Asianet News MalayalamAsianet News Malayalam

Malayalam Short Story : ഖവാലി, പി.എം ഇഫാദ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പി.എം ഇഫാദ് എഴുതിയ ചെറുകഥ 

chilla malayalam  short story by PM Ifad
Author
First Published Nov 28, 2023, 2:36 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by PM Ifad
 

ദര്‍ഗയില്‍ ഖവാലി തുടങ്ങുകയാണ്, ഹാര്‍മോണിയത്തിന്റെ രാപ്പകലുകളെ ദ്യോതിപ്പിക്കുന്ന കട്ടകളില്‍ വിരലുകള്‍ അമര്‍ന്നു, ഉയര്‍ന്ന കൈകള്‍ കൂട്ടിമുട്ടി, സാരംഗി ശബ്ദത്താല്‍ സ്‌നാനം ചെയ്യപ്പെട്ടു, ഡോലക്ക് സാന്ദ്രമായി, ദ്രുതവരികള്‍ക്കിടയില്‍ മൗനം ഉപയോഗിച്ച് ഗായകന്‍ പ്രഹേളികയുണ്ടാക്കി കൊണ്ടിരിക്കയാണ്. 

നിസാമുദ്ധീന്‍ ദര്‍ഗ്ഗയുടെ പിന്‍വശത്ത് പച്ച പട്ട് വിരിച്ചിട്ട മാര്‍ബിളിന്റെ മുകളില്‍ ഖവാലി സംഘത്തിന്റെ മുന്നിലിരുന്നയാള്‍ ഉസ്താദ് നുസ്രത്ത് ഫത്തേഹ് അലിഖാന്‍ ആയിരിക്കുമോ എന്ന് സൂക്ഷിച്ചു നോക്കേണ്ടി വന്നു.

 

 

നാ ചേരോ ഹാമെയിന്‍ ഹം
സത്തായേ ഹുവെ ഹേയ്ന്‍
ബൊഹത്ത് സഹ്മ് സീനെ പെ
ഖായെ ഹുവെ ഹേയ്ന്‍...

(ഞാന്‍ തകര്‍ന്നവനാണ് ഇനിയും
എന്നെ പരിഹസിക്കരുത്,
നിറയെ മുറിവ് തിന്നതാണെന്റെ
ഹൃദയം )

അല്ല, മുറിവിന്റെ വരികളില്‍ ആലാപ് പടരുന്നില്ല, അത് മറ്റാരോ ആണ്. 

ഫത്തേഹ് അലി ഖാന്റെ ചിതറുന്ന ശബ്ദത്തിന്റെ ഓര്‍മ്മയില്‍ പുറത്തു നിന്നും വാങ്ങിയ ഒരു പാത്രം റോസാ ഇതളുകള്‍ ജാറത്തിന് മുകളിലേക്ക് വാരിയിട്ടു.

ഡല്‍ഹിയുടെ വ്യാഴാഴ്ച്ച രാത്രിയിലേക്ക് ഹസ്രത്ത് നിസാമുദ്ധീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമിറങ്ങുമ്പോള്‍ ഖവാലി ആദ്യത്തെ പടിയായ ആലാപിലേക്ക് ഉണര്‍ന്നിട്ടുണ്ടാവുമെന്ന് മനസ്സിലോര്‍ത്തു. തോളില്‍ ഹാര്‍മോണിയത്തിന്റെയും, തൊണ്ടയില്‍ ദാഹത്തിന്റെയും കനം വന്ന് നിറയുകയാണ്, ഒപ്പം നുസ്രത്തിന്റെ ഉയര്‍ത്തിയ കൈകളില്‍ നിന്നും ഒഴുകിയെത്തിയ ഖവാലിയുടെ ഏറ്റവും കനം കൂടിയ കുറുകിയ വരിയും

തു സുമന്ദര്‍ മേന്‍
ബട്ട്ക്കി ഹുയി പ്യാസ് ഹൂന്‍ 
(നീ പെരുങ്കടലാകുന്നു
ഞാനോ,അലയുന്ന ദാഹവും.)

തൊട്ടടുത്ത കടയില്‍ നിന്നുമൊരു കപ്പ് കാപ്പി വാങ്ങി കുറച്ച് മാറി ദര്‍ഗയിലേക്ക് പോകാനുള്ള ഓട്ടോയും കാത്ത് പല പേരുകള്‍ കോറി വെച്ച കോണ്‍ക്രീറ്റ് ബെഞ്ചില്‍ ചെന്നിരുന്നു. തിരക്കും മനുഷ്യരും ശബ്ദങ്ങളും സമാസമം ചേര്‍ന്നപ്പോള്‍ ഡല്‍ഹി അനുസ്യൂതമായി ഒഴുകുന്ന, മണിക്കൂറുകള്‍ നീണ്ട ഖവാലി ഗാനമാണെന്ന് തോന്നി. ഖവാലിയിലേക്ക് കൂടുതല്‍ ആത്മാര്‍ത്ഥയോടെ പരിണമിക്കാന്‍ ഡല്‍ഹി തന്റെ ശരീരത്തിലെ ഒരവയവമായ നിസാമുദ്ധീന്‍ റെയില്‍വേ സ്റ്റേഷനെ ഹാര്‍മോണിയത്തിന്റെ രൂപത്തിലേക്ക് പരുവര്‍ത്തിപ്പിച്ച് എനിക്ക് മുമ്പില്‍ തുറന്ന് വെച്ചു. 

ഇതാ, ഇനിയെന്നെ മണിക്കൂറുകള്‍ ഭ്രമാത്മകമായി ആളുകളെ വശം കെടുത്തുന്ന ഖവാലിയാക്കി മാറ്റു എന്ന് പറയുന്നത് പോലെ, പതിയെ ഹാര്‍മോണിയത്തിന്റെ രാപകല്‍ കട്ടകളില്‍ തൊട്ടപ്പോള്‍ നിശബ്ദതയുടെ ഇരുണ്ട ഗലികളില്‍ മര്‍വ്വ രാഗത്തിന്റെ സ്ഫടിക മണികള്‍ വീണൊച്ചവെച്ചു, ഡല്‍ഹി ഫത്തേഹ് അലി ഖാന്റെയോ അസീസ് മിയാന്റെയോ ശ്വാസമായി.

മുമ്പിരുന്ന ഖവാലി ഗായകന്‍ പാടി മുഴുമിപ്പിച്ചിരുന്നു. റോസാ ഇതളുകള്‍ വാരിയിട്ട ശേഷം ഞാന്‍ നിസാമുദ്ധീന്‍ ഔലിയയ്ക്ക് നേര്‍ച്ചയാക്കിയ ഖവാലി പാടുവാന്‍ കയ്യിലെ വലിയ സഞ്ചി മാറ്റി ഹാര്‍മോണിയം പുറത്തെടുത്ത് പട്ട് വിരിച്ചിട്ട മാര്‍ബിളിന് മുകളില്‍ കയറിയിരുന്നു, ചുറ്റും ആളുകള്‍ തിങ്ങി, തണുത്ത അന്തരീക്ഷത്തിലേക്ക് തബല ചേര്‍ന്നലിഞ്ഞു, പിന്നാലെ ഡോലക്കും. 

ശബ്ദം അതിന്റെ ഏറ്റവും ആഴത്തിലുള്ള മധുരത്തില്‍ ആളുകളുടെ ചുണ്ടിലും ആത്മാവിലും ചുംബിച്ചു, സാരംഗി മുഖരിതമായി.

തേരി ദീദ് തിലാവത്ത് മേരി
(നിന്റെ കാഴ്ചയാണ് എന്റെ പ്രാര്‍ത്ഥന)

കാപ്പി കുടിച്ച് ബഞ്ചിലിരിക്കെ നേര്‍ച്ചയാക്കിയ ഖവാലിയെ പറ്റി മാത്രമാണ് ആലോചിക്കാന്‍ തോന്നിയത്. ഓട്ടോകളൊന്നും കാണുന്നില്ല, വരുമായിരിക്കും, വന്നയുടനെ വേഗത്തില്‍ ദര്‍ഗയിലെത്തിക്കാന്‍ പറയണം, പ്ലാറ്റ്‌ഫോമില്‍ തിരക്കും മനസ്സില്‍ അവ്യക്തതയും ഏറി തുടങ്ങി.

ചുറ്റും കൂടിയ ആളുകളുടെ ചൂടന്‍ ശ്വാസത്തിനുള്ളിലിരുന്ന് ഞാന്‍ ഖവാലിയുടെ അവസാന ഭാഗത്തേക്ക് പാടിയെത്തി, കൈ കൊട്ടലിന് വേഗം കൂടി, തബല മുറുകി, ചില്ലറ തുട്ടുകളും നോട്ടുകളും വന്ന് വീണു. പൊടുന്നനെ സുന്ദരന്‍ ചിറകുകളുള്ള തുമ്പിയില്‍ നിന്നും പുഴുവിലേക്ക് തിരിച്ചുറങ്ങുന്നത് പോലെ മിനാരങ്ങളും തിളങ്ങുന്ന പട്ടുകളും പൊടി നിറഞ്ഞ പ്ലാറ്റ്‌ഫോമിലേക്ക് രൂപാന്തരപ്പെട്ടു, കയ്യിലെ ഹാര്‍മോണിയം പാഴ് സഞ്ചിയായി, േഡാലക്കും സാരംഗിയും ട്രെയിനിന്റെ ചൂളം വിളിയിലേക്ക് പരിണമിച്ചു, കയ്യിലാക്കിയ ചില്ലറ തുട്ടുകള്‍ പ്ലാസ്റ്റിക് ഗ്ലാസില്‍ നിറഞ്ഞ കാപ്പിയായി മാറി, അതിവേഗം പായുന്ന ട്രെയിനാണിപ്പോഴെന്റെ മുമ്പില്‍.

പാല്‍ കാപ്പിയില്‍ പാട കെട്ടി നില്‍ക്കുന്നത് പോലെ അവ്യക്തതയും, സ്വപ്ന സദൃശ്യമായ ആലാപും, നുണയും യഥാര്‍ഥ്യത്തിന് മുകളില്‍ വന്ന് പരന്നു, വിരലു കൊണ്ട് തോണ്ടി മാറ്റാന്‍ പാകത്തിന് പാട മൃദുവായിരുന്നെങ്കിലും, ദര്‍ഗ്ഗയും, ഖവാലിയും, ഡല്‍ഹിയും യാഥാര്‍ഥ്യത്തിന്റെ മജ്ജയുടെ മുകളില്‍ എല്ലും മാംസവുമായി പൊതിഞ്ഞു നിന്നു.

ദര്‍ഗയിലേക്കൊരു ഖവാലി നേര്‍ച്ചയുണ്ട്, ഇന്നല്ലെങ്കില്‍ നാളെ അത് പൂര്‍ത്തിയാക്കാന്‍ കഴിയുമായിരിക്കും, ഞാനെന്തായാലും ഇവിടെ കാത്തിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്, ഓട്ടോ എപ്പോള്‍ വേണമെങ്കിലും വരാം. ഇനിയിപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് എത്ര നുണയും സ്വപ്നവും വന്ന് നിറഞ്ഞു കൊള്ളട്ടെ, എനിക്കൊരു ഖവാലി നേര്‍ച്ചയുണ്ടല്ലോ, ദര്‍ഗ അടുത്ത് തന്നെയാണല്ലോ, അവിടെ എത്താതെ തരമില്ല, നുസ്രത്ത് ഫത്തേഹ് അലി ഖാന്‍ പാടിയവസാനിപ്പിച്ചില്ലെന്ന് തോന്നുന്നു:

തു ഹക്കീക്കത്ത് ഹേ
മേന്‍ സിര്‍ഫ് എഹസാസ് ഹൂന്‍

(നീ യാഥാര്‍ഥ്യമാകുന്നു,
ഞാനോ,വെറും പ്രത്യക്ഷബോധം.)


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios