Asianet News MalayalamAsianet News Malayalam

Malayalam Short Story : അമ്മയുടെ പേര്, നന്ദു കാവാലം എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  നന്ദു കാവാലം എഴുതിയ ചെറുകഥ

chilla malayalam short story by Nandu kavalam
Author
First Published Oct 1, 2022, 4:26 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Nandu kavalam

 

''ഹലോ!''

''ഇതാരാ?''

''ശബ്ദം കേട്ടിട്ട് മനസിലായില്ലേ? ഞാന്‍ നിന്റെ ചേട്ടനാ ജര്‍മനിയില്‍ നിന്നും.''

''ഓ..മറന്നു, ഇതിനു മുന്‍പ് വിളിച്ചത് അച്ഛന്‍ മരിച്ചപ്പോള്‍ ആയിരുന്നല്ലോ!''

''അത് വെറും മൂന്നു വര്‍ഷം മുന്‍പല്ലേ? അപ്പോഴേക്കും മറന്നോ?''

''മറന്നോ എന്ന് ചോദിക്കേണ്ടത...അത് പോട്ടെ എന്താ വിളിച്ചത്?''

''അമ്മയുടെ കാര്യം എന്തായി?''

''വൃദ്ധ സദനത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.''

''എന്ന് പറഞ്ഞു തുടങ്ങിയിട്ട് നാള്‍ കുറെ ആയല്ലോ...നീ തറവാടും പുരയിടവും വച്ച് അനുഭവിക്കുന്നതില്‍ എനിക്ക് വിഷമം ഒന്നും ഇല്ല പക്ഷെ, അമ്മ ജീവിച്ചിരിക്കുമ്പോ തന്നെ എഴുതണ്ടേ?''

''നാലാമത്തെ ജ്വല്ലറി ഉത്ഘാടനം ആണ് അടുത്ത ആഴ്ച. അത് കഴിഞ്ഞു പോരെ? അല്‍പ്പം തിരക്കിലാണ്.''

''ഇവിടെ കാര്യങ്ങള്‍ പഴയത് പോലെ അല്ല. സൂപ്പര്‍ മാര്‍ക്കറ്റ് ഒമ്പത് എണ്ണം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യം ഇല്ല മിക്കതും നഷ്ടത്തിലാണ്.''

''അതിരിക്കട്ടെ എവിടാ കൊണ്ട് വിടുന്നത്?''

''ആരെ?''

''അമ്മയെ ...അല്ലാതാരെ?''

''കോട്ടയത്ത് കന്യാത്രീകളുടെ ഒരു ഹോം ഉണ്ട്. സൗകര്യം  കുറവാ. പക്ഷെ മാസച്ചെലവ് തീരെ ഇല്ല.''

''അമ്മ സുഖവാസത്തിനൊന്നും അല്ലല്ലോ പോകുന്നത്!''

''ശരി.''

''നീയാണോ കൊണ്ട് വിടുന്നത്? അതും ഇതും ഒന്നും എഴുതി കൊടുക്കണ്ട . വിളിച്ചാല്‍ കിട്ടില്ല എന്നൊക്കെ പറഞ്ഞാല്‍ മതി. വിട്ടാല്‍ അപ്പൊ റെസ്‌പോണ്‍സിബിലിറ്റി തീരണം.''

''ഡ്രൈവര്‍ കൊണ്ട് വിടും.''

''ചിലവ് എത്ര വരും?''

''ഒരു രണ്ട് ലക്ഷം ഡോണെഷന്‍ കൊടുക്കണം. നമ്മുടെ നിലയും വിലയും നോക്കണ്ടേ.''

''അത് കൂടുതലാ. തല്‍ക്കാലം നിന്റെ നിലയും വിലയും നോക്കിയാല്‍ മതി. ഞാന്‍ ഒരു 50000 തരാം. വേഗം ഇഷ്ടദാനം എഴുതണം.''

''സാധാരണ ആരും ഇല്ലാത്തവരെ ആണ് അവിടെ അഡ്മിറ്റ് ചെയ്യുന്നത്. ഇതിപ്പോ നമ്മള്‍ ഒക്കെ ഉണ്ടെന്നു അറിയാവുന്നത് കൊണ്ട്. മക്കള്‍ ഉപേക്ഷിച്ച 800 അമ്മമാരെയും അച്ഛന്മാരെയും മാറ്റി നിര്‍ത്തിയാണ് നമ്മുടെ അമ്മയെ അഡ്മിറ്റ് ചെയ്യുന്നത്.''

''എന്തെങ്കിലും അസുഖം വന്നാല്‍...ഇനി മരണം സംഭവിച്ചാല്‍ അവര്‍ നോക്കിക്കോളുമല്ലോ അല്ലെ. ചിലപ്പോള്‍ വിളിച്ചാല്‍ എന്നെ കിട്ടിയെന്നു വരില്ല.''

''ഉടന്‍ അങ്ങിനെ ഒന്നും വരില്ല എന്ന് തോന്നുന്നു.''

''കാനഡയില്‍ നിന്നും പെങ്ങള്  സിസിലി വിളിച്ചിരുന്നു അവള്‍ക്കു കുളം ഉള്ള സ്ഥലം വേണ്ട എന്ന് പറഞ്ഞു.''

''വീട്ടില്‍ തന്നെ ഒരു കുളം ഉണ്ടല്ലോ അതായിരിക്കും.''

''എന്താ? കേട്ടില്ല, മൂത്ത ചേച്ചിയെ അല്പം ബഹുമാനം ഒക്കെ ആവാം.''

''ശരി.''

''എന്നാ അങ്ങിനെയാട്ടെ. വാട്‌സ്ആപ്പ് കാള്‍ കിട്ടിയില്ല. കാശ് കുറെ ആയി. ഒപ്പിടാന്‍ സമയത് അറിയിച്ചാല്‍ എന്റെ ഭാര്യയുടെ അച്ഛന്‍ പവര്‍ ഓഫ് അറ്റോര്‍ണി ആയി വരും. പണം എന്റെ അക്കൗണ്ടില്‍ ഇട്ടാല്‍ മതി.''

''ശരി.''

''അപ്പോ...വച്ചേക്കട്ടെ, ങാ പിന്നെ ചോദിയ്ക്കാന്‍ മറന്നു. അമ്മയുടെ പേരെന്തുവാ? പണ്ടത്തെ ഒരു ഫോട്ടോ  ഉണ്ട്. മരിച്ചെങ്ങാനും പോയാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ്  ഇടാനാ.''

''ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍? നാളെ രാവിലെ അമ്മ ഉണര്‍ന്നിട്ടു ചോദിച്ചിട്ടു മെസേജ് ഇടാം.''

''ന്നാ ശരി...''
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios