Asianet News MalayalamAsianet News Malayalam

Malayalam Short Story: നീലാകാശം പോലെ സത്യം, പ്രീത് പ്രീതി എഴുതിയ ചെറുകഥ


ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.    പ്രീത് പ്രീതി എഴുതിയ ചെറുകഥ
 

chilla malayalam short story by preet preeti bkg
Author
First Published Mar 3, 2023, 4:31 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by preet preeti bkg

 

വിമന്‍സ് ഹോസ്റ്റലിന്‍റെ ഗേറ്റ് കടന്ന് ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍ അവനായിരുന്നു. അവനെ അവസാനമായി കണ്ട നിമിഷങ്ങള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു.

വീക്കെന്‍ഡുകളില്‍ അവനൊപ്പം ഒരു ചുറ്റിയടിക്കല്‍ പതിവാണ്. ചുണ്ടിലൊരു മൂളിപ്പാട്ടും കള്ളപുഞ്ചിരിയുമായി അവനെന്നെ കാത്ത് ഹോസ്റ്റല്‍ ഗേറ്റിന് പുറത്ത് ബൈക്കും ചാരി നില്‍ക്കും. സൗഹൃദത്തിന്‍റെ അപാരതീരം അതായിരുന്നു അന്ന് കൂട്ടുകാര്‍ ഞങ്ങളുടെ സൗഹൃദത്തെ വിളിച്ചിരുന്നതു. അന്നത് അങ്ങനെ ആയിരുന്നു.

'ഹോ, വിശപ്പ് സഹിക്കാന്‍ വയ്യെടി' എന്നു പറയുമ്പോള്‍ തന്നെ എനിക്കറിയാം, നിളയിലേക്കായിരിക്കുമെന്ന്. അപ്പോഴേക്കും ബൈക്ക് നിളയില്‍ എത്തിയിരിക്കും. പുഴക്ക് അഭിമുഖമായുള്ള സീറ്റില്‍ ആണ് ഞങ്ങള്‍ മിക്കപ്പോഴും ഇരിക്കുക. വെയ്റ്റര്‍ പുഞ്ചിരിയോടെ നോക്കുമ്പോള്‍ ആകാശ് കൈ ഉയര്‍ത്തിക്കാണിക്കും. അത് കാണുമ്പോള്‍ അവര്‍ക്കറിയാം പതിവ് പോലെ അവന് മസാല ദോശയും എനിക്ക് കോഫിയും ആണെന്ന്. നിമിഷങ്ങള്‍ക്കകം അത് മുന്നിലെത്തും.

അപ്പോഴാണ് അവനിലെ  രാഷ്ട്രീയക്കാരന്‍ സട കുടഞ്ഞെഴുന്നേല്‍ക്കുന്നത്. പിന്നെ സംസാര ശൈലി പോലും മാറും. ചുവപ്പന്‍ ചിന്തകളുടെ രാഷ്ട്രീയം പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ നാളെയുടെ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷകള്‍ മാത്രമായിരിക്കും. അവന്‍റെ ചുവപ്പന്‍ ചിന്തകളോടുള്ള അനുഭാവമാണ് അന്ന് ഞാനും ചുവപ്പിനെ ഇഷ്ടപ്പെടാന്‍ കാരണം. അല്ലെങ്കില്‍ കൊടികെട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള തറവാട്ടിലെ, സത്യക്രിസ്ത്യനിയായ മാളിയേക്കല്‍ ഫിലിപ്പോസ് മുതലാളിയുടെ ഒരേ ഒരു മകള്‍, അഞ്ച് ആങ്ങളമാരുടെ പുന്നാര പെങ്ങള്‍ സൂസന്ന വോട്ട് ചുവപ്പിനിട്ടു കുത്തുമോ?  അവന്‍റെ വാക്കുകളുടെ തീഷ്ണതകളില്‍ വീണുരുകി വേര്‍തിരിഞ്ഞതാണ്.

അവന്‍ കൈ കഴുകി വരുമ്പോഴേക്കും ബില്‍ പേ ചെയ്ത് ഞാന്‍ ബൈക്കിനരികില്‍ ഉണ്ടാകും. പിന്നെ ഞങ്ങള്‍ നേരെ പോകുന്നത് ബീച്ചിലേക്കാകും. ബൈക്ക് പാര്‍ക്ക് ചെയ്ത് ഒരു പാക്കറ്റ് കപ്പലണ്ടിയും വാങ്ങി കടല്‍തീരത്തേക്ക് നടക്കും. സായന്തനത്തിന്‍റെ ചുവപ്പ് പുതയ്ക്കാന്‍ തുടങ്ങിയ ആകാശം നോക്കിയിരിക്കുമ്പോഴാണ് അവനിലെ കവി ഉണരുക. ചിലപ്പോഴെങ്കിലും അവന്‍ തനി നാടന്‍ ആകും. അമ്മയും അച്ഛനും ചേച്ചിമാരും പ്രാരബ്ധങ്ങളും ഒക്കെ തമാശ കലര്‍ത്തി പറയും. സ്ത്രീധനം കൊടുത്ത് തീര്‍ക്കാനാവാത്തതിന്‍റെ പേരില്‍ ഭര്‍ത്താവിനാല്‍ വീട്ടിലേക്ക് തിരിച്ചയക്കപ്പെട്ട ചേച്ചിയെക്കുറിച്ച് പറയുമ്പോള്‍ മാത്രം അവന്‍റെ കണ്ണുകള്‍ സജലമായി തീരും. അങ്ങനെയുള്ള ദിവസങ്ങളില്‍ എന്നെ ഹോസ്റ്റലില്‍ ഡ്രോപ് ചെയ്തു തിരിച്ച് പോകുമ്പോഴും അവന്‍ നിശബ്ദനായിരിക്കും.

എം ബി എ ചെയ്യാനായി വീടിന്‍റെയും പറമ്പിന്‍റെയും ആധാരം പണയം വച്ച ദിവസം ഒരു കൊച്ചു കുട്ടിയേപ്പോലെ എന്‍റെ തോളില്‍ മുഖമമര്‍ത്തി അവന്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഞാനും കൂടെ കരഞ്ഞു. അന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോള്‍ ലേയ്റ്റായി. സ്വതവേ തുറിച്ച കണ്ണുകള്‍ ഉള്ള വാര്‍ഡന്‍ വല്‍സലാ കുമാരന്‍ വട്ട ഫ്രെയ്മുള്ള കണ്ണടയ്ക്ക് മുകളിലൂടെ തുറിച്ച് നോക്കിയത് അവഗണിച്ച് ഞാന്‍ പതിയെ റൂമിലെക്കു നടന്നു.

പതിവ് പോലെ അടുത്ത ആഴ്ച അവന്‍ വരുന്നതും കാത്ത് ഏറെ നേരം നിന്നു. തിരികെ പോകാന്‍ തുടങ്ങിയപ്പോഴാണ് അവന്‍റെ വിളി കേട്ടത്. ഒരു ഓട്ടോയില്‍ വന്നിറങ്ങിയ അവനെ ഞാന്‍ ശ്രദ്ധിച്ചില്ലാരുന്നു. കള്ളച്ചിരിക്കും മൂളിപ്പാട്ടിനും പകരം  സങ്കടം തളം കെട്ടിയിരുന്നു ആ കണ്ണുകളില്‍. 'ആകാശ് നിനക്കെന്ത് പറ്റി ?എന്താ മുഖം വല്ലാതിരിക്കുന്നത്? നിന്‍റെ ബൈക്കെവിടെ?' അവന്‍റെ തോളില്‍ പിടിച്ചുലച്ച് കൊണ്ട് ഞാന്‍ ചോദിച്ചു. 'ഡി അന്നാമ്മേ നീ നിര്‍ത്തി നിര്‍ത്തി ചോദിക്ക്' എന്ന് തമാശ പറഞ്ഞു ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി എന്നവന്  തന്നെ ബോധ്യമായി. വാ നീ ഓട്ടോയില്‍ കയറ്. ഓട്ടോ നിളയുടെ മുന്‍പില്‍നിന്നു. ഞാന്‍ പേഴ്‌സ് തുറക്കും മുന്‍പ് അവന്‍ പൈസ കൊടുത്തു. ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ പഴയ ചിരി വീണ്ടും അവന്‍റെ ചുണ്ടില്‍ സ്ഥാനം പിടിച്ചിരുന്നു.    

ഞങ്ങളുടെ സീറ്റ് ഒഴിഞ്ഞ് കിടന്നിരുന്നു. പതിവില്ലാതെ അവന്‍ വെയ്റ്ററെ അരികിലേക്ക് വിളിച്ചു, എന്നിട്ട് എന്നോട് പറഞ്ഞു- 'അന്നാമ്മോ ഇന്ന് കോഫിയില്‍ ഒതുക്കാന്‍ പറ്റില്ല, നീയും മസാല ദോശ കഴിക്കണം.' അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ മറുത്തൊന്നു പറഞ്ഞില്ല. 'എങ്കിലും എനിക്ക് കോഫി വേണം കേട്ടോ സഖാവെ'- എന്നുപറഞ്ഞപ്പോള്‍ അവന്‍ രണ്ട് കോഫിക്കും കൂടെ ഓര്‍ഡര്‍ കൊടുത്തു. അന്ന് കഴിക്കുന്നതിനിടയില്‍ അവന്‍ ഒന്നും മിണ്ടിയില്ല പെട്ടെന്ന് കഴിച്ച് തീര്‍ത്ത് കൗണ്ടറില്‍ പോയി ബില്‍ പേ ചെയ്തു. കൈ കഴുകി ഞാന്‍ ചെന്നപ്പോഴേക്കും അവന്‍ അതുവഴി പോയ ഒരു ഓട്ടോ കൈ കാട്ടി നിര്‍ത്തിയിരുന്നു. ഞങ്ങള്‍ അതില്‍ കയറിനേരെ ബീച്ചിലെക്ക് പോയി. പതിവ് പോലെ കപ്പലണ്ടിയും വാങ്ങി കടല്‍ തീരത്ത് ഞങ്ങള്‍ സ്ഥിരം ഇരിക്കുന്ന പടിക്കെട്ടിനടുത്തേക്ക് നടന്നു.

'അന്നാമ്മോ ഇനി നിന്‍റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം തരാന്‍ പോവുകയാണ്.' ഞാന്‍ ആകാംഷയോടെ അവനെ നോക്കി. അവന്‍ പറഞ്ഞു തുടങ്ങി. ' ഞാന്‍ എന്‍റെ ബൈക്ക് വിറ്റു. ഇന്നേക്ക് മൂന്നാം നാള്‍ ബാംഗ്ലൂരിലേക്ക് പോകുന്നു.' പെട്ടെന്ന് ഒരു കൈ നഷ്ടമായത് പോലെ ഞാന്‍ നിസ്സഹായയായി. എന്‍റെ മൗനം കണ്ടിട്ടാകാം എന്‍റെ കൈ പതിയെ എടുത്തു അവന്‍റെ കയ്യില്‍ വച്ചിട്ടു പറഞ്ഞു ഈ ലോകത്തില്‍ എവിടെ ആയാലും എന്‍റെ അന്നാമ്മയെ ഞാന്‍ മറക്കില്ല. ഈ നീലാകാശം പോലെ സത്യം.'

പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു. പക്ഷെ എന്‍റെ കാതുകള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. എത്രയും വേഗം ഹോസ്റ്റലില്‍ എത്താനും ഒന്ന് പൊട്ടിക്കരയാനും കൊതിച്ച് എന്‍റെ മനസ്സ്. 'അന്നാമ്മേ എന്താ.... എന്തുപറ്റി നിനക്ക്?'

'ഏയ് ഒന്നുമില്ല ആകാശ്' എന്ന് പറഞ്ഞ് ചിരിക്കാന്‍ ശ്രമിച്ചു.  പിന്നെ കയ്യില്‍ കിടന്ന സ്വര്‍ണ്ണത്തിന്‍റെ രണ്ട് വളകള്‍ ഊരി ആകാശിന്‍റെ കൈകളില്‍  വച്ചു കൊടുത്തു. അവന്‍ അത് വേണ്ടെന്ന് പറഞ്ഞെങ്കിലും എന്‍റെ സമ്മാനം എന്ന് പറഞ്ഞ് അവന്‍റെ കൈകളില്‍ പിടിപ്പിച്ചു. ഹോസ്റ്റലിന് മുന്‍പില്‍ ഓട്ടോ നിര്‍ത്തിയപ്പോള്‍ അവനും കൂടെയിറങ്ങി. പോകും മുന്‍പ് വരാന്‍ കഴിയുമോന്ന് നോക്കാം എന്ന് പറഞ്ഞപ്പോള്‍ 'ഇനി വരണ്ടാ' എന്ന് പറഞ്ഞതും ഞാനായിരുന്നു. ഒറ്റപ്പെടലിന്‍റെ ഭീകരത അറിഞ്ഞത് അന്ന് മുതലാണ്, ഹോസ്റ്റല്‍ ജീവിതത്തോട് വെറുപ്പും.

രണ്ട്

ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റലിന്‍റെ കോമ്പൗണ്ടും പാര്‍ക്കിംഗ് ഏരിയയും കടന്ന് പ്രധാന ഗേറ്റില്‍ എത്തിയപ്പോഴാണ് ഓര്‍മ്മകളുടെ തേരോട്ടം അവസാനിച്ചത്. ഇന്‍ ഔട്ട് റിക്കോര്‍ഡില്‍ പേരും റ്റൈമും എഴുതി റോഡിലേക്കിറങ്ങി ബീഗംപട്ട് എയര്‍പ്പോര്‍ട്ടിലെത്താനുള്ള ഓട്ടോയിലെക്ക് കയറി. എയര്‍പ്പോര്‍ട്ടിലെത്തി അറൈവല്‍ ലിസ്റ്റില്‍ നോക്കുമ്പോള്‍ മനസ്സിലായി, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 20 മിനിറ്റ്‌സ് ലേറ്റ് എന്ന്. വെയിറ്റിംഗ് ഏരിയയില്‍ പോയിയിരുന്നു.

ഓമനത്തമുള്ള ഒരു ചെറിയ കുട്ടി കയ്യിലെ ചെറിയ പാവയോട് ഹിന്ദിയില്‍ എന്തൊക്കെയോ കൊഞ്ചി പറയുന്നു. അന്ന് അപ്പച്ചന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇന്ന് എന്‍റെ മടിയിലും ഒരു കുട്ടി ഉണ്ടായിരുന്നെനെ.

അന്നവന്‍ ബാംഗ്ലൂരിന് പോയ ശേഷം ആഴ്ച്ച തോറും കത്തുകള്‍ അയക്കുമായിരുന്നു. എല്ലാ വിവരങ്ങളും കത്തിലൂടെ കൈമാറിയിരുന്നു. എന്നാല്‍ 'എം ബി ബി എസ് എന്‍ട്രന്‍സ് എക്‌സാം എഴുതാന്‍ ബാംഗ്ലൂരിലേക്ക് വരുന്നുണ്ട്, കാണണം' എന്ന് പറഞ്ഞ് ഞാന്‍ അയച്ച കത്തിന് അവന്‍ മറുപടി അയച്ചില്ല. അവന്‍ എനിക്ക് ആരായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ ദിവസങ്ങള്‍.

ആഴ്ചകള്‍ക്ക് മുന്‍പ് അമ്മച്ചിയോട് ഫോണില്‍ സംസാരിക്കുമ്പോള്‍ അമ്മച്ചി ചോദിച്ചു 'ആരാണെടി കൊച്ചേ ആകാശ് മേനോന്‍?'

പെട്ടെന്ന് ഞാന്‍ ഒന്ന് ഞെട്ടി. 'എന്നതാ അമ്മച്ചി അങ്ങനെ ചോദിച്ചത്'

'ഓ അത് കഴിഞ്ഞ ദെവസം ഒരു ഫോണ്‍ വന്നു. നിന്നെ ആണ് ചോദിച്ചത്. നിനക്ക് തരാനായി ഒരു ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ട് നീ ഒന്ന് നിക്ക് അതെഴുതി ഞാന്‍ വേദ പൊസ്തകത്തില്‍ വെച്ചിട്ടുണ്ട്. ഇപ്പമെടുത്തോണ്ട് വരാം.'

അമ്മച്ചി അവന്‍ കൊടുത്ത നമ്പര്‍ എടുക്കാന്‍ പോയപ്പോള്‍ ഹൃദയം പെരുമ്പറ മുഴക്കി. അമ്മച്ചി തന്ന നമ്പര്‍ ശ്രദ്ധയോടെ കുറിച്ചെടുത്ത് ഒരു വാക്ക് പോലും അമ്മച്ചിയോട് പറയാതെ ഫോണ്‍ കട്ട് ചെയ്തു. പെട്ടെന്ന് ആ നമ്പറിലേക്ക് ഡയല്‍ ചെയ്തു ആദ്യ ബെല്ലില്‍ തന്നെ കേട്ടു 'ഹലോ' എന്ന ശബ്ദം. ഇത്ര നാളും കേള്‍ക്കാന്‍ കൊതിച്ച ശബ്ദം. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി. 'ആകാശ് മേനോന്‍ ഹിയര്‍' എന്ന് പറഞ്ഞപ്പോള്‍ സന്തോഷവും സങ്കടവും എന്നില്‍ അണപൊട്ടി. കരച്ചിലിന്‍റെ വക്കില്‍ നിന്നും 'ഹലോ ഞാന്‍ അന്നാമ്മയാണ് ' എന്ന് പറഞ്ഞപ്പോള്‍ 'എടി അന്നാമ്മോ' എന്ന് സന്തോഷത്തോടെ അവന്‍ അലറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍റെ സ്വരം കാതുകളില്‍. 'അന്നാമ്മോ ഞാന്‍ ഇന്‍ഡ്യയിലെക്ക് വരുവാ. ആദ്യം ഹൈദരാബാദിലെത്തി നിന്നെ കണ്ടിട്ടേ നാട്ടിലേക്കുള്ളു. കാത്തിരുന്നൊ നിന്‍റെ സഖാവ് എത്തുന്നു നിനക്കായ്...'

മൂന്ന്

ഇന്നാണ് ആ ദിവസം. അവന്‍ പറഞ്ഞതനുസരിച്ച് ഒരാഴ്ചത്തെ ലീവിന് അപ്ലൈ  ചെയ്തു. കൂടെ വര്‍ക്ക് ചെയ്യുന്ന ആളുകളൊട് ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തു. സൂപ്രണ്ടിനോട് അനുവാദവും വാങ്ങി. ഇനി അവനൊന്ന് വന്നാല്‍മതി. എങ്ങനെ ആകും അവനിപ്പോള്‍ കാണാന്‍. വിവാഹമൊക്കെ കഴിഞ്ഞിരിക്കുമോ. ഫോണില്‍ ഒന്നും പറഞ്ഞില്ല. എല്ലാം നേരിട്ട് പറയാമെന്നാണ് പറഞ്ഞിരിക്കുന്നത്.

'ഡീ അന്നാമ്മോ' - ചെവിക്കരുകില്‍ അവന്‍റെ വിളി കേട്ടവള്‍ തിരിഞ്ഞു. കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൈത്തണ്ടില്‍ സ്യൂട്ടും മറു കയ്യില്‍ ട്രോളി ബാഗുമായി സഖാവ്. സൂസന്ന അവനരുകിലേക്ക് ചെന്നു കൈ ചുരുട്ടി അവന്‍റെ നെഞ്ചില്‍ ആഞ്ഞിടിച്ചു. വിതുമ്പിക്കരഞ്ഞു അവന്‍റെ തോളിലേക്ക് മുഖം ചേര്‍ത്തു. 'അന്നാമ്മോ ഞാന്‍ വാക്ക് പാലിച്ചില്ലേ. ഒരു ഡോക്ടര്‍, ഇത്ര തൊട്ടാവാടി ആകരുത്.' അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് എയര്‍പ്പോര്‍ട്ടിന് വെളിയിലേക്ക് നടന്നു. ഒരു സ്വിഫ്റ്റ് ഒഴുകി അവര്‍ക്കരികില്‍ വന്ന് നിന്നു. ഡ്രൈവര്‍ പുറത്തിറങ്ങി അവരുടെ ലെഗേജുകള്‍ ഡിക്കിയില്‍ വച്ചു.

ഹോട്ടല്‍ നൊവോറ്റെലിന് മുന്‍പില്‍ കാര്‍ നിന്നു. നേരത്തെ ബുക് ചെയ്തതനുസരിച്ച് ഡബിള്‍ റൂമിന്‍റെ ചാവി വാങ്ങി ആകാശ് സൂസന്നയ്‌ക്കൊപ്പം ലിഫ്റ്റിലേക്ക് നടന്നു. തേര്‍ഡ് ഫ്‌ളൊറിലെത്തി 302-ാം റൂമിന്‍റെ വാതില്‍ തുറന്ന് ആകാശ് അകത്തേക്ക് കയറി. സൂസന്ന ഏതോ ചിന്തയില്‍ കുടുങ്ങി ആശങ്കയോടെ വാതിലില്‍ക്കല്‍ തന്നെ നിന്നു. റൂം ബോയ് ബാഗുകള്‍ കൊണ്ട് വച്ച് ഓര്‍ഡര്‍ എടുത്ത് തിരികെ പോയി.

'അന്നാമ്മോ എന്തു പറ്റി?'
 
സൂസന്ന കണ്മുന്നില്‍ നടക്കുന്നത് സ്വപ്നമോ സത്യമോ എന്നറിയാതെ പോലെ കുഴങ്ങി. 'ആകാശ് നീ പറ എന്താണ് നിനക്ക് സംഭവിച്ചത്?  ഇന്ന് വരെ ഉള്ള എല്ലാ സ്ംഭവങ്ങളും എനിക്കറിയണം'

ഷോള്‍ഡര്‍ ബാഗ് കട്ടിലിലേക്കിട്ട് അവള്‍ ആകാശിന് അഭിമുഖമിരുന്നു. 'അതു പറയാതെ ഞാനിനി മിണ്ടില്ല.'  - അവളിലെ പരിഭവം അവളെ കടല്‍തീരത്തിരുന്ന് ആകാശിനോട് പരിഭവിക്കുന്ന ആ പഴയ അന്നാമ്മയാക്കി.

'പറയാം.'

അവളുടെ കയ്യെടുത്ത് പതിയെ തലോടിയിട്ട് പോക്കറ്റില്‍ നിന്നുമൊരു പൊതിയെടുത്തു, അവന്‍.  അത് തുറന്നപ്പോള്‍ അവളതിശയിച്ചു താന്‍ ആകാശിന് നല്‍കിയ ആ രണ്ട് വളകള്‍. അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു.

'ദൂരം നമ്മെ അകറ്റിയ നിമിഷം മുതല്‍ ഞാന്‍ അറിഞ്ഞിരുന്നു നീയെനിക്ക് ഒരു സുഹൃത്ത് മാത്രം ആയിരുന്നില്ലെന്ന്. എത്ര ബുദ്ധിമുട്ട് വന്നിട്ടും ഞാനിത് നിന്‍റെ ഓര്‍മ്മയായി സൂക്ഷിച്ചു. എന്നാല്‍, നിന്നെ കിട്ടാന്‍ ഒരു യോഗ്യതയുമില്ലാത്ത ഞാന്‍ നിന്‍റെ മനസ്സില്‍ മോഹത്തിന്‍റെ വിത്ത് പാകാന്‍ ആഗ്രഹിച്ചില്ല. അത് കൊണ്ടാണ്...'

അത് മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ സൂസന്ന അവന്‍റെ വായ് പൊത്തിപ്പിടിച്ചു. 'വേണ്ട ആകാശ് ഇനി അതൊന്നും എനിക്ക് കേള്‍ക്കണ്ട. നീ വന്നല്ലൊ അതു മതി.'

ആകാശ് അവളുടെ കൈ പിടിച്ച് പതിയെ ജന്നലരികിലേക്ക് നടന്നു. പുറകില്‍ നിന്നവളെ ചേര്‍ത്ത് പിടിച്ചു.  'പെണ്ണേ ഇനി നിന്നെ പിരിഞ്ഞൊരു നിമിഷം എനിക്കാവില്ല. നീ കൂട്ടില്ലെങ്കില്‍ എന്‍റെ ആകാശത്തിന്‍റെ  നിറം വറ്റും.  ഈ നീലാകാശം പോലെ സത്യം. ഇന്ന് മുതല്‍ നീയെന്‍റെ പെണ്ണാണ്.'

സാരിയുടെ തുമ്പ് തോളില്‍ നിന്നൂര്‍ന്ന് വീണു. പിന്‍ കഴുത്ത് മൂടിയ മുടിയിഴകളെ കൈകളാലൊതുക്കി അവളുടെ നഗ്‌നമായ പിന്‍ കഴുത്തില്‍ ആകാശ് പതിയെ ചുംബിച്ചു. നക്ഷത്രങ്ങള്‍ ആകാശക്കോണില്‍ കണ്‍ചിമ്മി. അങ്ങ് ദൂരെ ഹുസൈന്‍ സാഗറില്‍ ദീപാലംകൃതമായ ഒരു ജഹാസ് വിനോദ സഞ്ചാരികളെ വഹിച്ച് കൊണ്ട് പതിയെ ഒഴുകി നീങ്ങി. അതിലെ സംഗീതം ആ പ്രദേശത്തെ രാഗ സാന്ദ്രമാക്കി. ആകാശിന്‍റെ ചുംബനപ്പൂവുകള്‍ മൊട്ടിട്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, സൂസന്നയുടെ നാണത്തില്‍.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios