Asianet News MalayalamAsianet News Malayalam

പല മഴയില്‍ ഒരുവള്‍, രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ           

chilla malayalam  short story by Raji Snehalal
Author
First Published Jun 1, 2023, 6:17 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

ജനല്‍ക്കമ്പിയില്‍ പിടിച്ച് മുന്നോട്ടാഞ്ഞ്, കവിള്‍ ജനല്‍ കമ്പിയിലേക്ക് ആവുന്നത്ര ചേര്‍ത്തു വച്ച് അവള്‍ പുറത്തേക്ക് നോക്കി.

തുരുമ്പുപിടിച്ച കമ്പികളില്‍ തട്ടി കവിള്‍  വേദനിക്കുന്നുണ്ടായിരുന്നു. എന്നിട്ടും..

പുറത്തെ കാഴ്ചകളിലൂടെ അവള്‍ സഞ്ചരിച്ചു കൊണ്ടിരുന്നു.  

ജനാലയിലൂടെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളേയും അവരെ നിയന്ത്രിച്ചും വഴക്ക് പറഞ്ഞും അവര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള വലിയമ്മായിയേയും കാണാം. അവള്‍ അവരെത്തന്നെ നോക്കി നിന്നു.

വലിയമ്മായിയുടെ തലയുടെ മുകള്‍ ഭാഗത്ത് ഇരുവശത്തുമായി  രണ്ട് കൊമ്പുകള്‍ മുളച്ചു വരും പോലെ അവള്‍ക്ക് തോന്നി.  നോക്കി നില്‍ക്കെ ആ കൊമ്പുകള്‍ അമ്മിണി പശുവിന്റെ കൊമ്പിനേക്കാള്‍ വലുതായി .
അത് കണ്ട് അവള്‍ക്ക് ചിരി അടക്കാനായില്ല. അവള്‍ ഉറക്കെ  ചിരിച്ചു.

ഒരത്ഭുതം കണ്ടുപിടിച്ചത് പോലെ അതിശയത്തോടെ അവള്‍ നിന്നു.

അവളില്‍ നിന്നും മറഞ്ഞു പോയിരുന്ന ചിരി തിരികെ വന്നിരിക്കുന്നു. അവള്‍ വീണ്ടും ചിരിച്ചു നോക്കി. സംശയ നിവൃത്തിക്കായി ചിരിയില്‍ വിരിയാറുള്ള നുണക്കുഴി പരതി നോക്കി.

ഉണ്ട്.. അതവിടെ തന്നെയുണ്ട്.

പെട്ടെന്ന്, അവള്‍ക്കേറെ പ്രിയമുള്ള ശബ്ദത്തില്‍ ചെവിക്കരികെ നിന്നും ആരോ  പറയും പോലെ, 'നിന്റെ ചിരിയും പിന്നെ ചിരിക്കുമ്പോള്‍ വിരിഞ്ഞു വരുന്ന ആ  നുണക്കുഴിയും- അതാണെനിക്കേറെ ഇഷ്ടം'.

നിശ്വാസവായു കഴുത്തില്‍ പതിക്കും പോലെ അവള്‍ക്ക് തോന്നി. അവള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി.

ഇല്ല, ആരെയും കണ്ടെത്താനായില്ല. അവള്‍ മുറിയിലാകെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു.

ആരേയും  കണ്ടെത്താനായില്ല. അവള്‍ക്ക് കരച്ചില്‍ വന്നു.

വെറും നിലത്ത്  ഒരു കൊച്ചുകുട്ടിയെപ്പോലെ മുഖം ചേര്‍ത്തുവച്ചു കിടന്നു.

കണ്‍കോണുകളില്‍ നിന്നും അരിച്ചിറങ്ങിവന്ന നീരുറവ തറയിലാകെ ഒഴുകിപ്പരന്നു. തറയിലമര്‍ന്ന്  കവിള്‍ വേദനിക്കും വരെ അങ്ങനെ കിടന്നു. പിന്നീട് ഭിത്തിയിലേക്ക് ചാരിയിരുന്നു.

ആകെ തളര്‍ന്ന് അങ്ങനെ ചാരിയിരിക്കുമ്പോള്‍, ഈ ലോകത്ത് താനൊരാള്‍ മാത്രമേ ജീവിച്ചിരിക്കുന്നതായിട്ടുള്ളു എന്ന് തോന്നി.

മുറിയിലാകെ കണ്ണോടിച്ചു നോക്കി. ആകെ അലങ്കോലമായി കിടക്കുന്നു. കടലാസ് കഷണങ്ങളും  ഉപയോഗിച്ചു കഴിഞ്ഞ ടിഷ്യൂ പേപ്പറുകളും അവിടവിടെയായി.  മുറിയിലാകെ ഏതോ വൃത്തികെട്ട മരുന്നിന്റെ മണം. മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന മുഷിഞ്ഞ തുണിയുടെ മനസ്സ് മടുപ്പിക്കുന്ന മണം. കട്ടിലിന്റെ മുകളില്‍ ചുരുട്ടിവച്ചിരിക്കുന്ന ഉണങ്ങാത്ത ഇളം പിങ്ക് ടര്‍ക്കി. അതില്‍ നിന്നുള്ള നനവ് ബെഡിലേക്ക് പടര്‍ന്നിരിക്കുന്നു.

ജനാലയിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങുന്ന പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന ചിലന്തിവല. അതു കണ്ടപ്പോള്‍ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി.

ഇത് തന്റെ മുറി തന്നെയാണോ?

അതേ, ഇതു തന്റെ മുറി തന്നെയാണ്.

പക്ഷേ.. തനിക്കെന്താണ് പറ്റിയത്...

അവള്‍ വീണ്ടും ചിരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ അവളുടെ ജീവിതത്തില്‍ നിന്നും, അല്ല,  ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു.

കണ്ണുകളടച്ച്  തല ഭിത്തിയിലേക്ക് തട്ടിച്ചു വച്ചു. എവിടെനിന്നോ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ട് തുടങ്ങുന്നു. പെട്ടെന്നവള്‍ കണ്ണ് തുറന്ന് നോക്കി.

മുന്നിലൂടെ ആരൊക്കെയോ  സംസാരിച്ചും ചിരിച്ചും കടന്നു പോകുന്നു. അവരിലൊരാളുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കാലുകളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി. അവള്‍ അവരെയെല്ലാം ശ്രദ്ധിച്ചു നോക്കി. മെല്ലെ മെല്ലെ അവരെല്ലാം ആ അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്നു.

തനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാകാതെ അവള്‍ പകച്ചിരുന്നു. 

മെല്ലെ അവളുടെ ബോധമണ്ഡലം ഉണര്‍ന്നു തുടങ്ങി. ഭ്രാന്ത് പിടിപ്പിക്കുന്ന ഓര്‍മ്മകളിലേക്കും തീരാ വേദനയിലേക്കും  വീണ്ടുമവള്‍ നടന്നു കയറി. മറക്കാന്‍ ശ്രമിച്ച്, പരാജയപ്പെട്ടിടത്തേക്ക് വീണ്ടും..

തിരസ്‌കരിക്കപ്പെടുന്നതിന്റെ വേദനയും അപമാനവും, എല്ലാത്തിനും ഒടുവില്‍ ആത്മാഭിമാനത്തിന് കൂടി ആഘാതമേറ്റപ്പോള്‍ തളര്‍ന്നു പോയിരുന്നു.

എന്നാലും, എങ്ങനെ സാധിച്ചു..?

ഇത്ര കാലവും സ്വന്തമെന്ന് പറഞ്ഞു ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി, ഒരിക്കലും പിരിയില്ലെന്ന് വാക്കുപറഞ്ഞു. എന്നിട്ടും...ഒരു നിമിഷം കൊണ്ട് തനിച്ചാക്കി ദൂരങ്ങളിലേക്ക് നടന്നകന്നു.

പ്രണയം ഹൃദയത്തിലും ആത്മാവിലും അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞിരുന്നു എന്നത് നിഷേധിക്കാനാകാത്ത സത്യമായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ അത്,  തനിക്ക് മാത്രമായിരുന്നു എന്ന അറിവ്  അവളെ വല്ലാതെ ഉലച്ചു. നഷ്ടമായ ദിവസങ്ങളും ഓര്‍മ്മകളും അവളെ ശൂന്യതയിലേക്കു തള്ളിവിട്ടു.

ഇപ്പോള്‍, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തൊരു പ്രണയം, അതിന്റെ പരിസമാപ്തിയില്‍ നേരിടേണ്ടി വന്ന അപമാനം. അതവളെ മറ്റൊരുവളായി മാറ്റി മറിച്ചിരുന്നു. ആ അപമാനത്തിന്റെ ബാക്കിപ്പത്രമായി അതിന്റെ തീക്കനലുകള്‍  കുടുംബത്തിലേക്ക് കൂടി സന്നിവേശിച്ചപ്പോള്‍ മൗനത്തിന്റെ ആഴങ്ങളിലേക്ക് സ്വയം കടന്നു കയറി.

അര്‍ദ്ധഗര്‍ഭമായ നോട്ടങ്ങള്‍ക്കും സംസാരങ്ങള്‍ക്കും മറുപടി കൊടുക്കാന്‍ ആഗ്രഹിക്കാതെ മുറിയുടെ ഏകാന്തതയിലേക്ക് സ്വയം മാറ്റപ്പെട്ടതാണ്. കുറേ നാളുകളായി  ഈ വീടിന് പുറത്തുള്ള ലോകം തനിക്കപരിചിതമാണ്.

കുറ്റപ്പെടുത്തുന്ന, പരിഹസിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ തനിക്ക് ചുറ്റുമുണ്ടെന്നു അവള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. അത് വെറുമൊരു തോന്നലായിരുന്നു എന്നും, ആ തോന്നലിന്റെ ആഴങ്ങളില്‍ തനിക്ക് ഒളിച്ചിരിക്കാന്‍ ആവില്ല എന്നും തനിക്ക് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന ശൂന്യതയ്ക്കും എകാന്തതക്കുമപ്പുറം മറ്റൊന്നുമില്ലെന്നും അവള്‍ക്കറിയാഞ്ഞിട്ടല്ല. 

പക്ഷേ, ഇടക്കെപ്പോഴോ   കൈപിടിച്ച  ഹൃദയത്തിന്റെ പാതിയും, ചുറ്റുമുള്ള നിഴല്‍ രൂപങ്ങളില്‍പ്പെട്ട് ദൂരങ്ങളിലേക്ക് മെല്ലെ നടന്നു നീങ്ങുന്നത് നോക്കി നിന്ന് ചിരിക്കാന്‍ കഴിയുന്നത്, ഹൃദയത്തെ കല്ലാക്കി നിര്‍ത്താനുള്ള അപൂര്‍വ്വസിദ്ധി കൈമോശം വരാത്തതിനാലാണ്.

പക്ഷേ...എന്നിട്ടും, ഹൃദയത്തില്‍ നിന്നും രക്തം പൊടിയുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.

തന്നില്‍ നിന്നും അകന്നു പോയിട്ടും ഹൃദയത്തില്‍ നിന്നും പറിച്ചു നീക്കാനാകാതെ ഓരോ നിമിഷവും അവളെ കാര്‍ന്നു തിന്നുന്ന വേദനയായി പടര്‍ന്നു കയറിക്കഴിഞ്ഞിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ അവളോട് അനേകായിരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. പകലുകളില്‍, അതിനുള്ള ഉത്തരങ്ങള്‍ തിരഞ്ഞു. 
ഓരോന്നോരോന്നായി ഉത്തരങ്ങള്‍ കണ്ടെത്തി.

എന്നിട്ടും, തന്റെ സന്തോഷത്തിനു വേണ്ടി ഇറങ്ങി പുറപ്പെട്ട, കുടുംബത്തിലേക്ക് കൂടി അപമാനഭാരം കടന്നു ചെന്നത് താന്‍ കാരണം തന്നെയാണ് എന്നുള്ള ബോദ്ധ്യം അവളെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. 

തോറ്റുകൊടുക്കില്ലെന്ന് മനസ്സ് കൊണ്ടവള്‍  ഉറപ്പിച്ചിരുന്നു. എന്നിട്ടും, ചിലപ്പോഴെങ്കിലും അവള്‍ തോറ്റുപോകുമായിരുന്നു. ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്തകള്‍ ബാധമണ്ഡലത്തെ മറച്ചു പിടിച്ചു.

ആര്‍ത്തലയ്ക്കുന്ന മഴയെ നോക്കിയവള്‍ ആര്‍ത്തു ചിരിച്ചു. പിന്നെ ചുറ്റിലും പരതി നോക്കി. അവള്‍ക്കറിയേണ്ടിയിരുന്നത്, തന്നെ കൂടാതെ ഈ ഭൂമിയില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നതായിരുന്നു. 

ആരെയും കണ്ടെത്താനാകാതെ സങ്കടം സഹിക്കാനാകാതെ ആ മഴയിലേക്കിറങ്ങി അവള്‍ സ്വയം നനച്ചു. കണ്ണുനീര്‍ മഴയില്‍ ഒലിച്ചു പോയി.

ഹൃദയം വരെ ആഴ്ന്നിറങ്ങിയ മുറിവില്‍ നിന്നും അപ്പോഴും ഒഴുകുന്ന രക്തം അവിടമാകെ പടര്‍ന്നൊഴുകിയിരുന്നു. അതുകണ്ട് പേടിച്ചരണ്ട  ഒരു കുട്ടിയെപ്പോലെ കരഞ്ഞു   പിന്നെ  പൊട്ടിച്ചിരിച്ചു .

ചുറ്റിലും ഒഴുകി നീങ്ങുന്ന ജീവനില്ലാത്ത നിഴല്‍രൂപങ്ങള്‍. ഹൃദയം ഇല്ലാത്ത രൂപങ്ങള്‍. അവള്‍ക്ക് വെറുപ്പ് തോന്നി. 

ആ രൂപങ്ങളിലെങ്ങും അറിയാതെ പോലും സ്പര്‍ശിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. ഹൃദയത്തില്‍ നിന്നും ഒഴുകുന്ന ഈ രക്തം തനിക്കു ഹൃദയമുണ്ട് എന്നതിന് തെളിവായവള്‍ കണക്കാക്കി. 

പക്ഷേ, എവിടെയോ നഷ്ടപ്പെട്ടുപോയ തന്റെ ആത്മാഭിമാനം-അതുമാത്രം അവള്‍ക്ക് കണ്ടെത്താന്‍ ആയില്ല.

അവള്‍ ഉറക്കെ ചോദിച്ചു, 'എന്തിനാണ് നീ ഇങ്ങനെ കരയുന്നത്? 'നീ കരയുന്നത് കാണാന്‍ ഇവിടെ ആരുമില്ല. ' ഇവിടെയുള്ളതെല്ലാം ഹൃദയമില്ലാത്ത നിഴല്‍ രൂപങ്ങള്‍ മാത്രമാണ്.'

അവള്‍ കണ്ണുകളടച്ചു മുഖം പൊത്തി ഉറക്കെ ഉറക്കെ കരഞ്ഞു. പിന്നീടെപ്പോഴോ ആ കരച്ചില്‍ അവസാനിച്ചു.

ഇനിയൊരിക്കലും കരയില്ലെന്ന്  അവള്‍ ഉറപ്പിച്ചിരുന്നു.

ആകാശത്ത് ഒരു കൊള്ളിയാന്‍ മിന്നിമറഞ്ഞു. ആ ഇടിമുഴക്കം ഹൃദയത്തിലേക്കവള്‍ സന്നിവേശിപ്പിച്ചു.

ഭൂതകാലത്തിന്റെ രസച്ചരടില്‍ കുരുങ്ങി നിറം മങ്ങിയ തന്റെ  ജീവിതത്തിന്റെ,  തീര്‍ത്തും അപക്വമായ ഒരു വിശകലനം നടത്താന്‍ അവള്‍ ആഗ്രഹിച്ചില്ല. പക്ഷേ, വീണ്ടും  മുന്നോട്ട് നടന്നു തുടങ്ങണമെന്ന്  അവള്‍ ആഗ്രഹിച്ചു.

ഹൃദയത്തില്‍ നിന്നൊഴുകുന്ന രക്തം നിലയ്ക്കുന്നതും മുറിവുണങ്ങുന്നതും അവള്‍ നോക്കി നിന്നു.അവളുടെ പൊട്ടിച്ചിരികള്‍, നുണക്കുഴി വിടര്‍ത്തിയുള്ള പുഞ്ചിരിയിലേക്ക് വഴിമാറി. പക്ഷേ അപ്പോഴും ഹൃദയം പുകഞ്ഞു കൊണ്ടേ ഇരുന്നു. പിന്നീടത് ശീലമായി.

പതുക്കെപ്പതുക്കെ,  ആ പുകച്ചിലില്ലാതെ താനില്ലെന്ന് അവള്‍ക്ക് ബോധ്യമായി. അതുമായി സമരസപ്പെട്ടു തുടങ്ങി.

മുന്നിലെ നിഴല്‍ രൂപങ്ങള്‍ക്ക് മജ്ജയും മാംസവും വന്നിരിക്കുന്നു. ചിലപ്പോഴെങ്കിലും കണ്ണുകളില്‍ തിളക്കവുമുണ്ട്. തനിക്കു ചുറ്റും ഇപ്പോള്‍ ജീവനുള്ളവര്‍ ഉണ്ട്.  അത് കണ്ട്  സന്തോഷിച്ചു.

ചിലപ്പോഴെങ്കിലും , തനിക്ക് മാത്രം തുറക്കാവുന്ന ഇരിമ്പുകൂട്ടിലേക്കു അവള്‍ സ്വയം മാറ്റപ്പെട്ടു. അവിടം മനോഹരം ആയിരുന്നു. ശാന്തിയും സമാധാനവും ഉണ്ടായിരുന്നു. അവിടെ എല്ലാമെല്ലാം അവള്‍ മാത്രമായിരുന്നു. അവള്‍ക്ക് പ്രിയമായതെല്ലാം അവിടെ മാത്രമേ  കാണാന്‍ സാധിച്ചുള്ളൂ. 

പിന്നീടെപ്പോഴോ , അവള്‍ക്ക് മാത്രം തുറക്കാമായിരുന്ന ആ ഇരുമ്പ്കൂട് പുറത്തു നിന്നും പൂട്ടി അതിന്റെ താക്കോല്‍ ദൂരേക്ക് എറിഞ്ഞു കളഞ്ഞു.

പക്ഷേ, അപ്പോഴും അവളുടെ ഹൃദയം പുകഞ്ഞു കൊണ്ടേ ഇരുന്നു. പിന്നീട് അതുമായി സമരസപ്പെടാന്‍ ആവാതെയായി. അവള്‍ തന്റെ ലോകം പതുക്കെപ്പതുക്കെ വലുതാക്കി കൊണ്ടിരുന്നു. ഭൂതകാലത്തിന്റെ രസച്ചരടുകള്‍ അവളില്‍ നിന്നും പൊട്ടിപ്പോയിരുന്നു. 

പുറത്തെ കാഴ്ചകളിലേക്ക് അവള്‍ നടന്നു കയറി.

ഇളംകാറ്റിനൊപ്പം പെയ്തിറങ്ങുന്ന ചാറ്റമഴ. നിരത്തുകളില്‍  വഴിവിളക്കുകള്‍ തെളിഞ്ഞു തുടങ്ങി. തന്നെ  നനക്കാന്‍ മഴയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് അവള്‍ മുന്നോട്ട് നടന്നു.

മുന്‍പ് പല തവണ നടന്ന വഴികളാണ് , എന്നാലും.. പുതിയ ഒരു വഴിയിലൂടെ പോകും പോലെ.
തനിക്കിതുവരെ കാണാന്‍ സാധിക്കാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന പലതും കണ്ടുകൊണ്ടും അറിഞ്ഞുകൊണ്ടും അവള്‍ മുന്നോട്ട് നടന്നു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios