Asianet News MalayalamAsianet News Malayalam

ബൈത്ത് ഹയാ, മുഹമ്മദ് അലി മാങ്കടവ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. മുഹമ്മദ് അലി മാങ്കടവ് എഴുതിയ ചെറുകഥ

chilla malayalam  short story by Muhammad Ali Mankadavu
Author
First Published Jun 21, 2023, 5:40 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 


ക്വീന്‍ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോളും തന്റെ സീറ്റിലിരുന്നു മര്‍വാന്‍  മൊബൈല്‍ ഫോണില്‍ അവളുടെ ചിത്രം നോക്കിയിരുന്നു.   വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി,   'ബുള്ളറ്റ്' എന്ന വിളിപ്പേരുള്ള കിളവന്റെ പ്യൂഷോ ടാക്‌സിയില്‍ കയറിയിരുന്നപ്പോളും ആലോചിച്ചുകൊണ്ടിരുന്നത് അവളെ നേരില്‍ കാണുന്നതും ബന്ധം പറഞ്ഞുറപ്പിക്കുന്നതുമാണ്.  

കിളവന്റെ കാറോടിക്കല്‍ പറഞ്ഞു കേട്ടതിനേക്കാള്‍ കെങ്കേമമാണെന്ന് മര്‍വാന്‍  അനുഭവിച്ചറിഞ്ഞു.  ഈ പ്രായത്തിലും ഇയാള്‍ക്ക് എന്തൊരു വേഗതയാണ്.  സ്റ്റിയറിങ് വീലിന് പിറകില്‍ അബു ആദിലിന്റെ മെയ് വഴക്കം അതിശയിപ്പിക്കുന്നത് തന്നെ!  ഈ കേമത്തരം കൊണ്ടാണ് അയാള്‍ക്ക് ബുള്ളറ്റ് എന്ന പേര് വീണതെന്ന് അബ്ദുല്‍ ഖഫ്ഫാറാണ് ഒരിക്കല്‍ പറഞ്ഞു തന്നത്.

പകുതി തുറന്നിട്ട ജനാലച്ചില്ലുകള്‍ക്കിടയില്‍  മഴയിരമ്പം പോലെ വീശിയടിക്കുന്ന കാറ്റിനിടയിലൂടെ മര്‍വാന്‍ ഇരുഭാഗത്തുമുള്ള കാഴ്ചകള്‍ ആദ്യമായി കാണുന്ന കൗതുകത്തോടെ നോക്കിയിരുന്നു.  ചെറിയ തണുപ്പിനെ കാറ്റ് ശക്തിപ്പെടുത്തിയപ്പോള്‍ കറുത്ത ഫ്രെയിമിനിടയിലൂടെ ഇടിച്ചുകയറി കണ്ണില്‍ ജലം പടര്‍ന്നപ്പോള്‍ മര്‍വാന്‍ ജനാലകളടച്ചു.  യാത്രക്കാരന്റെ അഭീഷ്ടം മനസ്സിലാക്കി അബു ആദില്‍ എയര്‍ കണ്ടീഷണര്‍  പ്രവര്‍ത്തിപ്പിച്ചു,  ഒപ്പം ലബനീസ് ഗായകന്‍ വാഎല്‍ കുഫ്രിയുടെ ഹിറ്റ് ഗാനം 'അജ്മല്‍ അഗാനി' യും.   ബുള്ളറ്റിനെ പോലെ തന്നെ പ്രായം ചെന്ന സ്റ്റീരിയോയിലൂടെ ഗാനം മനോഹരമായി കാറിനുള്ളിലൊഴുകി.  സംഗീതശീതളിമയില്‍ യാത്രാക്ഷീണത്തില്‍ മര്‍വാന്‍ അറിയാതെ അര്‍ദ്ധമയക്കത്തിലേക്ക് വഴുതി.  ചെറിയൊരു സ്വപ്നത്തിലും അവള്‍ എത്തി നോക്കി. 
  
അബു ആദില്‍ തട്ടി വിളിച്ചപ്പോളാണ് ഇടയ്ക്കിടെ കണ്ടുകൊണ്ടിരുന്ന പിനേഷ്യ മരങ്ങളും ഈന്തപ്പനകളും ഒലീവ് മരങ്ങളും കാഴ്ചയില്‍ നിന്നും മറഞ്ഞ്  വിജനമരുഭൂമിയും പിന്നിട്ട് അതിര്‍ത്തിയില്‍ എത്തിയതറിയുന്നത്.   

കിംഗ് ഹുസൈന്‍ പാലത്തിന് കുറുകെയുള്ള അതിര്‍ത്തി കടക്കാന്‍ ചെറുതല്ലാത്ത തിരക്കുണ്ട്.  ഇതിന് മാത്രം ഒരു മാറ്റവുമില്ലല്ലോ എന്ന് മര്‍വാന്‍ കിളവനോട് പറഞ്ഞു.   

തന്റെ പഴയ വാഹനത്തിന് പുറമെയുള്ള പെയിന്റ് അവിടിവിടെ ഇളകി അകനിറം കാട്ടിയത് പോലെ, എന്തോ ചര്‍മ്മരോഗം നിമിത്തം തൊലിയടര്‍ന്ന് ചുളിവുകള്‍ വീണ മുഖമാണ് അയാളുടേത്. നെറ്റിത്തടത്തില്‍ നാലുവരിപ്പാത വരുത്തി ഗുംബാസ് ധരിച്ച ചുമലുകള്‍ കുലുക്കി  അയാള്‍ പറഞ്ഞു.

'തന്തയില്ലാത്തവന്മാര്‍, ഒരുകാലത്തും ഗുണം പിടിക്കുകേല.'

അത് പറയുമ്പോള്‍  അയാളുടെ തല മൂടിയ കുഫിയ്യ നന്നായി ഉലഞ്ഞു.   

തങ്ങളുടെ ഊഴമെത്താന്‍ ഇനിയും  രണ്ടു വാഹനങ്ങളുടെയും അതിനകത്തെ യാത്രക്കാരുടെയും വിശദമായ പരിശോധന കഴിയണം.  മുന്‍വശത്തെ വിന്‍ഡ് ഷീല്‍ഡിനിടയിലൂടെ മര്‍വാന്‍ അവിടുത്തെ രംഗങ്ങള്‍ നോക്കി.  

വളരെ ഉയരത്തില്‍ കെട്ടിയ മതില്‍. അതിനും മുകളില്‍ നീളത്തില്‍ ഗോളാകൃതിയില്‍ അനേകം കമ്പി വേലികള്‍.  ഒരു മനുഷ്യജീവിക്കും സാധാരണ നിലയില്‍ അത് ചാടിക്കടക്കാന്‍ സാധിക്കില്ലെന്നുറപ്പ് വരുത്തിയ അതിസുരക്ഷാ മതില്‍. മതിലിന് കീഴെയുള്ള  തറയില്‍ മതിലിനോട് മുഖം ചേര്‍ത്ത് ഇരു കൈകളും പൊക്കിക്കൊണ്ട് കുറ്റവാളികളെ നിര്‍ത്തിയിരിക്കുന്നത് പോലെ ചിലരെ നിശ്ചിത അകലത്തില്‍ നിര്‍ത്തിയിട്ടുണ്ട്.  അവര്‍ തിരിഞ്ഞു നോക്കാന്‍ പോലും പാടില്ല.  തോക്കേന്തിയ പട്ടാളക്കാര്‍  അവരെ കണ്ണിമ ചിമ്മാതെയെന്നോണം വീക്ഷിച്ചു കൊണ്ടിരിക്കുന്നു. രക്തം തിളച്ചു മറിയാന്‍ തുടങ്ങിയപ്പോള്‍ മര്‍വാന്‍ ഇരുഭാഗത്തേയും അണപ്പല്ലുകള്‍ കൂട്ടിമുട്ടിച്ചു, ഷൂസിട്ട തന്റെ കാലുകള്‍ കാറിനകത്തെ പഴയ കാര്‍പ്പറ്റില്‍ അമര്‍ത്തിച്ചവുട്ടി.

ക്ഷമകെടുത്തിയ ഒരുമണിക്കൂര്‍ നേരം. സ്വന്തം രാജ്യത്തേക്ക് കടക്കാന്‍ മറ്റൊരു രാജ്യക്കാരുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥ. പട്ടാളക്കാരുടെ  തോക്കിന്‍ കുഴലില്‍ നിന്നുള്ള  അനുകമ്പക്കായി കൈകളുയര്‍ത്തി നില്‍ക്കുന്ന നാട്ടുകാര്‍. അല്‍പ്പം ആശ്വാസത്തിനായി മര്‍വാന്‍ തന്റെ മൊബൈല്‍ ഫോണിലേക്ക് വീണ്ടും നോക്കി.  

വീടിനടുത്തെത്താറായപ്പോള്‍ 'ബുള്ളറ്റിന്' വേഗത നന്നേ കുറഞ്ഞു.   ഗ്രാമത്തിലെ തെരുവുകള്‍ കൊയ്ത്തുത്സവത്തിന് തയ്യാറെടുക്കുകയാണ്.  വിളഞ്ഞു നില്‍ക്കുന്ന ഒലീവ് കായ്കള്‍ പുഷ്പിണികളായ പെണ്‍കുട്ടികള്‍  മംഗല്യവതികളായി മാറുന്നത് പോലെ അടുത്ത ദിവസം മരച്ചില്ലകളില്‍ നിന്നും വേര്‍പെടുത്തപ്പെടും. അല്‍മതീനാ, അല്‍ഖാദ മലനിരകള്‍ കൊയ്ത്തുത്സവത്തിനായി അണിഞ്ഞൊരുങ്ങിയിരുന്നു. 

തന്നെക്കാള്‍ ഉയരം കുറഞ്ഞ ഉമ്മയെ മാറോടണച്ച് ആലിംഗനം ചെയ്യാന്‍ കുനിഞ്ഞു നിന്നു സോബ് ധരിച്ച കരവലയത്തിലലിയുമ്പോള്‍ മര്‍വാന്‍ കൈക്കുഞ്ഞായി മാറി.  നെറ്റിയിലും കവിള്‍ത്തടങ്ങളിലും ബനാര്‍ ഉമ്മുമര്‍വാന്‍ മകനെ തുരുതുരെ ഉമ്മവെക്കുമ്പോള്‍ എന്തൊക്കെയോ പുലമ്പി.  മര്‍വാന്റെ നെറ്റിയും കുപ്പായവും  ഉപ്പുനീര്‍ ഇറ്റിവീണു നനഞ്ഞു പടര്‍ന്നു. ഉമ്മയുടെ സ്‌നേഹം ഭക്ഷണപ്പാത്രങ്ങളിലൂടെയും ആസ്വദിച്ചു അയാള്‍ കട്ടിലിലേക്ക് ചാഞ്ഞു.  

വൈകിട്ട് ഉറക്കം ഞെട്ടിയപ്പോള്‍ ജനാലച്ചില്ലുകളിലേക്ക് മഴത്തുള്ളികള്‍ സ്‌നേഹപൂര്‍വ്വം തലോടുന്നു.  ഒലിച്ചിറങ്ങുന്ന ജലകണികകള്‍ക്കിടയിലൂടെ കുറച്ചകലെ അല്‍ഖാദ മലനിരകളിലെ കായ്ച്ചുനിന്ന ഒലീവ് മരങ്ങള്‍ മര്‍വാനെ മാടിവിളിച്ചു. ഒരു നാട്ടുത്സവത്തിന് കൊടിയേറ്റം നടത്താനെന്ന പോലെ ജനങ്ങള്‍ തെരുവിലേക്കിറങ്ങി.  വായ്ക്കുരവയിട്ടും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തും അവര്‍  പുതുമഴയെ വരവേറ്റു.   ശരീരശുദ്ധിവരുത്തി മര്‍വാനും തെരുവിലേക്കിറങ്ങി. 'യാ അബു മുഹമ്മദ്' എന്ന് ബഹുമാനപുരസ്സരം വിളിച്ചു ആ വയോധികന്റെ കൂടെ കൂടി അയാളും ആള്‍ക്കൂട്ടത്തിലൊരാളായി മാറി. 

എണ്ണക്കുരുക്കള്‍ മുഴുവന്‍ കൊയ്തെടുത്ത് വൃത്തിയാക്കി സംസ്‌ക്കരണം നടക്കാന്‍ പോകുന്ന ഇനിയങ്ങോട്ടുള്ള പത്ത് ദിവസങ്ങള്‍ നാടൊട്ടുക്കും വലിയ തിരക്കിലാണ്. അവരവരുടെ അവകാശങ്ങള്‍ ടിന്നുകളിലാക്കി, മറ്റുള്ള  അവകാശികള്‍ ജീവിക്കുന്ന നാട്ടിലേക്ക് അവരുടെ വിഹിതം എത്തിക്കേണ്ട തിരക്ക് വേറെ.   

അടുക്കളയിലെ അടുപ്പിനരുകിലായി   കറുത്ത വലിയ അലുമിനിയം വീപ്പയില്‍ നിന്നും ഒലിവെണ്ണ കോരിയൊഴിച്ച് ഭക്ഷണം പാകം ചെയ്യുമ്പോള്‍ അടുത്തുവന്നു നിന്ന മര്‍വാനോട് ബനാര്‍ ഉമ്മുമര്‍വാന്‍ പറഞ്ഞു. 'നാളെ ഈ തിരക്കുകളെല്ലാം തീരും.  മറ്റന്നാള്‍ നമുക്കവളെ പോയി കാണണം. നിന്റെ നാല്‍പ്പത് ദിവസത്തെ അവധി ദിവസങ്ങള്‍ തീരുന്നതിന് മുന്‍പ് എല്ലാം പറഞ്ഞുറപ്പിച്ചു അടുത്ത വര്‍ഷം എയ്താറിനെ നികാഹ് ചെയ്തു ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണം.'
   
എയ്താറിനെ കുറിച്ച് മര്‍വാന്‍ ആ സമയവും ചിന്തിക്കുകയായിരുന്നു. നാട്ടിലെത്തിയിട്ട് ഒരു തവണ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ നാണിച്ച് പോയെന്ന് തോന്നുന്നു.  ഫോണ്‍ വേഗം ഉമ്മാക്ക് കൈമാറിയതിനാല്‍ അവളോട് മനസ്സുതുറന്നു സംസാരിക്കാന്‍ സാധിച്ചതേയില്ല. ആ രാത്രി കിടന്നിട്ട് മര്‍വാന് ഉറങ്ങാന്‍ സാധിച്ചില്ല. എന്തൊക്കെയോ അവ്യക്തമായ സ്വപ്നങ്ങള്‍.  അല്‍പ്പം വ്യക്തത വരുമ്പോളേക്കും അവയെല്ലാം അപൂര്‍ണ്ണതയില്‍ മാഞ്ഞുപോയി. 

പരിശുദ്ധ ഖുദ്‌സിനെ ലക്ഷ്യമാക്കി മര്‍വാന്‍  ഉമ്മയെ  പിറകിലിരുത്തി കാറോടിച്ചു. പകുതിദൂരം പിന്നിട്ടപ്പോളാണ് നിരത്തിവെച്ച ബാരിക്കേഡുകള്‍ കണ്ട് കാര്‍ നിര്‍ത്തിയത്. വാതിലിനടുത്ത് വന്നു മുട്ടി വിളിച്ച തോക്കുധാരികളായ പട്ടാളക്കാര്‍ കാറിന്റെ രേഖകള്‍ പരിശോധിച്ചു.  ഓസ്ലോ കരാര്‍ പ്രകാരം സൈ്വര്യവിഹാരങ്ങള്‍ക്കനുവദിച്ച ഹനാന്‍ പ്രവിശ്യയിലും അവര്‍ എല്ലാം കാറ്റില്‍പറത്തി കടന്നുകയറി വന്നിരിക്കുന്നു.  മര്‍വാന്‍ പല്ലുകടിച്ചു. പിറകില്‍ ബനാര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. 

'ഇങ്ങോട്ടിറങ്ങി നില്‍ക്ക്.'
 
സൈനികന്‍ കൈകൊണ്ട് മര്‍വാനോട് ആജ്ഞാപിച്ചു.പിറകിലേക്ക് നോക്കി ഉമ്മു മര്‍വാനോടും കാറില്‍ നിന്നിറങ്ങാന്‍ പട്ടാളക്കാരന്‍ ആംഗ്യം കാട്ടി. മൂന്നാമതൊരു പട്ടാളക്കാരന്‍ ലക്ഷണമൊത്തൊരു നായയുടെ ചങ്ങലയും പിടിച്ചു കാറിനടുത്തേക്ക് വന്നു.  ശേഷം ഡ്രൈവിങ് സീറ്റുള്‍പ്പെടെ കാറിനകം മുഴുവന്‍ മണപ്പിച്ചു. ഡിക്ക് തുറന്നു പിറകിലും അതിനെ കൊണ്ട് മണം പിടിപ്പിച്ചു.   പട്ടാളക്കാര്‍ക്ക് തോന്നിയ സമയം മുഴുവനുമെടുത്തു പതുക്കെ തീര്‍ത്ത പരിശോധനക്ക് ശേഷം മര്‍വാനെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് ചോദിച്ചു.

'എവിടെ പോകുന്നു?'

'നിങ്ങളതെന്തിനറിയണം? നിങ്ങളുടെ പരിശോധന കഴിഞ്ഞെങ്കില്‍ പോകാന്‍ അനുവദിക്കൂ'
 
അത്രയെങ്കിലും അവരോട് പ്രതിഷേധിച്ചില്ലെങ്കില്‍ മര്‍വാന് തീരെ മനസ്സമാധാനം കിട്ടില്ലായിരുന്നു.   

'ങ്ഹും .. പൊയ്‌ക്കോ.' 
അവ്യക്തമായ വാക്കുകളില്‍ പട്ടാളസംഘത്തിന്റെ തലവന്റെ ഔദാര്യം ശരീരഭാഷയിലൂടെ മര്‍വാന്‍ വായിച്ചെടുത്തു,  അയാള്‍ കാര്‍ മുന്നോട്ടെടുത്തു.  
 
ഹനാന്‍ അതിര്‍ത്തി അവസാനിക്കുന്നയിടം.  ഒരു കൂട്ടം ജനങ്ങള്‍ വാഹനങ്ങളുടെ ടയറുകളും മറ്റെന്തൊക്കെയോ സാധനങ്ങളും  കൂട്ടിയിട്ടു നിരത്ത് തടസ്സപ്പെടുത്തി പ്രതിഷേധിക്കുന്നു. രക്തസാക്ഷിയുടെ അര്‍ദ്ധകായചിത്രം ഉയര്‍ത്തിപ്പിടിച്ച അവരുടെ കണ്ഠങ്ങളില്‍ നിന്നും  സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യം അവിടമാകെ  മുഴങ്ങി. പ്രതിഷേധക്കാര്‍ നീങ്ങിപ്പോകുമെന്ന പ്രതീക്ഷയില്‍ കുറച്ചു നേരം അവര്‍  കാത്തു നിന്നു.  

ഇനി പെട്ടെന്ന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ നിരത്തിന്റെ ഓരത്തുണ്ടായിരുന്ന ഒരു വയസന്‍ ഒലീവ് മരത്തിന്റെ ചുവട്ടിലേക്ക് മര്‍വാന്‍ കാര്‍ മാറ്റിയിട്ടു,  ഇറങ്ങിച്ചെന്ന് ആവേശത്തോടെ മുദ്രാവാക്യം മുഴക്കുന്ന ചെറുപ്പക്കാരന്റെയടുത്തെത്തി മര്‍വാന്‍ ആവശ്യമറിയിച്ചു.

'ഞങ്ങള്‍ക്ക് ബൈത്ത് ഹയാ വരെ പോകേണ്ടതുണ്ട്.  ഞങ്ങള്‍ക്ക് പോകാനുള്ള വഴി തുറന്നു തരാമോ?'

'പ്രിയസുഹൃത്തേ, ഇന്നിനി അങ്ങോട്ട് പോകാന്‍ യാതൊരു നിര്‍വ്വാഹവുമില്ല.   ഖുദ്സില്‍ അവര്‍ പുതിയ കശപിശക്ക് തുടക്കമിട്ടിട്ടുണ്ട്.  സമാധാനമായി അതവസാനിച്ചുവെങ്കില്‍ നിങ്ങള്‍ക്ക് നാളെ രാവിലെ അങ്ങോട്ട് യാത്ര ചെയ്യാം. നമ്മുടെ ധീര രക്തസാക്ഷി ഇബ്രാഹിം അല്‍ ദാബൂസിന്റെ ഓര്‍മ്മദിനമാണിന്ന്.  അവനെ നിര്‍ദ്ദാക്ഷിണ്യം വെടിവെച്ചു കൊന്ന ഭരണകൂടത്തെ പാഠം പഠിപ്പിച്ചേ ഞങ്ങളടങ്ങൂ. ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട് തിരികെ പിടിക്കണ്ടേ സുഹൃത്തേ.  നിങ്ങള്‍,  ദേ ആ കാണുന്ന ലോഡ്ജില്‍ മുറിയെടുത്തു ഇന്നു രാത്രി സുഖമായി കിടന്നുറങ്ങൂ. ഈ സന്ധ്യാസമയത്ത് ഇനിയിപ്പോ തിരിച്ചു പോക്കും ബുദ്ധിമുട്ടാകും.'

അവര്‍ ഉപദേശിച്ചതില്‍ കാര്യമുണ്ടെന്നതിനാല്‍ മര്‍വാന്‍ അന്നത്തെ രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു. രാത്രി എയ്താറിനെ  ഫോണില്‍  വിളിച്ചു കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി.   രാവിലെ അവളുടെ വീട്ടില്‍ വെച്ചു നേരില്‍ കാണാമെന്ന് ശട്ടം കെട്ടി. 

പ്രാതലിന് വേണ്ടി ലോഡ്ജിനടുത്തുള്ള ബസ്സാം ഹോട്ടലിലെത്തിയപ്പോള്‍ അവിടെ ചായ കുടിക്കാനെത്തിയവര്‍ ഹോട്ടലിനകത്തെ ടെലിവിഷനില്‍ കാര്യമായി എന്തോ വീക്ഷിക്കുന്നതാണ് കണ്ടത്.   നെഞ്ചത്തടിച്ച് നിലവിളിക്കുന്ന അമ്മമാര്‍. മക്കളെ വാരിയെടുത്തു കിട്ടാവുന്ന ആംബുലന്‍സുകളിലേക്കും അടുത്തുള്ള ആശുപത്രികളിലേക്കും ഓടുന്ന പുരുഷന്മാര്‍.  മരിച്ചുകിടക്കുന്ന തങ്ങളുടെ മാതാപിതാക്കളുടെ മയ്യിത്തുകളില്‍ കെട്ടിപ്പിടിച്ചു കരയുന്ന കുട്ടികള്‍. ഇന്നലെ വരെ തങ്ങളോടൊപ്പം കളിച്ചുല്ലസിച്ചു കിടന്നുറങ്ങിയ ബാപ്പ കിടക്കുന്ന കിടപ്പ് കണ്ട ഒരു കൊച്ചുകുട്ടി തേങ്ങിക്കരയുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും നിണം കൊണ്ട് മൂടിയ ശിരസ്സുകളും കൈകാലുകളൊടിഞ്ഞും പിഞ്ചു മൃതശരീരങ്ങള്‍. മനസ്സാകെ അസ്വസ്ഥമാക്കുന്ന കാഴ്ച. മര്‍വാന്‍ വേഗം മുറിയിലേക്ക് തിരിച്ചോടി  ടെലിവിഷന്‍ ഓണ്‍ ചെയ്തു. 

'ഹലോ, ഹലോ , ഹബീബ്ത്തി'-ഫോണില്‍ ആകെ ഭയചകിതനായി മര്‍വാന്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടിട്ടാണ് ബനാര്‍ ഉണര്‍ന്നത്. ഓരോ തവണ വിളിച്ചപ്പോളും ഫോണ്‍ ബെല്ലടിക്കുന്നത് കേള്‍ക്കാം.   ഫോണിന് ഉത്തരം തേടി മര്‍വാന്‍ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. അവളുടെ മാമയുടെയും ബാബയുടെയും ഫോണുകളിലേക്കും വിളിച്ചു നോക്കി.  

ആക്രമണത്തിന്  മൂര്‍ച്ച കൂട്ടുമെന്ന ഭരണകൂടത്തിന്റെയും തിരിച്ചടിക്കുമെന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ശപഥങ്ങള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷയോടെ മര്‍വാന്‍ ഫോണില്‍ എയ്താറിന്റെ നമ്പര്‍ വീണ്ടുംവീണ്ടും അമര്‍ത്തിക്കൊണ്ടിരുന്നു. 
                     

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios