ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



അവളുടെ മുന്നിലൂടെ പലരും കടന്നുപോകുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ അവള്‍ അറിയുന്നവരും അറിയാത്തവരും ഉണ്ടായിരുന്നു.

അവള്‍ വഴിയിലേക്ക് നോക്കി നിന്നു.

'ഇനി, അറിഞ്ഞിട്ടുണ്ടാവില്ലേ?' 

'ഉണ്ടാകും, അറിഞ്ഞിട്ടുണ്ടാകും.'

'വരും, വരാതിരിക്കില്ല.'

വരുന്നവരുടെയും പോകുന്നവരുടേയുമൊക്കെ നോട്ടം പടര്‍ന്നു പന്തലിച്ചു നിറയെ പൂക്കളുമായി നില്‍ക്കുന്ന തന്റെ പിച്ചകത്തിലേക്കു പാറി വീഴുന്നുണ്ട്.

ശരിയാണ്, ഇന്ന് പിച്ചകം നിറയെ പൂക്കളുണ്ട്. ആരും ഒന്ന് നോക്കിപ്പോകും. പിച്ചിപ്പൂവിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞിട്ടുണ്ട്.

അവള്‍ പിച്ചകത്തിന്റെ ചുവട്ടിലേക്കു നീങ്ങി നിന്നു.

കാറിന്റെ ഡോറ് തുറന്ന് ആരോ പുറത്തേക്കിറങ്ങുന്നു. 

'ആരാകും?'

'ഉം, അമ്മായിയാണ്.'

കഴിഞ്ഞ തവണ വന്നപ്പോള്‍ അവളോട് ദേഷ്യപ്പെട്ടു പോയതാണ്. 'ഇനി ഇങ്ങോട്ടേക്കു വരില്ല' എന്ന് പറഞ്ഞു പോയതാണ്.

അമ്മായിയുടെ ഇളയ മകനെ വിവാഹം കഴിക്കാന്‍ വിസമ്മതം അറിയിച്ചതിലുള്ള ദേഷ്യവും വിഷമവും ആയിരുന്നു അന്ന് അമ്മായിക്കുണ്ടായിരുന്നത്.

ഒരേയൊരു മകളാണ് അവളുടെ പൂര്‍ണ്ണ സമ്മതമില്ലാത്ത ഒന്നിനും ഞങ്ങള്‍ അവളെ നിര്‍ബന്ധിക്കില്ല എന്ന നിലപാട് അച്ഛനും അമ്മയും പറഞ്ഞതോടുകൂടി അതവിടെ കഴിഞ്ഞതാണ്.

എന്നാലും അവള്‍ക്കറിയാമായിരുന്നു അവളെ അമ്മായിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്ന്.

അമ്മായിയും കൂടെ ഉണ്ടായിരുന്ന രണ്ട് ആണ്‍മക്കളും അവളെ കടന്നു മുന്നോട്ട് നീങ്ങി. അവളും അവരുടെ പിറകെ വീടിനകത്തേക്ക് നടന്നു

അമ്മ കിടക്കുകയാകും.

ഇതുവരെ ഒന്നും കഴിച്ചിട്ട് കൂടി ഇല്ല.

മരുന്നും കഴിക്കേണ്ടുന്നതുണ്ട്.

മുടങ്ങാതെ, കൃത്യമായി മരുന്ന് കഴിക്കുന്നതായിരുന്നു. ഇന്ന് എല്ലാം തെറ്റിയിരിക്കുന്നു.

അമ്മായിയുടെ കൈയിലെ തണുപ്പ് അമ്മയുടെ നെറ്റിയില്‍ തട്ടിയതിനാലാവാം അമ്മ കണ്ണ് തുറന്നു.

'ആ... നീ എത്തിയോ?'

'എനിക്കറിയാമായിരുന്നു... ഞാന്‍, നീ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.'

അമ്മ ചിരിച്ചു കൊണ്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു.

അമ്മയുടെ ചിരി അമ്മായിയുടെ മുഖത്ത് ആശങ്ക പടര്‍ത്തുന്നത് അവള്‍ക്കു കാണാമായിരുന്നു.

അവള്‍ വേഗം മുറിക്കു പുറത്തേക്കിറങ്ങി.

പുറത്തു ചെറുതായി മഴ ചാറുന്നുണ്ട്. അവള്‍ മുറ്റത്തേക്കിറങ്ങി.

ചെറിയ തണുത്ത കാറ്റും കൂടെ ചെറിയ ചാറ്റല്‍ മഴയും. പിന്നെ അവിടമാകെ നിറഞ്ഞിരിക്കുന്ന പിച്ചിപ്പൂക്കളുടെ മണവും.

'ആഹാ...'

അവള്‍ പതുക്കെ ചാറ്റല്‍ മഴയിലേക്ക് ഇറങ്ങി.

അവള്‍ പതുക്കെ മുഖമുയര്‍ത്തി. ആ മഴത്തുള്ളികള്‍ മുഖമാകെ നനവ് പടര്‍ത്തി.

എന്തൊരു സുഖമാണ്. ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ചെറിയ തണുപ്പ്.

'അയ്യോ... മഴ നനയുന്നത് അച്ഛന്‍ കണ്ടാല്‍ പിന്നെ, വഴക്കിന്റെ പൂരമാവും.'

അവള്‍ ചുറ്റും നോക്കി.

ഇവിടെയെങ്ങാനും അച്ഛന്‍ നില്‍പ്പുണ്ടോ?

ഇല്ല.. ഇവിടെയെങ്ങും കാണാനില്ല.

എന്നാലും, അച്ഛന്‍ എവിടെയാ?

അമ്മ മരുന്ന് കഴിച്ചിട്ടില്ല എന്ന് അച്ഛന്‍ ഓര്‍ത്തിട്ടുണ്ടാവില്ല. അല്ലെങ്കില്‍ പിന്നെ അച്ഛന്‍ അമ്മയുടെ അടുത്ത് ഉണ്ടാകുമായിരുന്നല്ലോ.

അമ്മയ്ക്ക്, അച്ഛന്‍ മരുന്ന് എടുത്ത് കൊടുത്തു കഴിക്കുന്നതാ ഇഷ്ടം. അച്ഛന്‍ ആ പതിവ് തെറ്റിക്കാറുമില്ല .

ഇന്ന് അതും മുടങ്ങുമോ..?

അച്ഛന്‍ എവിടെ?

അവള്‍ ചുറ്റിലും നോക്കി.
മഴ ചാറുന്നത് കൊണ്ട് പുറത്തുണ്ടാവില്ല.

ചിലപ്പോള്‍, കിഴക്ക് വശത്തെ വരാന്തയില്‍ ഉണ്ടാകും.

അവള്‍ അങ്ങോട്ടേക്ക് നടന്നു.

' ഉം, ഉണ്ട്.'

നീളന്‍ വരാന്തയുടെ അറ്റത്തു അച്ഛന്റെ സ്ഥിരം ഇരിപ്പിടത്തില്‍ ദൂരേക്ക് നോക്കി ഇരിപ്പുണ്ട്.

കൂടെ അച്ചുവേട്ടനും ഉണ്ട്, അമ്മായിയുടെ മൂത്ത മകന്‍.

മഴ വന്നത് കൊണ്ട് പന്തല്‍ കെട്ടുന്ന തിരക്കില്‍ ആള്‍ക്കാര്‍ തിരക്കിട്ടു അച്ഛന്റെ മുന്നിലൂടെ നടക്കുന്നുണ്ട്.

പക്ഷേ... അച്ഛന്‍ ഇതെങ്ങോട്ടാണ് നോക്കുന്നത്.

'ജാനീ..'

അച്ഛന്റെ വിളി ഉയര്‍ന്നു.

'ദാ.. വരുന്നു അച്ഛാ.'

അച്ഛന്‍ അവളുടെ ശബ്ദം കേട്ടിട്ടെന്നവണ്ണം അവള്‍ നിന്നിടത്തേക്ക് നോക്കി.

അവള്‍ വേഗം അച്ഛനടുത്തേക്ക് നടന്നു.

അപ്പോഴേക്കും അച്ഛന്റെ അടുത്ത് അച്ചുവേട്ടനെ കൂടാതെ മറ്റാരൊക്കെയോ വന്നു. അവര്‍ അച്ഛനെ അവിടെ നിന്നും വീടിനകത്തേക്ക് കൊണ്ടുപോയി.

അവള്‍ക്കു അവളുടെ ഹൃദയമിടിപ്പ് കൂടുന്നപോലെ.

കാലുകള്‍ക്ക് ഒരു തളര്‍ച്ച അനുഭവപ്പെടുന്നു.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തോ ഒന്ന് തന്നെ വരിഞ്ഞു മുറുക്കും പോലെ അവള്‍ക്കു തോന്നി.
തളര്‍ന്നു താഴെ വീഴുമോ എന്നവള്‍ ഭയപ്പെട്ടു. അവള്‍,വീഴാതിരിക്കാന്‍ ഭിത്തിയോട് ചേര്‍ന്ന് ചാരി നിന്നു.

അവള്‍ വഴിയിലേക്കു നോക്കി.

'ഇതുവരെ വന്നില്ലല്ലോ..?'

'എവിടെയായിരിക്കും?'

പക്ഷേ, എന്താണ് എന്റെ തൊട്ടടുത്തു ഉള്ളതുപോലെ എനിക്ക് തോന്നുന്നത്.

അവള്‍ വഴിയിലേക്ക് നോക്കി നിന്നു.

തളര്‍ന്ന കാല്‍വെയ്പ്പുകളോടെ ഗേറ്റ് കടന്നു വരുന്ന അവനെ അവള്‍ കണ്ടു.

അവള്‍ക്ക് അവളുടെ തളര്‍ച്ചയെല്ലാം മാറിയപോലെ.

അവള്‍ വേഗം അവന്റെ അടുത്തേക്ക് നടന്നു.

അല്ല.. അവള്‍ ഓടുകയായിരുന്നു. 

സന്തോഷമാണോ, സങ്കടമാണോ...

അറിയില്ല.

സന്തോഷമാണ്, ഒന്ന് കാണാന്‍ പറ്റിയല്ലോ. പക്ഷേ.. ഒപ്പം സങ്കടവും. അത് പറഞ്ഞറിയിക്കാന്‍ ആവാത്തത്ര ഉണ്ട്.

ഇതിനുമുന്‍പ് ഒരിക്കലും അവനില്‍ ഇങ്ങനെയൊരു മുഖഭാവം അവള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

എപ്പോഴും ചീകി നല്ല ഭംഗിയില്‍ ഒതുക്കി വയ്ക്കുന്ന മുടിയിപ്പോള്‍ അലക്ഷ്യമായി കിടക്കുന്നു.

ദുര്‍ബലമായ കാല്‍വയ്പ്പുകളോടെ ആകെ പരിക്ഷീണനായി.

'നിന്നോട് എന്തു പറയാനാണ്'

''അറിയില്ലെനിക്ക്'

'ഒത്തിരി സന്തോഷം വരുമ്പോഴുള്ള ഉറക്കെയുള്ള നിന്റെ ചിരി ഒന്ന് കേള്‍ക്കണമെന്നുണ്ടെനിക്ക്. പക്ഷേ അത് സാധിക്കില്ലെന്നു എനിക്കറിയാം.'


'കുറച്ചു ധൃതിയിലായിരുന്നു, അത് സത്യമാണ്. പക്ഷേ ഇതെന്റെ കുഴപ്പം കൊണ്ട് വന്നതല്ല, അതുറപ്പാണ്.'

അതൊരു കാറായിരുന്നോ? അതോ...ഇനി...

ഉയരങ്ങളിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ എന്റെ കണ്മുന്നിലൂടെ ഒരായിരം കാഴ്ചകള്‍ മിന്നിമറയുന്നുണ്ടായിരുന്നു. അതില്‍ നീയും ഉണ്ടായിരുന്നു.


ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ?

അവള്‍ അവന്റെ കൈയ്യില്‍ പിടിച്ചു. പിന്നെ അവനോട് ചേര്‍ന്ന് നിന്നു.


അവന്‍ മുന്നോട്ടു നടന്നു, ഒപ്പം അവളും.


പൂക്കളാല്‍ അലങ്കരിക്കപ്പെട്ടു, അതിസുന്ദരിയായ് കണ്ണുകളടച്ചു നിശ്ചലയായി കിടക്കുന്ന അവളെ കണ്ണിമപോലും വെട്ടാതെ അവന്‍ നോക്കി നിന്നു.

അവന്റെ മുഖത്തെ ഭാവം അവളെ തീവ്രവേദനയുടെ പടവുകള്‍ കയറ്റുന്നുണ്ടായിരുന്നു.

അപ്പോള്‍, മൂന്നു പേരുടെ മുഖങ്ങള്‍ മാത്രമേ അവള്‍ക്കു കാണാമായിരുന്നുള്ളൂ.

ബാക്കിയുള്ളവരെല്ലാം വെറും നിഴല്‍ രൂപങ്ങളായി മാറിയ പോലെ അവള്‍ക്കു തോന്നി.

അവള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു.

ഞാന്‍ മടങ്ങുകയാണ്. ആഴ്ന്നിറങ്ങിയ വേരുകള്‍ മുറിക്കപ്പെട്ടിരിക്കുന്നു.

'നിനക്ക് മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില ശരികള്‍ എനിക്കുണ്ടായിരുന്നു. കാരണം നമ്മള്‍ ഒരേ ഭ്രാന്തുള്ള രണ്ടുപേര്‍ ആയിരുന്നു.' അവള്‍ അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

അച്ഛന്റെ തോളിലേക്ക് മുഖമമര്‍ത്തി തേങ്ങിക്കരയുന്ന അമ്മയുടെ കണ്ണുനീര്‍ അവളുടെ മനസ്സ് വല്ലാതെ പൊള്ളിച്ചു.

ഒന്ന് കരയാന്‍ പോലും സാധിക്കാതെ നിര്‍വികാരനായിരിക്കുന്ന അച്ഛന്‍.

അവള്‍ രണ്ടു കൈകള്‍ കൊണ്ടും രണ്ടുപേരെയും അവളോട് ചേര്‍ത്ത് പിടിച്ചു.

അച്ഛന്റെയും അമ്മയുടെയും ചുംബനത്തിന്റെ ചൂട് അവളുടെ തണുത്ത നെറ്റിയില്‍ പതിച്ചത് അവള്‍ അറിഞ്ഞു. ഒരു ഉപാധികളും ഇല്ലാതെയുള്ള ഹൃദയം നിറഞ്ഞ സ്‌നേഹത്തിന്റെ കരുതല്‍.

പിച്ചിപ്പൂക്കളുടെ സുഗന്ധം നിറഞ്ഞ ചാറ്റല്‍മഴയില്‍ സ്വാന്ത്വനങ്ങള്‍ ഏറ്റുവാങ്ങി നിമിഷങ്ങള്‍ എണ്ണി അവള്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...