Asianet News MalayalamAsianet News Malayalam

Malayalam Short Story : സ്വയംവരം, നീതു വി ആര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നീതു വി ആര്‍  എഴുതിയ ചെറുകഥ

chilla malayalam  short story by Neethu VR
Author
First Published Nov 21, 2023, 5:21 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Neethu VR

 

നിലാവില്‍ മുങ്ങി 'വേദവ്യാസ' ഒരു നവവധു എന്ന പോല്‍ പരിഭ്രമിച്ചു നിന്നു. കൊട്ടാരത്തില്‍ നിന്നുള്ള ആഘോഷത്തിമര്‍പ്പുകള്‍ക്ക് ഇനിയും വിരാമമായിട്ടില്ല.

നിലാവ് പുറത്ത് മരങ്ങള്‍ക്കിടയിലൂടെ കറുത്ത നിറത്തില്‍ ചിത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. ആരെയോ ഒളിച്ചെന്നവണ്ണം കൊട്ടാരത്തിന്റെ പിന്‍ഭാഗത്തുകൂടെ വിചിത്രവേഷധാരിയായ ഒരാള്‍രൂപം നിലാവിന്റെ ചിത്രങ്ങളെ അലങ്കോലമാക്കി ധൃതിയില്‍ നടന്നു പോയി.

കൊട്ടാരത്തില്‍ നിന്ന് വിവിധ തരത്തിലുള്ള നിറമുള്ള വെടിമരുന്നു പ്രയോഗങ്ങള്‍ ആകാശത്ത് ഉയര്‍ന്നും പിന്നെ മാഞ്ഞും കൊണ്ടിരുന്നു, കൊട്ടാരത്തിനകത്ത് അതിപ്രധാനമായ ഒരാള്‍ നഷ്ടപ്പെട്ടന്നതറിയാതെ ആളുകള്‍ ആഘോഷത്തിമര്‍പ്പില്‍ ലയിച്ചുനിന്നു.

ആ ആള്‍ അങ്ങ് ദൂരെ എത്തിയിരുന്നു, ഏതോ സാങ്കല്‍പ്പികലോകത്തിലേയ്‌ക്കെന്ന പോലെ ചുവടുകള്‍ വെച്ച് അയാള്‍ മുന്‍പോട്ടേക്ക് നടന്നു..

അയാളുടെ കണ്ണുകള്‍ എന്തിനെന്നറിയാതെ പെയ്യുന്നുണ്ടായിരുന്നു. ഇരുകൈകള്‍ കൊണ്ടും ഇടയ്ക്കിടെ കണ്ണീര്‍തുടച്ചുകൊണ്ട് കാനനപാതയിലേക്കുള്ള വഴിയിലെത്തി അയാള്‍ തിരിഞ്ഞു നിന്നു, കൊട്ടാരത്തിനെ അവസാനമെന്നോണം കണ്ണോടിച്ചു.

നിലാവെട്ടത്തില്‍ ആ മുഖം അവ്യക്തമായി ആണെങ്കിലും തെളിഞ്ഞു വന്നു.

ഒരു നിമിഷത്തിനു ശേഷം ആ രൂപം വനമധ്യത്തിലെ തടാകം ലക്ഷ്യമാക്കി നടന്നു നീങ്ങി, അത് മറ്റാരുമായിരുന്നില്ല, മഹാരാജാവ് തിരുമനസ്സിന്റെ ഏകപുത്രി. രാജകുമാരി അവന്തിക!


'അവന്തികാ ഈ പട്ടുടയാടകള്‍ അണിയൂ, നിന്റെ കണ്ണുനീരാല്‍ ഇവയെല്ലാം ദഹിച്ചു പോവും.'

'പോവട്ടെ അങ്ങനെയെങ്കിലും ഇതില്‍നിന്നൊരു മോചനം എനിയ്ക്കുണ്ടാവുമല്ലോ.'

അവന്തിക എന്ന ത്രിലോകങ്ങള്‍ വാഴ്ത്തിപ്പാടിയ സൗന്ദര്യത്തിനുടമയായ രാജകുമാരി മാര്‍ബിള്‍ പാകി മിനുക്കിയ നിലത്തേക്ക് കമിഴ്ന്നു കിടന്നു പൊട്ടിക്കരഞ്ഞു.

ഉറ്റതോഴിയായ സൗവര്‍ണിക പരിഭ്രമത്താല്‍ വാതില്‍പ്പടിയിലേക്ക് പാളിനോക്കി, 'കുമാരീ എഴുന്നേല്‍ക്കൂ ആരെങ്കിലും കണ്ടാല്‍..'

അവള്‍ രൂക്ഷമായി തോഴിയെ നോക്കി. 'എന്തിനാണ്... എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എത്ര നാളിങ്ങനെ ഭയന്ന് നാം ജീവിയ്ക്കും? പെണ്ണിന് വേണ്ടി മാത്രം എത്രമാത്രം എഴുതപ്പെടാത്ത നിയമങ്ങള്‍ ആണിവിടെ? എത്ര നൂറ്റാണ്ടുകള്‍ താണ്ടേണ്ടി വരും ഈ കടമ്പകള്‍ താണ്ടി വെറും മനുഷ്യനാവാന്‍.'

സൗവര്‍ണിക ഒന്നും മിണ്ടാതെ പതിയെ കുമാരിയെ എഴുന്നേല്‍പ്പിച്ചു, സപ്രമഞ്ചത്തിലേക്കിരുത്തി പട്ടുടയാടകള്‍ മടിയില്‍ വച്ചുകൊടുത്തു.

'വൈകിയ്ക്കാതെ, അണിഞ്ഞൊരുങ്ങി, മുഖപടമണിഞ്ഞ്, മട്ടുപ്പാവില്‍ എത്താനാണ് രാജകല്‍പ്പന, കുമാരിയെ അണിയിച്ചൊരുക്കേണ്ടത് എന്റെ കടമയാണ് മടിയ്ക്കാതെ എഴുന്നേല്‍ക്കൂ.'

'നീ പറയുമ്പോള്‍ അനുസരിയ്ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.'

കുമാരി അവന്തിക പട്ടുടയാടകളും ചുമന്ന് വലിയ നിലകണ്ണാടികള്‍ക്ക് മുന്‍പില്‍ കണ്ണീരൊഴുക്കി നിന്നു, പിന്നില്‍ സൗവര്‍ണികയും അവളുടെ കണ്ണുനീര്‍ ഒരിക്കലും ഒരു കണ്ണാടിയ്ക്കും പിടിച്ചെടുക്കാന്‍ കഴിയാത്തവണ്ണം പ്രതിബിംബരഹിതമായിരുന്നു, അവളുടെ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ കാലങ്ങളോളം ചൂഷണം ചെയ്യപ്പെട്ട് സ്വായത്തമാക്കിയ ഏകകഴിവായിരുന്നു അത്, ഒരു കണ്ണീരിലും തങ്ങളുടെ സഹതാപം പ്രകടിപ്പിക്കാതിരിക്കുക, ഏതൊരു ദുഃഖത്തിലും സന്തോഷിപ്പിയ്ക്കാന്‍ പ്രേരണയാവുക...

രാജകുമാരി അവന്തിക തന്റെ ഉടയാടകളെല്ലാം പൂര്‍ണ്ണമായുരിഞ്ഞു, നിലക്കണ്ണാടിയില്‍ വിരിഞ്ഞ ആ അഭൗമ സൗന്ദര്യത്തിലേക്ക് വെറുപ്പോടെ കണ്ണോടിച്ചു. 'എനിക്കൊരു പെണ്ണാവണ്ടായിരുന്നു, പെണ്ണായാലും ഒരു രാജകുടുംബത്തില്‍ പിറക്കേണ്ടായിരുന്നു..'

അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു.
സൗവര്‍ണിക അവളുടെ ദേഹത്തിലേക്ക് ചോരചുവപ്പുള്ള ഉടയാടകള്‍ ഓരോന്നായുടുപ്പിച്ചു. പതുപതുത്ത പട്ടുടയാടകള്‍ വളരെ പതിയേ ദേഹത്തോട് ചേര്‍ന്ന് നിന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രഭയാല്‍ ശോഭിച്ചു.

'ഈ പട്ടുടുപ്പുകള്‍ എന്നെ നോവിപ്പിക്കുന്നു.' പലപ്പോഴുമുള്ള കുമാരിയുടെ പരാതിയാണത്.

തൊഴിമാര്‍ അമ്പരക്കും. 'ഇത്രക്ക് മിനുസ്സമേറിയതോ?'

'ആത്മാവിനെ നോവിപ്പിക്കാന്‍ തക്കവണ്ണം മൂര്‍ച്ചയുണ്ട് ഇവയ്ക്ക്..'

കുമാരിയുടെ മറുപടിയില്‍ തൊഴിമാര്‍ പൊട്ടിച്ചിരിക്കും.

'കുമാരീ പത്തുദേശത്തെ കുമാരന്മാര്‍ സ്വയംവരത്തില്‍ പങ്കെടുക്കുന്നു എന്നാണറിവ്.' സൗവര്‍ണിക കുമാരിയെ മെല്ലെ തട്ടി.

'സ്വയംവരമോ ആരുടെ? എന്റെയോ, രാജ്യത്തിന്റെയോ, അതോ രാജാവിന്റെയോ?' കുമാരിയുടെ ശബ്ദത്തിന്റെ ശക്തി കൂടി.

'അയ്യോ സ്വരം താഴ്ത്തൂ, ആരെങ്കിലും കേട്ടാല്‍.'

'അതേ സത്യങ്ങള്‍ എല്ലാവരേയും കോപിഷ്ഠരാക്കും.' 

കുമാരി മുഖം താഴ്ത്തി.

ചമയങ്ങളെല്ലാം കഴിഞ്ഞ് അവരിരുവരും അവരോളം പോന്ന നിലക്കണ്ണാടിയ്ക്ക് മുന്‍പില്‍ ചെന്നുനിന്നു.

'ഈ കണ്ണാടിയ്ക്ക് ശരീരമെന്നത് പോലെ ആത്മാവിനെയും പ്രതിബിംബിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.'

'എങ്കില്‍..?'

അവന്തിക ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.

അവളുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു തുളുമ്പാന്‍ വെമ്പിനിന്നു. 'നിനക്കെന്റെ മിഴികളില്‍ ഒന്നും കാണാന്‍ കഴിയാത്തതെന്തേ.' 

അവള്‍ അത്യന്തം ഉച്ചത്തില്‍ എന്നാല്‍ ആരും കേള്‍ക്കാതെ മനസ്സില്‍ ആര്‍ത്തു വിളിച്ചു.

സൗവര്‍ണിക അവളുടെ വിരലുകളോട് തന്റെ വിരലുകള്‍ കോര്‍ത്തു. ഇതുവരെയില്ലാത്ത എന്തോ ഒരനുഭൂതി വിരലുകള്‍ക്കുള്ളിലൂടെ ആത്മാവിലേക്ക് കയറി കുളിരുകോരിയിട്ടതുപോലെ തോന്നി അവന്തികയ്ക്ക്.

എന്നും ഇങ്ങനെയായിരുന്നുവെങ്കില്‍.
അവള്‍ വ്യഥാ മോഹിച്ചു .

തനിയ്ക്ക് മാത്രം എന്താണിങ്ങനെയെന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട്, സമപ്രായക്കാരികള്‍ ഓരോ പുരുഷന്മാരെ വര്‍ണിച്ചു അവരോട് തങ്ങള്‍ക്ക് തോന്നിയ ആകര്‍ഷണത്തെപ്പറ്റി പറയുമ്പോള്‍ എന്തുകൊണ്ടാണ് താന്‍ ഒരു പുരുഷനാലും ആകര്‍ഷിക്കപ്പെടാത്തതെന്ന് ചിന്തിച്ചിട്ടുണ്ട്. ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ മാത്രം തനിയ്ക്ക് തോന്നുന്ന ഈ ആകര്‍ഷണത്തെക്കുറിച്ചാവുമോ ഇവര്‍ പറയുന്നതെന്ന് ഭയപ്പെട്ടിട്ടുണ്ട്!

ഇവളില്‍, സൗവര്‍ണികയില്‍ കുറച്ചു കാലങ്ങളായി തനിയ്ക്ക് വല്ലാത്തൊരടുപ്പം അനുഭവപ്പെടുന്നത് മനസ്സിലാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ആരോടും പറയാന്‍ കഴിയാത്തൊരു വേദനയാല്‍ അതൊരു നോവായി മനസ്സിലൊതുക്കാറാണുള്ളത്.

കുമാരിയെ സ്വയംവരത്തിനായി കൊണ്ടുപോവാന്‍ രാജാവും പരിവാരങ്ങളുമെത്തി. ആരതിയുഴിഞ്ഞു, ആര്‍പ്പ് വിളികളോടെ കുമാരി അവന്തിക സ്വയംവര സ്ഥലത്തേക്ക് ആനയിക്കപ്പെട്ടു.

മട്ടുപ്പാവില്‍ പരിപാടികള്‍ എല്ലാം നല്ലതുപോലെ വീക്ഷിക്കാന്‍ പറ്റിയൊരിടം രാജാവിനും കുമാരിയ്ക്കും വേണ്ടിയൊരുക്കിയിരുന്നു. അവിടെയൊരുക്കിയ ഇരിപ്പിടങ്ങളിലായി കുമാരിയും രാജാവും പ്രമുഖന്മാരും ഇരിപ്പുറപ്പിച്ചു.

കായികക്ഷമതയും ബുദ്ധിയുമളന്ന് 'വേദവ്യാസ 'യുടെ മരുമകനാവാന്‍ പ്രാപ്തിയുണ്ടോയെന്നറിയാന്‍ ഒന്‍പതു മത്സരങ്ങളായിരുന്നു അവിടെയൊരുക്കിയത്, എല്ലാത്തിലും വിജയിക്കുന്നവന് കുമാരിയും ഒപ്പം അനേകമനേകം സ്വത്തുക്കളും സ്വന്തം!

മത്സരങ്ങള്‍ ആരംഭിച്ചു.

കുമാരന്മാര്‍ ഓരോന്നായി തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു, കുമാരിക്ക് മടുപ്പ് തോന്നി.

ഒടുവിലേതോ ഒരാള്‍ പ്രതിശ്രുത വരനായി തിരഞ്ഞെടുക്കപ്പെട്ടു.

അയാളും ഒപ്പം ഒരു വരണമാല്യവും കുമാരിയുടെ മുന്‍പിലേയ്‌ക്കെത്തപ്പെട്ടു. ഏതോ ഒരു സ്വപ്നത്തിലെന്നവണ്ണം കുമാരി അയാളെ ആ മാല്യമണിയിച്ചു.

ഇനി മുതല്‍ അയാളായിരിയ്ക്കും രാജകുമാരി അവന്തികയുടെ ഭര്‍ത്താവ്. വരണമാല്യവുമണിഞ്ഞു അയാള്‍ ലോകം മുഴുവന്‍ കീഴടക്കിയത് പോലെ പ്രജകളെ നോക്കി കൈ ഉയര്‍ത്തിക്കാണിച്ചു.

ഇന്നേക്ക് പത്താം നാള്‍ രാജകുമാരിയുടെ പരിണയം!

ഇന്ന് കൊട്ടാരത്തിന് രാത്രിയില്ല, ആഘോഷം മാത്രം..

അല്പനേരത്തെ അന്താളിപ്പിന് ശേഷം കുമാരി സമനില വീണ്ടെടുത്തു, രക്ഷപ്പെടണം ഇതില്‍ നിന്നും എന്തു വിധേനയും.

എന്തിനു രാജാവിന്റെ അഭിമാനം കാക്കാന്‍ തന്റെ വ്യക്തിത്വം പകരം നല്‍കണം?


അമ്പിളി തെളിഞ്ഞു നില്‍ക്കുന്ന തടാകത്തിലെ തണുത്തവെള്ളത്തിലേയ്ക്ക് അവന്തിക തന്റെ ആദ്യചുവടെടുത്തു വച്ചു. ഏതോ മാന്ത്രിക കഥയിലെന്ന പോലെ തന്റെ ജീവിതം തിരുത്തിക്കുറിയ്ക്കാന്‍ ഈ ജലത്തിനു കഴിഞ്ഞുവെങ്കില്‍..

അവളൊരു നിമിഷം മോഹിച്ചു.

പതിയേ അവള്‍ സ്വന്തം ശരീരം മുഴുവനായി ആ തടാകത്തിലേയ്ക്ക് സമര്‍പ്പിച്ചു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios