Asianet News MalayalamAsianet News Malayalam

Malayalam Short Story| സുബര്‍ക്കം, മുഹമ്മദ് ഫൈസല്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മുഹമ്മദ് ഫൈസല്‍ എഴുതിയ ചെറുകഥ 

chilla malayalam short story by Muhammad Faizal V
Author
Thiruvananthapuram, First Published Nov 22, 2021, 6:59 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Muhammad Faizal V

 

ഞങ്ങള് ഒരു പട വിരുന്നു വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ തന്നെ ഉമ്മാമ കോഴിക്കൂട്ടിലെ പൂവന്‍ കോഴിയെ പിടിച്ച് കാല് കെട്ടി വെച്ചിട്ടുണ്ടായിരുന്നു.

ഇജ്ജ് മോന്തിക്കൊന്ന് കുടീലൊന്ന് വന്നിട്ട് ഇതിനെ ഒന്ന് അറത്ത് തരീട്ടൊ... പള്ളീല്‍ ഓതാന്‍ പോണ മൊയ്‌ല്യാരുട്ടിനോട് ഉമ്മാമ പറഞ്ഞേല്‍പ്പിച്ചു.

അതെന്തിനാ ഉമ്മാമ ഓല്. ഞമ്മക്കങ്ങണ്ട് അര്‍ത്താ പോരെ. കോലായില്‍ ചൊറീം കുത്തിയിരിക്കുന്ന എന്റെ ആണ് ചോദ്യം.

ഇന്റെ പൂവന് സുബര്‍ക്കത്തീ പോണേല്‍ ഇല്‍മുള്ള ഓനെക്കൊണ്ടന്നെ അര്‍പ്പിക്കണം. തോന്നുമ്പോ സല്ലി ള്ള അന്നെ ക്കൊണ്ടൊന്നും അയിനെ  ഞാനര്‍പ്പിക്കൂല-ഉമ്മാമ്മ പറഞ്ഞു. 

ഓ... അയിക്കോട്ടെ.

പള്ളിയില്‍ ഒരു കുത്തുബൈത്ത് ഉണ്ടായിരുന്നു.ബാക്കിയുള്ള ആണ്‍തരികളെല്ലാം അതിന് പോയപ്പോള്‍ ഞാന്‍ മാത്രം മടി പിടിച്ചിരുന്നു. അതിന്റെ ദേഷ്യമാണത്.

പതിവില്‍ കൂടുതല്‍ തീറ്റ കിട്ടിയതെന്തിനെന്നറിയാതെ പൂവന്‍ മാത്രം തല ചെരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു.

അകത്ത് കുശുമ്പും പരദൂഷണവും പരത്തുന്നതിനിടയിലൂടെ എണ്ണിയാല്‍ ഒടുങ്ങാത്ത പത്തിരികളും പരത്തപ്പെട്ടു. നാടന്‍ വെളിച്ചെണ്ണയില്‍ അനേകം പൂവടകളും പൊരിഞ്ഞ് കയറി.

മോന്തി ആയി. ബാങ്ക് കൊടുത്തു. നിസ്‌കാരം കഴിഞ്ഞ് മൊയ്‌ലാരുട്ടിയും വന്നു.

ന്നാ അറക്കല്ലെ, കോയീനെ കൊണ്ടരീം...-മൂപ്പര് പറഞ്ഞു.

കാലുമ്മേ പിടിച്ചാന്‍ ഒരാള് വേണട്ടോളീ- ഫുള്‍ കൈയ്യ് ഷര്‍ട്ട് മേലെക്ക് കയറ്റി ഉസ്താദ് റെഡി ആയി.

ഞാന്‍ വരാ ഉസ്താദെ.

കോലായില് ബാലരമ വായിച്ചിരിക്കണ കുഞ്ഞോന്‍ ചാടി എണീറ്റു. 

മുണ്ടാണ്ടിരുന്നോ ഹമുക്കേ, ചൊകര കണ്ടാ പേടിച്ച് ണ ഇജാണോ കോയീനെ പിടിച്ചണത്..?

എഴുന്നേറ്റ അവന്‍ അതേ വേഗത്തില്‍ കസേരയിലിരുന്നു.

ഡാ... ഇജൊ ന്ന് പിടിച്ച് കൊടുത്താ.

എന്റെടു ത്താണ് ആജ്ഞ.

ആയിക്കോട്ടെ. ഞമ്മള് പിടിച്ച് കൊടുത്താല്‍ കോഴി നരകത്തില്‍ പോവുലല്ലോ ലേ.

എന്താണ്ടാ പിറുപിറുക്കണത്.

ഏയ് ഒന്നുല്ല.

കോഴിന്റെ രണ്ട് കാലും ഞാന്‍ കൂട്ടിപ്പിടിച്ചു. രണ്ട് രണ്ടര കിലോയോളം വരും. ആ പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളുടെയും അടുക്കള പരിസരം മൊത്തം ചുറ്റുന്നവനല്ലേ. കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു.

ആ കോയീന ഖിബ്‌ലക്ക് തിരിച്ച് പിടിക്കീ-ഉസ്താദിന്റെ ആജ്ഞ.

ബിസ്മില്ല...

ഒരു കോപ്പ വെള്ളത്തിന്റെ പകുതി കോഴീന്റെ വായിലൊഴിച്ച്, കത്തിയെടുത്ത് കഴുത്തില്‍ രണ്ട് വലി.

കോഴി ഒന്നു പിടഞ്ഞു. 

ചോര ചീറ്റിത്തെറിച്ചു.

എറി എറി കോയീനെ എറി.

ങേ! 

അന്തം വിട്ട് നില്‍ക്കുന്ന എന്നോട്  ഉസ്താദ് വിളിച്ച് പറഞ്ഞു.

ആ മരത്തിന്റവടക്ക് ഇട് ബലാലേ-പിന്നില്‍ നിന്ന് ഉമ്മാമാന്റെ കമന്ററി.

നേരെ മുന്നിലുള്ള ചെമ്പക മര ചോട്ടില്‍ക്ക് ഞാന്‍ കോഴിയെ വലിച്ചെറിഞ്ഞു.

അതവിടെ പിടയലോട് പിടയല്‍.

താഴെ വീണ ചെമ്പക പൂക്കളൊക്കെ ചോന്ന കളറായി.

സകറാത്ത്- ഉമ്മാമ പിന്നീന്ന് മന്ത്രിച്ചു.

ഒരു പത്ത് മിനുട്ട് കഴിഞ്ഞിട്ട് നോക്ക്യാമതി. നാടന്‍ കോയി അല്ലെ

സന്തോഷസൂചകമായി ഉമ്മാമ കൊടുത്ത 'നോട്ടും പോക്കറ്റില്‍ ഇട്ട് സലാമും പറഞ്ഞ് മൊയ്‌ലാരുട്ടി പോയി.

അഞ്ച് മിനുട്ട് കഴിഞ്ഞു പത്ത് മിനിട്ട് കഴിഞ്ഞു. നേരത്തെ കേട്ടിരുന്ന പിടച്ചിലും കേള്‍ക്കാനില്ല. കയിഞ്ഞു തോന്നണു.

ഉമ്മാമ പറഞ്ഞു.

അയിനെ എടുത്തിട്ട് വാടാ.

ആ ശരി... ഞാന്‍ ചെമ്പക ചോട്ടിലേക്ക് നടന്നു.

അവിടെ എത്തിയപ്പോളാണ് രസം.

കോഴിനെ കാണാനില്ല!

രക്തം കൊണ്ട് ചുവന്ന കുറച്ച് ചെമ്പകപ്പൂക്കളും അഞ്ചാറ് തൂവലുകളും മാത്രം.

ഉമ്മാമാ, കോയിനെ കാണാനില്ല!

ഞാനൊറ്റ ശ്വാസത്തില്‍ വിളിച്ച് പറഞ്ഞു.

യാ റബ്ബീ.... നേരെ നോക്ക് സൈത്താനെ..

ഇവ്‌ടെ ഒന്നും ഇല്ല.. വന്ന് നോക്കീന്ന്-ഞാന്‍ പറഞ്ഞു.

ഉമ്മാമ വന്നു കുഞ്ഞോന്‍ വന്ന്. വര്‍ത്താനം കേട്ടിട്ട് പത്തിരി പരത്തി കൊണ്ടിരുന്ന പെണ്ണുങ്ങളടക്കം വന്ന്.

പടച്ചോനേ... വല്ല നായിം കൊണ്ടൊയോ ആവോ.

കുഞ്ഞാലിയാക്ക മുന്നൂറുപ്യക്ക് ചോയിച്ച മൊതലാ.

പടച്ചോനെ. കിട്ടിയാ പള്ളിപ്പെട്ടില്‍ പത്തുറുപ്യ ഇടാ പടച്ചോനേ-ഉമ്മാമ നെഞ്ചത്ത് കൈ വച്ച് പ്രാര്‍ത്ഥിച്ചു

ചെമ്പകച്ചോട്ടിലും തൊട്ടടുത്ത കല്ല് വെട്ട് കുഴിയിലും അതിനപ്പുറത്തെ തെങ്ങും തൊടി വരെയും ഞാന്‍ പോയി നോക്കി.

നോ രക്ഷ. അല്ലേലും അറത്തിട്ട കോഴി എവിടക്ക് ഓടാനാണ്.

വല്ല നായയും എടുത്തോണ്ട് പോയിരിക്കും എന്ന അനുമാനത്തില്‍ ഞങ്ങളെത്തി.

അങ്ങനെ എല്ലാരും താടിക്ക് കൈയ്യും കൊടുത്തിരിക്കുമ്പോഴാണ് ചെമ്പക മരത്തിന്റെ അവിടന്ന് ഒരു ചെറിയ കുലുക്കം കേട്ടത്.

മെല്ലെ ഞാന്‍ പോയി നോക്കിയപ്പോള്‍ കണ്ട കാഴ്ച!

ചെമ്പക മരത്തിന്റെ ഏറ്റവും താഴ്ന്ന കൊമ്പിലെ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ നമ്മടെ പൂവന്‍.

ചോര ഒലിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. എന്നാലും നിവര്‍ന്നാണിരുപ്പ്.

കോഴി ഇവടെ ഉണ്ട്. ഞാന്‍ ചെമ്പകം ചെറുതായൊന്ന് കുലുക്കി.

ചോര പോയി തലകറങ്ങി നില്‍ക്കുന്ന പൂവന്‍ കൊറേ ചെമ്പകപ്പൂക്കള്‍ക്കൊപ്പം പുടുക്കോന്ന് താഴെ വീണു.
താഴെ വീണ അവന്‍ നിവര്‍ന്നു നിന്നു.

ഹാ.... കുക്കുട ശ്രേഷ്ഠാ, താങ്കള്‍ ഒരൊന്നാന്തരം പോരാളി തന്നെ. സാമൂതിരിയുടെ കാലത്താണ് താങ്കളുടെ ജനനമെങ്കില്‍ താങ്കളെ മാമാങ്കത്തിലെ ചാവേറാക്കിയേനേ. എന്താണ് സംഭവമെന്നാല്‍, അറിവിന്റെ നിറകുടമായ, സര്‍വ്വോപരി സ്വര്‍ഗത്തിലേക്ക് പറഞ്ഞയക്കുന്ന മൊയ്‌ല്യാരുട്ടി അറത്തപ്പോള്‍ കോഴിന്റെ കഴുത്ത് മുറിഞ്ഞിട്ടില്ല.

കത്തികൊണ്ട് കോഴീന്റെ തൊലി മുറിക്കാനെ അദ്ദേഹത്തിന് സാധിച്ചുള്ളു.

മുറിവേറ്റു അര്‍ദ്ധ പ്രാണനായ കോഴി ജീവനും കൊണ്ട് ചെമ്പക മരത്തിന്റെ കൊമ്പില്‍ അഭയം പ്രാപിച്ചു.
അല്ലേലും അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല. ഇക്കാലഘട്ടത്തില്‍, പഴയ തലമുറയുടെ അറവുകാരെ സങ്കല്‍പിച്ച് ബ്രോയിലര്‍ കോഴി മാത്രം തിന്ന് പരിചയമുള്ള ഞമ്മളോടൊക്കെ ഇത് പറഞ്ഞ ഉമ്മാമനെ പറഞ്ഞാ മതി.

സംഗതി വളളിപുള്ളി വിടാതെ ഞാന്‍ പറഞ്ഞപ്പോ അടുത്ത പ്രശ്‌നം.

കോയിനെ ഇനി ആരറക്കും?

ആണുങ്ങളായി ഞാനും കുഞ്ഞോനും മാത്രം നിലവില്‍.

അത് ചാവുമ്പഴേക്കും അറക്കടാ, ഉമ്മാമ സ്വര്‍ഗമൊക്കെ വിട്ട മട്ടാണ്.

പക്ഷേങ്കില് മ്മ മ്മാ, ഞമ്മള് തോന്നുമ്പോ സല്ലി ആയതോണ്ട് കോഴി സ്വര്‍ഗത്തിലെത്തുമോ...?

പകുതി മൊയ്‌ല്യര് അറുത്തതോണ്ട് പാതി എത്തും. ബാക്കി ഞാനല്ലേ.. അറക്കുന്നത്.

കോഴി ഹിന്ദു ആണെങ്കീ ഒരു രസണ്ടേനി. ഓല്ക്ക് ത്രിശങ്കു സ്വര്‍ഗം എന്നൊരു വകുപ്പുണ്ട്. സ്വര്‍ഗോം അല്ല നര കോം അല്ലേ.

ഞമ്മക്ക് ആകെ രണ്ട് അല്ലേ ഉള്ളു- ഞാന്‍ വെറുതെ ഉമ്മാമനോട് പറഞ്ഞു.

പൊന്നാരം പറയാണ്ട് അറക്കടാ. പത്തിരി ആയി, കൂട്ടാന്‍ ആയില്ലെങ്കില്‍ ഓലൊക്കെ വരുമ്പോഎടങ്ങേറാകും... ഉമ്മാമ അകത്തിക്ക് കയറി പോയി.

കുഞ്ഞോനേ കോഴിന്റെ കാല് പിടിപ്പിച്ചു.

പടച്ചോനേ ഇത്ര നരകിച്ച കോഴിയാ, നീ സ്വര്‍ഗം കൊടുക്കണേ എന്ന് മനസില്‍ വിചാരിച്ചു. 

പിന്നെ, ബിസ്മില്ലാ.

 

............................
     
* തോന്നുമ്പോസല്ലി... ക്രമപരമല്ലാതെ നിസ്‌കരിക്കുന്നതിനെ നാട്ടില്‍ പുറത്ത് പറയുന്ന പേര്
* ഇല്‍മ്... പാണ്ഡിത്യം. അറിവ്
* ഖുതുബൈത്. ഒരു പ്രാര്‍ത്ഥനാ രീതി.
* ഖിബ് ല.. മുസ്ലിംകള്‍ നമസ്‌കരിക്കുന്ന ദിക്ക്
* സകറാത്ത്.. മരണ വേദന
* ബിസ്മില്ല.. അല്ലാഹു വിന്റെ നാമത്തില്‍
 

Follow Us:
Download App:
  • android
  • ios