ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  പ്രേം മധുസൂദനന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ഒരു കൊച്ചുപക്ഷി ആയാസരഹിതമായി പറക്കുന്നതുപോലെയാണ് അയാള്‍ കഥ പറഞ്ഞുകൊണ്ടിരുന്നത്. ആദ്യമൊക്കെ, അയാളുടെ ഭാര്യ അത് മൂളി കേട്ടുകൊണ്ടിരുന്നു. പിന്നെയെപ്പോഴോ ചിറകു തളര്‍ന്നപ്പോള്‍ അയാള്‍ കിതയ്ക്കുകയും, കഥ പറയുന്നത് നിര്‍ത്തുകയും ചെയ്തു. അപ്പോഴേക്കും അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. 

കുറച്ചുനേരം എന്തോ ആലോച്ചിരുന്നശേഷം, ഉറങ്ങിപ്പോയ ഭാര്യയെ ശല്യപ്പെടുത്താതെ അയാള്‍ കടലാസ്സില്‍ തോണിയുണ്ടാക്കുവാന്‍ തുടങ്ങി. 
മദ്ധ്യത്തില്‍ കൂമ്പുവച്ച ഒരു കടലാസ് തോണിയുണ്ടാക്കിയപ്പോള്‍ ഓര്‍മ്മകളില്‍ പാദസരങ്ങളുടെ കിലുക്കങ്ങള്‍ കേട്ടു. 

ഇതെന്താ ഇങ്ങനെ? 

കണ്ണടച്ചുകൊണ്ട് സ്വയം സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചയാള്‍ വാക്കുകള്‍ വിക്കി. 'പായവഞ്ചിയാണ്. കാറ്റിന്റെ ദിശയില്‍ ചലിക്കുന്ന...'

ഓര്‍മ്മകള്‍ വീണ്ടും വിളിച്ചപ്പോള്‍ അയാള്‍ പഴയ കാഴ്ചകള്‍ വീണ്ടും കണ്ടു.

തടാകത്തിന്റെ തീരത്ത് ചെറുപ്പക്കാരന്‍ ഉറങ്ങുകയായിരുന്നില്ല. സ്വപ്നം കാണുകയായിരുന്നു.പെണ്‍കുട്ടി കുറുമ്പോടെ ചെറുപ്പക്കാരന്റെ കൈവെള്ളയില്‍ നുള്ളിയപ്പോള്‍ ഞെട്ടി അവന്‍ കൈ വലിച്ചു.

'വേറേ പുതിയ സൃഷ്ടിയൊന്നുമില്ലേ?' 

കാറ്റില്‍ പെണ്‍കുട്ടിയുടെ ചിരി ചിതറിയപ്പോള്‍ അവന്‍ മറുപടി പറഞ്ഞു. 'ഇരട്ടവള്ളം. രണ്ടു വഞ്ചികള്‍ ഒരുമിച്ച് ചേര്‍ന്ന ഒരു വലിയ വള്ളം.'

കടലാസ്സുകള്‍ മടക്കി തോണിയുണ്ടാക്കിത്തുടങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ അത്ഭുതം വിരിഞ്ഞു. അല്പം മുമ്പുമാത്രം തോര്‍ന്ന മഴയുടെ തുള്ളികള്‍ തെറിപ്പിച്ചുകൊണ്ട് കിളികളപ്പോള്‍ ആകാശത്തിലേക്ക് പറന്നുപൊങ്ങി.

തടാകത്തിലെ വെള്ളത്തിലേക്ക് കടലാസ് തോണിയിറക്കി

ചെറുപ്പക്കാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

'ഒരുമിച്ച് പറക്കണം നമുക്ക്.'

'എങ്ങോട്ടാണ് പറക്കേണ്ടത്?'-ചിരിയോടെ അവള്‍ ചോദിച്ചു.

തടാകത്തിലേക്കും , തടാകത്തിനപ്പുറമുള്ള കുന്നുകളിലേക്കും നോക്കി അവന്‍ പറഞ്ഞു.

'അവിടെ രൂപമില്ലാത്ത, കാണാന്‍ കഴിയാത്ത ആരോ ഒരാള്‍ അകലെനിന്നു വിളിക്കുന്നത് കേട്ടില്ലേ?'

അവള്‍ മറുപടി പറഞ്ഞില്ല. തടാകത്തിലെ വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്ന തോണിയിലായിരുന്നു അവളുടെ കണ്ണുകള്‍.

പുറത്തെ നിലാവ് വീണ വഴികളിലെവിടെയോ ആരുടെയോ തേങ്ങലുകള്‍ കേട്ടയാള്‍ കണ്ണുതുറന്നു. വെട്ടിത്തിളങ്ങുന്ന ചിറകുകളോടു കൂടിയ ഒരു ശലഭം എന്തോ പറയാനായി അയാള്‍ക്കരുകിലേക്ക് പറന്നു ചെന്നു.

'എന്തുപറ്റി?'

ഉറക്കം വിട്ടകന്ന ഭാര്യയുടെ ചോദ്യം അയാളെ തിരിച്ചുവിളിച്ചു.

കടലാസില്‍ തീര്‍ത്ത ഇരട്ട വള്ളത്തില്‍ നിന്നും കണ്ണെടുക്കാതെ അയാള്‍ പിറുപിറുത്തു.

'ഒന്നുമില്ല, ഒന്നുമില്ല...'

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...