Asianet News MalayalamAsianet News Malayalam

Malayalam Short Story : കല്‍ക്കട്ട '69, പി. ടി. പൗലോസ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  പി. ടി. പൗലോസ് എഴുതിയ ചെറുകഥ

chilla malayalam  short story by P T Poulose
Author
First Published Jan 31, 2024, 7:10 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by P T Poulose

 

പാരീസ് ബാര്‍ ആന്‍ഡ് റെസ്റ്റോറന്റ്.  

മധ്യകല്‍ക്കട്ടയിലെ പാരീസ് ബാര്‍ പാട്ടും നൃത്തവുമായി സജീവമാകുന്നത് സായാഹ്നങ്ങളില്‍. അന്ന് പതിവിലും നേരത്തെ ബാറില്‍ തിരക്കായി. ബംഗ്ലാ കോണ്‍ഗ്രസ് നേതാവ് അജോയ് മുഖര്‍ജി രണ്ടാം വട്ടം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജ്യോതി ബസു ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം. ഐക്യമുന്നണി സര്‍ക്കാരാണ് നിലവില്‍ വന്നതെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഭൂരിപക്ഷം ബംഗാളികളും ഹൃദയത്തിലേറ്റിയ ആ ദിവസം പാര്‍ട്ടി കൊഴുപ്പിക്കുകയായിരുന്നു. പശ്ചിമ ബംഗാളിന്റെ ഉള്‍ഗ്രാമങ്ങളില്‍ നിന്നും രാവിലെ മുതല്‍ പാര്‍ട്ടി അനുഭാവികളെയും സഖാക്കളെയും കുത്തിനിറച്ച് സ്വകാര്യബസ്സുകള്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. മൈതാനും ധരംതലയും ചൗരംഗിയുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി. ഉച്ചകഴിഞ്ഞതോടെ നഗരത്തിലെ ബാറുകളും റെസ്റ്ററന്റുകളും എല്ലാം തിരക്കിലായി. പാരീസ് ബാറും സജീവമായി.

സായാഹ്നങ്ങളില്‍ പാരീസ് ബാറിലെ സ്ഥിരസാന്നിദ്ധ്യമാണ് മാത്യൂസ് കുര്യന്‍. അന്ന് എന്നെയും കൂട്ടിയാണ്
അവന്‍ ബാറിലെത്തിയത്. ആളൊഴിഞ്ഞൊരു കോണില്‍ ഞങ്ങള്‍ ഇരിപ്പിടം കണ്ടെത്തി. ബാറിലെ മ്യൂസിക് ബാന്‍ഡ് ഒരുങ്ങിയുണര്‍ന്നു. തപന്‍ ചൗധരിയുടെ സാക്‌സോഫോണില്‍ നിന്നും സച്ചിന്‍ ദേവ് ബര്‍മ്മന്റെ ഉന്മാദസംഗീതമൊഴുകിയെത്തി. കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ രഞ്ചന്‍ മജുംദാര്‍ ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് പാടിത്തുടങ്ങി. ''രൂപ് തേരാ മസ്താന പ്യാര്‍ മേരാ ദീവാനാ....'' 

ഞങ്ങളുടെ ടേബിളില്‍ നുരഞ്ഞുപൊങ്ങിയ ബിയര്‍ ഗ്‌ളാസ്സുകളിലൊന്ന് കരസ്ഥമാക്കി സൊണാലി ഹാഷ്മി മാത്യൂസിനെ ക്ഷണിച്ചു, അവളോടൊപ്പം ചുവടുവയ്ക്കാന്‍. അക്കോര്‍ഡിയനിസ്റ്റ് സമീര്‍ ഗാംഗുലി, തബല കൊണ്ട് കവിതകളെഴുതുന്ന രാജാ കൃഷ്ണമൂര്‍ത്തി, ഫ്‌ളൂട്ടും വയലിനും കൊണ്ട് ശ്രോതാക്കളെ സ്വര്‍ഗത്തിലെത്തിക്കുന്ന ഭൂമിയിലെ മാലാഖക്കുട്ടികള്‍ രാജിയും ലക്ഷ്മിയും. പിന്നെ മലയാളത്തിന്റെ തനതായ ഇലത്താളവുമായി ബാബുരാജും തപന്‍ ചൗധരിയോടൊപ്പം കൂടി. ശബ്ദാനുകരണ ഗായകരായ സുഷമാ ഘട്ടക്കിന്റെ ആശാഭോസ്ലെയും ജിതിന്‍ ഭട്ടാചാര്യയുടെ റാഫിയും ഹസന്‍ മിയയുടെ മുകേഷും കാര്‍ത്തിക് മഹാപത്രയുടെ മഹേന്ദ്ര കപൂറും പാരീസ് ബാറിനെ ഇളക്കിമറിച്ചു. ആ സംഗീതരാവില്‍ ഉന്മാദം പകര്‍ന്ന് സൊണാലി ഹാഷ്മിയും രേണുവും ശിപിയാ ബാസുവും അതിഥികള്‍ക്കൊപ്പം ചുവടുകള്‍ വച്ചു.  

രാവേറെയായി. മദ്യലഹരിയില്‍ ഉറയ്ക്കാത്ത കാലുകളുമായി ആടിക്കുഴഞ്ഞ് സൊണാലിയോടൊട്ടി നിന്ന മാത്യൂസിനെയും കൊണ്ട് ഞാന്‍ പുറത്തേക്ക് നടന്നു. ബാറിന്റെ വടക്കുപടിഞ്ഞാറെ കോണില്‍ നിന്നും അതിഥികളിലൊരാള്‍ ആര്‍ത്തുവിളിച്ചു 'ഇന്‍ക്വിലാബ് സിന്ദാബാദ്', 'ജ്യോതി ബസു സിന്ദാബാദ്.' അത് ഒരു ഇടിമുഴക്കമായി ബാറില്‍ പ്രതിധ്വനിച്ചു, ബംഗാളിന്റെ വിപ്ലവമണ്ണില്‍ വരുംകാലങ്ങളില്‍ വരാനിരിക്കുന്ന ചുവപ്പന്‍ വസന്തത്തിനൊരു വരവേല്‍പ്പുപോലെ.

ഡല്‍ഹൗസി സ്‌ക്വയര്‍. 

ബംഗാളിലെ ബ്രിട്ടീഷ്  ഭരണകാര്യാലയമായിരുന്ന സെന്‍ട്രല്‍ കല്‍ക്കട്ടയിലെ ഡല്‍ഹൗസി സ്‌ക്വയറിലെ റൈറ്റേഴ്സ്  ബില്‍ഡിംഗ്‌സിന്റെ ബാല്‍ക്കണി വരാന്തയിലൂടെ ഉലാത്തിക്കൊണ്ടിരുന്ന അന്നത്തെ ജയില്‍ ഐ.ജി. സിംപ്സണ്‍ സായിപ്പിനെ ഇന്ത്യന്‍ ദേശീയ സമര പോരാളികളായ മൂന്നു ചെറുപ്പക്കാര്‍ വെടിവെച്ചു കൊന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷ നല്‍കിയ ആ മൂന്നു ദേശസ്‌നേഹികളുടെ പേരില്‍ ഡല്‍ഹൗസി സ്‌ക്വയറിനെ പിന്നീട് പുനര്‍നാമകരണം ചെയ്തു. ബിനോയ് - ബാദല്‍ - ദിനേഷ് ബാഗ്.  പശ്ചിമ ബംഗാളിന്റെ ഭരണകാര്യാലയമായ റൈറ്റേഴ്സ് ബില്‍ഡിംഗ് ഉള്‍പ്പടെ അവിടത്തെ പഴയകാല കെട്ടിടങ്ങള്‍ ബ്രിട്ടീഷ് കൊളോണിയല്‍ വാസ്തുവിദ്യാവൈദഗ്ധ്യത്തിന്റെ ശേഷിപ്പുകളായി ഇന്നും സംരക്ഷിച്ചു പോരുന്നു. കൂടാതെ കല്‍ക്കട്ടയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളെക്കൊണ്ട് തിരക്കേറിയ ബി. ബി. ഡി. ബാഗിലെ സ്റ്റീഫന്‍ ഹൗസില്‍ ആയിരുന്നു അന്ന് ഞങ്ങളുടെ എയര്‍ ഇന്ത്യയുടെ കല്‍ക്കട്ട സിറ്റി ഓഫീസ് . 

ഒരു തിങ്കളാഴ്ച ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഡിപ്പാര്‍ട്‌മെന്റിലെ ഇന്റര്‍നാഷണല്‍ കാര്‍ഗോ ട്രാഫിക് ഡെസ്‌ക്കില്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് ഒരു കണ്‍സൈന്മെന്റ് അയക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാനന്ന് രാവിലെ. അതുകൊണ്ട് എന്റെ മുന്‍പില്‍ വന്നിരുന്ന ചെറുപ്പക്കാരനെ ഞാനത്ര ശ്രദ്ധിച്ചില്ല. തിരക്ക് കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ അയാള്‍ ഒരു കവര്‍ തന്നു. കണ്ടപ്പഴേ മനസ്സിലായി അയാള്‍ ഒരു മലയാളി ആണെന്ന്. എങ്കിലും ചോദിച്ചു.

'മലയാളി ആണ് അല്ലെ?'

'അതെ, എന്റെ പേര് മാത്യൂസ് കുര്യന്‍. ബോംബെയില്‍ ആയിരുന്നു ഇന്റര്‍വ്യൂ. ഇവിടെ കാര്‍ഗോ സിറ്റി ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ വന്നതാണ്.' 

കവര്‍ കാര്‍ഗോ മാനേജരുടെ പേരില്‍ ആയിരുന്നത്‌കൊണ്ട് ഞാന്‍ അയാളെയും കൂട്ടി മാനേജര്‍ ബിരണ്‍ സിംഗിന്റെ റൂമിലേക്ക് നടന്നു.

അന്നു മുതല്‍ കാര്‍ഗോ ഡിപ്പാര്‍ട്‌മെന്റില്‍ ട്രാഫിക് അസിസ്റ്റന്റ്‌സ് ബിജു, സുഭാഷ് ചന്ദ്രന്‍,
ഗണപതി അയ്യര്‍ എന്നിവരെ കൂടാതെ ഒരു മലയാളി കൂടി എന്റെ സഹപ്രവര്‍ത്തകന്‍ ആയി. ഓറിയന്റേഷന്‍ എന്റെ കീഴില്‍ ആയിരുന്നു. രണ്ടാഴ്ച കൊണ്ട് ജോലിയെല്ലാം മാത്യൂസ് മനസ്സിലാക്കിയെടുത്തു. ഓഫീസില്‍ സമയം കഴിഞ്ഞാല്‍ ഞങ്ങള്‍ എയര്‍ ഇന്ത്യ കാര്‍ഗോ മലയാളികള്‍ക്ക് കല്‍ക്കട്ട നഗരത്തിലൂടെ ഒരു കറക്കമുണ്ട്. ഓരോ ദിവസവും ഓരോ സ്ഥലങ്ങള്‍. ടെംപിള്‍ ബാര്‍, എല്‍ഫിന്‍, അംബര്‍, സാഗര്‍, ഷാ ബ്രദേഴ്‌സ്, ട്രിന്‍കാസ് അങ്ങനെ പോകും. കറക്കം കഴിഞ്ഞ് കറങ്ങി വീട്ടില്‍ എത്തിയാല്‍ ഞങ്ങള്‍ ബാച്ചിലേഴ്സ് ആയതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവിവാഹിതന്‍ ആയിരുന്നെങ്കിലും മാത്യൂസിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. അവന്‍ നാട്ടില്‍ മൂവാറ്റുപുഴയിലെ കൊച്ചുമാളിയേക്കല്‍ കുടുംബാംഗം. കേരളാ ഹൈക്കോടതിയിലെ തിരക്കുള്ള സീനിയര്‍ വക്കീലും പ്ലാന്ററും ആയ കുര്യന്‍ തോമസിന്റെ ഒറ്റമോന്‍.  മോള്‍ ഗ്രേസും ഭര്‍ത്താവും കല്‍ക്കട്ടയില്‍. ഗ്രേസിന്റെ ഭര്‍ത്താവ് ഐസക്കിന് കല്‍ക്കട്ട റിസേര്‍വ് ബാങ്കില്‍ ജോലി. മാത്യൂസിന് എയര്‍ ഇന്ത്യയില്‍ ജോലി കിട്ടിയതുകൊണ്ടും അളിയനും പെങ്ങളും കല്‍ക്കട്ടയില്‍ ഉള്ളതുകൊണ്ടും മാത്രമാണ് എം. കോം ബിരുദധാരിയായ മാത്യൂസിനെ കല്‍ക്കട്ടക്ക് കുര്യന്‍ വക്കീല്‍ അയച്ചത് എന്ന് മാത്യൂസ് പറഞ്ഞിരുന്നു.  വൈകുന്നേരങ്ങളില്‍ ഉള്ള കറക്കം അവന്റെ അളിയനും പെങ്ങള്‍ക്കും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് പെങ്ങളുടെ വീട്ടിലെ താമസം മതിയാക്കി അവന്‍ എന്റെ കൂടെ താരാ റോഡിലെ ലക്ഷ്മി നാരായണ്‍ മെസ്സിലേക്ക് പോന്നു. അങ്ങന്‍െ ഒരു ദിവസമാണ് അവന്‍ സ്ഥിരമായി വരാറുള്ള പാരീസ് ബാറില്‍ എന്നെയും കൂട്ടി എത്തുന്നതും സൊണാലിയുമായി മദ്യലഹരിയില്‍ ആടിക്കുഴഞ്ഞതും.


സൊണാലി ഹാഷ്മി

അക്കാലത്താണ് എനിക്ക് എയര്‍പോര്‍ട്ടിലേക്കു് ട്രാന്‍സ്ഫര്‍ ആകുന്നത് .  അതിനുശേഷം ഞങ്ങള്‍ കണ്ടുമുട്ടുന്നത് ആഴ്ചയില്‍ ഒരിക്കല്‍ ആയി. പിന്നീടത് രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഞാന്‍ സിറ്റി ഓഫീസില്‍ വരുമ്പോള്‍ മാത്രമായി. മാത്യൂസിന്റെ പാരീസ് ബാറിലേക്കുള്ള സായാഹ്നയാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.  സൊണാലി വെളുത്തുമെലിഞ്ഞ സുന്ദരിയായിരുന്നു. നീണ്ട മൂക്കും നീലക്കണ്ണുകളുമുള്ള സുന്ദരി. അവള്‍ മാത്യൂസിന് ഒരു വികാരമായി. ഭാഷ ഒരു തടസ്സമായിരുന്നില്ല. അവന്‍ ബോംബെയില്‍ പഠിച്ചതുകൊണ്ട് ഹിന്ദി നന്നായി അറിയാം. ഇപ്പോള്‍ ബംഗാളി സംസാരിക്കാന്‍ ശ്രമിക്കുന്നു. പല പ്രാവശ്യം അകന്നു മാറാന്‍ ശ്രമിച്ചെങ്കിലും മാത്യൂസിന്റെ നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെ മുന്‍പില്‍ സൊണാലി ഹാഷ്മിക്ക് തോല്‍ക്കേണ്ടിവന്നു. അവര്‍ പ്രണയബദ്ധരായി. ഹൃദയവും ശരീരവും പരസ്പരം സമര്‍പ്പിച്ച പ്രണയം. ഒരു മനോഹര സായാഹ്നത്തില്‍ വിക്ടോറിയ മെമ്മോറിയലിന്റെ പച്ചപ്പുല്‍ത്തകിടിയില്‍ മാത്യൂസിന്റെ മടിയിലമര്‍ന്ന് സൊണാലി മനസ്സ് തുറന്നു.

'മാത്യൂസ്, നിനക്കറിയാമോ ഞാനാരാണെന്ന് ?'

'അറിയാം കുറെയൊക്കെ, എങ്കിലും സൊണാലി പറയൂ'

'ഞാന്‍ സോനാഗച്ചിയിലെ ഒരു ലൈംഗികത്തൊഴിലാളി. എന്റെ  ബോസ് ഗിരിജാബെന്‍ ജോലിയുടെ
ഭാഗമായി എന്നെ വൈകുന്നേരങ്ങളില്‍ പാരീസ് ബാറില്‍ അയക്കുന്നു. എന്നാല്‍ നിന്നെ കണ്ടതിനുശേഷം എനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല'

'അതുകൊണ്ടാണ് ഞാനെന്നും പറയാറുള്ളത്, നമുക്ക് ഒരുമിച്ചു ജീവിക്കാം. എനിക്ക് നീയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല സൊണാലി.'

'ശരിയായിരിക്കാം. പക്ഷെ, നിന്റെ കുടുംബം, നിന്റെ ഭാവി... എല്ലാം ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു മാത്യൂസ് '

'സൊണാലി ഇപ്പോള്‍ അതൊന്നും ചിന്തിക്കണ്ട .  സമയമാകുമ്പോള്‍ എല്ലാം നടക്കും. എങ്കിലും നീ സോനാഗച്ചിയില്‍ എത്തിയത് എങ്ങനെയെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്'

''ഞാന്‍ പറയാം മാത്യൂസ് ''-അവള്‍ കഥ പറഞ്ഞുതുടങ്ങി.


സോനാഗച്ചി

ഉത്തര്‍പ്രദേശിലെ അസംഗഡിലെ തംസാ നദിക്കരയിലൂടെ കൂട്ടുകാരികളുമൊത്ത്  കളിച്ചുനടന്ന
ഒരു ബാല്യകാലമുണ്ടായിരുന്നു എനിക്ക്. ഞാനും എന്റെ അനുജത്തി സൈനുവും റയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന രാജാ ജേട്ടുവിന്റെ മകള്‍ നദിയയും ഞങ്ങളുടെ വീടിനോട് തൊട്ടുചേര്‍ന്നു താമസിച്ചിരുന്ന ഫാത്തിമയും ആയിരുന്നു കളിക്കൂട്ടുകാര്‍. നദിക്കരയിലെ ലിച്ചിമരത്തോട്ടങ്ങളില്‍ നിന്നും ലിച്ചിപ്പഴങ്ങള്‍ കട്ടുപറിക്കുവാനാണ് പോകുന്നതെങ്കിലും  ഞങ്ങളുടെ പ്രധാന വിനോദം ആ ആഴ്ചയില്‍ ടൗണില്‍ ഓടിയ സിനിമയുടെ കഥ പറച്ചിലാണ്. ടൗണില്‍ അന്ന് നല്ല ഒരു സിനിമാ കൊട്ടാകെയുള്ളു, 'ടാജ്  മഹല്‍.' ഞങ്ങളില്‍ ആരെങ്കിലും ആഴ്ചയില്‍ ഒരു സിനിമ കാണും. പിറ്റേദിവസം മറ്റു മൂന്നു പേരോടും നദിയോരത്തെ ധോബിപ്പാറയിലിരുന്ന് കഥ പറയും. കഥ തീരുമ്പോള്‍ പറിച്ച ലിച്ചിപ്പഴങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ തിന്നു തീര്‍ത്തിരിക്കും. രാജ്കപൂര്‍, ദിലീപ് കുമാര്‍, മനോജ്കുമാര്‍, രാജ്കുമാര്‍, രാജേന്ദ്രകുമാര്‍, ഷമ്മികപൂര്‍, പ്രാണ്‍, നര്‍ഗീസ്, വഹീദാ റഹ്മാന്‍,  ആശാപരേഖ,  വൈജയന്തിമാല, നൂതന്‍ ഇവരൊക്കെയും ഇവര്‍ അഭിനയിച്ച സിനിമകളും കുഞ്ഞുംന്നാളുകളിലും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ഞങ്ങളുടെ സംസാര വിഷയങ്ങളായിരുന്നു. 

ഞാന്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് എന്റെ ബാപ്പ ഹനീഫ് ഹാഷ്മി വീട് പൂട്ടി ഞങ്ങളെയും കൊണ്ട് ബോംബെക്ക് പോകുന്നത്. ബാപ്പക്ക് അവിടെ താനയില്‍ ഒരു തുണിമില്ലില്‍ ജോലിയായിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം തൊഴില്‍ത്തര്‍ക്കം മൂലം കമ്പനി പൂട്ടിയതിനാല്‍ ഞങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടിവന്നു. അന്ന് അനുജത്തി എട്ടിലും ഞാന്‍ പത്തിലും താനയിലെ ബാബാ സാഹിബ് പബ്ലിക് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. അസംഗഡിലെ ഞങ്ങളുടെ വില്ലേജില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ സ്ഥാനത്ത് മറ്റൊരു വീട്. അയല്‍വക്കത്തെ വെളിയില്‍ ജോലിക്കു പോയിട്ടുള്ള പലരുടെയും വീടുകള്‍ ഇങ്ങനെ കയ്യേറിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലികൊടുത്ത് റവന്യൂ റെക്കോര്‍ഡില്‍ ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി. വില്ലേജ് ഓഫീസില്‍ നിന്നും ബാപ്പയറിഞ്ഞത് ഞങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചവരാണെന്ന്. ഞങ്ങളുടെ ഗ്രാമത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും  ഇന്നും കണക്കുകളില്‍ മരിച്ചവരാണ്. അവര്‍ റോഡരികിലും പൊതുസത്രങ്ങളിലും അന്തിയുറങ്ങുന്നു.

എനിക്ക് ജോലി വല്ലതും തരപ്പെടുമോ എന്നറിയാന്‍ എന്റെ പഴയ കൂട്ടുകാരി ഫാത്തിമയെ അന്വേഷിച്ച് പുറത്തുപോയപ്പോള്‍, എന്റെ ബാപ്പയും ഉമ്മയും അനുജത്തിയും ഞങ്ങളുടെ വീടിന്റെ സ്ഥാനത്തു പണിത പുതിയ വീട്ടില്‍ പൂട്ടുപൊളിച്ചു കയറി താമസമാക്കി. ഞാന്‍ തിരിച്ചു വന്നപ്പോള്‍ സന്ധ്യ കഴിഞ്ഞു. ഇരുട്ട് വീണു തുടങ്ങി. കോളനിയില്‍ ഒരു വീട്ടിലും ലൈറ്റില്ല. ആളനക്കവുമില്ല. എനിക്ക് പേടിയായി. ബാപ്പയേയും ഉമ്മയേയും മാറിമാറി വിളിച്ചു. ഭയപ്പെടുത്തുന്ന നിശബ്ദത. ഞാന്‍ ഞങ്ങളുടെ പഴയ വീടിന്റെ വരാന്തയില്‍ എത്തി. ഉള്ളിലേക്കുള്ള വാതില്‍ തുറന്നു കിടന്നിരുന്നു. അടുക്കളയില്‍ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നുണ്ട്. ഞാന്‍ അകത്തു കടന്നു. അരണ്ട വെളിച്ചത്തില്‍  കണ്ട കാഴ്ച. ഞാന്‍ ഞെട്ടിവിറച്ചു. ബാപ്പയും ഉമ്മയും അനുജത്തിയും ജീവനറ്റ നിലയില്‍. ബാപ്പയുടെ കഴുത്തറുത്തിരുന്നു. ഉമ്മയെയും അനുജത്തിയെയും കഴുത്തില്‍ സാരി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നത്. വലിയ രാഷ്ട്രീയ പിടിപാടുള്ള കയ്യേറ്റ മാഫിയയെ എതിര്‍ത്തു നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ദുര്‍വിധിയുണ്ടായത്. 

ഞാന്‍ വീഴാതെ ഭിത്തിയില്‍ ചാരിനിന്നു. ആരോ അവിടെ എന്നെയും പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ട് എന്നൊരു തോന്നല്‍. ഞാന്‍ അടുക്കള വശത്തെ വാതില്‍ തുറന്ന് പുറത്തേക്കോടി. എന്റെ ഊഹം ശരിയായിരുന്നു .  ആരോ എന്റെ പുറകെയുണ്ട്. ഇരുട്ടില്‍ ഒന്നും വ്യക്തമല്ല. ഇടവഴിയിലൂടെ ഓടി നദിക്കരയിലേക്ക്,  പിന്നെ നദിയോട് ചേര്‍ന്നുകിടക്കുന്ന പൊന്തക്കാടുകളിലേക്ക്.  എത്ര നേരം ആ കാട്ടില്‍ ഞാന്‍ കഴിഞ്ഞു എന്നെനിക്കറിയില്ല. അവിടെനിന്നും എഴുന്നേറ്റ് ഓടി. എങ്ങോട്ടാണെന്നൊന്നും അറിയില്ല. നല്ല ഇരുട്ട്. എവിടെയൊക്കെയോ വീണു. ദേഹത്തെ മുറിവുകളിലൂടെ ചോരയൊഴുകുന്നുണ്ടായിരുന്നു.

ഒരു കുറുക്കുവഴിയിലൂടെ നാട്ടുവെളിച്ചത്തില്‍ ഞാനെത്തിയത് അസംഗഡ് റയില്‍വേ സ്റ്റേഷന്റെ പിന്നാമ്പുറത്തായിരുന്നു. എന്റെ പിന്നാലെ അപ്പോളാരുമില്ല എന്ന് ഉറപ്പുവരുത്തി റെയില്‍വേ പാളം ചാടിക്കടന്ന് പ്ലാറ്റുഫോമിലെത്തി ഏതോ ഒരു തീവണ്ടി നീങ്ങി തുടങ്ങിയിരുന്നു. ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറി. പിന്നീട് മനസ്സിലായി ഞാന്‍ രാത്രിയില്‍ ചാടിക്കയറിയത് അസംഗഡ് - ഹൗറ എക്‌സ്പ്രസ്സ് ട്രെയിനിന്റെ രണ്ടാം ക്ലാസ്സ് കംപാര്‍ട്‌മെന്റിലേക്കു ആയിരുന്നു എന്ന്. ക്ഷീണം കൊണ്ട് ഓടുന്ന തീവണ്ടിയുടെ തറയില്‍ക്കിടന്ന് മയങ്ങിപ്പോയി. തീവണ്ടി കുറെദൂരം പോയിക്കാണും. രണ്ടു ബലിഷ്ഠകരങ്ങള്‍ എന്നെ താങ്ങിയെടുത്തു സീറ്റിലിരുത്തി. നോക്കിയപ്പോള്‍ ദേവാനന്ദ് കാക്കു എന്ന് ഞങ്ങള്‍ വിളിക്കുന്ന എന്റെ ബാപ്പയുടെ കൂട്ടുകാരന്‍. ഞങ്ങള്‍ ബോംബെയില്‍ പോകുന്നതിനുമുമ്പ് ഞങ്ങളുടെ കോളനിയില്‍ ആയിരുന്നു താമസം. കാക്കു എനിക്ക് ഭക്ഷണം വാങ്ങിത്തന്നു. 

ഡിസംബര്‍ മാസത്തിലെ അസഹ്യമായ തണുപ്പ്. കാക്കുവിന്റെ ഷാള്‍ കൊണ്ട് എന്നെ പുതപ്പിച്ചു. തീവണ്ടി ഓടിക്കൊണ്ടിരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ ഓരോന്നായി പാതിമയക്കത്തിലും മനസ്സിലേക്ക് കേറിവരുമ്പോള്‍ ഞെട്ടിയുണരും. കാക്കു എന്നോട് ഒന്നും ചോദിച്ചില്ല. ഞാന്‍ കാക്കുവിനോട് ചേര്‍ന്നിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടടുത്തുകാണും. തീവണ്ടി ഹൗറയിലെത്തി. കോരിച്ചൊരിയുന്ന മഴ. ശരീരത്തിലൂടെ അരിച്ചുകയറുന്ന തണുപ്പ്. ഒരു ടാക്‌സിയില്‍ ഞങ്ങള്‍ ഏതോ ഒരു മന്ദിറില്‍ എത്തി. രാത്രി ആ സമയം അവിടെ ആരുമില്ല. ഞാനും കാക്കുവും മന്ദിറിന്റെ വരാന്തയില്‍ കിടന്നു. 

സമീപം മറ്റാരുമില്ലായെന്നുറപ്പുവരുത്തി കാക്കു എന്റെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കൈകള്‍ രണ്ടും അയാള്‍ ഷാള്‍ കൊണ്ട് കെട്ടി. ആ രാത്രിയില്‍ കാക്കു എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു.  ഞാന്‍ ആര്‍ത്തലച്ചു കരഞ്ഞു. ഇടിവെട്ടി മഴ പെയ്യുന്ന രാത്രിയില്‍ എന്റെ കരച്ചില്‍ ആരും കേട്ടില്ല. എന്റെ സ്ത്രീത്വം കവര്‍ന്നെടുത്ത അയാളെ, എന്റെ സ്വന്തം പിതാവിന്റെ ചങ്ങാതിയെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. ബോധമില്ലാതെ മന്ദിറിന്റെ വരാന്തയില്‍ ഞാന്‍ കിടന്നു. ആരൊക്കെയോ നേരം വെളുക്കുന്നതുവരെ എന്നെ മാറിമാറി ഉപയോഗിച്ചുകൊണ്ടിരുന്നു. അതില്‍ അല്‍പം നന്മയുള്ള ഒരു ലോറി ഡ്രൈവര്‍  ചോര വാര്‍ന്നൊഴുകുന്ന എന്നെ കോരിയെടുത്ത് ബീഡന്‍ സ്ട്രീറ്റിലുള്ള  ഭഗവാന്‍ദാസ് കാന്തിലാലിന്റെ വസതിയിലെത്തിച്ചു. സോനാഗച്ചിയിലെ അന്നത്തെ ഗുണ്ടാരാജാവായ കാന്തിലാലിന് എന്നെ വിലപേശി വിറ്റ് ഡ്രൈവര്‍ സ്ഥലം വിട്ടു.  ഞാന്‍ മാനഭംഗപ്പെട്ട സ്ഥലം സോവാബസാറിലെ ലാല്‍മന്ദിര്‍ ആയിരുന്നു.  കാന്തിലാലില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഞാന്‍ പിന്നീടറിഞ്ഞത്.  കാന്തിലാലില്‍ നിന്നും എന്റെ ഉടമസ്ഥാവകാശം മാറിമറിഞ്ഞുകൊണ്ടിരുന്നു.  ഗുണ്ടാനേതാക്കള്‍ മേദിനിപ്പൂര്‍ കാലോ, ഹാല്‍ഡര്‍ ഷിബു, കുദുഘാട്ട് ബര്‍മ്മന്‍, പിന്നെ സ്ഥാപന ഉടമകളായ മൗഷുമി ദീദി, പല്ലവി അനുഷ്‌ക്കാര്‍, ശകുന്തളാ സെന്‍, ഇപ്പൊഴത്തെ ബോസ് ഗിരിജാബെന്‍. ഗിരിജാബെന്നിന്റെ നാട് അസംഗഡ് ആയതുകൊണ്ടാകണം എന്റെ കഥകള്‍ കേട്ടതിനുശേഷം എനിക്ക് പാരീസ് ബാറിലേക്ക് ലാലാ ഗഫൂറിന്റെ കൈറിക്ഷയില്‍ വൈകുന്നേരങ്ങളില്‍ പോകുവാനും വരുവാനും അനുവാദം തന്നത്.

സൊണാലി സുദീര്‍ഘമായ തന്റെ കഥ പറഞ്ഞുനിര്‍ത്തി.  മാത്യൂസിന്റെ മുടിയില്‍ വിരലുകളോടിച്ചുകൊണ്ട് സൊണാലി ചോദിച്ചു.

'ഇനിയും നിനക്കെന്നെ ഇഷ്ടമാണോ?'

അവന്‍ അല്‍പ്പസമയം നിശബ്ദനായി. എന്നിട്ട് പറഞ്ഞു.

''എനിക്കിപ്പോള്‍ നിന്നോടുള്ള ഇഷ്ടം ഇരട്ടിയായി...'

'എനിക്കറിയില്ല മാത്യൂസ് നമ്മുടെ ഈ യാത്ര എങ്ങോട്ടാണെന്ന് ''

'എങ്ങോട്ടായാലും ആരെതിര്‍ത്താലും ആകാശം താഴേക്കു പതിച്ചാലും നമ്മൊളൊന്നായിരിക്കും ''

ഇതുകേട്ട് സൊണാലി ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ലിപ്സ്റ്റിക്ക് ഇടാത്ത അവളുടെ ചുണ്ടുകള്‍ക്ക് നല്ല
ഭംഗിയുണ്ടായിരുന്നു .  ഇളംനീല സാരിയില്‍ അവള്‍ കൂടുതല്‍ സുന്ദരിയായി തോന്നി. അവരെഴുന്നേറ്റു നടന്നു വിക്ടോറിയ മെമ്മോറിയലിന്റെ മെയിന്‍ ഗേറ്റ് ലക്ഷ്യമാക്കി, ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ട്.

ഗിരിജാബെന്‍

ഒരാഴ്ച കഴിഞ്ഞു കാണും. എന്റെ ഓഫീസിലേക്ക് മാത്യൂസിന്റെ ഫോണ്‍. ഞാന്‍ ഓഫീസില്‍ ഇല്ലാതിരുന്നതുകൊണ്ട് മെസേജ് എഴുതിവച്ചിട്ടുണ്ടായിരുന്നു. വരുമ്പോള്‍ ഉടനെ വിളിക്കണമെന്ന്. പുറത്തിറങ്ങി പബ്ലിക് ബൂത്തില്‍നിന്നും അവനെ വിളിച്ചു. സൊണാലിയെ സോനാഗച്ചിയില്‍നിന്നും ഇറക്കിക്കൊണ്ടുവരണം. അതിനുവേണ്ടി ഗിരിജാബെന്നിനെ കാണാന്‍ ഞാനുംകൂടി അവന്റെ കൂടെ ചെല്ലണം. ഗിരിജാബെന്നും സൊണാലിയും താമസിക്കുന്നത് സോനാഗച്ചി മെയിന്‍ ലൈനില്‍ അഭിനാഷ് കബിരാജ് സ്ട്രീറ്റിലെ ജഗ്മോഹന്‍ ലാല്‍കോട്ടിയിലെ അഞ്ചാമത്തെ നിലയിലാണ്. ഞാന്‍ അവിടേക്ക് വരില്ല എന്ന് മാത്യൂസിനോട് തുറന്നു പറഞ്ഞു. പുറത്തെവിടെയെങ്കിലും വച്ചാണെങ്കില്‍ അവരെ കാണാന്‍ ഞാനുംകൂടി വരാമെന്നു പറയുകയും ചെയ്തു. 

പിറ്റേദിവസം രാവിലെ പത്തു മണിക്ക് ശ്യാംബജാറിലെ ഹരിലാല്‍ കോഫീ ഷോപ്പില്‍ ഞങ്ങള്‍ പറഞ്ഞതനുസരിച്ച് ഗിരിജാബെന്നും സൊണാലിയും എത്തി. അവിടെ വച്ച് ഗിരിജാബെന്‍ സൊണാലിയെ മാത്യൂസിനെ ഏല്‍പ്പിച്ചു. മാത്യൂസ് ഒരു പാരിതോഷികം ഗിരിജാബെന്നിന് നല്‍കി. അവര്‍ പാക്കറ്റ് അഴിച്ചുനോക്കിയപ്പോള്‍ അഞ്ചു ലക്ഷം രൂപ. അമ്മയുടെ പേരിലുള്ള മൂവാറ്റുപുഴയിലെ  ഒരു കട വിറ്റപ്പോള്‍ അവനു കിട്ടിയ ഷെയര്‍ ആണത്. അത് തന്റെ പെണ്ണിനെ കാത്തുസൂക്ഷിച്ചതിന് ഗിരിജാബെന്നിന് പ്രതിഫലമായി നല്‍കി, അവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും. 

ഗിരിജാബെന്നും സൊണാലിയും കെട്ടിപ്പിടിച്ച് നിറകണ്ണുകളോടെ യാത്രപറഞ്ഞുപിരിഞ്ഞു .  അവിടെനിന്നും ഞങ്ങള്‍ നേരെ പോയത് സോവാബജാറിലെ ലാല്‍മന്ദിറിലേക്കാണ്. നിയമാനുസൃതമായ ഒരു വിവാഹത്തിന് കാത്തുനില്‍ക്കാതെ തന്റെ സ്ത്രീത്വം കവര്‍ന്നെടുക്കപ്പെട്ട ലാല്‍മന്ദിറിന്റെ മുറ്റത്ത് ഒരു സ്ത്രീയായി പുനര്‍ജനിച്ച് സൊണാലി മാത്യൂസിന്റെ കഴുത്തില്‍ പുഷ്പമാലയിട്ടു. അവന്‍ തിരിച്ചും അവള്‍ക്ക് മാല ചാര്‍ത്തി. ഞാന്‍ മൂകസാക്ഷിയായി. അവര്‍ പിന്നീട് പോയത് മാത്യൂസിന്റെ നിംതലയിലെ വാടക ഫ്ളാറ്റിലേക്ക്. ഞാന്‍ എന്റെ ഓഫീസിലേക്കും മടങ്ങി.

മഴ

വസന്തം തൊട്ട് ശിശിരം വരെ ഋതുക്കള്‍ മുറ തെറ്റാതെ മാറിക്കൊണ്ടിരുന്നു. ഹൂഗ്ലിയിലൂടെ പൂക്കള്‍ നിറച്ച വഞ്ചികളൊഴുകുന്ന പുലരികള്‍ കടന്നുപോയി. കല്‍ക്കട്ട പതിവുപോലെ തിരക്കിലായി. ദിവസങ്ങള്‍ക്ക് കാറ്റിന്റെ വേഗത. രണ്ടു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.

ചരിത്രം കുലീനമായി ചുവടുവച്ചു സിയാല്‍ഡായിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയം. പള്ളിക്കകത്ത് ഫ്യൂണറല്‍ സര്‍വീസ് നടക്കുകയാണ്. അതിനിടെ കുഴഞ്ഞുവീണ മാത്യൂസിന്റെ പിതാവ് കുര്യന്‍ തോമസ് വക്കീലിനെ ആരൊക്കെയോ ആശുപത്രിയിലേക്ക് മാറ്റി. പള്ളിയുടെ പൂമുഖത്തെ ചാരുബെഞ്ചുകളിലൊന്നില്‍ ഞാന്‍ തളര്‍ന്നിരുന്നു. അന്നത്തെ  ക്രിസ്തുമസ്  പ്രഭാതത്തില്‍ സുഭാഷ് ചന്ദ്രന്റെ ഫോണ്‍ കാള്‍ ഒരു ഇടിത്തീ പോലെ എന്റെ ചെവിയിലെത്തി.

'നമ്മുടെ മാത്യൂസ്...!'

'മാത്യൂസ്?'

'മാത്യൂസ് പോയെടാ..'

ഞാന്‍ തരിച്ചിരുന്നു ഒരു പ്രതിമ പോലെ. എനിക്ക് ശബ്ദമില്ലായിരുന്നു. അവന്‍ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു. 

മാത്യൂസ് ഇന്നലെ രാത്രി ബൈക്ക് ആക്സിഡന്റില്‍ മരിച്ചു. സെന്‍ട്രല്‍ അവന്യൂ ഗണേഷ്ചന്ദ്ര അവന്യൂ ക്രോസിങ്ങില്‍ പ്ലൈവുഡ് ലോഡുമായി എതിരെ വന്ന ലോറി അവന്റെ ബൈക്ക്  ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപ്പോള്‍  തന്നെ ജീവന്‍ നിലച്ചു. പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ബോഡി അവന്റെ പെങ്ങളുടെ വീട്ടില്‍ കൊണ്ടുവരും. സൊണാലി അമ്മയാകുന്ന സന്തോഷമറിഞ്ഞ മാത്യൂസ് ഇന്നലത്തെ ക്രിസ്തുമസ് ഈവ് ആഘോഷിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നു. 

ഞാന്‍ സിറ്റിയില്‍ വന്ന വിവരം അറിഞ്ഞ്, അവന്റെ സന്തോഷം എന്നെ നേരില്‍ കണ്ടറിയിക്കാന്‍, താരാ റോഡിലെ എന്റെ മെസ്സിലേക്കു പോന്നതാണ്, സൊണാലി വിലക്കിയിട്ടും കേള്‍ക്കാതെ.

ബോഡി സെമിത്തേരിയിലേക്ക് എടുത്തു. കൂടെ പോകാന്‍ തോന്നിയില്ല. സെമിത്തേരിയുടെ വെളിയില്‍ വരിവരിയായി നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങളിലൊന്നില്‍ ഞാന്‍ ചാരിനിന്നു. ചാറ്റല്‍ മഴയുണ്ട്. ചടങ്ങു കഴിഞ്ഞ് എല്ലാവരും പോയി. എന്റെ മുന്‍പിലൂടെ കടന്നുപോയ മാത്യൂസിന്റെ പെങ്ങള്‍ ഗ്രേസും അളിയന്‍ ഐസക്കും എനിക്ക് മുഖം തന്നില്ല. 

എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. അവസാനം ഞാനും പള്ളിനടകളിറങ്ങി താഴോട്ടു നടന്ന് മെയിന്‍ ഗേറ്റിലെത്തി. മഴ ശക്തിയായി പെയ്തുതുടങ്ങി. മഴനനഞ്ഞ് ഗേറ്റില്‍ പിടിച്ച് വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ തേങ്ങിക്കരയുന്നു - സൊണാലി. 

അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയതാണ്.  അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.  എന്നെ കണ്ടതോടെ അവള്‍ വാവിട്ടു കരയാന്‍ തുടങ്ങി.  ഞാന്‍ അടുത്തുചെന്നു.  ആ പാവത്തിനെ എങ്ങനെ സമാധാനിപ്പിക്കണം എന്നെനിക്കറിയില്ല.   മഴ ആര്‍ത്തലച്ചു പെയ്യുന്നു.  അവള്‍ എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ മഴയത്ത് ഞാന്‍ അനങ്ങാതെ നിന്നു.  പിന്നെ മെല്ലെ അവളെ എന്റെ നെഞ്ചോട് ചേര്‍ത്തു. 

അങ്ങു മുകളില്‍ സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ മുഖഗോപുരത്തില്‍ സന്ധ്യാ നമസ്‌ക്കാരത്തിനുള്ള മണിമുഴങ്ങി തുടങ്ങി.    

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios