ അനാവശ്യ ബന്ധനങ്ങളാവുമോ എന്ന് എനിക്ക് തോന്നി! ജീവവായുവിലൂടെ എന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ചില ബന്ധനങ്ങള്‍.

പതിവുപോലെ സൂസന്ന വൃദ്ധന് ഒരു സിഗരറ്റ് കൈമാറി. അപ്പോള്‍ തന്നെ അയാള്‍ അതിന് തീ കൊളുത്തി ആഞ്ഞുവലിച്ച്, പിന്നെ ഏറെ കഷ്ടപ്പെട്ട് ചുമച്ച് തെരുവിന്റെ മറ്റൊരു ഭാഗത്തേക്ക് വേച്ചുവേച്ച് നടന്നു പോയി.

എന്തിനായിരിക്കും ഇത്രയും വിലയേറിയ സിഗരറ്റ് സൂസന്ന അയാള്‍ക്ക് എന്നും ദാനമായി നല്‍കുന്നത്? അവര്‍ തമ്മിലുള്ള ബന്ധം എന്തായിരിക്കാം? കുഴപ്പിക്കുന്ന ചിന്തകള്‍ ബോധമണ്ഡലത്തില്‍ തമ്മിലടിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ ബുദ്ധി എനിക്ക് ഉത്തരമരുളി: 'നിന്റെ സന്തോഷം ഇല്ലാത്തവരുമായി പങ്കുവെക്കുക, അപ്പോള്‍ അത് ഇരട്ടിക്കും.' 

എനിക്കപ്പോള്‍ സൂസന്നയുടെ അടുത്തുചെന്ന് അവള്‍ക്ക് ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കണമെന്ന് തോന്നി.

എന്ത് സുന്ദരമാണ് ഈ പാതയോരങ്ങള്‍, ഫ്രഞ്ച് അധിനിവേശത്തിന്റെ പ്രാചീനഗാംഭീര്യം മുറ്റിനില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍. ഒരുകാലത്തെ രാജവീഥികള്‍. അതിന്റെ ഇരുവശവുമുള്ള ഭംഗിയേറിയ വിളക്കുകാലുകളില്‍ തൂക്കിയിട്ടിരിക്കുന്ന വര്‍ണ്ണപുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന വള്ളിച്ചെടികള്‍. ടൂറിസ്റ്റുകളെ വഹിച്ചുകൊണ്ടുപോകുന്ന അലങ്കരിച്ച കുതിരവണ്ടികള്‍. അതെ ഇത് സിനിമകളില്‍ കാണുന്ന അതേ രംഗം തന്നെ. 

കൈകോര്‍ത്തു തോളോടുതോള്‍ ചേര്‍ന്ന് നടന്നു നീങ്ങുന്ന കമിതാക്കള്‍. കൂട്ടിന് ഒരാള്‍ ഉള്ളപ്പോള്‍ അവരില്‍ സ്ഫുരിക്കുന്ന ആത്മസംതൃപ്തിയും ഉന്മേഷവും. ലോകം പിടിച്ചടക്കി എന്ന ആ ഭാവം.

പട്ടിക്കുട്ടികളെയും കൊണ്ട് നടക്കാന്‍ ഇറങ്ങിയിരിക്കുന്ന വൃദ്ധദമ്പതികള്‍. ജീവിതാവസാനം അവര്‍ക്ക് കൂട്ട് ഈ പട്ടിക്കുട്ടികള്‍ മാത്രമാണല്ലോ എന്നോര്‍ത്ത് സഹതാപവും ഉടനെതന്നെ അതെങ്കിലും ഉണ്ടല്ലോ ആശ്വസിക്കാന്‍ എന്നോര്‍ത്ത് ഒരു ദീര്‍ഘനിശ്വാസവും എന്നില്‍ ഉയര്‍ന്നു.

ഏതോ മുന്തിയ ബ്രീഡ്, കരുത്തനായ നായയുടെ കൂടെ ധൈര്യപൂര്‍വ്വം നടന്നു പോകുന്ന അന്ധയായ ഒരു യുവതി. ഞാനാണ് അവളുടെ സംരക്ഷകന്‍ എന്ന തലയെടുപ്പ് ആ നായയില്‍ കാണാനുണ്ടായിരുന്നു.

എന്റെ കോഫി ഇനിയും തീര്‍ന്നിട്ടില്ല സന്ധ്യയായി തുടങ്ങി തെരുവ് വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങി. ഇനിയെന്ത്?

ആരോടെങ്കിലും മിണ്ടണം എന്ന് മനസ്സ് വല്ലാതെ കൊതിക്കുന്ന പോലെ. ബന്ധുക്കള്‍. സുഹൃത്തുക്കള്‍. അല്ലെങ്കില്‍ തന്നെ ബന്ധുക്കളോട് എന്ത് സംസാരിക്കാനാണ്? പ്രാരബ്ധങ്ങളുടെ കെട്ടുകളഴിക്കാം എന്നല്ലാതെ?

പിന്നെ സുഹൃത്തുക്കള്‍. ഈയിടെയായി ഫോണില്‍ തെരുതെരെ വിളിക്കുന്നവര്‍ ഒന്നും തന്നെ എന്റെ സുഹൃത്തുക്കള്‍ അല്ലല്ലോ? അതൊക്കെ വെറും കോണ്‍ടാക്ട്‌സ്. വര്‍ഷങ്ങള്‍ക്ക് മുന്നേ ഈ രാജ്യത്തെ നഗരത്തില്‍ എത്തിപ്പെട്ടതുകൊണ്ടും മെച്ചപ്പെട്ട ഒരു ജോലി സമ്പാദിക്കാനായി എന്നതിനാലും അതിജീവനത്തിന്റെ ബാലപാഠങ്ങള്‍ അറിയുവാനായി വിളിക്കുന്നവര്‍.

ആദ്യമാദ്യം എന്തൊരു ഉന്മേഷം ആയിരുന്നു! ഏകാന്തത സൃഷ്ടിക്കുന്ന കല്‍ഭിത്തികള്‍ തുളച്ച് വരുന്ന ഫോണ്‍ വിളികള്‍. പിന്നീട് നന്ദി ഇല്ലായ്മയുടെ കയ്പുരസം രുചിച്ചു തുടങ്ങിയപ്പോള്‍ പോകപ്പോകെ ആ ഉപദേശക സ്ഥാനം ഉപേക്ഷിച്ചു. എന്നാലും ഇന്നും വന്നുകൊണ്ടിരിക്കുന്നു ഇത്തരത്തിലുള്ള വിളികള്‍. സ്വാര്‍ത്ഥലാഭത്തിനായിട്ടുള്ള വിളികള്‍....

അവധി ദിനങ്ങളിലെ സന്ധ്യാസമയങ്ങളില്‍ നേരമ്പോക്കിനായി വന്നിരിക്കുന്ന എന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകുമോ എന്നചിന്തകള്‍ എന്നെ ഒട്ടും തന്നെ അലട്ടിയിരുന്നില്ല. അല്ലെങ്കില്‍ തന്നെ ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രം എന്തെങ്കിലും പ്രത്യേകത എന്നില്‍ ഉണ്ട് എന്ന് ഒരിക്കല്‍ പോലും എനിക്ക് തോന്നിയിട്ടുമില്ല.

എന്റെ കപ്പിലെ കോഫി തീര്‍ന്നിരിക്കുന്നു ദൂരെയുളള ആ വലിയ ക്ലോക്കില്‍ സമയം 8 30. തിരികെ തെരുവിന്റെ അറ്റത്തുള്ള സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്‌ലേക്ക്. കാവ്യഭാഷയില്‍ ഏകാന്തതയുടെ അപാര തീരത്തേക്ക്.

പെട്ടെന്നായിരുന്നു സുമുഖനായ ഒരു യുവാവ്, അല്ല അങ്ങനെ പറഞ്ഞാല്‍ ശരിയാവുകയില്ല. ഏതാണ്ട് 40 വയസ്സില്‍ താഴെ പ്രായം വരുന്ന -കുറേകാലമായി ഞാന്‍ ഏറെ ശ്രദ്ധിച്ചിരുന്ന ഒരാള്‍- വാതില്‍ തുറന്ന് എന്റെ നേരെ വന്നത്. ഒട്ടും പരിചയക്കുറവ് കാണിക്കാതെ എന്നോട് സംസാരിക്കാന്‍ തുടങ്ങി.' Where have you been these days? I was looking for you... well... I' m glad that you're here today.'

എന്നെയും ആരെങ്കിലും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ആശ്ചര്യം കൊണ്ടാണോ പൊടുന്നനെ ഒരു സ്വപ്നലോകത്ത് എത്തിപ്പെട്ടതു പോലെ. ഒന്നും ചോദിക്കാതെ ഒരുവാക്ക് പോലും ഉരിയാടാതെ ഏതോ സിനിമയിലെ നായികയെ അനുകരിക്കും വിധം തോളുകള്‍ വിടര്‍ത്തി തല ഉയര്‍ത്തി കോഫീ ഷോപ്പിലെ ചില്ലു വാതില്‍ തള്ളിത്തുറന്ന് ദൃഢമായ കാല്‍വെപ്പുകളോടെ ഞാന്‍ നടന്നു തുടങ്ങി.

എനിക്കറിയാം ഞാന്‍ ഇരുന്നിരുന്ന കസേരയില്‍ അയാളിപ്പോള്‍ ഇടംപിടിച്ചിട്ടുണ്ടാകുമെന്നും, എന്നെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയില്‍ അയാള്‍ ഇനിയും അവിടെ വരുമെന്നും. അത് തന്നെയാണല്ലോ ഞാനും ആഗ്രഹിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...