ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  മണികണ്ഠന്‍ അണക്കത്തില്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


വിരലുകള്‍ തൊടുന്നിടത്തെ അക്ഷരങ്ങള്‍ പെറുക്കിയെടുത്തൊരു കഥയെഴുതണം. ആ കഥയില്‍ ഞാനും കഥാപാത്രമാകണമെന്നു മനസ്സില്‍ ഒരു മന്ത്രണം. തുടരാമെന്ന് അറിയാതെതന്നെ സമ്മതം മൂളുമ്പോള്‍ കഥപോകുന്ന വഴിയോര്‍ത്ത് ഉത്കണ്ഠ നിറയുകയാണ്. വായനക്കാരി കഥയെ നിഷ്‌ക്കരുണം ചവിട്ടിയരച്ചു കടന്നുപോകുന്ന കാഴ്ച ഇപ്പോഴേ കാണാനാകുന്നുണ്ട്. വേര്‍പെട്ടുപോയൊരുടലിന്റെ അന്ത്യനിമിഷത്തില്‍ ഉയിരോടുരചെയ്ത മരണമൊഴിയോര്‍ത്ത് അകുലപ്പെടുന്ന പെണ്ണുടലിന്റെ നിലയ്ക്കാത്ത കരച്ചില്‍ പശ്ചാത്തലത്തില്‍ ഉയരുന്നുണ്ട്. 

എവിടെ തുടങ്ങണമെന്ന് ഇതുവരെ ആരും നിര്‍ദ്ദേശിച്ചിട്ടില്ലാത്തതിനാല്‍, പുതിയതായി ചാര്‍ജ്ജെടുത്ത അന്വേഷണോദ്യോഗസ്ഥന്‍ വിരലുകളില്‍നിന്നു പേനയെടുത്ത് പോക്കറ്റിലേയ്ക്കു തിരികെവെയ്ക്കുന്നു.

കാല്‍കഴുകി സന്ധ്യാനമസ്‌ക്കാരത്തിനു തുനിയുന്ന മുത്തശ്ശിയെക്കണ്ട് ഇളംതലമുറ പരിഹസിച്ചു ചിരിക്കുമ്പോള്‍, കളങ്കമറ്റ ഹൃദയത്തില്‍നിന്ന് 'രാമരാമാ' എന്ന മന്ത്രങ്ങളുയരുന്നത് പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന മുത്തശ്ശിയുടെ വീഡിയോയില്‍, ലൈക്കു കൂട്ടുമെന്ന് അവരിലൊരാള്‍. വേര്‍പെട്ടുപോയ ഉടലിന്റെ അവകാശിയാണു താനെന്ന ധാര്‍ഷ്ട്യം അസ്തമിച്ചതോര്‍ത്ത് തൂണുചാരിയിരിക്കുന്ന മരത്തടിയ്ക്ക് അച്ഛനെന്ന വിളിപ്പേരുമാത്രം ബാക്കിയുണ്ടെന്നത് സത്യമാണോയെന്ന് സംശയാസ്പദമായി ചിന്തിക്കുന്ന ഉദ്യോഗസ്ഥന്‍, വെളുത്തപേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച്, അയാള്‍ക്കു നേരേ നീട്ടി.

'വായിച്ചു നോക്കി ഒപ്പിട്ടോളൂ' എന്ന് ഉദ്യോഗസ്ഥന്‍ പറയുമ്പോഴും, അയാളതു വായിക്കാതെ ഒപ്പിട്ടുതരുമെന്ന കണക്കുകൂട്ടല്‍ ശരിയാകുമോ എന്നോര്‍ക്കുകയായിരിക്കണം. അയാളുടെ ചുണ്ടില്‍ വിരിയുന്ന ഗൂഢസ്മിതം അങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു. 

'ആരാണാദ്യം കണ്ടത്?'

നഴ്‌സറിയില്‍ തരംതിരിച്ചുവെച്ച വ്യത്യസ്തമായ ചൂച്ചട്ടികള്‍പോലെ, മരണവീടിന്റെ പലഭാഗങ്ങളില്‍ ഒതുങ്ങിക്കൂടിയവരില്‍ ആരോ ഒരാള്‍ ചോദിച്ചു. എന്തോ അപരാധംചെയ്തതുപോലെ അയാളെ മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കി. 

അയാള്‍ മുമ്പ് മരണവീടുകളില്‍ പോയിട്ടുണ്ടായിരുന്നില്ല. അവിടെ പോയാല്‍ എന്തുചെയ്യണമെന്നോ, എങ്ങനെ പെരുമാറണമെന്നോ അയാള്‍ക്കു നിശ്ചയമില്ല. മുമ്പൊരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത വ്യക്തിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഔചിത്യമില്ലായ്മ അയാളെ പലപ്പോഴും അകറ്റിനിര്‍ത്തി.

'നിങ്ങളതൊന്നും കാര്യമാക്കണ്ട. ഇവിടെ ആരെങ്കിലും മരിച്ചാലും വല്ലവരും വരണമെങ്കിലേ, നമ്മളും പോകണം.'

ഞാന്‍ മരിച്ചാല്‍, ശവം മെഡിക്കല്‍കോളേജിലേയ്ക്കാണെന്നു വര്‍ഷങ്ങള്‍ക്കുമുമ്പേ എഴുതിക്കൊടുത്തത് അയാളോര്‍ത്തു. 

'അവകാശികളില്ലേ? ഇത്രനേരത്തെ എന്തിനാണെഴുതിവെയ്ക്കുന്നത്?'

മെഡിക്കല്‍കോളേജിലെ അനാട്ടമിവിഭാഗത്തിന്റെ ചില്ലുജാലകത്തിലൂടെ, ചുരുണ്ടമുടിയുള്ള യുവതിയുടെ പുഞ്ചിരിയൂറുന്ന നോട്ടവും വാക്കുകളും മനസ്സിലേയ്‌ക്കോടിയെത്തി.

'അവകാശികളില്ല. ഉള്ളവര്‍ മൈനറാണ്. മറ്റാരും ചോദിച്ചുവരാനില്ല.'

യുവതി വീണ്ടും മൃദുസ്മിതം തൂകി ഒരു ഫോം എന്റെ നേര്‍ക്കു നീട്ടി.

'അവിടെയിരുന്ന് ഇതു ഫില്‍ചെയ്തു തന്നോളൂ.'

ഫോം കൈയില്‍ വാങ്ങിയപ്പോള്‍ താനായിരുന്നു മന്ദസ്മിതം പൊഴിച്ചതെന്നോര്‍മ്മ വന്നു. 

'നിങ്ങളെന്താ തനിയെ ചിരിക്കുന്നത്?'

അവളുടെ ശബ്ദം വീണ്ടും കാതില്‍ മുഴങ്ങിയതുപോലെ. തൂണിലേയ്ക്കു തലചായ്ചുകൊണ്ടുതന്നെ താന്‍ അവളുടെ പൊതിഞ്ഞുകെട്ടിയ ശരീരത്തിലേയ്ക്കു നോക്കി. ഇല്ല, അവള്‍ക്കൊന്നും പറയുവാനാകില്ല.

അവളുടെ അധരങ്ങളും മുഖമാകെയും വെള്ളത്തുണികൊണ്ടു വരിഞ്ഞു മുറുക്കുന്നത് അയാള്‍ കണ്ടതാണ്. അവളുടെ ശ്വാസം നിലച്ചതുപോലെ, ശബ്ദവും നിലച്ചിരിക്കുന്നു. 

'ഞാനില്ലാണ്ടാവുമ്പൊ കാണാം, ആരാ നിങ്ങളെ നോക്കുന്നതെന്ന്. അപ്പൊ പഠിക്കും; അപ്പൊഴേ നിങ്ങള്‍ പഠിക്കൂ. നിങ്ങക്ക് പെണ്ണിന്റെ വിലയറിയാത്തോണ്ടാ.'

ശരിയാണ്. അവളനക്കം നിലച്ചുപോയിട്ട് ഒരുദിവസംപോലും തികയുംമുമ്പേ ഒറ്റപ്പെടലിന്റെ വേദന എന്താണെന്നു താനറിയുന്നുണ്ട്.

'നമ്മള്‍ പെണ്ണുങ്ങള് കൊള്ളരുതാത്തോണ്ടാണ് അവമ്മാര് നമ്മളെയിട്ടു കറക്കുന്നത്. നമ്മളൊറ്റക്കെട്ടായി നിന്നാല്‍, പിന്നെ ഒന്നും ഭയക്കേണ്ടതില്ല. നമ്മളാരെയാണു ഭയക്കുന്നത്? എന്തിന്? ആരാണവരെ നമ്മളെക്കാള്‍ കേമന്മാരാക്കിയത്? ആരാണു നമ്മളെ രണ്ടാംസ്ഥാനത്താക്കിയത്? എന്തുകൊണ്ട്? ചിന്തിക്കണം നമ്മള്‍. എന്നുമിങ്ങനെ അവനു വെച്ചുവിളമ്പി, അവന്റെയിഷ്ടത്തിനനുസരിച്ചുമാത്രം ജീവിച്ചുതീര്‍ക്കാനുള്ളതല്ല നമ്മള്‍ സ്ത്രീസമൂഹം. ഉറച്ച മനസ്സും ഇളകാത്ത കാല്‍വെപ്പുകളുമാകണം ഇനിയങ്ങോട്ട്. അടുക്കള ഭരിക്കാന്‍മാത്രമല്ല, അരങ്ങു ഭരിക്കുവാനും നമുക്കു കഴിയുമെന്ന് തെളിയിച്ചുകൊടുക്കണം. നേരത്തെ അതു തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഈ നാടു വിറച്ചിട്ടുമുണ്ട്. പിന്നീടാരെങ്കിലുമുണ്ടായോ, അവര്‍ക്കു പിന്‍ന്‍ഗാമിയായി? ഉണ്ടായില്ല, എന്നാല്‍ ഇനിയുണ്ടായേ തീരൂ.'

ഇപ്പോഴും മുഴങ്ങുന്നുണ്ട് ഉച്ചഭാഷിണിയിലൂടെ അവള്‍ പറഞ്ഞ വാക്കുകള്‍. 'തന്റേടക്കാരി', 'ആണിനെ പേടിയില്ലാത്തവള്‍', 'അവനെ കൊള്ളൂലാണ്ട്ണ്', അല്ലെങ്കിലും അവനൊരു കെഴങ്ങനല്ലേ' എന്നു പലവിധ അഭിപ്രായങ്ങള്‍ അയാള്‍ കേള്‍ക്കേയും അവ്യക്തമായും ചിലര്‍ കുശുകുശുത്തു. 

അവളെ സ്‌നേഹിച്ചുപോയത് അത്രവലിയ അപരാധമാണോ? തന്നോടൊപ്പം അതേ പരിഗണന ജീവിതത്തില്‍ അവള്‍ക്കുകൂടി നല്കിയത് ഇത്രവലിയ അപരാധമാണോ? അവളില്ലാത്ത, സ്ത്രീയില്ലാത്ത ഏതെങ്കിലും വീടുകള്‍ ഭദ്രമായി മുമ്പോട്ടു പോകുന്നുണ്ടോ? അവളുടെ കണ്ണെത്താത്ത ഏതെങ്കിലും മുക്കുംമൂലയുമുണ്ടോ? ചിന്നിച്ചിതറേണ്ട എത്രയോ കുടുംബങ്ങളെ അവളൊരുത്തി കെട്ടുറപ്പോടെ നിലനിര്‍ത്തുന്നു! ഞാനല്ല, അവളാണു മുന്നില്‍ നടക്കേണ്ടത്. 'പെണ്‍കോന്തനെ'ന്നു വിളിക്കുന്നവരോട് തനിക്കൊന്നും പറയുവാനില്ലെന്ന് അയാള്‍.

'മതി. വന്നു ജീപ്പില്‍ കയറൂ.'

ഉദ്യോഗസ്ഥരിലൊരാളുടെ കനത്ത ശബ്ദം. അകത്ത് മുത്തശ്ശിയുടെ രാമായണപാരായണം തുടരുന്നുണ്ട്. മൊബൈല്‍ ക്യാമറ ഓണാക്കി ചിലരവിടെ തയ്യാറെടുത്തു. 

അയാള്‍ ഒരിയ്ക്കല്‍ക്കൂടി അവളെ നോക്കി. അവളുറങ്ങുകയാണ്. ഇവിടെ അവളും താനും തോറ്റവരാണെങ്കിലും നാളെ, ആ വരിഞ്ഞുകെട്ടിയ തുണികള്‍ വലിച്ചെറിഞ്ഞ്, അവള്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. അയാളുടെ കാല്‍വെപ്പുകള്‍ക്ക് ബൂട്ടണിഞ്ഞ കാല്‍പ്പാദങ്ങളേക്കാളേറെ ഒച്ചയുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...