Asianet News MalayalamAsianet News Malayalam

Malayalam Short Story : കുട്ടന്‍പട്ടി, പി. മുരളീധരന്‍ എഴുതിയ കഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പി. മുരളീധരന്‍ എഴുതിയ കഥ

chilla malayalam  short story by P Muralidharan
Author
First Published Jan 4, 2024, 5:02 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by P Muralidharan

 

നല്ല വെളുത്ത നിറമാണ്. നെററിയില്‍ കറുത്തൊരു പുള്ളി. മഷി തെറിച്ചതുപോലെ ചെവികളില്‍ കറുപ്പ് പടര്‍ന്നു കിടക്കുന്നു. കുടവൂര്‍ കിഴക്കേ പുത്തന്‍വീട്ടിലെല്ലാവര്‍ക്കും കുട്ടനെ, അല്ല കുട്ടന്‍പട്ടിയെ, വലിയ ഇഷ്ടമായിരുന്നു. മനുഷ്യരോട് നല്ല ഇണക്കം കാട്ടുന്ന തനി നാടന്‍പട്ടി.  

ഏതോ ഒരു മഴക്കാലത്ത് കയ്യാലച്ചോട്ടില്‍ തണുത്തുവിറച്ചുകിടന്ന കുട്ടനെ ഷാപ്പില്‍ നിന്നും വരുന്ന വഴി കാരണവര്‍ രാമന്‍പിള്ളയാണ് എടുത്തുകൊണ്ടു വന്നത്. വീട്ടുകാരുടെ മുഴുവന്‍ ഓമനയാവാന്‍ അവന്‍ അധികനാളെടുത്തില്ല. സ്‌കൂള്‍ബസ് വരുംവരെ കുട്ടികള്‍ക്ക് കാവല്‍ നില്‍ക്കുന്ന അവന്‍ വണ്ടി നീങ്ങുമ്പോള്‍ സ്നേഹത്തോടെ വാലാട്ടും. വണ്ടി കണ്‍മുന്നില്‍ നിന്ന് മറഞ്ഞാല്‍ കുരച്ചു ശബ്ദമുണ്ടാക്കും, 'വണ്ടി പോയി, ഗേറ്റടച്ചോളൂ' എന്നറിയിക്കാന്‍. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളെ സ്വീകരിക്കുന്നതും അവനാണ്. ട്യൂഷനുപോവുന്ന കുട്ടികളെ സന്ധ്യക്ക് വിളിക്കാന്‍ പോവുമ്പോള്‍ ശകുന്തളയ്ക്ക് കൂട്ടുപോവുന്നതും കുട്ടന്‍ തന്നെ.  രാമന്‍പിള്ള മരിച്ചപ്പോള്‍ ദിവസങ്ങളോളം അസ്ഥിത്തറയ്ക്കടുത്തിരുന്ന് മാനത്തുനോക്കി അവന്‍ മോങ്ങിയത് നാട്ടുകാരുടെയാകെ കണ്ണു നിറച്ചതാണ്.  

രാമന്‍പിള്ളയുടെ പിതാവ് കരുണാകരന്‍ പിള്ള പരമദുഷ്ടനായിരുന്നു. ഏകമകന്‍ രാമനോടും ഭാര്യ സാവിത്രിയമ്മയോടും ചെയ്ത കടുംകൈകള്‍ക്ക് കണക്കില്ല. പൂര്‍ണഗര്‍ഭിണിയായിരുന്ന സാവിത്രിയെ അയാള്‍ തൊഴിച്ചെന്നും രാമന്‍ വയറ്റില്‍ നിന്നും പുറത്തേക്ക് തെറിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എപ്പോഴും അയാള്‍ക്ക് ദേഷ്യമായിരുന്നു. ഒരുപക്ഷേ, അയാള്‍ക്കുപോലും അറിയാത്ത കാരണങ്ങള്‍ക്ക്. രാമനെ പലപ്പോഴും കെട്ടിയിട്ട് തല്ലുമായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന് സാവിത്രിയമ്മ ക്രൂരമായ മര്‍ദ്ദനമേല്‍ക്കുന്നതും പതിവായിരുന്നു. ഒരിക്കല്‍ കരുണാകരന്‍ പിള്ള മകനെ കെട്ടിയിട്ട് തല്ലിയ ശേഷം പുറത്ത് നീറ്റിന്‍കുല (കടിയുറുമ്പ് തിങ്ങുന്ന ചില്ല) കൊണ്ട് അഭിഷേകം ചെയ്തിട്ടുണ്ട്.  

മൂന്നു മക്കളുടെ അച്ഛനായ ശേഷവും, സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ശേഷവും രാമന് പരസ്യമായി അച്ഛന്റെ തല്ലും തൊഴിയും കൊള്ളേണ്ടി വന്നിട്ടുണ്ട്. അതു പിന്നെയും സഹിക്കാം. അതിനും അപ്പുറമായിരുന്നു അയാളുടെ തെറിപ്പാട്ട്. അമ്മയ്ക്കും മക്കള്‍ക്കും ഒരുമിച്ചു കേള്‍ക്കാന്‍ പറ്റാത്തത്ര വഷളന്‍ 'വീണത്തരങ്ങള്‍.' സ്വന്തം ഭാര്യ നോക്കിനില്‍ക്കെ അടുക്കളക്കാരിയുമായി അയാള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമായിരുന്നത്രെ. പക്ഷേ, എന്തെന്ന് ചോദിക്കാന്‍ ആര്‍ക്കും  ധൈര്യം വരില്ലായിരുന്നു. അച്ഛനെ കൊല്ലണമെന്നാഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും രാമന്‍. പക്ഷേ, കാണുന്ന മാത്രയില്‍ ധൈര്യം ആവിയാകും. ഒടുവില്‍  രാമന്റെ പ്രാര്‍ത്ഥന ഫലിച്ചു. ഒരു മഴക്കാലത്ത് തെക്കേപ്പാടത്തിന്റെ കിഴക്കേക്കരയിലെ അടിയാത്തിയുടെ വീട്ടിലേക്ക് ഒളിസേവക്ക് പോവുമ്പോള്‍ വെള്ളത്തില്‍ നിന്നും കറന്റടിച്ച് കരുണാകരന്‍ പിള്ള മരിച്ചു. അതില്‍ പിന്നെയാണ് രാമന് സ്വന്തം ജീവിതം ജീവിക്കാനായത്.  

പക്ഷേ, മരിച്ച് പത്തിരുപതു വര്‍ഷങ്ങള്‍ക്കുശേഷം പിള്ള മകന് സ്വപ്നദര്‍ശനം നല്‍കാന്‍ തുടങ്ങി. ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യണം, മകനെ സ്നേഹിക്കണമെന്നും മകന്റെ സ്നേഹം കിട്ടണം എന്നൊക്കെ ആഗ്രഹം പ്രകടിപ്പിക്കും. ആദ്യമൊക്കെ രാമന്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ലെങ്കിലും ഇടതടവില്ലാത്ത സ്വപ്നാക്രമണങ്ങള്‍ക്കൊടുവില്‍ കരുണാകരന്‍ പിള്ള ജയിച്ചു. ഏതു മഹാപാപിയുടെയും ഉള്ളിന്റെയുള്ളില്‍ ഒരു സാധുമനുഷ്യനുണ്ടെന്ന് തിരിച്ചറിഞ്ഞുതുടങ്ങുമ്പോഴാണ് കുട്ടനെ രാമന്‍പിള്ള കെണ്ടത്തുന്നത്. അല്ലെങ്കില്‍, കുട്ടന്‍ രാമന്‍പിള്ളയെ കാണുന്നത്. 

അവന്‍ വന്നതിനു ശേഷം അയാള്‍ വല്ലപ്പോഴുമുള്ള കള്ളുകുടി നിറുത്തി, പ്രായം പത്തറുപത്തഞ്ചു കഴിഞ്ഞെങ്കിലും രഹസ്യമായി വെച്ചുനടത്തിയിരുന്ന ചുറ്റിക്കളികള്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ വേണ്ടാതീനമൊന്നും കാണിക്കാന്‍ രാമന്‍പിള്ളയ്ക്ക്  പറ്റാതെയായി. എവിടെപ്പോയാലും കുട്ടന്‍ അകമ്പടി സേവിക്കും. പട്ടിയുടെ സാന്നിദ്ധ്യത്തില്‍ എന്തോ ഒരു അരുതായ്ക. എഴുപത്തഞ്ചാം വയസ്സില്‍ രാമന്‍പിള്ള മരിച്ചു.  

പറയാന്‍ വന്ന കാര്യം മറന്നു. ഇന്നലെയായിരുന്നു ആദ്യത്തെ ആണ്ടുശ്രാദ്ധം. ഇന്ന് വീട്ടുമുറ്റത്തൊരു കുടുംബയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനു മുന്‍കൈയെടുത്തത് അയാളുടെ ഭാര്യ ഭാഗീരഥിയമ്മയാണ്. ആരൊക്കെയാണ് എന്നു  ചോദിച്ചാല്‍ രാമന്‍പിള്ളയ്ക്ക് നാലു മക്കളാണ്, മൂന്നു പെണ്ണും ഒരാണും. (കണക്കില്‍ പെടാത്ത മൂന്നു നാലെണ്ണം അക്കരെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.) ഏറ്റവും മൂത്തത് രാജശേഖരന്‍, കുടുംബം വക സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണ്; ഭാര്യ വനജാക്ഷി അതേ സ്‌കൂളിലെ ടീച്ചറും. അവര്‍ക്ക് മൂന്നു മക്കളാണ്. ശകുന്തളയും (പട്ടാളക്കാരന്‍ ഗോപിനാഥന്റെ ഭാര്യ) യൂണിവേഴ്സിറ്റി കോളജില്‍ ബിരുദവിദ്യാര്‍ത്ഥിയായ രവികുമാറും പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ശ്രേയയും. തറവാട്ടുവീട്ടില്‍ താമസിക്കുന്നത് രാജശേഖരന്റെ കുടുംബമാണ്. ഇവിടെ കിടന്നായിരുന്നു രാമന്‍പിള്ള  കണ്ണടച്ചത്.  

രാമന്‍പിള്ളയുടെ മൂന്നു പെണ്‍മക്കളും പഠിക്കാന്‍ മിടുക്കരായിരുന്നു. കുമാരിയും പാര്‍വതിയും കുടുംബത്തോടെ അമേരിക്കയിലാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഭര്‍ത്താക്കന്‍മാരുമൊത്ത് ചെറുപ്പത്തിലേ രാജ്യം വിട്ടവരാണവര്‍. ഏറ്റവും ഇളയവളായ സുകന്യ ഹൈക്കോടതിയില്‍ വക്കീലാണ്. വയസ്സ് മുപ്പത്തിയെട്ടായെങ്കിലും കല്യാണമൊന്നുമായിട്ടില്ല. ഇതില്‍ പാര്‍വതി കല്യാണത്തിനുശേഷം നാട്ടിലെത്തിയത് രാമന്‍പിള്ള മരിച്ചതിനു ശേഷമായിരുന്നു. അവളെയായിരുന്നു പിള്ളയ്ക്ക് മക്കളില്‍ വെച്ച്  ഏറ്റവും ഇഷ്ടം. ആ ധൈര്യത്തിലാവണം, അവള്‍ ബംഗാളി മൃത്യുഞ്ജയ് ഭട്ടാചാര്യയെ  വിവാഹം ചെയ്ത കാര്യം ഫോണില്‍ അറിയിച്ച് അച്ഛന്റെ അനുഗ്രഹം ചോദിച്ചത്. 'എന്റെ ചാക്കാലയ്ക്കു പോലും വരരുത്, എനിക്ക് കാണണ്ട' എന്നായിരുന്നു മറുപടി.  എങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് പാര്‍വതി നല്ല മണിമണിയായി മലയാളം സംസാരിക്കുന്ന രണ്ടു പെണ്‍മക്കളുമായി വന്നെത്തി. 

മൂത്തവള്‍ കുമാരി പ്രത്യേക തരക്കാരിയാണ്. ആരുമായും ഒത്തുപോവാന്‍ പ്രയാസമാണവള്‍ക്ക്. കലിഫോര്‍ണിയയില്‍ സിലിക്കണ്‍ വാലിയില്‍ ഡോട്ട് കോം കമ്പനികളുടെ പുഷ്‌കലകാലത്ത് ഭര്‍ത്താവും രണ്ടു സുഹൃത്തുക്കളുമൊത്ത് അവള്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ഇന്ന് ആഗോള കമ്പനിയാണ്, പക്ഷേ, അവളതിലില്ല. നിസ്സാരകാരണങ്ങളുടെ പേരില്‍ സ്വന്തം ഷെയര്‍ വാങ്ങി അവള്‍ പിരിഞ്ഞുപോയെന്നു മാത്രമല്ല, പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നില്ലെന്നാരോപിച്ച് ഭര്‍ത്താവ് ശ്രീനിവാസനെ ഒഴിവാക്കുകയും ചെയതു. ഇപ്പോള്‍ ഒരു പുതിയ ടെക്നോളജി കമ്പനി  വളര്‍ത്തിക്കൊണ്ടുവരികയാണ് കുമാരി. അവരുടെ ഏകമകന്‍ നിര്‍മല്‍, ശ്രീനിവാസന്റെ മാതാപിതാക്കള്‍ക്കൊപ്പം പറവൂരില്‍ നിന്നാണ് പഠിക്കുന്നത്. 

രാമന്‍പിള്ളയുടെ മക്കളില്‍ ഏറ്റവും മൂത്തവനായ രാജശേഖരന്‍ രണ്ട് ശക്തരായ വ്യക്തിത്വങ്ങളുടെ ഇടയില്‍ പെട്ട് ശ്വാസം മുട്ടുകയായിരുന്നു. ഒരു ഭാഗത്ത് ഉഗ്രപ്രതാപിയായ അച്ഛന്‍, മറുഭാഗത്ത് കര്‍ക്കശക്കാരിയായ ഭാര്യ. പോരാത്തതിന് വാശിയില്‍ അമ്മയെ വെല്ലുന്ന മക്കള്‍. സ്‌കൂളില്‍ അയാളാണ് ഹെഡ് മാസ്റ്ററെങ്കിലും തീരുമാനങ്ങളെടുക്കുന്നത് വനജാക്ഷിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ആരുമില്ലാത്തവര്‍ക്ക് തുണ ആരെങ്കിലും വേണമല്ലോ. രാജശേഖരന്‍ കടുത്ത ഭക്തനാണ്. കുടുംബ ക്ഷേത്രത്തില്‍  നിത്യേന ഒരുമണിക്കൂര്‍ പൂജ നടത്തിയ ശേഷമാണ് ഒരു മതിലിനപ്പുറമുള്ള സ്‌കൂളിലേക്ക് നടക്കുക. 'ഈശ്വരന്റെ മനസ്സിലിരിപ്പ് ആര്‍ക്കറിയാം' എന്ന് രാജന്‍ ഇടയ്ക്കിടെ പറയും. രാമന്‍പിള്ളയുടെ ജീവിതം പോലെ അതിന് പറ്റിയ ഉദാഹരണമില്ല! 

കുട്ടന്‍പട്ടി ജീവിതത്തിന്റെ ഭാഗമായതോടെ രാമന്‍പിള്ളയുടെ സ്വഭാവം കാണെക്കാണെ മയപ്പെട്ടു. മുമ്പൊക്കെ അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ വഴക്കിനും തല്ലിനും മുന്നില്‍ നിന്നിരുന്ന പിള്ള അവസാനകാലത്ത് മധ്യസ്ഥനെന്ന് പേരെടുത്തു, സ്വന്തം വസ്തുവകകള്‍ വിട്ടുകൊടുത്തുപോലും അയാള്‍ വഴക്കുകള്‍ ഒത്തുതീര്‍ത്തു. രാമന്‍പിള്ള  പോവുന്നിടത്തെല്ലാം കൂടെ കുട്ടനുമുണ്ടാവും. പ്രധാനതീരുമാനങ്ങളെടുക്കും മുമ്പ് പിള്ള ദീര്‍ഘനേരം ആ പട്ടിയുടെ കണ്ണുകളിലേക്ക് നോക്കും. ഒടുവില്‍ ഒരു പ്രത്യേകരീതിയില്‍ തലയാട്ടി തീര്‍പ്പുകല്‍പ്പിക്കും.  

ഈ മാറ്റം വീട്ടിലും പ്രതിഫലിച്ചു. കടിച്ചുകീറുന്ന ദേഷ്യക്കാരന്‍ സ്നേഹസമ്പന്നനായ അച്ഛനും അപ്പൂപ്പനുമായി. അതിന്റെ പരമാവധി ഗുണം ലഭിച്ചത്  രവിക്കും അനിയത്തി ശ്രേയക്കും ശകുന്തളയുടെ മകന്‍ നാലുവയസ്സുകാരന്‍ ഉണ്ണിക്കുട്ടനുമായിരുന്നു. അധ്യാപകനിയമനത്തിലെ കോഴയായും കൃഷി, കടമുറി വാടക ഇനങ്ങളിലെ വരുമാനമായും പെന്‍ഷനായും വന്‍തുക വരവുണ്ടായിരുന്ന അയാള്‍ കൊച്ചുമക്കളുടെ ഏതാഗ്രഹവും സാധിച്ചുകൊടുത്തു. രവിക്ക് അഞ്ചുലക്ഷം രൂപ വിലയുള്ള സ്പോര്‍ട്സ് ബൈക്ക്, ആപ്പിളിന്റെ മൊബൈല്‍ ഫോണ്‍. ശ്രേയക്കും ശകുന്തളക്കും ആഭരണങ്ങളും വാച്ചും കളിപ്പാട്ടങ്ങളും മറ്റും. ഭാഗീരഥിക്ക്  തീര്‍ത്ഥാടനമായിരുന്നു ആഗ്രഹം. ഒടുവില്‍ 'ഇനി യാത്ര വേണ്ടേ' എന്ന് പറയുന്നിടത്തോളം അവര്‍ക്ക് ഭക്തിയാത്രകള്‍ നടത്താനായി.അവര്‍ ആഗ്രഹിച്ചതിലധികം സ്നേഹവും അയാള്‍ അവര്‍ക്കു നല്‍കി. 

അതിഗൗരവക്കാരനായ ഒരാള്‍ പെട്ടെന്ന് സ്നേഹസമ്പന്നനായി അടുത്തിടപഴകിയാല്‍  സംഭവിക്കാവുന്നതൊക്കെ രാമന്‍പിള്ളയ്ക്കുമുണ്ടായി. മുമ്പ്  പൂമുഖത്തെ ചാരുകസേരയില്‍ അയാള്‍ കിടന്നാല്‍  പരിസരത്തെങ്ങും ഒരീച്ച അനങ്ങില്ലായിരുന്നു. ഇപ്പോഴാവട്ടെ, വിധേയത്വത്തിന്റെ അവതാരമായിരുന്ന കാര്യസ്ഥന്‍ നാരായണപിള്ളയ്ക്കു പോലും പേടിയില്ലെന്നു തോന്നും. വീട്ടിലാകെ കലപിലയാണ്. വീട്ടുകാരും ബന്ധുക്കളും വീട്ടുകാരുമൊക്കെ ഏതുനേരവും കയറിയിറങ്ങുന്ന സത്രം. രാമന്‍പിള്ള വീട്ടിലുണ്ടങ്കിലും ഇല്ലെങ്കിലും അങ്ങനെ തന്നെ. ഭയവും ബഹുമാനവും  മെല്ലെ മെല്ലെ അവഗണനയ്ക്ക് വഴിമാറിക്കാണുമോ? മനുഷ്യന്റെ കാര്യമല്ലേ, ഒന്നിനും ഒരു തീര്‍ച്ചയുമില്ല!

ക്ഷമിക്കണം, വീണ്ടും വഴിതെറ്റി. നമുക്ക് യോഗത്തെക്കുറിച്ച് പറയാം. പൂമുഖത്ത്  കുട്ടികള്‍ നിറച്ചുണ്ടെങ്കിലും വലിയ ഒച്ചപ്പാടൊന്നുമില്ല. എല്ലാവരും മൊബൈല്‍ ഗെയിമുകളില്‍ മുഴുകിയിരിക്കുന്നു. അച്ഛന്‍ കിടന്നിരുന്ന പഴയ ചാരുകസേരയില്‍ രാജശേഖരന്‍ ഇരിപ്പുണ്ട്. പതിവുപോലെ മൗനത്തിലാണ്. അമ്മ ഭാഗീരഥിയമ്മ കൂട്ടികള്‍ക്ക് കുടിക്കാന്‍ പഴച്ചാറുമായി വന്നു. അതു കൊടുത്ത ശേഷം മകന്റെ അടുത്ത കസേരയില്‍ ഇരുന്നുകൊണ്ട് അവര്‍ പറയാന്‍ തുടങ്ങി. 

'കുമാരിക്കും പാര്‍വതിക്കും അവധി അധികമില്ലെന്ന് എനിക്കറിയാം. അതുകൊണ്ടു ചുരുക്കിപ്പറയാം. നിങ്ങളുടെ അച്ഛനെക്കുറിച്ച് ഞാനൊന്നും പറഞ്ഞുതരേണ്ടല്ലോ. അവസാനകാലത്ത് അദ്ദേഹത്തിന്റെ സ്വഭാവം വേറൊരു  തരത്തിലായിരുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാതെ ജീവിച്ച വലിയ മനുഷ്യന്‍ നമ്മളെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യുന്ന ആളായി. അതിന് കാരണക്കാരനായത് കുട്ടനാണ്, നിങ്ങളത് കേട്ടുകാണും. അവര് തമ്മില്‍ ദിവസവും മണിക്കൂറുകള്‍ സംസാരിക്കുമായിരുന്നെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ആദ്യമൊക്കെ നിങ്ങളുടെ അച്ഛന് കിറുക്കാണെന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്.  പക്ഷേ, ഒടുവില്‍ എനിക്കും ബോധ്യമായി, അത് അങ്ങേരുടെ അച്ഛന്റെ ആത്മാവാണെന്ന്. ഒരുവര്‍ഷം മുമ്പത്തെ കര്‍ക്കടകവാവു ദിവസം അങ്ങേരുടെ മുറിയില്‍  പാതിരാത്രിയിലും വിളക്കു കണ്ടു. ചെന്നുനോക്കിയപ്പോള്‍ രാജന്റച്ഛന്‍ രാമായണം വായിച്ചോണ്ടിരിക്കുന്നു. അത് ശ്രദ്ധിച്ചുകേട്ട് തലകുലുക്കി നമ്മുടെ കുട്ടനും. ഒരു നിമിഷം ഞാനങ്ങു ഞെട്ടിപ്പോയി. 

'പിറ്റേന്ന് തക്കം കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു, എന്തിനാണ് പട്ടിയെ രാമായണം  വായിച്ചു കേള്‍പ്പിക്കുന്നതെന്ന്. അങ്ങേര് എടുത്ത വായിലേ പറഞ്ഞു, 'അത് വെറും പട്ടിയല്ലെടീ, എന്റെ സ്വന്തം അച്ഛനാണ്. പിന്നെ, നീ കേട്ടോ. രാമായണവും ഭാഗവതവുമൊക്കെ വായിക്കാറായി. എന്റെ സമയമടുത്തു.' എനിക്കത് തീരെ  ഇഷ്ടപ്പെട്ടില്ല. ഞാന്‍ ചോദിച്ചു, ഇതാരാണ് പറഞ്ഞതെന്ന്. അങ്ങേരു കൂളായിട്ടു പറഞ്ഞു,  അങ്ങേരുടെ അച്ഛനെന്ന്. 

ഞാനാകെ വല്ലാതായി, വിയര്‍ത്തു. എന്റെ കണ്ണുനിറഞ്ഞു.  'ഈ കുട്ടന്‍പട്ടിയോ?' എന്ന് ഞാന്‍ എടുത്തുചോദിച്ചു. അപ്പോ രാജന്റച്ഛന്‍ പറഞ്ഞു,  ''പട്ടിയല്ലെടീ, എന്റച്ഛന്‍'. അദ്ദേഹം പറഞ്ഞു, 'അടുത്ത സ്വര്‍ഗവാതില്‍ ഏകാദശിക്ക് നീ മരിക്കും. നീ സ്വര്‍ഗത്തു ചെന്നിട്ട് വേണം എനിക്ക് മോക്ഷം തരാന്‍' എന്ന്.  'ഇതും കൂടി കേട്ടപ്പോള്‍ എനിക്കു നല്ല ദേഷ്യവും വിഷമവും വന്നു. 'നാട്ടുകാര് മുഴുവന്‍ വട്ടാണെന്നു പറഞ്ഞപ്പഴും ഞാന്‍ വിശ്വസിച്ചില്ല. 'രാജന്റച്ഛന്‍ പറ, ഏതു  ഭാഷയിലാ കുട്ടന്‍പട്ടി നിങ്ങളുടെ മരണത്തീയതി പറഞ്ഞത്? നിങ്ങള്‍ക്ക്  ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. എഴുപത്തിമൂന്നു വയസ്സായെങ്കിലും അമ്പതേ മതിക്കൂ. വെറുതേ കിറുക്ക് പറയരുത്' എന്നു ഞാന്‍ കരഞ്ഞോണ്ടു പറഞ്ഞു. അതുകേട്ട് അങ്ങേര് കുറച്ചുനേരം ചിരിച്ചു. എന്നിട്ടു പറഞ്ഞു. 'എടീ പൊട്ടീ, നമുക്കറിയാത്ത കാര്യങ്ങളൊക്കെ കിറുക്കാണെന്നു തോന്നുന്നതാണ് വലിയ കിറുക്ക്. സംസാരഭാഷയൊക്കെ ദുര്‍ബലരായ മനുഷ്യര്‍ക്കൊള്ളതാ. അച്ഛന്‍ സംസാരിക്കുന്നത് എനിക്കു നന്നായി മനസ്സിലാവും, ആ കണ്ണില്‍  ഒന്നു നോക്കിയാ മതി. അച്ഛന്‍ പറഞ്ഞതൊന്നും ഇതുവരെ തെറ്റിയിട്ടില്ല, ഇതും തെറ്റൂല.''

'അപ്പോഴും എനിക്ക് വിശ്വാസമില്ലായിരുന്നു. പക്ഷേ, നാലുമാസം കഴിഞ്ഞ് സ്വര്‍ഗവാതില്‍ ഏകാദശീടന്ന് സ്വിച്ചിട്ടപോലല്ലേ അങ്ങേര് പോയത്? സന്ധ്യാനാമം ജപിച്ച് ഈ ചാരുകസേരയില്‍ വന്നു കിടന്നതാണ്. അത്താഴത്തിന് വിളിക്കുമ്പോള്‍ അങ്ങേരുടെ കൈ തണുത്തിരുന്നു.' ഭാഗീരഥി തേങ്ങിക്കരയാന്‍ തുടങ്ങി. കൊച്ചുമക്കള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും തലയൂരി ചുറ്റുംനോക്കി, അപകടമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിവേഗം മടങ്ങിപ്പോയി. കസേരയില്‍ മെല്ലെ നിവര്‍ന്നിരുന്ന രാജശേഖരന്‍ അമ്മയെ സമാധാനിപ്പിക്കാനാഞ്ഞെങ്കിലും വാക്കുകള്‍ പുറത്തുവന്നില്ല. കുമാരിയാണ് ആദ്യം സംസാരിച്ചത്. 'ഈ കഥ നമ്മള്‍ എത്ര പ്രാവശ്യം കേട്ടതാണമ്മാ? എന്തോ പ്രധാനകാര്യം പറയാനുെണ്ടന്നു പറഞ്ഞ് വിളിച്ചിട്ട്... അമ്മാ, അച്ഛന്റെ വില്‍പ്പത്രത്തെ പറ്റിയാണെന്നാണ് ഞങ്ങള്‍ വിചാരിച്ചത്!' 

'വസ്തുക്കള്‍ ഭാഗംവെച്ചു കഴിഞ്ഞതല്ലേ? ഇനിയെന്തു വില്‍പ്പത്രം?' തെല്ല് അസ്വസ്ഥതയോടെ ഭാഗീരഥി ചോദിച്ചു. പാര്‍വതിയാണ് മറുപടി പറഞ്ഞത്. 'അച്ഛന്‍ സ്വന്തം സമ്പാദ്യം കൊണ്ടു വാങ്ങിയ ചില വസ്തുക്കളെപ്പറ്റി ആരോ പറഞ്ഞുകേട്ടിരുന്നു.  വിളിച്ചപ്പോള്‍ അതിനെപ്പറ്റി പറയാനാണെന്ന് ഞാന്‍ കരുതി.' അമ്മയ്ക്ക നിരാശ മറച്ചുവെക്കാനായില്ല. 'ഇട്ടുമൂടാന്‍ മാത്രം പണം നിങ്ങള്‍ക്കില്ലേ? എന്നിട്ടും ആര്‍ത്തിക്ക് ഒരു കൊറവുമില്ല. ഇതൊക്കെ കാണാനും കേക്കാനും എന്നെ ഇങ്ങനെ ഇട്ടേയ്ക്കല്ലേ ഭഗവതീ!' അവര്‍ കരയാന്‍ തുടങ്ങി. 

രാജശേഖരനെഴുന്നേറ്റ് അമ്മയെ ചേര്‍ത്തുപിടിച്ചു.  വനജാക്ഷിയുടെ രൂക്ഷമായ നോട്ടം ശ്രദ്ധിക്കാതെ അയാള്‍ പറഞ്ഞു, 'അമ്മയ്ക്ക് ഒരു  പ്രധാനകാര്യം പറയാനുണ്ട്. അതിനുതന്നെയാണ് വിളിപ്പിച്ചത്. അതു ഞാന്‍ പറഞ്ഞാ വിരോധമില്ലെങ്കി ...' 

'ആരു പറഞ്ഞാലും കാര്യം മനസ്സിലായാ പോരേ? ചേട്ടന്‍ പറഞ്ഞാ മതി. അമ്മയെ ബുദ്ധിമുട്ടിക്കണ്ട,' എന്ന് കുമാരി. അപ്പോഴേയ്ക്കും കണ്ണുകള്‍ തുടച്ച് സമചിത്തത വീടെുത്ത ഭാഗീരഥി പറഞ്ഞു, 'ഈ പറയുന്ന കാര്യം വേറേ ആര്‍ക്കും പറയാന്‍ പറ്റൂല. ബാക്കി കൂടി കേട്ടോ. രാജന്റച്ഛന്‍ മരിച്ചതില്‍ പിന്നെ ദിവസങ്ങളോളം ജലപാനം കഴിക്കാതെ കുട്ടന്‍പട്ടി അസ്ഥിത്തറയ്ക്ക് കാവലിരുന്നു. ജീവന്‍  നിലനിര്‍ത്താന്‍ മാത്രമായി ആഹാരം. ചിലപ്പോള്‍ ഈ ചാരുകസേരയില്‍ വെറുതെ നോക്കി നില്‍ക്കുന്നത് കാണാം. നിങ്ങളുടെ അച്ഛന്റെ ചെരിപ്പുകള്‍ ദിവസവും രാവിലെ ഈ ചാരുകസേരയ്ക്കു മുന്നില്‍ കൊണ്ടുവെക്കും. രാത്രിയാവുമ്പോള്‍ തിരിച്ചു ബെഡ്റൂമില്‍ എത്തിക്കും. അങ്ങേര് മരിച്ച ശേഷം കുട്ടന്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയതായിട്ട് എനിക്ക് ഓര്‍മയില്ല. അങ്ങേര് പോയപ്പോള്‍ അവന്റെ നാക്കും കൊണ്ട് പോയതുപോലെ.' 

'മാസങ്ങള്‍ കഴിഞ്ഞു. കുട്ടന്‍പട്ടിയെയും നിങ്ങടെ അച്ഛനെയുമൊക്കെ മറന്നുതുടങ്ങി. അല്ല, പച്ചജീവനുള്ളവരെപ്പോലും നമ്മള്‍ മറന്നുപോവൂലേ? അതില് കാര്യമില്ല. പക്ഷേ, എല്ലാം ഓര്‍മ്മ വന്നത് പെട്ടെന്നാണ്,' ഭാഗീരഥി കിതപ്പോടെ പറഞ്ഞുനിര്‍ത്തി. 'അമ്മൂമ്മേ, സസ്പെന്‍സിടാതെ പെട്ടെന്നു പറയണം,  കേള്‍ക്കാന്‍ നല്ല രസം,' പാര്‍വതിയുടെ ഇളയമകള്‍ പന്ത്രണ്ടുകാരി കൃതിക പറഞ്ഞു.  കുട്ടികളെല്ലാം ഗെയിമില്‍ നിന്നും കഥയിലേക്കു വന്നിരിക്കുന്നു! ഭാഗീരഥി അവരെ  നോക്കി വാല്‍സല്യത്തോടെ ചിരിച്ചു. 

'ഇനി കേള്‍ക്കാന്‍ പോവുന്നത് അത്രയ്ക്ക് രസമുള്ള കാര്യമല്ല മക്കളേ. ഇക്കഴിഞ്ഞ ഗാന്ധിജയന്തിക്കാണ് സംഭവം. കുട്ടന്‍ ആ മുരിങ്ങയുടെ ചുവട്ടില്‍ വെയില്‍ കാഞ്ഞു കിടക്കുകയായിരുന്നു,' അവര്‍ തറവാടിന്റെ മുന്നില്‍  തെക്കുഭാഗത്ത് നില്‍ക്കുന്ന മരത്തിലേക്ക് വിരല്‍ ചൂണ്ടി.  

'രാജന്റെ മകന്‍ രവി അന്നുരാവിലെ കാപ്പികുടിച്ചിട്ട് എഴുന്നേറ്റുപോയി. ഞാനും വനജയും അടുക്കളേലും. രാജന്‍ ഒരു സഞ്ചയനത്തിനു പോയതായിരുന്നു. പെട്ടെന്നാണ് നിലവിളി കേട്ടത്. ഞങ്ങളോടി മുറ്റത്തുവന്നു. ദോ, അവിടെ കുട്ടന്‍ ചോരയില്‍ കുളിച്ച്  കെടന്നുപെടയ്ക്കുന്നു. തൊട്ടപ്പുറത്ത് വലിയ കോടാലി തോളില്‍വച്ച് രവി നില്‍പ്പുണ്ട്. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള് സ്തംഭിച്ചു നിക്കുമ്പം കുട്ടന്‍ മുറിഞ്ഞുതൂങ്ങുന്ന വലത്തെ പിന്‍കാലുമായി താഴേയ്ക്കോടി. അവന്റെ പ്രാണവെപ്രാളവും അമറലും കരച്ചിലുമൊന്നും കേണ്ടാണ്ടു നിക്കാന്‍ പറ്റൂലായിരുന്നു. വയലും പൊന്തക്കാടും കടന്ന് കുന്നിന്‍പുറത്തേക്ക് മുടന്തിമുടന്തി അവന്‍ ഓടിക്കയറി. എന്റെ നെഞ്ച് പടപടാന്നിടിച്ചു. കൈയും കാലും തളര്‍ന്ന് ഞാനവിടിരുന്നു. അവന്‍ പോയ വഴിയിലെല്ലാം രക്തമായിരുന്നു മക്കളേ.' 

ഭാഗീരഥി വാക്കുകള്‍ നിര്‍ത്തി ശ്വാസമെടുത്തു. വറ്റിയിരുന്ന കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അതുകണ്ട് കൊച്ചുമക്കളുടെ കണ്ണുകളും സജലങ്ങളായി. 'അവന്‍ പോയിട്ട് മൂന്നുമാസമാവുന്നു. ചിലപ്പോള്‍ കുന്നിന്‍ മുകളില്‍ നിന്ന് അവന്റെ മോങ്ങല്‍ കേള്‍ക്കുംപോലെ തോന്നും. അവിടെ മാടന്റെ ഒരു തെക്കതുണ്ട്. പത്താമുദയത്തിനു മാത്രമേ അതു തുറക്കാറുള്ളൂ. ചില  വെള്ളിയാഴ്ചകളിലൊക്കെ അവിടെ വെളിച്ചം കാണാറുണ്ടെന്നും അമ്പലമണി മുഴങ്ങുന്നതും മന്ത്രോച്ചാരണവുമൊക്കെ കേള്‍ക്കാമെന്നുമൊക്കെ നാട്ടുകാര് പറയുന്നു. ഒള്ളതാണോ എന്ന് ആര്‍ക്കറിയാം! എന്തായാലും നാട്ടുകാരൊന്നും വെള്ളിയാഴ്ച രാത്രി ആ വഴിക്ക് പോകാറില്ല. 

'അപൂര്‍വമായേ കുട്ടന്‍ താഴേയ്ക്കിറങ്ങൂ. വഴിവക്കിലെങ്ങാനും വച്ച് ഈ വീട്ടിലുള്ളവരെ കണ്ടാല്‍ ഓടിക്കളയും. ഒരൊറ്റ ദിവസമാണ് പിന്നെ ഞാനവനെ കണ്ടത്. ദമയന്തിയുടെ മരണത്തിനു പോയി തിരിച്ചുവരുന്ന വഴിയായിരുന്നു. കുട്ടന്റെ കാലിലെ മുറിവൊക്കെ ഉണങ്ങിയിരുന്നു. മുറിഞ്ഞുതൂങ്ങിയ ഭാഗം അറ്റുപോയിട്ടുണ്ട്. എന്നെ കണ്ടതും അവന്‍ നിശ്ചലനായി നിന്നു. മുന്നോട്ടുപോവാന്‍ എനിക്കും പേടി തോന്നി. അവനവിടെ നിന്ന് എന്നെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന് 'മോള് വിഷമിക്കേണ്ട' എന്ന് ആരോ പറയുമ്പോലെ  തോന്നി. വളരെ സ്നേഹത്തോടെ എന്നെ നോക്കി വാലാട്ടിയിട്ട് അവന്‍ പെട്ടെന്ന്  കടന്നുപോയി.     

'മക്കളേ, ആ നാശം പിടിച്ച ദിവസത്തിനുശേഷം എനിക്കു ചോറിറങ്ങാതായി. ഒരു  സൈ്വരവുമില്ല. പിന്നെയാണ് രാജന്‍ അവന്റെ അച്ഛനെ സ്വപ്നം കണ്ടുതുടങ്ങിയത്. മക്കളേ, നീ  പറ,' ചാരുകസേരയില്‍  ദീര്‍ഘമൗനത്തിലായിരുന്ന മകനോട് ഭാഗീരഥി പറഞ്ഞു. 

അയാള്‍ കുറച്ചുനേരം കൂടി വാതുറക്കാന്‍ മടിച്ചു. പിന്നെ, പറയാന്‍ തുടങ്ങി: 'കുട്ടന്‍പട്ടിയുടെ കാല് വെട്ടിയതു മുതല്‍ എന്റെ ഉറക്കം പോയി. അച്ഛന്‍ കട്ടിലില്‍ അടുത്തുവന്നിരുന്നു കരയുന്നതായി ദിവസവും സ്വപ്നം കാണാന്‍ തുടങ്ങി.  ഞാനെഴുന്നേറ്റ് 'എന്റെ പൊന്നച്ഛാ, കരയല്ലേ, കാര്യം പറ' എന്നുപറഞ്ഞ് അച്ഛന്റെ കണ്ണീരു തുടയ്ക്കും. അപ്പോള്‍ അച്ഛന്റെ കരച്ചില്‍ ഉച്ചത്തിലാവും. കുഞ്ഞുങ്ങളെപ്പോലെ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങും. കരയാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. പക്ഷേ, ഒടുവില്‍ നിയന്ത്രണം വിട്ട് ഞാനും പൊട്ടിക്കരയും. കരഞ്ഞുകരഞ്ഞ്, പിന്നെ ചുമച്ച്, കുരുങ്ങിച്ചുമച്ച് ശ്വാസംമുട്ടി ചങ്കുപൊട്ടാറാവുമ്പോള്‍ കണ്ണുതുറക്കും. ആഴ്ചകളോളം അങ്ങനെ പോയി. ഒടുവില്‍ എനിക്കുറങ്ങാന്‍ പേടിയായി.  മൂന്നുമാസത്തോളം സ്‌കൂളിലും പോയില്ല.  

'ഉറക്കമില്ലായ്മയും മനപ്രയാസവും ചേര്‍ന്ന് ഞാന്‍ വേറൊരാളായി. എന്നും രവിയുമായിട്ട് വഴക്ക്. അവനാണെങ്കില്‍ ഒരു കൂസലുമില്ല. എന്തെങ്കിലും തെറ്റു ചെയ്തെന്നൊരു വിചാരമില്ല. എന്തിനാ ആ പാവത്തിനെ ദ്രോഹിച്ചത് എന്നു ചോദിച്ചാല്‍ 'അങ്ങനെ തോന്നി, ഈ പട്ടിയുള്ളപ്പോള്‍ പ്രൈവസി ഇല്ലാത്തതുപോലെ,  ഭയങ്കര അസ്വസ്ഥത' എന്നൊക്കെയാണ് അവന്‍ പറയുന്നത്. നാറ്റം പിടിച്ച വയസ്സന്‍ പട്ടി വീട്ടില്‍ കേറിയിറങ്ങുന്നത് നമുക്ക് അസുഖമുണ്ടാക്കുമെന്നും പറയും. 

'ഒടുവില്‍, 'രാമന്‍ പിള്ളയപ്പൂപ്പന് ഭ്രാന്തായിരുന്നു, ചികിത്സിക്കണമായിരുന്നു' എന്നൊക്കെ പറയാനും അവന് ധൈര്യം വന്നു. അതോടെ എന്റെ സമനില തെറ്റി,  കൈയില്‍ കിട്ടിയതെടുത്ത് തെറ്റുപറ്റനെ അവനെ അടിച്ചു. ഒരു ദിവസം അവന്‍ പറഞ്ഞു, 'അച്ഛനാണെന്നൊന്നും നോക്കൂല, ഇനി എന്നെ തല്ലിയാ ഞാന്‍ തിരിച്ചുതല്ലും. എനിക്കുമുണ്ട് അഭിമാനോം അന്തസ്സും.' എന്നാ ഇപ്പോ ഇവിടന്നിറങ്ങണമെന്ന് ഞാന്‍ പറഞ്ഞു. അന്നിറങ്ങിപ്പോയതാണ്. മാസം ഒന്നായി,'  രാജന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. 

'ചട്ടാ, ഞാന്‍ വിളിച്ചാ  അവന്‍ വരും. അതു വിട്. പക്ഷേ, അത്യാവശ്യമെന്നും പറഞ്ഞ് ഞങ്ങളെയൊക്കെ വിളിച്ചുവരുത്തിയതിന്റെ കാര്യം പറയണം,' കുമാരി വാട്സ് ആപ്പിലെ മെസേജ് നോക്കുന്നതിനിടെ പറഞ്ഞു. 'കുമാരീ, അതു ഞാന്‍ പറയാം. അമ്മയും മോനും കഥ പറഞ്ഞാ ഇപ്പോഴെങ്ങും തീരുമെന്നു തോന്നുന്നില്ല,' ചെറുചിരിയോടെ വനജാക്ഷി പറഞ്ഞു. 

'രവിമോന്‍ പിണങ്ങിപ്പോയതോടെ ഇതൊരു ചത്ത വീടായി. ഞങ്ങളാരും തമ്മില്‍ മിണ്ടാട്ടമില്ലാതായി. അടുപ്പില്‍ തീ പൂട്ടുന്നതുതന്നെ അപൂര്‍വമായി. ഒടുവില്‍ കടാംപള്ളീന്ന് എന്റമ്മാവന്‍ കാര്യമന്വേഷിച്ചു വന്നു. അമ്മാവന്‍ പറഞ്ഞു, നമുക്കൊരു പ്രശ്നം വെപ്പിക്കാമെന്ന്. ഒടുവില്‍ ഇല്ലിക്കാട്ടില്‍ ശങ്കരന്‍ നമ്പൂതിരിയെ വരുത്തി പ്രശ്നം വെച്ചു. തിരുമേനി പറഞ്ഞതുകേട്ട് ഞങ്ങളൊക്കെ ഞെട്ടിപ്പോയി. അതേ, രാജന്‍ ചേട്ടന്റെ അച്ഛന്‍ പറഞ്ഞതൊക്കെ ശരിയായിരുന്നു! 


 'കുട്ടന്‍പട്ടി കരുണാകരന്‍ പിള്ളയദ്ദേഹത്തിന്റെ ആത്മാവാണത്രേ! രാജന്റച്ഛന് മോക്ഷം കിട്ടിയതാണെങ്കിലും അദ്ദേഹത്തിന്റെ പിതാവിന് അംഗഭംഗം വന്ന വിഷമത്തില്‍ ഇവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കുകയാണ്. കുട്ടന്‍പട്ടി ചാകും വരെ അച്ഛനും മോക്ഷം കിട്ടില്ല. അതുവരെ രണ്ടാത്മാക്കളെയും പ്രീതിപ്പെടുത്തി നിര്‍ത്തണം. അതിനായി തിരുവല്ലത്തെ പരശുരാമക്ഷേത്രത്തില്‍ ചില പൂജകള്‍ നടത്തണം. ഒരു പൂജയില്‍ ഈ കുടുംബത്തിലെ  ജീവിച്ചിരിക്കുന്നവരെല്ലാം സംബന്ധിക്കണം. അതിനാണ് നിങ്ങളെയൊക്കെ വിളിച്ചുവരുത്തിയത്. കുന്നിന്‍മുകളിലെ മാടന്റെ തെക്കത് പുനരുദ്ധരിച്ച് ശിവക്ഷേത്രമാക്കണം. കുടുംബപരദേവതകളെ ആ അമ്പലത്തില്‍ സ്ഥാപിക്കണം എന്നും പറഞ്ഞു. അന്നു പറഞ്ഞ ചില പരിഹാരക്രിയകള്‍ ചെയ്ത ശേഷമാണ് ഞങ്ങള്‍ക്ക് നേരേ ഉറങ്ങാന്‍ പറ്റിയത്.'  

അമേരിക്കന്‍ സഹോദരിമാര്‍ പരസ്പരം നോക്കി. അവര്‍ക്ക് ചിരിക്കണമെന്നുണ്ടായിരുന്നെങ്കിലും രാജന്റെയും ഭാഗീരഥിയുടെയും മുഖം കണ്ടപ്പോള്‍ വേണ്ടെന്നുവെച്ചു. പാര്‍വതി ചോദിച്ചു, 'പൂജ ഇന്ന് നടത്താന്‍ പറ്റുമോ? ഞാനില്ലെങ്കില്‍ പിള്ളാരുടച്ഛന് പറ്റത്തില്ല. ഒരു കാര്യവും തനിയെ ചെയ്യാനറിയത്തില്ല.' കുമാരിയും വനജയും കണ്ണുകള്‍ കൊണ്ട് ഒരു വഷളന്‍ ചിരി പകുത്തു. 

അതിനിടെ അമ്മയാണ് മറുപടി പറഞ്ഞത്. 'ഇന്ന് വെള്ളിയല്ലേ? അടുത്ത വെള്ളിക്കേ ഇനി പൂജ നടത്താനാവൂ. അതുവരെ ക്ഷമിക്ക്!' അപ്പോള്‍ പാര്‍വതിയുടെ മൂത്തമകള്‍ പാരുള്‍ ചോദിച്ചു, 'മോം,  പൂജയ്ക്ക് രവിച്ചേട്ടന്‍ വേണ്ടേ?' 

'പിന്നെ, അവനെന്തായാലും വേണം. അവനും ചില  പരിഹാരക്രിയകള്‍ പറഞ്ഞിട്ടുണ്ട്' എന്ന് വനജാക്ഷി പറഞ്ഞു. രാജശേഖരന്‍ വിഷമത്തോടെ തലയുയര്‍ത്തി. 'അവന്‍ വരുമോ എന്തോ? ഞാനത്രയ്ക്ക് മാത്രം അവനെ ചീത്ത പറഞ്ഞു.' കൃതികയ്ക്കൊപ്പം ഗെയിം കളിക്കുകയായിരുന്ന ശ്രേയ ചിരിച്ചു. 'ഈ അച്ചനെത്ര പാവമാണ്. അച്ചാ, ചേട്ടന്‍ ഇടയ്ക്കിടെ പതുങ്ങി വന്ന് അമ്മേടേന്ന് പൈസേം വാങ്ങി പോവും. അടുക്കളേ  കേറി വായ്ക്കു രുചിയുള്ള വല്ലതുമുണ്ടെങ്കില്‍ എടുക്കേം ചെയ്യും.' വനജാക്ഷി ദയാപൂര്‍വം രാജനെ നോക്കി. അയാള്‍ ഒരു ചിരി വരുത്തി കണ്ണടച്ചുകിടന്നു. 

കിംസ് ആശുപത്രിക്കടുത്തുള്ള ചെറിയ ലോഡ്ജുമുറിയില്‍ ജനാലയിലൂടെ മാനം നോക്കി കിടക്കുകയായിരുന്നു രവി. വീടു വിട്ടശേഷം അവന്റെ ജീവിതം മാറിപ്പോയിരിക്കുന്നു. അമ്മൂമ്മയുടെ പൊന്നുമോനായിരുന്നു അവന്‍. രവിക്കിഷ്ടമുള്ളതൊക്കെ അവര്‍ ഉണ്ടാക്കിക്കൊടുക്കും. അപ്പൂപ്പന്‍ രാമന്‍പിള്ള അവന്റെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ എപ്പോഴും തയ്യാറായിരുന്നു. അപ്പൂപ്പനോടുള്ള ഏക അഭിപ്രായവ്യത്യാസം കുട്ടന്‍പട്ടിയുമൊത്തുള്ള സഹവാസത്തിന്റെ കാര്യത്തിലായിരുന്നു. ഊണുകഴിക്കും മുമ്പ് രാമന്‍പിള്ള സ്വന്തം കൈകൊണ്ട് പട്ടിക്ക്  ചോറുകൊടുക്കും. അതു കഴിച്ചുതീര്‍ന്നിട്ടേ രാമന്‍പിള്ള കൈകഴുകി ഉണ്ണാനിരിക്കുകയുള്ളൂ. ഉറക്കത്തില്‍ പോലും പട്ടി അടുത്തുണ്ടാവും. അതിനായി പണിയിച്ച ചെറിയ കട്ടിലിലാണ് അതിന്റെ കിടപ്പ്. 

മറ്റുള്ള നായ്ക്കളെപ്പോലെ കുരയ്ക്കുകയോ, കടിക്കുകയോ ചെയ്യാത്ത, അപ്പൂപ്പനെപ്പോലെ മാംസാഹാരം കഴിക്കാത്ത പട്ടിയെ വീട്ടിലെല്ലാവര്‍ക്കും ബഹുമാനമായിരുന്നു. പക്ഷേ, വളര്‍ത്തുമൃഗങ്ങളോട് കടുത്ത അനിഷ്ടമായിരുന്നു രവിക്ക്. കുട്ടനോടുള്ള വെറുപ്പ് പരസ്യമായി പ്രകടിപ്പിക്കാനുള്ള ധൈര്യം അന്നില്ലായിരുന്നു. പക്ഷേ, അപ്പൂപ്പന്‍ മരിച്ചതോടെ അതുമാറി. തക്കം കിട്ടിയാല്‍ അവന്‍ അതിനെ തൊഴിക്കാനും കല്ലെടുത്തെറിയാനുമൊക്കെ തുടങ്ങി. നന്നേ വേദനിച്ചാല്‍ മാത്രം കുട്ടന്‍ ശബ്ദമുണ്ടാക്കും, മുറുമുറുത്ത് ദേഷ്യം പ്രകടിപ്പിക്കും. ഇതൊന്നും  ആരുമറിഞ്ഞില്ല. 

പക്ഷേ, കഴിഞ്ഞ ദീപാവലിക്ക് രവിയുടെ എല്ലാ നിയന്ത്രണവും  വിട്ടുപോയി. അത്രയ്ക്കായിരുന്നു അവനു തോന്നിയ അപമാനം. വീട്ടുജോലിക്കാരി അമ്മിണി പലഹാരപ്പൊതിയുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോള്‍ അടുക്കളക്കു പുറത്തെ വിറകുപുരയില്‍ രവി കാത്തുനിന്നു. അടുത്തെത്തിയതും അവന്‍ അമ്മിണിയെ ബലമായി പിടിച്ചുവലിച്ച് വിറകുപുരയ്ക്കകത്താക്കി. മാസങ്ങളായി അമ്മിണിയെ വശത്താക്കാന്‍ ശ്രമിച്ചുവരികയായിരുന്നു അവന്‍. നാല്‍പ്പതിലധികം വയസ്സു പ്രായമുള്ള അമ്മിണി കുഞ്ഞുന്നാളില്‍ അവനെ എടുത്തു നടന്നിട്ടുള്ളതാണ്. അതെല്ലാം പണ്ട്! 

രാമന്‍പിള്ളയപ്പൂപ്പന്റെ രഹസ്യസന്താനമാണവളെന്നൊരു കഥയുണ്ട്. രവി ആലോചിച്ചിട്ട് അതിന് സാധ്യതയൊന്നും കണ്ടില്ല. 'ഇനി അങ്ങനെയാണെങ്കില്‍ തന്നെ എന്താണ്? കുടുംബം തന്നെ ഒരു ബൂര്‍ഷ്വാ സങ്കപ്പമല്ലേ?' വീട്ടിലെ മറ്റുള്ളവരെല്ലാം പൂമുഖത്താണ്, മുറ്റത്തു മാലപ്പടക്കം പൊട്ടുന്നു. അമ്മിണിയുടെ പ്രതിഷേധവും ഞരക്കവുമൊന്നും മറ്റാരും കേട്ടില്ല. കീറി അടുക്കിവെച്ച മടലുകള്‍ക്ക് മുകളിലേക്ക് അവരെ തള്ളിയിട്ട് അവരുടുത്തിരുന്ന മങ്ങിയ പ്രിന്റുള്ള ലുങ്കി വലിച്ചഴിച്ചു. നരച്ച റോസ് നിറത്തിലെ പാവാട പൊക്കിളിനു മുകളില്‍ കെട്ടിയിരിക്കുന്നു. അതിന്റെ ചുവട്ടിലെ കീറലിലൂടെ പച്ചഞരമ്പുകള്‍ എത്തിനോക്കുന്ന അടിവയറിന്റെ തുടക്കം അവന് കാണാം.  

'മോന്‍കുട്ടാ, നിന്നെ എടുത്തുനടന്ന അമ്മിണിച്ചേച്ചിയാണെടാ' എന്നൊക്കെ അവര്‍ കരഞ്ഞുപറഞ്ഞത് അവന്റെ ആസക്തിയെ കൂടുതല്‍ ജ്വലിപ്പിച്ചു. ഉടുപ്പിന്റെ കുടുക്കുകളഴിച്ചുകൊണ്ട് അവന്‍ മെല്ലെ അവരുടെ മേലേക്ക് കുനിഞ്ഞു.

ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ കുര കേട്ടത് പെട്ടെന്നായിരുന്നു. കുട്ടന്‍പട്ടി തന്നെ! പടക്കം പൊട്ടുന്ന ശബ്ദം കേട്ടു പേടിച്ച് വിറകുപുരയിലൊളിച്ചതാവണം. രവി കുട്ടനെ തണുപ്പിക്കാന്‍ നോക്കിയെങ്കിലും ഇപ്പോള്‍ കഴുത്തിനു പിടിക്കുമെന്ന ഭാവത്തില്‍ അത് അക്രമാസക്തമായി കുര തുടര്‍ന്നു. ഭയന്നുപോയ രവിക്ക് അനങ്ങാനായില്ല. അമ്മിണി അതിവേഗം വസ്ത്രം ശരിയാക്കി പുറത്തേക്കോടി. 

രവിക്ക് അത്രയും കോപം മുമ്പൊരിക്കലും തോന്നിയിട്ടില്ല. വ്യക്തിപരമായി  അപമാനിക്കപ്പെട്ടപോലെ അവനനുഭവപ്പെട്ടു. അപ്പോള്‍ തന്നെ അവന്‍ തീരുമാനിച്ചു, കുട്ടനെ എന്തു വിലകൊടുത്തും വീട്ടില്‍ നിന്നൊഴിവാക്കുമെന്ന്. ഒറ്റവെട്ടിന് കുട്ടന്‍പട്ടി ഒഴിവായി. പിറ്റേന്നു മുതല്‍ അമ്മിണി വരാതെയായി. അവര്‍ ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും. ഒടുവില്‍ അവന് വീടുവിട്ടു പോകേണ്ടിയും വന്നു.
  
യുക്തിവാദിയും ഇടതു വിദ്യാര്‍ത്ഥിസംഘടനാ നേതാവുമാണെങ്കിലും  ഈയിടെയായി ഒറ്റയ്ക്കു പുറത്തു പോവുമ്പോഴൊക്കെ കടുത്ത അസ്വസ്ഥതയാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. കഴിഞ്ഞ മാസം പാര്‍ട്ടി കമ്മിറ്റിയോഗം കഴിഞ്ഞ് രാത്രി പതിനൊന്നു മണിക്ക് കിംസ് ജംഗ്ഷനിലെ തട്ടുകടയില്‍ നിന്നും ദോശ കഴിക്കുമ്പോഴാണ് കുട്ടനെ അവന്‍ വീണ്ടും കണ്ടത്. പെട്ടെന്ന് ഒരു ഉല്‍ക്കണ്ഠ പിടികൂടിയതുപോലെ. രവിയുടെ നേരെ മുന്നില്‍, ഒരു ചുവടകലത്തില്‍ അവന്‍ നിന്നു. കുട്ടന്റെ കണ്ണുകളിലേക്ക് അവന്‍ ഭയത്തോടെ നോക്കി. 

വെള്ളത്തില്‍ ശക്തിയായി ഊതുമ്പോഴുള്ള ഗുളുഗുളു ശബ്ദം പോലെ കുട്ടന്‍ ദീര്‍ഘമായി ശ്വസിച്ചു. ആ മുറുമുറുപ്പിന്റെ ശബ്ദം കാതില്‍ നിറഞ്ഞു. ശ്വാസം നിലച്ചതുപോലെ രവിക്കു തോന്നി. കുട്ടന്റെ മുറിഞ്ഞ കാലിന്റെ അവശിഷ്ടം കൂര്‍ത്ത ഒരു കഠാരി പോലെ തന്റെ നെഞ്ചിലേക്കു ചൂണ്ടിയിരിക്കുന്നതായി അവന് അനുഭവപ്പെട്ടു. ഇപ്പോള്‍ കുട്ടന്റെ കണ്ണുകള്‍ക്ക്  ജ്വലിക്കുന്ന പച്ചനിറമാണ്. 'രവീ, ഇതൊരു ഞൊണ്ടിപ്പട്ടി മാത്രം. എറിഞ്ഞോടിക്കെടാ!' എന്ന് അവന്റെ മനസ്സ് പറഞ്ഞു. ദോശപ്പാത്രം മേശപ്പുറത്തുവെച്ച് അവന്‍ പെട്ടെന്നു കുനിഞ്ഞു, കയ്യില്‍ കിട്ടിയ കല്ലെടുത്ത് ലക്ഷ്യംവെച്ചു. ഏറ് കൊണ്ടില്ല. കുട്ടന്‍ മനുഷ്യനെപ്പോലെ അലറിക്കൊണ്ട് രവിക്കു പിന്നാലെ കുതിച്ചു. 
 
ഒരുവിധത്തിലാണ് അവന്‍ അന്നു രക്ഷപ്പെട്ടത്. മുറിയടച്ചു കുറ്റിയിട്ടിട്ടും പുറത്ത് കുട്ടന്റെ മുരള്‍ച്ച ദീര്‍ഘനേരം കേള്‍ക്കാമായിരുന്നു. അതില്‍ പിന്നെ ഒറ്റയ്ക്ക് രാത്രി പുറങ്ങാറേയില്ല. കൂടെ ആളുള്ളപ്പോള്‍ പോലും ചില ദിവസങ്ങളില്‍ അതിരൂക്ഷമായി കുട്ടന്‍ തന്നെ നോക്കുന്നതായി അവനനുഭവപ്പെടും. ഒരിക്കല്‍ സുഹൃത്ത് ജിബിന്റെ തെങ്ങിന്‍പുരയിടത്തിലെ രഹസ്യതാവളത്തിലിരുന്ന് കഞ്ചാവു പുകയ്ക്കുന്ന സമയത്താണ് കുട്ടന്‍ മുഖാമുഖം വന്നത്. ലഹരിയിലായിരുന്നതിനാല്‍ അവന് തീരെ  പേടി തോന്നിയില്ല. 

'കുട്ടാ, ഞാനതു ചെയ്യാന്‍ പാടില്ലായിരുന്നു. നീ ക്ഷമിച്ചുകള. പിന്നെ വല്യപ്പൂപ്പന്റെ ആത്മാവിന്റെ പുനര്‍ജന്മമാണെങ്കില്‍ വിഷമിക്കേണ്ട കാര്യവുമില്ല.  ആത്മാവിന് കാലില്ലല്ലോ,' പട്ടിയുടെ അറ്റുപോയ കാലിലേക്ക് നോക്കി വിലക്ഷണമായ ഒരു ചിരിയോടെ രവി പറഞ്ഞു. അപ്പോഴേയ്ക്കും ജിബിന്റെ ബൈക്ക് എത്തി, കുട്ടന്‍ അപ്രത്യക്ഷനായി.  

വീട്ടിലായിരുന്നെങ്കില്‍ കൂടുതല്‍ സുരക്ഷിതനായിരിക്കുമെന്ന് അവന് തോന്നി.  അതുകൊണ്ടുതന്നെ കുമാരിയാന്റിയുടെ വിളിയെത്തിയതും അവന്‍ കിഴക്കേ പുത്തന്‍വീട്ടിലേക്ക് തിരിച്ചു. പൂജയിലും പരിഹാരക്രിയകളിലും ഒന്നും തീരെ വിശ്വാസമില്ലായിരുന്നെങ്കിലും അവനെല്ലാത്തിലും പങ്കുകൊണ്ടു. രവിയെ സംബന്ധിച്ചിടത്തോളം ആ ഒരാഴ്ച സ്വപ്നം പോലെ മനോഹരമായിരുന്നു. ഞായറാഴ്ച വൈകിട്ട്  അമേരിക്കക്കാരെല്ലാം തിരിച്ചുപോയി. സുകന്യ പിറ്റേന്ന് രാവിലെ ജനശതാബ്ദിക്കും.   

പൂജയ്ക്കുശേഷം കുട്ടനെ ഒരിടത്തും കണ്ടില്ല. ഭാഗീരഥിയമ്മ പറഞ്ഞതനുസരിച്ച് രാജശേഖരന്‍ കഴിഞ്ഞ മാസം കുറച്ചു പണിക്കാരുമായി കുന്നിന്‍മുകളാകെ അരിച്ചുപെറുക്കിയതാണ്. ഒരു പട്ടി താവളമാക്കാനിടയുള്ള ഇടങ്ങളൊക്കെ അവര്‍ പരിശോധിച്ചു. പട്ടി പോയിട്ട് അതിന്റെ രോമം പോലും അവിടെങ്ങും ഉണ്ടായിരുന്നില്ല. കുട്ടനെ എങ്ങും കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ ഭാഗീരഥി ദീര്‍ഘനിശ്വാസം വിട്ടു.  'പാവം, അതു ചത്തിട്ടുണ്ടാവും! ആ മിണ്ടാപ്രാണി എന്തു മാത്രം നരകിച്ചതാ.. ഇനിയെങ്കിലും എന്റെ മക്കളുടെ അച്ഛന് മോക്ഷം കിട്ടുമല്ലോ' എന്ന് അവര്‍ ആശ്വസിച്ചു. രവിക്കായിരുന്നു ഏറ്റവും സമാധാനം.  

അടുത്തയാഴ്ച രാവിലെ കോളജില്‍ പോകാന്‍ നേരം തിരക്കിട്ട് കാപ്പികുടിക്കാനെത്തിയപ്പോഴാണ് അവന് മനസ്സിലായത്, അമ്മിണി ജോലിക്കു  തിരിച്ചെത്തിയിരിക്കുന്നു! ഭക്ഷണം കഴിഞ്ഞ് അടുക്കളയ്ക്കു പുറത്തെ പൈപ്പില്‍ കൈകഴുകുമ്പോള്‍ അവന്‍ ഇടങ്കണ്ണിട്ടുനോക്കി. അമ്മിണി തന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. തിരിച്ചുകയറുമ്പോള്‍ അവന്റെ കണ്ണുകള്‍ തുറിച്ചുനില്‍ക്കുന്ന അവരുടെ മാറിടത്തില്‍ പതിഞ്ഞു. നോട്ടത്തിന്റെ രൂക്ഷത കൊണ്ടാവണം, അവര്‍ തല കുനിച്ചു. പുറത്തേക്കു നടക്കുമ്പോള്‍ അവള്‍ മാത്രം കേള്‍ക്കാന്‍ പാകത്തില്‍ രവി പറഞ്ഞു, 'രാത്രി ഞാന്‍ വരും!' കോളജിലിരിക്കുമ്പോള്‍ മുഴുവന്‍ നേരവും അവന്‍ അമ്മിണിയെ ദിവാസ്വപ്നം കണ്ടു. 

വൈകിട്ട് രവി കൂട്ടുകാരുമൊത്ത് നഗരത്തില്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയി. വരുന്ന വഴി ജിബിന്റെ കാറിലിരുന്ന് അവര്‍ ബിയര്‍ കഴിച്ചു, മേമ്പൊടിക്ക് ഒരു കഞ്ചാവുബീഡിയും. വീട്ടിനടുത്തെത്താറായപ്പോള്‍ രവി പറഞ്ഞു, 'എടാ, ഇന്ന് വീട്ടില്‍ പോണില്ല. കുന്നിന്‍മുകളില്‍ നമ്മുടെ തെക്കതിന്റെ വരാന്തയില്‍ കിടക്കും. കുറേ നാളായി ഒരു രാത്രി ഫുള്ളായി എന്‍ജോയ് ചെയ്തിട്ട്. നീ പൊയ്ക്കോ!' ജിബിന്‍ പരിഭവിച്ചു. 'നീ എന്നെ ഒഴിവാക്കുകയാണോ?' 'ഒരു ചെറിയ  കേസുകെട്ടുണ്ട്, നാളെപ്പറയാം,' തെല്ലു കുഴയുന്ന ശബ്ദത്തില്‍ രവി പറഞ്ഞു.

കുന്നിന്‍മുകളിലെ തെക്കതിന്റെ പടിഞ്ഞാറേ ചെരുവിലാണ് അമ്മിണിയുടെ വീട്. വീട്ടില്‍ രോഗിയായ അമ്മ മാത്രമേയുള്ളൂ കൂട്ടിന്. നല്ല ചെറുപ്പത്തിലേ അവളെ ഭര്‍ത്താവുപേക്ഷിച്ചതാണ്. കുന്നിന്റെ മുകളിലെത്തിയപ്പോള്‍ രവി കിതയ്ക്കുന്നുണ്ടായിരുന്നു. പൗര്‍ണമിയായതിനാല്‍ നല്ല വെളിച്ചം. തെങ്ങില്‍ ചാരിനിന്ന് കഞ്ചാവുബീഡി കത്തിച്ച് നാലഞ്ചു പുകവിട്ട് കിതപ്പാറ്റിയ ശേഷം രവി അമ്മിണിയുടെ വീട്ടിലേക്ക് നടന്നു. അകത്ത് വെളിച്ചമുണ്ട്. 'ചേച്ചീ, ഞാനാ, രവി. വാതില് തുറക്ക്'  എന്ന് പാമ്പ് ചീറ്റുമ്പോലെ ശബ്ദമുണ്ടാക്കി. 
 
വാതില്‍ മെല്ലെത്തുറന്ന് അമ്മിണി പുറത്തുവന്നു. രവിയെ അവള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി. കുളിച്ചു സുന്ദരിയായി നെറ്റിയില്‍ വലിയൊരു ചുവന്ന പൊട്ടും തൊട്ട്. 'ഇവിടെ പറ്റത്തില്ല. അമ്മയ്ക്ക് ഉറക്കം കുറവാ. നമുക്ക് കുന്നിന്റെ മുകളിലേക്ക് പോവാം' എന്നു പറഞ്ഞ് അമ്മിണി അവന്റെ കൈപിടിച്ചു. ഉള്ളില്‍ ചെറിയൊരു പേടി അവന് തോന്നാതിരുന്നില്ല. അമ്മിണി എടുത്ത വായിലേ ചോദിച്ചു, 'എന്താ, കുട്ടന്‍പട്ടിയെ ഇനിയും പേടിയാണോ' എന്ന്.  

'ചേച്ചീ, സത്യം പറഞ്ഞാ ഞാനും പേടിച്ചു. മനുഷ്യന്‍ എത്ര വിഡ്ഢിയാണ്! മൂന്നുകാലുള്ള ഒരു ചാവാലിപ്പട്ടിയെ ശാസ്ത്രജ്ഞരും അധ്യാപകരും ഒക്കെയുള്ള നമ്മുടെ കുടുംബം തന്നെ പേടിക്കുന്നു. എനിക്ക് കരുണാകരന്‍പിള്ളയുടെ ആത്മാവിനെയല്ല, പട്ടിയെയാണ് പേടി! മനുഷ്യനേക്കാള്‍ പേടിക്കേണ്ട ഒന്നും ഈ ഭൂമുഖത്തില്ല. അതേ, മനുഷ്യന്‍ മറ്റെല്ലാ ജീവികളുടെയും യജമാനനായത് ബുദ്ധി കൊണ്ടാണ്. യുക്തിചിന്ത കൊണ്ടാണ്. എനിക്കത് രണ്ടുമുണ്ട്. എനിക്കു പേടിയില്ല ചേച്ചീ!'

മുകളിലേക്ക് കയറുന്നതിനിടെ തിരിഞ്ഞുനിന്ന അവന്‍ അമ്മിണിയെ ആവേശത്തോടെ ആലിംഗനം ചെയ്തു ചുംബിച്ചു. അമ്മിണി അവനെയും കൂട്ടി കുന്നിന്‍മുകളിലേക്ക് നടന്നു. തെക്കതിന്റെ വരാന്തയിലിരുന്ന് വിറയാര്‍ന്ന വിരലുകളാല്‍ രവി അമ്മിണിയുടെ ബ്ലൗസിന്റെ കുടുക്കുകളഴിക്കുമ്പോള്‍ അവള്‍ മെല്ലെ ചിരിക്കാന്‍ തുടങ്ങി. പിന്നെ അവന്റെ കൈകള്‍ തട്ടിമാറ്റി സ്വയം കുടുക്കുകളഴിച്ചു. അവളുടെ ചിരി അവനെയും ചിരിയുടെ ചെങ്കുത്തായ കയറ്റങ്ങളിലേക്ക് നയിച്ചു. അവരുടെ ചിരി കുന്നിന്‍മുകളിലാകെ മുഴങ്ങുന്നതിനിടെ കാര്‍മേഘങ്ങള്‍ പാഞ്ഞെത്തി ചന്ദ്രനെ മറച്ചു, ലോകമാകെ ഇരുട്ടിലായി. 

പിന്നില്‍ വാതിലുകള്‍ ഉച്ചത്തില്‍ തുറക്കുന്ന ശബ്ദം കേട്ട് അവന്‍ തിരിഞ്ഞുനോക്കി. തെക്കതില്‍ വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു. അകത്ത്  മന്ത്രോച്ചാരണം കേള്‍ക്കാം. കര്‍പ്പൂരത്തിന്റെയും കുന്തിരിക്കത്തിന്റെയും രൂക്ഷമായ ഗന്ധം. ആരോ മണിയടിക്കുന്നുണ്ട്! പെട്ടെന്ന്, അടുത്തെവിടെയോ ഉച്ചത്തില്‍ ഒരു പട്ടി കുരയ്ക്കുന്നത് കേള്‍ക്കായി. തെക്കതിന്റെ നടയടഞ്ഞു. പരിപൂര്‍ണമായ അന്ധകാരം. 

വെളുത്ത നിറത്തിലെന്തോ അരികിലൂടെ കുതിച്ചതും നിലവിളിച്ചുകൊണ്ട് അവന്‍ നിലത്തേക്ക് മറിഞ്ഞു. ഒരു കൊള്ളിയാന്‍ മിന്നി. അതവശേഷിപ്പിച്ച സുവര്‍ണരേഖകളുടെ നൊടിവെളിച്ചത്തിലാണ് രവി കണ്ടത്, തന്റെ കഴുത്തിനടുത്തേക്ക് പിളര്‍ന്ന വായയുമായി നീണ്ടുവരുന്ന ശ്വാനമുഖം. അതിന്റെ വെളുത്ത നെറ്റിയില്‍ ഒരു കോടാലി തറച്ചിരുന്നു, അതില്‍ നിന്നും ചോര ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. കൈകാലുകള്‍ ചലിപ്പിക്കാന്‍ ശക്തിയില്ലാതെ, ഒന്നനങ്ങാന്‍ പോലുമാവാതെ രവി നിര്‍വികാരനായി കിടന്നു.  

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മേഘമറ നീങ്ങി, കുന്നിന്‍ചെരിവില്‍ പകല്‍ പോലെ വെളിച്ചം. ധ്രുവനക്ഷത്രം മാനത്തുനിന്നും ഇറങ്ങിവന്ന് കുന്നിന്‍തുഞ്ചത്ത് ഇരിക്കുന്നതു പോലെ. അവിടെ ഒരുപറ്റം മനുഷ്യര്‍ ഘോഷയാത്ര പോലെ നടന്നുനീങ്ങി അങ്ങേ ചെരുവിലേക്ക് മറയുന്നു! എത്രനേരം ആ ഒറ്റവരി ജാഥ നീണ്ടെന്ന് അവനറിയില്ല.  പക്ഷേ, അതില്‍ നിന്നും കണ്ണെടുക്കാന്‍ അവനായില്ല.

'അതാ, വല്യപ്പൂപ്പന്‍ കരുണാകരന്‍ പിള്ള! പിന്നാലെ രാമന്‍ പിള്ളയപ്പൂപ്പന്‍, തൊട്ടുപിറകെ.. അയ്യോ,  അതച്ഛനാണ്!' ഒരു നിലവിളി തൊണ്ടയില്‍ മുങ്ങിത്താഴുമ്പോള്‍ കുന്നിന്റെ ഉച്ചിയില്‍ നിന്നും ധ്രുവനക്ഷത്രം തെറിച്ചുതാഴേയ്ക്ക് പറന്നു. ചന്ദ്രന്‍ കാര്‍മേഘക്കുണ്ടിലേക്ക് ഊളിയിട്ടു. എല്ലാമിരുട്ടായി. അകത്തും പുറത്തും. 

രാവിലെ എട്ടുമണിക്ക് അവനെ വിളിച്ചുണര്‍ത്തിയത് ജിബിനാണ്. തെക്കതിന്റെ മുറ്റത്ത് സ്വന്തം ഛര്‍ദ്ദിലില്‍  കമിഴ്ന്നുകിടക്കുകയായിരുന്നു രവി. പുലര്‍ച്ചെ മുതല്‍ നാട്ടുകാര്‍ അവനെ തിരയുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ രവിയുടെ അച്ഛന്‍ രാജശേഖരന്‍ പിള്ള ഹൃദയാഘാതത്തില്‍ മരിച്ച വിവരം അറിയിക്കാന്‍. രവിക്ക് അത് ഒട്ടും ഞെട്ടലുണ്ടാക്കിയില്ല. 

അവന്‍ ജിബിനെ അടുത്തുവിളിച്ച് ചെവിയില്‍ കുശുകുശുത്തു, 'എടാ, അമ്മിണിക്ക് എന്തെങ്കിലും?'  

'അപ്പോ നീയൊന്നുമറിഞ്ഞില്ലേ? ' അത്ഭുതത്തോടെ ജിബിന്‍ ചോദിച്ചു. ഉല്‍ക്കണ്ഠ ഹൃദയത്തെ ഞെരുക്കുന്നത് പുറത്തുകാണാതിരിക്കാന്‍ പണിപ്പെട്ട് രവി ഇല്ലെന്ന് തല കുലുക്കി. 'എടാ, അവര് ഇന്നലെ രാത്രി കിണറ്റില്‍ ചാടിച്ചത്തു. അമ്മിണീടെ ഭര്‍ത്താവ് വൈകിട്ട് ചെന്നിരുന്നെന്നോ ഭീഷണിപ്പെടുത്തിയെന്നോ ഒക്കെ നാട്ടുകാര്‍ പറയുന്നു. ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം..'  

    രവി ശബ്ദമുയര്‍ത്തി. 'തമാശ പറയേണ്ട നേരമല്ല ജിബിന്‍. അവരെവിടെ? ഇന്നലെ 12 മണിക്ക് ഞാനവരെ കണ്ടതാ. എന്നെ കളിപ്പിക്കാന്‍ നോക്കണ്ട!'  

ജിബിനും ചൂടായി. 'ഇന്നലെ രാത്രി എട്ടു മണിക്ക് ചാടിച്ചത്ത അമ്മിണി പന്ത്രണ്ടുമണിക്ക് നിന്നെ കാണാന്‍ വരുമെങ്കില്‍ നീ വലിച്ച ഗ്രാസിന്റെ പ്രശ്നമാവണം. അല്ലെങ്കില്‍ അവള്‍ യക്ഷിയായിക്കാണും. എടാ, പെട്ടെന്നൊരു ദിവസം അച്ഛന്‍ മരിച്ചെന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഇങ്ങനെയൊക്കെ തോന്നും. നീ വാ..' ജിബിന്‍  രവിയെ വലിച്ചെഴുന്നേല്‍പ്പിച്ച് ചുമലില്‍ താങ്ങി അവനെ വീട്ടിലേക്ക് കൊണ്ടുപോയി.  പോകുന്ന വഴിക്ക് രവിയുടെ മുഖം കഴുകിക്കാനും ഉടുപ്പ് വൃത്തിയാക്കാനും ജിബിന്‍ പണിപ്പെട്ടു. 

രവിയുടെ മനസ്സ് അവിടൊന്നുമല്ലായിരുന്നു! അമര്‍ത്തിയ നിലവിളികള്‍ക്കും കൃത്രിമ  അനുശോചന നോട്ടങ്ങള്‍ക്കുമിടയിലൂടെ വീട്ടിലേക്ക് കയറുമ്പോള്‍ എന്തോ ഉള്‍വിളിയാലെന്നോണം അവന്‍ തിരിഞ്ഞുനോക്കി. അവിടെ, തെക്കുവശത്തെ മുരിങ്ങമരച്ചോട്ടില്‍ കുട്ടന്‍പട്ടി കിടക്കുന്നു! അതിന്റെ വലത്തെ പിന്‍കാലില്‍ നിന്നും ചോരയൊഴുകുന്നുണ്ട്.  

പിന്നെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. രവിക്കും. ചെവിപൊട്ടുന്ന ഒച്ചയില്‍ അലറിക്കൊണ്ട്, കോപത്താല്‍ വിറച്ചുകൊണ്ട് അവന്‍ പിന്നാമ്പുറത്തെ വിറകുപുരയിലേക്കോടി. ജിബിനും അനിയത്തി ശ്രേയയും ബന്ധുക്കളും പിന്നാലെയും. ഒരു കൂറ്റന്‍കോടാലിയുമായി അവന്‍ തുള്ളിയറഞ്ഞ് തിരിച്ചെത്തി, മുരിങ്ങച്ചോട്ടില്‍ ആഞ്ഞാഞ്ഞ് വെട്ടാന്‍ തുടങ്ങി. അദൃശ്യനായ ഒരു ശത്രുവിനെ വകവരുത്താനെന്നോണം. ബന്ധുക്കളും ജനക്കൂട്ടവും അത്ഭുത പരതന്ത്രരായി അതു നോക്കിനിന്നു. 


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios